Home/Evangelize/Article

ജനു 17, 2020 1950 0 George
Evangelize

“ഞാനൊരു കാര്യം ചോദിച്ചോട്ടെ…”

പണമിടപാടുകാരന്‍റെ കയ്യില്‍നിന്ന് പതിനായിരം രൂപ വാങ്ങിയിട്ടുണ്ട്. അത് തിരികെ കൊടുക്കാന്‍ സമയമായിരിക്കുന്നു. പക്ഷേ ഒരു വഴിയും കാണുന്നില്ല. വയസ് അറുപത് കവിഞ്ഞതാണ്. ജോലിയോ മറ്റ് വരുമാനമാര്‍ഗങ്ങളോ ഇല്ല. മകന്‍റെ കൂടെയാണ് അദ്ദേഹത്തിന്‍റെയും ഭാര്യയുടെയും താമസം. മകന്‍ മാതാപിതാക്കളെ സ്നേഹപൂര്‍വം പരിപാലിക്കുന്നുമുണ്ട്. എന്നാല്‍ പണം കൈകാര്യം ചെയ്യാന്‍ പ്രാപ്തിയില്ലാത്തതുകൊണ്ട് വന്നുപോയ ബാധ്യതകളാണ്. അത് തീര്‍ക്കാന്‍ പണമിടപാടുകാരന്‍റെ കയ്യില്‍നിന്ന് കടം വാങ്ങേണ്ടിവന്നു.

ഈ കടം വീട്ടാന്‍ എങ്ങനെ മകനോട് ആവശ്യപ്പെടും? പക്ഷേ മാനനഷ്ടം സംഭവിച്ചാല്‍ അത് കുടുംബത്തെയും ബാധിക്കുകയില്ലേ? അദ്ദേഹം വെന്തുരുകാന്‍ തുടങ്ങി. ആശ്രയിക്കാന്‍ കര്‍ത്താവുമാത്രമേയുള്ളൂ. ആരോടെങ്കിലും ചോദിച്ചാല്‍ അത് മറ്റുള്ളവരും അറിയും. മകനും കുടുംബത്തിനും നാണക്കേടുണ്ടാകും.

പിടയുന്ന മനസോടെ അദ്ദേഹം പ്രാര്‍ത്ഥന ആരംഭിച്ചു. രാവിലെ അഞ്ച് മണിക്ക് നടക്കാനിറങ്ങുമ്പോള്‍ ആരുമില്ലാത്ത വഴിയില്‍ കരഞ്ഞ് പ്രാര്‍ത്ഥിക്കും. വീട്ടില്‍ പലപ്പോഴും ജപമാല അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കും. ഇടനേരങ്ങളില്‍ അടുത്തുള്ള ദൈവാലയത്തില്‍ ദിവ്യകാരുണ്യമായി വാഴുന്ന യേശുവിന്‍റെ സന്നിധിയിലിരുന്ന് ജപമാല ചൊല്ലും. കുറച്ച് ദിവസങ്ങള്‍ അങ്ങനെ കടന്നുപോയി.

അങ്ങനെയിരിക്കേ, പരസ്പരസന്ദര്‍ശനമോ സംഭാഷണമോ നടത്തിയിട്ട് നാളുകളായ ഒരു ബന്ധു അദ്ദേഹത്തെ സമീപിച്ചു. “ചേട്ടനോട് ഞാനൊരു കാര്യം ചോദിച്ചോട്ടെ. വിഷമമൊന്നും തോന്നരുത്. ചേട്ടന് കടബാധ്യതകള്‍ എന്തെങ്കിലുമുണ്ടോ? ഉണ്ടെങ്കില്‍ തുറന്നുപറയണം, പണം ഞാന്‍ തരാം. തിരികെ തരേണ്ട. ഇക്കാര്യം ആരും അറിയുകയും വേണ്ട.”

ആശ്ചര്യപ്പെട്ടുപോയ അദ്ദേഹം ചോദിച്ചു, “എന്താണ് ഇങ്ങനെ പറയാന്‍ കാരണം?

“മൂന്ന് ദിവസമായി ഇങ്ങനെ ചെയ്യാന്‍ മനസില്‍ ശക്തമായ തോന്നല്‍. കര്‍ത്താവ് തന്ന ചിന്തയാണെന്ന് ബോധ്യമായതുകൊണ്ടാണ് ചേട്ടനെ അന്വേഷിച്ച് വന്നത്.”

അദ്ദേഹം കാര്യം പറഞ്ഞു. ബന്ധു അദ്ദേഹത്തിന്‍റെ കൈവെള്ളയില്‍ പതിനായിരം രൂപ വച്ചുകൊണ്ട് ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിച്ചു. “ഇക്കാര്യം ആരും അറിയരുത്.”

വിതുമ്പുന്ന അധരങ്ങളോടെ അദ്ദേഹം പറഞ്ഞ നന്ദിയുടെ വാക്കുകള്‍ കേട്ട് ബന്ധു തിരികെപ്പോയി. യേശുവിന്‍റെ കാരുണ്യമോര്‍ത്ത് അദ്ദേഹത്തിന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി, ഹൃദയത്തില്‍ അവിടുത്തോട് അതിരറ്റ സ്നേഹം. ഇന്നും ജീവിക്കുന്ന യേശുവിനെ തൊട്ടറിഞ്ഞ സുഹൃത്തിന്‍റെ ഈ അനുഭവം കേട്ടപ്പോള്‍ എന്‍റെയും ഹൃദയം തുടിക്കുകയായിരുന്നു.

“തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്, ഹൃദയ പരമാര്‍ത്ഥതയോടെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്, കര്‍ത്താവ് സമീപസ്ഥനാണ്” (സങ്കീര്‍ത്തനങ്ങള്‍ 145: 18)
ജോര്‍ജ്

Share:

George

George

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles