Home/Engage/Article

നവം 24, 2021 540 0 Ans Jose
Engage

ഇഷ്ടങ്ങളെ കൃപകളാക്കുന്ന സൂത്രപ്പണികള്‍

ഒരിക്കല്‍ എന്‍റെ ഒരു കൂട്ടുകാരിയുടെ കുഞ്ഞിന്‍റെ കണ്ണില്‍ അറിയാതെ കത്തി കൊണ്ടു. എന്നാല്‍ ദൈവകൃപയാല്‍ ചെറിയ മുറിവുമാത്രമേ ഉണ്ടായുള്ളൂ. ഡോക്ടര്‍ മരുന്നു നല്കി. മരുന്ന് ഒഴിക്കുമ്പോഴുള്ള നീറ്റല്‍ കാരണം കുഞ്ഞ് കരച്ചിലാണ് എന്ന് കൂട്ടുകാരി പങ്കുവച്ചു. ഈ സംഭവങ്ങളൊക്കെ ഞാന്‍ ഭര്‍ത്താവിനോട് പറയുമ്പോള്‍ ഞങ്ങളുടെ രണ്ടുവയസ്സുകാരി മകള്‍ ശ്രദ്ധയോടെ കേള്‍ക്കുന്നുണ്ടായിരുന്നു.

അതിനു ശേഷം പ്രാര്‍ത്ഥിക്കാന്‍ പറയുമ്പോള്‍ അവള്‍ ഇങ്ങനെ പറയും: “ഈശോയേ, ഇസവാവേടെ വാവു മാറ്റണേ… ”

എന്തായാലും ഇസവാവയുടെ കണ്ണ് സുഖമായി. ആ സമയത്ത് കൂട്ടുകാരി കുഞ്ഞിനെ ചികിത്സിച്ച ഡോക്ടര്‍ വളരെ വിദഗ്ധനാണെന്ന് പറഞ്ഞിരുന്നു. അതിനാല്‍ ഒരു വയസ്സു കഴിഞ്ഞപ്പോള്‍ മുതല്‍ ഇടയ്ക്കിടയ്ക്ക് കോങ്കണ്ണ് വരാറുള്ള എന്‍റെ കുഞ്ഞിനെയും അദ്ദേഹത്തെ കാണിക്കാമെന്ന് തീരുമാനിച്ചു.

അങ്ങനെ ഡോക്ടറെ സമീപിച്ചപ്പോള്‍ അദ്ദേഹം കുഞ്ഞിനെ ശിശുക്കള്‍ക്കായുള്ള പ്രത്യേക നേത്രരോഗവിദഗ്ധനെ കാണിക്കണമെന്നാണ് നിര്‍ദേശിച്ചത്. എന്നാല്‍ അതോടൊപ്പം കുഞ്ഞ് മൊബൈല്‍ ഫോണ്‍ ഉപയോഗം പൂര്‍ണമായി നിര്‍ത്തണമെന്നും പറഞ്ഞു. കാരണം കുറച്ച് മാസങ്ങളായി അവള്‍ മൊബൈല്‍ ഫോണില്‍ കാര്‍ട്ടൂണ്‍ പാട്ടുകള്‍ കാണുന്നുണ്ടായിരുന്നു. കോങ്കണ്ണിന്‍റെ കാരണം അതല്ലായിരുന്നുവെങ്കിലും കുഞ്ഞുങ്ങളുടെ കണ്ണിന് മൊബൈല്‍ ഫോണ്‍ ഉപയോഗം വളരെ അപകടമായതിനാലാണ് അദ്ദേഹം അപ്രകാരം പറഞ്ഞത്. എന്നാല്‍ ഇതേ പ്രായത്തിലുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കറിയാം അവരെ മൊബൈലില്‍നിന്നും അകറ്റി നിര്‍ത്തുക വളരെ പ്രയാസമാണെന്ന്. പലപ്പോഴും നമ്മള്‍ തോറ്റുപോകും.

ഇനി ചില രഹസ്യങ്ങള്‍ പറയാം. രഹസ്യമെന്നു പറയാന്‍ കാരണം ഇത് എഴുതുമ്പോള്‍പോലും എനിക്കും എന്‍റെ ഈശോയ്ക്കും മാതാവിനും മാത്രമേ ഇതിനെക്കുറിച്ച് അറിയുകയുള്ളു. എന്‍റെ കുഞ്ഞ് രാത്രി വളരെ വൈകിയാണ് ഉറങ്ങുക. അവളെ എടുത്തുകൊണ്ട് താരാട്ട് പാടി ഞാന്‍ മണിക്കൂറുകള്‍ നടക്കേണ്ടി വരാറുണ്ട്. ഓഫിസിലെ ജോലി, വീട്ടിലെ ഉത്തരവാദിത്വങ്ങള്‍ എല്ലാം കഴിഞ്ഞ് കുഞ്ഞിനെയുറക്കാനുള്ള ഈ തത്രപ്പാട് എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു.

കുറേ നേരം ഇങ്ങനെ നടന്നുകഴിയുമ്പോള്‍ ഒന്ന് ഇരിക്കാന്‍ കൊതി തോന്നും. പക്ഷേ ഇരിക്കാന്‍ അവള്‍ സമ്മതിക്കില്ല. അര്‍ധരാത്രി കുഞ്ഞിനെ കരയിച്ചാല്‍ താഴെ താമസിക്കുന്ന വീട്ടുടമസ്ഥരുടെ കുടുംബത്തിനും ബുദ്ധിമുട്ടാകുമല്ലോ എന്ന് കരുതി സഹിക്കും. എന്നിട്ട് ഞാന്‍ അത് മാതാവിന്‍റെ കൈയില്‍ കൊടുക്കും. എന്തിനാണെന്നോ? നാളെ കുഞ്ഞ് വളര്‍ന്നുവരുമ്പോള്‍ അവള്‍ക്ക് അവളുടെ ഇച്ഛകളെ നിയന്ത്രിക്കാന്‍ സാധിക്കാന്‍. അവളുടെ ജീവിതത്തില്‍ ഇച്ഛകളോട് ‘നോ’ പറയാന്‍ അവള്‍ക്ക് കരുത്ത് ലഭിക്കാനായി അവളുടെ അമ്മ ഇപ്പോള്‍ ‘നോ’ പറയുന്നു. എന്നിട്ട് മാതാവുവഴിയായി ഈശോയ്ക്കു നല്കുന്നു.

ആത്മീയജീവിതത്തില്‍ ഇച്ഛകളോട് നോ പറഞ്ഞു പഠിക്കുക വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. എത്രയധികം ഞാന്‍ എന്‍റെ ഇഷ്ടങ്ങള്‍ വേണ്ടായെന്ന് വയ്ക്കുന്നോ അത്രയധികം പരിശുദ്ധാത്മാവിന് എന്നില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും. ഒരിക്കല്‍ എന്‍റെ ഒരു സുഹൃത്ത് അങ്ങനെയൊരു നോമ്പ് പോലും എടുക്കുകയുണ്ടായി. എന്തൊക്കെ ചെയ്യാന്‍ തോന്നുന്നോ അതിനോടെല്ലാം നോ പറയുക. ഏതായാലും കുഞ്ഞുനിമിത്തം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെല്ലാം അവള്‍ക്കായി ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിക്ഷേപിക്കാന്‍ തുടങ്ങി.
ഇനി കണ്ണിന്‍റെ കഥയിലേക്കു തിരിച്ചുവരാം. ഡോക്ടറെ കണ്ട് തിരിച്ചു വന്നപ്പോള്‍ ഞാന്‍ പറഞ്ഞു, “കുഞ്ഞ് ഫോണ്‍ നോക്കിയാല്‍ ഇസവാവയ്ക്ക് വാവു വന്നതുപോലെ കുഞ്ഞിനും വരും. അപ്പോള്‍ ഡോക്ടറങ്കിള്‍ മരുന്ന് തരും. കണ്ണ് നീറും.”

ഏതായാലും സംഗതി ഏറ്റു. മാസങ്ങള്‍ കടന്നുപോകുന്നു… പിന്നീട് ഇന്നുവരെ അവള്‍ ഫോണില്‍ നോക്കിയിരുന്നിട്ടില്ല, ഫോണ്‍ വേണമെന്നു പറഞ്ഞ് വാശി പിടിച്ചിട്ടില്ല. ഞങ്ങള്‍ ഫോണ്‍ നോക്കുമ്പോള്‍ ഒന്ന് പാളി നോക്കിയിട്ട് ചോദിക്കും ‘ഇതാരാ?’ അത്രമാത്രം. ചിലപ്പോള്‍ ആത്മഗതം പറയുന്നതും കേള്‍ക്കാം…
“ഇസവാവയ്ക്ക് വാവൂ… ഡോക്ടറങ്കിള്‍ മന്നു കൊത്തു… നീറും…”

ചെറുപ്പത്തില്‍ ടി.വി കാണാന്‍ എന്‍റെ മാതാപിതാക്കളുടെ അടുത്ത് വഴക്കുപിടിച്ചിട്ടുള്ള എനിക്ക് അത്ഭുതം തോന്നാറുണ്ട്, ഇവള്‍ക്ക് ഇത് എങ്ങനെ സാധിക്കുന്നു എന്ന്. പക്ഷേ ഇന്നാണ് അവള്‍ക്കുവേണ്ടി എന്‍റെ ഇച്ഛകളെ നിയന്ത്രിച്ചിരുന്നതും അത് സ്വര്‍ഗ്ഗത്തില്‍ നിക്ഷേപിച്ചിരുന്നതും ഓര്‍മവന്നത്. അതെല്ലാം അവള്‍ക്ക് ഇന്ന് കൃപയായി ലഭിക്കുന്നു എന്ന് ഇപ്പോള്‍ എനിക്കു തോന്നുകയാണ്.

ഇത് വായിക്കുമ്പോള്‍ ഞാന്‍ ഒരു പുണ്യപൂര്‍ണയായ അമ്മയാണെന്ന് തെറ്റിദ്ധരിക്കരുത്. ചിലപ്പോഴെല്ലാം എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാന്‍ പറ്റാതെ പോകാറുണ്ട്. എന്നാലും എനിക്ക് മാതാവിനെ വിശ്വാസമാണ്. ‘പെര്‍ഫക്ട് ആയതിനുശേഷം പുണ്യങ്ങള്‍ അഭ്യസിക്കുക എനിക്ക് സാധ്യമല്ല എന്ന് എനിക്ക് പൂര്‍ണബോധ്യമുണ്ട്. അതുകൊണ്ട് ‘ഞാന്‍ ഇങ്ങനെയൊക്കെയാണ്’ എന്ന് പറഞ്ഞ് എന്‍റെ നിസ്സഹായതയില്‍ സഹായത്തിനായി മാതാവിനെ നോക്കും. അപ്പോഴാണ് ഇങ്ങനെയുള്ള ‘സൂത്രപ്പണികള്‍’ ചെയ്യാനുള്ള കൃപ ലഭിക്കുന്നത്.ډ

Share:

Ans Jose

Ans Jose

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles