Home/Evangelize/Article

സെപ് 06, 2023 365 0 Father Joseph Alex
Evangelize

വെറുപ്പ് പൊട്ടിച്ചിരിയാക്കിയ ട്വിസ്റ്റ്

എഡ്രിയാന്‍ എന്നാണ് അവന്‍റെ പേര്, ഒരു സായിപ്പ് കുട്ടി. ഹൈസ്കൂള്‍ പഠനം തീരാറാകുന്ന സമയത്ത് ആള്‍ക്ക് ഒരു പ്രണയബന്ധം രൂപപ്പെട്ടു. നാലോ അഞ്ചോ വര്‍ഷങ്ങള്‍ നീണ്ടുനിന്ന പ്രണയം. പക്ഷേ ഈയടുത്ത നാളുകളില്‍ അവനെ ആ പെണ്‍കുട്ടി ഉപേക്ഷിച്ച് പോയി. ഇപ്പോഴത്തെ ന്യൂജെന്‍ ഭാഷയില്‍ പറഞ്ഞാല്‍ ‘തേച്ചിട്ടുപോയി!’

മാതാപിതാക്കള്‍ അമിതസംരക്ഷണം നല്കി വളര്‍ത്തുന്നതുകാരണം വളരെ ലോലമാണ് ഇന്നത്തെ നമ്മുടെ കുട്ടികളുടെ മനസ്സ്. ഒരു കുഞ്ഞുവേദനപോലും താങ്ങാനുള്ള ശേഷി അവര്‍ക്കില്ല. മാത്രമല്ല, ഓരോ നിമിഷവും പങ്കുവച്ചുകൊണ്ടുള്ള സ്മാര്‍ട്ട് ഫോണ്‍ പ്രണയത്തിലുണ്ടാക്കുന്ന പരസ്പര അടുപ്പം കുറച്ച് വലുതാണ്. എന്നിട്ട് പെട്ടെന്ന് ഒരു ദിവസം അത് പറിച്ച് മാറ്റുമ്പോള്‍ ഉണ്ടാകുന്ന വേദന, അത് വളരെ ആഴത്തിലുള്ളതായിരിക്കും.

പ്രണയതകര്‍ച്ചയില്‍ എഡ്രിയാനുണ്ടായ വേദനയും വിഭിന്നമായിരുന്നില്ല. എല്ലാത്തിനോടും ദേഷ്യവും വെറുപ്പും. മിനിറ്റിന് മിനിറ്റിന് ആ പെണ്‍കുട്ടിയെ ചീത്ത പറഞ്ഞുകൊണ്ടിരിക്കുന്നു…

മാനസികാരോഗ്യം തകര്‍ന്നു പോകുന്നുവെന്ന് മനസിലാക്കിയ എഡ്രിയാന്‍ ഒരു സ്പെഷ്യലിസ്റ്റിനെ കണ്ട് സംസാരിച്ചു നോക്കി. എന്നിട്ടും സമാധാനം കിട്ടുന്നില്ല. അപ്പോഴാണ് ഡേവിഡ് എന്ന തന്‍റെ സുഹൃത്തിനോട് ഈ കാര്യങ്ങളെല്ലാം പങ്കുവച്ചത്. ഡേവിഡ് അന്ന് തൊട്ട് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി, ഒപ്പം ഒരു പോംവഴിയും എഡ്രിയാന് പറഞ്ഞ് കൊടുത്തു. പഴയ കാമുകിക്കായി കരുണയുടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന ഒരു രീതി. അവളുടെ പേര് പറഞ്ഞ് അവളുടെമേല്‍ കരുണയായിരിക്കണേ എന്ന് നിരന്തരം ഉരുവിടുക, പേപ്പര്‍ എടുത്ത് അത് തന്നെ എഴുതിക്കൊണ്ടിരിക്കുക.

മനസിലെ മുറിവുകള്‍ ഈശോയുടെ കരുണയ്ക്ക് മാത്രമല്ലേ ഒപ്പി എടുക്കാനാവൂ..

ഈ പോംവഴികള്‍ അവന് ബോധിച്ചു. ഡേവിഡ് പറഞ്ഞതുപോലൊക്കെ എഡ്രിയാന്‍ ചെയ്യാന്‍ തുടങ്ങി. കൂദാശാജീവിതവും പതിയെ പുനരാരംഭിച്ചു.

ഈശോയെ സീരിയസ് ആയി എടുത്താല്‍ മാറ്റം ഉറപ്പല്ലേ?

കഴിഞ്ഞ ദിവസം ഡേവിഡ് എന്നോട് വന്ന് പറഞ്ഞു, എഡ്രിയാനുണ്ടായ മാറ്റത്തെ പറ്റി. കുറച്ചുദിവസം മുമ്പ് ദൈവാലയത്തിലേക്ക് പോകും വഴി എന്തോ കണ്ടപ്പോള്‍, മിന്നായം പോലെ മനസ്സില്‍ ആരോ കാണിച്ച് കൊടുത്തുവത്രേ, കുഞ്ഞായിരുന്നപ്പോള്‍ വീട്ടുകാരുടെ കൂടെ ദൈവാലയത്തില്‍ പോകുന്ന ‘കൊച്ചുണ്ടാപ്രി’ എഡ്രിയാന്‍റെ ഒരു രംഗം.

ഇത് കണ്ടപ്പോള്‍ അവന് വല്ലാത്തൊരു അനുഭൂതിയാണ് കിട്ടിയതത്രേ… അവന്‍ മനസ്സ് തുറന്ന് ചിരിച്ചു പോയെന്ന്. ഇതുപോലത്തെ സന്തോഷം ഇതുവരെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്ന്….

“ഞാന്‍ വീണ്ടും നിങ്ങളെ കാണും. അപ്പോള്‍ നിങ്ങളുടെ ഹൃദയം സന്തോഷിക്കും. നിങ്ങളുടെ ആ സന്തോഷം ആരും നിങ്ങളില്‍നിന്ന് എടുത്തുകളയുകയുമില്ല” (യോഹന്നാന്‍ 16/22) എന്ന് ഈശോ വാചാലനാവുമ്പോള്‍ ഇപ്പറഞ്ഞ സംഭവം ഒരു ഉദാഹരണമാണ്.

ഈശോയുമായി വ്യക്തിപരമായി ബന്ധം പുലര്‍ത്തുന്ന ആത്മാവിന് കിട്ടുന്ന സന്തോഷമാണത്. മനസില്‍ ഉണ്ടാകുന്ന ചെറിയ വിചാരങ്ങള്‍ക്ക് പോലും, അപ്പപ്പോള്‍ മറ്റൊരു വ്യക്തിയില്‍നിന്നും മറുപടി കിട്ടുന്ന അനുഭവങ്ങള്‍…

ആത്മാവിന്‍റെ പ്രണയാനുഭവം എന്നതിനെ വിളിക്കാം. അത് ലഭിക്കാന്‍ ഈശോയെ സീരിയസ് ആയി എടുക്കുകയേ വേണ്ടൂ. ഈശോയോടുള്ള പ്രണയം സന്തോഷത്തിന്‍റെ പൂര്‍ണതയിലേക്ക് നമ്മെ ഉയര്‍ത്തട്ടെ.

Share:

Father Joseph Alex

Father Joseph Alex

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles