Home/Encounter/Article

ഫെബ്രു 07, 2020 1891 0 Shanavas Francis
Encounter

ഇരട്ടപ്പേരും അനുഗ്രഹവും

യൗവനത്തിലാണ് ഞാന്‍ നവീകരണത്തിലേക്ക് വന്നത്. അക്കാലത്ത് ഒരു അമ്മായി എനിക്ക് ഒരു ഇരട്ടപ്പേരിട്ടു, ‘യൗസേപ്പിതാവ്’. ചുരുങ്ങിയ കാലം കൊണ്ട് ഈ പേര് ബന്ധുക്കള്‍ക്കിടയില്‍ ഹിറ്റായി. കുടുംബക്കാര്‍ക്കിടയില്‍ പോകാന്‍പോലും പറ്റാത്ത അവസ്ഥയിലായി എന്നുപറയാം. അമ്മായിയുടെയും എന്‍റെയും വീടുകള്‍തമ്മില്‍ അധികം ദൂരമില്ല. ഞാന്‍ രാവിലെ എട്ടുമണിയോടെ വീട്ടില്‍നിന്നിറങ്ങുന്ന നേരത്ത് വീടിനടുത്തുള്ള ടാപ്പില്‍നിന്ന് കുടിവെള്ളമെടുക്കാനായി അമ്മായി മിക്കവാറും അവിടെയുണ്ടാകും, കൂടെ അവിടെയുള്ള പല സ്ത്രീകളും. അവരുടെയെല്ലാം മുന്നില്‍വച്ച് അമ്മായി നീട്ടിവിളിക്കും, യൗസേപ്പിതാവേ…. ഈ വിളി എനിക്ക് വലിയ ലജ്ജയാണ് സമ്മാനിച്ചത്. പക്ഷേ എന്തുചെയ്യാം… പ്രതികരിക്കാന്‍ തോന്നിയാലും അതിനും സാധിക്കാത്ത വിധം കര്‍ത്താവ് എളിമപ്പെടുത്തുകയായിരുന്നു എന്നുവേണം പറയാന്‍. അന്ന് അവരോട് ക്ഷമിക്കാനൊന്നും സാധിച്ചിരുന്നില്ല. യാത്ര എട്ടുമണിക്ക് മുമ്പേയാക്കി. എങ്കിലും ഇടയ്ക്ക് അവരെ കണ്ടുമുട്ടും, പരിഹാസം ഏറ്റുവാങ്ങി അവിടെനിന്ന് നീങ്ങും.

അങ്ങനെയിരിക്കേ ഒരു ദിവസം പ്രാര്‍ത്ഥിക്കാനായി എന്‍റെ എല്‍ഡര്‍ അഥവാ ആത്മീയ നിയന്താവിന്‍റെ അരികില്‍ പോയി. അവര്‍ പ്രാര്‍ത്ഥിച്ചിട്ട് പറയുകയാണ്, “നിന്‍റെ അരികില്‍ യൗസേപ്പിതാവ് കൈനീട്ടി നില്‍ക്കുന്നുണ്ട്. പിതാവിലൂടെ നിനക്ക് ഒരു പ്രത്യേക അനുഗ്രഹം ലഭിക്കാന്‍ പോകുന്നു.”

അത് കേട്ടയുടനെ ഞാന്‍ പറഞ്ഞു, “ഉവ്വ്, യൗസേപ്പിതാവ് കാരണം വഴിയിലൂടെ നടക്കാന്‍ പറ്റാതെയായിട്ടുണ്ട്.” അമ്മായി ഇട്ട ഇരട്ടപ്പേരും അതുമൂലമുള്ള നാണക്കേടുമെല്ലാം ഞാന്‍ എല്‍ഡറിനെ ധരിപ്പിച്ചു. അവര്‍ എന്നോട് പറഞ്ഞു, “ഇത് ഒരു കൃപയായി ഈശോ മാറ്റും. അമ്മായിയോട് ക്ഷമിച്ചുകൊണ്ട് പ്രാര്‍ത്ഥിച്ച് കാത്തിരുന്നാല്‍ മതി!”

അന്ന് പ്രത്യേകിച്ച് ഒന്നും തോന്നിയില്ലെങ്കിലും അമ്മായിയോട് ക്ഷമിക്കാനും അവരെ സ്നേഹിക്കാനും ഞാന്‍ പരിശ്രമിച്ചു. വര്‍ഷങ്ങള്‍ കടന്നുപോയി. ശാലോം ശുശ്രൂഷയുടെ ഭാഗമാകാന്‍ എനിക്ക് കൃപ ലഭിച്ചു. ദൈവികപ്രേരണയാല്‍ ശാലോം ടി.വിയ്ക്കായി നീതിമാനാകും താതാ… എന്ന യൗസേപ്പിതാവിനെക്കുറിച്ചുള്ള ഗാനം എഴുതി സംഗീതം നല്‍കി. ശാലോം ടി.വിയില്‍ ഇടയ്ക്കിടെ ആ ഗാനം സംപ്രേഷണം ചെയ്യാറുണ്ട്. അത് എനിക്ക് വലിയ ഒരു അംഗീകാരമായി മാറി. അന്ന് എല്‍ഡര്‍ പറഞ്ഞ സന്ദേശം എനിക്ക് ഓര്‍ക്കാതിരിക്കാനാവുമായിരുന്നില്ല, “ഇത് ഒരു കൃപയായി ഈശോ മാറ്റും!” ആ വാക്കുകള്‍ സത്യമായി. യൗസേപ്പിതാവിലൂടെതന്നെ ഈശോ എന്നെ അനുഗ്രഹിച്ചു.

അതിനുശേഷം ഒരിക്കല്‍ നാട്ടില്‍ ചെന്നപ്പോള്‍ അമ്മ പറഞ്ഞറിഞ്ഞു അമ്മാവന് കാന്‍സര്‍ ആണെന്ന്. എനിക്ക് യൗസേപ്പിതാവ് എന്ന് ഇരട്ടപ്പേരിട്ട അമ്മായിയുടെ ഭര്‍ത്താവാണ് അദ്ദേഹം. അദ്ദേഹത്തെ കാണാന്‍ വീട്ടില്‍ ചെന്നു. കുറെ സമയം അവിടെയിരുന്നു, ആശ്വാസ വാക്കുകള്‍ പറഞ്ഞു. മടങ്ങാന്‍ നേരം അദ്ദേഹം എന്നോട് പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അമ്മാവന്‍റെ കട്ടിലിനരികില്‍ നിന്നിരുന്ന അമ്മായി നിറകണ്ണുകളോടെ എന്നെ നോക്കി. ആ കണ്ണുകളില്‍ അനുതാപത്തിന്‍റെ വെളിച്ചം ഞാന്‍ കണ്ടു. ഇന്ന് അമ്മാവനും അമ്മായിയും ജീവനോടെയില്ല. മരിക്കുംമുമ്പ് അമ്മായിയുടെ സ്നേഹം സ്വീകരിക്കാന്‍ എനിക്ക് സാധിച്ചു. എന്നെ പരിഹസിച്ചവര്‍ക്ക് അനുഗ്രഹമാകാന്‍ യൗസേപ്പിതാവ് എന്നെ സഹായിച്ചു. അമ്മായിക്കൊപ്പം ചേര്‍ന്ന് എന്നെ പരിഹാസത്തോടെ കണ്ടിരുന്നവരും ഇന്ന് സ്നേഹപൂര്‍വം എന്നെ സ്വീകരിക്കുന്നു.

ഈ അനുഭവം എന്നും എനിക്ക് ഒരു ഓര്‍മപ്പെടുത്തലാണ്, ക്രിസ്തുവിനെ പ്രതി കിട്ടുന്ന നിന്ദനങ്ങളും സഹനങ്ങളും വിട്ടുകളയരുത്. അതിന് വലിയ പ്രതിഫലമുണ്ട്. ഇന്നല്ലെങ്കില്‍ നാളെ അത് ലഭിച്ചിരിക്കും എന്ന ഓര്‍മ്മപ്പെടുത്തല്‍. യൗസേപ്പിതാവ് അത് എനിക്കായി യേശുവില്‍നിന്ന് വാങ്ങിത്തന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.

Share:

Shanavas Francis

Shanavas Francis

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles