Home/Encounter/Article

ജൂണ്‍ 13, 2024 33 0 Shalom Tidings
Encounter

വിശുദ്ധീകരണത്തിന്‍റെ അപൂര്‍വവഴികള്‍

ഫ്രാന്‍സിലെ ഒരു പാവപ്പെട്ട ഒരു കുടുംബത്തിലാണ് വിന്‍സെന്റ് എന്ന ആ ബാലന്‍ ജനിച്ചുവളര്‍ന്നത്. പിതാവ് ചെറുപ്പത്തിലേ മരണമടഞ്ഞു. വളര്‍ന്നുവന്നപ്പോള്‍ അമ്മയെയും സഹോദരങ്ങളെയും സഹായിക്കാന്‍ അവന് വളരെ ആഗ്രഹം. പില്ക്കാലത്ത് അവന്‍ വൈദികനായിത്തീര്‍ന്നു. അപ്പോഴൊന്നും അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമായി കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല.

അങ്ങനെയിരിക്കേയാണ് ടുളൂസിലുള്ള നല്ലവളായ ഒരു സ്ത്രീ അവരുടെ സ്വത്തെല്ലാം മരണശേഷം വിന്‍സെന്റച്ചന് നല്കാന്‍ വില്‍പത്രം എഴുതിയത്. അവര്‍ മരിച്ചതോടെ സ്വത്ത് വിന്‍സെന്റച്ചന് സ്വന്തമായെങ്കിലും അതില്‍ അദ്ദേഹത്തിന്‍റെ ഒരു സുഹൃത്തിന് കടമുണ്ടായിരുന്നു. മര്‍സയ്യിലുള്ള ആ മനുഷ്യന്‍റെ അടുത്ത് ചെന്ന് അതെല്ലാം തീര്‍ത്ത് വിന്‍സെന്റച്ചന്‍ മടങ്ങിയെങ്കിലും കപ്പല്‍യാത്രയ്ക്കിടെ കടല്‍ക്കൊള്ളക്കാര്‍ ആക്രമിച്ചു. കപ്പിത്താനെ കൊന്നിട്ട് യാത്രക്കാരെയെല്ലാം അടിമകളാക്കി ടുണീഷ്യയിലേക്ക് കൊണ്ടുപോയി.

കൊള്ളക്കാരുമായുള്ള പോരാട്ടത്തിനിടെ വിന്‍സെന്റച്ചന്‍റെ കാലില്‍ ഒരു അമ്പ് കയറി മാരകമായ മുറിവുണ്ടായി. ആ അവസ്ഥയില്‍ത്തന്നെ അടിമയായി വില്‍ക്കപ്പെട്ട വിന്‍സെന്റച്ചന്‍ ഒരു മുക്കുവന്‍റെ കൈയിലാണ് എത്തിയത്. ജോലി ചെയ്യാനറിയാത്ത ഈ അടിമയെക്കൊണ്ട് ഉപകാരമില്ലെന്ന് പറഞ്ഞ് അയാള്‍ വിന്‍സെന്റച്ചനെ ഒരു രാസവിദ്യാവിദഗ്ധന് വിറ്റു. മരണത്തെ തോല്പിക്കാന്‍ സഹായിക്കുന്ന ഫിലോസഫേഴ്‌സ് സ്റ്റോണ്‍ കണ്ടെത്താന്‍ ശ്രമിച്ചിരുന്ന ഒരു മുഹമ്മദീയനായിരുന്നു അയാള്‍. തന്‍റെ വിദ്യകള്‍ അയാള്‍ പുതിയ അടിമയായ വിന്‍സെന്റച്ചന് പഠിപ്പിച്ചുകൊടുത്തു. വിന്‍സെന്റച്ചനാകട്ടെ പരിശുദ്ധ കന്യകാമറിയത്തിന്‍റെ മാധ്യസ്ഥ്യത്തില്‍ മോചനത്തിനായി പ്രാര്‍ത്ഥിച്ച് കാത്തിരുന്നു.

അല്പനാള്‍ കഴിഞ്ഞ് ആ മുഹമ്മദീയന്‍ തന്‍റെ അടിമയെ മരുമകന് വിറ്റു; മരുമകന്‍ ഒരു ഫ്രഞ്ചുകാരനും. ക്രൈസ്തവവിശ്വാസം ഉപേക്ഷിച്ച് മുഹമ്മദീയനായി ജീവിക്കുകയായിരുന്നു ആ ഫ്രഞ്ചുകാരന്‍. രണ്ട് വര്‍ഷത്തോളം അടിമയായി അദ്ദേഹത്തിനുകീഴില്‍ ജീവിച്ച വിന്‍സെന്റച്ചന്‍റെ സ്വാധീനത്തില്‍ അയാള്‍ അച്ചനോടൊപ്പം 1607 ജൂണില്‍ ഫ്രാന്‍സിലേക്ക് തിരിച്ചെത്തി. സാവധാനം തെറ്റ് മനസിലാക്കി ഫ്രഞ്ചുകാരന്‍ ക്രൈസ്തവവിശ്വാസത്തിലേക്ക് തിരികെവന്നു. അതോടെ വിന്‍സെന്റച്ചന് സ്വാതന്ത്ര്യം നല്കപ്പെട്ടു. അപ്പോഴേക്കും ശുശ്രൂഷകളില്‍ അതീവതത്പരനായി മാറി വിന്‍സെന്റച്ചന്‍.

സമ്പത്തിനോടുള്ള ആഗ്രഹം തെല്ലും അവശേഷിച്ചതുമില്ല. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഒരു സുഹൃത്ത് നല്കിയ 3000 പവന്‍ അദ്ദേഹം സെന്റ് ജോണ്‍ ഓഫ് ഗോഡിന്‍റെ സഹോദരങ്ങള്‍ എന്ന സന്യാസസഭയ്ക്ക് നല്കുകയാണുണ്ടായത്. ഈ വിന്‍സെന്റച്ചനാണ് പിന്നീട് പാവങ്ങള്‍ക്കെല്ലാം സഹായകന്‍ എന്ന് പ്രസിദ്ധി നേടിയ വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ ആയി മാറിയത്. ദുരന്തങ്ങളെല്ലാം അദ്ദേഹത്തിന്‍റെ ഉപരിവിശുദ്ധീകരണത്തിനായി ദൈവം ഉപയോഗിച്ചു.
”ദുരിതങ്ങള്‍ എനിക്കുപകാരമായി, തന്‍മൂലം ഞാന്‍ ദൈവത്തിന്‍റെ ചട്ടങ്ങള്‍ അഭ്യസിച്ചല്ലോ” (സങ്കീര്‍ത്തനങ്ങള്‍ 119/71) എന്ന തിരുവചനം അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ നിറവേറുകയായിരുന്നു.

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles