Home//Article

മാര്‍ 04, 2023 140 0 Shalom Tidings

പ്രഭാത പ്രാർത്ഥന

സ്‌നേഹമുള്ള ഈശോയേ, അങ്ങുതന്ന ഈ പ്രഭാതത്തിന്‍റെ ആദ്യനിമിഷങ്ങളില്‍ ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു, സ്തുതിക്കുന്നു, ആരാധിക്കുന്നു. കഴിഞ്ഞ രാത്രിയില്‍ അങ്ങു നല്കിയ അനുഗ്രഹങ്ങള്‍ക്ക് ഞാന്‍ നന്ദി പറയുന്നു. എന്‍റെ ശരീരവും ആത്മാവും ഇവയുടെ എല്ലാ കഴിവുകളും ഇന്നത്തെ എന്‍റെ എല്ലാ പ്രവൃത്തികളും പ്രാര്‍ത്ഥനകളും സന്തോഷങ്ങളും സങ്കടങ്ങളും വിചാരങ്ങള്‍പോലും പരിശുദ്ധ മറിയത്തിന്‍റെ വിമലഹൃദയം വഴി, എന്‍റെ പ്രത്യേക മദ്ധ്യസ്ഥരായ വിശുദ്ധരുടെ യോഗ്യതകളോടുകൂടെ, അങ്ങേക്കു സമര്‍പ്പിക്കുന്നു. എന്‍റെ എല്ലാ ഉദ്യമങ്ങളെയും അങ്ങ് ആശീര്‍വദിക്കണമേ. പ്രവൃത്തികളെ അങ്ങ് നിയന്ത്രിക്കണമേ. അങ്ങേ തിരുരക്തത്തില്‍ പൊതിഞ്ഞ് എന്നെ സൂക്ഷിക്കണമേ. അങ്ങേ സ്‌നേഹത്തില്‍നിന്ന് ഒരു ശക്തിക്കും എന്നെ അകറ്റാന്‍ കഴിയാതിരിക്കട്ടെ. ഞാനിന്നു ബന്ധപ്പെടുന്ന എല്ലാവരിലും അങ്ങയുടെ സ്‌നേഹം പകര്‍ന്നുകൊടുക്കുവാന്‍ കൃപ തരണമേ. ഞാന്‍ കാണുന്ന എല്ലാറ്റിനെയും അങ്ങ് ആഗ്രഹിക്കുന്നതുപോലെ കാണുവാന്‍ സാധിക്കട്ടെ. ഞാനിന്നു മരിക്കുവാന്‍ അങ്ങ് തിരുമനസ്സാകുന്നെങ്കില്‍ അങ്ങേ തിരുമുഖം കാണുവാന്‍ എനിക്കിടയാക്കണമേ.

സ്‌നേഹമുള്ള ഈശോയേ, എന്‍റെ മാതാപിതാക്കളെയും സഹോദരീസഹോദരന്മാരെയും സ്‌നേഹിതരെയും ഗുരുജനങ്ങളെയും ഉപകാരികളെയും എന്‍റെ പ്രാര്‍ത്ഥന ആഗ്രഹിക്കുന്ന ഏവരേയും അങ്ങ് അനുഗ്രഹിക്കണമേ. അവരെയെല്ലാം അങ്ങയോടുള്ള ഐക്യത്തില്‍ സദാ കാത്തുകൊള്ളണമേ. ആദ്ധ്യാത്മികവും ശാരീരികവുമായ അനുഗ്രഹങ്ങള്‍ അവര്‍ക്കു നല്കണമേ. വേദനയില്‍ സഹനശക്തിയും അപകടങ്ങളില്‍ ധൈര്യവും രോഗത്തില്‍ ശാന്തിയും പ്രയാസങ്ങളില്‍ സന്തോഷവും കൊടുത്തനുഗ്രഹിക്കണമേ. ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കു നിത്യശാന്തി നല്കണമേ. ഇന്നു മരിക്കാനിരിക്കുന്നവര്‍ക്ക് അങ്ങയുടെ സ്‌നേഹത്തിന്‍റെ ശക്തി കാണിച്ചുകൊടുക്കണമേ. പ്രലോഭനങ്ങളില്‍ അകപ്പെടുന്നവര്‍ക്ക് കരുണയും പുണ്യജീവിതം നയിക്കുന്നവര്‍ക്ക് സ്ഥിരതയും കൊടുക്കണമേ. സഭയെയും രാഷ്ട്രത്തെയും അനുഗ്രഹിക്കണമേ. എന്‍റെ കാവല്‍മാലാഖയേ, ദൈവത്തിന്‍റെ കൃപയാല്‍ അങ്ങേക്കു ഏല്പിക്കപ്പെട്ടിരിക്കുന്ന എന്നെ ഈ ദിവസം മുഴുവനും സ്‌നേഹപൂര്‍വ്വം കാത്തുസൂക്ഷിക്കുകയും നിരന്തരം പരിപാലിക്കുകയും ചെയ്യണമേ. ആമ്മേന്‍.

 

 

Share:

Shalom Tidings

Shalom Tidings

Latest Articles