Home/Evangelize/Article

ഡിസം 08, 2022 440 0 Father Jobin Edakunnel
Evangelize

അന്ന് രാവിലെ ചൊല്ലിയ സങ്കീര്‍ത്തനം അന്വര്‍ത്ഥമായി!

അന്ന് രാവിലെ അഞ്ചു മണിയോടെ ഞാന്‍ ഉണര്‍ന്നു. അത് ഒരു സുപ്രധാനദിവസമായിരുന്നു. 2017 ഒക്ടോബര്‍ ഒന്‍പതാം തിയതി ശനിയാഴ്ച, എന്‍റെ രണ്ടാമത്തെ ബ്രെയിന്‍ ട്യൂമര്‍ സര്‍ജറിക്കായി നിശ്ചയിക്കപ്പെട്ട ദിവസം. ആറര മണിയോടെ ഓപ്പറേഷന്‍റെ സമ്മതപത്രം ഒപ്പിടാന്‍ കൊണ്ടുവന്നു. പക്ഷേ എന്‍റെ കൈ തളര്‍ന്നു പോയതിനാല്‍ ഒപ്പിട്ടു കൊടുക്കാന്‍ സാധിക്കുന്നില്ല. അന്ന് വൈദികവിദ്യാര്‍ത്ഥിയായിരുന്ന എനിക്ക് കൂട്ടുവന്ന അച്ചനാണ് ഒപ്പിട്ടുകൊടുത്തത്. അതുകഴിഞ്ഞ് നഴ്സുമാര്‍ വന്നു. ഓപ്പറേഷനുള്ള ഗൗണ്‍ ധരിപ്പിച്ചു.

എന്നാല്‍ എന്‍റെ മനസ്സിന് ദൈവം ആ സമയത്തൊക്കെ പറഞ്ഞറിയിക്കാനാകാത്ത ആവേശവും ശാന്തിയും നല്‍കി. മുറിയിലുള്ള എല്ലാവരും കൂടി എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയായിരുന്നു ആ സമയത്ത്. അപ്പോഴെല്ലാം തമ്പുരാന്‍ എന്നോട് കാണിച്ച കരുതല്‍ വളരെ വലുതായിരുന്നുവെന്ന് പിന്നീട് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. കാരണം ഒരു വൈദിക വിദ്യാര്‍ത്ഥിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് വ്യക്തികളാണ് റെക്ടറും ആധ്യാത്മികപിതാവും. എന്‍റെ ജീവിതത്തിലെ ആ നിര്‍ണ്ണായക നിമിഷങ്ങളില്‍ എന്‍റെ പ്രിയപ്പെട്ട റെക്ടറച്ചന്‍റെയും ആധ്യാത്മികപിതാവായ അച്ചന്‍റെയും, ഒപ്പം എന്‍റെ കൂട്ടുകാരായ വൈദിക വിദ്യാര്‍ത്ഥികളുടെയും സാന്നിധ്യം അനുവദിച്ചുതന്ന ദൈവം എത്രയോ കാരുണ്യവാനാണ്! സങ്കീര്‍ത്തകനോട് ചേര്‍ന്ന് ഞാനും പറയും, കര്‍ത്താവേ നിന്‍റെ അനുഗ്രഹങ്ങള്‍ക്ക് പകരമായി ഞാന്‍ എന്ത് നല്‍കും? രക്ഷയുടെ കാസ കയ്യിലെടുത്തുപിടിച്ച് ജീവിതകാലം മുഴുവന്‍ ഞാന്‍ എന്‍റെ കര്‍ത്താവിന്‍റെ നാമം വിളിക്കും.

ഞാന്‍ അവരോടു തൊണ്ണൂറ്റിയൊന്നാം സങ്കീര്‍ത്തനം ചൊല്ലാന്‍ ആവശ്യപ്പെട്ടു. എല്ലാവരും കൂടി അത് ചൊല്ലി പ്രാര്‍ത്ഥിച്ചു. ഞാന്‍ ശാന്തമായി കിടന്നു കൊണ്ട് അതില്‍ പങ്കുചേര്‍ന്നു. എനിക്ക് എല്ലാ കാലത്തും വലിയ ആശ്വാസം നല്‍കിയ എന്‍റെ ഏറ്റവും പ്രിയപ്പെട്ട സങ്കീര്‍ത്തനമാണത്. ദൈവത്തിന്‍റെ അനന്ത പരിപാലയെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന, എത്ര തളര്‍ന്നു പോയവനെയും ധൈര്യപ്പെടുത്തുന്ന സങ്കീര്‍ത്തനം. അത് ചൊല്ലിക്കഴിഞ്ഞ് അച്ചന്മാര്‍ ഇരുവരും ചേര്‍ന്ന് എനിക്ക് ആശീര്‍വാദം നല്‍കി. ഒരു വൈദികന്‍ ആശീര്‍വദിക്കുമ്പോള്‍ സ്വര്‍ഗം തുറന്ന് കര്‍ത്താവു തന്നെ കരങ്ങളുയര്‍ത്തി ആശീര്‍വദിക്കുന്നു എന്നത് നിസ്തര്‍ക്കമായ യാഥാര്‍ഥ്യമാണ്.

ഏഴരയോടെ എന്നെ ഓപ്പറേഷന്‍ തിയറ്ററിലേക്ക് കൊണ്ടുപോകാന്‍ ആശുപത്രിജീവനക്കാര്‍ വന്നു. ഞാന്‍ സന്തോഷത്തോടെ എനിക്ക് കൂട്ടുവന്നവരോട് യാത്ര പറഞ്ഞു. തുടര്‍ന്ന് ഓപ്പറേഷന്‍ തിയറ്ററിന്‍റെ പ്രധാനവാതില്‍ അടച്ചു. ആ സമയത്ത് ഒരു പ്രത്യേക ആത്മീയ അനുഭവത്തില്‍ കൂടി എന്നെ കടത്തിവിടാന്‍ നല്ല ദൈവം അനുവദിക്കുകയായിരുന്നു. ഓപ്പറേഷന്‍ തിയറ്ററിന് മുന്‍ഭാഗത്തായി ഒരു ചെറിയ വരാന്തയുണ്ട്. അവിടെ എന്നെ കിടത്തിയിട്ട് എന്നെ കൊണ്ടുവന്ന ജീവനക്കാര്‍ എന്തോ അത്യാവശ്യത്തിനു വേണ്ടി മറ്റൊരു മുറിയിലേക്ക് പോയി. അവിടെ ഞാന്‍ മാത്രം. രാവിലെ ആയതുകൊണ്ട് ഓപ്പറേഷന്‍ തിയറ്ററിലെ ജീവനക്കാരൊക്കെ വരുന്നതേയുള്ളൂ.

വലിയ ഒരു ഏകാന്തത എന്നെ വലയം ചെയ്തു. ഈ ഓപ്പറേഷന്‍ തിയറ്ററിന്‍റെ വാതിലിന് പുറത്ത് എന്നെ സ്നേഹിക്കുന്ന ഒരുപാടു പേരുണ്ട്, പക്ഷേ എന്നെ ഏറ്റവുമധികം സ്നേഹിക്കുന്നയാള്‍ക്കു പോലും, സ്വന്തം അമ്മയ്ക്കുപോലും, എന്‍റെ കൂടെ വരാന്‍ സാധിക്കില്ലാത്ത ചില നിമിഷങ്ങള്‍ ഉണ്ടാകുമെന്ന് ഞാനോര്‍ത്തു. തനിയെയാണല്ലോ എന്ന ചിന്ത ഒരു നിമിഷം എന്നെ വലയം ചെയ്തു. പക്ഷേ പെട്ടെന്നുതന്നെ ഒരു വലിയ പ്രകാശം എന്‍റെ ആത്മാവിലേക്ക് കടന്നുവന്നു. ഒരിക്കലും ഞാന്‍ ഒറ്റയ്ക്കല്ല. എന്‍റെ നല്ല ദൈവം എപ്പോഴും എന്‍റെ കൂടെയുണ്ട്. നല്ല ദൈവം മാത്രമേ എപ്പോഴും കൂടെയുണ്ടാകുകയുള്ളൂ. വഴിയില്‍ ഉപേക്ഷിക്കുന്ന ഒരു ദൈവമല്ല എന്‍റെ കരം പിടിക്കുന്നത്. എപ്പോഴും ഉള്ളംകയ്യില്‍ പൊതിഞ്ഞുപിടിക്കുന്ന നല്ല ദൈവം. ആ ദൈവത്തിന്‍റെ അനന്ത പരിപാലയെപ്പറ്റി ഉത്തമ ബോധ്യം കിട്ടിയത് കൊണ്ടാണ് വിശുദ്ധ പൗലോസ് ശ്ലീഹാ ആത്മവിശ്വാസത്തോടെ പറഞ്ഞത്, ‘ആരിലാണ് ഞാന്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നതെന്ന് എനിക്കറിയാം’ (2 തിമോത്തിയോസ് 1/12).

അല്‍പ്പം കഴിഞ്ഞ് എന്നെ ഓപ്പറേഷന്‍ തിയറ്ററിനുള്ളിലേക്ക് കൊണ്ട് പോയി. ഉടന്‍തന്നെ ഓപ്പറേഷന് നേതൃത്വം വഹിക്കാനുള്ള ഡോക്ടറും അനസ്തേഷ്യ നല്‍കാനുള്ള ഡോക്ടറും മറ്റു നഴ്സുമാരും സഹായികളും വന്നു. ഡോക്ടര്‍ എന്നോട് ചോദിച്ചു, ‘തയ്യാറാണോ?’ ഞാന്‍ ചിരിച്ചു കൊണ്ട് മറുപടി നല്കി, ‘അതെ.’ ആ സമയത്ത് എന്‍റെ മനസ്സിലേക്ക് പെട്ടെന്ന് വന്നത് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് എന്‍റെ ഒരു അമ്മായി എന്നോട് പറഞ്ഞ കാര്യമാണ്- “നിനക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ഈശോ കുരിശുമായി കാല്‍വരിമല കയറുന്ന കാഴ്ചയാണ് മനസ്സില്‍ കടന്നു വന്നത്.” തുടര്‍ന്ന് അമ്മായി പറഞ്ഞു, “കാല്‍വരി കയറാന്‍ നിന്നെയും ഈശോ വിളിക്കുന്നുണ്ട്.”

ഞാന്‍ തയാറാണെന്ന് ഡോക്ടറിനോട് പറഞ്ഞപ്പോള്‍ എന്‍റെ മനസ്സില്‍ വന്നത് കാല്‍വരികയറ്റം ആരംഭിക്കാന്‍ പോകുന്നു എന്നാണ്. ദൈവമേ കരുണയായിരിക്കണമേ എന്ന പ്രാര്‍ത്ഥന മനസ്സില്‍ ഉരുവിട്ടു. ഉടന്‍തന്നെ അനസ്തേഷ്യ നല്‍കാനുള്ള ഡോക്ടര്‍ എന്‍റെ കരം ഗ്രഹിച്ചിട്ട് പറഞ്ഞു, എങ്കില്‍ നമുക്ക് ഉറങ്ങാം അല്ലേ. ഞാന്‍ പുഞ്ചിരിയോടെ തലയാട്ടി. അപ്പോള്‍ എന്‍റെ കയ്യില്‍ സെഡേഷനുള്ള ഇഞ്ചക്ഷന്‍ കുത്തിവച്ചു. പിന്നെ ഞാന്‍ മയക്കത്തിലേക്ക് വീണു.

വീണ്ടും ഞാന്‍ കണ്ണ് തുറക്കുന്നത് ഡോക്ടര്‍ എന്‍റെ പേര് വിളിക്കുന്നത് കേട്ടാണ്. സമയം രാത്രി ഒന്‍പതു മണിയോട് അടുത്തിരുന്നു. ഏകദേശം പന്ത്രണ്ടര മണിക്കൂറുകളാണ് കഴിഞ്ഞു പോയത്. ഒരു പകലില്‍ കൂടുതല്‍ സമയം നീണ്ടു നിന്ന ആ രണ്ടാം സര്‍ജറിക്കിടയില്‍ എന്‍റെ തലയോട്ടി കീറിമുറിച്ചു, തലച്ചോറിനുള്ളിലുണ്ടായിരുന്ന വലിയ ട്യൂമര്‍ പുറത്തെടുത്തു. ഡോക്ടര്‍ പരമാവധി ശ്രമിച്ചിട്ടാണ് എന്‍റെ ജീവന്‍ പിടിച്ചു നിര്‍ത്തിയത്. ആ സമയങ്ങളിലൊക്കെ ഡോക്ടറിന്‍റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചു കൊണ്ട് പരിശുദ്ധ അമ്മ കൂടെയുണ്ടായിരുന്നുവെന്ന് എനിക്കുറപ്പുണ്ട്.

ദൈവത്തിന്‍റെ സ്നേഹം എനിക്കായി അത്ഭുതം പ്രവര്‍ത്തിച്ചു. രാവിലെ ഞങ്ങള്‍ ഒരുമിച്ചു ചൊല്ലിയ തൊണ്ണൂറ്റിയൊന്നാം സങ്കീര്‍ത്തനം എന്‍റെ ജീവിതത്തില്‍ അന്വര്‍ത്ഥമാവുകയായിരുന്നു. “അവന്‍റെ കഷ്ടതയില്‍ ഞാന്‍ അവനോട് ചേര്‍ന്നു നില്‍ക്കും. ഞാന്‍ അവനെ മോചിപ്പിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യും. ദീര്‍ഘായുസ്സ് നല്‍കി ഞാന്‍ അവനെ സംതൃപ്തനാക്കും” (സങ്കീര്‍ത്തനങ്ങള്‍ 91/15-16). ډ

Share:

Father Jobin Edakunnel

Father Jobin Edakunnel

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles