Trending Articles
ഞാനും ഭാര്യ സിസിലിയും വിവാഹിതരായത് 2014 ഡിസംബറിലാണ്. ജോലിസംബന്ധമായി ഞങ്ങള്‍ ചെന്നൈയില്‍ ആയിരുന്നു താമസം. മക്കളുണ്ടാകാന്‍ താമസം നേരിട്ടതിനാല്‍ ഞങ്ങള്‍ മെഡിക്കല്‍ ടെസ്റ്റുകള്‍ നടത്തി. ചില ശാരീരിക പ്രശ്‌നങ്ങള്‍ കാരണം ഭാര്യക്ക് സ്വാഭാവികമായി ഗര്‍ഭധാരണം നടക്കാന്‍ ബുദ്ധിമുട്ടാണെന്നായിരുന്നു ഡോക്ടര്‍മാരുടെ അഭിപ്രായം. അതിനാല്‍ മൂന്ന് വര്‍ഷത്തോളം പലവിധ ചികിത്സകള്‍ നടത്തി. പക്ഷേ ഒരു കുഞ്ഞിനെ ലഭിച്ചില്ല. അതിനിടെ 2017, 2018 വര്‍ഷങ്ങളില്‍ ധ്യാനങ്ങളില്‍ പങ്കെടുക്കുകയും അതില്‍നിന്ന് ലഭിച്ച ബോധ്യങ്ങളാല്‍ ജീവിതരീതികളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു.
ചെന്നൈയില്‍ ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് സീറോ മലബാര്‍ ഇടവക ഉണ്ടായിരുന്നെകിലും ഞങ്ങള്‍ ഇടവക ചേര്‍ന്നിരുന്നില്ല. 2018-ല്‍ ഇടവക ചേരുകയും കൂട്ടായ്മകളില്‍ സജീവമായി പങ്കെടുക്കാന്‍ തുടങ്ങുകയും ചെയ്തു. അതുവരെ ഞായറാഴ്ചകളില്‍ മാത്രം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയായിരുന്നു പതിവ്. എന്നാല്‍ പിന്നീട് ഞങ്ങള്‍ അനുദിനം വിശുദ്ധബലിയില്‍ പങ്കെടുക്കാന്‍ ആരംഭിച്ചു. ഈ സമയത്ത് ചികിത്സകളെല്ലാം പൂര്‍ണമായി നിര്‍ത്തി. തുടര്‍ന്ന് ദൈവികദാനത്തിനായി പ്രാര്‍ത്ഥനയോടെ കാത്തിരിപ്പ്…
2020-ല്‍ കോവിഡിനെ തുടര്‍ന്ന് തിരികെ നാട്ടിലേക്കെത്തി. എറണാകുളത്ത് പുതിയ ജോലിയില്‍ പ്രവേശിച്ച എനിക്ക് ഒരു വര്‍ഷത്തോളം അനുദിനം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. ദൈവഹിതം അതല്ല എന്ന് മനസ്സിലാക്കിയപ്പോള്‍ മറ്റൊന്നും നോക്കിയില്ല, ആ ജോലി രാജിവച്ചു. അത് വെറുതെയായില്ല, 2021 നവംബറില്‍ തിരുവനന്തപുരത്ത് ഒരു പുതിയ ജോലി കര്‍ത്താവ് തന്നു. അവിടെ അടുത്തുതന്നെ നിത്യാരാധന ചാപ്പലും ഇടവക ദൈവാലയവും ഉള്ള ഒരു സ്ഥലത്തു താമസവും ശരിയായി.
അങ്ങനെ ഒരു വര്‍ഷത്തോളം കഴിഞ്ഞുപോയി. സുവിശേഷപ്രചരണം ചെയ്യേണ്ടത് നമ്മുടെ കടമയാണെന്ന ചിന്ത ആ നാളുകളില്‍ ശക്തമായി. അതോടെ അവിടെവച്ച് ശാലോമിന്‍റെ ഒരു ഏജന്‍സി എടുക്കുകയും 27 കോപ്പി ശാലോം പ്രസിദ്ധീകരണങ്ങള്‍ തിരുവനന്തപുരത്തെ ഞങ്ങളുടെ ഇടവകദൈവാലയത്തില്‍ സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തു. ഈ കാലഘട്ടത്തില്‍ മറ്റൊരു അനുഗ്രഹംകൂടി കര്‍ത്താവ് തന്നു, ഏറെ സമയം ആരാധന ചാപ്പലില്‍ ദൈവത്തെ ആരാധിച്ച് ചെലവഴിക്കുവാനുള്ള കൃപ! അതോടൊപ്പം കൂടെക്കൂടെ കുമ്പസാരിച്ച് സ്വയം വിശുദ്ധീകരിക്കുന്ന ശീലവും വളര്‍ത്തി.
അങ്ങനെയിരിക്കേയാണ് പുതിയൊരു ജോലി ലഭിച്ചത്. ആ ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് നവംബര്‍ 2022-ല്‍ ഒരു ധ്യാനത്തില്‍ പങ്കെടുത്ത് ജീവിതത്തെ കൂടുതല്‍ ചിട്ടപ്പെടുത്താനുള്ള സാഹചര്യം ലഭിച്ചു. കാലമേറെ കഴിയുംമുമ്പ് 2023 ജനുവരിയില്‍ വലിയൊരു അത്ഭുതത്തിന് ഞങ്ങള്‍ സാക്ഷികളാകുകയായിരുന്നു. സ്വാഭാവികമായ ഗര്‍ഭധാരണം തികച്ചും വിഷമമാണ് എന്ന് പറഞ്ഞ അവസ്ഥയില്‍ ആയിരുന്ന ഭാര്യ തീര്‍ത്തും സ്വാഭാവികരീതിയില്‍ത്തന്നെ ഗര്‍ഭംധരിച്ചു!! ചികിത്സകളൊന്നും ചെയ്തിരുന്നില്ല. കര്‍ത്താവിന്‍റെ കൃപയാല്‍ത്തന്നെ ഗര്‍ഭകാലം പൂര്‍ത്തിയായി 2023 ഓഗസ്റ്റ് 15-ന് ഞങ്ങള്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നു. ജെറാര്‍ഡ് സെബാസ്റ്റ്യന്‍ എന്നാണ് കുഞ്ഞിന് പേരിട്ടത്. ദൈവം അനുവദിച്ച ശുദ്ധീകരണത്തിന്‍റെയും പ്രേഷിതപ്രവര്‍ത്തനത്തിന്‍റെയും ഫലമായിട്ടാണ് ഞങ്ങള്‍ക്ക് കുഞ്ഞിനെ ലഭിച്ചതെന്ന് ഉറച്ചു വിശ്വസിക്കുന്നു. ”ദുരിതങ്ങള്‍ എനിക്ക് ഉപകാരമായി; തന്മൂലം ഞാന്‍ അങ്ങയുടെ ചട്ടങ്ങള്‍ അഭ്യസിച്ചുവല്ലോ” (സങ്കീര്‍ത്തനങ്ങള്‍ 119/71).
കുഞ്ഞിനായുള്ള കാത്തിരിപ്പില്‍ പലരും IVF പോലുള്ള ചികിത്സകള്‍ എടുക്കുവാന്‍ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ അവ സഭാപഠനങ്ങള്‍ക്ക് എതിരായതിനാല്‍ ഒരിക്കലും അതിനെക്കുറിച്ച് ആലോചിച്ചു കൂടിയില്ല. കുഞ്ഞിനായി കാത്തിരുന്ന എട്ട് വര്‍ഷം സ്വയം ശുദ്ധീകരിക്കപ്പെടാനും ശാലോം മാസികവിതരണത്തിലൂടെ പ്രേഷിത പ്രവൃത്തിയില്‍ ഏര്‍പ്പെടാനും ദൈവം വഴിയൊരുക്കി. നവംബര്‍ 2022-ല്‍ തിരികെ എറണാകുളത്തു വരുമ്പോള്‍ ശാലോം ഏജന്‍സി പാലക്കാട് വടക്കഞ്ചേരിയില്‍ ശുശൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു ചേട്ടനെ ഏല്‍പ്പിക്കാന്‍ സാധിച്ചു. ഇന്നും ആ ഏജന്‍സിയിലൂടെ സൗജന്യമായി മുമ്പുണ്ടായിരുന്ന അത്രയും എണ്ണം ശാലോം പ്രസിദ്ധീകരണങ്ങള്‍ വിതരണം ചെയ്യപ്പെടുന്നു. ”കര്‍ത്താവ് എന്‍റെമേല്‍ ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ക്ക് ഞാന്‍ എന്ത് പകരം കൊടുക്കും?” (സങ്കീര്‍ത്തനങ്ങള്‍ 116/12).
ജയ്‌സ് രാജു
Want to be in the loop?
Get the latest updates from Tidings!