Home/Encounter/Article

ഏപ്രി 25, 2019 2124 0 Shalom Tidings
Encounter

ഏതാണ് കരുണയുടെ സമയം?

ഒരു ദിവസം ഞാന്‍ കിടപ്പിലായ ഒരു വല്യമ്മച്ചിയെ കണ്ടിട്ട് തിരികെപ്പോരുമ്പോള്‍ യേശു എന്നോട് സംസാരിച്ചു. ”അവര്‍ നന്നായി വല്യമ്മച്ചിയെ പരിചരിക്കുന്നുണ്ട്. എങ്കിലും അതിനെക്കാള്‍ കൂടുതല്‍ ആ വല്യമ്മച്ചിക്ക് വേണ്ടി പ്രാര്‍ത്ഥിക്കേണ്ടതുണ്ട്. നിനക്ക് എന്ത് തോന്നുന്നു, ജീവിച്ചിരിക്കുമ്പോഴാണോ മരിച്ചു കഴിയുമ്പോഴാണോ തന്റെ പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥനകള്‍ ഒരാള്‍ക്ക് കൂടുതല്‍ പ്രയോജനം ചെയ്യുന്നത്?” ഞാന്‍ ഒന്നും മിണ്ടിയില്ല.

യേശു പറഞ്ഞു, ”ജീവിച്ചിരിക്കുമ്പോള്‍. മരണത്തിനു ശേഷം കരുണയില്ല, ജീവശ്വാസമുള്ള കാലത്തോളം ഒരു മനുഷ്യന് എന്റെ അനന്തകരുണയില്‍ ആശ്രയിക്കുകയും പൊറുതി യാചിക്കുകയും ചെയ്യാം.”

തുടര്‍ന്ന് യേശു ചോദിച്ചു, ”നീ നിന്റെ മാതാപിതാക്കള്‍ക്ക്  വേണ്ടി പ്രാര്‍ത്ഥിക്കാറുണ്ടോ?” ഞാന്‍ തലയാട്ടി. യേശു ചോദിച്ചു, ”നീ എന്താണ് പ്രാര്‍ത്ഥിക്കാറ്?” ”അവര്‍ക്ക് ദീര്‍ഘായുസ്സും ആരോഗ്യവും കൊടുക്കണമെന്ന്” യേശു എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. ”എന്റെ കുട്ടീ, നീ ഒന്ന് ചിന്തിച്ചു നോക്ക്. നീ എത്ര പ്രാര്‍ത്ഥിച്ചാലും പ്രായം ചെല്ലുംതോറും ഒരാളുടെ ആയുസ്സും ആരോഗ്യവും കുറഞ്ഞേ പോകൂ, കൂടി വരില്ല.”

”അതുകൊണ്ട് ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ നിന്റെ പ്രിയപ്പെട്ടവരുടെ ആത്മാക്കളുടെ രക്ഷയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം. നീ ഒന്നു മനസ്സിലാക്കുക. ഒരു അര്‍ഹതയില്ലെങ്കിലും എത്ര കഠിന പാപിയാണെങ്കിലും നീ ഒരാള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ എന്റെ അനന്തമായ കരുണ അയാളുടെ ആത്മാവിലേക്ക് കൃപകള്‍ വര്‍ഷിക്കുന്നു. ഇത് ആത്മാവിന്റെ അവസ്ഥ മെച്ചപ്പെടുത്തുകയും മരിച്ചാല്‍ ആത്മാവിന്റെ ശുദ്ധീകരണ ദൈര്‍ഘ്യം കുറയ്ക്കാന്‍ കാരണമാകുകയും ചെയ്യും.”

മരണസമയത്ത് പാപികള്‍ അനുതപിക്കുന്നതിനുള്ള കൃപ യേശു പിതാവില്‍നിന്ന് നമുക്കായി നേടിയെടുത്തിട്ടുണ്ട്. മരണാസന്നര്‍ക്കുവേണ്ടി കുര്‍ബാന ചൊല്ലിക്കുന്നതും കുരിശിന്റെ വഴി നടത്തുന്നതും കരുണക്കൊന്ത, ജപമാല, മിഖായേല്‍ മാലാഖയോടുള്ള ജപം, മാലാഖമാരുടെ സ്തുതിപ്പ്, വ്യാകുലമാതാവിനോടുള്ള ജപം എന്നിവ വളരെ ഫലപ്രദമായി കണ്ടിട്ടുണ്ട്. അവസാനത്തെ മണിക്കൂറുകളാണ് ഒരാളുടെ നിത്യജീവിതത്തെ തീരുമാനിക്കുന്നത്.

ഇത് വായിക്കുന്ന എല്ലാവര്‍ക്കും ഇപ്പോള്‍ കരുണയുടെ സമയമാണ്. ഈ ലോകജീവിതം സ്വര്‍ഗപ്രാപ്തിക്ക് വേണ്ടിയുള്ള പ്രയത്‌നമാണ്. അതിനാല്‍ കരുണയുടെ സമയം നമുക്കുവേണ്ടിയും മറ്റുള്ളവര്‍ക്കുവേണ്ടിയും നന്നായി പ്രയോജനപ്പെടുത്തുക.

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles