Shalom Tidings
Download the free app and experience a new lifestyle today!
No Thanks Get App

Home/Evangelize/Article

ഡിസം 08, 2022 75 0 Shalom Tidings
Evangelize

‘എന്‍ജോയ്’ ചെയ്യാം ഓരോ നിമിഷവും

കോണ്‍വെന്‍റില്‍ ചേര്‍ന്ന് സന്യാസജീവിതം നയിക്കണമെന്നത് അവളുടെ വലിയ ആഗ്രഹമായിരുന്നു. പക്ഷേ മാതാപിതാക്കള്‍ അവളെ അതിന് അനുവദിച്ചില്ല. എങ്ങും പോകണ്ടാ, വീട്ടിലിരുന്നു പ്രാര്‍ത്ഥിച്ചാല്‍ മതി. അവര്‍ തീര്‍ത്തു പറഞ്ഞു. അവള്‍ക്ക് വലിയ സങ്കടമായി. എന്നാലും വേണ്ടില്ല, വീട്ടിലിരുന്നു പ്രാര്‍ത്ഥിക്കാമല്ലോ. അങ്ങനെ ആശ്വസിച്ചെങ്കിലും ഏറെ കുടുംബാംഗങ്ങളും നിരവധി ജോലിക്കാരുമുള്ള ആ വലിയ കുടുംബത്തില്‍ ഏകാന്ത ധ്യാനത്തിനും പ്രാര്‍ത്ഥനക്കുമൊന്നും സാഹചര്യം ഉണ്ടായിരുന്നില്ല. ഇനി എന്തുചെയ്യും? ഈശോയോടുതന്നെ ചോദിക്കാം. അവള്‍ തന്‍റെ ഉറ്റ കൂട്ടുകാരനായ ഈശോയുടെ മുമ്പില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു. അവിടുന്ന് നല്കിയ പ്രചോദനമനുസരിച്ച്, വീട്ടിലെ നിസാരമെന്നു തോന്നുന്ന ജോലികള്‍ വലിയ സ്നേഹത്തോടെ ചെയ്യാന്‍ അവള്‍ ആരംഭിച്ചു; സിയന്നയിലെ വിശുദ്ധ കാതറിന്‍.

കുലീന കുടുംബാംഗമായിരുന്നെങ്കിലും വിറകുവെട്ടുക, വെള്ളം കോരുക, അപ്പം ചുടുക, തീ കത്തിക്കുക മുതലായ ജോലികളില്‍ അവള്‍ വ്യാപൃതയായി. എന്നാല്‍ കാതറിന്‍ ഇവ ചെയ്തത്, സാധാരണ എല്ലാവരും ചെയ്യുന്നതുപോലെ ആയിരുന്നില്ല, ദൈവസ്നേഹത്താല്‍ ഉജ്ജ്വലിക്കുന്ന ഒരു ഹൃദയത്തോടെയായിരുന്നു അവളുടെ എല്ലാ പ്രവര്‍ത്തനങ്ങളും. ഈശോയോട് സംസാരിച്ചുകൊണ്ട്, പരിശുദ്ധ അമ്മയോടും വിശുദ്ധ യൗസേപ്പിതാവിനോടും മാലാഖമാരോടുമൊക്കെ കളിച്ചും ചിരിച്ചും കൂട്ടുകാരോടൊപ്പമെന്നപോലെ ‘എന്‍ജോയ്’ ചെയ്താണ് അവള്‍ ഓരോ നിമിഷവും ചെലവഴിച്ചത്. അതുകൊണ്ടുതന്നെ രാത്രിസമയങ്ങളില്‍ ഒറ്റക്കിരുന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ അവള്‍ക്ക് ലഭിച്ചിരുന്ന ദൈവസ്നേഹാനുഭവം പകല്‍ ജോലികളില്‍ ആയിരിക്കുമ്പോഴും കാതറിന് ലഭിച്ചുകൊണ്ടിരുന്നു.

പിതാവിനുള്ള ഭക്ഷണം തയാറാക്കുമ്പോള്‍, മര്‍ത്തായെപ്പോലെ ഈശോയ്ക്ക് ഭക്ഷണം പാകം ചെയ്യുന്നതുതന്നെയായിട്ടാണ് അവള്‍ നിര്‍വഹിച്ചത്. സ്വന്തം അമ്മയെ പരിശുദ്ധ ദൈവമാതാവായിട്ടും സഹോദരന്മാരെ വിശുദ്ധ അപ്പസ്തോലന്മാരായിട്ടുമാണ് വിശുദ്ധ കാതറിന്‍ ദര്‍ശിച്ചത്. അപ്രകാരം അവള്‍ സ്വര്‍ഗത്തിലെ ശുശ്രൂഷകയായി, സ്വര്‍ഗവാസികളെ ഭൂമിയില്‍വച്ചുതന്നെ ശുശ്രൂഷിക്കുന്ന ആത്മീയ അനുഭവം സ്വന്തമാക്കുകയും ചെയ്തു. ഇപ്രകാരമുള്ള തന്‍റെ എളിയ പ്രവൃത്തികള്‍ ദൈവത്തെ ഏറെ സന്തോഷിപ്പിക്കുന്നു എന്ന് അവള്‍ക്ക് അറിയാമായിരുന്നു. അതിനാല്‍ത്തന്നെ അവള്‍ക്ക് അവയെല്ലാം അനിതരസാധാരണമായ ആനന്ദമാണ് നല്കിക്കൊണ്ടിരുന്നത്.

നമ്മുടെ പ്രവൃത്തികള്‍ എത്ര നിസാരങ്ങളായിരുന്നാലും അവ ദൈവത്തെ ശുശ്രൂഷിക്കുന്നതായി നിര്‍വഹിക്കാന്‍ സാധിച്ചാല്‍ അവ ഏറ്റം ശ്രേഷ്ഠവും നമുക്കുതന്നെ ആവേശകരവുമായിരിക്കും. ദൈവത്തെ സേവിക്കുന്നതിനുള്ള അസാധാരണമായ മാര്‍ഗങ്ങള്‍ പൊതുവേ എല്ലാവര്‍ക്കും ലഭിക്കാറില്ല. എന്നാല്‍ സിയന്നായിലെ വിശുദ്ധ കാതറിനെപ്പോലെ അനുദിനജോലികള്‍ക്കിടയില്‍ ദൈവത്തെ സ്നേഹിച്ചും അവിടുത്തോട് സംസാരിച്ചും ദൈവത്തിനുവേണ്ടിയും ചെയ്യുവാനുള്ള അവസരം ഏവര്‍ക്കും സുലഭമാണ്.

അല്പകാര്യങ്ങളില്‍ വിശ്വസ്തന്‍ വലിയ കാര്യങ്ങളിലും വിശ്വസ്തനായിരിക്കുമെന്നാണല്ലോ ഈശോ അരുള്‍ചെയ്തിട്ടുള്ളത്. അതിനാല്‍ ഭക്ഷിക്കുകയോ പാനംചെയ്യുകയോ ഉറങ്ങുകയോ വിശ്രമിക്കുകയോ ചെയ്യുമ്പോഴും അഭിമാനകരമോ അല്ലെങ്കില്‍ അപമാനകരമോ ആയ ഏതു പ്രവൃത്തി ചെയ്യുകയാണെങ്കിലും അത് ദൈവനാമത്തില്‍ ദൈവമഹത്വത്തിനായി നിര്‍വഹിച്ചാല്‍ നിശ്ചയമായും ദൈവതിരുസന്നിധിയില്‍ നാം വിലമതിക്കപ്പെടും. മാത്രമല്ല, അത് നമ്മുടെയും മറ്റുളളവരുടെയും ആത്മരക്ഷക്ക് നിദാനമാകുകയും ചെയ്യും. എല്ലാറ്റിനും ഉപരി ഇത് ദൈവഹിതമാണെന്നതാണ് പരമപ്രധാനം. ډ

Share:

Shalom Tidings

Shalom Tidings

Latest Articles