Home/Encounter/Article

ആഗ 08, 2024 26 0 ഫാ. ജോസഫ് അലക്‌സ്‌
Encounter

വളര്‍ച്ച പരിശോധിക്കാം

ഞങ്ങളുടെ പ്രൊഫസര്‍മാര്‍ പറയുന്ന ഒരു കാര്യമുണ്ട്, വിശുദ്ധരായിട്ടുള്ള വ്യക്തികള്‍ ആണെങ്കില്‍ പോലും, ദൈവിക വെളിപാടിന്‍റെ വ്യാഖ്യാനവുമായി ബന്ധപ്പെട്ട് അവര്‍ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും ശരി ആകണം എന്നില്ല.
അതുകൊണ്ട് അവരുടെ ആശയങ്ങളെ ഖണ്ഡിക്കാന്‍ മടി വിചാരിക്കരുതെന്ന്. അവര്‍ പറയുന്ന ആശയത്തിലെ തെറ്റ് എന്താണെന്നും എന്തുകൊണ്ടാണ് ഞാനങ്ങനെ പറയുന്നതെന്നും കാര്യകാരണങ്ങള്‍ സഹിതം അവതരിപ്പിച്ചാല്‍ മതി.
വിശുദ്ധര്‍ക്കും ആശയപരമായ തെറ്റുകള്‍ ഉണ്ടായിക്കൂടാ എന്നില്ല.

പക്ഷേ തങ്ങളുടെ വിശ്വസ്തജീവിതം കൊണ്ട് അവര്‍ തങ്ങളെത്തന്നെ വിശുദ്ധീകരിച്ചു. പക്ഷേ തിരുത്തപ്പെടേണ്ട ചിലത് അവരിലുമുണ്ടായിരുന്നു. നമ്മുടെ കാര്യവും ഇങ്ങനെയൊക്കെ തന്നെ. നമ്മിലൂടെ ദൈവം വലിയ അടയാളങ്ങളും അത്ഭുതങ്ങളും പ്രവര്‍ത്തിച്ചേക്കാം. പക്ഷേ അതിനര്‍ത്ഥം എന്‍റെ കാഴ്ചപ്പാടുകളില്‍ ഒരു തെറ്റും ഇല്ല എന്നല്ല. അതിനാല്‍, തിരുത്തലുകളോട് തുറവി ഉള്ളവരാവണം. അല്ലാതെ ഫരിസേയരെപ്പോലെ ആവരുത്. സാബത്ത് ദിവസം ഈശോ സിനഗോഗില്‍വച്ച് കൈ ശോഷിച്ചയാളെ സുഖപ്പെടുത്തുന്ന രംഗം ധ്യാനിക്കുക. ഈശോ ഉയര്‍ത്തുന്ന വലിയൊരു ചോദ്യമുണ്ട് അവിടെ. ”അവന്‍ അവരോട് ചോദിച്ചു: സാബത്തില്‍ നന്മ ചെയ്യുന്നതോ തിന്മ ചെയ്യുന്നതോ, ജീവന്‍ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ ഏതാണ് നിയമാനുസൃതം?” (മര്‍ക്കോസ് 3/4). വലിയൊരു തിരുത്ത് ഈശോ ഈ സംഭവത്തിലൂടെ പഠിപ്പിച്ചു, സാബത്തില്‍ നന്മ ചെയ്യുന്നത് ഉചിതവും ന്യായവുമാണെന്ന്.

എന്നാല്‍, ആ ഫരിസേയര്‍ നേരെ തിരിച്ചാണ് പ്രവര്‍ത്തിച്ചത്. ഈശോയെ നശിപ്പിക്കാനായി പദ്ധതികള്‍ മെനഞ്ഞു. അവരെപ്പോലെ ആവാതിരിക്കാം. തിരുത്തലുകളെ സന്തോഷപൂര്‍വ്വം സ്വീകരിക്കാന്‍ കൃപ ചോദിക്കാം. ദൈവം, സ്‌നേഹിക്കുന്നവരെ തിരുത്തുകയും ശാസിക്കുകയും ചെയ്യുമെന്ന സത്യം മറക്കാതിരിക്കാം.
ഈശോയുടെ നാമത്തില്‍ അത്ഭുതങ്ങളും അടയാളങ്ങളും നടത്തുന്നത് മാത്രമല്ല വളര്‍ച്ച. എളിമപ്പെട്ട് തിരുത്തലുകളെ സ്വീകരിക്കുന്നതും വളര്‍ച്ചയുടെ ഭാഗംതന്നെ.

നമ്മുടെ കുറ്റം പറയുന്നവരെ സന്തോഷപൂര്‍വ്വം കേള്‍ക്കാനും സ്വീകരിക്കാനും സാധിക്കുന്നുണ്ടോ?
സമഗ്രമായ വളര്‍ച്ച ഉണ്ടാവട്ടെ എന്‍റെ ആദ്ധ്യാത്മിക ജീവിതത്തിന്.

Share:

ഫാ. ജോസഫ് അലക്‌സ്‌

ഫാ. ജോസഫ് അലക്‌സ്‌

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles