Home/Engage/Article

ആഗ 14, 2020 2001 0 Father Roy Palatty CMI
Engage

കാഴ്ചക്കപ്പുറമുള്ള വിസ്മയങ്ങള്‍

സിറിയാ രാജാവ് ഇസ്രായേലിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന സമയം. രഹസ്യമായാണ് തന്ത്രങ്ങളെല്ലാം മെനയുന്നത്. എന്നിട്ടും ആരാണ് ഈ വിവരങ്ങള്‍ ഇസ്രായേല്‍ രാജാവിനെ അറിയിക്കുന്നത്? ഇസ്രായേലിലെ ദൈവപുരുഷനായ എലീഷായാണ് ഇതിന്‍റെ പുറകിലെന്നറിഞ്ഞു. ഇനി എലീഷാ യെ വകവരുത്താതെ കാ ര്യ ങ്ങള്‍ ശരിയാകില്ലെന്നു കണ്ട രാജാവ് വലിയൊരു സൈന്യവ്യൂഹത്തെ അയച്ചു, അവന്‍റെ വസതിയിലേക്ക്. എലീഷായുടെ ദാസന്‍ പ്രഭാതത്തില്‍ വാതില്‍ തുറന്നു നോക്കുമ്പോള്‍ വീടിനു ചുറ്റും സിറിയായുടെ സൈന്യമാണ്. പേടിച്ചുപോയ അയാള്‍ എലീഷായെ വിവരമറിയിച്ചു. ‘ഭയം വേണ്ട. അവരെക്കാള്‍ കൂടുതല്‍ ആളുകള്‍ നമ്മുടെ കൂടെയുണ്ട്,’ എലീഷാ പറഞ്ഞു.

ദാസന്‍റെ വിറയല്‍ കണ്ട എലീഷാ ഇങ്ങനെ പ്രാര്‍ത്ഥിച്ചു: ‘കര്‍ത്താവേ, ഇവന്‍റെ കണ്ണുകളെ തുറക്കണമേ. ഇവന്‍ കാണട്ടെ.” കണ്ണു തുറക്കുമ്പോള്‍ അവന്‍ കണ്ടത് വലിയൊരു സൈന്യവ്യൂഹം തങ്ങള്‍ക്കൊപ്പം നില്ക്കുന്നതാണ് (2 രാജാക്കന്മാര്‍ 6:8-23). കര്‍ത്താവിന്‍റെ ദൂതര്‍ ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച് അവരെ സംരക്ഷിക്കുന്നുവെന്ന സത്യം അവനന്ന് അറിഞ്ഞു (സങ്കീര്‍ത്തന ങ്ങള്‍ 34:7).

കണ്ണുള്ളതുകൊണ്ട് കാണണമെന്നില്ല. കാണുന്നതിനപ്പുറം കാണാന്‍ ഈ കാഴ്ചയും പോരാ. പഞ്ചേന്ദ്രിയങ്ങളില്‍ ഏറ്റം ശക്തമാണ് കണ്ണ്. ശരീരത്തിന്‍റെ വിളക്കാണത്. ശരീരത്തെ പരിശുദ്ധമാക്കാനും മലീനസമാക്കാനും കണ്ണിനാകും. കണ്ണിലെ വെളിച്ചം ശരീരം മുഴുവനെയും പ്രകാശിപ്പിക്കുന്നു. അതിന്‍റെ ഇരുട്ട് ശരീരത്തെ മുഴുവന്‍ അന്ധകാരമാക്കുന്നു (ലൂക്കാ 11:34).

മറഞ്ഞിരിക്കുന്നതാണ് സത്യം. അത് വെളിപ്പെട്ടുകിട്ടാൻ ക്രിസ്തു നമ്മില്‍ തെളിച്ച തിരിനാളത്തിന്‍റെ വെളിച്ചത്തില്‍ കാര്യങ്ങളെ മനസിലാക്കാന്‍ കഴിയണം. എലീഷാ കാഴ്ചയ്ക്കപ്പുറം കാണാന്‍ കഴിഞ്ഞവനായിരുന്നു. ദീര്‍ഘദര്‍ശി എന്ന് വിളിക്കുന്നത് അതുകൊണ്ടാ ണ്. ദൈവമനുഷ്യരെല്ലാം ദീര്‍ഘദര്‍ശികളാ കണം. കാണുന്നതെല്ലാം കടന്നുപോകും. നിത്യമായവ ധ്യാനിക്കാതെ അനിത്യമായവയെ പിന്തുടര്‍ന്നാല്‍ നമ്മുടെ ആന്തരികശക്തി ശോഷിച്ചുപോകും. കണ്ണുപൂട്ടി ധ്യാനിക്കാന്‍ ഒരല്പസമയം കൊടുത്താല്‍ നിങ്ങളിലെ സൈന്യവ്യൂഹത്തെ നിങ്ങള്‍ക്ക് കാണാനാകും. പുറംകാഴ്ചയിൽ  കുടുങ്ങിയാല്‍ നിത്യമായവ കൈവിട്ടുപോകും.

മാസ്മരികതയില്‍ മയങ്ങാതെ…

കാഴ്ചയുടെ മാസ്മരികതിയിലാണ് ലോകമിന്ന്. എന്നാല്‍ വിശ്വാസിയുടെ വഴി എലീഷായുടെ വഴിയാണ്. പഞ്ചേന്ദ്രിയങ്ങള്‍ക്കപ്പുറം കാണാന്‍ അയാള്‍ക്കു കഴിയുന്നത് വിശ്വാസമെന്ന ആറാം ഇന്ദ്രിയത്തിലൂടെയാണ്. ആദിമ ക്രിസ്ത്യാനികള്‍ പറഞ്ഞു: “ഞങ്ങള്‍ നയിക്കപ്പെടുന്നത് വിശ്വാസത്താലാണ്, കാഴ്ചയാലല്ല” (2 കോറിന്തോസ് 5:7). വിശ്വാസമില്ലാത്തവരാണ് കാഴ്ചയില്‍ കുടുങ്ങുന്നവര്‍. അത് നമ്മെ തകര്‍ത്തുകളയും. പഴയ ഇസ്രായേലിന് അത്തരമൊരു ചരിത്രം കൂടിയുണ്ട്. ചെങ്കടലിന് സമീപം കാത്തുനില് ക്കുകയാണവര്‍. പുറകില്‍ ഫറവോയുടെ സൈന്യം, മുമ്പില്‍ കടല്‍. ഈ മരണമുഖത്തു നിന്നും ആരു ഞങ്ങളെ രക്ഷിക്കും? ജനനേതാവായ മോശയ്ക്കെതിരെ തിരിഞ്ഞു അവര്‍, അന്നും. കാനാനില്‍ കാത്തിരിക്കുന്ന മഹത്വം അവര്‍ക്ക് കാണാനായില്ല.

തമ്മില്‍ ഭേദം അടിമത്തവും അവിടെ കിട്ടുന്ന തീറ്റയും തന്നെ! വീരോചിതമായ യാത്രയുടെ ചരിത്രം സൃഷ്ടിക്കാന്‍ പലതും തള്ളിക്കളഞ്ഞവരാണ് അവര്‍. എന്നാല്‍ ക്ലേശകാലത്ത് ആ പഴയ എച്ചില്‍പാത്രങ്ങള്‍ അവരെ കൊതിപ്പിക്കുന്നു. കാഴ്ചനഷ്ടപ്പെട്ടവര്‍ എന്നും ഇങ്ങനെയാണ്. എന്തിനെ അതിജീവിച്ച് മുന്നേറിയോ വീണ്ടും അതില്‍ ചെന്നു ചേരാന്‍ മോഹിക്കും. ദൈവകൃപയുടെ ഇന്നലെകളില്‍ നിങ്ങള്‍ തള്ളിമാറ്റിയ നൈമിഷികസുഖങ്ങള്‍ ആന്തരികവെട്ടം കെട്ടുപോകുന്ന ഇന്ന് ചേര്‍ത്തുപിടിക്കാന്‍ തോന്നുന്നത് വലിയ പ്രലോഭനമാണ്.

മോശ അവരെ ബലപ്പെടുത്തി. കാരണം മോശ കണ്ടത് ഒടുങ്ങാത്ത കടലിനെയല്ല, എല്ലാം ശാന്തമാക്കാന്‍ കഴിവുള്ള സൈന്യങ്ങളുടെ കര്‍ത്താവിനെയാണ്. വിശ്വാസിക്ക് മാത്രം പറയാന്‍ കഴിയുന്ന വാക്കുകള്‍ മോശയും പറഞ്ഞു: ‘നിങ്ങള്‍ക്കായി ഇന്നു കര്‍ത്താവ് ചെയ്യാന്‍ പോകുന്ന രക്ഷാകൃത്യം നിങ്ങള്‍ കാണും.’ ഇപ്പോള്‍ കാണാത്തത് നിങ്ങള്‍ കാണാനിരിക്കുന്നു എന്നര്‍ത്ഥം.

കടല്‍ വരണ്ട ഭൂമിയായ ചരിത്രം അന്നേവരെ അവര്‍ക്കില്ല. എന്നിട്ടും വിശ്വാസത്തില്‍ മോശ അത് കണ്ടു. കാഴ്ച ഭയപ്പെടുത്തും, വിശ്വാസമാകട്ടെ ശക്തിപ്പെടുത്തും. വിശ്വാസത്തോടെ അവര്‍ ആദ്യചുവടു വച്ചു. കിഴക്കന്‍ കാറ്റു വീശുന്നതും കടല്‍ രണ്ടായി പകുത്തു നില്ക്കുന്നതും ഇസ്രായേല്‍ക്കാര്‍ അവരുടെ മാളങ്ങളില്‍നിന്നും പുറത്തിറങ്ങിയതിനുശേഷം മാത്രമാണ്. വിശ്വാസിയുടെ കാല്‍വയ്പില്‍ ദൈവത്തിന് മുഖം തിരിക്കാ ന്‍ ആവില്ല. അതേസമയം, വിശ്വാസിയുടെ കാല്‍വയ്പുകളെ അവിശ്വാസി പിന്തുടര്‍ന്നാ ല്‍ മുങ്ങിച്ചാവും. ഫറവോയുടെ സൈന്യ ത്തെ മുഴുവന്‍ കടല്‍ വിഴുങ്ങിയതുപോലെ.

വിശ്വാസം ഒരു ടെക്നിക് അല്ല. അതൊരു സമര്‍പ്പണമാണ്, ആത്മസമര്‍പ്പണം. ദൈവത്തെ കാണാനും ധ്യാനിക്കാനും നീ നല്കേണ്ട വിലയാണ് ഈ സമര്‍പ്പണം. സമര്‍പ്പിക്കുന്നവര്‍ക്കുള്ള സമ്മാനമാണ് ഈ ആറാം ഇന്ദ്രിയം. കാണാത്ത കാര്യങ്ങള്‍ കണ്‍മുമ്പിലെന്നപോലെ കാണാനാകും ഈ ഇന്ദ്രിയത്തിലൂടെ നോക്കുമ്പോള്‍. ആ യഥാര്‍ത്ഥ കാഴ്ചയാണ് നമുക്കാവശ്യം, കണ്‍പോളകള്‍ക്കപ്പുറമുള്ള ഒന്ന്. ദാവീദ് പ്രാര്‍ത്ഥിച്ചതോര്‍ക്കുക. ദൈവമേ, എന്‍റെ കണ്ണുകള്‍ തുറക്കണമേ. അങ്ങയുടെ പ്രമാണങ്ങളുടെ വൈശിഷ്ട്യം ഞാന്‍ കാണട്ടെ (സങ്കീര്‍ത്തനങ്ങള്‍ 119:18). ആന്തരികനേത്രങ്ങള്‍ തുറന്നു കിട്ടാനാണ് ഈ പ്രാര്‍ത്ഥന. എന്നും വേണം, നമുക്കും ഈ പ്രാര്‍ത്ഥന. കാര്യങ്ങളെ യഥാവിധം കാണാന്‍, മനസിലാക്കാന്‍.

കാഴ്ചയില്‍ കുരുങ്ങിയ വിശ്വാസി ഭയത്തിലും ആകുലതയിലും ആയിരിക്കും. എന്നാല്‍ വിശ്വാസത്തില്‍ കാര്യങ്ങളെ നേരിടുന്നവന്‍ പ്രതിബന്ധങ്ങളെ അതിജീവിച്ചും മുന്നോട്ടുപോകും. അതിനാല്‍ നമുക്കും പ്രാര്‍ത്ഥിക്കാം, ഓ ദൈവമേ, എന്‍റെ കണ്ണുകള്‍ തുറക്കണമേ!

Share:

Father Roy Palatty CMI

Father Roy Palatty CMI is a priest of the congregation of the Carmelites of Mary Immaculate. He earned his Ph.D. in Philosophy from the Catholic University of Leuven in Belgium and is a published author of books and articles. Since 2014, he has been serving as Spiritual Director of Shalom Media, a Catholic media ministry based in South Texas. Shalom Media is home to SHALOM WORLD Catholic television network and publishes Shalom Tidings bi-monthly magazine. Father Varghese is a gifted speaker and has been an in-demand preacher around the world, leading numerous retreats for priests, religious, and lay people.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles