Home/Enjoy/Article

ആഗ 28, 2023 313 0 Mangala Francis
Enjoy

ജീവനുള്ള പിറന്നാള്‍ സമ്മാനം

ജീവനുള്ള സമ്മാനം ഒരുക്കിയപ്പോള്‍ ലേഖികക്ക് ലഭിച്ചത് വലിയ അനുഗ്രഹം

“ഈശോയേ, ഇന്നെന്തോ വലിയ ഒരു സന്തോഷം… സ്നേഹം…. കുറെ സമയം കൂടി ഇങ്ങനെ നിന്‍റെ സന്നിധിയില്‍, ദിവ്യകാരുണ്യത്തിനു മുന്നില്‍ നിന്നെത്തന്നെ നോക്കി ഇരിക്കാന്‍ തോന്നുന്നു….” ചിന്തിച്ചു തീരും മുന്‍പേ ഫോണ്‍ ബെല്ലടിച്ചു. മോളുടെ സ്കൂളില്‍നിന്നാണ്. അതുകൊണ്ട് ഈശോയോട് “എക്സ്ക്യൂസ് മി” പറഞ്ഞ് പള്ളിയില്‍ നിന്ന് പുറത്തു പോയി ഫോണെടുത്തു. കുട്ടികളെ മറ്റേതോ സ്കൂളില്‍ എക്സിബിഷന്‍ കാണിക്കാന്‍ കൊണ്ടുപോകുന്നതിനാല്‍ മോളെ തിരികെ വിളിക്കാനായി ഒരു മണിക്കൂര്‍ വൈകിവന്നാല്‍ മതിയെന്ന് പറയാനാണ് ടീച്ചര്‍ വിളിച്ചത്. “ഈശോയേ ഉമ്മ!!” അല്ലാതെന്തു പറയാന്‍… എത്ര പെട്ടെന്നാണ് എന്‍റെ ആഗ്രഹം നിറവേറിയത്. വാസ്തവത്തില്‍ കൂടുതല്‍ സമയം ഈശോയോടൊത്തിരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചതിലേറെ ഈശോ ആഗ്രഹിച്ചപോലെ… വീണ്ടും ഒരു മണിക്കൂര്‍ കൂടി ഈശോയോടൊപ്പം….

ഈശോയോടു വിശേഷങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നപ്പോഴാണ് ഓര്‍ത്തത്, വരുന്ന ദിവസം ഞങ്ങളുടെ വികാരിയച്ചന്‍റെ ബര്‍ത്ത്ഡേ ആണ്, അതും അമ്പതാം പിറന്നാള്‍. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ഈശോ നിറഞ്ഞു നില്‍ക്കുന്ന വൈദികന്‍. ഇടനേരങ്ങളില്‍ പ്രാര്‍ത്ഥിക്കാനായി പള്ളിയില്‍ വരുമ്പോഴെല്ലാം ഒരു ബുദ്ധിമുട്ടും പറയാതെ അച്ചന്‍ ദിവ്യകാരുണ്യം എഴുന്നള്ളിച്ചു വച്ചു തരും. കോവിഡ് കാലത്ത് എത്ര നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കാന്‍ ആഗ്രഹിച്ചപ്പോഴെല്ലാം അവസരം ഒരുക്കി തന്നിരുന്നു. “ഈശോയേ, നിന്നെ ഇത്രയും സ്നേഹിക്കാന്‍, നിന്നോട് ഇത്രയും ചേര്‍ന്നിരിക്കാന്‍ അച്ചന്‍ വലിയൊരു കാരണമാണ്… അതുകൊണ്ടു നീ തന്നെ പറ… അച്ചന് എന്തു സമ്മാനം നല്‍കും!!!”

പതിവിലും വ്യത്യസ്തമായി ഈശോയുടെ ഉത്തരം പെട്ടെന്നായിരുന്നു, “ജീവനുള്ളത്!”
ജീവനുള്ളത്… മനസില്‍ ഞാന്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു. അപ്പോഴാണോര്‍ത്തത്, അച്ചന് ചെടികള്‍ ഇഷ്ടമാണ്. ചെടികള്‍ക്ക് ജീവനുണ്ടല്ലോ. അങ്ങനെ പല ചിന്തകളും കടന്നു വന്നെങ്കിലും എന്തോ അതിലൊന്നിലും ഒരു തൃപ്തി വരാത്ത പോലെ… എന്‍റെ ബുദ്ധിയെ ആശ്രയിക്കുന്നത് നിര്‍ത്തി ഈശോയുടെ നേരെ തിരിഞ്ഞു. “ഒന്നു വ്യക്തമായി പറയ് ഈശോയേ…. പ്ലീസ്…”

ഈശോ ശാന്തമായി ചിരിക്കുന്നുണ്ടെന്ന് തോന്നി. തലേന്ന് ഒരു വചനം മറന്നു പോകാതിരിക്കാനായി പാട്ടു പോലെ പഠിച്ചു വച്ചിരുന്നു. ആ വരികള്‍ മനസിലേക്ക് അറിയാതെതന്നെ കടന്നു വന്നു… “ആത്മാവാണ് ജീവന്‍ നല്‍കുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോട് ഞാന്‍ പറഞ്ഞ വാക്കുകള്‍ ആത്മാവും ജീവനുമാണ്” (യോഹന്നാന്‍ 6/63).

“ഈശോയേ, അതെ… ജീവനുള്ളത്, നിന്‍റെ വചനങ്ങള്‍!” വലിയ സന്തോഷത്താല്‍ ഹൃദയം നിറഞ്ഞു.

വീട്ടിലെത്തിയ ശേഷം പ്രാര്‍ത്ഥനയോടെ ബൈബിള്‍ തുറന്ന് അച്ചനായി അമ്പത് വചനങ്ങള്‍ കണ്ടെത്തി. കുഞ്ഞുകാര്‍ഡുകളുണ്ടാക്കി അതില്‍ ഓരോ വചനം വീതം എഴുതി. വചനം എഴുതുമ്പോള്‍ ഹൃദയത്തില്‍ ഈശോയുടെ സ്നേഹം നിറയുന്നുണ്ടായിരുന്നു. എല്ലാം എഴുതി പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും അല്‍പ സമയം കൂടി ഈശോയെ നോക്കി ഇരുന്നു. മൂന്ന് ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ ക്രിസ്മസാണ്, കുമ്പസാരിക്കണം, അതിനായി ഒരുങ്ങണം എന്നത് ഓര്‍ത്തു.

ചില പ്രത്യേക കാരണങ്ങളാല്‍ ഒരു വ്യക്തിയോട് മനസില്‍ വലിയ ദേഷ്യമുണ്ടായിരുന്നു. ഏറെ പ്രാര്‍ത്ഥിച്ചിട്ടും എന്തോ പൂര്‍ണമായി ക്ഷമിക്കാന്‍ സാധിക്കാത്ത അവസ്ഥ. ഇരുപത്തഞ്ചു നോമ്പിലെ ഒരു പ്രധാന നിയോഗവും അതായിരുന്നു, ‘ഈശോയേ, നിന്നെപ്പോലെ പൂര്‍ണമായും ക്ഷമിച്ച്, സ്നേഹിച്ച്, ആ വ്യക്തിക്കായി ആത്മാര്‍ത്ഥതയോടെ പ്രാര്‍ത്ഥിക്കാന്‍ സാധിക്കണേ’ എന്ന്. കുമ്പസാരത്തിനൊരുങ്ങുമ്പോള്‍ ആദ്യം ഓര്‍മ്മ വന്നത് ആ വ്യക്തിയെയാണ്, പക്ഷേ… ഇല്ല… ഇപ്പോള്‍ മനസ് അസ്വസ്ഥമാവുന്നില്ല. വലിയ ശാന്തത. ദേഷ്യമോ വെറുപ്പോ ഒന്നും തോന്നുന്നില്ല. മാത്രമല്ല സ്നേഹം നിറയുന്ന പോലെ… ഹൃദയം നിറഞ്ഞ് വിളിച്ചു, “ഈശോയേ…”

അച്ചനായി കണ്ടെത്തിയ അമ്പതു വചനങ്ങള്‍ ഓരോന്നായി ശ്രദ്ധയോടെ, പ്രാര്‍ത്ഥനയോടെ ഞാന്‍ എഴുതിക്കൊണ്ടിരുന്നപ്പോള്‍ അത് എന്‍റെ ഹൃദയത്തെയും ശുദ്ധീകരിക്കുകയായിരുന്നു. “ഞാന്‍ നിങ്ങളോടു പറഞ്ഞ വചനം നിമിത്തം നിങ്ങള്‍ ശുദ്ധിയുള്ളവരായിരിക്കുന്നു” (യോഹന്നാന്‍ 15/3). ഈശോയേ, നിന്‍റെ വാക്കുകള്‍ ആത്മാവും ജീവനുമാണ്. എഴുതപ്പെട്ടിരിക്കുന്നത് അങ്ങനെയാണല്ലോ, “ദൈവത്തിന്‍റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്‍റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്” (ഹെബ്രായര്‍ 4/12).

Share:

Mangala Francis

Mangala Francis

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles