Home//Article

മാര്‍ 04, 2023 510 0 Shalom Tidings

പരിശുദ്ധാത്മാവിനുള്ള സമര്‍പ്പണ പ്രാര്‍ത്ഥന

അങ്ങേ മഹത്വത്താല്‍ നിറഞ്ഞിരിക്കുന്ന സ്വര്‍ഗ്ഗത്തേയും ഭൂമിയേയും സാക്ഷിയാക്കിയും അവിടുത്തെ ദൈവികമഹത്ത്വത്തെ നമിച്ചുകൊണ്ടും, ഞങ്ങളെ മുഴുവനായും ശരീരത്തോടും മനസ്സോടും കൂടെ അവിടുത്തേക്ക് സമര്‍പ്പിക്കുന്നു. അവിടുത്തെ ശബ്ദം ശ്രവിക്കാനും സൗമ്യമായ പ്രചോദനങ്ങള്‍ അനുസരിക്കുവാനും നിത്യനായ ആത്മാവേ ഞങ്ങളുടെ ചിന്തകളെ നിയന്ത്രിച്ചാലും. പരിശുദ്ധാത്മാവേ,പിതാവിന്‍റെയും പുത്രന്‍റെയും ആത്മാവേ, എപ്പോഴും എവിടെയും ‘കര്‍ത്താവേ അരുളിച്ചെയ്താലും, ദാസന്‍ ശ്രവിക്കുന്നു” എന്നു പറയുവാന്‍ കൃപ നല്‍കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ജ്ഞാനത്തിന്‍റെ ആത്മാവേ, ഇപ്പോള്‍ മുതല്‍ ഞങ്ങളുടെ മരണനേരംവരെയും ഞങ്ങളുടെ ചിന്ത, വാക്ക്, കര്‍മ്മങ്ങളെ അങ്ങുതന്നെ നയിച്ചാലും. ബുദ്ധിശക്തിയുടെ ആത്മാവേ, ഞങ്ങളെ പ്രബുദ്ധരാക്കുകയും പഠിപ്പിക്കുകയും ചെയ്യണമേ. സദുപദേശത്തിന്‍റെ അരൂപിയേ, അങ്ങേക്കു പ്രീതികരമായവ തിരിച്ചറിയുവാന്‍ സഹായിക്കണമേ. ശക്തിയുടെ ആത്മാവേ, ഞങ്ങളുടെ ബലഹീനതകളില്‍ ശക്തിപകരണമേ. അറിവിന്‍റെ ആത്മാവേ, ഞങ്ങളുടെ അജ്ഞതയെ ദുരീകരിക്കണമേ. ഭക്തിയുടെ ആത്മാവേ, സത്യത്തിന്‍റെ പാതയില്‍ നിലനില്‍ക്കുവാന്‍ കൃപതരണമേ. ദൈവഭയത്തിന്‍റെ ആത്മാവേ, സകല തിന്മകളില്‍ നിന്നും ഞങ്ങളെ രക്ഷിച്ചാലും. ഓ നിത്യസ്‌നേഹമേ, എവിടെയും എപ്പോഴും എല്ലാ പ്രവൃത്തികളിലും സമാധാനം, സന്തോഷം, ക്ഷമ, ദയ, സൗമ്യത, വിശ്വസ്തത എന്നീ ഫലങ്ങള്‍ പുറപ്പെടുവിക്കുവാന്‍ ഞങ്ങള്‍ക്ക് ശക്തി നല്‍കണമേ. പരിശുദ്ധാത്മാവേ, എല്ലാ ജനതകളെയും അങ്ങേ സത്യത്തിലേക്ക് ആനയിക്കണമേ. പരിശുദ്ധാത്മാവേ, വിശുദ്ധമായതുമാത്രം ഞാന്‍ ചിന്തിക്കാനിടയാകത്തക്കവിധം അങ്ങ് എന്നിലേക്ക് നിശ്വസിക്കുക. വിശുദ്ധമായതുമാത്രം പ്രവര്‍ത്തിക്കുവാന്‍ അവിടുന്നെന്നെ നിര്‍ബന്ധിച്ചാലും. വിശുദ്ധമായവയെ ആദരിക്കുവാന്‍ പരിശുദ്ധാത്മാവേ എന്നെ ശക്തീകരിക്കണമേ. വിശുദ്ധമായവ ഒരിക്കലും നഷ്ടമായിപ്പോകാതെ, ദിവ്യാത്മാവേ, എന്നെ കാത്തുകൊണ്ടാലും. ആമേന്‍.

പരിശുദ്ധാത്മാവേ നന്ദി, പരിശുദ്ധാത്മാവേ സ്‌തോത്രം, ആരാധന, ഹല്ലേല്ലൂയാ…

(അല്‍പസമയം സ്വതന്ത്രമായി സ്തുതിക്കുക)

 

Share:

Shalom Tidings

Shalom Tidings

Latest Articles