Home/Encounter/Article

ജുലാ 27, 2019 1874 0 Shalom Tidings
Encounter

എന്നെ ആകര്‍ഷിക്കുന്ന സുഗന്ധം

വീട്ടിലെ മിക്സി എടുത്ത് വിൽക്കാൻ കൊണ്ടുപോകുമ്പോൾ എനിക്ക് സങ്കടമൊന്നും തോന്നിയില്ല. എനിക്കാവശ്യമുള്ള പണം വേണം അതുമാത്രമായിരുന്നു ചിന്ത. പിന്നീടും പല ദിവസങ്ങളിലായി മാമയും ടാറ്റയും (അമ്മയും അ പ്പനും) അറിയാതെ പലതും ഞാനെടുത്ത് വിറ്റു. വിട്ടുകഴിഞ്ഞേ അവര്‍ അറിയുകയുള്ളൂ. അപ്പോഴൊക്കെ അവര്‍ വളരെ സങ്കടത്തോടെ നില്‍ക്കുന്നത് കാണാം.പക്ഷേ ഞാനതൊന്നും അത്ര കാര്യമാക്കിയിരുന്നില്ല. മദ്യപിക്കാനുള്ള പണം കണ്ടെത്തുക എന്നതായിരുന്നു എന്നെ സംബന്ധി ച്ച് വലിയ ആവശ്യം. ഉഗാണ്ട സ്വദേശിയായ എനിക്ക് നല്ല വിദ്യാഭ്യാസം ലഭിച്ചിരുന്നു. തുടര്‍ന്ന്  മികച്ച കമ്പനിയില്‍ നല്ലൊരു ജോലിയും ലഭിച്ചു. പക്ഷേ കൂട്ടുകാരുമൊത്ത് മദ്യപിക്കുന്നതിന്‍റെ രസത്തില്‍ മുഴുകി. അതവസാനിച്ചത് കടുത്ത മദ്യാസക്തിയില്‍. ജീവിതം നരകതുല്യമായിത്തീര്‍ന്നു.

ജോലിയും ജീവിതവുമെല്ലാം താറുമാറായി. പതുക്കെ ജോലി നഷ്ട്ടപ്പെട്ടു .പിന്നെ പണത്തിന് വഴിയില്ലാതെയായി.അപ്പോഴാണ് വീട്ടിലെ പല സാധനങ്ങളും എടുത്തുകൊണ്ടുപോയി വിറ്റ് മദ്യപിക്കാൻ ആരംഭിച്ചത്. വീട്ടുകാരും എന്‍റെ സ്വഭാവം നിമിത്തം കഷ്ടത്തിലായി. പതിയെ എന്‍റെ മനസ്സില്‍ ആഗ്രഹം മുളയിട്ടുതുടങ്ങി, ഇതില്‍നിന്നെല്ലാം രക്ഷപ്പെടണം. പക്ഷേ എന്‍റെ ശ്രമങ്ങളൊന്നും മുന്നോട്ടുപോയില്ല. ഡി അഡിക്ഷൻ സെന്‍ററുകളിലെ ചികിത്സയും സഹായിച്ചില്ല. മദ്യശാലയുടെ അരികിലൂടെ പോയാല്‍മതി, ഞാനവിടേക്ക് കയറിപ്പോകും. പിന്നെ ബോധം നശിക്കുംവരെ മധ്യപിച്ചേ നിര്‍ത്തൂ. സ്പിരിറ്റ് ആണല്ലോ അത് , എന്നുവെച്ചാൽ ദുഷ്ടരൂപി! മദ്യത്തിന്‍റെ ഈ ദുഷ്ടാത്മാവിനെ ചെറുക്കുന്നതില്‍ ഞാൻ നിസ്സഹായനായി.

പരിശുദ്ധാത്മാവിന്റെ സഹായം കൂടാതെ മനുഷ്യാത്മാവിന് ഒരു നന്മയും ചെയ്യാനാവുകില്ല എന്നത് എത്രയോ സത്യം! ഈ സാഹചര്യത്തിലാണ് മാമ എന്നെയും കൂട്ടി കംപാലയിലുള്ള വിൻസെൻഷ്യൻ  ധ്യാനകേന്ദ്ര ത്തില്‍ എത്തിയത്. മിഷനറിയായി അവിടെ സേവനം ചെയ്യുന്ന വൈദികനടുത്തെത്തി എന്‍റെ അവസ്ഥയെക്കുറിച്ച് പങ്കുവച്ചു. അദ്ദേഹം എല്ലാം ശ്രമിച്ചു കേട്ടു. എന്നിട്ടെന്നോടു പറഞ്ഞു ,”പതിവായി രണ്ടു മാസം ദിവ്യബലിയില്‍ പങ്കെടുത്ത് പ്രാര്‍ത്ഥിക്കുക.”
അച്ചന്‍റെ വാക്കുകളനുസരിച്ച് നല്ലൊരു കുമ്പസാരം നടത്തിക്കൊണ്ട് ഞാൻ ദിവ്യബലിയര്‍പ്പണം ആരംഭിച്ചു.

അതോടൊപ്പം അച്ഛൻ എഴുതിത്തന്ന വചനങ്ങള്‍ ആവർത്തിച്ച വായിക്കുക പതിവായിരുന്നു. റോമാ 5:5, ഏശയ്യാ 41:10-11, 2 കോറിന്തോസ് 3:16-17, ഹോസിയ 4:11, ഏശയ്യാ 28:1 എന്നിവയായിരുന്നു ആ വചനങ്ങള്‍. അതോടു ചേര്‍ന്ന് വിശ്വാസപ്രമാണവും ചൊല്ലും. ഇതേ സമയം അവിടെ ധ്യാനങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. മൂന്ന് ധ്യാനങ്ങളില്‍ പങ്കെടുത്തു കഴിഞ്ഞ സമയം. അപ്പോഴും ദിവ്യബലിയര്‍പ്പണത്തിന്  മുടക്കം വരുത്തിയില്ല. അതില്‍നിന്നു തന്നെ ആ അത്ഭുതം സംഭവിച്ചു,എന്‍റെ മദ്യപാനശീലം മാറി! മദ്യത്തില്‍ മുങ്ങി നടന്നിരുന്ന എന്‍റെ മാറ്റം എന്നിലും മറ്റുള്ളവരിലും ഒരുപോലെ അത്ഭുതമുണര്‍ത്തുന്നതായിരുന്നു.

പക്ഷേ, വീണ്ടും മറ്റൊരു പ്രധാനപ്രശ്നം; മദ്യാപാനാസക്തി. മദ്യത്തിന്‍റെ ഗന്ധം കേട്ടാല്‍ മദ്യപിക്കാനുള്ള ആഗ്രഹം തലപൊക്കും. ഇതെന്നെ വളരെ വിഷമിപ്പിച്ചു. അപ്പോഴും വിശുദ്ധബലി തന്നെയായിരുന്നു ആശ്രയം, എനിക്കുവേണ്ടിയുള്ള യേശുവിന്‍റെ ബലി. രക്ഷപ്പെടണമെന്ന തീവ്രമായ ആഗ്രഹത്തോടെ ആ തിരുശരീരരക്തങ്ങള്‍ അനുദിനം സ്വീകരിച്ചു. എന്നില്‍ കടന്നുവരുന്ന യേശുവിന്‍റെ സജീവസാന്നിധ്യം എന്നെ നിരന്തരം മാറ്റിക്കൊണ്ടിരുന്നു .അതോടൊപ്പം വീണ്ടും രണ്ട് ധ്യാനങ്ങളില്‍ക്കൂടി പങ്കെടുക്കുകയും ചെയ്തു.

ദിവസങ്ങള്‍ കടന്നുപോയി. ഒരു ദിവസം എപ്പോഴോ മദ്യത്തിന്‍റെ ഗന്ധം ശ്വസിക്കാനുള്ള സാഹചര്യമുണ്ടായി. പെട്ടെന്ന് വല്ലാത്ത അസ്വസ്ഥത! മുൻപ് എന്നെ വലിച്ചടുപ്പിച്ചിരുന്ന അതേ ഗന്ധം. പക്ഷേ ഇപ്പോൾ അത് അരോചകമായി അനുഭവപ്പെടുന്നു ,ഛർദിക്കാൻ വരുന്നതുപോലെ!!! മദ്യപാനത്തിനുള്ള ആസക്തിയില്‍നിന്നു പോലും എന്‍റെ യേശു എന്നെ മോചിപ്പിച്ചത് ഞാൻ തിരിച്ചറിഞ്ഞു . അനുദിനമുള്ള വിശുദ്ധ കുര്‍ബാനയിലൂടെ മദ്യപാനത്തിന്‍റെ ദുഷ്ടാരൂപി എന്നെ വിട്ടുപോവുകയായിരുന്നു എന്നു മനസ്സിലായി.

ജീവിതത്തില്‍ ഐശ്വര്യം നിറഞ്ഞു. നല്ലൊരു എൻ.ജി.ഒ യില്‍ ജോലിയും ലഭിച്ചു. മുൻപ് മദ്യവും പണവും കൂട്ടുകാരുമെല്ലാം ഉണ്ടായിരുന്നിട്ടും ഉള്ളില്‍ വലിയ സന്തോഷമൊന്നുമില്ലായിരുന്നു. പക്ഷേ ഇപ്പോൾ എന്തൊരു സന്തോഷമാണ് ജീവിതത്തില്‍! ഇരുട്ടിന്‍റെ നാളുകളില്‍ മദ്യത്തിന്‍റെ ഗന്ധം എന്നെ ആകര്‍ഷിച്ചിരുന്നു. എന്നാല്‍ പരിശുദ്ധ കുർബാനയിൽ ജീവിക്കുന്ന കർത്താവിന്റെ സുഗന്ധമാണ് ഇന്ന് എന്നെ ആകര്‍ഷിക്കുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles