Home/Enjoy/Article

ഫെബ്രു 21, 2024 213 0 Fr Antony Parankimalil VC
Enjoy

വൈകിവന്നപ്പോള്‍കിട്ടിയ നിധി

അപരിചിതമായ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാന്‍ എത്തേണ്ടവര്‍ വൈകി. പക്ഷേ അന്നുണ്ടായത് മറക്കാനാവാത്ത അനുഭവം!

സ്പെയിനിലെ ബാഴ്സിലോണയില്‍ ഒരു ധ്യാനത്തിനായി എന്നെ ക്ഷണിച്ചു. അഗസ്റ്റീനിയന്‍ സന്യാസിനികള്‍ക്കായുള്ള ധ്യാനം. അന്ന് ഞാന്‍ റോമില്‍ ആയിരുന്നു. റോമിലെ ഇറ്റലിയില്‍നിന്ന് സ്പെയിനിലെ ബാഴ്സിലോണയിലേക്കുള്ള ടിക്കറ്റ് എടുത്തുതന്നതും യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ക്രമീകരിച്ചതുമെല്ലാം ധ്യാനം ഏര്‍പ്പാടാക്കിയ സിസ്റ്റേഴ്സ് ആണ്. അവര്‍ നല്കിയ നിര്‍ദേശപ്രകാരം നിശ്ചിതദിവസം ഞാന്‍ ഇറ്റലിയില്‍നിന്ന് യാത്ര തിരിച്ച് ബാഴ്സിലോണയിലെ എയര്‍പോര്‍ട്ടിലെത്തി. ഇറങ്ങിയ ഉടനെ എന്നെ സ്വീകരിക്കാന്‍ അവിടെ ആരെങ്കിലും വരുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ ആരെയും കണ്ടില്ല. അവരുടെ ഫോണ്‍ നമ്പറാകട്ടെ ഞാന്‍ കൈയില്‍ സൂക്ഷിക്കാന്‍ മറന്നു. എന്‍റെ ഇറ്റാലിയന്‍ ഫോണ്‍ നമ്പര്‍ സ്പെയിനില്‍ ഉപയോഗയോഗ്യവുമല്ല. അതിനാല്‍ അവര്‍ ഇങ്ങോട്ട് വിളിച്ചാല്‍ ലഭിക്കില്ല. മാത്രവുമല്ല കൈയില്‍ പണവും കുറവായിരുന്നു.

ഈയവസ്ഥയില്‍ ഞാനെന്നെത്തന്നെ പഴിക്കാന്‍ തുടങ്ങി. ഫോണ്‍ നമ്പറോ സൂക്ഷിച്ചില്ല, അല്പം പണമെങ്കിലും കരുതണമായിരുന്നു. മനസ് വളരെ അസ്വസ്ഥം. പിന്നെ ചിന്തിച്ചു, ഞാന്‍ മറ്റുള്ളവരെ ഏറെ ഉപദേശിക്കാറുണ്ട്, പ്രതിസന്ധിയിലാകുമ്പോള്‍ പ്രാര്‍ത്ഥിക്കണമെന്ന്. എന്നാല്‍ എന്‍റെ സ്വന്തം കാര്യം വന്നപ്പോള്‍ അതൊന്നും പ്രായോഗികമാകുന്നില്ലല്ലോ. എങ്കിലും സാവധാനം പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. സിസ്റ്റേഴ്സിനുവേണ്ടിയും ആ സാഹചര്യത്തെപ്രതിയും എല്ലാം… പക്ഷേ ഒന്നും സംഭവിച്ചില്ല. എന്നോടൊപ്പം ആ ഫ്ളൈറ്റില്‍ വന്നവരെല്ലാം സ്വീകരിക്കാന്‍ വന്നവരോടൊപ്പം പോയിക്കഴിഞ്ഞിട്ടും ഞാന്‍മാത്രം അവിടെ ശേഷിച്ചു. ഏതാണ്ട് ഒരു മണിക്കൂര്‍ കടന്നുപോയി.

ആ സമയത്ത് ഒത്ത വലിപ്പമുള്ള ഒരു സ്പാനിഷുകാരന്‍ എന്നെ സമീപിച്ചു. അദ്ദേഹം ചോദിച്ചു, “നിങ്ങള്‍ ഷിബു സെബാസ്റ്റ്യന്‍ അല്ലേ?”

അതെയെന്ന് ഞാന്‍ പറഞ്ഞു.

തുടര്‍ന്ന് അദ്ദേഹം ചോദിച്ചു, “നീണ്ടപാറയാണ് നാട് അല്ലേ? അതായത് കേരളമാണ് സ്വദേശം?” അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് ഞാന്‍ മറുപടി നല്കി. കാരണം ഷിബു സെബാസ്റ്റ്യന്‍ എന്നാണ് പാസ്പോര്‍ട്ടിലുള്ള എന്‍റെ പേര്. മറ്റ് വിശദവിവരങ്ങളും പാസ്പോര്‍ട്ടിലുള്ളതുതന്നെ. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ വേണ്ടി അത്തരം വിശദവിവരങ്ങളെല്ലാം സിസ്റ്റേഴ്സിന് നല്കിയിരുന്നു. അതിനാല്‍ അദ്ദേഹം സിസ്റ്റേഴ്സ് പറഞ്ഞുവിട്ട ആളായിരിക്കുമെന്ന് എനിക്ക് തോന്നി.

മറക്കാനാവാത്ത അനുഭവം

പക്ഷേ തുടര്‍ന്ന് അദ്ദേഹം വ്യത്യസ്തമായ ഒരു കാര്യമാണ് പറഞ്ഞത്, “ഷിബൂ, നിങ്ങളുടെ കൈ രണ്ട് പ്രാവശ്യം ഒടിഞ്ഞിട്ടുണ്ട്!” അതുകേട്ട് ഞാനൊന്ന് ഞെട്ടി. ഉണ്ടെന്ന് മറുപടി നല്കി തലയുയര്‍ത്തി നോക്കിയപ്പോള്‍ അദ്ദേഹം അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു. അല്പനേരത്തേക്ക് ഞാന്‍ സ്തബ്ധനായി. പിന്നെ, പെട്ടെന്ന് ഒരു വെളിച്ചം കിട്ടിയതുപോലെ ഞാനക്കാര്യം തിരിച്ചറിഞ്ഞു, അത് യേശുവാണ്!

അപ്പോഴേക്കും അതാ ഒരു സിസ്റ്റര്‍ ഓടിവരുന്നു. അവരുടെ വസ്ത്രം ധരിച്ച് നടക്കാന്‍പോലും സാവധാനമേ സാധിക്കൂ. എന്നിട്ടും അവര്‍ ഓടിയാണ് വരുന്നത്. ഞാന്‍ വൈദികര്‍ ധരിക്കുന്ന കോളര്‍ ധരിച്ചിരുന്നതിനാല്‍ വേഗം എന്നെ തിരിച്ചറിഞ്ഞു. അടുത്തെത്തിയതേ അവര്‍ എന്നോട് ക്ഷമ ചോദിക്കാന്‍ തുടങ്ങി. “ക്ഷമിക്കണം അച്ചാ, ക്ഷമിക്കണം. ഞങ്ങള്‍ ആവൃതിയിലുള്ളവരാണ്. ഞങ്ങള്‍ സെല്‍ഫോണ്‍ ഉപയോഗിക്കാറില്ല. ലാന്‍ഡ് ഫോണില്‍നിന്ന് അച്ചന്‍റെ മൊബൈല്‍ നമ്പറില്‍ വിളിച്ചു, പക്ഷേ കിട്ടിയില്ല. ഞങ്ങള്‍ ഒരു ഡ്രൈവറെ കൂട്ടി വന്നതാണ്. അദ്ദേഹത്തിനാണെങ്കില്‍ ഈ എയര്‍പോര്‍ട്ട് അറിയില്ലായിരുന്നു. പക്ഷേ ഞങ്ങള്‍ അന്വേഷിച്ച് നേരത്തേതന്നെ ഈ എയര്‍പോര്‍ട്ടിലെത്തി. എങ്കിലും എവിടെയാണ് പാര്‍ക്ക് ചെയ്യേണ്ടതെന്നറിയാതെ ഏറെസമയം ചുറ്റേണ്ടിവന്നു. അങ്ങനെ വൈകിപ്പോയതാണ്. സോറി അച്ചാ, ക്ഷമിക്കണം, ക്ഷമിക്കണം!”

ഞാന്‍ പറഞ്ഞു, “സിസ്റ്റര്‍ ദയവുചെയ്ത് സോറി പറയരുത്. വൈകി വന്നതിന് നന്ദി!!” ആ വാക്കുകള്‍ കേട്ട് അവര്‍ തെല്ലൊന്ന് അമ്പരന്നുകാണണം. എന്നാല്‍, അവര്‍ വൈകിയതുകൊണ്ട് സ്പാനിഷുകാരന്‍റെ രൂപത്തില്‍ എന്നെ സമീപിച്ച യേശുവിനെ കാണാന്‍ കഴിഞ്ഞുവെന്ന് ഞാന്‍ തുടര്‍ന്ന് വിശദീകരിച്ചു.

ഈശോ പറഞ്ഞത്…

അവിടെവച്ച് ഈശോ എന്നോട് പറഞ്ഞതെന്താണ്? “മോനേ, ഞാനിവിടെ നിന്നോടുകൂടെയുണ്ട്. ഞാന്‍ നിന്നെ നന്നായറിയുന്നു. നിന്‍റെ ഓമനപ്പേര് എനിക്കറിയാം. നിന്‍റെ കൈ രണ്ട് പ്രാവശ്യം ഒടിഞ്ഞിട്ടുണ്ടെന്നും അറിയാം.”

കൈയൊടിഞ്ഞു എന്നത് എന്തുകൊണ്ടാണ് വളരെ പ്രധാനപ്പെട്ട കാര്യമാകുന്നത്? അത് ആര്‍ക്കും അധികം അറിഞ്ഞുകൂടാത്ത ഒരു സംഭവമാണ്. എന്‍റെ ജീവിതത്തിലെ ഏറെ സങ്കടകരമായ ഒരനുഭവം.

ഞാന്‍ സെമിനാരിയിലായിരുന്നപ്പോള്‍ ഒരിക്കല്‍ എന്‍റെ കൈയൊടിഞ്ഞ് പ്ലാസ്റ്ററിട്ടു. ആ പ്ലാസ്റ്ററുംകൊണ്ട് ഞാന്‍ വീണ്ടും വീണു. പ്ലാസ്റ്ററുള്‍പ്പെടെ എന്‍റെ കൈ വീണ്ടും ഒടിഞ്ഞു. ‘സഭയുടെ പൈസ കുറേ പോകുമല്ലോ?’ എന്നൊരു അഭിപ്രായം ആ സംഭവത്തെക്കുറിച്ച് കേള്‍ക്കേണ്ടിയും വന്നു.

ഒരു സെമിനാരി വിദ്യാര്‍ത്ഥിയെന്ന നിലയില്‍ എന്‍റെ ചികിത്സാചെലവുകള്‍ സന്യാസസഭയാണല്ലോ വഹിക്കുന്നത്. അതിനാല്‍ത്തന്നെ എനിക്ക് വളരെയധികം മനോവേദനയുണ്ടാക്കിയ വാക്കുകളായിരുന്നു അത്. ആ സംഭവമാണ് ഈശോ ഓര്‍മിപ്പിച്ചത്. അവിടുന്ന് എല്ലാം അറിയുന്നു എന്ന ഓര്‍മ്മപ്പെടുത്തലും ആ കരുതലിന്‍റെ അടയാളവും.

പ്രഭാഷകന്‍ 23/19 വചനം ഓര്‍മിപ്പിക്കുന്നുണ്ട്, കര്‍ത്താവിന്‍റെ കണ്ണുകള്‍ സൂര്യനെക്കാള്‍ പതിനായിരം മടങ്ങ് പ്രകാശമുള്ളതാണ്. നിങ്ങള്‍ അനുഭവിക്കുന്ന ഏത് പ്രതിസന്ധിയും അവിടുന്ന് കാണുന്നുണ്ട്. അവിടുന്ന് നിങ്ങള്‍ക്കായി പ്രവര്‍ത്തിച്ചുകൊള്ളും. അതായിരുന്നു ആ ദൈവാനുഭവത്തിലൂടെ ഈശോ എനിക്ക് തന്ന ബോധ്യം.

Share:

Fr Antony Parankimalil VC

Fr Antony Parankimalil VC

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles