Home/Encounter/Article

ഒക്ട് 14, 2024 20 0 ഫാ. പോള്‍ വെട്ടിക്കാട്ടില്‍
Encounter

കാളുതുന്തി!

കുട്ടിക്കാലത്തുതന്നെ മദ്ബഹാശുശ്രൂഷിയായി കൈവയ്പ് ലഭിച്ചിരുന്നതിനാല്‍, വൈദികനാകാനുള്ള ആഗ്രഹവും മനസില്‍ മുളപൊട്ടി. അന്ന് ഞാന്‍ യാക്കോബായ സഭാസമൂഹത്തില്‍ അംഗമായിരുന്നു. എങ്കിലും വൈദിക ദൈവവിളിയെക്കുറിച്ച് ഗൗരവമായി ചിന്തിക്കാതിരുന്ന സമയത്താണ് അപ്രതീക്ഷിതമായി ഒരു രാത്രിയില്‍ ധന്യന്‍ മാര്‍ ഈവാനിയോസ് പിതാവിന്‍റെ മുഖം മനസില്‍ തെളിഞ്ഞതും മലങ്കര കത്തോലിക്കാസഭയില്‍ വൈദികനാകണമെന്ന ചിന്ത വന്നതും. ആ പ്രേരണ ശക്തമായതോടെ അനുയോജ്യരായ വ്യക്തികളെ സമീപിച്ച് അതിനുവേണ്ട സഹായങ്ങള്‍ തേടി. തുടര്‍ന്ന് സെമിനാരിയില്‍ ചേര്‍ന്നു. പിന്നെ വൈദികപരിശീലനത്തിന്‍റെ വര്‍ഷങ്ങള്‍.

പരിശീലനകാലത്ത് ലിറ്റര്‍ജി അഥവാ ആരാധനക്രമം പഠിപ്പിക്കുന്ന വൈദികന്‍ ഒരിക്കല്‍ ചോദിച്ചു, ”എന്തിനാണ് നിങ്ങള്‍ വൈദികനാകുന്നത്?” ‘സുവിശേഷം പ്രഘോഷിക്കാന്‍’, ‘ദൈവത്തിനായി ജീവിക്കാന്‍’ തുടങ്ങി പല ഉത്തരങ്ങള്‍ വിദ്യാര്‍ത്ഥികളില്‍നിന്ന് വന്നു. എന്‍റെ മനസില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാനുള്ള ആഗ്രഹം നല്ലവണ്ണം ഉണ്ടായിരുന്നതിനാല്‍ ‘വിശുദ്ധ ബലി അര്‍പ്പിക്കാന്‍’ എന്നതായിരുന്നു ഞാന്‍ നല്കിയ ഉത്തരം. അന്ന് വൈദികന്‍ വ്യക്തമാക്കി, ‘അതാണ് ശരിയായ ഉത്തരം.’ കാരണം ഒരാള്‍ വൈദികനാകുന്നത് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാനാണ്. മറ്റുള്ള കാര്യങ്ങളെല്ലാം അതിന്‍റെ ഫലമായി സംഭവിക്കേണ്ടതാണ്. ആ സംഭവം എന്നില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തി.

കര്‍ത്താവ് അന്വേഷിക്കുന്നതെന്തിന്?

പരിശീലനകാലഘട്ടം കഴിഞ്ഞ് 2019 ഡിസംബര്‍ 27-നായിരുന്നു പൗരോഹിത്യാഭിഷേകം. അധികം താമസിയാതെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി പോകാനാണ് നിയോഗം ലഭിച്ചത്. ആന്ധ്രാപ്രദേശിലായിരുന്നു ശുശ്രൂഷകള്‍. ബലിപീഠത്തോടുചേര്‍ന്ന് ജീവിക്കാനും വൈദികനാകാനും കൊതിച്ചിരുന്നെങ്കിലും വിശുദ്ധ കുര്‍ബാനയുമായി ബന്ധപ്പെട്ട് അത്ര തീവ്രമായ ബോധ്യങ്ങളൊന്നും എനിക്കുണ്ടായിരുന്നില്ലെന്ന് പറയാം. അങ്ങനെയിരിക്കേ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലിന്‍റെ വാക്കുകള്‍ എന്നെ വളരെയധികം ആകര്‍ഷിച്ചു, ”നീ ദൈവാലയത്തില്‍ ഇരിക്കുക, കര്‍ത്താവ് നിന്നെ അന്വേഷിക്കുന്നു!”

എങ്കിലും എങ്ങനെയാണ് ദൈവാലയത്തില്‍ ഇരിക്കേണ്ടത് എന്ന ഒരു സംശയം മനസിലുണ്ടായിരുന്നു. അതിനുത്തരമായി മര്‍ക്കോസ് 3/13-15 വചനം ലഭിച്ചു. ”അവന്‍ മലമുകളിലേക്ക് കയറി തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേക്ക് വിളിച്ചു. അവര്‍ അവന്‍റെ സമീപത്തേക്ക് ചെന്നു. തന്നോടുകൂടെ ആയിരിക്കുന്നതിനും പ്രസംഗിക്കാന്‍ അയക്കുന്നതിനും പിശാചുക്കളെ ബഹിഷ്‌കരിക്കാന്‍ അധികാരം നല്കുന്നതിനുമായി അവന്‍ പന്ത്രണ്ടുപേരെ നിയോഗിച്ചു.” ആ വചനത്തിലൂടെ, ഈശോയോടുകൂടെ ആയിരിക്കുന്നതുവഴിയാണ് മറ്റ് നിയോഗങ്ങളെല്ലാം നിറവേറ്റാനുള്ള ശക്തി ലഭിക്കുക എന്ന ബോധ്യം എന്നില്‍ ശക്തമായി.

കൂടാതെ സിബി എന്ന അല്മായ സുവിശേഷകന്‍ കുറച്ചുനാള്‍ മിഷന്‍പ്രദേശത്ത് എനിക്കൊപ്പം താമസിക്കാനെത്തി. അദ്ദേഹം തീക്ഷ്ണമായ ദിവ്യകാരുണ്യഭക്തിയുള്ള ആളായിരുന്നു. തെല്ലും മടുപ്പില്ലാതെ മണിക്കൂറുകള്‍ പരിശുദ്ധ കുര്‍ബാനയ്ക്കുമുന്നിലിരുന്ന് പ്രാര്‍ത്ഥിക്കുന്ന അദ്ദേഹത്തോടൊപ്പം ഞാനും ഇരിക്കാന്‍ തുടങ്ങി. സ്തുതി, അനുതാപപ്രാര്‍ത്ഥനകള്‍, ആരാധനാഗാനങ്ങള്‍, മധ്യസ്ഥപ്രാര്‍ത്ഥനകള്‍, നന്ദിയര്‍പ്പണം തുടങ്ങി എല്ലാ ഘടകങ്ങളും ചേര്‍ന്നതായിരുന്നു അദ്ദേഹത്തിന്‍റെ ദിവ്യകാരുണ്യ ആരാധന. ആദ്യമൊക്കെ ഏറെ സമയം ഇരിക്കുമ്പോള്‍ വിരസത തോന്നിയെങ്കിലും ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ അതിന്‍റെ മാധുര്യവും ഫലങ്ങളുമെല്ലാം എനിക്കും അനുഭവമാകാന്‍ തുടങ്ങി. വരദാനങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ പ്രേരിപ്പിച്ചതും അദ്ദേഹമാണ്. അതേത്തുടര്‍ന്ന്, മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി പോകുമ്പോള്‍ ആ പ്രദേശങ്ങളിലേക്ക് ദിവ്യകാരുണ്യം വഹിച്ചുകൊണ്ട് പോകാന്‍ തുടങ്ങി. ദിവ്യകാരുണ്യനാഥനെ വഹിച്ച് പ്രാര്‍ത്ഥനയോടെയും ഒരുക്കത്തോടെയും സഞ്ചരിക്കാന്‍ ശ്രദ്ധിക്കും.

അതിശക്തന്‍ ദിവ്യകാരുണ്യം

അപ്രകാരം ഒരിക്കല്‍ ദിവ്യകാരുണ്യനാഥനൊപ്പം ഒരു വീട്ടില്‍ കയറിച്ചെന്നു. ഞാന്‍ കയറിയതേ ആ വീട്ടിലെ മുറിക്കകത്ത് ഉണ്ടായിരുന്ന സ്ത്രീ വിറയ്ക്കാന്‍ തുടങ്ങി. തുടര്‍ന്ന് അവള്‍ വല്ലാതെ അക്രമാസക്തയായി. ആ സമയത്ത് ഞാന്‍ ചോദിച്ചപ്പോള്‍ ദിവ്യകാരുണ്യം എന്താണെന്നുപോലും അറിയാത്ത ആ സ്ത്രീ പറഞ്ഞത് ഇങ്ങനെ, ”അത് ഈശോയാണ്!” ആ സംഭവം ദിവ്യകാരുണ്യശക്തിയുടെ മഹനീയതയെക്കുറിച്ച് എനിക്കും ഒരു തിരിച്ചറിവായിരുന്നു.
മറ്റൊരിക്കല്‍ അവിടത്തെ വിശ്വാസിസമൂഹം ധ്യാനത്തില്‍ സംബന്ധിച്ചുകൊണ്ടിരിക്കുന്ന സമയം. ധ്യാനഗുരുവായ വൈദികന്‍ എല്ലാവരോടും ദിവ്യകാരുണ്യത്തെ വന്നുവണങ്ങാന്‍ ആവശ്യപ്പെട്ടു. പൈശാചിക ആവാസമുള്ള സ്ത്രീയും ആ സമൂഹത്തിലുണ്ടായിരുന്നു. അവള്‍ ദിവ്യകാരുണ്യത്തെ സമീപിച്ചതേ ഷോക്കടിച്ചതുപോലെ തെറിച്ചുവീണു. അത് എല്ലാവര്‍ക്കും കണ്ണുതുറപ്പിക്കുന്ന അനുഭവമായിരുന്നു. അവരുടെയെല്ലാം ഹൃദയത്തില്‍ പരിശുദ്ധ കുര്‍ബാനയോടുള്ള ആദരവും ഭക്തിയും വര്‍ധിക്കാന്‍ ആ അത്ഭുതം കാരണമായി.

ഈ സ്ത്രീയുമായി ബന്ധപ്പെട്ട് മറ്റൊരു സംഭവംകൂടി പങ്കുവയ്ക്കാം. ആദ്യം പ്രാര്‍ത്ഥനയെല്ലാം നല്കി ഏതാണ്ട് വിമുക്തയായ അവള്‍ വീണ്ടും പൈശാചികസ്വാധീനത്തിലായി. ആ സമയത്ത് അവള്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ ചെന്നപ്പോള്‍ ദിവ്യകാരുണ്യം അടങ്ങിയ ചെപ്പ് അവളുടെ തലയില്‍ തൊടുവിച്ച് പ്രാര്‍ത്ഥിക്കാന്‍ ദൈവികപ്രേരണ. ഞാന്‍ അപ്രകാരം ചെയ്തു. പെട്ടെന്ന് ആ ചെപ്പിന് തിളയ്ക്കുന്നപോലെ ചൂട്! എന്‍റെമാത്രം തോന്നലാണോ എന്നറിയില്ലല്ലോ. അതിനാല്‍ കൂടെ വന്നിരുന്ന യുവാവിനെ വിളിച്ച് അതിലൊന്ന് തൊട്ടുനോക്കാന്‍ പറഞ്ഞു. തൊട്ടിട്ട് അവന്‍ പറയുകയാണ്, ‘കാളുതുന്തി’! പൊള്ളുന്നു!!

സാക്ഷാല്‍ ഈശോ വിശുദ്ധ കുര്‍ബാനയില്‍ സന്നിഹിതനാണ്. അവിടുത്തെ സാന്നിധ്യം നിറഞ്ഞുനില്‍ക്കുന്ന ദിവ്യകാരുണ്യം യോഗ്യതയോടെ സ്വീകരിച്ച് മുന്നോട്ടുപോകുമ്പോള്‍ ആ ശക്തി കാത്തുസൂക്ഷിക്കാന്‍ സാധിക്കും. എന്നാല്‍ അയോഗ്യതയോടെ സ്വീകരിക്കുകയോ അനാദരവോടെ മുന്നോട്ടുപോകുകയോ ചെയ്താല്‍ ദിവ്യകാരുണ്യത്തിലെ ഈശോയുടെ സാന്നിധ്യം വിട്ടുപോകുന്നതായും അനുഭവപ്പെട്ടിട്ടുണ്ട്. ഇത്തരം അനുഭവങ്ങള്‍ എന്‍റെ ദിവ്യകാരുണ്യഭക്തിയെ ബലപ്പെടുത്തുകയും വര്‍ധിപ്പിക്കുകയും ചെയ്യുന്നു. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടരുമ്പോള്‍ ശക്തി സ്വീകരിക്കുന്നത് ദിവ്യകാരുണ്യനാഥനില്‍നിന്നുതന്നെ.

Share:

ഫാ. പോള്‍ വെട്ടിക്കാട്ടില്‍

ഫാ. പോള്‍ വെട്ടിക്കാട്ടില്‍

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles