Home/Evangelize/Article

നവം 24, 2021 513 0 Mangala Francis
Evangelize

ഇവരെ ഞാന്‍ വൈദികരാക്കില്ല!

നാട്ടിലെ ഞങ്ങളുടെ ഇടവകദൈവാലയം സി.എം.ഐ വൈദികരുടെ മൈനര്‍ സെമിനാരി കൂടിയാണ്. വിശുദ്ധ കുര്‍ബാനയിലെ പ്രാര്‍ത്ഥനകള്‍ ഒരേ താളത്തില്‍ ഒരേ ശബ്ദത്തില്‍ ചൊല്ലുന്ന ആസ്പിരന്‍റ്സിനെ അന്നും ഇന്നും കൗതുകത്തോടെയാണ് നോക്കാറ്. വിശുദ്ധ കൊച്ചുത്രേസ്യ ചിന്തിച്ചതു പോലെ വൈദികര്‍ സ്ഫടികത്തെക്കാള്‍ നിര്‍മ്മലരാണ് എന്നായിരുന്നു അന്നത്തെ ധാരണ. എന്നാല്‍ പിന്നീട് വൈദികരിലെ കുറവുകളെക്കുറിച്ച് അറിയാനിടയായപ്പോള്‍ ഞാന്‍ ഏറെ വേദനിച്ചു.

ഒരിക്കല്‍ അള്‍ത്താരയ്ക്കുമുമ്പില്‍ ക്രൂശിതരൂപത്തിലേക്ക് നോക്കി ഈശോയോട് ഇങ്ങനെ പറഞ്ഞു, “ഈശോയ്ക്ക് തെറ്റുപറ്റിയിരിക്കാന്‍ സാധ്യതയില്ലല്ലോ! എങ്കിലും ഞാനായിരുന്നു ഈശോയുടെ സ്ഥാനത്തെങ്കില്‍ ഇവരില്‍ പലരെയും വൈദികരാക്കില്ലായിരുന്നൂട്ടോ!!!”

പിന്നെ പതിയെപ്പതിയെ മനസിലായി, അവര്‍ക്കായി പ്രാര്‍ത്ഥിക്കുവാനാണ് അവരുടെ കുറവുകള്‍ ഈശോ മനസിലാക്കി തന്നതെന്ന്. പിന്നീട് പല വൈദികരെയും അവര്‍ അറിഞ്ഞും അറിയാതെയും ഏറ്റെടുത്ത് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി… പ്രാര്‍ത്ഥന എന്താണെന്ന് മനസിലാക്കാന്‍ തുടങ്ങിയത് അപ്പോള്‍ മുതലാണ്… എങ്ങനെയാണ് വൈദികര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണ്ടത് എന്ന് പ്രാര്‍ത്ഥിച്ചപ്പോള്‍ ഈ വചനമാണ് ലഭിച്ചത്- “അവരും സത്യത്താല്‍ വിശുദ്ധീകരിക്കപ്പെടേണ്ടതിന് അവര്‍ക്കുവേണ്ടി ഞാന്‍ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു” (യോഹന്നാന്‍ 17/19). ആ വചനത്തിന്‍റെ ആഴം ഇപ്പോഴും പൂര്‍ണമായി ഉള്‍ക്കൊണ്ടിട്ടില്ല. എങ്കിലും ഒന്നറിയാം, പ്രാര്‍ത്ഥന ഒരു വിട്ടുകൊടുക്കലാണ്; ഈശോയാല്‍ വിശുദ്ധീകരിക്കപെടാനായി.

എന്നും എന്‍റെ മക്കള്‍ക്കൊപ്പം ഞാന്‍ പ്രാര്‍ത്ഥിക്കുന്ന വൈദികരുടെയും നെറ്റിയില്‍ മനസ്സുകൊണ്ട് കുരിശ് വരച്ച് പരിശുദ്ധാത്മാവിനാല്‍ വിശുദ്ധീകരിക്കണേ എന്ന് പ്രാര്‍ത്ഥിച്ച് പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് അവരെ ഓരോരുത്തരെയും സമര്‍പ്പിക്കുമ്പോള്‍ പലപ്പോഴും അറിയാതെ കണ്ണുകള്‍ നിറയും. ഒരു യോഗ്യതയും അവകാശപ്പെടാനില്ലാത്ത എന്‍റെ പ്രാര്‍ത്ഥനകളാല്‍ അവരുടെ കുറവുകളൊന്നും നിറവുകളായിട്ടില്ലെന്നറിയാം. പക്ഷേ അവരുടെ കാല്‍ ഒന്ന് വഴുതാന്‍ തുടങ്ങുമ്പോള്‍ ഈശോ ഹൃദയത്തില്‍ പറയുംപോലെ തോന്നും കൂടുതല്‍ പ്രാര്‍ത്ഥിക്കാന്‍… ദൂരെയുള്ള മകന് ഒരു സങ്കടം വരുമ്പോള്‍ അവന്‍ പറഞ്ഞില്ലെങ്കിലും അമ്മയുടെ ഹൃദയത്തില്‍ അറിയാമെന്നതു പോലെ, ആര്‍ക്കെന്നും എന്തെന്നും വേര്‍തിരിച്ച് അറിയാനായില്ലെങ്കിലും പലപ്പോഴും ഹൃദയത്തില്‍ അനുഭവപ്പെടും ആ വേദന…

ഒരിക്കല്‍ ഇങ്ങനെ ഏറെ ഭാരപ്പെട്ട്, സങ്കടപ്പെട്ട്, പ്രാര്‍ത്ഥിക്കാനായി മുട്ടുകുത്തിയപ്പോള്‍ മുന്നിലിരുന്ന ഒരു പുസ്തകം എടുത്ത് വായിക്കാനാണ് മനസില്‍ തോന്നിയത്. അത് കുരിശിന്‍റെ വഴിയായിരുന്നു. അതിലെ ഓരോ വരികളും ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഈശോ മനസിലാക്കിത്തന്നു, ഒരു വൈദികന്‍റെ ജീവിതം ഈ പതിനാല് സ്ഥലങ്ങളിലൂടെയും കടന്നു പോകുന്നെന്ന്… ഒറ്റപ്പെടലിന്‍റെ, സഹനത്തിന്‍റെ, അപമാനത്തിന്‍റെ, വഴികളിലൂടെ പരിശുദ്ധ അമ്മ കാവലായുള്ള ഒരു കാല്‍വരിയാത്രയാണ് അവരുടെ ജീവിതമെന്ന്…

വൈദികര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണ്ടത് നമ്മുടെ കടമയാണ്. പ്രാര്‍ത്ഥിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ മതി. പരിശുദ്ധാത്മാവ് വഴിനടത്തി കൊള്ളും. ഇതുവരെയുള്ള എന്‍റെ അനുഭവങ്ങളില്‍ നിന്നു പറയട്ടെ: ജീവിതത്തിലെ സന്തോഷങ്ങളിലും സങ്കടങ്ങളിലും സ്വര്‍ഗം ഇറങ്ങിവന്ന് നമ്മോടൊപ്പം നില്‍ക്കുന്നത് അറിയാനാകും… കാരണം സ്വര്‍ഗം ഏറെ വിലമതിക്കുന്നു വൈദികര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനകളെ, അവര്‍ക്കായി പ്രാര്‍ത്ഥിക്കണമെന്ന ആഗ്രഹത്തെപോലും…

Share:

Mangala Francis

Mangala Francis

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles