Home/Engage/Article

നവം 16, 2023 200 0 Fr Biju Vallipparambil V C
Engage

‘ആര്‍ത്തി’യുള്ള സ്ത്രീ അനുഗ്രഹിക്കപ്പെട്ടപ്പോള്‍…

ദരിദ്രമായ ചുറ്റുപാടുകളില്‍നിന്ന് സ്ഥിരമായി പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ വന്നിരുന്ന സ്ത്രീയുടെ അനുഭവം.

എക്കാലവും ഓര്‍മ്മയില്‍ സൂക്ഷിക്കാനുതകുന്ന ചില അനുഭവസാക്ഷ്യങ്ങളുണ്ട് കെനിയയിലെ ഞങ്ങളുടെ ധ്യാനകേന്ദ്രവുമായി ബന്ധപ്പെട്ട്. സ്വാഹിലി ഭാഷയാണ് അവിടെ പ്രചാരത്തിലുള്ളത്, ഒപ്പം ഇംഗ്ലീഷും. രണ്ട് ഭാഷകളിലുമായി ശുശ്രൂഷകള്‍ നയിക്കും. അവിടെ വന്നിരുന്ന ഒരു സാധാരണ സ്ത്രീയുടെ അനേകരെ പ്രചോദിപ്പിക്കത്തക്കതാണ്. ദരിദ്രമായ ചുറ്റുപാടുകളില്‍നിന്നാണ് അവര്‍ വന്നിരുന്നത്.

മൂന്ന് മക്കളായിരുന്നു അവര്‍ക്ക്. പലപ്പോഴും വീട്ടില്‍ ഭക്ഷണംപോലും ഉണ്ടാവുകയില്ല. പക്ഷേ അവര്‍ ഭക്ഷണമോ മറ്റ് സഹായങ്ങളോ ഒരിക്കലും ചോദിക്കാറില്ല. നിര്‍ബന്ധമായും വചനം വേണം. അവിടത്തെ കൂട്ടായ്മയില്‍ വരുന്നവര്‍ക്ക് ഒരു മാസത്തേക്കുള്ള വചനസന്ദേശം നല്കുന്ന പതിവുണ്ട്. മക്കളെ ഇരുത്തി ആ വചനമെല്ലാം ഉറക്കെ വായിക്കും. മറ്റുള്ളവര്‍ കേട്ടാല്‍ എന്തു വിചാരിക്കും എന്നൊന്നും ചിന്തിക്കുന്ന ചഞ്ചലചിത്തയായിരുന്നില്ല ആ സ്ത്രീ, വിശ്വാസധീരയായിരുന്നു. ദൈവവചനത്തോട് അവര്‍ക്ക് വലിയ ആര്‍ത്തിയായിരുന്നു.

മക്കള്‍ വളരെ ചെറുതായിരുന്നപ്പോള്‍ മുതല്‍ ശനിയാഴ്ചകളില്‍ പ്രാര്‍ത്ഥനാകൂട്ടായ്മക്ക് വരും. മക്കള്‍ക്ക് ഭക്ഷണമായും മരുന്നായുമെല്ലാം നല്കിയിരുന്നത് വചനമാണ് എന്നാണ് അവര്‍ പറയുന്നത്. അതായത് ഭക്ഷണമില്ലെങ്കിലും വചനം ഉറക്കെ വായിച്ച് പ്രാര്‍ത്ഥിക്കുന്നത് മുടക്കുകയില്ല. അപ്പോള്‍ ഏതെങ്കിലും വഴിയിലൂടെ ഭക്ഷണം ലഭിക്കും. ചിലപ്പോള്‍ മറ്റാര്‍ക്കും ജോലിയില്ലാത്തപ്പോഴും അവര്‍ക്ക് ജോലി ശരിയാകും. മരുന്ന് വാങ്ങാന്‍ പണമുണ്ടായിരുന്നില്ല, പകരം വചനമായിരുന്നു മരുന്ന്. അങ്ങനെ അവരുടെ അനുദിനജീവിതത്തില്‍ അവര്‍ ദൈവപരിപാലന കണ്ടുകൊണ്ടിരുന്നു.

ഏശയ്യാ 30/19- “ജറുസലെമില്‍ വസിക്കുന്ന സീയോന്‍ജനമേ, ഇനിമേല്‍ നീ കരയുകയില്ല; നിന്‍റെ വിലാപസ്വരം കേട്ട് അവിടുന്ന് കരുണ കാണിക്കും; അവിടുന്ന് അതുകേട്ട് നിനക്ക് ഉത്തരമരുളും.” ഏശയ്യാ 22/22- “ദാവീദുഭവനത്തിന്‍റെ താക്കോല്‍ അവന്‍റെ തോളില്‍ ഞാന്‍ വച്ചുകൊടുക്കും. അവന്‍ തുറന്നാല്‍ ആരും അടയ്ക്കുകയോ അവന്‍ അടച്ചാല്‍ ആരും തുറക്കുകയോ ഇല്ല.” ഫിലിപ്പി 4/19- “എന്‍റെ ദൈവം തന്‍റെ മഹത്വത്തിന്‍റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്കും.” ഈ വചനങ്ങളൊക്കെ വചനസന്ദേശമായി കൊടുത്തത് ഞാന്‍ ഓര്‍ക്കുന്നുണ്ട്.

പിന്നീട് ആ സ്ത്രീ പങ്കുവച്ചത് ഇങ്ങനെയാണ്. മക്കള്‍ വലുതായപ്പോള്‍ അവര്‍ക്ക് വചനം വായിച്ച് പ്രാര്‍ത്ഥിക്കാന്‍ മടി. അമ്മ പക്ഷേ നിലപാടുകളില്‍ അല്പംപോലും അയവുവരുത്തിയില്ല. വചനമില്ലെങ്കില്‍ വൈകിട്ട് ഭക്ഷണമില്ലെന്ന് മക്കളോട് പറഞ്ഞു. അങ്ങനെ അവരെ വചനത്തില്‍നിന്ന് അകന്നുപോകാതെ കാത്തു. അവരുടെ ഉറച്ച നിലപാട് നമുക്കെല്ലാം നല്ല മാതൃകയാണെന്ന് എനിക്ക് തോന്നി.

വളര്‍ന്നപ്പോള്‍ മക്കളെല്ലാം അനുഗ്രഹിക്കപ്പെടുന്നതാണ് കണ്ടത്. രണ്ട് മക്കള്‍ക്ക് യൂറോപ്പില്‍ ജോലി ലഭിച്ചു. ഒരാള്‍ക്ക് കെനിയയില്‍ത്തന്നെ സര്‍വേയറായി ജോലി കിട്ടി. അങ്ങനെ കുടുംബം മുഴുവന്‍ ഭൗതികമായും അനുഗ്രഹിക്കപ്പെട്ടു. ജീവിതത്തിന് അര്‍ത്ഥമുണ്ടായത് വചനംവഴിയാണ് എന്നാണ് ആ സ്ത്രീയുടെ സാക്ഷ്യം.

ഒരു പ്രത്യേക അനുഗ്രഹവും അവര്‍ പങ്കുവച്ചു. പലപ്പോഴും അവര്‍ വാഹനങ്ങളൊക്കെ നോക്കിനില്‍ക്കാറുണ്ട്. തനിക്കും ഒരു കാര്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുമുണ്ട്. അങ്ങനെയിരിക്കേ ഒരിക്കല്‍ അവരെ മകന്‍ കാര്‍ ഷോറൂമിലേക്ക് കൊണ്ടുപോയി. അധികം വിദ്യാഭ്യാസമൊന്നുമില്ലാത്ത സ്ത്രീയാണ് അവര്‍. കാറുകളെക്കുറിച്ചോ അവയുടെ പ്രത്യേകതകളെക്കുറിച്ചോ ഒന്നും അവര്‍ക്കറിഞ്ഞുകൂടാ. പക്ഷേ അവിടെ കണ്ട ഒരു കാര്‍ അവരെ വളരെ ആകര്‍ഷിച്ചു. അതില്‍ത്തന്നെ അവര്‍ നോക്കി നിന്നു. അത് കിട്ടിയിരുന്നെങ്കില്‍ എന്നൊക്കെ മനസില്‍ ഒരു കൊതിയോടെ.

കുറച്ച് കഴിഞ്ഞപ്പോള്‍ മകന്‍ ചില പേപ്പറുകള്‍ കൊണ്ടുവന്ന് ഒപ്പിട്ടുവാങ്ങി. അവര്‍ക്കൊന്നും അറിയില്ലെങ്കിലും മകന്‍ പറഞ്ഞതുപോലെ എല്ലാം ചെയ്തു. അല്പം കഴിഞ്ഞപ്പോഴാണ് കാര്യം മനസിലായത്. അമ്മയ്ക്ക് പിറന്നാള്‍സമ്മാനമായി കാര്‍ നല്കാനാണ് മകന്‍ വിളിച്ചുകൊണ്ടുപോയത്! ആ സ്ത്രീ ഏത് കാര്‍ ആഗ്രഹിച്ചോ ആ കാര്‍തന്നെ മകന്‍ സമ്മാനിക്കുകയും ചെയ്തു!

ആ സ്ത്രീയുടെ ഉറച്ച സാക്ഷ്യം കേള്‍ക്കുമ്പോള്‍ നമ്മുടെ കണ്ണുകള്‍ നിറയും. അവര്‍ വചനത്തില്‍ ഉറച്ചുനിന്നു. വിചാരിച്ച കാര്യം നടക്കാതെവന്നാലും അവര്‍ വചനം ഉപേക്ഷിക്കുമായിരുന്നില്ല. അതിനാല്‍ അവര്‍ വിചാരിച്ചതുപോലെയോ വിചാരിച്ച സമയത്തോ അല്ലെങ്കിലും സജീവമായ വചനം അവരുടെ ജീവിതത്തില്‍ ഫലം നല്കിക്കൊണ്ടേയിരുന്നു. വചനം വിത്തുപോലെയാണ്. അതിന് അതിന്‍റേതായ സമയമുണ്ട്. സമയമാകുമ്പോള്‍ അത് നീണ്ടുനില്ക്കുന്ന ഫലം പുറപ്പെടുവിക്കും.

 

Share:

Fr Biju Vallipparambil V C

Fr Biju Vallipparambil V C

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles