Trending Articles
“കര്‍ത്താവേ, കര്‍ത്താവേ എന്ന് എന്നോട് വിളിച്ചപേക്ഷിക്കുന്നവനല്ല, എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വര്‍ഗ രാജ്യത്തില്‍ പ്രവേശിക്കുക. അന്ന് പലരും എന്നോട് ചോദിക്കും, കര്‍ത്താവേ, കര്‍ത്താവേ ഞങ്ങള്‍ നിന്‍റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്‍റെ നാമത്തില്‍ നിരവധി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തില്ലേ? അപ്പോള്‍ ഞാന്‍ അവരോടു പറയും നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍നിന്ന് അകന്നുപോകുവിന്‍” (മത്തായി 7:21-23). ഇത്രയും വായിച്ച് ബൈബിള്‍ മടക്കിവച്ച് യേശുവിന്‍റെ മുഖത്തേക്ക് ഞാന്‍ അത്ഭുതത്തോടെ നോക്കി.
അങ്ങനെയെങ്കില്‍ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ ഇഷ്ടം എന്തായിരിക്കും എന്ന് ഞാന്‍ യേശുവിനോട് ചോദിച്ചു. യേശു പറഞ്ഞു: ദൈവത്തെ സ്നേഹിക്കുക എന്നതാണ് പിതാവിന്‍റെ ഹിതം. ഞാന്‍ ഒന്നും മിണ്ടിയില്ല. കാരണം ഞാന്‍ പാപിയും ബലഹീനയുമാണ്.
അപ്പോള്‍ യേശു പറഞ്ഞു: നീ ആയിരിക്കുന്ന അവസ്ഥയില്‍ എന്നെ സ്നേഹിക്കുക. ഏറ്റവും വലിയ പാപിക്കാണ് എന്നെ ഏറ്റവും അധികം സ്നേഹിക്കുന്നതിനുള്ള അവകാശം. എന്‍റെ കുഞ്ഞേ, നിന്‍റെ ശാരീരിക ബലഹീനതകളും ആത്മാവിന്‍റെ കഷ്ടതകളും പാപാവസ്ഥയും ഞാന്‍ അറിയുന്നു. എന്നാലും ഞാന്‍ പറയുന്നു എന്‍റെ കുഞ്ഞേ, നിന്‍റെ ഹൃദയം എനിക്ക് തരിക. നീ ആയിരിക്കുന്ന അവസ്ഥയില്‍ എന്നെ സ്നേഹിക്കുക. എന്‍റെ സ്നേഹത്തിന് മുഴുവനായി സമര്‍പ്പിക്കാതെ നീ മാലാഖയാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നീ എന്നെ ഒരിക്കലും സ്നേഹിക്കുന്നില്ല. സുകൃതാഭ്യാസനത്തിലും കൃത്യനിര്‍വഹണത്തിലും നീ മന്ദോഷ്ണനായിരുന്നാലും നീ ആഗ്രഹിക്കാത്ത തിന്മയില്‍ വീണ്ടും വീണ്ടും നിപതിക്കുന്നവനായിരുന്നാലും എന്നെ സ്നേഹിക്കാതിരിക്കാന്‍ ഞാന്‍ നിന്നെ അനുവദിക്കുകയില്ല.
നീ തീക്ഷ്ണതയിലോ അരക്ഷിതാവസ്ഥയിലോ വിശ്വസ്തതയിലോ അവിശ്വസ്തതയിലോ എന്നു നോക്കണ്ട. എന്നെ സ്നേഹിക്കുക. നിന്‍റെ പാവപ്പെട്ട ഹൃദയത്തിന്‍റെ സ്നേഹമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നീ പൂര്‍ണതയിലെത്തിയശേഷം എന്നെ സ്നേഹിക്കാമെന്നുവച്ചാല്‍ നിനക്ക് ഒരിക്കലും എന്നെ സ്നേഹിക്കാന്‍ സാധിക്കുകയില്ല എന്നോര്‍ക്കുക. കാലത്തിന്‍റെ പൂര്‍ണതയില്‍ നിന്നെ ഞാന്‍ രൂപാന്തരപ്പെടുത്തിയെടുക്കും. പക്ഷേ ഇന്ന് നീ ആയിരിക്കുന്ന അവസ്ഥയില്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നീ ആയിരിക്കുന്ന അവസ്ഥയില്‍ എന്നെ സ്നേഹിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സ്നേഹിക്കാന്‍ ആരംഭിക്കുംമുമ്പേ നീ വിശുദ്ധനാകാന്‍ പരിശ്രമിക്കേണ്ട. അങ്ങനെയെങ്കില്‍ നീ എന്നെ ഒരിക്കലും സ്നേഹിക്കുകയില്ല. ആയതിനാല്‍ ഇപ്പോള്‍ത്തന്നെ സ്നേഹിക്കാന്‍ തുടങ്ങുക.
നിന്‍റെ കഴിവുകളോ ബുദ്ധിയോ ഞാന്‍ കാംക്ഷിക്കുന്നില്ല. പ്രത്യുത, ഈശോയേ ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു എന്ന ഹൃദയഗീതമാണ് എനിക്കേറെ ഇഷ്ടം. നിനക്ക് പുണ്യങ്ങളൊന്നുമില്ലാത്തതിനാല്‍ നീ ദുഃഖിക്കേണ്ട. ദൈവസ്നേഹത്തില്‍ ആഴപ്പെടുന്നതനുസരിച്ച് സകല ദൈവികപുണ്യങ്ങളും താനേ നിന്നില്‍ വന്നുചേര്‍ന്നുകൊള്ളും. കാരണം സകല ദൈവികപുണ്യങ്ങളുടെയും ഉറവിടം ദൈവമാണ്. ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കാണ് സര്‍വവും വാഗ്ദാനം ചെയ്തിരിക്കുന്നത്. യേശുവിന്‍റെ ഹൃദയംകൊണ്ട് പരിശുദ്ധ ത്രിത്വത്തെ സ്നേഹിക്കുക. നിങ്ങളുടെ സ്നേഹം അതിസ്വാഭാവികവും പരിപൂര്‍ണവുമാകണമെങ്കില്‍ അത് ദൈവത്തില്‍നിന്ന് ആരംഭിക്കണം. ദൈവസ്നേഹത്താല്‍ പ്രേരിതമല്ലാത്ത പരസ്നേഹപ്രവൃത്തികള്‍ വെള്ളത്തില്‍ വരച്ച വരപോലെയാണ്. ദൈവസ്നേഹത്തില്‍ ആഴപ്പെടുന്നതനുസരിച്ചായിരിക്കും നിങ്ങളുടെ വിശുദ്ധീകരണം നടക്കുക. സ്നേഹം സ്നേഹത്താല്‍ മാത്രമേ വീട്ടപ്പെടുന്നുള്ളൂ.
നീ തെറ്റായി എന്തെങ്കിലും പ്രവര്‍ത്തിച്ചാല്‍ ഈശോയേ ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് അതിനു പരിഹാരം ചെയ്യണം. ദൈവസ്നേഹത്തില്‍ ആഴപ്പെടുന്നതനുസരിച്ച് നിന്‍റെ പാപങ്ങള്‍ മായ്ക്കപ്പെടും. നിങ്ങളുടെമേലുള്ള എല്ലാ പാപശാപബന്ധനങ്ങളില്‍നിന്നും മോചനം ലഭിക്കും. ആത്മാക്കളെ നേടണമോ? ദൈവസ്നേഹത്താല്‍ പ്രേരിതമായ പുണ്യപ്രവൃത്തികള്‍ ചെയ്യുവിന്‍. അല്ലാത്തത് എനിക്ക് മലിന വസ്ത്രം പോലെയാണ് (ഏശയ്യാ 64:6). അതുകൊണ്ട് ഞാന്‍ നിന്നോട് പറയുന്നു, നീ ആയിരിക്കുന്ന അവസ്ഥയില്‍ ഇപ്പോള്‍ത്തന്നെ എന്നെ സ്നേഹിക്കാന്‍ തുടങ്ങുക. കാരണം എന്‍റെ ഹൃദയം നിന്‍റെ സ്നേഹത്തിനായി ദാഹിക്കുന്നു.
ഞാന്‍ പറഞ്ഞു: “യേശുവേ, അങ്ങയെ സ്നേഹിക്കാന്‍ നല്ലൊരു ഹൃദയംപോലും എനിക്കില്ല. എന്‍റെ സ്നേഹം വളരെ ശുഷ്കമാണ്.”
യേശു പറഞ്ഞു എന്‍റെ കുഞ്ഞേ, നീ ദുഃഖിക്കേണ്ട. എന്‍റെ ഹൃദയത്തിലെ അനന്തമായ സ്നേഹം പരിശുദ്ധ ത്രിത്വത്തിന് നീ സമര്‍പ്പിച്ചുകൊള്ളുക. ദൈവസ്നേഹം വര്‍ധിക്കാന്‍ പ്രാര്‍ത്ഥിക്കുക. നിരന്തരം ദൈവസ്നേഹപ്രകരണങ്ങള്‍ ചൊല്ലുക. നിന്‍റെ എല്ലാ പ്രവൃത്തികളും എന്നോടുള്ള സ്നേഹത്താല്‍ പ്രേരിതമായി ചെയ്യുക.
കുരിശിന്‍റെ വിശുദ്ധ യോഹന്നാന്‍ പറയുന്നു, ദൈവദര്‍ശനത്തിന് ഇഹത്തിലോ പരത്തിലോ താമസം നേരിടാതിരിക്കത്തക്കവണ്ണം ചുരുങ്ങിയ കാലത്തിനുള്ളില്‍ സമ്പൂര്‍ണരാകുന്നതിനുവേണ്ടി ഈലോക ജീവിതത്തില്‍ ആത്മാവ് സ്നേഹപ്രകരണങ്ങള്‍ ചെയ്യുക എന്നത് സര്‍വപ്രധാനമായ സംഗതിയാണ്.
പ്രാര്‍ത്ഥന
പിതാവും പുത്രനും പരിശുദ്ധാത്മാ വുമായ ഏറ്റവും പരിശുദ്ധ ത്രിത്വമേ ഈശോയുടെ തിരുഹൃദയത്തിലെ അനന്തമായ സ്നേഹം ഞാന്‍ അങ്ങേക്ക് കാഴ്ചവയ്ക്കുന്നു. എന്‍റെ സ്നേഹത്തെ വര്‍ധിപ്പിക്കണമേ, ആത്മാക്കളെ രക്ഷിക്കണമേ.
Shalom Tidings
Want to be in the loop?
Get the latest updates from Tidings!