Home/Engage/Article

സെപ് 06, 2023 256 0 സ്റ്റെല്ല ബെന്നി
Engage

കരച്ചില്‍ ഒരു ബലഹീനതയോ?

തിരുവചനവെളിച്ചത്തില്‍ കരച്ചിലിനെ പരിശോധിക്കാം

യേശുവിന്‍റെ കുരിശുമരണത്തിന്‍റെയും പുനരുത്ഥാനത്തിന്‍റെയും സ്വര്‍ഗാരോഹണത്തിന്‍റെയും എല്ലാം ഓര്‍മകൊണ്ടാടലുകളിലൂടെ കടന്നുപോവുകയാണല്ലോ നാമിപ്പോള്‍. യേശുവിന്‍റെ കുരിശുമരണത്തിന്‍റെ സമയത്ത് ശിഷ്യസമൂഹം അനുഭവിക്കാന്‍ പോകുന്ന കഠിനമായ ദുഃഖങ്ങളുടെയും കരച്ചിലിന്‍റെയും വിലാപത്തിന്‍റെയും നാളുകളെകുറിച്ചും അതിനുശേഷം യേശുവിന്‍റെ ഉയിര്‍പ്പിലൂടെ സംജാതമാകാന്‍ പോകുന്ന അതിരില്ലാത്ത സന്തോഷത്തിന്‍റെ അനുഭവങ്ങളെക്കുറിച്ചും മുന്നറിവു നല്‍കിക്കൊണ്ട് യേശു തന്‍റെ ശിഷ്യന്മാരെ ഇപ്രകാരം ഉദ്ബോധിപ്പിച്ചു. “നിങ്ങള്‍ കരയുകയും വിലപിക്കുകയും ചെയ്യും. എന്നാല്‍ ലോകം സന്തോഷിക്കും. നിങ്ങള്‍ ദുഃഖിതരാകും. എന്നാല്‍ നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും. സ്ത്രീക്കു പ്രസവവേദന ആരംഭിക്കുമ്പോള്‍ അവളുടെ സമയം വന്നതുകൊണ്ട് അവള്‍ക്ക് ദുഃഖം ഉണ്ടാകുന്നു. എന്നാല്‍ ശിശുവിനെ പ്രസവിച്ചു കഴിയുമ്പോള്‍ ഒരു മനുഷ്യന്‍ ലോകത്തില്‍ ജനിച്ചതുകൊണ്ടുള്ള സന്തോഷം നിമിത്തം ആ വേദന പിന്നീടൊരിക്കലും അവള്‍ ഓര്‍മിക്കുന്നില്ല. അതുപോലെ ഇപ്പോള്‍ നിങ്ങളും ദുഃഖിതരാണ്. എന്നാല്‍ ഞാന്‍ വീണ്ടും നിങ്ങളെ കാണും. അപ്പോള്‍ നിങ്ങളുടെ ഹൃദയം സന്തോഷിക്കും. നിങ്ങളുടെ സന്തോഷം ആരും നിങ്ങളില്‍നിന്നും എടുത്തുകളയുകയുമില്ല” (യോഹന്നാന്‍ 16/20-22).

ഇത് രക്ഷാകരം

രക്ഷയുടെ സന്തോഷത്തിലേക്കും ആനന്ദത്തിലേക്കും നയിക്കുന്ന രക്ഷാകരമായ ദുഃഖത്തെക്കുറിച്ചും കണ്ണുനീരിനെക്കുറിച്ചുമാണ് മേല്‍പ്പറഞ്ഞ വരികളിലൂടെ ഈശോ തന്‍റെ ശിഷ്യന്മാര്‍ക്കും അവര്‍വഴി നമുക്കും വെളിപ്പെടുത്തിത്തരുന്നത്. കരയുന്നവരെ തീരെ കഴമ്പില്ലാത്തവരായും കരച്ചില്‍ വലിയൊരു ബലഹീനതയായും അത് മിക്കവാറുംതന്നെ സ്ത്രീവര്‍ഗത്തിന്‍റെ ഒരു സ്വഭാവപ്രത്യേകതയായും ഒക്കെയാണ് നമുക്ക് ചുറ്റുമുള്ള ലോകം മനസിലാക്കിയിരിക്കുന്നത്. കരഞ്ഞാലത് വലിയ മോശമാണ്. പൗരുഷമില്ലായ്മയുടെ തെളിവാണ് എന്നൊക്കെ ലോകര്‍ പറഞ്ഞുകേട്ടിട്ടുള്ളത് ഞാന്‍ ഓര്‍ക്കുന്നു. എന്നാല്‍ ജീവിതത്തില്‍ അനേകവട്ടം കരഞ്ഞിട്ടുള്ള ധീരന്മാരെയും ധീരകളെയും ദൈവവചനത്തിലൂടെ കടന്നുപോകുമ്പോള്‍ നമുക്ക് കണ്ടെത്തുവാന്‍ കഴിയും.

യേശുവിന്‍റെ കരച്ചില്‍

കരയുന്ന യേശുവിനെ വിശുദ്ധ ഗ്രന്ഥത്തില്‍ പലവട്ടം നമുക്ക് കണ്ടുമുട്ടുവാന്‍ കഴിയും. തന്‍റെ സ്നേഹിതനായ ലാസറിനെ ഉയിര്‍പ്പിക്കുവാന്‍ പോകുന്നതിന്‍റെ തൊട്ടുമുമ്പ് അവന്‍റെ ശവകുടീരത്തിന്‍റെ മുമ്പില്‍ നിന്നുകൊണ്ട് അവാച്യമായ നെടുവീര്‍പ്പുകളോടെ കണ്ണീര്‍ പൊഴിച്ചു പ്രാര്‍ത്ഥിക്കുന്ന യേശുവിനെ (യോഹന്നാന്‍ 11/35) നമുക്കെല്ലാവര്‍ക്കും വളരെ പരിചയമുണ്ട്.

അതുപോലെതന്നെ ദൈവത്തിന്‍റെ രക്ഷാകരമായ വഴികളെയെല്ലാം പിന്‍കാലുകൊണ്ട് തൊഴിച്ചെറിഞ്ഞ് തീവ്രമായ വേഗതയില്‍ നാശത്തിലേക്ക് കുതിച്ചുപാഞ്ഞുകൊണ്ടിരിക്കുന്ന ജറുസലേമിനെയും അതില്‍ വസിച്ചിരുന്ന സ്വന്തജനത്തെയും നോക്കി യേശു ഇപ്രകാരം വിലപിക്കുന്നു. “ജറുസലേം, ജറുസലേം, പ്രവാചകന്മാരെ കൊല്ലുകയും നിന്‍റെ അടുത്തേക്ക് അയക്കപ്പെടുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, പിടക്കോഴി കുഞ്ഞുങ്ങളെ ചിറകിന്‍കീഴില്‍ ചേര്‍ത്തുനിര്‍ത്തുന്നതുപോലെ നിന്‍റെ സന്താനങ്ങളെ ഒന്നിച്ചുചേര്‍ക്കുന്നതിന് ഞാന്‍ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു! പക്ഷേ നിങ്ങള്‍ സമ്മതിച്ചില്ല. ഇതാ നിങ്ങളുടെ ഭവനം പരിത്യക്തമായിരിക്കുന്നു…” (ലൂക്കാ 13/34-35).

ഗദ്സമനിയുടെ ഏകാന്തതയില്‍ ഒറ്റയ്ക്കായിരുന്നുകൊണ്ട് വരാന്‍പോകുന്ന പീഡാനുഭവങ്ങളെയോര്‍ത്ത് പര്യാകുലനായി പിതാവേ, കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്നും മാറ്റിത്തരണമേയെന്ന് കരഞ്ഞു യാചിക്കുന്ന യേശുവിന്‍റെ കരച്ചില്‍ ബലഹീനതയുടെ പ്രതീകമല്ല.

വീണ്ടുമതാ കാല്‍വരിയുടെ നെറുകയില്‍ കുരിശിന്മേല്‍ തൂങ്ങിക്കിടന്നുകൊണ്ട് “എന്‍റെ ദൈവമേ, എന്‍റെ ദൈവമേ എന്തുകൊണ്ടെന്നെ ഉപേക്ഷിച്ചു” എന്നു പറഞ്ഞുകൊണ്ട് ആര്‍ത്തനായി വിലപിക്കുന്ന യേശുവിന്‍റെ കരച്ചിലിന്‍റെ സ്വരവും നാം അനേകവട്ടം കേട്ടിട്ടുണ്ട്.

യേശുവിന്‍റെ മരണവും അത്യധികം വേദനാപൂര്‍ണമായിരുന്നു. “യേശു ഉച്ചത്തില്‍ കരഞ്ഞുകൊണ്ട് ജീവന്‍ വെടിഞ്ഞു” എന്നാണ് തിരുവചനങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. യേശു കരഞ്ഞ ഈ കരച്ചിലെല്ലാം ബലഹീനതയുടെ അടയാളമായിരുന്നോ?

വെളിപാടുകളിലെ യേശു!

യേശുവിന്‍റെ പരസ്യജീവിതം ഒരിക്കലും നേരില്‍ കാണാത്തവനും എന്നാല്‍ യേശുവിന്‍റെ പുനരുത്ഥാനത്തിനും സ്വര്‍ഗാരോഹണത്തിനുംശേഷം അവന്‍റെ യഥാര്‍ത്ഥ ജീവിതം വെളിപാടുകളിലൂടെ കണ്ടു ബോധ്യപ്പെട്ട് വിശ്വസിച്ചവനും ആയിരുന്നു വിജാതീയരുടെ അപ്പസ്തോലനായ പൗലോസ് ശ്ലീഹാ. അദ്ദേഹമാണ് തന്‍റെ പിതാവിന്‍റെ സന്നിധിയില്‍ തന്‍റെ രഹസ്യപ്രാര്‍ത്ഥനകളുടെ വേളകളില്‍ പലവട്ടം കണ്ണുനീരോടും വിലാപത്തോടുംകൂടി കരുണക്കുവേണ്ടി യാചിക്കുന്ന യേശുവിന്‍റെ മുഖം ലോകത്തിനു വെളിപ്പെടുത്തുന്നത്. വചനം ഇപ്രകാരം പറയുന്നു: “തന്‍റെ ഐഹികജീവിതകാലത്ത് ക്രിസ്തു മരണത്തില്‍നിന്നു തന്നെ രക്ഷിക്കുവാന്‍ കഴിവുള്ളവന് കണ്ണുനീരോടും വലിയ വിലാപത്തോടുംകൂടി പ്രാര്‍ത്ഥനകളും യാചനകളും സമര്‍പ്പിച്ചു. അവന്‍റെ ദൈവഭയംമൂലം അവന്‍റെ പ്രാര്‍ത്ഥന കേട്ടു. പുത്രനായിരുന്നിട്ടും തന്‍റെ സഹനത്തിലൂടെ അവന്‍ അനുസരണം അഭ്യസിച്ചു” (ഹെബ്രായര്‍ 5/7-8).

കരയുന്ന ഒരു പിതാവിന്‍റെ മുഖം നമുക്ക് വെളിപ്പെടുത്തിത്തരുന്നുണ്ട് പ്രവാചകനായ ഏശയ്യാ. പുത്രന് ദുഃഖമുണ്ടായാല്‍ പിതാവിനോടു പറയാം. പിതാവ് തന്‍റെ ദുഃഖം ആരോടു പറയും? കേള്‍ക്കാനും ആശ്വസിപ്പിക്കുവാനും ആരുമില്ലാതിരിക്കെ തന്‍റെതന്നെ സൃഷ്ടിയായ ആകാശത്തോടും ഭൂമിയോടും തന്‍റെ ദുഃഖം ഏറ്റുപറഞ്ഞ് കണ്ണീരൊഴുക്കി വിലപിക്കുന്ന ഒരു പിതാവിനെ ഏശയ്യാ പ്രവചനങ്ങള്‍ നമുക്ക് വെളിപ്പെടുത്തിത്തരുന്നു. “ആകാശങ്ങളേ ശ്രവിക്കുക, ഭൂതലമേ ശ്രദ്ധിക്കുക. കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഞാന്‍ മക്കളെ പോറ്റി വളര്‍ത്തി. എന്നാല്‍ അവര്‍ എന്നോടു കലഹിച്ചു. കാള അതിന്‍റെ ഉടമസ്ഥനെ അറിയുന്നു. കഴുത അതിന്‍റെ യജമാനന്‍റെ തൊഴുത്തും. എന്നാല്‍ ഇസ്രായേല്‍ ഗ്രഹിക്കുന്നില്ല; എന്‍റെ ജനം മനസിലാക്കുന്നില്ല” (ഏശയ്യാ 1/2-3).

മോശയും കരഞ്ഞവന്‍

അഭിഷിക്തനേതാവായ മോശ തന്‍റെ ശുശ്രൂഷാ ജീവിതത്തില്‍ പലവട്ടം കരഞ്ഞവനായിരുന്നു. മരുഭൂയാത്രയ്ക്കിടയിലും അനേകവട്ടം സത്യദൈവത്തെ പരിത്യജിച്ച് വിഗ്രഹാരാധനയിലും മറ്റു പല കഠിന പാപങ്ങളിലും തീവ്രതയോടെ മുഴുകിപ്പോയ ഇസ്രായേല്‍ ജനത്തെ ഒന്നാകെ മരുഭൂമിയില്‍വച്ച് നശിപ്പിക്കുവാനായി ദൈവം ഒരുമ്പെടുമ്പോള്‍ ദൈവത്തിനുമുമ്പില്‍ കൈ വിരിച്ചുപിടിച്ച് തടഞ്ഞുകൊണ്ട് ജനത്തിന്‍റെ പാപമോചനത്തിനുവേണ്ടി തന്‍റെ ജീവന്‍ പകരമായി തന്നുകൊള്ളാം എന്നുപറഞ്ഞ് കരഞ്ഞു പ്രാര്‍ത്ഥിക്കുന്ന ഒരു മോശയെ നമുക്ക് തിരുവചനങ്ങളില്‍ കണ്ടെത്തുവാന്‍ കഴിയും. മോശ ദൈവതിരുമുമ്പില്‍ ഇപ്രകാരം കരയുന്നു. “കര്‍ത്താവേ, അങ്ങ് കനിഞ്ഞ് അവരുടെ പാപം ക്ഷമിക്കണം; അല്ലെങ്കില്‍ അവിടുന്ന് എഴുതിയിട്ടുള്ള ജീവന്‍റെ പുസ്തകത്തില്‍നിന്ന് എന്‍റെ പേര് മായിച്ചുകളഞ്ഞാലും” (പുറപ്പാട് 32/32).

കരയുന്ന മോനിക്ക കാര്യപ്രാപ്തിയുള്ളവള്‍

അവിശ്വാസിയായ തന്‍റെ ഭര്‍ത്താവിന്‍റെ മാനസാന്തരത്തിനുവേണ്ടിയും ദുര്‍മാര്‍ഗിയായ തന്‍റെ മകന്‍റെ വീണ്ടെടുപ്പിനുവേണ്ടിയും അതോടൊപ്പംതന്നെ അവിശ്വാസികളായ ഇവരുടെ രണ്ടുപേരുടെയും മധ്യത്തില്‍ ഉള്ള തന്‍റെ വിശ്വാസജീവിതത്തിന്‍റെ നിലനില്‍പിനുവേണ്ടിയും നിരന്തരം നെഞ്ചുരുകി പ്രാര്‍ത്ഥിച്ചവള്‍! അവള്‍ പ്രാര്‍ത്ഥിച്ചതെല്ലാം നീണ്ട 18 വര്‍ഷത്തെ കണ്ണുനീര്‍ നിറഞ്ഞ യാത്രയ്ക്കൊടുവില്‍ ദൈവം അവള്‍ക്ക് സാധിച്ചുകൊടുത്തു. മകനും ഭര്‍ത്താവും മാനസാന്തരപ്പെട്ടു. അവിശ്വാസികളായ അവരുടെ മധ്യത്തില്‍ വിശ്വാസസ്ഥിരതയോടെ നിന്നു പോരാടി ജയിച്ച അവള്‍ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു. മകന്‍ അഗസ്റ്റിനും വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു. ഭര്‍ത്താവ് വിശുദ്ധനായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും പൂര്‍ണമാനസാന്തരം സംഭവിച്ചവനായിട്ടാണ് മരിച്ചത്. ഇതില്‍ ഏറ്റവും അതിശയകരമായ വസ്തുത എവിടെയെല്ലാം മോനിക്ക പുണ്യവതിയുടെ ചിത്രം അച്ചടിക്കപ്പെട്ടിട്ടുണ്ടോ അവിടെയെല്ലാം കൈയില്‍ തൂവാലയുമായി കരഞ്ഞു കണ്ണീര്‍ തുടച്ചുകൊണ്ടിരിക്കുന്ന ഒരമ്മയായിട്ടാണ് മോനിക്കയെ ചിത്രീകരിച്ചിരിക്കുന്നത്. ഈ കണ്ണുനീരിന്‍റെ പുത്രിയെ ദൈവം ഒരുനാളും കൈവിടുകയില്ല എന്ന മെത്രാനായ അംബ്രോസിന്‍റെ പ്രവചനം ആ കുടുംബത്തില്‍ നിറവേറി. ക്രിസ്തീയ ജീവിതത്തില്‍ കണ്ണുനീരില്ല എന്ന് ശാഠ്യം പിടിച്ച് വാദിക്കുന്നവരേ, ഒന്ന് ചിന്തിച്ചുനോക്കൂ. ഈ മോനിക്കയുടെ കണ്ണുനീര്‍ ഒരു ചപലതയോ പരാജയമോ ആയിരുന്നുവോ?

അമ്മമേരിയും രക്തക്കണ്ണുനീരിന്‍റെ പുത്രി

പരിശുദ്ധ അമ്മയുടെ ഏഴു കഠിന വ്യാകുലങ്ങളെക്കുറിച്ച് നാം വായിക്കാറും ധ്യാനിക്കാറുമുണ്ട്. ഈ ധ്യാനത്തിലൂടെ കടന്നുപോകുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. പരിശുദ്ധ അമ്മയുടെ രക്ഷാകര സഹനത്തിലുള്ള പങ്കുചേരല്‍ കേവലം കാല്‍വരിയിലെ കുരിശിന്‍ ചുവട്ടില്‍മാത്രം ഒതുങ്ങിനില്‍ക്കുന്നതായിരുന്നില്ല. ജീവിതത്തിലുടനീളം നീണ്ടുനില്‍ക്കുന്നതായിരുന്നു. മരണശേഷം മഹത്വീകൃതയായി സ്വര്‍ഗസീയോനിലേക്ക് എടുക്കപ്പെട്ടതിനുശേഷം സ്വര്‍ഗരാജ്ഞിയായി കിരീടം ധരിക്കപ്പെട്ടു വാഴുമ്പോഴും സഹരക്ഷകയായ അവള്‍ സഹിക്കുന്നവളും കണ്ണുനീരൊഴുക്കുന്നവളുമാണ്. ലോകത്തിന്‍റെ മാനസാന്തരത്തിനും രക്ഷയ്ക്കുംവേണ്ടി രക്തക്കണ്ണുനീരൊഴുക്കി പ്രാര്‍ത്ഥിക്കുന്ന പരിശുദ്ധ അമ്മയുടെ പല പ്രത്യക്ഷീകരണങ്ങള്‍ക്കും സഭയും ലോകവും ഇന്ന് സാക്ഷികളാണ്. ഇനിയും പറയൂ ഈ അമ്മയുടെ കണ്ണുനീര്‍ ഒരു ചപലതയോ ബലഹീനതയോ ആണോ?

ഇത് സഭയുടെ നഷ്ടം

സഭയ്ക്കിന്ന് ഏറെ നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനമായത് താന്‍ നയിക്കുന്ന ജനത്തിനുവേണ്ടി ജീവന്‍ ബലിയായി നല്‍കാന്‍ തയാറായി രക്തക്കണ്ണുനീരൊഴുക്കി മധ്യസ്ഥത വഹിക്കാന്‍ തയാറുള്ള മോശയെപ്പോലുള്ള മധ്യസ്ഥന്മാരെ സഭയ്ക്ക് നഷ്ടമായിരിക്കുന്നു എന്നുള്ളതാണ്. തന്നെ ദൈവമേല്‍പിച്ചിരിക്കുന്ന കുടുംബത്തിനുവേണ്ടി ദൈവം നിശ്ചയിക്കുന്ന നാള്‍വരെയും ദീര്‍ഘക്ഷമയോടെ കണ്ണുനീരൊഴുക്കി മധ്യസ്ഥത വഹിക്കാന്‍ തയാറുള്ള മോനിക്കമാരെ സഭയ്ക്കിന്ന് നഷ്ടമായിരിക്കുന്നു! കൂടാതെ പരിശുദ്ധാത്മാവിന്‍റെ സ്വരത്തിന് ചെവികൊടുക്കാനും അവിടുന്നു നയിക്കുന്ന ഇടുങ്ങിയ വഴികള്‍ ക്ലേശകരമെങ്കിലും അതു പിന്‍ചെല്ലുവാനും തയാറുള്ള വിശ്വാസവീരന്മാരെ സഭയ്ക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നു. എല്ലാവര്‍ക്കും സുഖത്തിന്‍റെയും ലൗകിക സന്തോഷത്തിന്‍റെയും വഴികള്‍തന്നെയാണ് പുല്‍കാനിഷ്ടം. ഈ തിരിച്ചറിവോടെ നമുക്ക് നമ്മുടെ ജീവിതങ്ങളെ പുനര്‍ക്രമീകരിക്കാം.

ദൈവവചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു: “ദൈവം ഞങ്ങള്‍ക്കു നല്‍കുന്ന സാന്ത്വനത്താല്‍ ഓരോ തരത്തിലുള്ള വ്യഥകളനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാന്‍ ഞങ്ങള്‍ ശക്തരാകേണ്ടതിനും, ഞങ്ങള്‍ ദൈവത്തില്‍നിന്നും അനുഭവിക്കുന്ന അതേ ആശ്വാസംതന്നെ അവരും അനുഭവിക്കേണ്ടതിനും അവിടുന്ന് ഞങ്ങളെ എല്ലാ ക്ലേശങ്ങളിലും സമാശ്വസിപ്പിക്കുന്നു. ക്രിസ്തുവിന്‍റെ സഹനങ്ങളില്‍ ഞങ്ങള്‍ സമൃദ്ധമായി പങ്കുചേരുന്നതുപോലെ ക്രിസ്തുവിന്‍റെ സമാശ്വാസത്തിലും ഞങ്ങള്‍ സമൃദ്ധമായി പങ്കുചേരുന്നു. ഞങ്ങള്‍ ക്ലേശങ്ങള്‍ അനുഭവിക്കുന്നെങ്കില്‍ അത് നിങ്ങളുടെ സമാശ്വാസത്തിനും രക്ഷയ്ക്കുംവേണ്ടിയാണ്; ഞങ്ങള്‍ക്ക് ആശ്വാസം ലഭിക്കുന്നെങ്കില്‍ അത് നിങ്ങളുടെ ആശ്വാസത്തിനുവേണ്ടിയാണ്; ഞങ്ങള്‍ സഹിക്കുന്ന പീഡകള്‍തന്നെ നിങ്ങളും ക്ഷമയോടെ സഹിക്കുന്നതിന് നിങ്ങള്‍ക്ക് ശക്തി ലഭിക്കുന്നതിനുവേണ്ടിയാണ്” (2 കോറിന്തോസ് 1/4-6).

സകല സമാശ്വാസങ്ങളുടെയും നാഥനായ ഉത്ഥിതനായ യേശു ഈ ഉയിര്‍പ്പിന്‍റെ നാളുകളില്‍ നമ്മെ എല്ലാവിധത്തിലും ആശ്വസിപ്പിച്ചു നയിക്കട്ടെ. എല്ലാവര്‍ക്കും ഹാപ്പി ഈസ്റ്റര്‍ – ആവേ മരിയ.

Share:

സ്റ്റെല്ല ബെന്നി

സ്റ്റെല്ല ബെന്നി

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles