Home/Encounter/Article

ഏപ്രി 05, 2024 82 0 ഫാ. പോള്‍ വെട്ടിക്കാട്ടില്‍
Encounter

പാതിരാത്രിയില്‍ പൗരോഹിത്യത്തിലേക്ക്!

വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ജൂലൈ 15. ഞാനന്ന് എട്ടാം ക്ലാസില്‍ പഠിക്കുകയാണ്. സുഹൃത്തും അയല്‍ക്കാരിയുമായ ഒരു ചേച്ചി എന്നെയും കൂട്ടി അടുത്തുള്ള മീനങ്ങാടി മലങ്കര കത്തോലിക്കാ ബഥനി ആശ്രമത്തില്‍ പോയി. അന്ന് മാര്‍ ഈവാനിയോസ് പിതാവിന്‍റെ ഓര്‍മ്മപ്പെരുന്നാള്‍ദിനമായിരുന്നു. അതിനാല്‍, അവിടത്തെ വൈദികന്‍ ഈവാനിയോസ് പിതാവിന്‍റെ ചിത്രമുള്ള ഒരു കാര്‍ഡ് സമ്മാനിച്ചു. സംസാരത്തിനിടെ, കുശലാന്വേഷണമെന്നോണം ഒരു ചോദ്യം, ‘അച്ചനാകാന്‍ വരുന്നോ?’ ആ ചോദ്യത്തിന് ഞാന്‍ പ്രത്യേകിച്ച് ഉത്തരമൊന്നും പറഞ്ഞതായി ഓര്‍ക്കുന്നില്ല. സാവധാനം അക്കാര്യം മറന്നും പോയി. കുട്ടിക്കാലത്ത് ആദ്യമായി അള്‍ത്താര ശുശ്രൂഷിയായപ്പോഴത്തെ പ്രത്യേകപ്രാര്‍ത്ഥനയും ശുശ്രൂഷാ വസ്ത്രവുമെല്ലാം എന്നില്‍ ഒരു വൈദികനാകാനുള്ള ആഗ്രഹം ഉണര്‍ത്തിയിരുന്നു. എന്നാല്‍ കാലം കഴിഞ്ഞപ്പോള്‍ അതെല്ലാം മാഞ്ഞുപോവുകയാണുണ്ടായത്.

നാളുകള്‍ കഴിഞ്ഞ് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയതിനുശേഷമുള്ള സമയം. ഒരു രാത്രി നേരത്തേ കിടന്നുറങ്ങിയ ഞാന്‍ ഏതാണ്ട് പാതിരാവായപ്പോള്‍ ഉണര്‍ന്നു. ആ സമയത്ത് എന്‍റെ മനസിലേക്ക് വരുന്നത് ദൈവദാസന്‍ മാര്‍ ഈവാനിയോസ് പിതാവിന്‍റെ ചിത്രമാണ്, ഒപ്പം വൈദികനാകണം എന്ന ചിന്തയും. ആ ചിന്ത അത്രമാത്രം ശക്തമായതിനാല്‍ ആ പാതിരാത്രിയില്‍ ആമ്മേന്‍ പറയാനല്ലാതെ മറ്റൊന്നിനും എനിക്ക് സാധിക്കുകയില്ലായിരുന്നു.
പിറ്റേന്ന് രാവിലെ എഴുന്നേറ്റ് അമ്മയെ സമീപിച്ച് ഞാന്‍ പറഞ്ഞത് ഇങ്ങനെയാണ്, ”അമ്മേ, ഞാന്‍ ‘റീത്തി’ല്‍ അച്ചനാകാന്‍ പോകുകയാണ്. പാലക്കാട്ടേല്‍ ബേബിച്ചാച്ചനെ ഒന്ന് പോയി കാണട്ടെ!”

അങ്ങനെ പറയാന്‍ കാരണമുണ്ട്, പുത്തന്‍കൂര്‍ സമുദായത്തിലെ, യാക്കോബായ സഭയിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. കത്തോലിക്കാസഭയുടെ മഹത്വം എന്താണെന്ന് അന്ന് അത്രയൊന്നും മനസിലാക്കിയിരുന്നുമില്ല. പക്ഷേ വൈദികനാകാന്‍ മലങ്കര കത്തോലിക്കാ സഭയില്‍ പോകണം എന്ന് ആഗ്രഹം. വാസ്തവത്തില്‍ അവിടുത്തെ ഏകസത്യസഭയായ കത്തോലിക്കാസഭയിലേക്ക് കര്‍ത്താവുതന്നെ എന്നെ ക്ഷണിക്കുകയായിരുന്നു. വിശ്വസിച്ചവര്‍ എല്ലാവരും ഒറ്റസമൂഹമായി (അപ്പസ്‌തോലപ്രവര്‍ത്തനങ്ങള്‍ 2/44) എന്ന് ഏകസഭയെക്കുറിച്ച് വിശുദ്ധഗ്രന്ഥംതന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ.

‘റീത്ത്’ എന്നാണ് സാധാരണക്കാര്‍ മലങ്കര കത്തോലിക്കാസഭയെ വിളിച്ചിരുന്നത്. ആ സഭാംഗവും ഞങ്ങളുടെ കുടുംബത്തില്‍പ്പെട്ട ആളുമായ ബേബിച്ചാച്ചനാണ് ഇക്കാര്യത്തില്‍ ഏറ്റവും സഹായിക്കാനാവുക എന്ന് തോന്നി. അതിനാല്‍ അമ്മയോട് അപ്രകാരം പറഞ്ഞ് താമസിയാതെ ഞാന്‍ യാത്രയ്ക്കിറങ്ങി.
ബത്തേരിയില്‍ ആ വര്‍ഷത്തെ സെമിനാരിപ്രവേശനം കഴിഞ്ഞിരുന്നതിനാല്‍ ആദ്യം മൂവാറ്റുപുഴ രൂപതാസെമിനാരിയിലാണ് ചേര്‍ന്നത്. പിന്നീട് ബത്തേരിയിലേക്ക് വന്നു. സെമിനാരി പഠനകാലയളവില്‍ പഠനം ദുഷ്‌കരമാണെന്ന് തോന്നിയതുള്‍പ്പെടെ പല പ്രതിസന്ധികളും വന്നപ്പോള്‍ തിരിച്ചുപോയാലോ എന്ന് ചിന്തിച്ചിട്ടുണ്ട്. ”എന്‍റെ മകനേ, നീ കര്‍തൃശുശ്രൂഷക്ക് ഒരുമ്പെടുന്നെങ്കില്‍ പ്രലോഭനങ്ങളെ നേരിടാന്‍ ഒരുങ്ങിയിരിക്കുക” (പ്രഭാഷകന്‍ 2/1). ഈ തിരുവചനം അന്വര്‍ത്ഥമായ അനുഭവങ്ങള്‍… പക്ഷേ നല്ല ദൈവം തന്‍റെ കരുണയാല്‍ എന്നെ വീണ്ടും വീണ്ടും ഉറപ്പിച്ചുനിര്‍ത്തുകയായിരുന്നു.

പിന്നീട് 2015-ല്‍ പുതിയതായി രൂപംകൊണ്ട പൂനാ രൂപത, വൈദികരെയും ബ്രദേഴ്‌സിനെയും ക്ഷണിച്ചപ്പോള്‍ ബത്തേരി രൂപതാധ്യക്ഷന്‍റെ അനുവാദത്തോടെ അവിടേക്ക് മാറി. തുടര്‍ന്നുള്ള നാലുവര്‍ഷം പൂനാ രൂപതയിലായിരുന്നു പഠനം. പഠനം പൂര്‍ത്തിയാക്കിയതിനുശേഷം പൂന കത്തീഡ്രലില്‍വച്ച് 2019 ഡിസംബര്‍ 27-ന് തോമസ് മാര്‍ അന്തോനിയോസ് പിതാവില്‍നിന്ന് വൈദികപട്ടം സ്വീകരിച്ചു. വൈദികപട്ടം ലഭിക്കുക എന്നത് എത്രയോ വലിയ അനുഗ്രഹമാണെന്ന ചിന്തയില്‍ പട്ടത്തിന് ഒരുക്കമായി ഒരു വര്‍ഷം നോമ്പെടുത്തിരുന്നു. വിശുദ്ധ കുര്‍ബാന അഭിഷേകത്തോടെ അര്‍പ്പിക്കാന്‍ ആ നോമ്പിലൂടെ ഈശോ എന്നില്‍ കൃപചൊരിയുകയും ചെയ്തു.

മിഷനിലേക്ക്…

ഞാനുള്‍പ്പെടെയുള്ള മൂന്ന് വൈദികരെ പൂന രൂപതയുടെ കീഴിലുള്ള ആന്ധ്രയിലെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി തെലുങ്ക് പഠനവുമായി ബന്ധപ്പെട്ട് അയച്ചു. പക്ഷേ കോവിഡ്‌വ്യാപനം എല്ലാം പ്രതിസന്ധിയിലാക്കി. പിന്നീട് മലങ്കര കത്തോലിക്കാസഭാംഗങ്ങളാകാന്‍ ഒരുങ്ങിനില്‍ക്കുന്ന 12 പാസ്റ്റര്‍മാരോടൊപ്പം എന്നെ പുതിയൊരു സ്ഥലത്തേക്ക് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി അയച്ചു.

ഒരു രാത്രിയില്‍, ഒരു സഹവൈദികന്‍റെ അപകടമരണവുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുകയായിരുന്നു. ഞാനാണ് വാഹനം ഓടിച്ചിരുന്നത്. കൂടെ മൂന്ന് വൈദികരും സഹായിയായ ഒരു പാസ്റ്ററുമുണ്ട്. പുലര്‍ച്ചെ ഏതാണ്ട് മൂന്നുമണി സമയത്ത് ഞങ്ങളുടെ വാഹനം അപകടത്തില്‍പ്പെട്ടു. ഞാന്‍ പുറത്തേക്ക് തെറിച്ചുവീണു. എന്നിട്ടും, അത്ഭുതമെന്നു പറയാം, പരിക്കൊന്നും പറ്റിയില്ല. പക്ഷേ, വാഹനത്തിലുണ്ടായിരുന്ന പാസ്റ്റര്‍ മരണപ്പെട്ടു. മറ്റ് വൈദികര്‍ക്കും പരിക്കുകളുണ്ടായിരുന്നു. ആ അപകടത്തില്‍നിന്നും ദൈവം അത്ഭുതകരമായി എന്നെ രക്ഷിച്ചു.

സദാ എന്നോടൊപ്പം നടന്ന് എന്നെ സഹായിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന എന്‍റെ കര്‍ത്താവിന്‍റെ സ്‌നേഹം ഞാന്‍ അനുഭവിക്കുകയായിരുന്നു. തുടര്‍ന്ന് എന്തു ചെയ്യണമെന്ന് ആലോചിച്ചപ്പോഴാണ് അടുത്തുള്ള ചേരിയിലെ ആളുകളോട് സുവിശേഷം പറയണം എന്ന് പരിശുദ്ധാത്മാവ് പ്രചോദിപ്പിക്കുന്നത്.
ആ ചേരിയില്‍ ചെന്നപ്പോള്‍ അവിടെ ഒരു വീട്ടില്‍ യേശുവിന്‍റെ ചിത്രം! അല്പം ഭയത്തോടെയാണെങ്കിലും അവിടേക്ക് കയറിച്ചെന്നു. കാര്യമായി ഭാഷയൊന്നും അറിയില്ല, എന്താവും പ്രതികരണം എന്ന് ഊഹവുമില്ല… എങ്കിലും അവരോട് അനുവാദം ചോദിച്ച് പ്രാര്‍ത്ഥിച്ചു. കുടംബനാഥയ്ക്ക് എന്‍റെ ഫോണ്‍ നമ്പറും കൊടുത്ത് മടങ്ങി. പിറ്റേന്ന് ആ സ്ത്രീ എന്നെ വിളിച്ചു. അവര്‍ പറഞ്ഞത് മുഴുവന്‍ എനിക്ക് വ്യക്തമായില്ലെങ്കിലും അവിടേക്ക് ചെല്ലണം എന്ന് മനസിലായി. പുതിയൊരു മിഷന്‍റെ നിശബ്ദമായ ആരംഭമായിരുന്നു അത്….

മിഷനിലെ വെല്ലുവിളികള്‍

അടുത്ത ദിവസം അവിടെയെത്തിയപ്പോള്‍ പ്രായം ചെന്ന ഒരു അയല്‍ക്കാരനെ ആ സ്ത്രീ പരിചയപ്പെടുത്തി. അവരോടും ഈശോയെക്കുറിച്ച് പറയാന്‍ അവസരം ലഭിച്ചു. സ്ത്രീകളോടും പെണ്‍കുട്ടികളോടും സംസാരിക്കുന്നതിനും സഹായിക്കുന്നതിനും സിസ്റ്റേഴ്‌സ് കൂടെ വന്നാല്‍ ഉചിതമാകുമല്ലോ എന്ന് ബോധ്യപ്പെട്ടതിനാല്‍ കുറച്ചപ്പുറത്തുള്ള സലേഷ്യന്‍ കോണ്‍വെന്റുമായി ബന്ധപ്പെട്ട് അവരോടൊപ്പം ചേരി സന്ദര്‍ശനം തുടര്‍ന്നു. ഏതാണ്ട് അറുപത്തഞ്ച് വയസ് പ്രായമുള്ള ഒരു സിസ്റ്ററാണ് എന്നെ സഹായിച്ചത്. യാത്രാസമയം മുഴുവന്‍ ഞങ്ങള്‍ ജപമാല ചൊല്ലും. അങ്ങനെ ആ തെരുവിലെത്തി ഒരു മരച്ചുവട്ടില്‍ നാലു കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തുകൊണ്ട് പ്രവര്‍ത്തനം തുടങ്ങി. ഞങ്ങളെ ആദ്യം സ്വീകരിച്ച ശോഭ എന്ന സ്ത്രീയുടെ സഹായത്തോടെയായിരുന്നു പ്രവര്‍ത്തനങ്ങള്‍. രണ്ട് മാസംകൊണ്ട് 20 കുട്ടികളോളം വന്നു.

പിന്‍വിളികള്‍

പക്ഷേ അപ്പോഴേക്കും ഒരു സമൂഹത്തോടൊപ്പമല്ലാതെ തികച്ചും തനിയെയുള്ള ജീവിതം എനിക്ക് മടുത്തുതുടങ്ങി. അതോടെ പൗരോഹിത്യം ഉപേക്ഷിച്ചാലോ എന്ന ചിന്തയും. അപ്പോള്‍ മനസില്‍ മറ്റൊരു ആഗ്രഹം നാമ്പിട്ടു, ‘ഫാ. ഡാനിയേല്‍ പൂവണ്ണത്തിലിനോട് ഒന്ന് സംസാരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍… ഈ പ്രതിസന്ധിയെക്കുറിച്ച് ഒന്ന് പങ്കുവയ്ക്കാമല്ലോ.’ ഈ ആഗ്രഹം പ്രാര്‍ത്ഥനയായി ഒരു മാസത്തോളം മനസില്‍ കൊണ്ടുനടന്നു. പിന്നെ നടന്നത് അവിശ്വസനീയമായ ദൈവിക ഇടപെടല്‍…

ഒരു വൈകുന്നേരം ഏതാണ്ട് ആറരയായപ്പോള്‍ എനിക്കൊരു ഫോണ്‍കോള്‍! അത്, ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍!! അദ്ദേഹം ഒഡീഷയിലെ മിഷന്‍പ്രദേശത്തേക്കുള്ള യാത്രയിലായിരുന്നു. സ്തുതിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന സമയത്ത്, ഞാന്‍ താമസിച്ചിരുന്ന പ്രദേശത്തിനടുത്തെത്തിയപ്പോള്‍, അവിടെ ഒരു മലങ്കര കത്തോലിക്കാവൈദികന്‍ ഉണ്ടെന്ന് ഒരു ദൈവികസ്വരം. ആന്ധ്രയില്‍ അദ്ദേഹത്തിന് പരിചയമുള്ള മിഷനറിവൈദികനെ വിളിച്ച് അതാരാണെന്ന് അന്വേഷിച്ചു. അങ്ങനെ എന്‍റെ താമസസ്ഥലത്തേക്ക് വരികയായിരുന്നു. അന്ന് ഫാ. ഡാനിയേല്‍ അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥനയിലൂടെ എന്നെ ശക്തിപ്പെടുത്തി. ആ സംഭവം എന്‍റെ വിശ്വാസത്തിന് ഒരു പുത്തന്‍ ഉണര്‍വാണ് നല്കിയത്. മിഷന്‍ വീണ്ടും ഊര്‍ജസ്വലമാക്കണമെന്ന് ശക്തമായ ഉള്‍പ്രേരണയും.”നിന്നെ വിളിക്കുന്നവന്‍ വിശ്വസ്തനാണ്. അവിടുന്ന് അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യും” (1തെസലോനിക്കാ 5/4).

അങ്ങനെ നാലുമാസം കഴിഞ്ഞു. പെട്ടെന്നൊരു ദിവസം വീണ്ടും എനിക്ക് ഫാ. ഡാനിയേലിന്‍റെ ഒരു ഫോണ്‍ കോള്‍! ”അച്ചാ, ഞാനങ്ങോട്ട് വരികയാണ്, അവിടെ ധ്യാനം നടത്താന്‍!!”
ഞാനൊന്ന് ഞെട്ടി. ‘അച്ചന്‍ ആയിരങ്ങള്‍ക്ക് ധ്യാനം നടത്തുന്നയാളല്ലേ. ഇവിടെ പത്ത് കുട്ടികളെമാത്രമായിരിക്കും എനിക്ക് ലഭിക്കുക’ എന്നൊക്കെ ഞാന്‍ പറഞ്ഞുനോക്കി. എന്നാല്‍, ‘ഒരാളേയുള്ളൂ എങ്കിലും ഞാന്‍ ധ്യാനം നടത്തും’ എന്നായിരുന്നു അച്ചന്‍റെ മറുപടി.

ദൈവദൂതനെപ്പോലൊരാള്‍

അങ്ങനെ അച്ചന്‍റെ വരവിനായി കാത്തിരിക്കുന്ന സമയം. ഫോണിലൂടെമാത്രം പരിചയമുള്ള സിബി മാത്യു എന്ന ഒരു സഹോദരന്‍ എന്നെ വിളിച്ചു. അദ്ദേഹം ലോകസുവിശേഷവല്‍ക്കരണത്തിനായി പ്രവര്‍ത്തിക്കുന്ന ആളാണ്. പിറ്റേന്നുമുതല്‍ കുറച്ച് ദിവസങ്ങള്‍ എന്നോടൊപ്പം താമസിക്കാന്‍ വരുകയാണെന്ന് അദ്ദേഹം പറഞ്ഞു. എന്‍റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു ആ ‘കുറച്ച് ദിവസങ്ങള്‍.’ അദ്ദേഹം നല്കിയ പരിശീലനത്തിലൂടെയാണ് മിഷന്‍ ദേശത്തിനുവേണ്ടിയും അവിടെയുള്ളവര്‍ക്കുവേണ്ടിയും ദിവ്യകാരുണ്യ ആരാധനയും ജപമാലയുമെല്ലാം അര്‍പ്പിക്കാന്‍ ആരംഭിച്ചത്. വരദാനങ്ങളുപയോഗിച്ചുള്ള കൗണ്‍സിലിംഗ് ചെയ്യാനും അദ്ദേഹമാണ് പഠിപ്പിച്ചത്. ദൈവം അയച്ച ഒരു ദൂതനെപ്പോലെയായിരുന്നു അദ്ദേഹം.

അപ്രകാരമുള്ള ഒരുക്കത്തിനുശേഷം ഫാ. ഡാനിയേല്‍ വന്ന് ഗര്‍ഗുപാലം, ഓങ്കോള്‍ എന്നിവിടങ്ങളില്‍ രണ്ട് കണ്‍വെന്‍ഷനുകള്‍ നടത്തി. 100 മുതല്‍ 200വരെ ആളുകള്‍ പങ്കെടുത്തു. ഫാ. ഡാനിയേല്‍ പ്രസംഗിച്ചപ്പോള്‍ മറ്റൊരു വൈദികന്‍ തെലുങ്കില്‍ വിവര്‍ത്തനം ചെയ്യുകയായിരുന്നു. മൂന്ന് ദിവസങ്ങളില്‍ വൈകുന്നേരമായിട്ടായിരുന്നു കണ്‍വെന്‍ഷന്‍ നടത്തിയത്. ഒരു സ്ഥലത്ത് രണ്ട് ദിവസവും നല്ല മഴ. അവിടെ ആളുകള്‍ രണ്ട് ദിവസം മഴനനഞ്ഞ് പ്രസംഗം കേട്ടു.

ആഴമായ ദിവ്യകാരുണ്യഭക്തിയോ ജപമാലഭക്തിയോ ഒന്നുമില്ലാതിരുന്ന എന്നെ പിന്നീട് മിഷന്‍ അനുഭവങ്ങളിലൂടെതന്നെ ദിവ്യകാരുണ്യത്തിന്‍റെയും പരിശുദ്ധ മാതാവിന്‍റെയും ജപമാലയുടെയുമെല്ലാം ശക്തി ഈശോ കാണിച്ചുതന്നു. അങ്ങനെ നിരവധി ശക്തമായ അനുഭവങ്ങളിലൂടെ ഈ മിഷനറിജീവിതം ഈശോ വഴിനടത്തുന്നു.

Share:

ഫാ. പോള്‍ വെട്ടിക്കാട്ടില്‍

ഫാ. പോള്‍ വെട്ടിക്കാട്ടില്‍

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles