Home/Encounter/Article

സെപ് 18, 2024 38 0 സ്റ്റെല്ല ബെന്നി
Encounter

ആരാണ് നിന്‍റെ യജമാനന്‍

ഒരിക്കല്‍ ഒരു സഹോദരി പ്രയാസത്തോടെ ഇപ്രകാരം പറഞ്ഞു: ഞാന്‍ ധ്യാനങ്ങളും കണ്‍വെന്‍ഷനുകളും കൂടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതായി. പക്ഷേ എന്‍റെ ആത്മീയ ജീവിതം തുടങ്ങിയിടത്തുതന്നെയാണ് ഇപ്പോഴും നില്‍ക്കുന്നത്. ഞാന്‍ പിന്നോട്ടുപോയോ എന്നുപോലും സംശയിച്ചു പോകുന്നു. ഇത് ഒരാളുടെമാത്രം വിലാപമല്ല, മറ്റനേകം ഹൃദയങ്ങളുടെയും നൊമ്പരത്തിന് കാരണമായ ചിന്തകളാണ്.

ആത്മീയ വളര്‍ച്ച ചിലര്‍ക്കു മാത്രമായി ദൈവം ഒരുക്കിയിട്ടുള്ള ഒന്നല്ല. എങ്കില്‍ പിന്നെന്തുകൊണ്ടാണ് അനേകര്‍ക്കും വളരാന്‍ കഴിയാതെ വരുന്നത്? ചിലര്‍ മരുഭൂമിയുടെ ഏകാന്തതയിലും വരള്‍ച്ചയിലും പോലും നിറയെ ഫലം ചൂടി നില്‍ക്കുമ്പോള്‍, മഴയും മഞ്ഞും പരിചരണവുമെല്ലാം കിട്ടിയിട്ടും മറ്റു ചില ജീവിതങ്ങള്‍ വളരാതെ, പൂക്കാതെ ഫലം ചൂടാതെ നില്‍ക്കുന്നതിന്‍റെ കാരണമെന്താണ്?

യേശു പറഞ്ഞു:
ഒരുവനും ഒരേസമയം രണ്ട് യജമാനന്മാരെ സേവിക്കാനാവില്ല. ഒന്നുകില്‍ ഒരുവനെ സ്‌നേഹിക്കുകയും അപരനെ നിന്ദിക്കുകയും ചെയ്യും (മത്തായി 6/24). യേശുവിനോട് ഒന്നുചേരണമെങ്കില്‍ അതു വരെ നാം ഒന്നുചേര്‍ന്നിരുന്നവയോട് വേര്‍പിരിയണം. ലോകത്തെ സ്‌നേഹിക്കുന്നവന്‍ തന്നെത്തന്നെ ദൈവത്തിന്‍റെ ശത്രുവാക്കിത്തീര്‍ക്കുന്നു (യാക്കോബ് 4/4).
ഒരിക്കല്‍ ഒരു യുവതി എന്നോട് ഇപ്രകാരം പറഞ്ഞു, ”ഈ വിവരം കെട്ട കരിസ്മാറ്റിക് പരിപാടികള്‍ക്കൊന്നും ഞാനില്ല. ജീവിതമൊന്നേയുള്ളൂ. യൗവ്വനവും. അതിങ്ങനെ പ്രാര്‍ത്ഥിച്ചും ധ്യാനിച്ചും ഉപവസിച്ചുമൊക്കെ തീര്‍ത്താലെങ്ങനെയാ?” എനിക്ക് ആ സഹോദരിയോട് സഹതാപം തോന്നി… പക്ഷേ ലോകത്തെയും ദുരാശകളെയും ഹൃദയത്തില്‍ നിറച്ചുവച്ചു കൊണ്ട് കര്‍ത്താവേ, കര്‍ത്താവേ എന്നു വിളിച്ച് പിന്‍ചെല്ലാനൊരുമ്പെടുന്നവരേക്കാള്‍ മുന്‍പന്തിയിലാണ് ആ യുവതിയെന്ന് പിന്നീടെനിക്കു തോന്നി.

ഇന്ന് അനേകര്‍ യേശുവിനെ പിന്‍ചെല്ലാന്‍ തയ്യാറാകുന്നു. പക്ഷേ, ഉപേക്ഷിക്കേണ്ടവ ഉപേക്ഷിക്കാന്‍ തയ്യാറാകുന്നില്ല. ”ആരെങ്കിലും ലോകത്തെ സ്‌നേഹിച്ചാല്‍ പിതാവിന്‍റെ സ്‌നേഹം അവനില്‍ ഉണ്ടായിരിക്കുകയില്ല” (1 യോഹന്നാന്‍ 2/15). ധൂര്‍ത്തപുത്രനു പറ്റിയത് ഇതുതന്നെയാണ്. ലോകവും അതിന്‍റെ സുഖങ്ങളും ജഡത്തിന്‍റെ ദുരാശകളും അവന്‍റെ ഹൃദയത്തെ കീഴടക്കിയപ്പോഴാണ്… പിതാവിന്‍റെ സ്‌നേഹത്തിന് അവന്‍റെ ഹൃദയത്തില്‍ സ്ഥലമില്ലാതായി തീര്‍ന്നത്…

ഒരുപക്ഷേ നാം യേശു തരുന്ന രക്ഷയുടെയും സൗഖ്യത്തിന്‍റെയും അനുഭവം ലഭിച്ചിട്ടുള്ളവരായിരിക്കാം. പരിശുദ്ധാത്മാഭിഷേകത്തിലൂടെ ദൈവസ്‌നേഹാനുഭവം ആവോളം നുകര്‍ന്നവരുമാകാം. പക്ഷേ ആ സ്‌നേഹാനുഭവം നഷ്ടപ്പെട്ട് ഇന്നു നമ്മള്‍ മരുഭൂമിയില്‍ അലയുകയാണെങ്കില്‍…. പരിശോധിക്കാം, ആരാണ് എന്‍റെ ഹൃദയത്തിന്‍റെ യജമാനന്‍?

ഞാനെന്ന ശത്രു…!
യേശു പറഞ്ഞു, ”ആരെങ്കിലും എന്നെ അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്നെങ്കില്‍ തന്നെത്തന്നെ പരിത്യജിച്ച് സ്വന്തം കുരിശുമെടുത്ത് എന്‍റെ പിന്നാലെ വരട്ടെ….”(മത്തായി 16/24). യേശുവിനെ അനുഗമിക്കുവാന്‍വേണ്ടി നഷ്ടപ്പെടുത്തിയതിന്‍റെ കൃത്യമായ കണക്ക് എന്‍റെ കയ്യില്‍ കാണും. പക്ഷേ, സ്വയം പരിത്യജിക്കുവാന്‍ അവന്‍ എന്നോട് ആവശ്യപ്പെടുന്നു.. ഞാന്‍ കുറയുമ്പോഴാണല്ലോ അവന്‍ വളരുക…

അനനിയാസും സഫീറായും കര്‍ത്താവിനോടുകൂടെ ജീവിക്കുവാന്‍ വേണ്ടി സകല സമ്പത്തുകളും വില്‍ക്കുവാന്‍ തയ്യാറായി. പക്ഷേ, വിറ്റതിലൊരു ഭാഗം സ്വാര്‍ത്ഥത്തിനായി കരുതി. അതവരുടെ ജീവന്‍ നഷ്ടമാകുന്നതിന് വഴിയൊരുക്കി. ഇന്ന് യേശുവിനായി സകലതും വില്‍ക്കുവാന്‍ തയ്യാറാകുന്ന അനേകരുണ്ട്. പക്ഷേ, വിറ്റതില്‍ ഒരുപങ്ക് തനിക്കായി കരുതുന്നു. യേശുവിനുവേണ്ടി ത്യാഗപൂര്‍വ്വം പ്രവര്‍ത്തിക്കാനിറങ്ങുന്നവര്‍ അനേകരുണ്ട്. പക്ഷേ പല ത്യാഗങ്ങളുടെ പിന്നിലും ഒളിഞ്ഞുകിടക്കുന്ന സ്വാര്‍ത്ഥത നിറഞ്ഞ ലക്ഷ്യങ്ങള്‍ യേശുവില്‍ വളരാന്‍ നമ്മെ അനുവദിക്കുന്നില്ല.

നീ സേവിക്കുന്നത് ആരെയാണ്?
ഇന്ന് ആത്മാഭിഷേകം പ്രാപിച്ച് നവീകരണജീവിതത്തിലേക്ക് കടന്നുവരുന്ന വ്യക്തിമുതല്‍ അനേകവര്‍ഷത്തെ നവീകരണജീവിതം നയിച്ചവരുള്‍പ്പെടെ ഓരോരുത്തരും കണ്ടെത്തേണ്ട ഒരു സംഗതിയുണ്ട്…. ആരാണ് എന്‍റെ ഹൃദയത്തിന്‍റെ യജമാനന്‍ എന്ന്. നവീകരണപ്രവര്‍ത്തനങ്ങളുടെ പിന്നില്‍ പലപ്പോഴും നമ്മുടെ ഉള്ളിലെ ദുരാശകളാല്‍ കലുഷിതമായ പഴയ മനുഷ്യന്‍ പാലൂട്ടി വളര്‍ത്തപ്പെടുന്നില്ലേ?

നമ്മുടെ ഹൃദയത്തിന്‍റെ യജമാനന്‍ മാറിവരുന്നത് നമ്മള്‍ അറിഞ്ഞിട്ടുണ്ടാവില്ല. അംഗീകരിക്കപ്പെടാനായുള്ള എന്‍റെ പരതലുകള്‍, സ്ഥാനമാനങ്ങള്‍ക്കുവേണ്ടിയുള്ള തിരച്ചിലുകള്‍, നല്ലവനെന്നും നല്ലവളെന്നും അറിയപ്പെടാനുള്ള ഇച്ഛ, അധികാരത്തിനുവേണ്ടിയുള്ള പിടിവലികള്‍.. ഇങ്ങനെ പലതും പലതുമാണ് കര്‍ത്താവിനുവേണ്ടിയുള്ള നമ്മുടെ ജീവിതത്തിനുപിന്നിലുള്ളതെങ്കില്‍ സേവിക്കപ്പെടുന്ന യജമാനന്‍ ദൈവമല്ല… ഞാനാണ്….

നവീകരണത്തിലേക്ക് കടന്നുവരുന്ന വ്യക്തികള്‍ക്ക് കൂട്ടായ്മയിലൂടെ, പ്രേഷിതപ്രവര്‍ത്തനങ്ങളിലുള്ള പങ്കുചേരലിലൂടെ, ലഭിക്കുന്ന അംഗീകാരവും സ്‌നേഹവും പരിഗണനയും വളരെ വലുതാണ്. തീര്‍ച്ചയായും ഇതിലൂടെയും ദൈവം നമ്മെ വളര്‍ത്തുന്നുണ്ട്. പക്ഷേ ഈ ലക്ഷ്യങ്ങള്‍ നമ്മെ ഭരിക്കാന്‍ തുടങ്ങുമ്പോള്‍ നമ്മുടെ ഹൃദയത്തിന്‍റെ യജമാനന്‍ മാറിവരുന്നു.

നമ്മുടെ ഹൃദയത്തിന്‍റെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നതുകൊണ്ട്, ജീവിതത്തില്‍ ഒരിക്കലും കിട്ടിയിട്ടില്ലാത്ത അംഗീകാരവും പ്രശസ്തിയും നമുക്ക് ലഭിക്കുന്നതുകൊണ്ട്, ആഗ്രഹങ്ങള്‍ സഫലീകൃതമാകുന്നതുകൊണ്ട്, അസാധ്യകാര്യങ്ങള്‍ സാധിച്ചതുകൊണ്ട്… അങ്ങനെ പലതുംകൊണ്ടാണ് നമ്മള്‍ ദൈവത്തോട് ചേര്‍ന്നുനില്‍ക്കാന്‍ ആഗ്രഹിക്കുകയും ദൈവികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതെങ്കില്‍ സേവിക്കപ്പെടുന്ന യജമാനന്‍ യേശുവല്ല…ഞാനാണ്. നമ്മളില്‍ വളരുന്നത് ദൈവരാജ്യമല്ല, സ്വന്തം രാജ്യമാണ്: കര്‍ത്താവ് നമ്മെ നോക്കി പറയും- ഈ ജനം…. അപ്പം ഭക്ഷിച്ച് തൃപ്തരായതുകൊണ്ടുമാത്രമാണ് എന്നെ അന്വേഷിച്ചത് (യോഹന്നാന്‍ 6/26).

യേശുവിനോട് ഒരുവന്‍ പറഞ്ഞു- നീ എവിടെപ്പോയാലും ഞാന്‍ നിന്നെ അനുഗമിക്കും… യേശു അവനോട് പറഞ്ഞു, ”കുറുനരികള്‍ക്ക് മാളങ്ങളും ആകാശപ്പറവകള്‍ക്ക് കൂടുകളുമുണ്ട്. എന്നാല്‍ മനുഷ്യപുത്രന് തല ചായ്ക്കാന്‍ ഇടമില്ല” (മത്തായി 8/19,20). എന്നെ അനുഗമിക്കുക എന്ന് പറഞ്ഞുകൊണ്ട് ബലഹീനരായ പലരെയും തന്നോടൊപ്പമായിരിക്കാന്‍ ക്ഷണിച്ച കര്‍ത്താവ്, ക്ഷണിക്കാതെതന്നെ അനുഗമിക്കാന്‍ തയാറായി വന്നവനെ പിന്തിരിപ്പിച്ചതെന്തേ? സ്വന്തം സുരക്ഷിതത്വത്തിനും നിലനില്‍പിനും വേണ്ടിയുള്ള ആഗ്രഹമാണ് യേശുവിനെ പിന്‍ചെല്ലാന്‍ അവനെ പ്രേരിപ്പിച്ചത്…. കര്‍ത്താവ് അവന്‍റെ ഹൃദയത്തിലേക്ക് വിരല്‍ ചൂണ്ടുകയാണ് ഈ വാക്കുകളിലൂടെ…

ന്‍റെ സുരക്ഷിതത്വവും സുഖവുമാണോ കര്‍ത്താവിനെ പിന്‍ചെല്ലുന്ന എന്‍റെ ലക്ഷ്യങ്ങള്‍? ആണെങ്കില്‍ ശൂന്യവത്ക്കരണത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും പാതയിലൂടെ ദൈവാരൂപി നമ്മെ നടത്തുവാന്‍ തുടങ്ങുമ്പോള്‍ ഈ വചനം കഠിനമാണ് എന്നു പറഞ്ഞുകൊണ്ട് പിന്തിരിഞ്ഞ ജനത്തെപ്പോലെ നമുക്കും പിന്തിരിയേണ്ടിവരും.

രണ്ടു വഞ്ചികള്‍
”നിങ്ങള്‍ എത്ര നാള്‍ രണ്ടുവഞ്ചികളില്‍ കാല്‍വയ്ക്കും? കര്‍ത്താവാണ് ദൈവമെങ്കില്‍ അവിടുത്ത അനുഗമിക്കുമിന്‍, ബാലാണ് ദൈവമെങ്കില്‍ അവന്‍റെ പിന്നാലെ പോകുവിന്‍” (1 രാജാക്കന്‍മാര്‍ 18/21). ആത്മീയശുഷ്‌കതയെക്കുറിച്ച് വിലപിക്കുന്ന ബഹുഭൂരിപക്ഷം ജീവിതങ്ങളും സമൂഹങ്ങളും ഇന്ന് രണ്ടുവഞ്ചിയില്‍ കാല്‍ വെച്ച് നില്‍ക്കാന്‍ ശ്രമിക്കുന്നവരാണ്. ലോകത്തിന്‍റെ വഞ്ചിയില്‍… പണത്തിന്‍റെയും സ്വാധീനങ്ങളുടെയും വഞ്ചിയില്‍…..സുഖഭോഗങ്ങളുടെ വഞ്ചിയില്‍… അംഗീകാരത്തിന്‍റെയും പ്രശസ്തിയുടെയും വഞ്ചിയില്‍…. ഒരു കാല്‍ വച്ചിട്ട് മറുകാല്‍ യേശുവിന്‍റെ വഞ്ചിയില്‍ വയ്ക്കുന്നു….

യേശു തരുന്ന രക്ഷയും ആനന്ദവും ഇവര്‍ക്ക് അപ്രാപ്യമായിരിക്കും. കൂട്ടുകാരനെ പ്രീതിപ്പെടുത്താനെന്നുപറഞ്ഞ് മദ്യപിക്കുന്നവനും അശുദ്ധഭാഷണത്തില്‍ പങ്കു ചേരുന്നവനും സുഖഭോഗങ്ങളില്‍ മനസ്സുവയ്ക്കുന്നവനും എത്ര ധ്യാനം കൂടിയാലും വളരുകയില്ല… കാരണം അവന്‍റെയുള്ളില്‍ രണ്ട് യജമാനന്മാരുണ്ട് സത്‌പേരിനെ സ്‌നേഹിക്കുന്നവന് പിശാചുബാധിതനെന്നും ദൈവദൂഷകനെന്നും മുദ്രകുത്തപ്പെട്ട യേശുവിനെ സേവിക്കാനാവില്ല.
സ്വന്തം ജഡമോഹങ്ങളെ താലോലിക്കുന്നവന് മരുഭൂമിയില്‍ ഉപവസിച്ച് തന്നെത്തന്നെ വിനീതനാക്കിയ യേശുവിനെ അനുഗമിക്കുക അസാധ്യമാണ്… മഹത്വം തേടുന്നവര്‍ മുള്‍ക്കിരീടത്താല്‍ അപമാനിതനായ യേശുവിനെ പലപ്പോഴും കൈവിട്ടുകളയും. വൈരാഗ്യവും വെറുപ്പും മാത്സര്യവും ഉപേക്ഷിക്കാതെ സ്‌നേഹംതന്നെയായ ദൈവത്തെ ശുശ്രൂഷിക്കുവാന്‍ എങ്ങനെ സാധിക്കും.

ഇവിടെ എനിക്ക് നിന്നെ വിധിക്കുവാനുള്ള അവകാശമില്ല… പക്ഷേ എനിക്ക് എന്നെ കണ്ടെത്താനും വ്യര്‍ത്ഥദൈവങ്ങളില്‍നിന്നും എന്‍റെ ഹൃദയത്തെ മോചിപ്പിക്കുവാനും കടമയുണ്ട്. സ്വയം വിധിക്കുന്നവന് ശിക്ഷാവിധിയെ നേരിടേണ്ടി വരില്ല… ഞാന്‍ എന്നെത്തന്നെ നന്നായി വിധിച്ചാല്‍ തിന്മയില്‍നിന്നു പിന്തിരിഞ്ഞാല്‍ വ്യര്‍ത്ഥമായതിനെ സേവിക്കാന്‍ എനിക്കാവില്ല.
”ഇതാ, ഞാന്‍ വാതിലില്‍ മുട്ടുന്നു. ആരെങ്കിലും എന്‍റെ സ്വരം കേട്ട് വാതില്‍ തുറന്നുതന്നാല്‍ ഞാന്‍ അവന്‍റെ അടുത്തേക്ക് വരും. ഞങ്ങള്‍ ഒരുമിച്ച് ഭക്ഷിക്കുകയും ചെയ്യും” (വെളിപാട് 3/19-20).

സ്‌റ്റെല്ല ബെന്നി
ശാലോം ടൈംസിന്‍റെ പൈലറ്റ് ലക്കത്തില്‍ എഴുതിയ ലേഖനം

Share:

സ്റ്റെല്ല ബെന്നി

സ്റ്റെല്ല ബെന്നി

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles