Home//Article

മാര്‍ 04, 2023 136 0 Shalom Tidings

പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥന

എല്ലാറ്റിനെയും നവീകരിക്കുന്നവനും വിശുദ്ധീകരിക്കുന്നവനുമായ പരിശുദ്ധാത്മാവേ, എഴുന്നള്ളി വരണമേ. അവിടന്നു ഞങ്ങളില്‍ നിറഞ്ഞുനില്ക്കുകയും അവിടത്തെ സ്‌നേഹത്തിന്‍റെ കതിരുകള്‍ ഞങ്ങളില്‍ പരത്തുകയും ചെയ്യണമേ. നിത്യവും ഞങ്ങളില്‍ വസിക്കുന്നവനായ പരിശുദ്ധാത്മാവേ, അനുതാപത്തിന്‍റെ അരൂപി ഞങ്ങള്‍ക്കു തരണമേ. പാപത്തില്‍ നിന്നും പാപസാഹചര്യങ്ങളില്‍ നിന്നും ഞങ്ങളെ അകറ്റണമേ. എല്ലാ വിജ്ഞാനത്തിന്‍റെയും, അറിവിന്‍റെയും ഉറവിടമായ പരിശുദ്ധാത്മാവേ, യേശുവിന്‍റെ പഠനങ്ങളാല്‍ ഞങ്ങളെ പ്രബുദ്ധരാക്കണമേ. വിശ്വാസത്തില്‍ ഉറപ്പിക്കുകയും പ്രത്യാശയില്‍ നടത്തുകയും ചെയ്യണമേ. വേദനിക്കുന്നവരെ ആശ്വസിപ്പിക്കുന്നവനും ദുഃഖിതരെ ആനന്ദിപ്പിക്കുന്നവനുമായ പരിശുദ്ധാത്മാവേ, അവിടത്തെ സമാശ്വാസത്തിന്‍റെ ശീതളച്ഛായയില്‍ ഞങ്ങളെ നിര്‍ത്തണമേ. സ്‌നേഹത്തിലും വിശുദ്ധിയിലും ഞങ്ങളെ വളര്‍ത്തണമേ. അഗതികളുടെ ആശ്രയവും വരങ്ങളുടെ ദാതാവുമായ പരിശുദ്ധാത്മാവേ, അവിടത്തെ അനുഗ്രഹത്തിന്‍റെ സമൃദ്ധിയാല്‍ ഞങ്ങളുടെ ദാരിദ്ര്യം അകറ്റണമേ. മനസ്സിന്‍റെ ശൂന്യത മാറ്റി ഹൃദയം ഉജ്ജ്വലിപ്പിക്കണമേ. 

ഞങ്ങളുടെ മദ്ധ്യസ്ഥനും മാര്‍ഗ്ഗവുമായ പരിശുദ്ധാത്മാവേ, ഞങ്ങളുടെ വഴികള്‍ അങ്ങ് നേരെയാക്കുകയും വഴിതെറ്റിപ്പോയവരെ നേര്‍വഴിക്കു തിരിക്കുകയും ചെയ്യണമേ. സത്യത്തിലും നീതിയിലും ഞങ്ങളെ നടത്തണമേ. ഐക്യത്തിന്‍റെ നിദാനമായ പരിശുദ്ധാത്മാവേ, അകന്നുപോയവരെ അടുപ്പിക്കുകയും ഭിന്നതകള്‍ അകറ്റുകയും ചെയ്യണമേ. ഞങ്ങളുടെ നെടുവീര്‍പ്പുകളിലും വിലാപങ്ങളിലും ഞങ്ങളെ ആശ്വസിപ്പിക്കണമേ. ഞങ്ങളുടെ സമ്മേളനങ്ങളെ അങ്ങു നയിക്കുകയും ഉദ്യമങ്ങളെ വിജയിപ്പിക്കുകയും ചെയ്യണമേ. ആമ്മേന്‍.

 

 

Share:

Shalom Tidings

Shalom Tidings

Latest Articles