Home/Evangelize/Article

ജനു 21, 2020 2063 0 Mar Ivanios
Evangelize

സന്തോഷമാണ് ക്രിസ്മസ്, കാരണമുണ്ട്?

ക്രിസ്മസുമായി ബന്ധപ്പെട്ട് ഏറ്റവും സന്തോഷകരമായ ചില ഓര്‍മ്മകളുണ്ട്. അതിലൊന്ന് കുഞ്ഞുന്നാളിലെ ക്രിസ്മസ് കരോള്‍ ആണ്. ക്രിസ്മസ് പരീക്ഷക്കാലത്ത് വൈകുന്നേരങ്ങളില്‍ ക്രിസ്മസ് കരോള്‍ഗാനം പഠിക്കാന്‍ പള്ളിയില്‍ പോകും. ക്രിസ്മസിന്‍റെ ഒരാഴ്ചമുമ്പ് ഇടവകയിലെ കുടുംബങ്ങളിലും അയല്‍പക്ക കുടുംബങ്ങളിലും മതവ്യത്യാസമില്ലാതെ പോകും. അവര്‍ ഞങ്ങളെ ക്ഷണിക്കുകയും ചെയ്യും. വേര്‍തിരിവില്ലാതെ ഈ ക്രിസ്മസ് സന്ദേശം അറിയിക്കാന്‍ അന്ന് സാധിക്കുമായിരുന്നു. ഓര്‍ക്കുമ്പോള്‍ അത് വലിയൊരു ആനന്ദം.

കൂട്ടുകാരും മുതിര്‍ന്നവരും വൈദികരുമെല്ലാം ഒരുമിച്ച് കരോളിന് വന്നിരുന്നു. അതില്‍ യാന്ത്രികത ഒട്ടും ഉണ്ടായിരുന്നില്ല. ഏറെ ദൂരത്ത് താമസിക്കു ന്നവരാണെങ്കിലും അവരുടെ വീടുകളില്‍ പോയി കരോള്‍ പാട്ട് പാടണം എന്നത് നിര്‍ബന്ധമുള്ള കടമയായി അന്ന് മനസിലാക്കിയിരുന്നതോര്‍ക്കുന്നു. അതിന് മാതാപിതാക്കള്‍ എടുത്തിട്ടുള്ള ത്യാഗം വളരെ വലുതാണ്. രാത്രികാലങ്ങളിലെ നടപ്പ് എപ്പോഴും സുഖകരമായ കാര്യമല്ലല്ലോ. എങ്കിലും വിദൂരം സഞ്ചരിച്ച് ആ വീട്ടില്‍ ചെല്ലുമ്പോള്‍ ആ വീട്ടുകാരുടെ മനസിലും ഹൃദയത്തിലുമൊക്കെയുള്ള സ
ന്തോഷം കാണേണ്ടതാണ്. നമുക്കും ആ കുടുംബത്തെ സന്ദര്‍ശിച്ചതിലുള്ള വലിയ സന്തോഷം. അവര്‍ നമ്മെ സ്വീകരിച്ച് സസല്‍ക്കരിക്കും. ഏറ്റവും കൂടുതല്‍ കേക്ക് കഴിക്കുന്നത് ഇക്കാലത്താണ്.

മെത്രാനായശേഷവും ഒരു പ്രാവശ്യം ഞാന്‍ കരോളിന് പോയിട്ടുണ്ട്. തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ ഒരു വര്‍ഷത്തെ കരോളിന്‍റെ ഉദ്ദേശ്യം ഭവനമില്ലാത്തവര്‍ക്ക് ഭവനം പണിയുന്നതിന് സഹായം കൊടുക്കുക എന്നതായിരുന്നു. അറുപത് കുടുംബങ്ങള്‍ക്ക് ഭവനം നിര്‍മിക്കാനുള്ള സഹായം എത്തിക്കുവാന്‍ ആ വര്‍ഷത്തെ കരോള്‍ സഹായിച്ചു. ഇനിയും അവസരം കിട്ടിയാല്‍ കരോള്‍ സര്‍വീസിന് പോകണം എന്നാണെന്‍റെ ആഗ്രഹം. അതിന്‍റെ പരിശുദ്ധമായ അര്‍ത്ഥം നഷ്ടപ്പെട്ടുപോകാതിരിക്കട്ടെ എന്നാണ് എന്‍റെ പ്രാര്‍ത്ഥനയും ഓര്‍മപ്പെടുത്തലും.

മറ്റൊരു സന്തോഷകരമായ ക്രിസ്മസ് ഓര്‍മ്മ ഞങ്ങളുടെ ഇടവകപ്പള്ളിയിലെ ക്രിസ്മസ് ശുശ്രൂഷയാണ്. വെളുപ്പിന് മൂന്നുമണിക്കാണ് ശുശ്രൂഷ. രാത്രി ഉറങ്ങാതെ കിടക്കും, കാരണം അന്ന് ഉറക്കം വരില്ല. അച്ചായന്‍ വെളുപ്പിന് വിളിക്കുന്നതിനുമുമ്പുതന്നെ ഉണര്‍ന്ന് കിടക്കുന്നതുകൊണ്ട് ആ വിളി ഒരു കര്‍മംപോലെയേ ഉള്ളൂ. പെട്ടെന്ന് ഒരുങ്ങി നടന്ന് പള്ളിയിലേക്ക് പോകുന്നു, അവിടെ ശുശ്രൂഷയില്‍ പങ്കുചേരുന്നു. അവിടെ തീ ഉഴിച്ചില്‍ ശുശ്രൂഷയുണ്ട്, പള്ളിക്ക് ചുറ്റുമുള്ള പ്രദക്ഷിണമുണ്ട്, നമസ്കാരമുണ്ട്. ഉറക്കത്തിന്‍റെ ആലസ്യമുണ്ടെങ്കിലും ക്രിസ്മസിന്‍റെ ഈ ശുശ്രൂഷ വലിയൊരു സന്തോഷമാണ്. ക്രിസ്മസ് ദിനത്തില്‍ വീട്ടില്‍ എല്ലാവരും ഒരുമിച്ചുചേരുന്നതിനാല്‍അത് കുടുംബത്തിലെ വലിയൊരു ആഹ്ലാദത്തിന്‍റെ സമയമാണ്. അത്രയും ആഹ്ലാദമൊക്കെ ഈ കാലത്ത് കിട്ടുമോ എന്നറിഞ്ഞുകൂടാ.

അകലം കുറച്ച അടയാളം


ക്രിസ്മസിന് മറ്റൊരു കാര്യംകൂടി സന്തോഷം നല്കുന്നു. പോസ്റ്റുമാന്‍ വരാന്‍വേണ്ടി കാത്തിരിക്കും. കാരണം പോസ്റ്റുമാന്‍ ക്രിസ്മസ് കാര്‍ഡുമായി വരും. ക്രിസ്മസ് കാര്‍ഡ് വരുന്നതും അത് പൊട്ടിക്കുന്നതും വലിയ സന്തോഷമുള്ള കാര്യമായിരുന്നു. അത് എല്ലാവരെയും വായിച്ചു കേള്‍പ്പിക്കുക, കാണിക്കുക. ഹാപ്പി ക്രിസ്മസ് എന്ന് സ്വന്തം കൈപ്പടയില്‍ എഴുതി, പേരെഴുതി ഒപ്പിട്ട് നമുക്ക് തരുന്ന ക്രിസ്മസ് കാര്‍ഡ് ബന്ധം ചാലിച്ചു നല്കുന്ന അനുഭവമാണ്. ഇന്നും ക്രിസ്മസ് കാര്‍ഡ് അയക്കുമ്പോള്‍ ഉള്ളില്‍ സന്തോഷം ഉണ്ട്. പേരെഴുതി ഒപ്പിടുമ്പോള്‍ ലഭിക്കുന്ന ആനന്ദം അകലം കുറച്ച് നമ്മുടെ അരികിലേക്ക് വന്ന ദൈവത്തിന്‍റെ അടുപ്പത്തിന്‍റെ ഒരു അടയാളമാണ്. ദൂരെ നില്‍ക്കുന്ന ആള്‍ ഇപ്പോള്‍ വാട്സ് ആപ്പിലും ഫെയ്സ്ബുക്കിലും ഇന്‍സ്റ്റന്‍റായി സന്ദേശം അയക്കാവുന്ന മറ്റു സംവിധാനങ്ങളിലുമൊക്കെ ഹാപ്പി ക്രിസ്മസ് മെസേജ് അയക്കുമ്പോള്‍ ക്രിസ്മസ് കാര്‍ഡിലെ നീല മഷികൊണ്ട് എഴുതിയ ആ വാക്കുകള്‍ വായിക്കുന്നതിന്‍റെ ഊഷ്മളത ഇല്ല എന്നതാണ് സത്യം. ഇത് പറയുന്നത് നിരാശപ്പെടുത്താനല്ല, നമ്മള്‍ ചെയ്യുന്ന പ്രവൃത്തികളില്‍ ഊഷ്മളത കുറഞ്ഞുപോകാതിരിക്കാനുള്ള ശ്രദ്ധയുണ്ടാകണം എന്ന ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ്.

അകലം കുറയുകയും അടുപ്പം വര്‍ധിക്കുകയും ചെയ്യുമ്പോഴാണ് കൂടുതല്‍ അറിയുന്നതിനും മനസ്സിലാക്കുന്നതിനും തന്മൂലം കൂടുതല്‍ സനേഹിക്കുന്നതിനും മനുഷ്യര്‍ക്ക് സാധിക്കുക. ഇത് സ്വഭാവികമായ സമീപനത്തിന്‍റെ അടിസ്ഥാനഘടകമാണ്. മനുഷ്യരുടെ കാര്യത്തില്‍ മാത്രമല്ല, ദൈവം മനുഷ്യനായപ്പോഴും ഇതേ കാര്യങ്ങളാണ് സംഭവിച്ചത്. പൂര്‍വകാലങ്ങളില്‍ ദൈവം വിവിധ രീതികളില്‍ നമ്മോട് സംസാരിച്ചു. എന്നാല്‍ ഈ അവസാനനാളുകളിലാകട്ടെ അവിടുന്ന് തന്‍റെ ഏകജാതനിലൂടെ നമ്മോട് സംസാരിച്ചിരിക്കുന്നു എന്ന് ഹെബ്രായ ലേഖനത്തില്‍ വായിക്കുന്നു (ഹെബ്രായര്‍ 1:2) എന്താണ് ഈ വചനം അര്‍ത്ഥമാക്കുന്നത്? ദൈവം അടുത്തുവന്ന് നമ്മോട് വര്‍ത്തമാനം പറഞ്ഞു, സ്നേഹവും വാത്സല്യവും പ്രകടിപ്പിച്ചു, നമുക്ക് അടുത്തിടപഴകുന്നതിന് അവസരമുണ്ടായി. ക്രിസ്മസ് യഥാര്‍ത്ഥത്തില്‍ ഇപ്രകാരം ഒരു പെരുന്നാളല്ലേ.

എങ്ങനെയാണ് ഈ അകലം കുറഞ്ഞത്? മനുഷ്യന്‍റെ പ്രത്യേക പ്രവൃത്തിയാലാണോ? അല്ല; അവിടുന്ന് ആഗ്രഹിച്ചു, അവനില്‍ വിശ്വസിക്കുന്ന ഒരുവന്‍പോലും നശിച്ചുപോകരുത്, നിത്യജീവന്‍ പ്രാപിക്കണം. അതിനുവേണ്ടി തന്‍റെ ഏകപുത്രനെ നല്കാന്‍വരെ ദൈവപിതാവ് മനസായി എന്ന് യോഹന്നാന്‍ സുവിശേഷകന്‍  ഓര്‍മ്മപ്പെടുത്തുകയാണ്. ദൈവം തന്‍റെ ഏകജാതനെ നമുക്ക് നല്‍കിയത് അവിടുത്തെ വാത്സല്യത്തിന്‍റെ അളവ് നമ്മെ അറിയിക്കുന്നതിനാണ്, നാം ദൈവത്തെ അറിയുന്നതിനാണ്. വളരെ അകലത്തില്‍ കഴിയുന്ന, നമ്മോട് ബന്ധമില്ലാത്ത അദൃശ്യനായ ഒരു ശക്തിയല്ല ദൈവം.

മനുഷ്യന്‍റെ മടിയിലെ ദൈവം

മലങ്കര ആരാധനക്രമത്തില്‍ സ്ഥായിയായി ഉയോഗിക്കുന്ന ഒരു പദപ്രയോഗമുണ്ട് – ‘മനുഷ്യനോട് താല്പര്യമുള്ളവനേ, മനുഷ്യപ്രിയനേ, മനുഷ്യനോട് കരുണയുള്ളവനേ.’ അത് ദൈവത്തിന്‍റെ സ്വഭാവമാണ്. ആകയാല്‍ തന്‍റെ സ്നേഹത്തില്‍ ദൈവം നമ്മില്‍ ഒരുവനായി നമ്മുടെ അടുത്തേക്ക് വന്നു. മറിയത്തിന്‍റെ കാല്‍മുട്ടുകളില്‍ ലാളിക്കപ്പെടുന്നതിന് ദൈവം തന്നെത്തന്നെ ശിശുവായി വിട്ടുകൊടുക്കുന്നു. ദൈവപൈതല്‍ ഒരു മനുഷ്യക്കുഞ്ഞായി അമ്മയുടെ കരങ്ങളില്‍ താലോലിക്കപ്പെടുകയാണ്. ഇവിടെ അകലം കുറഞ്ഞുവെന്ന് മാത്രമല്ല, അടുപ്പത്തിന്‍റെ ഊഷ്മളത വര്‍ധിക്കുകയാണ്. ഇങ്ങനെയും ദൈവം വാത്സല്യം കാണിക്കുമോ? ഇപ്രകാരം ദൈവം അകലം കുറച്ച് അടുപ്പത്തില്‍ നമ്മുടെ ബന്ധം സ്ഥാപിക്കുന്നെങ്കില്‍ അതിലെന്തോ ഒരു പദ്ധതി നിറഞ്ഞുനില്പ്പില്ലേ എന്ന് ചിന്തിക്കണം.

ഇങ്ങനെയൊരു ദൈവം നമ്മുടെ അടുത്തേക്ക് വരുമ്പോള്‍ സ്വീകരിക്കണമോ? ഇങ്ങനെയൊരു ദൈവം നമ്മോട് സംസാരിക്കുമ്പോള്‍ കേള്‍ക്കണമോ? ഇങ്ങനെ വാത്സല്യമുള്ള ഒരു ദൈവം നമ്മോട് കല്പിക്കുന്നത് അനുസരിക്കണമോ? അവന്‍റെ അമ്മയായ പരിശുദ്ധ മാതാവ് പറയുന്നു, നിങ്ങള്‍ അവന്‍ പറയുന്നതുപോലെ ചെയ്യുവിന്‍. ഇതാണ് സ്വര്‍ഗത്തിന്‍റെ പദ്ധതി. പിന്നെ ഈ ദൈവപൈതലിനെ, ദൈവപുത്രനെ ഹൃദയംകൊണ്ട്, വിശ്വാസംകൊണ്ട് സ്വീകരിക്കാന്‍ നാമെന്തിന് മടിക്കണം? പുണ്യപിതാവായ ദൈവദാസന്‍ ആര്‍ച്ച്ബിഷപ് മാര്‍ ഇവാനിയോസ് തന്‍റെ ആത്മീയമായ പ്രയാണത്തില്‍ ഇപ്രകാരം പഠിപ്പിച്ചു: “ദൈവസേവനം ഉത്തമം, ദൈവസമ്പാദനം അത്യുത്തമം.” ഈ വാക്കുകളില്‍ ഇമ്മാനുവല്‍ അനുഭവം ചേര്‍ന്നു നില്ക്കുന്നുണ്ട്.

ഹാപ്പി ക്രിസ്മസ്- അടുത്തുകാണാന്‍

ക്രിസ്മസ് ദൈവത്തെ നമ്മുടെ അടുത്തേക്ക് കൊണ്ടുവന്നു എന്ന് മാത്രമല്ല, ദൈവം നമ്മോടുകൂടെ എന്ന ഇമ്മാനുവേല്‍ അനുഭവവും നല്കി. ഈ ശിശു ജനിച്ചത് സന്തോഷകരമായ കാര്യമാണ്. ലോകം മുഴുവന്‍ സന്തോഷിക്കട്ടെ. സര്‍വലോകത്തിനുമുള്ള സന്തോഷത്തിന്‍റെ വാര്‍ത്തയാണ് രക്ഷകനായ യേശുക്രിസ്തു മനുഷ്യനായി ജനിച്ചിരിക്കുന്നു എന്നത്. ആട്ടിന്‍കൂട്ടം, ആട്ടിടയന്മാര്‍, വാല്‍നക്ഷത്രം ഇതൊക്കെ നമുക്കുള്ള അടയാളമാണ്.

ഈ അനുഗൃഹീതമായ ക്രിസ്മസ്, ദൈവപൈതലിന്‍റെ ജന്മദിനം, ദൈവ-മനുഷ്യസംഗമത്തിന്‍റെ അമൂല്യമായ മുഹൂര്‍ത്തം വിശ്വാസത്തോടെ നമുക്ക് സ്വീകരിക്കാം. ക്രിസ്മസിന്‍റെ ആത്മീയ സമ്പന്നതയിലേക്ക് പരിശുദ്ധാത്മാവ് ഓരോരുത്തരെയും ആനയിക്കട്ടെ. അവന്‍റെ അടുത്തേക്ക് പോകുന്നതിനും അവനെ കണ്ട് ആരാധിക്കുന്നതിനും അവനെ കണ്ട് ആരാധിച്ച് അക്കാര്യം സകലരോടും പറയുന്നതിനും ഈ പൈതലിനെ സമ്പാദിക്കുന്നതിനും ദൈവസമ്പാദനത്തിനും പരിശുദ്ധാത്മാവ് എല്ലാ കൃപയും നല്‍കട്ടെ.

അകലം കുറച്ചവന്‍റെ അടുപ്പം സ്വന്തമാക്കി ഈ ദൈവത്തെ സമ്പാദിച്ച് മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കാം. ഇതാ സാക്ഷാല്‍ ദൈവപുത്രന്‍! അവിടുന്ന് പറഞ്ഞു: ഞാനും പിതാവും ഒന്നാണ്. എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു. അതെ, ദൈവത്തെ നമ്മുടെ പക്കലേക്ക് ഇറക്കിക്കൊണ്ടുവന്ന് നമ്മുടെ മധ്യേ വസിച്ച ദൈവപൈതല്‍ നമ്മോട് പറയുന്നു, ഭയപ്പെടേണ്ടാ. യുഗാന്ത്യംവരെ ഞാന്‍ കൂടെയുണ്ട്. മാറ്റമില്ലാത്ത ഉറപ്പ് പൈതലായിരിക്കുമ്പോള്‍ത്തന്നെ നമുക്ക് നല്‍കിയ ദൈവം ഇത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു ഓരോ ക്രിസ്മസിലും. ഞാന്‍ നിന്‍റെ അടുത്തേക്ക് വരുന്നു മകനേ/മകളേ കുറച്ചുകൂടി അടുപ്പത്തില്‍ നിന്നെ കാണാന്‍. നമുക്കും മറുപടിയായി പറയേണ്ടേ- അടുത്തുകാണാന്‍ എന്‍റെ മനസ് വെമ്പല്‍കൊള്ളുന്നു നാഥാ. നിന്നെ സ്വന്തമാക്കാന്‍ എന്‍റെ ഹൃദയം തുടിക്കുന്നു നാഥാ. കൂടെ പാര്‍ക്കണേ, വിട്ടുപോകരുതേ. ഇമ്മാനുവേലേ, നാഥാ നീയാണല്ലോ ഞങ്ങളുടെ അടുപ്പത്തിന്‍റെ കാരണം. ഹാപ്പി ക്രിസ്മസ്!

Share:

Mar Ivanios

Mar Ivanios

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles