Home/Encounter/Article

ജുലാ 15, 2019 1648 0 Emmanual Jayakumar
Encounter

അന്ന് വെറുതെ പള്ളിയില്‍ കയറിയതായിരുന്നു…

അതൊരു മാസാദ്യവെള്ളിയാഴ്ചയായിരുന്നു. അന്ന് ഞാന്‍ എട്ടാം ക്ലാസിലാണ് പഠിക്കുന്നത്. കത്തോലിക്കാ സ്കൂള്‍ ആയതുകൊണ്ട് എല്ലാ മാസാദ്യവെള്ളിയാഴ്ചകളിലും വിശുദ്ധ കുര്‍ബാന ഉണ്ടാകും. ഉച്ചയ്ക്ക് എല്ലാ കത്തോലിക്കാ കുട്ടികളും വിശുദ്ധ കുര്‍ബാനക്കായി പോയി. ഞാനാകട്ടെ ക്ലാസില്‍ തനിയെ ഇരിക്കുന്നു.വിശുദ്ധ കുർബാനക്ക് പോയ  എന്‍റെ കൂട്ടുകാരന്‍ അല്പം കഴിഞ്ഞ് തിരികെ വന്ന് എന്നെ വിളി ച്ചു, ‘തനിയെ ഇരിക്കണ്ട, എന്‍റെയൊപ്പം വാ.’ എനിക്ക് ദേഷ്യം വന്നു. അമ്പലത്തില്‍ ശാന്തിക്കാരനാകാന്‍ ആഗ്രഹിക്കുന്നയാളാണ് ഞാന്‍ എന്ന് അവനറിയാം. എന്നിട്ടും അവന്‍ എന്നെ പള്ളിയിലേക്ക് വിളിക്കുന്നു. അവന്‍ വീണ്ടും പറഞ്ഞു, “പള്ളിയില്‍ വന്ന് പ്രാര്‍ത്ഥിക്കാനൊന്നുമല്ല, വെറുതെ എനിക്ക് ഒരു കൂട്ടിന് വന്നാല്‍ മതി!” സ്നേഹപൂര്‍വമായ ആ നിര്‍ബന്ധത്തിന് വഴങ്ങി ഞാന്‍ പള്ളിയിലേക്ക് ചെന്നു.

ആദ്യം അവിടെ എത്തിയപ്പോള്‍ എന്തോ ഒരു ആകര്‍ഷണമുള്ളതുപോലെ… അതിനാല്‍ അവിടത്തെ രൂപങ്ങളെല്ലാം നോക്കി ഞാനവിടെ ഇരുന്നു.എന്നാല്‍ ടീച്ചര്‍ ക്ലാസനുസരിച്ച് കുട്ടികളെ നിരയായി നിര്‍ത്തിയപ്പോള്‍ വീണ്ടും പ്രശ്നം, ഞാന്‍ അവരുടെ ഇടയിലായിപ്പോയി. അവിടെ നിന്നാല്‍ അവര്‍ ചെയ്യുന്നതുപോലെയൊക്കെ ചെയ്യേണ്ടി വരും. അതിനാല്‍ എനിക്ക് ഇവിടെ നില്‍ക്കാന്‍ പറ്റില്ല എന്നു പറഞ്ഞ് കൂട്ടുകാരന്‍റെ കൈ തട്ടിമാറ്റി ഞാന്‍ പള്ളിയുടെ പ്രധാനവാതിലിലൂടെ പുറത്തിറങ്ങാന്‍ ശ്രമിച്ചു.

എന്നാല്‍ അവിടെ ആരോ എന്നെ തടഞ്ഞു നിര്‍ത്തുന്നതുപോലെ. പുറത്തിറങ്ങാന്‍ കഴിയാതെ ഞാന്‍ ഭിത്തിയില്‍ ചാരി താഴെ ഇരുന്നു. അലപ്സമയത്തിനകം വിശുദ്ധ ബലി ആരംഭിച്ചു. എനിക്കൊന്നും മനസ്സിലായില്ല. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ എല്ലാ കുട്ടികളും മുട്ടുകുത്തുന്നത് കണ്ടു. അതോടെ എനിക്ക് അൾത്താര  കാണാന്‍ സാധിച്ചു. അവിടെ വൈദികന്‍ ഒരു വെളുത്ത അപ്പം കൈയിലെടുത്ത് നില്ക്കുന്നത് ഞാന്‍ കണ്ടു. അത് ഞങ്ങളുടെ മാനേജരച്ചനായിരുന്നു. അദ്ദേഹം വളരെ ഭക്തിയോടെയാണ് ബലി അര്‍പ്പിച്ചുകൊണ്ടിരുന്നത്.

ആ സമയത്ത് അദ്ദേഹം ഇങ്ങനെ പറയുന്നത് ഞാൻ കേട്ടു, “ഇത് നിങ്ങൾക്കുവേണ്ടി  മുറിക്കപ്പെടുന്ന എന്‍റെ ശരീരമാണ് ” അടുത്ത നിമിഷം ആ അപ്പം കാണാതായി; പകരം അച്ചന്‍റെ കൈയില്‍ ഒരു മനുഷ്യഹൃദയം! അത് തുടിച്ചുകൊണ്ടിരുന്നു. ആ തുടിപ്പനുസരിച്ച് അച്ചന്‍റെ കൈകളും അനങ്ങിക്കൊണ്ടിരുന്നു. ആ അത്ഭുതദൃശ്യം കണ്ണ് ചിമ്മാതെ ഞാന്‍ നോക്കി. പെട്ടെന്നതാ, ആ ഹൃദയം രണ്ടായി പൊട്ടിപ്പിളരുന്നു! രക്തം അച്ചന്‍റെ കൈയിലൂടെ താഴേക്ക് ഒഴുകാന്‍ തുടങ്ങി. അള്‍ത്താര മുഴുവന്‍ നനഞ്ഞു. നിറയെ രക്തം കണ്ട എനിക്ക് തല കറങ്ങുന്നതായി തോന്നി. ആ ദൃശ്യം കണ്ടിരിക്കാനാവാത്തതിനാല്‍ കുറച്ചു നേരം കണ്ണടച്ചു പിടിച്ചു.

പിന്നെ വീണ്ടും കണ്ണു തുറന്നു നോക്കുമ്പോള്‍ നേരത്തേ കണ്ടതൊന്നും കാണുന്നില്ല. പകരം അവിടെ ശരീരം മുഴുവന്‍ മുറിവ് നിറഞ്ഞ പച്ചയായ ഒരു മനുഷ്യന്‍ നിൽക്കുന്നു! അത്രയും മുറിവുകളുമായി അതിനു മുമ്പോ ശേഷമോ ആരെയും ഞാന്‍ കണ്ടിട്ടില്ല. അതാരാണെന്ന് എനിക്കറിയില്ലായിരുന്നു. എന്നാല്‍ അയാളുടെ മുഖമെല്ലാം മുറിവുകള്‍ കാരണം വികൃതമാണ് എന്ന് എനിക്ക് കാണാമായിരുന്നു. അല്പസമയം ഞാന്‍ നോക്കിക്കൊണ്ടിരിക്കവേ പെട്ടെന്ന് പ്രതീക്ഷിക്കാത്ത സമയത്ത് ഒരാള്‍ ആ മനുഷ്യനെ ഒറ്റ അടി! അതോടെ അയാള്‍ അള്‍ത്താരയിലേക്ക് കമിഴ്ന്നു വീണു! ഇതെല്ലാം കണ്ട് ഞാന്‍ കരയുകയായിരുന്നു. ഈ സംഭവം നടക്കുന്ന സമയത്ത് ഞാന്‍ ബൈബിള്‍ വായിച്ചിട്ടില്ല. എന്നാല്‍ ബൈബിളില്‍ രേഖപ്പെടുത്തി യിരിക്കുന്ന ക്രിസ്തുവിന്‍റെ പീഡാനുഭവങ്ങളെല്ലാം അവിടെ ഞാന്‍ കണ്ടു.

അങ്ങനെ നിൽക്കുമ്പോഴതാ ആ മനുഷ്യന്‍ വീണ്ടും ആയാസപ്പെട്ട് എഴുന്നേല്‍ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. മറ്റാരെയുമല്ല, എന്‍റെ മുഖത്തേക്കുതന്നെ നോക്കി ആ മനുഷ്യന്‍ പറഞ്ഞു, “മോനേ ജയകുമാറേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നിനക്കും വേണ്ടികൂടി ഞാന്‍ കുരിശില്‍ മരിക്കാന്‍ പോകുകയാണ്” അതുവരെയും എന്നെ സ്നേഹിക്കുന്ന ഒരു ദൈവത്തെക്കുറിച്ച് കേട്ടിട്ടില്ലാത്ത എനിക്ക് അത് വളരെ അത്ഭുതമായി തോന്നി. ഇത്രയുമായപ്പോഴേക്കും എന്‍റെ ബോധം മറഞ്ഞു. പിന്നെ കണ്ണു തുറന്നപ്പോള്‍ ഞാന്‍ ക്ലാസിലായിരുന്നു. എന്തായാലും പിറ്റേന്നു മുതല്‍ ഞാന്‍ എല്ലാ ദിവസവും ക്ലാസില്‍ കയറുന്നതിനു മുമ്പ് പള്ളിയില്‍ കയറി ആ അള്‍ത്താരയിലേക്ക് നോക്കും.

അടുത്ത വര്‍ഷമായപ്പോള്‍ ഫാ.ജോസ് ഉപ്പാണി എന്ന വൈദികന്‍റെ ധ്യാനത്തില്‍ പങ്കെടുത്തു. പിന്നീട് അച്ചന്‍റെകൂടെ പ്രാര്‍ത്ഥനക്കായി പോകാനും തുടങ്ങി. പത്താം ക്ലാസിലെത്തിയപ്പോള്‍ അച്ചനൊപ്പം അദ്ദേഹം ശുശ്രൂഷ ചെയ്തിരുന്ന ചിറ്റൂര്‍ ധ്യാനകേന്ദ്രത്തില്‍ താമസിച്ചാണ് ഞാന്‍ പഠിച്ചത്. അപ്പോഴൊക്കെ മുടങ്ങാതെ വിശുദ്ധ കുര്‍ബാനക്ക് പോകുമായിരുന്നു, ദിവ്യകാരുണ്യം സ്വീകരിക്കുന്നില്ലെങ്കിലും.

അങ്ങനെയിരിക്കേ ഒരു ദിവസം വിശുദ്ധ കുര്‍ബാന സ്വീകരണസമയത്ത് ഞാൻ കണ്ണടച്ചു പ്രാര്‍ത്ഥിച്ചുകൊ ണ്ടിരിക്കുകയായിരുന്നു. എന്നെ അച്ചനൊപ്പം ധ്യാനകേന്ദ്രത്തില്‍ കണ്ടിട്ടുള്ള ഒരു സിസ്റ്ററാണ് അവിടെ വിശുദ്ധ കുര്‍ബാന നല്കിക്കൊണ്ടിരുന്നത്. സിസ്റ്റര്‍ എന്നെ വിളിച്ച് എനിക്ക് തിരുവോസ്തി തരാനായി നീട്ടി. എന്നാല്‍ എനിക്ക് സ്വീകരിക്കാന്‍ കഴിയില്ലല്ലോ എന്നോര്‍ത്ത് പെട്ടെന്ന് ഞാന്‍ പറഞ്ഞു, “അയ്യോ, വേണ്ട സിസ്റ്റര്‍!”

ആ സംഭവം എന്നെ വല്ലാതെ സങ്കടപ്പെടുത്തി. ഈശോ അപ്പമായി എന്‍റെ അരികില്‍ വന്നിട്ടും എനിക്ക് സ്വീകരിക്കാന്‍ കഴിയുന്നില്ലല്ലോ…. ആ സങ്കടത്തോടെ അന്ന് വൈകിട്ട് അവിടത്തെ ചാപ്പലില്‍ പോയിരുന്നു. അവിടെ വിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ചു വച്ചിരുന്നു. ആ അരുളിക്കയുടെ മുന്നില്‍ ഞാന്‍ സാഷ്ടാംഗം   വീണു.എന്നിട്ട് ഈശോയോടു പറഞ്ഞു,”എനിക്ക് അപ്പത്തിന്‍റെ രൂപത്തില്‍ അങ്ങയെ സ്വീകരിക്കണം.”പിന്നെ ഞാന്‍ കരയുകയായിരുന്നു. എന്നിട്ട് ആ ദിവ്യകാരുണ്യ ഈശോയെ പതുക്കെ തൊട്ട് ഇങ്ങനെ പറഞ്ഞു,”നാളെ ഞാന്‍ വീട്ടില്‍ പോയി എന്‍റെ അച്ഛനോടും അമ്മയോടും പറയും എനിക്ക് മാമ്മോദീസ സ്വീകരിക്കണമെന്ന്. അവരത് സമ്മതിച്ചില്ലെങ്കില്‍ ഞാനിനി ഇവിടേക്ക് വരില്ല. കാരണം എനിക്ക് അപ്പമായി അങ്ങയെ സ്വീകരിക്കാതിരിക്കാന്‍ വയ്യ.”

അതിനുശേഷം അച്ഛന്റെയടുത്തുപോയി   ഇക്കാര്യം പറഞ്ഞ് പ്രാര്‍ത്ഥിച്ചിട്ട് പിറ്റേന്ന് വീട്ടിലേക്ക് പോയി. എന്നാല്‍ വീട്ടിലെത്തിയപ്പോഴേക്കും ഇക്കാര്യം അവതരിപ്പിക്കാനുള്ള ധൈര്യമെല്ലാം ചോര്‍ന്നു പോയിരുന്നു. ഞാനങ്ങനെ വിഷമിച്ചിരിക്കുന്ന സമയം. അപ്പോള്‍ അച്ഛനും അമ്മയും കൂടി എന്നെ അരികിലേക്ക് വിളിച്ചു . എന്നിട്ട് പറഞ്ഞു, “മോനേ, ഇന്നലെ വൈകുന്നേരം ഞങ്ങള്‍ ഒരു തീരുമാനമെടുത്തു. ഇവിടത്തെ അച്ചനെ പോയി കണ്ടു,സംസാരിച്ചു. നമുക്ക് മാമ്മോദീസ സ്വീകരിക്കണം!”
ഞാന്‍ അങ്ങോട്ട് ആവശ്യപ്പെടാനിരുന്ന ആഗ്രഹം അവരിങ്ങോട്ട്  പറയുകയാണ് .സന്തോഷത്താല്‍ എന്റെ കണ്ണുനിറഞ്ഞു പോയി . ഞാനവരോട് ചോദിച്ചു  , “നിങ്ങള്‍ ഏത് സമയത്താണ് ഈ തീരുമാനമെടുത്തത്?” അവര്‍ സമയം പറഞ്ഞു. എനിക്കൊരു കാര്യം മനസ്സിലായി. ഞാന്‍ ചാപ്പലില്‍ ദിവ്യകാരുണ്യം സ്പര്‍ശിച്ച് പ്രാര്‍ത്ഥിച്ച അതേ സമയത്താണ് അച്ഛനും അമ്മയും വൈദികന്‍റെയടുത്തിരുന്ന് ഈ തീരുമാനം എടുത്തത്. എനിക്ക് വളരെയധികം സന്തോഷം തോന്നി.

അതിനു മുമ്പ് അച്ഛന്‍ കടുത്ത മദ്യപാനത്തിനും പുകവലിക്കും അടിമയായിരുന്നു. അതിനാല്‍ പലരുടെയും നിര്‍ബന്ധത്തിന് വഴങ്ങി അച്ഛനും അമ്മയും ധ്യാനത്തില്‍ പങ്കെടുത്തിരുന്നു. അതിനുശേഷം മദ്യപാനവും പുകവലിയും നിര്‍ത്തി. വീട്ടില്‍ എന്നും കൊന്ത ചൊല്ലുമായിരുന്നു. ഇത്രയൊക്കെ എനിക്കറിയാമായിരുന്നെങ്കിലും മാമ്മോദീസ സ്വീകരിക്കാന്‍മാത്രം ഉറപ്പുള്ള വിശ്വാസത്തിലേക്ക് അവരെത്തിയ കാര്യം അറിയില്ലായിരുന്നു. അങ്ങനെ അച്ഛനും അമ്മയും ചേട്ടനും അനുജനും ഞാനുമുള്‍പ്പെടെ കുടുംബം മുഴുവന്‍ 1997-ല്‍ മാമ്മോദീസ സ്വീകരിച്ചു.

പിന്നീട് എന്‍റെ ജീവിതത്തിനാവശ്യമായതെല്ലാം ഈശോ നല്കി. ഭാര്യയെയും രണ്ട് മക്കളെയും കൂട്ടിച്ചേര്‍ത്തുതന്നു. ഇപ്പോഴും ആത്മീയ ശുശ്രൂഷകള്‍ ചെയ്തുകൊണ്ട് മുന്നോട്ടു പോകാന്‍ അവിടുന്ന് കൃപ നൽകുന്നു. എന്‍റെ ഈശോ ഇന്നും ജീവിക്കുന്നവനാണ് .

 

 

Share:

Emmanual Jayakumar

Emmanual Jayakumar

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles