Home/Evangelize/Article

ജനു 21, 2020 1937 0 Shalom Tidings
Evangelize

എന്നോടൊപ്പം ആയിരിക്കുക!

ഒരിക്കല്‍ ഞാന്‍ ഈശോയോട് ചോദിച്ചു, “ഒരു കൊന്ത ചൊല്ലുന്നതാണോ നാല് കൊന്ത ചൊല്ലുന്നതാണോ കൂടുതല്‍ ഫലം?” ഈശോ പറഞ്ഞു, “നാല്”. അപ്പോള്‍ എനിക്ക് പിന്നെയും ഒരു സംശയം, “ഈശോയേ, ഒരു കൊന്ത നല്ല ശ്രദ്ധയോടുകൂടി ചൊല്ലുന്നതാണോ, നാല് കൊന്ത അത്ര ശ്രദ്ധയില്ലാതെ ചൊല്ലുന്നതാണോ കൂടുതല്‍ ഫലം?” അപ്പോഴും യേശുവിന്‍റെ ഉത്തരം നാല് എന്നുതന്നെ. “എന്തുകൊണ്ടാണ് അങ്ങനെ?” വീണ്ടും എന്‍റെ ചോദ്യം.

യേശു പറഞ്ഞു, “ഇവിടെ എണ്ണത്തിനല്ല, എന്‍റെകൂടെ ഇരിക്കുന്ന സമയത്തിനാണ് പ്രാധാന്യം. സാധാരണയായി നീ ഒരു കൊന്ത ചൊല്ലാന്‍ എടുക്കുന്ന സമയം ഏതാണ്ട് 15 മിനിറ്റ് ആണ്. നാല് കൊന്ത ചൊല്ലാന്‍ എടുക്കുന്നത് ഒരു മണിക്കൂറോളവും. ഇത്രയും നേരം നീ ഞങ്ങളോടൊത്താണ് ഇരിക്കുന്നത്.

നീ ശ്രദ്ധിച്ചിട്ടുണ്ടോ, നമ്മള്‍ ആരോടൊത്താണോ കൂടുതല്‍ സമയം ചെലവിടുന്നത് അവരോട് നമുക്ക് വളരെ തീക്ഷ്ണമായ ഒരു ഹൃദയബന്ധം ഉണ്ടാവുക സ്വാഭാവികമാണ്. പ്രാര്‍ത്ഥനാവേളകള്‍ക്കപ്പുറത്തേക്കുള്ള എന്‍റെ സൗഹൃദം (സാന്നിധ്യം) നീ ഗൗരവമായി എടുക്കുന്നില്ല. എപ്പോഴും എന്നോടൊപ്പമായിരിക്കുന്ന സമയം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുക.”

ഈശോയുടെ നിര്‍ദേശം കേട്ടപ്പോള്‍ എനിക്ക് വിശുദ്ധ കൊച്ചുത്രേസ്യയുടെ വാക്കുകളാണ് ഓര്‍മ്മ വന്നത്, ‘നല്ല ദൈവത്തിന്‍റെ സഹായമില്ലാതെ നന്മ ചെയ്യാന്‍ സാധിക്കുകയില്ല എന്ന് ബോധ്യമായതുമുതല്‍ അവിടുത്തോട് സ്നേഹത്തില്‍ അധികമധികം ഒന്നായിത്തീരുക എന്നതാണ് ഏറ്റവും ആവശ്യമെന്നും ശേഷമെല്ലാം അതില്‍നിന്നും നേടാമെന്നും എനിക്ക് മനസിലായി.’

വിശ്വാസം, ശരണം, സ്നേഹം എന്നീ ദൈവികപുണ്യങ്ങള്‍ വേണമെങ്കില്‍ നാം ദൈവത്തോട് ചേര്‍ന്നിരിക്കണം. ഞാന്‍ ചിന്തിച്ചിരുന്നത് ഇതെല്ലാം കുറച്ച് നേരത്തെ എന്‍റെ പ്രാര്‍ത്ഥനകൊണ്ടുമാത്രം കിട്ടുന്ന ഒരു ‘സാധനം’ ആയിരിക്കും എന്നാണ്. പക്ഷേ അങ്ങനെയല്ല, അത് ഒരു അവസ്ഥയാണ്. നാം ദൈവത്തോടൊത്ത് ആയിരിക്കുമ്പോള്‍ കിട്ടുന്ന ഒരു അവസ്ഥ. മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം എന്ന് പറയുന്നതുപോലെ.

സാധാരണയായി ഞാന്‍ ഏറ്റവും കൂടുതല്‍ ദൈവത്തോടൊപ്പം ആയിരിക്കുന്ന ദിവസം വെള്ളിയാഴ്ച ആണ്. വെള്ളിയാഴ്ച ഞാന്‍ 9:30-ന് പള്ളിയില്‍ പോകും. വിശുദ്ധ കുര്‍ബാന, കുമ്പസാരം, വചനപ്രഘോഷണം, ആരാധന എന്നിവയിലെല്ലാം ഭക്തിപൂര്‍വം പങ്കു കൊള്ളും. ഉച്ചയ്ക്ക് 1:30 ആകുമ്പോഴാണ് തിരിച്ചുവരുക.
വീട്ടിലെത്തിയാല്‍ ടി.വി കണ്ടുകൊണ്ട് സുഭിക്ഷമായി ഭക്ഷണം കഴിക്കുന്നു. അതിനുശേഷം ഉച്ചയുറക്കം. പിന്നീട് മക്കള്‍ക്ക് നാലുമണി പലഹാരം ഉണ്ടാക്കുന്നു. വീട്ടിലുള്ളവരോടും ഫോണിലും ഒക്കെ കുറച്ച് നേരം സംസാരിക്കുന്നു. സന്ധ്യാപ്രാര്‍ത്ഥനക്കായി 20 മിനിറ്റ് ചെലവഴിക്കുന്നു, പിന്നെ രാത്രിഭക്ഷണം, ഉറക്കം.
അതേപ്പറ്റി യേശു പറഞ്ഞു, “ഇവിടെ നീ മാരകപാപമൊന്നും ചെയ്യുന്നില്ലെങ്കിലും ചില കാര്യങ്ങള്‍ക്ക് നമ്മുടെ ചില നല്ല പ്രവൃത്തികളുടെ ഫലം ഇല്ലാതാക്കാന്‍ കഴിയും. നിന്‍റെ പ്രവൃത്തികളില്‍ ദൈവസാന്നിധ്യസ്മരണ ഇല്ലാത്തതിനാല്‍ കൂദാശകള്‍വഴി കിട്ടിയ ദൈവിക അഭിഷേകം കുറയാന്‍ കാരണമാകും.”

എനിക്ക് തോന്നുന്നു, എസെക്കിയേല്‍ 47-ാം അധ്യായത്തില്‍ ദൈവാലയത്തില്‍നിന്നൊഴുകിയ നീര്‍ച്ചാല്‍ എന്ന് സൂചിപ്പിക്കുന്നത് കൂദാശകളില്‍ക്കൂടി നമുക്ക് കിട്ടുന്ന പരിശുദ്ധാത്മ അഭിഷേകത്തെയാണ് എന്നാണ്. ആദ്യം കണങ്കാല്‍വരെ, പിന്നെ മുട്ടോളം, അരയോളം, ഒടുവില്‍ നമ്മെ മൂടുന്ന അഭിഷേകം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഞാന്‍ അരയോളം അഭിഷേകത്തിലാണ് വന്നതെങ്കില്‍ രാത്രി ആകുമ്പോള്‍ കണങ്കാല്‍വരെയായി കുറഞ്ഞ് പോകുന്നു എന്ന് എനിക്ക് തോന്നി.
ഞാന്‍ ഈശോയോട് ചോദിച്ചു, “കൂദാശകളില്‍ക്കൂടി കിട്ടുന്ന അഭിഷേകം കുറയാതിരിക്കാന്‍ ഞാന്‍ എന്ത് ചെയ്യണം?”

“പ്രാര്‍ത്ഥനാവേളകള്‍ക്കപ്പുറത്തേക്കുള്ള എന്‍റെ സൗഹൃദം (സാന്നിധ്യം) നീ ഗൗരവമായി എടുക്കുന്നില്ല. മനസ് എപ്പോഴും ദൈവത്തില്‍ വയ്ക്കാന്‍ ശ്രമിക്കാത്തതാണ് നിന്‍റെ ആത്മീയ ശുഷ്കതയുടെ കാരണം. ഉദാഹരണത്തിന് നീ ഉച്ചയ്ക്ക് വീട്ടിലേക്ക് വരുമ്പോള്‍ എന്നോടുള്ള നന്ദി നിറഞ്ഞ ഹൃദയത്തോടെ ഭക്ഷണം കഴിക്കുക. ടിവി കാണാതെ ആശയടക്കം നടത്താം. ചില കറികള്‍ വേണ്ടെന്നുവച്ച് പരിത്യാഗ പ്രവൃത്തി ചെയ്യാം. ബൈബിള്‍ വായിച്ചുകൊണ്ട് ഉച്ചയുറക്കത്തിലേക്ക് പോകാം. എന്നോടുള്ള സ്നേഹത്തെപ്രതി കുട്ടികള്‍ക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കാം. വ്യര്‍ത്ഥമായ സംഭാഷണങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക, കുടുംബപ്രാര്‍ത്ഥന ഭക്തിപൂര്‍വ്വം ചൊല്ലുക… ഇങ്ങനെ നിരന്തരം ദൈവസാന്നിധ്യ സ്മരണയില്‍ ആയിരുന്നുകൊണ്ട് അഭിഷേകത്തില്‍ നിലനില്‍ക്കാന്‍ നിനക്ക് സാധിക്കും. ശ്രദ്ധ, മൗനം, ശാന്തത ഈ മൂന്ന് ഘടകങ്ങള്‍ ദൈവസാന്നിധ്യസ്മരണയില്‍ നിലനില്‍ക്കാന്‍ നിന്നെ സഹായിക്കും.”
ഞാന്‍ പറഞ്ഞു, “ഈശോയേ, എനിക്ക് ഈ മൂന്ന് ഗുണങ്ങളും ഇല്ല.” അപ്പോള്‍ യേശു തുടര്‍ന്നു, “പരിശുദ്ധാത്മാവിന്‍റെ ഫലങ്ങള്‍ കൊണ്ട് ജീവിതം ധന്യമാകണമെന്നുണ്ടെങ്കില്‍ പരിശുദ്ധാത്മാവിനോടൊപ്പം സമയം ചെലവഴിക്കുക. നീ കുറച്ചുനേരം പ്രാര്‍ത്ഥിച്ചു എന്ന് കരുതി നിന്‍റെ സ്വഭാവത്തിന് ഒരു മാറ്റവും വരില്ല.”

ഒരു ഉദാഹരണം പറയുകയാണെങ്കില്‍ വിശ്വാസം, ശരണം, ഉപവി എന്നീ ദൈവിക പുണ്യങ്ങള്‍ കുറച്ചെങ്കിലും എനിക്ക് കിട്ടിയത് മണിക്കൂറുകളോളം ദിവ്യകാരുണ്യ സന്നിധിയില്‍ ചെലവഴിച്ചതിന്‍റെ ഫലമായിട്ടാണ്. പരിശുദ്ധാത്മാവിന്‍റെ ഫലങ്ങള്‍ എന്നില്‍ കുറവാണ് എന്ന് തോന്നിയിട്ടുണ്ട്. അത് തീര്‍ച്ചയായും പരിശുദ്ധാത്മാവിനോടൊത്ത് സമയം ചെലവഴിക്കാത്തത് (അധികം പ്രാര്‍ത്ഥിക്കാത്തത്)കൊണ്ടാണെന്നും എനിക്ക് ഇപ്പോള്‍ മനസിലാവുന്നു. അതുകൊണ്ടാണ് തന്‍റെ കൂടെ നടന്ന ശിഷ്യന്മാരോടു പോലും യേശു പറഞ്ഞത്, “പരിശുദ്ധാത്മാവ് നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തി പ്രാപിക്കും. ജറുസലെമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്ക് സാക്ഷികളായിരിക്കുകയും ചെയ്യും” (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 1:8). പരിശുദ്ധാത്മാവിന്‍റെ ഫലങ്ങള്‍ ലഭിക്കണമെങ്കില്‍ പരിശുദ്ധാത്മാവിനോടൊത്തുള്ള സമയം വര്‍ധിപ്പിക്കുകതന്നെ വേണം.

യേശു വിശദീകരിച്ചു, “ഞങ്ങളോടൊപ്പം ആയിരിക്കുന്ന സമയം നീ വര്‍ദ്ധിപ്പിക്കുക. ഓരോ ദിവസത്തിനും അവസാനം ആത്മപരിശോധന നടത്താന്‍ ഞാന്‍ നിനക്ക് നാല് ഴീഹറലി ൂൗലശെേീി-െ സുവര്‍ണ ചോദ്യങ്ങള്‍- തരുന്നു:

1)  ഇന്ന് നീ ആരെക്കുറിച്ചാണ് ഏറ്റവും കൂടുതല്‍ ചിന്തിച്ചത്?

2) ഇന്ന് നീ ആരോടാണ് അല്ലെങ്കില്‍ ആരെപ്പറ്റിയാണ് ഏറ്റവും കൂടുതല്‍ സംസാരിച്ചത്?

3) ഇന്ന് നീ ആര്‍ക്കുവേണ്ടിയാണ് ജോലി ചെയ്തത്?

4) ഇന്ന് നീ ആരോടൊപ്പമാണ് ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചത്?

ഈ നാല് ചോദ്യങ്ങള്‍ക്കും ദൈവം (പരിശുദ്ധത്രിത്വം) എന്നാണ് ഉത്തരമെങ്കില്‍ ആ ദിവസം അനുഗ്രഹിക്കപ്പെട്ടതാണ്.”

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles