Home/Engage/Article

ആഗ 14, 2020 2077 0 Mar Jacob Thoonguzhi
Engage

‘ഭീഷണി’ കേട്ട ഈശോയുടെ പ്രതികരണം

ജനമധ്യത്തില്‍വച്ച് ഈശോയെ ഭീഷണിപ്പെടുത്തിയ ആ ബാലന് എന്തു സംഭവിച്ചു?

കുഞ്ഞായിരിക്കുമ്പോള്‍തന്നെ തളര്‍വാതരോഗിയായിത്തീര്‍ന്ന ഒരു ബാലന്‍. ഇരുന്നും നിരങ്ങിയും വീട്ടില്‍ത്തന്നെ കഴിയേണ്ടിവന്നു അവന്‍. വീടിനു വെളിയില്‍ പോകേണ്ട ആവശ്യം ഉണ്ടായാല്‍ എടുത്തോ വീല്‍ ചെയറില്‍ ഇരുത്തിയോ വേണം കൊണ്ടു പോകാന്‍. സമപ്രായക്കാരുടെ കളിവിനോദങ്ങളില്‍ പങ്കുചേരാനോ സ്കൂളില്‍ പോകാനോ കഴിയാതിരുന്ന ആ ബാലന് ജീവിതം കയ്പ്പു നിറഞ്ഞതായി.

സ്നേഹമയിയും സത്യസന്ധയുമായ അവന്‍റെ അമ്മ ഒരിക്കല്‍ അവനോടു പറഞ്ഞു: “മോനേ, നിന്നെ ഞാന്‍ ലൂര്‍ദ്ദിനു കൊണ്ടുപോകാം. പരിശുദ്ധ അമ്മ വഴി എന്തു ചോദിച്ചാലും ഈശോ തരും; തന്‍റെ അമ്മ ആവശ്യപ്പെടുന്നതെന്തും ഈശോ ചെയ്യും. നീ പ്രാര്‍ത്ഥിച്ചോ; സുഖമാകും.” സത്യം മാത്രം പറയുന്ന അമ്മ ഇക്കാര്യം പറഞ്ഞപ്പോള്‍ ബാലന്‍ പൂര്‍ണമായി വിശ്വസിച്ചു. അവനെ വീല്‍ ചെയറില്‍ ഇരുത്തി, ട്രെയിനില്‍ കയറ്റി അമ്മ ലൂര്‍ദ്ദിലേക്ക് യാത്രയായി. ലൂര്‍ദ്ദിലെത്തി അമ്മയും മകനും ബസിലിക്കായുടെ അങ്കണത്തില്‍ രോഗികളുടെ നിരയില്‍ സ്ഥാനം പിടിച്ചു.

ദൈവാലയത്തിലെ ആരാധനയ്ക്കുശേഷം കാര്‍മികനായ വൈദികനോ മെത്രാനോ അരുളിക്കയില്‍ എഴുന്നള്ളിച്ചുവെച്ച വിശുദ്ധ കുര്‍ബാനയുമായി ഓരോ രോഗിയുടെയും പക്കല്‍ ചെന്ന് ആശീര്‍വദിക്കുമ്പോഴാണ് ലൂര്‍ദ്ദില്‍ സാധാരണഗതിയില്‍ രോഗശാന്തികള്‍ സംഭവിക്കുക. അന്ന് ഒരു മെത്രാനായിരുന്നു കാര്‍മികന്‍. ആരാധനയ്ക്കുശേഷം അദ്ദേഹം ദിവ്യകാരുണ്യ ഈശോയുമായി രോഗികളുടെ അടുക്കലേക്ക് നീങ്ങി.

ഓരോ രോഗിക്കും അദ്ദേഹം ആശീര്‍വാദം കൊടുത്തു. വീല്‍ ചെയറില്‍ ഇരുന്ന് എല്ലാം നോക്കിക്കൊണ്ടിരിക്കുകയായിരുന്നു കൊച്ചു ബാലന്‍. അതാ മെത്രാന്‍ ആശീര്‍വാദം നല്കി തന്‍റെ അടുത്തെത്താറായിരിക്കുന്നു. പരിശുദ്ധ അമ്മ വഴി യേശുവിനോട് പ്രാര്‍ത്ഥിച്ചാല്‍ തീര്‍ച്ചയായും പ്രാര്‍ത്ഥന ഫലിക്കും എന്നാണല്ലോ അമ്മ പഠിപ്പിച്ചിരിക്കുന്നത്. അവനും സൗഖ്യത്തിനായി പ്രാര്‍ത്ഥിച്ചു. ഇതാ മെത്രാന്‍ തന്‍റെ മുമ്പില്‍. അദ്ദേഹം അരുളിക്ക ഉയര്‍ത്തി കുരിശിന്‍റെ അടയാളത്തില്‍ അവനെ ആശീര്‍വ്വദിക്കുകയാണ്. രോഗശാന്തി ലഭിക്കുവാനുള്ള അനര്‍ഘനിമിഷം. “ഇതാ ഞാന്‍ എഴുന്നേല്‍ക്കുവാന്‍ പോകുന്നു”, അവന്‍ വിചാരിച്ചു. ആശീര്‍വാദം കഴിഞ്ഞു ബാലന്‍ എഴുന്നേല്‍ക്കുവാന്‍ പരിശ്രമിച്ചു; പറ്റുന്നില്ല. വീണ്ടും വീണ്ടും പരിശ്രമിച്ചു; നിഷ്ഫലം.

ഇതിനകം മെത്രാന്‍ ദിവ്യകാരുണ്യവുമായി മുന്നോട്ട് നീങ്ങിക്കഴിഞ്ഞിരുന്നു. രോഗശാന്തി ലഭിക്കാത്തതില്‍ നിരാശനായിത്തീര്‍ന്ന ആ ബാലന്‍ പരിസരം മറന്ന് മെത്രാന്‍റെ കരങ്ങളിലിരിക്കുന്ന അരുളിക്കയെനോക്കി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: “ഈശോയേ, നീ എന്നെ സുഖപ്പെടുത്തിയില്ലെങ്കില്‍ ഞാന്‍ നിന്‍റെ അമ്മയോടു പറയും.” യേശുവിന്‍റെനേരെ ആ കൊച്ചു ബാലന്‍ മുഴക്കിയ ഭീഷണി മെത്രാന്‍ കേട്ടു. ഏതോ ദിവ്യശക്തിയാല്‍ പ്രചോദിതനായി അദ്ദേഹം ബാലന്‍റെ പക്കലേക്കു തിരിച്ചു വന്നു; ഒരിക്കല്‍കൂടി ആശീര്‍വാദം നല്‍കി. അത്ഭുതമേ, ബാലന്‍ ചാടി എഴുന്നേറ്റു! വീല്‍ ചെയറില്‍നിന്നു പുറത്തു ചാടി അവന്‍ നടക്കുവാന്‍ തുടങ്ങി.

തന്‍റെ ഇഹലോകവാസത്തില്‍ അനേകം തളര്‍വാതക്കാരെ സുഖപ്പെടുത്തിയ യേശു ആ കൊച്ചുബാലനെയും സുഖപ്പെടുത്തി. പക്ഷേ, ഒരു കാര്യം സ്ഥിരീകരിച്ചശേഷം മാത്രം: ആ ബാലന്‍റെ അമ്മ കൊച്ചുമകനെ പഠിപ്പിച്ചത് സത്യമാണെന്നു ബോധ്യപ്പെടുത്തിയശേഷം. അതായത് പരിശുദ്ധ അമ്മ പറഞ്ഞാല്‍ താന്‍ എന്തും ചെയ്യും എന്നുള്ള സത്യം. ലൂര്‍ദിലെ ഔദ്യോഗികരേഖകളില്‍ ഉള്ളതാണ് ഈ സംഭവം.

അമ്മയുടെ സ്ഥാനം

വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ‘രക്ഷകന്‍റെ അമ്മ’ എന്ന തന്‍റെ ചാക്രികലേഖനത്തില്‍ തിരുസഭയില്‍ അമ്മയുടെ സ്ഥാനം എവിടെയാണെന്ന് മനോഹരമായി വിശദീകരിച്ചു തരുന്നുണ്ട്. കാനായിലെ കല്യാണത്തെ ആസ്പദമാക്കിയാണ് ആ വിശദീകരണം. വീഞ്ഞു തീര്‍ന്നുപോയപ്പോള്‍ പരിശുദ്ധ അമ്മ കുടുംബത്തിനും യേശുവിനും മധ്യേ നിലകൊള്ളുന്നു. “മകനേ, അവര്‍ക്കു വീഞ്ഞില്ല.”

വീഞ്ഞു തീര്‍ന്നുപോകുന്ന നമ്മുടെ ആവശ്യങ്ങളില്‍, പോരായ്മകളില്‍, ബലഹീനതകളില്‍, വേദനകളില്‍, ഉത്കണ്ഠകളില്‍ പരിശുദ്ധ അമ്മ നമുക്കും യേശുവിനും മദ്ധ്യേ സ്ഥാനം പിടിക്കുന്നു; മധ്യസ്ഥയായിത്തീരുന്നു. പുറത്തുനിന്നുവന്ന ഒരു വ്യക്തിയെപ്പോലെയല്ല; അമ്മയെന്ന തന്‍റെ സ്ഥാനത്തില്‍, ദൗത്യത്തില്‍, കുടുംബത്തിലെ ഏറ്റവും പ്രധാനപ്പെട്ട അംഗമെന്ന നിലയില്‍.

അമ്മയുടെ വിശ്വാസത്തിന്‍റെയും മാധ്യസ്ഥ്യത്തിന്‍റെയും മുമ്പില്‍ യേശു തന്‍റെ സമയംപോലും തിരുത്തിക്കുറിക്കുന്നു. ആ സമയമാകട്ടെ, രക്ഷാകരകര്‍മം അടയാളത്തിന്‍റെ അകമ്പടിയോടെ ലോകത്തിനു വെളിപ്പെടുത്തി പ്രഖ്യാപിക്കാന്‍ പിതാവ് നിശ്ചയിച്ചിരുന്ന സമയമായിരുന്നു താനും. അത്ഭുതകരമായി വെള്ളം വീഞ്ഞാക്കിത്തീര്‍ത്ത് യേശു അമ്മയുടെ മാധ്യസ്ഥ്യം സ്ഥിരീകരിക്കുന്നു. പരിശുദ്ധ കന്യക ദൈവമാതാവാണെന്നതിനും അമ്മയുടെ മാധ്യസ്ഥ്യം അത്ര ശക്തമാണെന്നതിനും മറ്റെന്തു തെളിവുവേണം?

പരിശുദ്ധ അമ്മ വഴി നമുക്ക് യേശുവിലേക്ക് പോകാം. യേശുവിനെ പൂജരാജാക്കന്മാര്‍ കണ്ടെത്തിയവിധം വിശുദ്ധ ഗ്രന്ഥം വിവരിക്കുന്നത് ഇങ്ങനെയാണ്: “അവര്‍ ഭവനത്തില്‍ പ്രവേശിച്ച്, യേശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ കുമ്പിട്ട് ആരാധിക്കുകയും ചെയ്തു” (മത്തായി 2:11). മറിയം ഉള്ളിടത്ത് യേശുവുമുണ്ട്. യേശുവിലെത്താനും യേശുവിനെ ആരാധിക്കുവാനും നമ്മെ പരിശുദ്ധ അമ്മ നയിക്കും.

പൂജരാജാക്കന്മാരെപ്പോലെ യേശുവിനെ അന്വേഷിക്കുന്നവരാണ് നമ്മള്‍. യേശുവിനെ കൂടുതല്‍ അടുത്തും വ്യക്തമായും കാണുവാനും കേള്‍ക്കുവാനും ആരാധിക്കുവാനുമുള്ള ഒരു ദാഹം നമ്മിലുണ്ട്. പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനും ദൈവവചനശ്രവണത്തിനും നാം കാണിക്കുന്ന ആവേശം ഈ ദാഹത്തെ വിളിച്ചറിയിക്കുന്നു. അവര്‍, പൂജരാജാക്കന്മാര്‍, ഭവനത്തില്‍ പ്രവേശിച്ച് കണ്ടതുപോലെ നമുക്കും കാണുവാനുള്ള മാര്‍ഗങ്ങളില്‍ ഏറ്റവും പ്രധാനം പരിശുദ്ധ ജപമാലയാണ്. യേശുവിന്‍റെ ജീവിതത്തിന്‍റെയും മരണത്തിന്‍റെയും ഉത്ഥാനത്തിന്‍റെയും രഹസ്യങ്ങളെക്കുറിച്ചുള്ള ധ്യാനമാണ് ജപമാലയുടെ കാതലായ ഭാഗം. രഹസ്യങ്ങളെന്ന പേരില്‍ യേശുവിന്‍റെ ജീവിതസംഭവങ്ങളാണ് നമ്മുടെ മുമ്പില്‍ നിരക്കുന്നത്. അമ്മയെ പ്രകീര്‍ത്തിച്ചുകൊണ്ടും അമ്മയോടൊത്ത് പ്രാര്‍ത്ഥിച്ചുകൊണ്ടും അമ്മയാല്‍ നയിക്കപ്പെട്ടും യേശുവിന്‍റെ ജീവിതരഹസ്യങ്ങളിലൂടെ നമ്മള്‍ കടന്നുപോവുകയാണ്- ജപമാലയിലൂടെ.

അതിനാല്‍ ജീവിതത്തിലും മരണത്തിലും ഈശോയോടൊപ്പമായിരിക്കാന്‍ അവിടുത്തെ അമ്മയോട് നമുക്ക് പ്രാര്‍ത്ഥിക്കാം. ‘പരിശുദ്ധ മറിയമേ തമ്പുരാന്‍റെ അ മ്മേ പാപികളായ ഞങ്ങള്‍ക്കുവേണ്ടി ഇ പ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോടപേക്ഷിക്കണമേ. ആമ്മേന്‍’

Share:

Mar Jacob Thoonguzhi

Mar Jacob Thoonguzhi

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles