Home/Evangelize/Article

സെപ് 30, 2023 469 0 ആന്‍സിമോള്‍ ജോസഫ്
Evangelize

അമ്മയുടെ അടുത്തു പോയ രണ്ടുവയസുകാരി

ഒരു കൊച്ചുകുഞ്ഞ് വീടിന്‍റെ ജനാലയില്‍ ഇരുന്ന് കളിക്കുകയായിരുന്നു. കുഞ്ഞിനെ പരിപാലിക്കുന്ന പെണ്‍കുട്ടിയും ഒപ്പമുണ്ട്. ആ ഉയര്‍ന്ന ജനാലയിലൂടെ നോക്കിയാല്‍ നഗരം മുഴുവന്‍ കാണാന്‍ സാധിക്കും. നയനമനോഹര നഗരകാഴ്ചകളില്‍ ഹരംപിടിച്ചിരിക്കുകയാണ് ആ രണ്ടു വയസുകാരി. ഒരുനിമിഷം, അവളുടെ സഹായി കുഞ്ഞിന്‍റെ അരികില്‍നിന്ന് തെല്ലൊന്നു മാറി. അപ്പോഴേക്കും ആ പിഞ്ചുകുഞ്ഞ് ജനാലയില്‍നിന്നും വഴുതി താഴെ മുറ്റത്തേക്കു പതിച്ചു. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി ഓടിയെത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. വേറെ ആരും അവിടെയില്ല. മാതാപിതാക്കളാകട്ടെ, കുഞ്ഞിനെ പെണ്‍കുട്ടിയെ ഏല്പിച്ചിട്ട് പുറത്തുപോയിരിക്കുകയായിരുന്നു. ഇനിയെന്തുചെയ്യും..? ആ പെണ്‍കുട്ടി ആകമാനം വിറച്ചുനിന്നു…

അവളുടെ ഉച്ചത്തിലുള്ള നിലവിളികേട്ട് അയല്‍ക്കാര്‍ ഓടിയെത്തി, പെട്ടെന്നുതന്നെ അവിടം ജനനിബിഡമായി. വിവരമറിഞ്ഞ് മാതാപിതാക്കളും പറന്നെത്തി. ചോരവാര്‍ന്ന് നിശ്ചലമായി കിടക്കുന്ന തങ്ങളുടെ പൊന്നോമനക്കുഞ്ഞിനെ അവര്‍ വാരിയെടുത്തു നെഞ്ചോടണച്ചു. തകര്‍ന്നുപോയിരുന്നു ആ പിഞ്ചു ശരീരം. ഇല്ല, ഇനി കാണില്ല, അവളുടെ മധുവൂറുന്ന പുഞ്ചിരി… മനംകവരുന്ന കൊഞ്ചലുകളും കുഞ്ഞുവര്‍ത്തമാനങ്ങളും എന്നെന്നേക്കുമായി അവസാനിച്ചിരിക്കുന്നു… അവര്‍ക്ക് സങ്കടവും കോപവും അടക്കാന്‍ കഴിഞ്ഞില്ല.

പക്ഷേ, യാഥാര്‍ത്ഥ്യം അംഗീകരിച്ചല്ലേ പറ്റൂ. കണ്ണുനീരിനിടയിലും അവര്‍ കുട്ടിയെ വെള്ളത്തുണികൊണ്ട് പൊതിഞ്ഞു, ശിരസില്‍ ചെറിയ പുഷ്പകിരീടവും അണിയിച്ചു.

പോളണ്ടിലെ കസിമീറോയിലുള്ള മസിജിന്‍റെയും ജാഡ്വിക ക്ലിംസകിന്‍റെയും മകളാണ് മരണപ്പെട്ട ഏമ എന്ന രണ്ടു വയസുകാരി. പരിശുദ്ധ ദൈവമാതാവിന്‍റെ വലിയ ഭക്തരാണ് ഏമയുടെ മാതാപിതാക്കള്‍; പ്രത്യേകിച്ചും പോളണ്ടിന്‍റെ സ്വര്‍ഗീയ രാജ്ഞിയും പ്രത്യേക മധ്യസ്ഥയുമായ ഷെസ്റ്റോകോവ മാതാവിന്‍റെ.

ഷെസ്റ്റോകോവയിലെ പരിശുദ്ധ ദൈവമാതാവിന്‍റെ (ഛൗൃ ഘമറ്യ ീള ഇ്വലീരെേവീംമ) ഒരു ഫോട്ടോകാര്‍ഡ് കുഞ്ഞിന്‍റെ ചലനമറ്റ കരങ്ങളില്‍ മാതാപിതാക്കള്‍ വച്ചു. അതിനുശേഷം ഇരുവരും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടി പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു. ആ രാത്രി മുഴുവന്‍ അല്പംപോലും ഉറങ്ങാതെ അവര്‍ തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. കാഴ്ചമറയ്ക്കുന്ന കണ്ണുനീര്‍ പ്രവാഹത്തിനിടയിലൂടെയും കുഞ്ഞിന്‍റെ കരങ്ങളിലെ പരിശുദ്ധ അമ്മയുടെ രൂപത്തിലേക്ക് പ്രത്യാശയോടെ നോക്കി അവര്‍ പ്രാര്‍ത്ഥന തുടര്‍ന്നു.

പെട്ടെന്ന് വലിയൊരു ഉള്‍പ്രേരണ ലഭിച്ചാലെന്നതുപോലെ ആ മാതാപിതാക്കള്‍ ഉച്ചത്തില്‍ നിലവിളിച്ചു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി: “ഷെസ്റ്റോകോവയിലെ ഞങ്ങളുടെ പരിശുദ്ധ അമ്മേ, അമ്മയെ വിളിച്ചപേക്ഷിക്കുന്നവരെ അമ്മ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലെന്ന് ഞങ്ങള്‍ക്കറിയാം. മരണപ്പെട്ടുപോയ അനേകരെ അമ്മയുടെ സ്നേഹത്താല്‍ അമ്മ ജീവനിലേക്ക് മടക്കിക്കൊണ്ടുവന്നിട്ടുണ്ടല്ലോ. അമ്മ ഞങ്ങളെയും കൈവിടില്ല, ഞങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് അമ്മ ഉത്തരം നല്കുകതന്നെ ചെയ്യും എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.” ഈ പ്രാര്‍ത്ഥന വലിയ വിശ്വാസത്തോടെ അവര്‍ ആവര്‍ത്തിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. കുഞ്ഞിനെ നഷ്ടപ്പെട്ട ദു:ഖം അവരെ വിഭ്രാന്തിയിലാഴ്ത്തിയോ എന്നുപോലും കണ്ടുനിന്നവര്‍ക്ക് തോന്നിപ്പോയി. അത്ര തീവ്രമായിരുന്നു അവരുടെ നിലവിളിയും പ്രാര്‍ത്ഥനയും.

പരിശുദ്ധ അമ്മയുടെ മധ്യസ്ഥത മരിച്ചവരെ ഉയിര്‍പ്പിക്കാന്‍തക്കവിധം ശക്തമാണെന്ന് പോളണ്ടുകാര്‍ വിശ്വസിച്ചിരുന്നു. കഴിഞ്ഞകാല അനുഭവങ്ങള്‍ ഏമയുടെ മാതാപിതാക്കളുടെ വിശ്വാസം ബലപ്പെടുത്തി. തങ്ങളുടെ ദൃഢമായ വിശ്വാസം മുറുകെപ്പിടിച്ചുകൊണ്ട് ആ മാതാപിതാക്കള്‍ ഏമയുടെ മൃതദേഹം തങ്ങളുടെ വാഹനത്തിലെടുത്തുവച്ച് യാത്രയായി; ഷെസ്റ്റോക്കോവ മാതാവിന്‍റെ തീര്‍ത്ഥാടനകേന്ദ്രം നിലകൊള്ളുന്ന ജാസ്നഗോരയിലേക്ക്. അവരുടെ നടപടിയെ അനേകര്‍ എതിര്‍ത്തു, കുഞ്ഞിന്‍റെ മൃതദേഹം എത്രയും വേഗം സംസ്കരിക്കണമെന്ന് ബഹളംവച്ചു. എന്നാല്‍ മറ്റൊരുഭാഗം ആ മാതാപിതാക്കളുടെ വിശ്വാസത്തെ പിന്തുണച്ചു, കൂടെ നിന്നു.

ഹൃദയംനുറുങ്ങുന്നതായിരുന്നു ആ വിലാപയാത്ര. രണ്ടു-മൂന്നു ദിനരാത്രങ്ങള്‍ പിന്നിട്ടെങ്കിലും ഏമയുടെ മൃതദേഹത്തില്‍ ജീവന്‍റെ കണികപോലും കാണപ്പെട്ടില്ല. ഭക്ഷണവും ഉറക്കവുമില്ലാത്ത യാത്ര മാതാപിതാക്കളെ വല്ലാതെ തളര്‍ത്തി. എങ്കിലും വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥനയല്ലാതെ മറ്റൊരുവാക്കുപോലും അവര്‍ ഉരുവിട്ടിരുന്നില്ല.

നാലാം ദിവസത്തിലേക്ക് പ്രവേശിക്കുമ്പോഴും പരിശുദ്ധ അമ്മയുടെ ദൈവാലയത്തിലേക്കുള്ള യാത്രയുടെ പകുതിയോളമേ അവര്‍ പിന്നിട്ടിരുന്നുള്ളൂ. എന്നിട്ടും അവര്‍ മുമ്പോട്ടുതന്നെ പോയി. പെട്ടെന്ന് ഏമയുടെ ശരീരം ചലിക്കാനാരംഭിച്ചു. ഉടന്‍ വാഹനം നിര്‍ത്തി, ഞെട്ടലോടെ എല്ലാവരും കുഞ്ഞിനെ സൂക്ഷിച്ചുനോക്കി. അതാ അവള്‍ കുഞ്ഞിക്കണ്ണുകള്‍ തുറക്കുന്നു. അതെ, കുഞ്ഞ് ഏമ ജീവനോടെ എഴുന്നേറ്റിരുന്നു. ആര്‍ക്കും സ്വനേത്രങ്ങളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഏമയുടെ മാതാപിതാക്കള്‍ ആവേശത്തോടെ കുഞ്ഞിനെ വാരിപ്പുണര്‍ന്നു, ദൈവത്തിനും പരിശുദ്ധ അമ്മയ്ക്കും ഉച്ചത്തില്‍ നന്ദിപറഞ്ഞു. തങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും കണ്ണുനീരിനും ഉത്തരം നല്കിയ പരിശുദ്ധ ദൈവമാതാവിന് കൃതജ്ഞതയും സ്നേഹവും അര്‍പ്പിച്ചുകൊണ്ട് ദൈവമാതൃസ്തുതികള്‍ ആലപിക്കാനാരംഭിച്ചു.

കുഞ്ഞിന് ജീവന്‍ ലഭിച്ചെങ്കിലും അവര്‍ യാത്ര നിര്‍ത്തി വീട്ടിലേക്ക് തിരികെപോയില്ല; പരിശുദ്ധ അമ്മയുടെ തീര്‍ത്ഥാടനകേന്ദ്രത്തിലേക്കുതന്നെ യാത്ര തുടര്‍ന്നു. എന്നാല്‍ അത്, കണ്ണുനീരിന്‍റെയും നിലവിളിയുടെയുമല്ല, കൃതജ്ഞതാ സമര്‍പ്പണത്തിന്‍റെയും ആനന്ദഗീതങ്ങളുടെയും തീര്‍ത്ഥാടനമായി പരിണമിച്ചുവെന്നുമാത്രം. “അവിടുത്തെ ഭക്തരുടെമേല്‍ തലമുറകള്‍തോറും അവിടുന്ന് കരുണ വര്‍ഷിക്കും” (ലൂക്കാ 1/50) എന്ന പരിശുദ്ധ അമ്മയുടെ സ്തോത്രഗീതം അവിടെ യാഥാര്‍ത്ഥ്യമായി.

മക്കളുടെ അപേക്ഷകള്‍ക്ക് വാത്സല്യത്തോടെ ഉത്തരം നല്കുന്ന അമ്മയാണ് പരിശുദ്ധ ദൈവമാതാവ് എന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു 1598-ലെ ഈ സംഭവം. ഏതു പ്രതിസന്ധിയിലും പരിശുദ്ധ അമ്മയെ വിളിച്ചപേക്ഷിച്ചാല്‍, അത് എത്ര വലിയ പ്രശ്നമാണെങ്കിലും അമ്മ നമ്മെ സഹായിച്ചിരിക്കും. “അവര്‍ക്കു വീഞ്ഞില്ല,” എന്ന് അമ്മ ഈശോയോട് പറഞ്ഞ് അവശ്യമായത് ചെയ്തിരിക്കും (യോഹന്നാന്‍ 2/3). അത് പോളണ്ടുകാര്‍ക്ക് നന്നായറിയാം. നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട് ഷെസ്റ്റോകോവയിലെ പരിശുദ്ധ ദൈവമാതാവിന്‍റെ ചിത്രത്തിന്. സുവിശേഷകനായ വിശുദ്ധ ലൂക്കാ വരച്ചതാണ് ഈ ചിത്രമെന്ന പാരമ്പര്യവും നിലനില്ക്കുന്നു.
ഷെസ്റ്റോക്കോവയിലെ പരിശുദ്ധ ദൈവമാതാവിന്‍റെ ചിത്രത്തിന്‍റെ അത്ഭുതശക്തി പതിനൊന്നാം ക്ലമന്‍റ് മാര്‍പാപ്പ, 1717-ല്‍ ആധികാരികമായി അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ളതാണ്. വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ നഗരമായ ക്രാക്കോവില്‍ സ്ഥിതിചെയ്യുന്ന ഈ അത്ഭുതചിത്രത്തിനുമുമ്പില്‍, സമീപകാലങ്ങളില്‍ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമനെക്കൂടാതെ പാപ്പാ ബനഡിക്ട് പതിനാറാമനും ഫ്രാന്‍സിസ് മാര്‍പാപ്പയും പുഷ്പാര്‍ച്ചന നടത്തി പ്രാര്‍ത്ഥിച്ചിട്ടുണ്ട്.

എണ്ണമറ്റ അത്ഭുതങ്ങളാണ് നൂറ്റാണ്ടുകളായി ഈ അത്ഭുത ചിത്രത്തിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അവയെക്കുറിച്ചുള്ള വിവരണങ്ങള്‍ വായിക്കാം അടുത്ത ലക്കങ്ങളില്‍.

Share:

ആന്‍സിമോള്‍ ജോസഫ്

ആന്‍സിമോള്‍ ജോസഫ്

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles