Home/Encounter/Article

ജൂണ്‍ 11, 2024 172 0 ആന്‍ മരിയ ക്രിസ്റ്റീന
Encounter

അന്നത്തെ വേദനയ്ക്ക് ഈശോ നിര്‍ദേശിച്ച മരുന്ന്

കുറെ വര്‍ഷങ്ങള്‍ പിറകിലേക്കൊരു യാത്ര. നഴ്‌സായി ജോലി ചെയ്യുന്ന സമയം. നഴ്‌സിംഗ് ലൈസന്‍സ് പ്രത്യേക കാലപരിധിക്കുള്ളില്‍ പുതുക്കിയെടുക്കേണ്ട ഒരു രേഖയാണ്. ഓരോ തവണ ലൈസന്‍സ് പുതുക്കുമ്പോഴും നഴ്‌സുമാര്‍ ചില ക്ലാസ്സുകളിലും മറ്റും പങ്കെടുത്ത് ആവശ്യമായ മണിക്കൂറുകള്‍ നീക്കിവച്ച് അതിനു വേണ്ടുന്ന സി. എം .ഇ (കണ്ടിന്യൂയിങ് മെഡിക്കല്‍ എഡ്യൂക്കേഷന്‍) പോയിന്റുകളും കരസ്ഥമാക്കണം. ഓണ്‍ലൈന്‍ ആയോ അല്ലാതെയോ ഇവയില്‍ പങ്കെടുക്കാവുന്നതാണ്. പല നഴ്‌സുമാര്‍ക്കും ഇതിനു സാധിക്കാറില്ല എന്നത് ഒരു സത്യവുമാണ്.

അന്ന് ഞാന്‍ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വളരെ ക്ഷീണിതയായാണ് മുറിയില്‍ വന്നത്. കുളി കഴിഞ്ഞു കിടക്കാനൊരുങ്ങുമ്പോള്‍ മൊബൈലില്‍ ഒരു റിമൈന്‍ഡര്‍. ഇന്ന് ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കേണ്ടതാണ്. എങ്കിലേ ലൈസെന്‍സ് പുതുക്കലിന് ആവശ്യമായ പോയിന്റ് കിട്ടൂ. കിടക്കയില്‍ കിടക്കുന്ന ഞാന്‍ ഈശോയെ ദയനീയമായി നോക്കി. ഈശോക്കുള്ള പരാതിപ്പെട്ടി തുറന്നു. ‘ദേ ഈശോയേ, തല പൊങ്ങുന്നില്ല. എനിക്ക് എവിടെയും പോകാന്‍ വയ്യ. വേറെ ഒരു ക്ലാസ് എനിക്ക് വേണ്ടി ഒന്ന് അറേഞ്ച് ചെയ്‌തേക്കണേ.’ തലവഴി പുതപ്പു വലിച്ചിട്ട് ഞാന്‍ നിദ്രയിലേക്ക് ആഴ്ന്നിറങ്ങി.

അന്ന് വൈകിട്ട് ഒരു സുഹൃത്ത് എന്നെ കാണാന്‍ വന്നു. അവളുടെ കയ്യില്‍ ഒരു സര്‍ട്ടിഫിക്കറ്റും ഉണ്ടായിരുന്നു. എനിക്ക് നൈറ്റ് ഡ്യൂട്ടി ആയിരുന്നെന്നും കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും മനസ്സിലാക്കിയ അവള്‍ എന്നോടുള്ള നിഷ്‌കളങ്ക സ്‌നേഹത്തെ പ്രതി കോണ്‍ഫറന്‍സില്‍ പങ്കെടുത്തവരുടെ നെയിം ലിസ്റ്റില്‍ എന്റെയും പേരെഴുതിയത്രേ. കേട്ടപ്പോള്‍ എനിക്ക് പുതുമയൊന്നും തോന്നിയില്ല. കാരണം ഇതൊക്കെ പലയിടത്തും തനിയാവര്‍ത്തനങ്ങളായി കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതും ആണ്.

ജോലിയുടെ ക്ഷീണം നിമിത്തം കൂടുതല്‍ ഒന്നും സംസാരിക്കാതെ ഞാന്‍ വീണ്ടും വിശ്രമത്തിലായി. അവള്‍ സര്‍ട്ടിഫിക്കറ്റ് മുറിയില്‍ വച്ച് യാത്രയായി. ഏകദേശം അഞ്ചു നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ എനിക്ക് അതിതീവ്രമായ തലവേദന അനുഭവപ്പെടാന്‍ തുടങ്ങി. എത്ര ശ്രമിച്ചിട്ടും ഉറങ്ങാന്‍ കഴിയുന്നില്ല. വേദനസംഹാരികള്‍ കഴിച്ചു നോക്കി. യാതൊരു ശമനവുമില്ല. എന്താണ് പെട്ടെന്നൊരു തലവേദനക്ക് കാരണം എന്ന് മനസ്സിലായില്ല. അന്ന് രാത്രി ഒരു നിമിഷം പോലും കിടക്കാനോ ഉറങ്ങാനോ കഴിയാതെ തല ഒരു തുണി ഉപയോഗിച്ച് കെട്ടിവച്ചു മുറിയില്‍ നടന്നുകൊണ്ടേയിരുന്നു.

നേരം പുലരാറായപ്പോള്‍ ഈശോയുടെ അടുത്ത് എന്റെ പ്രിയപ്പെട്ട തിരുഹൃദയ രൂപത്തിന് മുന്‍പില്‍ ഞാന്‍ തളര്‍ന്നു കിടന്നു. ശരീരത്തിനും മനസിനുമെല്ലാം ഭാരം അനുഭവപ്പെടുന്നു. എന്തിനെന്നറിയാത്ത ഒരു വലിയ ദുഃഖം എന്റെ ആത്മാവില്‍ നിറഞ്ഞു. ഈശോയുടെ മുഖത്തേക്ക് നോക്കി കിടക്കുമ്പോള്‍ കണ്ണുകള്‍ അറിയാതെ നിറഞ്ഞൊഴുകി. ഈശോയുടെ സ്വരം ഞാന്‍ കേട്ടു, ”ആ സര്‍ട്ടിഫിക്കറ്റ് കീറിക്കളയുക. ഏറ്റുപറഞ്ഞു കുമ്പസാരിക്കുക.” തലവേദനയുടെ കാഠിന്യം പിന്നെയും കൂടിക്കൊണ്ടേയിരുന്നു. നിലത്തുനിന്ന് എങ്ങനെയോ എഴുന്നേറ്റ ഞാന്‍ ഈശോയുടെ മുന്‍പില്‍ വച്ചുതന്നെ സര്‍ട്ടിഫിക്കറ്റ് കീറിക്കളഞ്ഞു.

പെട്ടെന്നുതന്നെ ദൈവാലയത്തിലേക്ക് പോകാന്‍ ഒരുങ്ങി. ഈശോയോട് ഒരുപാട് തവണ മാപ്പു പറഞ്ഞുകൊണ്ടേയിരുന്നു. ദൈവാലയത്തില്‍ എത്തി പരിശുദ്ധ കുര്‍ബ്ബാനക്ക് മുന്‍പ് വൈദികനോട് എന്റെ തെറ്റ് ഏറ്റുപറഞ്ഞു കുമ്പസാരിച്ചു. തലവേദന അല്പം കുറയുന്നതുപോലെ അനുഭവപ്പെട്ടു. തിരിച്ച് മുറിയില്‍ വന്നപ്പോള്‍ വേദനയില്‍ അല്പം കുറവ് അനുഭവപ്പെട്ടതല്ലാതെ തലവേദന വിട്ടുമാറുന്നില്ല. ഈശോയോട് അല്പം പിണക്കം തോന്നി. ഈശോ പറഞ്ഞത് അക്ഷരംപ്രതി അനുസരിച്ചതിന്റെ ഗമയില്‍ നില്‍ക്കുമ്പോഴാണ് അടുത്ത ഡയലോഗ് വരുന്നത്.
ഈശോയുടെ ഡിമാന്‍ഡ് പലപ്പോഴും ഭീകരമായി തോന്നാറുണ്ട്. അവനെ സ്‌നേഹിക്കുന്നവരോട് കുറച്ചു കൂടുതല്‍ ആയിരിക്കും എന്ന് വേണമെങ്കില്‍ പറയാം. ഉടനെ കൂട്ടുകാരിയെ വിളിക്കുകയും അവളോട് കുമ്പസാരിക്കാന്‍ പറയുകയും ചെയ്യുക എന്നുള്ളതാണ് രണ്ടാമത്തെ ടാസ്‌ക്.

ഈശോക്ക് എന്തിനാ ഇത്രയ്ക്ക് വാശി എന്നുള്ള മട്ടില്‍ ഞാന്‍ ഒരല്പം കലിപ്പ് കാണിച്ചു. പക്ഷേ തലവേദന കാരണം വേറെ നിവൃത്തിയില്ലാതായി. ഫോണില്‍ സുഹൃത്തിനെ വിളിച്ചു. അവളുടെ നിഷ്‌കളങ്കസ്‌നേഹത്തിന് ഈശോ തന്ന സ്‌നേഹസമ്മാനത്തെക്കുറിച്ച് വിവരിച്ചു. ഫോണിന്റെ മറുതലയില്‍ കരച്ചില്‍ കേള്‍ക്കാം. അല്‍പസമയത്തിനുള്ളില്‍ത്തന്നെ അവള്‍ എൻ്റെ മുറിയില്‍ വന്നു. തല കെട്ടിവച്ചു കിടക്കുന്ന എന്നെയും തിരുഹൃദയ ഈശോയെയും അവള്‍ മാറി മാറി നോക്കിക്കൊണ്ടു കണ്ണീര്‍ വാര്‍ത്തു. സമയം ഉച്ചയായി. ഇനി പരിശുദ്ധ കുര്‍ബ്ബാന വൈകുന്നേരം മാത്രമേ ഉള്ളൂ. അതിനാല്‍ അവള്‍ എന്റെ മുറിയില്‍ ഈശോയുടെ അടുത്ത് സമയം ചെലവഴിച്ചു. സമയമായപ്പോള്‍ അവള്‍ ദൈവാലയത്തിലേക്ക് പോയി. കുമ്പസാരിച്ച് ഒരുക്കത്തോടെ ഈശോയെ സ്വീകരിച്ചു.

ദൈവാലയത്തിലേക്ക് പോകും മുന്‍പ് അവളോട് ഞാന്‍ ഒരു കാര്യം സൂചിപ്പിച്ചിരുന്നു. കുമ്പസാരം കഴിയുമ്പോള്‍ സമയം എത്രയെന്ന് നോക്കി എന്നോട് പറയണം. അവള്‍ ദൈവാലയത്തില്‍ ആയിരുന്ന സമയം ഞാന്‍ മുറിയില്‍ കിടക്കുകയായിരുന്നു. അഞ്ചുമണിക്ക് പെട്ടെന്ന് എന്റെ തലയില്‍നിന്ന് എന്തോ വസ്തു തെന്നി മാറുന്നതായി അനുഭവപ്പെട്ടു. തലവേദന പൂര്‍ണ്ണമായി എന്നെ വിട്ടുപോയി. നിമിഷങ്ങള്‍ക്കുള്ളില്‍ അവളുടെ ഫോണ്‍ കാള്‍ ലഭിച്ചു. ഞാന്‍ അവളോട് ചോദിച്ചു, ”അഞ്ച് മണിക്ക് കുമ്പസാരം കഴിഞ്ഞു അല്ലേ?!”അവള്‍ ആശ്ചര്യത്തോടെ ചോദിച്ചു, ”നീ സമയം എങ്ങനെ അറിഞ്ഞു? അഞ്ച് മണിക്കാണ് കുമ്പസാരക്കൂട്ടില്‍നിന്ന് ഞാന്‍ എഴുന്നേറ്റത്. ”ഒരു ചെറു ചിരിയോടെ ഞാന്‍ പറഞ്ഞു, ”അതേസമയം തലവേദന വിട്ടുമാറി.”
”നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍. നാളെ നിങ്ങളുടെ ഇടയില്‍ കര്‍ത്താവ് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും” (ജോഷ്വാ 3/5).

യേശുവിന്റെ ശിഷ്യന്മാരില്‍ പ്രധാനിയായ പത്രോസിന്റെ മൂന്ന് തള്ളിപ്പറച്ചിലുകളെ നമുക്ക് ചിന്തിക്കാം. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ പ്രതിപാദിക്കുന്നത് ഇപ്രകാരമാണ്. ആദ്യം പത്രോസ് ‘അവനെ ഞാന്‍ അറിയുകയില്ല’ എന്ന് പറഞ്ഞുകൊണ്ട് ദൈവമായ യേശുവിനെ തിരിച്ചറിയാതെ പോയി. രണ്ടാമത് ‘മനുഷ്യാ ഞാന്‍ അല്ല’ എന്ന് പറഞ്ഞു കൊണ്ട് സ്വയം തിരിച്ചറിവില്ലാത്തവനായി മാറി. താന്‍ ആരാണെന്ന് അവന്‍ മറന്നു. മൂന്നാമതായി ‘നീ പറയുന്നത് എന്താണെന്ന് എനിക്കറിഞ്ഞു കൂടാ’ എന്ന് പറഞ്ഞുകൊണ്ട് അവന്റെ സഹോദരങ്ങളെ മനസ്സിലാക്കാന്‍ കഴിയാത്തവനായി. ദൈവത്തെയും സഹോദരങ്ങളെയും സ്വയവും ആരാണെന്ന് അറിയാനുള്ള തിരിച്ചറിവ് പത്രോസിനു നഷ്ടപ്പെട്ടത് എന്തുകൊണ്ട്? തിരുവചനം ഇപ്രകാരം പഠിപ്പിക്കുന്നു, ”പത്രോസ് അകലെയായി അവനെ അനുഗമിച്ചിരുന്നു” (ലൂക്കാ 22/54).

യേശുവില്‍നിന്ന് ഒരു അകലം പാലിച്ച പത്രോസ് തള്ളിപ്പറയുക എന്ന പാപത്തില്‍ മൂന്ന് തവണ ആവര്‍ത്തിച്ചു വീഴുകയാണ്. നമ്മുടെ ജീവിതത്തിലും ചില പാപാവസ്ഥകളില്‍ ആവര്‍ത്തിച്ചു വീഴുന്നത് പത്രോസിനെപ്പോലെ അകലത്തില്‍ നാം ഈശോയെ അനുഗമിക്കുന്നതുകൊണ്ടാണ്.
ദൈവത്തെയും മനുഷ്യനെയും ഒരു ചരടില്‍ കോര്‍ക്കുന്ന ബ്യൂട്ടിപാര്‍ലര്‍ ആണ് ഓരോ കുമ്പസാരക്കൂടുകളും. കുമ്പസാരിപ്പിക്കുന്ന വൈദികന്റെ യോഗ്യതയോ കുമ്പസാരിക്കുന്ന വ്യക്തിയുടെ യോഗ്യതയോ അല്ല മറിച്ച് സ്‌നേഹിതനുവേണ്ടി ജീവന്‍ ബലികഴിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹം ഇല്ലെന്ന് സ്വന്തം ജീവന്‍ കൊടുത്തു കാണിച്ചുതന്ന യേശുവിന്റെ അതിരറ്റ സ്‌നേഹവും കരുണയുമാണ് ഓരോ ആത്മാവിനെയും പാപത്തിന്റെ ജീവനില്ലായ്മയില്‍നിന്ന് പുതിയ സൃഷ്ടിയാക്കി രൂപാന്തരപ്പെടുത്തുന്നത്.

Share:

ആന്‍ മരിയ ക്രിസ്റ്റീന

ആന്‍ മരിയ ക്രിസ്റ്റീന

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles