Trending Articles
ഒരു ഹൈന്ദവകുടുംബത്തിൽ ജനിച്ചുവളര്‍ന്ന ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ യേശുവിനെക്കുറിച്ചറിഞ്ഞു. പെന്തക്കോസ്തുവിശ്വാസികളില്‍നിന്നായിരുന്നു അന്ന് യേശുവിനെക്കുറിച്ച് കേട്ടത്. എന്നാല്‍ കുറച്ചു നാളുകള്‍ക്കുള്ളില്‍ കത്തോലിക്കാസഭയെക്കുറിച്ചും സഭയിലെ ആത്മീയസമ്പന്നതയെക്കുറിച്ചും എനിക്ക് അറിവും ബോധ്യങ്ങളും ലഭിച്ചു. അതിനാല്‍ യേശുവിലുള്ള വിശ്വാസം ആഴപ്പെടുകയും പ്രാര്‍ത്ഥന തുടരുകയും ചെയ്തു. വീട്ടുകാരും പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുമായിരുന്നു.
അങ്ങനെയിരിക്കേ, ഞാന്‍ എം.എസ്സി. പഠിക്കുന്ന സമയത്ത് എന്‍റെ ഇളയ സഹോദരന്‍ രോഗിയായിത്തീര്‍ന്നു. പക്ഷേ ഒന്നര വര്‍ഷത്തോളം പല ഡോക്ടര്‍മാരെയും മാറി മാറി കാണിച്ചിട്ടും രോഗമെന്താണെന്ന് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഞങ്ങള്‍ക്ക് പരിചയമുള്ള ഒരാള്‍ സമീപത്തുള്ള പള്ളിയിലെ വികാരിയച്ചനെ കാണാന്‍ ഞങ്ങളോട് പറഞ്ഞു. അതുപ്രകാരം ഞങ്ങള്‍ അച്ചന്‍റെയടുത്തു ചെന്നപ്പോള്‍ അച്ചന്‍ പ്രാര്‍ത്ഥിച്ചിട്ട് ഞങ്ങള്‍ക്കായി ഒരു ഡോക്ടറെ നിര്‍ദ്ദേശിച്ചുതന്നു. അതനുസരിച്ച് ഞങ്ങള്‍ ആ ഡോക്ടറെ പോയി കണ്ടു. അനുജന് ലിംഫോമ എന്ന കാന്‍സറാണെന്ന് അദ്ദേഹം കണ്ടെത്തി. എന്നാല്‍ വീട്ടുകാരോടോ അനുജനോടോ ഇക്കാര്യം പറഞ്ഞില്ല. അനുജനാകട്ടെ ഓരോ ദിവസവും തീര്‍ത്തും മെലിഞ്ഞു വന്നുകൊണ്ടിരുന്നു.
യേശുവിലുള്ള വിശ്വാസമുപേക്ഷിച്ച് മറ്റെന്തെങ്കിലുമൊക്കെ വഴി നോക്കാന്‍ പലരും ഉപദേശിച്ചു. വീട്ടുകാര്‍ ഇതുകേട്ട് പതറിയെങ്കിലും വിശ്വാസത്തില്‍നിന്ന് പിന്‍മാറാന്‍ ഞാന്‍ തയാറായിരുന്നില്ല. ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, തന്‍റെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്ന് എല്ലാം നന്മക്കായി പരിണമിപ്പിക്കുന്നു എന്ന റോമാ 8: 28 വചനം എന്നെ ശക്തിപ്പെടുത്തി. ആ സമയത്ത് അനുജനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ജറി നടത്തി. മൂന്ന് പ്രഗല്ഭ ഡോക്ടര്‍മാര്‍ ഒന്നിച്ചാലോചിച്ച് തീരുമാനിച്ചിട്ടാണ് സര്‍ജറി നടത്തിയത്. തുടര്‍ന്ന് അനുജനെ നോക്കിയിരുന്ന ഡോക്ടര്‍ എന്നെ വിളിച്ചു പറഞ്ഞു, “അവന്‍റെ കുടലില്‍ മുഴുവന്‍ കാന്‍സര്‍ വ്യാപിച്ചിട്ടുണ്ട്. കുടല്‍ മുറിച്ചു കളയേണ്ടിവരും. എങ്കിലും രക്ഷപ്പെടാന്‍ സാധ്യതയില്ല. എന്തായാലും ബയോപ്സി ടെസ്റ്റിന് അയക്കുന്നുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് കിട്ടും. അതിനുശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കാം .” ഈ വാക്കുകളോടെ എന്‍റെ കൈയില്‍ ടെസ്റ്റിനായുള്ള കുടലിന്‍റെ സാംപിള്‍ തന്നുവിട്ടു. അതില്‍ നിറയെ കുരുക്കള്‍ നിറഞ്ഞിരിക്കുന്നത് എനിക്കും കാണാമായിരുന്നു.
അനുജന്‍ മാരകമായ രോഗാവസ്ഥയിലാണ് എന്ന സത്യം എന്‍റെ ഹൃദയത്തെ വല്ലാതെ പിടിച്ചുലച്ചു. തുടര്‍ന്നുള്ള ഒരാഴ്ച ഞാന്‍ പരിശുദ്ധ കുര്‍ബാനയിലൂടെ യേശുവിനെ സമീപിക്കുകയായിരുന്നു. വിശുദ്ധ ബലിയില്‍ അവിടുന്ന് ഇന്നും ജീവിക്കുന്നു എന്ന് മനസ്സിലാക്കിയ ഞാന്‍ വിശ്വാസകണ്ണുകളില്‍ അപ്പവും വീഞ്ഞും യേശുവിന്‍റെ തിരുശരീരവും തിരുരക്തവുമായി മാറുന്നത് കണ്ടു. കാഴ്ചസമര്‍പ്പണസമയത്ത് പ്രത്യേകമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നത് എന്‍റെ സഹോദരന്‍റെ ശരീരത്തിലെ അശുദ്ധരക്തം കളഞ്ഞ് അങ്ങയുടെ ശരീരരക്തങ്ങള്‍ അവനിലേക്ക് ഒഴുക്കണമേ, അവനെ സുഖപ്പെടുത്തണമേ, റിസല്‍ട്ട് വരുമ്പോള്‍ കാന്‍സറില്ലെന്നു പറയണമേ എന്നെല്ലാമായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ മാമ്മോദീസ സ്വീകരിച്ച് കത്തോലിക്കാ സഭയില്‍ അംഗമാകുമെന്നും ഒരു വര്‍ഷം മുഴുവന്‍ യേശുവിനുവേണ്ടി സമര്‍പ്പിച്ച് ജീസസ് യൂത്ത് ഫുള്‍ടൈമറായി ജീവിക്കുമെന്നും ഞാന്‍ തീരുമാനിച്ചു. ഇപ്രകാരം പ്രാര്‍ത്ഥിച്ച സമയത്ത് യേശുവിന്‍റെ കൈയില്‍ അനുജന്‍റെ ഹൃദയം ഇരിക്കുന്നതായും അവിടുന്ന് അത് പിഴിഞ്ഞുകളയുന്നതായുമുള്ള ഒരു ദൃശ്യം കാണുന്നതുപോലെ എനിക്ക് അനുഭവപ്പെട്ടു.
പരിശുദ്ധ കുര്‍ബാനയില്‍ ചങ്കുപൊട്ടി ഞാന്‍ പ്രാര്‍ത്ഥിച്ചതും എന്‍റെ സമര്‍പ്പണവുമെല്ലാം ഇന്നും ജീവിക്കുന്ന യേശു സ്വീകരിക്കുകയായിരുന്നു. അനുജന് കാന്‍സറില്ല എന്ന ബയോപ്സി റിസല്‍ട്ടാണ് കിട്ടിയ ത്. തുടര്‍ന്നുള്ള ചെക്കപ്പുകളില്‍ കാന്‍സറിന്‍റെ ലക്ഷണങ്ങളൊന്നുംതന്നെ കണ്ടെത്താനായില്ല. പിന്നീട് അവന്‍റെ ശരീരം ആരോഗ്യവാനായ ഒരു വ്യക്തിയുടേതുപോലെ കാണപ്പെട്ടു. ശോഷിച്ചിരുന്ന അവസ്ഥ മാറി. ഈ സംഭവങ്ങളെ തുടര്‍ന്ന് ഞാന്‍ യേശുവിന് കൊടുത്ത വാക്ക് നിറവേറ്റി. 1997-ല്‍ ഒരു വര്‍ഷം ജീസസ് യൂത്ത് ഫുള്‍ടൈമറായി മഹാരാഷ്ട്രയില്‍ ശുശ്രൂഷ ചെയ്തു. അവിടുന്ന് കൃപ നല്കിയതിനാല്‍ 2004-ല്‍ മാമ്മോദീസ സ്വീകരിച്ചു. യേശു ഇന്നും ജീവിക്കുന്നു, എന്നില്‍ ജീവിക്കുന്നു എന്ന് ഞാന്‍ എപ്പോഴും വിശ്വസിക്കുകയും ഉറച്ചു പറയുകയും ചെയ്യുന്നു.
Baiju Savio
Want to be in the loop?
Get the latest updates from Tidings!