• Latest articles
സെപ് 30, 2023
Enjoy സെപ് 30, 2023

ജെറാമിന് മറക്കാനാവാതെ ആ സ്വപ്നം മനസിലങ്ങനെ തങ്ങിനില്‍ക്കുകയാണ്.
ഇതായിരുന്നു സ്വപ്നം:
ജെറോം സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടു. അവിടെ നിത്യനായ വിധികര്‍ത്താവിനെ മുഖത്തോട് മുഖം കണ്ടു. തേജസ്സാര്‍ന്ന പ്രകാശത്തിന്‍റെ ആധിക്യം കൊണ്ട് തലയുയര്‍ത്തി നോക്കാന്‍ ധൈര്യപ്പെട്ടില്ല.

“ആരാണ് നീ?” ക്രിസ്തുവിന്‍റെ ചോദ്യം.

“ഞാന്‍ ജെറോം, ഒരു ക്രിസ്ത്യാനി” അതായിരുന്നു മറുപടി.

ഉടനെവന്നു ക്രിസ്തുവിന്‍റെ പ്രതികരണം, “നീ നുണ പറയുന്നു!”

മുഖമടച്ച് ഒരടി കിട്ടിയ പോലെ തോന്നി ജെറോമിന്.

“ഞാന്‍ ക്രിസ്ത്യാനിയാണ്” ജെറോം വിളിച്ചുപറഞ്ഞു.

“അല്ല, നീ സിസെറോയുടെ ആളാണ്. നീ ക്രിസ്ത്യാനിയല്ല!” ക്രിസ്തുവിന്‍റെ വാക്കുകള്‍ മുഴങ്ങി. സ്വപ്നവും മാഞ്ഞു.

ലാറ്റിന്‍, ഗ്രീക്ക്, ഹീബ്രു ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്ന ജെറോമിന് ഉത്തമസാഹിത്യകൃതികള്‍ വായിക്കാന്‍ ഏറെ താത്പര്യമായിരുന്നു. പ്ലോട്ടസിന്‍റെയും വെര്‍ജിലിന്‍റെയും സിസെറോയുടെയും കൃതികള്‍ അദ്ദേഹം വായിച്ചുകൂട്ടി. എന്നാല്‍ ഈ സ്വപ്നം ജെറോമിനെ മാറ്റിച്ചിന്തിപ്പിച്ചു. ദൈവവചനത്തിന് പ്രാമുഖ്യം നല്കണമെന്ന ഉത്തമബോധ്യം അദ്ദേഹത്തിനുണ്ടായി. പില്ക്കാലത്ത് വേദപാരംഗതനായി മാറിയ ജെറോമിന്‍റെ ജീവിതത്തെ മാറ്റിമറിച്ച ഒരു അനുഭവമായിരുന്നു അത്.

യൂസേബിയസ് ഹൈറോണിമസ് സോഫ്രോണിയസ് എന്നാണ് വിശുദ്ധ ജെറോമിന്‍റെ യഥാര്‍ത്ഥപേര്. 340ല്‍ വടക്കുകിഴക്കന്‍ ഇറ്റലിയിലെ ഒരു ചെറിയ പട്ടണത്തിലാണ് അദ്ദേഹം ജനിച്ചത്. 360ല്‍ പോപ്പ് ലിബേരിയൂസ് ആണ് ജെറോമിന് ജ്ഞാനസ്നാനം നല്‍കിയത്. ഡാല്‍മാത്തിയ എന്നറിയപ്പെട്ട ആ പ്രദേശത്ത് ജീവിച്ചിരുന്ന വിശുദ്ധ ജെറോമിന്‍റെ ചിത്രങ്ങളില്‍ ഒരു സിംഹത്തെ കൂടെ പലപ്പോഴും കാണിക്കാറുണ്ട്. കാരണം തന്‍റെ വിശ്വാസതീക്ഷ്ണത കൊണ്ട് ‘ഡാല്‍മാത്തിയയിലെ സിംഹം’ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

പിതാവ് ജെറോമിന് നല്ല വിദ്യാഭ്യാസം നല്കി. നിര്‍ഭാഗ്യവശാല്‍, അവന്‍ അതോടൊപ്പം ആനന്ദവും വിനോദങ്ങളും തിരഞ്ഞ് പോകുന്ന ലൗകികവഴിയും പഠിച്ചു. ധിഷണാപരമായ ജിജ്ഞാസ ജെറോമിനെ അനേകം രാജ്യങ്ങളിലേക്ക് കൊണ്ടുപോയി. കഠിനപ്രലോഭനങ്ങളാല്‍ ബുദ്ധിമുട്ടിയ കാലത്ത്, മുപ്പത്തിമൂന്ന് വയസ്സുള്ളപ്പോള്‍, സിറിയയില്‍, തെക്കുകിഴക്കന്‍ അന്ത്യോക്യയില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള ഉഗ്രമരുഭൂമിയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചയാളാണ് ജെറോം. പിന്നീട് നാലുകൊല്ലം മരുഭൂമിയില്‍ കഠിനപ്രായശ്ചിത്തപ്രവൃത്തികളിലും പഠനത്തിലും ചെലവഴിച്ചു. ഒരു ജൂതസന്യാസിയില്‍നിന്ന് കഷ്ടപ്പെട്ട് ഹീബ്രു പഠിച്ചെടുത്തു.

അന്ത്യോക്യായിലെ മെത്രാനായിരുന്ന വിശുദ്ധ പൗളിനൂസില്‍നിന്ന് പൗരോഹിത്യം സ്വീകരിച്ച ജെറോം 380-ല്‍ കോണ്‍സ്റ്റാന്‍റിനോപ്പിളിലേക്ക് അവിടത്തെ മെത്രാനായിരുന്ന വിശുദ്ധ ഗ്രിഗറിയില്‍നിന്ന് തിരുവചനം പഠിക്കാനായി പോയി. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ പോപ്പ് ഡമാസസ് റോമില്‍ നടന്നിരുന്ന ഒരു സൂനഹദോസില്‍ സംബന്ധിക്കാനും സെക്രട്ടറി ആകാനും അദ്ദേഹത്തെ വിളിപ്പിച്ചു. തിരുവചനങ്ങളിലുള്ള ജെറോമിന്‍റെ അഗാധപാണ്ഡിത്യം അത്രക്കും സ്വാധീനിച്ചത് കൊണ്ട് പോപ്പ് അദ്ദേഹത്തെ സ്വന്തം സെക്രട്ടറി ആക്കി നിയമിച്ചു. ഗ്രീക്ക് ഭാഷയിലായിരുന്ന പുതിയ നിയമത്തെ ലാറ്റിനിലേക്ക് മാറ്റാന്‍ അദ്ദേഹത്തെ ഏല്പിച്ചു.

ഗ്രീക്കിലും ഹീബ്രുവിലും ലഭ്യമായിരുന്ന വിശുദ്ധ ഗ്രന്ഥം മുഴുവനും അദ്ദേഹം ലാറ്റിന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു. ഏറെ ശ്രമകരമായ ആ ജോലിക്ക് മുപ്പത് വര്‍ഷത്തിലധികം ചെലവാക്കേണ്ടിവന്നു. ‘വുള്‍ഗാത്ത’ എന്നാണ് അദ്ദേഹം തയാറാക്കിയ ലാറ്റിന്‍ പരിഭാഷ വിളിക്കപ്പെടുന്നത്. തെന്ത്രോസ് (ട്രെന്‍റ്) സുനഹദോസില്‍ അത് സഭയുടെ ഔദ്യോഗിക ലാറ്റിന്‍ ബൈബിള്‍ ആയി അംഗീകരിക്കപ്പെടുകയും ചെയ്തു. ഭാഷകളിലുള്ള അദ്ദേഹത്തിന്‍റെ പരിജ്ഞാനം, ബൈബിളില്‍ പരാമര്‍ശിച്ചിട്ടുള്ള വിവിധ സ്ഥലങ്ങളില്‍ പോയിട്ടുള്ള അനുഭവങ്ങള്‍, പരന്ന യാത്രകള്‍, പ്രായശ്ചിത്തജീവിതം… എല്ലാം തിരുവചനങ്ങള്‍ ഏറ്റവും നന്നായി വിവര്‍ത്തനം ചെയ്യുന്നതിലും വ്യാഖ്യാനിക്കുന്നതിലും അദ്ദേഹത്തെ സഹായിച്ചു.

അദ്ദേഹത്തിന്‍റെ തിരുവചനവ്യാഖ്യാനങ്ങളും ജ്ഞാനദീപ്തിയുള്ള സമ്മേളനങ്ങളും ആത്മാവിനെ ഉണര്‍ത്തുന്ന എഴുത്തുകളും ജെറോമിന് അനേകം അനുയായികളെ നല്കി, അതില്‍ റോമിലെ ധാരാളം ക്രൈസ്തവ വനിതകളും ഉള്‍പ്പെട്ടിരുന്നു. അവരില്‍ ഏറെപ്പേര്‍ വിശുദ്ധരായി മാറി.

പോപ്പ് ഡമാസസ് 384-ല്‍ കാലംചെയ്തുകഴിഞ്ഞ് തൊട്ടടുത്ത വര്‍ഷം ജെറോം റോമിനോട് വിട പറഞ്ഞു, സൈപ്രസും അന്ത്യോക്യയും കടന്ന് വിശുദ്ധനാട്ടിലേക്ക് പോയി. ബേത്ലഹേമില്‍ ഈശോയുടെ ജനനസ്ഥലത്തുള്ള ബസിലിക്കക്കടുത്ത് പുരുഷന്മാര്‍ക്ക് വേണ്ടി ആശ്രമവും സ്ത്രീകളുടെ മൂന്ന് സമൂഹങ്ങള്‍ക്കായി ഭവനങ്ങളും പണിതു. രക്ഷകന്‍റെ ജന്മസ്ഥലത്തിനടുത്ത് വലിയൊരു ഗുഹയില്‍ അദ്ദേഹം പോയി പാര്‍ത്തു. തീര്‍ത്ഥാടകര്‍ക്കായി ഒരു വിദ്യാലയവും ഒരു സത്രവും പണിതു. ജോസഫും മേരിയും ഒരിക്കല്‍ക്കൂടി ബേത്ലഹേം സന്ദര്‍ശിച്ചാല്‍ അവര്‍ക്ക് താമസിക്കാനിടമുണ്ടാകുന്നതിന് വേണ്ടിയാണ് സത്രം പണിതതെന്ന് അതേക്കുറിച്ച് പറയപ്പെടുന്നു.

ഇങ്ങനെയെല്ലാമായിരുന്നെങ്കിലും ക്ഷിപ്രകോപിയായിരുന്ന അദ്ദേഹം നാവുകൊണ്ടും തൂലികകൊണ്ടും എതിരാളികളെ പഞ്ഞിക്കിടുന്ന ആളായിരുന്നു, അതുകൊണ്ട് തന്നെ ശത്രുക്കളും ധാരാളം. എന്നിരുന്നാലും സഭയിലെ വലിയ അനുതാപികളില്‍ ഒരാളായി. ജീവിതകാലത്തിന്‍റെ രണ്ടാം പകുതിയായ നാല്പത് വര്‍ഷം ചെലവഴിച്ചത് ഏകാന്തതയിലും പ്രാര്‍ത്ഥനയില്‍ ലയിച്ചും പഠനങ്ങളിലും കഠിനപ്രായശ്ചിത്ത പ്രവൃത്തികളിലും മുഴുകിയുമാണ്. തന്‍റെ കുറവുകള്‍ക്ക് ക്രൂശിതനായ കര്‍ത്താവിനോട് അദ്ദേഹം മാപ്പപേക്ഷിക്കുമായിരുന്നു. സത്യത്തിനും നന്മക്കും വേണ്ടി നില്‍ക്കുന്നതിനിടയില്‍ തന്‍റെ തീക്ഷ്ണതയാല്‍ മുറിവേറ്റവരോടും താഴ്മയോടെ അദ്ദേഹം മാപ്പ് ചോദിച്ചു.

കഠിനപ്രായശ്ചിത്തങ്ങളില്‍ മുഴുകി ജീവിച്ചിരുന്നപ്പോഴും അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇപ്രകാരമായിരുന്നു, “ഉപവാസത്താല്‍ എന്‍റെ മുഖം വിളറിയിരുന്നു, എന്നിട്ടും ആസക്തികളുടെ ആക്രമണം എനിക്കനുഭവപ്പെട്ടു. മരണത്തിന് മുന്‍പേ മരിച്ചപോലെ തണുത്ത എന്‍റെ ശരീരത്തിലും ഉണങ്ങിപ്പോയ മാംസത്തിലും വികാരങ്ങള്‍ക്ക് അപ്പോഴും ജീവിക്കാന്‍ കഴിഞ്ഞിരുന്നു. ശത്രുവിനൊപ്പം തനിച്ചായിപ്പോയ ഞാന്‍, ആത്മാവില്‍ എന്നെത്തന്നെ യേശുവിന്‍റെ കാല്‍ക്കലേക്ക് എറിഞ്ഞുകൊണ്ട്, എന്‍റെ കണ്ണീരുകൊണ്ട് അവന്‍റെ പാദങ്ങളെ നനച്ച്, ശരീരത്തിന് കടിഞ്ഞാണിട്ട്, ഉപവാസത്തില്‍ അനേകം ആഴ്ചകള്‍ കഴിഞ്ഞു…” സാത്താന്‍റെ പ്രലോഭനങ്ങളെ അതിജീവിക്കാനായി രക്തമൊഴുകുന്നതുവരെ വിശുദ്ധ ജെറോം തന്‍റെ നെഞ്ചില്‍ കല്ല് കൊണ്ട് ഇടിച്ചിരുന്നുവത്രേ.

പ്രായശ്ചിത്തങ്ങളാലും കഠിനപ്രയത്നങ്ങളാലും ക്ഷീണിതനായ അദ്ദേഹം രണ്ട് കൊല്ലം നീണ്ടുനിന്ന അസുഖത്തെ തുടര്‍ന്ന് 420, സെപ്റ്റംബര്‍ 30-ന് ദൈവസന്നിധിയിലേക്ക് യാത്രയായി. ബേത്ലഹേമിലെ ബസിലിക്കയില്‍ അദ്ദേഹത്തെ അടക്കി. പിന്നീട് പതിമൂന്നാം നൂറ്റാണ്ടില്‍ റോമിലേക്ക് അദ്ദേഹത്തിന്‍റെ ശരീരം കൊണ്ടുപോയി. ഇന്നത് വിശുദ്ധ മേരി മേജര്‍ ബസിലിക്കയിലുണ്ട്.

'

By: Jills Joy

More
സെപ് 30, 2023
Enjoy സെപ് 30, 2023

എത്ര കഷ്ടപ്പെട്ടാലും സാമ്പത്തിക ഉയര്‍ച്ചയില്ലാത്ത അവസ്ഥ, ഏര്‍പ്പെടുന്ന കാര്യങ്ങളിലെല്ലാം പരാജയം- ഇതെല്ലാം നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കില്‍ ഈ ലേഖനം നിങ്ങള്‍ക്കുള്ളതാണ്. 

ജീവിതത്തില്‍ വേദനകളും പ്രശ്നങ്ങളും രോഗങ്ങളും ഇല്ലാത്തവരില്ല. എന്നാല്‍ ജീവിതത്തിന്‍റെ എല്ലാ വേദനകളുടെയും പിന്നില്‍ ശാപമാണെന്ന് കരുതരുത്. അത് വലിയ ബന്ധനവും അപകടവുമായി മാറും. പ്രശ്നങ്ങളുടെ വ്യക്തിപരവും സാമൂഹ്യപരവുമായ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാതെ എല്ലാം ശാപമാണെന്ന് പറഞ്ഞ് നിരുന്മേഷരാകുന്നത് ഉചിതമല്ലല്ലോ. എന്നാല്‍ നമ്മുടെ ഭാഗത്തുനിന്നുള്ള നിരന്തരപരിശ്രമങ്ങള്‍ക്കുശേഷവും ഒന്നിലും വിജയം കണ്ടെത്താനാകാതെ വരുമ്പോള്‍ അതിന്‍റെ പിന്നില്‍ മറ്റ് കാരണങ്ങള്‍ ഉണ്ടോ എന്ന് അന്വേഷിക്കുന്നത് നല്ലതാണ്. കുടുംബത്തിന്‍റെ എല്ലാ തായ്വഴികളിലും തലമുറകളിലും ഒരേ പ്രശ്നങ്ങളും രോഗങ്ങളും പ്രകടമാകുന്നുണ്ടെങ്കില്‍ അതിന്‍റെ പിന്നില്‍ ശാപബന്ധനങ്ങള്‍ കണ്ടേക്കാം. “നീതിരഹിതമായ നേട്ടം ആഗ്രഹിക്കുന്നവന്‍ സ്വന്തം കുടുംബത്തെ ദ്രോഹിക്കുന്നു” (സുഭാഷിതങ്ങള്‍ 15/27). എങ്ങനെയാണ് ഇതില്‍നിന്ന് മോചനം നേടുക?

നമ്മുടെ ജീവിതം ശാപഗ്രസ്തമാകുന്നതിന്‍റെ അടിസ്ഥാനകാരണം ദൈവകല്പനകള്‍ ലംഘിക്കപ്പെടുന്നു എന്നതാണ്. ശരീരത്തിന്‍റെ പ്രതിരോധശേഷി നഷ്ടപ്പെട്ടാല്‍ എല്ലാവിധ രോഗങ്ങളും രോഗാണുക്കളും നമ്മെ ആക്രമിച്ച് കീഴടക്കിയേക്കാം. ഇതുപോലെ ദൈവകല്പനകളുടെ ലംഘനംവഴി ദൈവകൃപയുടെ സംരക്ഷണം നാം നിരാകരിക്കുമ്പോള്‍ പൈശാചികശക്തികളും പ്രകൃതിശക്തികളുമെല്ലാം നമ്മെ കീഴടക്കുന്നു. പ്രകൃതിശക്തികളുടെ മുമ്പില്‍ നാം നിസ്സഹായരായിത്തീരുന്നു. ജീവിക്കാനായി ദൈവം നല്കിയ കല്പനകള്‍ നമ്മളും കുടുംബവും ലംഘിച്ചിട്ടുണ്ടെങ്കില്‍ അത് തിരിച്ചറിഞ്ഞ് തിരുത്തുകയും മാപ്പ് ചോദിക്കുകയുമാണ് ശാപമോചനത്തിനുള്ള ആദ്യത്തെ പടി.

സാമ്പത്തികമേഖലയിലെ ശാപകാരണങ്ങള്‍

സഹോദരീസഹോദരന്‍മാര്‍ക്ക് അര്‍ഹതപ്പെട്ട സ്വത്ത് വഞ്ചനാപരമായി കൈക്കലാക്കുക.

അയല്‍പക്കംകാരുമായുള്ള ഭൂമിയുടെ അതിര്‍ത്തികളില്‍ കൈയേറ്റം നടത്തുക.

അന്യായപ്പലിശവഴി മറ്റുള്ളവരുടെ നിസ്സഹായതയില്‍ അവരെ ചൂഷണം ചെയ്യുക, കണക്കുകളില്‍ കൃത്രിമം കാണിച്ച് മറ്റുള്ളവരെ വഞ്ചിക്കുക.

കടം വാങ്ങിയത് തിരികെ കൊടുക്കാതിരിക്കുക, കൈക്കൂലി, മോഷണം, കൊള്ള, പിടിച്ചുപറി, ജോലിക്കാര്‍ക്ക് അര്‍ഹമായ വേതനം നല്കാതെ അവരെ ചൂഷണം ചെയ്യുക.

പെണ്‍മക്കള്‍ക്ക് സ്ത്രീധനം വാഗ്ദാനം ചെയ്തിട്ടും മനഃപൂര്‍വം കൊടുക്കാതിരിക്കുക, കുടുംബസ്വത്ത് ധാരാളമുണ്ടായിട്ടും പെണ്‍മക്കളെ അവകാശമൊന്നും കൊടുക്കാതെ ഇറക്കിവിടുക.

ചൂതുകളി, മദ്യവില്പന, വ്യഭിചാരം തുടങ്ങിയഅധാര്‍മികമാര്‍ഗങ്ങളിലൂടെ സമ്പത്ത് നേടുക.
വാങ്ങുന്ന ശമ്പളത്തിന് ആനുപാതികമായി ജോലി ചെയ്യാതിരിക്കുക, നമ്മുടെ ഉത്തരവാദിത്വമില്ലായ്മമൂലം നാടിനോ ജോലി ചെയ്യുന്ന സ്ഥാപനത്തിനോ വ്യക്തികള്‍ക്കോ സാമ്പത്തികനഷ്ടം ഉണ്ടാക്കുക.

സാമ്പത്തിക ഐശ്വര്യത്തിനുവേണ്ടി സാത്താന്യശക്തികളെ ആരാധിക്കുക, മറ്റുള്ളവര്‍ നശിക്കാന്‍വേണ്ടി പൈശാചികമായ ആരാധനകളും പൂജാവിധികളും നടത്തുക തുടങ്ങിയവയും നമ്മുടെ കുടുംബത്തില്‍ ശാപബന്ധനങ്ങള്‍ സൃഷ്ടിക്കാം.

ഇത്തരത്തിലുള്ള പ്രവൃത്തികള്‍ നമ്മളോ മാതാപിതാക്കളോ പൂര്‍വികരോ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്‍റെ പരിണതഫലമായി സമ്പത്തുമായി ബന്ധപ്പെട്ട നിരന്തരമായ പ്രശ്നങ്ങളും തകര്‍ച്ചകളും കുടുംബത്തില്‍ ഉണ്ടാകാം. “ധനത്തെ ആശ്രയിക്കുന്നവന്‍ കൊഴിഞ്ഞുവീഴും” എന്ന് സുഭാഷിതങ്ങള്‍ 11/28-ല്‍ പറയുന്നു.

ഒരു വിത്ത് മുളച്ചാല്‍ ഉടനെ ഫലം കിട്ടില്ല. ചെടിയുടെ സ്വഭാവമനുസരിച്ച് പല വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് അത് ഫലം പുറപ്പെടുവിച്ച് തുടങ്ങുക. ഇതുപോലെ പാപത്തിന്‍റെ വിത്തും പാപത്തിന്‍റെ സ്വഭാവമനുസരിച്ച് പല കാലയളവുകള്‍ക്കുശേഷമാണ് അതിന്‍റെ ഫലമായ ദുരന്തങ്ങളും തകര്‍ച്ചയും പുറപ്പെടുവിച്ച് തുടങ്ങുക. ചിലപ്പോള്‍ അടുത്ത തലമുറകള്‍വരെ ആ കാലയളവ് നീളാം. പക്ഷേ എത്ര വൈകിയാലും പാപത്തിന്‍റെ പരിണതഫലം അനുഭവിക്കാതെ തരമില്ല.

ഇത്തരത്തിലുള്ള നമ്മുടെയോ പൂര്‍വികരുടെയോ പ്രവര്‍ത്തനങ്ങളും നമ്മുടെ പുരോഗതിക്ക് വിലങ്ങുതടിയായി നില്‍ക്കുന്നുണ്ടാകാം. ജീവിതത്തില്‍ പിടിച്ചുനില്‍ക്കാനും മുന്നോട്ട് പോകാനുമുള്ള ബദ്ധപ്പാടില്‍ ന്യായാന്യായങ്ങള്‍ നോക്കാതെ നമ്മളും കുടുംബവും ചെയ്ത ഇത്തരം തെറ്റുകള്‍ തിരിച്ചറിയാനായി ദൈവാത്മാവിന്‍റെ പ്രകാശം നമുക്ക് ആവശ്യമായിരിക്കുന്നു. അതിനാല്‍ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനാരൂപിയുമായി നാം ദൈവസന്നിധിയില്‍ കടന്നുവരണം. “കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്; ക്ഷമാശീലനും സ്നേഹനിധിയും ആണ്” (സങ്കീര്‍ത്തനങ്ങള്‍ 103/8). അതിനാല്‍ ഇപ്പോള്‍ത്തന്നെ ഹൃദയം ദൈവസന്നിധിയിലേക്ക് ഉയര്‍ത്തി പ്രാര്‍ത്ഥിക്കുക.

കര്‍ത്താവായ ദൈവമേ, അങ്ങയുടെ അനുഗ്രഹം സ്വീകരിക്കാന്‍ കഴിയാത്തവിധത്തില്‍ ഞാനും കുടുംബവും അവിടുത്തെ തിരുസന്നിധിയില്‍ പലവിധ തിന്മകള്‍ പ്രവര്‍ത്തിച്ചുപോയി. ഞങ്ങളോട് കരുണയുണ്ടാകണമേ. അങ്ങയുടെ കൃപയെ തടയുന്ന ‘ബ്ലോക്കുകള്‍’ വെളിപ്പെടുത്തിത്തന്നാലും. ഐശ്വര്യപ്പെടാനായി അവിടുന്ന് നല്കിയ കല്പനകള്‍ അറിഞ്ഞും അറിയാതെയും ലംഘിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ ഏറ്റുപറയുന്നു. ഞങ്ങളുടെ കണ്ണുനീരും ദുഃഖങ്ങളും നിസ്സഹായതയുമായി ഞങ്ങളിതാ അവിടുത്തെ തിരുമുമ്പില്‍ നില്‍ക്കുന്നു. ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗത്തിനുവേണ്ടിയും പൂര്‍വികര്‍ക്കുവേണ്ടിയും ഞങ്ങള്‍ അങ്ങയുടെ കരുണ തേടുന്നു. ഞങ്ങളുടെ കുടുംബത്തിന്‍റെ പാപങ്ങള്‍ ക്ഷമിച്ച് വീണ്ടും അങ്ങയുടെ കൃപയുടെ വഴികളിലൂടെ ഞങ്ങളെ നടത്തിയാലും…. ആമ്മേന്‍.

'

By: Chevalier Benny Punnathara

More
സെപ് 09, 2023
Enjoy സെപ് 09, 2023

കുഞ്ഞുജോണ്‍ അവധിദിവസങ്ങളില്‍ മുത്തശ്ശിക്കൊപ്പമാണ് സമയം ചെലവഴിച്ചിരുന്നത്. അങ്ങനെയൊരു അവധിദിവസമായ ശനിയാഴ്ച രാവിലെതന്നെ മുത്തശ്ശി അവനെയുംകൂട്ടി പാര്‍ക്കില്‍ പോയി. രാത്രിമുഴുവന്‍ മഞ്ഞ് പെയ്തിരുന്നതിനാല്‍ അവിടം കാണാന്‍ അതിമനോഹരമായിരുന്നു.

മുത്തശ്ശി അവനോട് ചോദിച്ചു, “ജോണ്‍കുട്ടാ, ഒരു ചിത്രകാരന്‍ വരച്ച ചിത്രം പോലെയില്ലേ ഈ ദൃശ്യം? ഇത് നിനക്കുവേണ്ടി ദൈവം വരച്ചതാണെന്നറിയാമോ?”

“അതെ, മുത്തശ്ശീ. ദൈവം ഇത് ഇടതുകൈകൊണ്ടാണ് വരച്ചതെന്നും അറിയാം.”
അതുകേട്ട് മുത്തശ്ശിക്കല്പം ആശയക്കുഴപ്പമായി. അവര്‍ ചോദിച്ചു, “അതെന്താ ദൈവം ഇടതുകൈയനാണെന്ന് തോന്നാന്‍ കാരണം?”

“അതോ, കഴിഞ്ഞയാഴ്ച സണ്‍ഡേ സ്കൂളില്‍ ഞങ്ങളെ പഠിപ്പിച്ചിരുന്നല്ലോ യേശു ദൈവത്തിന്‍റെ വലതുഭാഗത്താണിരിക്കുന്നതെന്ന്. അപ്പോള്‍പ്പിന്നെ ദൈവത്തിന് ഇടതുകൈകൊണ്ടല്ലേ ചിത്രം വരയ്ക്കാന്‍ കഴിയൂ?”

“ഓ, അത് ശരിയാണ് കേട്ടോ, പക്ഷേ ഞാനത് മറന്നുപോയി,”ڔകുഞ്ഞുജോണിന്‍റെ മറുചോദ്യം കേട്ട് മുത്തശ്ശി തന്‍റെ ‘അറിവില്ലായ്മ’ സമ്മതിച്ചു.

“ശിശുക്കള്‍ എന്‍റെയടുത്ത് വരാന്‍ അനുവദിക്കുവിന്‍. അവരെ തടയരുത്. എന്തെന്നാല്‍, ദൈവരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്” (മര്‍ക്കോസ് 10/14)ڔ

'

By: Shalom Tidings

More
സെപ് 09, 2023
Enjoy സെപ് 09, 2023

ദൗര്‍ഭാഗ്യവാനായ ഒരു പാപി ഭാര്യയുടെ സ്നേഹപൂര്‍ണമായ നിര്‍ദേശം അനുസരിച്ചപ്പോള്‍….

ദൈവദൃഷ്ടിയില്‍ പാപത്തില്‍ ജീവിച്ചിരുന്ന വിവാഹിതനായ ഒരു മനുഷ്യനുണ്ടായിരുന്നു. പുണ്യം നിറഞ്ഞ ഒരു സ്ത്രീയായിരുന്നു അയാളുടെ ഭാര്യ. അയാളുടെ പാപകരമായ ജീവിതം ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കാതിരിക്കാന്‍ അവള്‍ക്ക് കഴിയില്ലായിരുന്നു. അതിനാല്‍ ചുരുങ്ങിയ പക്ഷം മാതാവിന്‍റെ നാമത്തിലുള്ള അള്‍ത്താരക്കുമുന്നിലൂടെ കടന്നുപോകുമ്പോഴൊക്കെ ഒരു ‘നന്മനിറഞ്ഞ മറിയമേ’ ചൊല്ലി കാഴ്ചവയ്ക്കാന്‍ അവള്‍ അയാളോട് അഭ്യര്‍ത്ഥിച്ചു. അതനുസരിച്ച് അയാള്‍ ഈ ഭക്തി പരിശീലിക്കാന്‍ തുടങ്ങി. ഒരു രാത്രി അയാള്‍ ഒരു പാപം ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ അയാള്‍ ഒരു വെളിച്ചം കണ്ടു. സൂക്ഷിച്ചുനോക്കിയപ്പോള്‍, പരിശുദ്ധ കന്യകയുടെ തിരുസ്വരൂപത്തിന് മുമ്പില്‍ കത്തിക്കൊണ്ടിരുന്ന ഒരു വിളക്കാണെന്ന് മനസിലായി. പരിശുദ്ധ കന്യക കരങ്ങളില്‍ ഉണ്ണീശോയെ പിടിച്ചിരുന്നു. പതിവുപോലെ അയാള്‍ ഒരു നന്മനിറഞ്ഞ മറിയമേ ചൊല്ലി. ആ സമയത്ത് ഉണ്ണിയേശുവിന്‍റെ ശരീരം മുറിവുകളാല്‍ ആവരണം ചെയ്തിരിക്കുന്നതായും അവയില്‍നിന്നും പുതുരക്തം ഒഴുകുന്നതായും അയാള്‍ കണ്ടു. ഇത് അയാളെ ഭയപ്പെടുത്തി. അയാള്‍ വികാരഭരിതനായിത്തീര്‍ന്നു. താന്‍തന്നെയും സ്വന്തം പാപങ്ങളാല്‍ തന്‍റെ രക്ഷകനെ മുറിവേല്‍പിച്ചിട്ടുണ്ടെന്ന് അയാള്‍ ഓര്‍ത്തു. എന്നാല്‍ ദിവ്യശിശു തന്നില്‍നിന്നും മഖം തിരിച്ചുവെന്ന കാര്യം അയാള്‍ ശ്രദ്ധിച്ചു. ആഴമേറിയ ആശങ്കയോടെ അയാള്‍ ഇപ്രകാരം പറഞ്ഞുകൊണ്ട്, എത്രയും പരിശുദ്ധ കന്യകയില്‍ അഭയം തേടി. ‘കരുണയുള്ള മാതാവേ, അങ്ങേ പുത്രന്‍ എന്നെ നിരാകരിക്കുന്നു. അങ്ങയെക്കാള്‍ കൂടുതല്‍ അലിവുള്ള, ശക്തയായ മറ്റൊരു മധ്യസ്ഥയെയും ഞാന്‍ കാണുന്നില്ല. അവിടുത്തെ മാതാവും എന്‍റെ രാജ്ഞിയുമായ അങ്ങ് എന്നെ സഹായിക്കുകയും എനിക്കുവേണ്ടി അവിടുത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.’ ആ രൂപത്തില്‍നിന്നും സ്വര്‍ഗീയമാതാവ് അയാളോട് ഇങ്ങനെ മറുപടി പറഞ്ഞു, ‘നിങ്ങള്‍ എന്നെ കരുണയുടെ മാതാവെന്ന് വിളിക്കുന്നു. പക്ഷേ എന്‍റെ മകന്‍റെ പീഡാനുഭവത്തെയും എന്‍റെ വ്യാകുലങ്ങളെയും വര്‍ധിപ്പിിച്ചുകൊണ്ട് എന്നെ വ്യാകുലമാതാവാക്കുന്നത് നിങ്ങള്‍ അവസാനിപ്പിക്കുന്നില്ല.’

പക്ഷേ സ്വയം തന്‍റെ പാദത്തില്‍ സമര്‍പ്പിക്കുന്നവരെ മറിയം ഒരിക്കലും സാന്ത്വനിപ്പിക്കാതെ പറഞ്ഞയക്കുന്നില്ല. ദുര്‍ഭഗനായ ആ പാപിയോട് ക്ഷമിക്കണമെന്ന് അവള്‍ തന്‍റെ പുത്രനോട് അപേക്ഷിക്കാന്‍ തുടങ്ങി. യേശുവാകട്ടെ അത്തരമൊരു പാപപ്പൊറുതി അനുവദിക്കുന്നതില്‍ വിസമ്മതം കാണിക്കാന്‍ തുടങ്ങി. പക്ഷേ പരിശുദ്ധ കന്യക, ഉണ്ണിയെ ഭിത്തിയിലെ ഒരു ചെറിയ രൂപക്കൂട്ടില്‍ വച്ചുകൊണ്ട് അവിടുത്തെ മുമ്പില്‍ സാഷ്ടാംഗം വീണുകിടന്ന് പറഞ്ഞു, “എന്‍റെ മകനേ, ഈ പാപിയോട് ക്ഷമിക്കുന്നതുവരെ ഞാന്‍ നിന്‍റെ പാദം വിട്ടുപേക്ഷിക്കുകയില്ല.”

യേശു പ്രതിവചിച്ചു, “എന്‍റെ അമ്മേ! യാതൊന്നും അങ്ങേക്ക് നിഷേധിക്കാന്‍ എനിക്കാവില്ല. അങ്ങ് അവന്‍റെ പാപമോചനം ആഗ്രഹിക്കുന്നുവോ? അങ്ങയോടുള്ള സ്നേഹത്തെപ്രതി ഞാന്‍ അയാളോട് ക്ഷമിക്കും. അയാള്‍ വന്ന് എന്‍റെ മുറിവുകള്‍ ചുംബിക്കട്ടെ.”

തേങ്ങിക്കരഞ്ഞുകൊണ്ട് ആ പാപി യേശുവിനെ സമീപിച്ചു. അയാള്‍ ചുംബിച്ചുകൊണ്ടിരിക്കേ ഉണ്ണിയേശുവിന്‍റെ മുറിവുകള്‍ സുഖപ്പെട്ടു. പാപപ്പൊറുതിയുടെ അടയാളമായി യേശു അയാളെ ആശ്ലേഷിച്ചു. അയാള്‍ തന്‍റെ സ്വഭാവത്തിന് മാറ്റം വരുത്തി. പരിശുദ്ധമായ ഒരു ജീവിതം നയിച്ചു. അയാള്‍ക്കുവേണ്ടി ഇത്ര മഹത്തായ അനുഗ്രഹം നേടിയെടുത്ത പരിശുദ്ധ കന്യാകാമാതാവിനോട് അയാള്‍ എക്കാലവും സ്നേഹപൂര്‍ണനായിരുന്നു.

'

By: Shalom Tidings

More
സെപ് 09, 2023
Enjoy സെപ് 09, 2023

ഒരു തൂവാലമതി ആത്മാക്കളെ ആകര്‍ഷിക്കാന്‍…

അട്ടപ്പാടിയില്‍ നിന്നും പാലക്കാട്ടേക്ക് കെഎസ്ആര്‍ടിസി ബസില്‍ പോവുകയാണ് ഞാന്‍. കുണ്ടും കുഴിയും നിറഞ്ഞ അട്ടപ്പാടി ചുരത്തിലൂടെയാണ് യാത്ര. ഞാന്‍ ബസ്സിന്‍റെ ഏറ്റവും പിന്‍ഭാഗത്തെ സീറ്റിലാണ് ഇരിക്കുന്നത്.

ഇടയ്ക്കുവച്ച് രണ്ടു പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ബസ്സില്‍ കയറി. രണ്ടുപേരും പിന്‍ഭാഗത്തെ സീറ്റിന്‍റെ അടുത്താണ് നില്‍ക്കുന്നത്. കുറച്ചുദൂരം ചെന്നതോടെ അതില്‍ ഒരു പയ്യന് ഛര്‍ദ്ദിക്കാന്‍ വന്നു. ഉടനെ ആംഗ്യം കാണിച്ച് അവന്‍ സീറ്റിന്‍റെ വിന്‍ഡോ ഭാഗത്തേക്ക് തലനീട്ടി. എന്‍റെ തൊട്ടടുത്തിരിക്കുന്നയാള്‍ നീങ്ങി കൊടുക്കാന്‍ തുടങ്ങിയതേ ആ പാവം പയ്യന്‍ ഛര്‍ദിച്ചു. അദ്ദേഹം ഇരിക്കുന്ന സീറ്റിലും ബസിന്‍റെ ജനാലയിലുമായി അവശിഷ്ടങ്ങള്‍ വീണു. സത്യം പറഞ്ഞാല്‍ എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി.

ഉടനെ മനസ്സില്‍ ശക്തമായ ഒരു തോന്നല്‍ വന്നു. കയ്യിലുള്ള തൂവാല എടുക്കുക. സീറ്റ് തുടയ്ക്കുക.

ഞാന്‍ പോക്കറ്റില്‍നിന്നും തേച്ചുമടക്കിയ എന്‍റെ വെള്ളത്തൂവാല മനസ്സില്ലാമനസ്സോടെ എടുത്ത് അവന്‍ ഇരിക്കാന്‍ പോകുന്ന സീറ്റ് തുടച്ചു.

ഉടനെ ആത്മാവില്‍ അടുത്ത സ്വരം.

തൂവാലയുടെ മടങ്ങിയിരിക്കുന്ന ഭാഗം നിവര്‍ത്തി ആ ഭാഗം കൊണ്ട് അവന്‍റെ വായയും താടിയും അവശിഷ്ടങ്ങള്‍ പറ്റിയ മുഖഭാഗവും തുടയ്ക്കുക…

ഞാന്‍ അല്‍പ്പം വിമ്മിട്ടപ്പെട്ടിട്ടാണെങ്കിലും അത് ചെയ്തു. ക്രൂശിക്കാന്‍ കൊണ്ടുപോകുന്ന ക്രിസ്തുവിന്‍റെ തിരുമുഖം തൂവാലകൊണ്ട് തുടയ്ക്കുന്ന വെറോനിക്കയുടെ മുഖം അന്നേരം എന്‍റെ ഭാവനയില്‍ വന്നു.

ശേഷം ബസ്സിന്‍റെ ജനാലയും കമ്പികളും തുടച്ചശേഷം ആ തൂവാല ഞാന്‍ കളഞ്ഞു.

അന്നേരം ഞാന്‍ അനുഭവിച്ചത് നഷ്ടബോധമായിരുന്നില്ല, പിന്നെയോ ആത്മലാഭമാണ്. കാരണം, എന്‍റെയടുത്ത് ഇപ്പോള്‍ ഇരിക്കുന്ന ആ മകനെയും ബസ്സില്‍ കയറിയ അവന്‍റെ സുഹൃത്തിനെയും ഞാന്‍ ഉടനെ നേടാന്‍ പോവുകയാണ്.

അവര്‍ക്ക് ഒരുകാര്യം അറിയണം. എന്തുകൊണ്ടാണ് ഞാന്‍ ഇങ്ങനെ ചെയ്തത് ?

എന്‍റെ ഉത്തരം സിംപിള്‍!

ക്രിസ്തുവിന്‍റെ സ്നേഹം എനിക്ക് പ്രചോദനം നല്‍കുന്നു!!!

ഒപ്പം ഞാന്‍ എനിക്ക് അറിയാവുന്ന രീതിയില്‍ യേശുവിനെക്കുറിച്ച് ആ മകനോട് പങ്കുവച്ചു. ഞാന്‍ നിന്നില്‍ ആരെ കണ്ടെന്നും എന്താണ് ഇങ്ങനെ ചെയ്തപ്പോള്‍ എനിക്ക് തോന്നിയത് എന്നുമെല്ലാം. ഒപ്പം അവന്‍റെ കൂടെയുള്ള കൂട്ടുകാരനോടും. ഇരുവരും കണ്ണിമ വെട്ടാതെ ഹൃദയം ചേര്‍ത്തുവെച്ച് എല്ലാം കേട്ടുകൊണ്ടിരുന്നു.

ആധുനിക കാലഘട്ടത്തില്‍ എങ്ങനെ ക്രിസ്തുവിനെ കൊടുക്കാം എന്ന് ചോദിക്കുന്നവരോട് എനിക്ക് പറയാനുള്ളത് എന്‍റെ ഈ കൊച്ചനുഭവമാണ്.

ഒരു തൂവാല കൊണ്ട് ഒരു ആത്മാവിനെ നേടാമെങ്കില്‍, ഒന്ന് ചിന്തിച്ചുനോക്കൂ… സ്വന്തമായി കയ്യിലുള്ള ‘പൊട്ടന്‍ഷ്യല്‍’ എത്രയെന്ന്!

നമ്മുടെ കൈകളിലും തേച്ചു മടക്കി പോക്കറ്റിലിട്ടിരിക്കുന്ന ധാരാളം തൂവാലകളില്ലേ? അനുഭവങ്ങളായും സമയമായും കഴിവുകളായും എടുക്കാതിരിക്കുന്ന വെള്ളത്തൂവാലകള്‍.

ആത്മാവിന്‍റെ പ്രേരണയനുസരിച്ച് അതെടുക്കുക. കാരണം പറഞ്ഞ്, വേണ്ടവര്‍ക്ക് അവ കൊടുക്കുക.

ഓര്‍ക്കുക, വിശ്വാസം ഒരു ദാനമാണ്. “നിനക്ക് എന്തു പ്രത്യേക മാഹാത്മ്യമാണുള്ളത്? ദാനമായി ലഭിച്ചതല്ലാതെ നിനക്ക് എന്തുണ്ട്? എല്ലാം ദാനമായിരിക്കേ, ദാനമല്ല എന്ന മട്ടില്‍ എന്തിന് നീ അഹങ്കരിക്കുന്നു?” (1 കോറിന്തോസ് 4/7)

ഒരു കാര്യം കൂടി പറയട്ടെ, “എന്‍റെ സഹോദരരേ, വിശ്വാസമുണ്ടെന്നു പറയുകയും പ്രവൃത്തി ഇല്ലാതിരിക്കുകയും ചെയ്യുന്നവന് എന്തു മേന്‍മയാണുള്ളത്? ഈ വിശ്വാസത്തിന് അവനെ രക്ഷിക്കാന്‍ കഴിയുമോ? ഒരു സഹോദരനോ സഹോദരിയോ ആവശ്യത്തിന് വസ്ത്രമോ ഭക്ഷണമോ ഇല്ലാതെ കഴിയുമ്പോള്‍ നിങ്ങളിലാരെങ്കിലും ശരീരത്തിനാവശ്യമായത് അവര്‍ക്കു കൊടുക്കാതെ, സമാധാനത്തില്‍ പോവുക; തീ കായുക; വിശപ്പടക്കുക എന്നൊക്കെ അവരോടു പറയുന്നെങ്കില്‍, അതുകൊണ്ട് എന്തു പ്രയോജനം? പ്രവൃത്തികള്‍കൂടാതെയുള്ള വിശ്വാസം അതില്‍തന്നെ നിര്‍ജീവമാണ്” (യാക്കോബ് 2/ 14-17).

'

By: ബ്രദര്‍ അഗസ്റ്റിന്‍ ക്രിസ്റ്റി PDM

More
സെപ് 09, 2023
Enjoy സെപ് 09, 2023

ദൈവവചനം കൊടുക്കാനായി നാം ഇറങ്ങിത്തിരിക്കുമ്പോള്‍ അടയാളങ്ങളിലൂടെയും അത്ഭുതങ്ങളിലൂടെയും ദൈവം തന്‍റെ വചനം സ്ഥിരീകരിച്ചുകൊള്ളും.

ഉക്രെയ്നില്‍ ഞാന്‍ അംഗമായ കോണ്‍വെന്‍റിനോടുചേര്‍ന്ന് ഞങ്ങള്‍ ഒരു പ്രാര്‍ത്ഥനാകൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. ആ പ്രാര്‍ത്ഥനയില്‍ സ്ഥിരമായി സംബന്ധിക്കാന്‍ 200 കിലോമീറ്ററിലധികം ദൂരെനിന്ന് ഒരു കുടുംബം വരിക പതിവാണ്, ദന്തഡോക്ടര്‍മാരായ ദമ്പതികളും അവരുടെ കുട്ടിയും. വീണ്ടും മക്കളെ വേണമെന്നതായിരുന്നു അവരുടെ പ്രധാനപ്രാര്‍ത്ഥനാനിയോഗം. അങ്ങനെയിരിക്കേ ഒരു ദിവസം അവര്‍ എന്നെ ഫോണ്‍ ചെയ്തു, ‘സിസ്റ്റര്‍, വളരെ സന്തോഷം. ഭാര്യ ഗര്‍ഭിണിയാണ്.”

പക്ഷേ അതോടൊപ്പം ഒരു ദുഃഖവും ഉണ്ടായിട്ടുണ്ട് എന്നവര്‍ പറഞ്ഞു. സ്കാന്‍ റിപ്പോര്‍ട്ടനുസരിച്ച് കുഞ്ഞിനൊപ്പം ഒരു ട്യൂമര്‍കൂടിയുണ്ട്. രണ്ടും വളരുകയാണ്. അത് അമ്മക്കോ കുഞ്ഞിനോ ആപത്തുണ്ടാക്കിയേക്കാം. ഇതെല്ലാം അവര്‍ വിളിച്ചുപറഞ്ഞ ദിവസം ഞാന്‍ അവരുടെ താമസസ്ഥലത്തിനടുത്തുകൂടെ യാത്ര ചെയ്യുന്നുണ്ടായിരുന്നു. അതിനാല്‍ ഞാന്‍ പറഞ്ഞു, “ഞാന്‍ ഇന്ന് അതിലേ വരുന്നുണ്ട്. നമുക്ക് അവിടെവച്ച് കാണാം.”

അങ്ങനെ അവരുടെയടുത്ത് ചെന്നു. ആ ഭാര്യയുടെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചു. അപ്പോള്‍ ഞാന്‍ കാണുന്നത് രണ്ട് കുഞ്ഞുങ്ങളെയാണ്, ട്യൂമര്‍ കാണുന്നില്ല. അക്കാര്യം അവരോട് പറഞ്ഞു. അവര്‍ രണ്ട് സ്ഥലത്ത് പോയി സ്കാന്‍ ചെയ്തതാണ്. രണ്ട് സ്ഥലത്തുനിന്നും കിട്ടിയ റിപ്പോര്‍ട്ട് അനുസരിച്ച് ഉദരത്തില്‍ ഒരു കുഞ്ഞും ഒരു ട്യൂമറുമാണുള്ളത്. അതിനാല്‍ ഞാന്‍ അവരോട് നിര്‍ദേശിച്ചു, “നിങ്ങളിനി തത്കാലം ഡോക്ടറെ സമീപിക്കേണ്ട.”

അവര്‍ ചോദിച്ചു, “സിസ്റ്റര്‍, ഇത് റിസ്കല്ലേ?”

“നമ്മള്‍ ദൈവത്തിലാണ് ആശ്രയിക്കുന്നത്. ഒന്നരമാസം കഴിഞ്ഞിട്ട് സ്കാന്‍ ചെയ്താല്‍ മതി.”

അവര്‍ സമീപിക്കുന്ന ഡോക്ടര്‍മാര്‍ അവരുടെതന്നെ സുഹൃത്തുക്കളാണ്. അവരുടെ അഭിപ്രായം അബോര്‍ഷന്‍ ചെയ്യണമെന്നാണ്. പക്ഷേ ഒന്നരമാസം കാത്തിരുന്നിട്ട് തുടര്‍ന്ന് എന്ത് ചെയ്യണമെന്ന് തീരുമാനിക്കാം എന്ന് ഈ ദമ്പതികള്‍ പറഞ്ഞു. അങ്ങനെ കാത്തിരുന്നു.

ഒന്നരമാസത്തോളം കഴിഞ്ഞ് സ്കാന്‍ ചെയ്തപ്പോള്‍ പറയുകയാണ്, “വയറ്റിലുള്ളത് ഇരട്ടകളാണ്!”

സ്കാന്‍ റിപ്പോര്‍ട്ടുകളില്‍ തെറ്റ് പറ്റിയതല്ല എന്നാണ് ഞങ്ങളെല്ലാം വിശ്വസിക്കുന്നത്. കാരണം രണ്ട് വ്യത്യസ്ത ലാബുകളില്‍നിന്നും കിട്ടിയ റിപ്പോര്‍ട്ട് പ്രകാരം ട്യൂമറാണെന്ന് ഉറപ്പുവരുത്തിയതാണ്. അതിനാല്‍ അത് ഡോക്ടര്‍മാര്‍ക്ക് പറ്റിയ തെറ്റല്ല, അത് ദൈവത്തിന്‍റെ അത്ഭുതമാണ്. ആ ട്യൂമര്‍ ഒരു കുഞ്ഞായി രൂപാന്തരപ്പെട്ടു. “ഗര്‍ഭിണിയുടെ ഉദരത്തില്‍ ചൈതന്യം പ്രവേശിക്കുന്നത് എങ്ങനെ എന്ന് അറിയാത്തതുപോലെ സര്‍വത്തിന്‍റെയും സ്രഷ്ടാവായ ദൈവത്തിന്‍റെ പ്രവൃത്തികളും നീ അറിയുന്നില്ല” (സഭാപ്രസംഗകന്‍ 11/5).

ആ ദമ്പതികളുടെ അഭ്യര്‍ത്ഥനപ്രകാരം ട്യൂമറാണെന്ന് ആദ്യം പറഞ്ഞ കുഞ്ഞിനെ ഞാന്‍ ആത്മീയമായി അന്നേതന്നെ ദത്തെടുത്ത് പ്രാര്‍ത്ഥിച്ചിരുന്നു. ആ കുഞ്ഞിന്‍റെ ഹൃദയത്തിന് തകരാറുണ്ടെന്നാണ് പറഞ്ഞിരുന്നത്. അതിനാല്‍ ജീവിച്ചിരിക്കാനുള്ള സാധ്യതയും കുറവാണെന്നായിരുന്നു ഡോക്ടര്‍മാരുടെ അഭിപ്രായം.

പക്ഷേ ഞാന്‍ പറഞ്ഞു, “ഇത്രയും അത്ഭുതം ചെയ്ത ദൈവം ഇനിയും നടത്തും. ദൈവം ഒരു കാര്യം തുടങ്ങിവച്ചാല്‍ അത് പൂര്‍ത്തിയാക്കും. നിങ്ങള്‍ പ്രാര്‍ത്ഥിക്കുക.”

അതുപ്രകാരം അവര്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ടുപോയി. നാളുകള്‍ പൂര്‍ത്തിയായപ്പോള്‍ അവര്‍ക്ക് ഇരട്ടക്കുഞ്ഞുങ്ങള്‍ ജനിച്ചു. ട്യൂമറാണെന്ന് പറയപ്പെട്ടത് ഒരു പെണ്‍കുഞ്ഞായിരുന്നു. ജനിച്ചപ്പോള്‍ അവള്‍ക്ക് തൂക്കം വളരെ കുറവ്. പ്രസവം കഴിഞ്ഞയുടനെ ആ കുഞ്ഞിന് സര്‍ജറി നടത്താന്‍ ചൈല്‍ഡ് കാര്‍ഡിയോളജിസ്റ്റ് തയാറായി നിന്നിരുന്നു. പക്ഷേ പരിശോധിച്ചപ്പോള്‍ അവളുടെ ഹൃദയത്തിന് യാതൊരു തകരാറുമില്ല! അതിനാല്‍ സര്‍ജറിയും വേണ്ടിവന്നില്ല.

പിന്നീട് ഞാനവളുടെ തലതൊട്ടമ്മയായി. ഡൊമിനിക്ക എന്നാണ് അവള്‍ക്ക് പേരിട്ടത്. അവളുടെ ഇരട്ട ഒരു ആണ്‍കുട്ടിയായിരുന്നു. അവന് നൊസാര്‍ എന്ന് പേരിട്ടു.

നാളുകള്‍ കഴിഞ്ഞു. ആണ്‍കുട്ടി തനിയെ നില്‍ക്കുന്നില്ല. ഡോക്ടേഴ്സ് അവനെ ഉഴിച്ചിലിന് കൊണ്ടുപോകാന്‍ പറഞ്ഞു. അതെല്ലാം അവര്‍ ചെയ്തിരുന്നു. എന്നിട്ടും കുട്ടി തനിയെ നില്‍ക്കാന്‍ തുടങ്ങിയില്ല. പെണ്‍കുട്ടിയാകട്ടെ നടന്നുതുടങ്ങിയിരുന്നു. അങ്ങനെയിരിക്കേ ഒരു സുവിശേഷയാത്രക്കിടെ ഞാന്‍ അവരുടെ വീട്ടില്‍ ചെന്നു. ആ കുടുംബത്തോട് നല്ല അടുപ്പമായിരുന്നതിനാല്‍ അവരുടെ വീടിനടുത്തുകൂടെ പോകുമ്പോള്‍ അവിടെയാണ് താമസിക്കാറുള്ളത്. അന്ന് അവിടെ ചെന്നപ്പോള്‍ ആണ്‍കുട്ടിയെ എടുത്ത് ഞാന്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു, “ഞാന്‍ വിശുദ്ധ കുര്‍ബാന സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അത് എന്‍റെ ശരീരത്തിലുണ്ട്. അതിനാല്‍ എന്‍റെ വിരലിന്‍റെ തുമ്പത്തുപോലും അങ്ങയുടെ സാന്നിധ്യമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.”

തുടര്‍ന്ന് അവനെ എടുത്ത് താഴെ നിര്‍ത്തിയിട്ട് പറഞ്ഞു, “നൊസാര്‍, നടക്കുക!”

അവന്‍ തനിയെ എന്‍റെ അടുത്തേക്ക് നടന്നുവന്നു!!

ദൈവം ചെയ്‌ത ഈ അത്ഭുതങ്ങളെപ്രതി ഡൊമിനിക്കയെയും നൊസാറിനെയും മറക്കാനാവില്ല. ദൈവവചനം കൊടുക്കാനായി നാം ഇറങ്ങിത്തിരിക്കുമ്പോള്‍ അടയാളങ്ങളിലൂടെയും അത്ഭുതങ്ങളിലൂടെയും ദൈവം തന്‍റെ വചനം സ്ഥിരീകരിച്ചുകൊള്ളും. “കര്‍ത്താവിന്‍റെ പ്രവൃത്തികള്‍ ഉത്തമമാണ്; യഥാസമയം അവിടുന്ന് ആവശ്യങ്ങള്‍ നിറവേറ്റുന്നു” (പ്രഭാഷകന്‍ 39/33).

'

By: Sr. Ligi Payyappilly SJSM

More
സെപ് 06, 2023
Enjoy സെപ് 06, 2023

ആത്മീയജീവിതത്തില്‍ അഭിവൃദ്ധിപ്പെടുന്നതിന് സാത്താനെയും ജഡത്തെയും ലോകത്തെയും വിജയിക്കേണ്ടതുണ്ട്. ഇതിനുള്ള കൃപാവരം ലഭിക്കുന്നതിന്….

“ഓ ക്രിസ്ത്യാനീ, മിശിഹായുടെ അമൂല്യരക്തത്താല്‍ നനഞ്ഞിരിക്കുന്ന നിന്‍റെ നാവ് പിശാചിനെ കാണിച്ചാല്‍ അതിനെ നേരിടാന്‍ പിശാചിന് കഴിയുകയില്ല. തിരുരക്തത്താല്‍ നനയപ്പെട്ട നിന്‍റെ അധരം കണ്ടാല്‍, ഭയപ്പെട്ട വന്യമൃഗത്തെപ്പോലെ സാത്താന്‍ നിന്നില്‍നിന്ന് അകന്ന് പൊയ്ക്കൊള്ളും.” സഭാപിതാവായ വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോമിന്‍റെ വാക്കുകളാണിവ.

വിശുദ്ധിതന്നെയായ മിശിഹായാണ് വിശുദ്ധ കുര്‍ബാനയില്‍ നമ്മിലേക്ക് എഴുന്നള്ളിവരുന്നത്. ആ ദിവ്യകാരുണ്യസാന്നിധ്യം സാത്താന് ഭയമുളവാക്കുന്നു. സാത്താനെ ബഹിഷ്കരിക്കാനുള്ള ഏറ്റവും പ്രയോജനകരമായ മാര്‍ഗം ദിവ്യകാരുണ്യ ജീവിതമാണ്. സ്വീകരിക്കുന്ന ദിവ്യകാരുണ്യത്തോട് ഐക്യപ്പെട്ട് ജീവിതം ദിവ്യകാരുണ്യമാക്കി മാറ്റുന്നതിലൂടെ ഒരു ക്രിസ്ത്യാനിക്ക് സാത്താനെ ബഹിഷ്കരിക്കാനാവും. അപ്പോള്‍ തിരുവചനം സാക്ഷിക്കുന്നതുപോലെ നമ്മുടെ “ഉള്ളിലുള്ളവന്‍ ലോകത്തിലുള്ളവനെക്കാള്‍ വലിയവനാണ്” (1 യോഹന്നാന്‍ 4/4) എന്ന സത്യം നാം അനുഭവിക്കും. സഭാപിതാവായ ക്രിസോസ്റ്റോം വീണ്ടും ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “വായില്‍നിന്ന് അഗ്നിജ്വാല പുറപ്പെടുത്തുന്ന സിംഹത്തെപ്പോലെയാണ് ദിവ്യകാരുണ്യം സ്വീകരിച്ച ക്രിസ്ത്യാനി. അവനെ ദര്‍ശിക്കുക പിശാചിന് അസഹ്യമാണ്.” ക്രിസ്ത്യാനി തന്‍റെ വിശുദ്ധ സാന്നിധ്യത്താല്‍ സാത്താനെ ബഹിഷ്കരിക്കാന്‍ കഴിയുന്നവനായിത്തീരുകയാണ്.
വിശുദ്ധ നോര്‍ബര്‍ട്ടിന്‍റെ ജീവിതത്തിലെ ഒരത്ഭുതം ഇവിടെ പ്രസ്താവിക്കുന്നത് ഉചിതമായിരിക്കും. പന്ത്രണ്ടു വയസുമാത്രമുള്ള ഒരു പെണ്‍കുട്ടിയെ പിശാച് ബാധിച്ചു. അവളുടെ പിതാവ് സഹായം തേടി ഫാ. നോര്‍ബര്‍ട്ടിന്‍റെ അടുക്കലെത്തി. ഒപ്പം വലിയൊരു ജനാവലിയും കാഴ്ചക്കാരായി എത്തിച്ചേര്‍ന്നു. ഫാ.നോര്‍ബര്‍ട്ടിനെ കണ്ട മാത്രയില്‍ത്തന്നെ പെണ്‍കുട്ടി അട്ടഹസിക്കുകയും അലറി വിളിക്കുകയും ചെയ്തു. നോര്‍ബര്‍ട്ടച്ചനാകട്ടെ ശാന്തനായി പിശാചിനെ ബഹിഷ്കരിക്കാനുള്ള പ്രാര്‍ത്ഥന ചൊല്ലാനാരംഭിച്ചു. അതു കേട്ടയുടനെ അവള്‍ പരിഹസിക്കാന്‍ തുടങ്ങി. ബൈബിള്‍ പഠിച്ചിട്ടില്ലാത്ത അവള്‍ ഉത്തമഗീതം മുഴുവന്‍ ലത്തീന്‍ ഭാഷയില്‍ ഉരുവിടുകയും തുടര്‍ന്ന് ഫ്രഞ്ചിലും ജര്‍മനിയിലും വിവര്‍ത്തനം ചൊല്ലുകയും ചെയ്തു. എല്ലാവരും ആശ്ചര്യഭരിതരായി.

തുടര്‍ന്ന് അവള്‍ ധിക്കാരപൂര്‍വം വെല്ലുവിളികളുയര്‍ത്തി ആക്രോശിച്ചുകൊണ്ടിരുന്നു. ഫാ. നോര്‍ബര്‍ട്ട് വിശുദ്ധ ബലിയര്‍പ്പിക്കുന്ന വേളയില്‍ അവളെ കൂട്ടിക്കൊണ്ടുവരാന്‍ ആ പിതാവിനോടാവശ്യപ്പെട്ടു. അതിന്‍പ്രകാരം അവര്‍ ദൈവാലയത്തിലെത്തി. അനേകം ആളുകളും ദൈവാലയത്തില്‍ സന്നിഹിതരായിരുന്നു. നോര്‍ബര്‍ട്ടച്ചന്‍ വിശുദ്ധ കുര്‍ബാന ഉയര്‍ത്തുന്ന സമയം അവള്‍ അലറിവിളിച്ചു. “നീ അവനാണ്. എന്നെ പോകാന്‍ അനുവദിക്കുക.” നോര്‍ബര്‍ട്ടച്ചനാകട്ടെ വിശുദ്ധ കുര്‍ബാന ഉയര്‍ത്തി പ്രാര്‍ത്ഥന തുടര്‍ന്നുകൊണ്ടിരുന്നു. പെണ്‍കുട്ടി ബോധമറ്റ് നിലത്തുവീണു. പിന്നെ ശാന്തമായി എഴുന്നേറ്റു. സൗഖ്യം പ്രാപിച്ചവളായി അവള്‍ കാണപ്പെട്ടു. പിതാവിനോടൊപ്പം വീട്ടിലേക്ക് മടങ്ങി.

സത്യമിതാണ്: നാം നമ്മുടെ നഗ്നനേത്രങ്ങള്‍കൊണ്ട് ദിവ്യകാരുണ്യത്തില്‍ ഈശോയെ കാണുന്നില്ല. എന്നാല്‍ ദുഷ്ടാരൂപിയായ സാത്താന് ഈശോയെ തിരിച്ചറിയാന്‍ കഴിയും. ദിവ്യകാരുണ്യസാന്നിധ്യം സജീവനായ ഈശോയുടെ സാന്നിധ്യംതന്നെയാണ്. സാത്താന്‍ ഈ ലോകത്ത് ഏറ്റം ഭയപ്പെടുന്നത് ഈ ദിവ്യകാരുണ്യസാന്നിധ്യത്തെയാണ്. ദിവ്യകാരുണ്യസാന്നിധ്യം വഴിയായി ലോകം വിശുദ്ധീകരിക്കപ്പെടുകയും തിന്മ ബഹിഷ്കൃതമാവുകയും ചെയ്യുന്നു. അനുദിനം ദിവ്യകാരുണ്യം സ്വീകരിക്കുന്ന നാം സാത്താന്‍റെ ശക്തിയെ ചെറുക്കാന്‍ ശക്തിയുള്ളവരാകുന്നു. സാത്താനെ കീഴ്പ്പെടുത്താനുള്ള ഏറ്റം ശക്തമായ ഉപാധി ദിവ്യകാരുണ്യമാണെന്ന് നാം തിരിച്ചറിയുക.

ആത്മീയജീവിതത്തില്‍ അഭിവൃദ്ധിപ്പെടുന്നതിന് സാത്താനെയും ജഡത്തെയും ലോകത്തെയും വിജയിക്കേണ്ടതുണ്ട്. ഇതിനുള്ള കൃപാവരം ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ നമുക്ക് ലഭിക്കുന്നു. സിയന്നായിലെ വിശുദ്ധ കാതറിന്‍ തന്‍റെ കുമ്പസാരക്കാരനായ വൈദികന് നല്‍കുന്ന ഉപദേശം കേള്‍ക്കുക; “ക്രൂശിതനായ ക്രിസ്തുവിന്‍റെ രക്തത്തില്‍ അങ്ങയെ ആഴ്ത്തുക. അങ്ങയുടെ ആന്തരിക നയനങ്ങളെ പിശാച് അന്ധമാക്കിയെങ്കില്‍ തിരുരക്തത്താല്‍ കഴുകി കാഴ്ചയുള്ളവനാകുക. അജ്ഞാതമായ ദാനങ്ങളെക്കുറിച്ച് നന്ദിയില്ലാത്തവനായിപ്പോയെങ്കില്‍ തിരുരക്തത്താല്‍ കഴുകി കൃതജ്ഞതയുള്ളവനാകുക. ഹൃദയത്തിന്‍റെ മന്ദോഷ്ണതയെ തിരുരക്തത്തിന്‍റെ ചൂടില്‍ ഉരുക്കിക്കളയുക. തിരുരക്തത്തിന്‍റെ പ്രകാശത്തില്‍ അന്ധകാരം അകറ്റിക്കളയുക.” ഓരോ ദൈവപൈതലും ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ ഇപ്രകാരം ഉപരി വിശുദ്ധീകരണം നേടിയെടുക്കണമെന്നാണ് സ്വര്‍ഗം ആഗ്രഹിക്കുന്നത്.

വിശുദ്ധ അഗസ്തീനോസ് ഇപ്രകാരം ഉപദേശിക്കുന്നു: “കുരിശില്‍ തൂങ്ങിക്കിടക്കുന്ന ഈശോയുടെ ശരീരത്തെ അപ്പത്തിലും അവിടുത്തെ പാര്‍ശ്വത്തില്‍ നിന്നൊഴുകിവരുന്ന രക്തത്തെ കാസയിലും ദര്‍ശിക്കുക. ചിതറിക്കപ്പെടാതിരിക്കാന്‍വേണ്ടി ഐക്യത്തിന്‍റെ ബന്ധമായ ഈ അപ്പത്തെ ഭക്ഷിക്കുക. അധിക്ഷേപിക്കപ്പെടാതിരിക്കാന്‍വേണ്ടി നിനക്കായി നല്‍കപ്പെട്ട നിന്‍റെ വിലയായ രക്തത്തെ പാനം ചെയ്യുക.” നമ്മെ ചിതറിക്കുന്ന യഥാര്‍ത്ഥ ശത്രു സാത്താനാണ്. നമ്മെ അധിക്ഷേപിക്കുന്ന തിന്മയുടെ ശക്തി സാത്താന്‍തന്നെ. ആകയാല്‍ ദിവ്യകാരുണ്യം എന്ന ശക്തമായ ആയുധത്താല്‍ തിന്മയെ ആട്ടിയകറ്റാന്‍ നമുക്ക് കഴിയണം.

വിശുദ്ധ ക്ലാരയുടെ ജീവിതത്തിലെ വലിയൊരത്ഭുതം നാം ഈവിധം കാണുന്നു. ക്ലാരയുടെ സന്യാസഭവനം ഒരിക്കല്‍ സൈന്യം ആക്രമിക്കാനെത്തി. മഠത്തിന് മതില്‍ക്കെട്ട് ഇല്ലായിരുന്നു. ആയുധധാരികളായ സൈന്യം മഠത്തിലേക്ക് ഇരച്ചുകയറി. സഹോദരികള്‍ ഭയന്നുവിറച്ച് ക്ലാരയുടെ അടുക്കലെത്തി. ക്ലാര പറഞ്ഞു: “ആരും ഭയപ്പെടേണ്ട, ദൈവം നമ്മോടു കൂടെയുണ്ട്.” ഇത്രയും പറഞ്ഞ് അവള്‍ ചാപ്പലിലേക്ക് കയറിച്ചെന്ന് ദിവ്യകാരുണ്യം വച്ചിരുന്ന അരുളിക്ക കൈയിലെടുത്ത് പടയാളികളുടെ നേരെ ഉയര്‍ത്തി തത്ക്ഷണം അവര്‍ ഭയപ്പെട്ട് നാലുപാടും ചിതറിയോടി. ദൈവം എഴുന്നേല്‍ക്കുകയും അവിടുത്തെ ശത്രുക്കള്‍ ചിതറിക്കപ്പെടുകയും ചെയ്തു (സങ്കീര്‍ത്തനങ്ങള്‍ 68/1) എന്ന തിരുവചനം ഈവിധം അന്വര്‍ത്ഥമായി.

തിന്മ ഭരണം നടത്തുന്നുവെന്നും ജീവിതം നിരാശയില്‍ കൂപ്പുകുത്തുന്നുവെന്നും തോന്നുമ്പോള്‍ ദിവ്യകാരുണ്യം നമുക്ക് ആശ്രയമാണ്. തടവറയിലെ ഇരുണ്ട ജീവിതാനുഭവങ്ങളെ എങ്ങനെയാണ് താന്‍ പ്രകാശമാനമാക്കിയതെന്ന് കര്‍ദിനാള്‍ വാന്‍ ത്വാന്‍ സ്വാനുഭവം പങ്കുവയ്ക്കുന്നത് കേള്‍ക്കുക: “എല്ലാ ദിവസവും എന്‍റെ ഉള്ളംകൈയില്‍ മൂന്നുതുള്ളി വീഞ്ഞും ഒരു തുള്ളി ജലവും ചെറു ഓസ്തികളും എടുത്ത് ഞാന്‍ ബലിയര്‍പ്പിച്ചിരുന്നു. ഇതായിരുന്നു എന്‍റെ അള്‍ത്താര. ജയിലില്‍ അന്‍പതുപേരുള്ള സംഘങ്ങളായി ഞങ്ങളെ തിരിച്ചിരുന്നു. അമ്പതു സെന്‍റിമീറ്റര്‍ സ്ഥലം ഒരാള്‍ക്ക് അവകാശം!

രാത്രി 9.30-ന് വിളക്കണച്ചുകഴിഞ്ഞാല്‍ ഉറങ്ങാന്‍ കിടക്കണം. ആ സമയം കുനിഞ്ഞിരുന്ന് വിശുദ്ധ കുര്‍ബാന ചൊല്ലി ദിവ്യകാരുണ്യം സഹ കത്തോലിക്കാ തടവുകാര്‍ക്ക് നീട്ടിക്കൊടുത്തിരുന്നു. സിഗരറ്റ് കൂട്ടിലെ കടലാസ് ചുരുട്ടി അതില്‍ വിതരണം ചെയ്തു. വാഴ്ത്തപ്പെട്ട ഒരു ചെറുതിരുവോസ്തിക്കഷണം എപ്പോഴും ഞങ്ങള്‍ സൂക്ഷിച്ചിരുന്നു. രാത്രിയില്‍ തടവുകാര്‍ മാറിമാറി ഊഴമനുസരിച്ച് ഉണര്‍ന്നിരുന്ന് ആരാധന നടത്തിയിരുന്നു.” അങ്ങനെ ദിവ്യകാരുണ്യത്താല്‍ അവര്‍ നാരകീയാനുഭവങ്ങളുടെമേല്‍ വിജയം നേടി. ദിവ്യകാരുണ്യസാന്നിധ്യം ഇരുളിനെ അകറ്റും. ആ തിരുസാന്നിധ്യത്തില്‍ നിരാശ വിട്ടകലും. ഏതു തടവറയും സ്വര്‍ഗമായി മാറും. ദിവ്യകാരുണ്യ സാന്നിധ്യത്താലാണ് ആത്മാവ് തിന്മയെ കീഴടക്കുന്നതും നന്മയില്‍ അഭിവൃദ്ധിപ്പെടുന്നതും സഹനത്തില്‍ ശക്തി പ്രാപിക്കുന്നതും.

'

By: Father James Kiliyananickal

More
സെപ് 06, 2023
Enjoy സെപ് 06, 2023

ലോകത്തില്‍ വിവിധതരം കെണികളുണ്ടെന്ന് മനസിലാക്കിയ വിശുദ്ധ അന്തോനീസ് വിലപിച്ചു, “ദൈവമേ, ഞാനെങ്ങനെ രക്ഷപ്പെടും?” അപ്പോള്‍ ദൈവാത്മാവ് മറുപടി നല്കി, “എളിമയിലൂടെ!”

“വിനയത്തിനും ദൈവഭക്തിക്കുമുള്ള പ്രതിഫലം സമ്പത്തും ജീവനും ബഹുമതിയുമാണ്” (സുഭാഷിതങ്ങള്‍ 22/4)

'

By: Shalom Tidings

More
സെപ് 01, 2023
Enjoy സെപ് 01, 2023

നിലത്തെറിഞ്ഞ പുസ്തകത്തില്‍നിന്നും പുഞ്ചിരിതൂകിയ കുഞ്ഞിന്‍റെ കൈകള്‍…

ശാലോം ഏജന്‍സി മീറ്റിങ് നടക്കുന്ന സമയം. പുസ്തകങ്ങള്‍ നിരത്തിയിരിക്കുന്ന കൗണ്ടറില്‍ നിന്നും ഉച്ചത്തിലുള്ള സംസാരംകേട്ടു നോക്കിയപ്പോള്‍ ഒരു സിസ്റ്റര്‍ മറ്റൊരാളോട് ഒരു പുസ്തകത്തെപ്പറ്റി സംസാരിക്കുന്നതാണ് കണ്ടണ്ടത്. ‘നിലവിളി കേള്‍ക്കുന്ന ദൈവം’ എന്ന പുസ്തകം കയ്യില്‍ എടുത്തുകാണിച്ചുകൊണ്ടണ്ടാണ് സിസ്റ്റര്‍ സംസാരിക്കുന്നത്.. അതോടെ എനിക്ക് ആകാംക്ഷയായി.

ഞാന്‍ പതുക്കെ സിസ്റ്ററിനെ സമീപിച്ചു … സിസ്റ്റര്‍ സ്വന്തം അനുഭവം പങ്കുവയ്ക്കാന്‍ തുടങ്ങി. മുമ്പ് സിസ്റ്റര്‍ ഒരു ക്ലിനിക്കിലാണ് സേവനം ചെയ്തിരുന്നത്. ഒരിക്കല്‍ അവിടെ വന്ന ദമ്പതികളെ സിസ്റ്റര്‍ ശ്രദ്ധിച്ചു. അവരുടെ സംസാരത്തിലും പെരുമാറ്റത്തിലും ഒരു പന്തികേട്… സിസ്റ്റര്‍ കാര്യംതിരക്കിയപ്പോള്‍ അവര്‍ പലതും പറഞ്ഞ് സിസ്റ്ററിനെ ഒഴിവാക്കാന്‍ ശ്രമിച്ചു. പിന്നെ അല്പം സംസാരിച്ചു. ആ സ്ത്രീ ഗര്‍ഭിണിയായിരുന്നു. അവര്‍ പറഞ്ഞു: “ഞങ്ങള്‍ക്ക് ഇപ്പോള്‍ ഈ കുഞ്ഞിനെ വേണ്ട. അബോര്‍ഷന്‍ ചെയ്യണം,” അതുകേട്ട് സിസ്റ്ററിന്‍റെ ചങ്കുപിടഞ്ഞു. പെട്ടെന്നാണ് തന്‍റെ കൈയിലുള്ള ‘നിലവിളി കേള്‍ക്കുന്ന ദൈവം’ എന്ന പുസ്തകത്തെക്കുറിച്ച് ഓര്‍മവന്നത്. അതെടുത്ത് വേഗം ആ ഭര്‍ത്താവിന്‍റെ കൈയില്‍ കൊടുത്തു. എന്നാല്‍ അത് ഒട്ടും ഇഷ്ടപ്പെടാത്ത ആ മനുഷ്യന്‍ പുസ്തകം ഗേറ്റിന്‍റെ ചുവട്ടിലേക്ക് എറിഞ്ഞു. സിസ്റ്റര്‍ അതെടുത്ത് വീണ്ടും അദ്ദേഹത്തിന്‍റെ കൈയിലേക്ക് കൊടുത്തിട്ട് പറഞ്ഞു, “മോന് വേണ്ടെങ്കില്‍ വായിക്കണ്ട, എന്നാലും മോന്‍ കൊണ്ടുപൊയ്ക്കോ… പ്ലീസ്….” സിസ്റ്റര്‍ കെഞ്ചിപ്പറഞ്ഞതുകൊണ്ടണ്ടുമാത്രം അദ്ദേഹം ആ പുസ്തകം കൊണ്ടുപോയി.

വര്‍ഷങ്ങള്‍ കഴിഞ്ഞു. ഒരു ദിവസം സിസ്റ്റര്‍ ക്ലിനിക്കില്‍ ജോലിചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഒരു കുഞ്ഞുപെണ്‍കുട്ടി പിന്നില്‍നിന്ന് സിസ്റ്ററിന്‍റെ ഉടുപ്പില്‍ പിടിച്ചുവലിച്ചു. തിരിഞ്ഞുനോക്കിയപ്പോള്‍ അവള്‍ മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് സിസ്റ്ററിനെ നോക്കിനില്‍ക്കുകയാണ്. അടുത്തുനില്‍ക്കുന്ന അവളുടെ മാതാപിതാക്കളെ സിസ്റ്ററിന് വേഗം മനസിലായി, നാളുകള്‍ക്കുമുമ്പ് താന്‍ പുസ്തകം കൊടുത്തുവിട്ട ദമ്പതികള്‍! ‘നിലവിളി കേള്‍ക്കുന്ന ദൈവം’ എന്ന പുസ്തകം അവരെ മാറ്റിചിന്തിപ്പിച്ചുവെന്നും അങ്ങനെ അബോര്‍ഷന്‍ വേണ്ടെന്നുവച്ചുവെന്നും അവര്‍ സന്തോഷത്തോടെ പങ്കുവച്ചു.

ഇക്കാര്യം പറഞ്ഞിട്ട് സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു, “എന്‍റെ മരണം വരെ ആ കുഞ്ഞിന്‍റെ മുഖത്തെ പുഞ്ചിരി എന്‍റെ മനസില്‍നിന്നും മായില്ല. ദൈവം എത്ര കാരുണ്യവാനാണ്. തന്‍റെ വചനത്തിലൂടെ അവിടുന്ന് തന്‍റെ മക്കളെ വീണ്ടെടുക്കുന്നു.”

“ദൈവവചനം സജീവവും ഊര്‍ജ്ജസ്വലവുമാണ്. ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്‍റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്” (ഹെബ്രായര്‍ 4/12).

നാം ചെയ്യുന്ന ഒരു ശുശ്രൂഷയും ചെറുതല്ലെന്ന് ആ സിസ്റ്ററിന്‍റെ വാക്കുകള്‍ എന്നെ ഓര്‍മിപ്പിച്ചു. അത് ഒരു ശാലോം മാസിക വിതരണം ചെയ്യുന്നതാവാം, ഒരു ദൈവവചനം പങ്കുവയ്ക്കുന്നതാവാം, പുസ്തകം കൊടുക്കുന്നതാകാം. അപ്പോള്‍ത്തന്നെ അതിന്‍റെ ഫലം കാണാന്‍ കഴിഞ്ഞെന്ന് വരില്ല. പക്ഷേ നാം വിതച്ച വചനത്തിന്‍റെ വിത്ത് ഒരുനാള്‍ കിളിര്‍ത്ത്, വളര്‍ന്ന് ഫലം ചൂടുകതന്നെ ചെയ്യും.

'

By: Joy Mathew Planthra

More
ആഗ 28, 2023
Enjoy ആഗ 28, 2023

ഒരു പെണ്‍കുട്ടി ഏറ്റവും ഫലപ്രദമായപ്രാര്‍ത്ഥനാരീതി മുട്ടുകുത്താന്‍ മടിയുള്ള ലേഖകനെ പഠിപ്പിച്ചതും അതിന്‍റെ നേട്ടവും

പഠനകാലത്ത് പൂര്‍ത്തീകരിക്കാന്‍ പറ്റാതിരുന്ന ടൈപ്പ്റൈറ്റിംഗ് കോഴ്സ് പൂര്‍ത്തീകരിക്കാന്‍ വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ ഒരു ടൈപ്പ്റൈറ്റിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു. കോളജില്‍ പഠിക്കുന്ന കുട്ടികളുടെയും മറ്റ് ജോലികള്‍ക്ക് പോകുന്നവരുടെയും സൗകര്യത്തിന് ടീച്ചര്‍ ഞങ്ങളെ മോണിംഗ് ബാച്ചിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. പ്രസ്തുത സ്ഥാപനത്തില്‍ അടുത്തുള്ള കോളജില്‍ പഠിക്കുന്ന കുറച്ച് കുട്ടികള്‍ വരുന്നുണ്ടായിരുന്നു. അവരുടെ കൂട്ടത്തില്‍ സ്ഥിരമായി കൈയില്‍ കൊന്തയും പിടിച്ചുവരുന്ന ഒരു പെണ്‍കുട്ടിയെ പരിചയപ്പെട്ടു.

സംസാരിച്ചപ്പോള്‍ ദൈവാനുഭവമുള്ള കുട്ടിയാണെന്ന് മനസിലായി. അവളും സഹോദരനും ജീസസ് യൂത്തിന്‍റെ സജീവ പ്രവര്‍ത്തകരാണ്. എല്ലാ കാര്യങ്ങളും ഈശോയുടെ ഇഷ്ടമനുസരിച്ച് നടക്കാനാണ് അവള്‍ക്കിഷ്ടം. മറ്റു കുട്ടികള്‍ അവളോട് പ്രാര്‍ത്ഥനാസഹായം ചോദിക്കുന്നതൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. എല്ലാ മാസവും രണ്ടാം വെള്ളിയാഴ്ചകളില്‍ പൂര്‍ണ ഉപവാസമെടുത്തുകൊണ്ട് കോളജില്‍ പോവുമെന്നും അതിനുശേഷം ജീസസ് യൂത്തിന്‍റെ നേതൃത്വത്തിലുള്ള ജാഗരണ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുമെന്നും അവള്‍ പറഞ്ഞപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി.

അങ്ങനെയിരിക്കെയാണ് ഒരിക്കല്‍ അവളുടെ കോളജില്‍നിന്ന് ഒരു വിനോദയാത്ര പ്ലാന്‍ ചെയ്തത്. അവസാന വര്‍ഷത്തെ കുട്ടികള്‍ എല്ലാവരും ഒരുമിച്ചുള്ള ആ യാത്ര അവര്‍ എല്ലാവരും വളരെ ആഗ്രഹിച്ചിരുന്നതാണ്. എന്നാല്‍ അവര്‍ പോകുവാനുള്ള എല്ലാ തയാറെടുപ്പുകളും നടത്തിക്കഴിഞ്ഞപ്പോഴാണ് ടൈപ്പ് റൈറ്റിംഗിന്‍റെ പരീക്ഷാതിയതി പ്രഖ്യാപിക്കുന്നത്. അവര്‍ പോകുന്ന തിയതിയും ഞങ്ങളുടെ പരീക്ഷാതിയതിയും ഒന്നായിരുന്നു. ടൂര്‍പ്രോഗ്രാം ഉപേക്ഷിക്കേണ്ടി വരുമല്ലോ എന്ന് ചോദിച്ച എന്നോട് അവള്‍ പറഞ്ഞത് ഇങ്ങനെയാണ്, “കൂട്ടുകാരോടൊപ്പം ഒന്നിച്ചൊരു യാത്ര എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു. പക്ഷേ എന്‍റെ ഈശോയുടെ ഇഷ്ടമനുസരിച്ച് എല്ലാം നടക്കട്ടെ.” പക്ഷേ തന്നെ ഇത്രയധികം സ്നേഹിക്കുന്ന ആ മോളെ വിഷമിപ്പിക്കാന്‍ ഈശോയ്ക്കും ഇഷ്ടമല്ലായിരുന്നു. പരീക്ഷ നടക്കേണ്ട തിയതിക്ക് രണ്ടുദിവസം മുമ്പ് പരീക്ഷ മാറ്റിവച്ചതായി അറിയിപ്പ് വന്നു. അവള്‍ക്ക് വിനോദയാത്രക്ക് പങ്കെടുക്കാനും കഴിഞ്ഞു.

ആയിടയ്ക്ക് രൂപതയുടെ യുവജനധ്യാനം വന്നു. പ്രസ്തുത ധ്യാനവുമായി ബന്ധപ്പെട്ട് രണ്ട് കാര്യങ്ങള്‍ ഈ കുട്ടി എന്നോട് ആവശ്യപ്പെട്ടു. ഒന്നാമത്തേത് എന്‍റെ ഇടവകയില്‍നിന്നും പരമാവധി യുവജനങ്ങളെ ഈ ധ്യാനത്തിലേക്ക് പറഞ്ഞുവിടണം. രണ്ടാമത്തെ ആവശ്യം ധ്യാനദിവസങ്ങളില്‍ മധ്യസ്ഥപ്രാര്‍ത്ഥനയ്ക്ക് വരണം. ആദ്യത്തേത് എനിക്ക് സമ്മതമായിരുന്നു. രണ്ടാമത്തെ കാര്യത്തിന് ഞാന്‍ സമ്മതം നല്‍കിയില്ല. കാരണം മധ്യസ്ഥപ്രാര്‍ത്ഥനയുടെ സമയത്ത് ഒരുപാട് സമയം മുട്ടുകുത്തി പ്രാര്‍ത്ഥിക്കേണ്ടിവരും. മുട്ടുകുത്തുക എന്നത് അന്നെനിക്ക് വളരെ പ്രയാസമുള്ള കാര്യമായിരുന്നു. എങ്കിലും അവളുടെ നിര്‍ബന്ധത്തിന് വഴങ്ങി രണ്ടുദിവസം ചെല്ലാമെന്ന് ഞാന്‍ സമ്മതിച്ചു.

ധ്യാനം നടക്കുന്ന ഹാളിന് പുറകിലുള്ള ഒരു മുറിയാണ് മധ്യസ്ഥപ്രാര്‍ത്ഥനയ്ക്കായി ഒരുക്കിയിരുന്നത്. പ്രാര്‍ത്ഥിക്കാന്‍ വന്നവരില്‍ കൂടുതലും യുവജനങ്ങളായിരുന്നു. ദിവ്യകാരുണ്യസന്നിധിയില്‍ ഇരുന്ന് ഒരു ജപമാല ചൊല്ലി ഞങ്ങള്‍ പ്രാര്‍ത്ഥന ആരംഭിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ പ്രാര്‍ത്ഥന നയിച്ചിരുന്ന യുവാവ് പറഞ്ഞു, “ഇനി എല്ലാവരും അവരവരുടെ സമ്മാനപ്പൊതികള്‍ എടുത്ത് പ്രാര്‍ത്ഥിക്കുക.” ഞാന്‍ ആകാംക്ഷയോടെ എന്താണ് സമ്മാനപ്പൊതിയെന്ന് നോക്കി. ഒരു പെണ്‍കുട്ടി ഏതാനും തുണിബാഗുകള്‍ കൊണ്ടുവന്ന് എല്ലാവര്‍ക്കും ഓരോന്ന് തന്നു.

മെറ്റലുകള്‍ നിറച്ച ബാഗുകളായിരുന്നു അതെല്ലാം. ഞാന്‍ ഞെട്ടിപ്പോയി. വെറും നിലത്ത് മുട്ടുകുത്താന്‍ മടിയുള്ള ഞാന്‍ എങ്ങനെ ഈ മെറ്റല്‍ബാഗില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കും? പക്ഷേ എന്‍റെ ചുറ്റുമുള്ള മക്കള്‍ അവരവരുടെ സമ്മാനപ്പൊതികള്‍ ഉപയോഗിച്ച് പ്രാര്‍ത്ഥിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് മാറിനില്‍ക്കാന്‍ തോന്നിയില്ല. “എന്‍റെ പൊന്നുതമ്പുരാന്‍ സഹിച്ച വേദനകളോട് തുലനം ചെയ്യുമ്പോള്‍ ഇതെത്ര നിസാരം” എന്ന ചിന്ത മനസില്‍ വന്നു. വിശുദ്ധ പൗലോസ് ശാരീരികതപശ്ചര്യകളെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് പറയുന്നു, “ശരീരത്തില്‍ പീഡനമേറ്റ ക്രിസ്തുവിന്‍റെ മനോഭാവം നിങ്ങള്‍ക്ക് ആയുധമായിരിക്കട്ടെ” (1 പത്രോസ് 4/1). എന്തായാലും പിന്നീട് അവരോടൊപ്പം ഏറെ സമയം ‘സമ്മാനപ്പൊതി’ ഉപയോഗിച്ച് പ്രാര്‍ത്ഥിക്കാന്‍ ദൈവം എനിക്ക് കൃപ നല്‍കി. മാത്രമല്ല പ്രാര്‍ത്ഥിക്കുമ്പോള്‍ മുട്ടുകുത്താനുള്ള മടിയും മാറിക്കിട്ടി.

പരിത്യാഗങ്ങള്‍ ചെയ്തുകൊണ്ടുള്ള പ്രാര്‍ത്ഥന എത്രമാത്രം വിലപ്പെട്ടതും ഫലപ്രദവുമാണെന്ന് അതിലൂടെ എനിക്ക് മനസിലായി. “ഉപവാസം, ദാനധര്‍മം, നീതി എന്നിവയോടുകൂടിയാവുമ്പോള്‍ പ്രാര്‍ത്ഥന നല്ലതാണ്” എന്ന് തോബിത് 12/8 തിരുവചനം ഓര്‍മ്മപ്പെടുത്തുന്നുണ്ടല്ലോ.

'

By: Thomas P M

More
ആഗ 28, 2023
Enjoy ആഗ 28, 2023

ജീവനുള്ള സമ്മാനം ഒരുക്കിയപ്പോള്‍ ലേഖികക്ക് ലഭിച്ചത് വലിയ അനുഗ്രഹം

“ഈശോയേ, ഇന്നെന്തോ വലിയ ഒരു സന്തോഷം… സ്നേഹം…. കുറെ സമയം കൂടി ഇങ്ങനെ നിന്‍റെ സന്നിധിയില്‍, ദിവ്യകാരുണ്യത്തിനു മുന്നില്‍ നിന്നെത്തന്നെ നോക്കി ഇരിക്കാന്‍ തോന്നുന്നു….” ചിന്തിച്ചു തീരും മുന്‍പേ ഫോണ്‍ ബെല്ലടിച്ചു. മോളുടെ സ്കൂളില്‍നിന്നാണ്. അതുകൊണ്ട് ഈശോയോട് “എക്സ്ക്യൂസ് മി” പറഞ്ഞ് പള്ളിയില്‍ നിന്ന് പുറത്തു പോയി ഫോണെടുത്തു. കുട്ടികളെ മറ്റേതോ സ്കൂളില്‍ എക്സിബിഷന്‍ കാണിക്കാന്‍ കൊണ്ടുപോകുന്നതിനാല്‍ മോളെ തിരികെ വിളിക്കാനായി ഒരു മണിക്കൂര്‍ വൈകിവന്നാല്‍ മതിയെന്ന് പറയാനാണ് ടീച്ചര്‍ വിളിച്ചത്. “ഈശോയേ ഉമ്മ!!” അല്ലാതെന്തു പറയാന്‍… എത്ര പെട്ടെന്നാണ് എന്‍റെ ആഗ്രഹം നിറവേറിയത്. വാസ്തവത്തില്‍ കൂടുതല്‍ സമയം ഈശോയോടൊത്തിരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചതിലേറെ ഈശോ ആഗ്രഹിച്ചപോലെ… വീണ്ടും ഒരു മണിക്കൂര്‍ കൂടി ഈശോയോടൊപ്പം….

ഈശോയോടു വിശേഷങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നപ്പോഴാണ് ഓര്‍ത്തത്, വരുന്ന ദിവസം ഞങ്ങളുടെ വികാരിയച്ചന്‍റെ ബര്‍ത്ത്ഡേ ആണ്, അതും അമ്പതാം പിറന്നാള്‍. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ഈശോ നിറഞ്ഞു നില്‍ക്കുന്ന വൈദികന്‍. ഇടനേരങ്ങളില്‍ പ്രാര്‍ത്ഥിക്കാനായി പള്ളിയില്‍ വരുമ്പോഴെല്ലാം ഒരു ബുദ്ധിമുട്ടും പറയാതെ അച്ചന്‍ ദിവ്യകാരുണ്യം എഴുന്നള്ളിച്ചു വച്ചു തരും. കോവിഡ് കാലത്ത് എത്ര നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കാന്‍ ആഗ്രഹിച്ചപ്പോഴെല്ലാം അവസരം ഒരുക്കി തന്നിരുന്നു. “ഈശോയേ, നിന്നെ ഇത്രയും സ്നേഹിക്കാന്‍, നിന്നോട് ഇത്രയും ചേര്‍ന്നിരിക്കാന്‍ അച്ചന്‍ വലിയൊരു കാരണമാണ്… അതുകൊണ്ടു നീ തന്നെ പറ… അച്ചന് എന്തു സമ്മാനം നല്‍കും!!!”

പതിവിലും വ്യത്യസ്തമായി ഈശോയുടെ ഉത്തരം പെട്ടെന്നായിരുന്നു, “ജീവനുള്ളത്!”
ജീവനുള്ളത്… മനസില്‍ ഞാന്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു. അപ്പോഴാണോര്‍ത്തത്, അച്ചന് ചെടികള്‍ ഇഷ്ടമാണ്. ചെടികള്‍ക്ക് ജീവനുണ്ടല്ലോ. അങ്ങനെ പല ചിന്തകളും കടന്നു വന്നെങ്കിലും എന്തോ അതിലൊന്നിലും ഒരു തൃപ്തി വരാത്ത പോലെ… എന്‍റെ ബുദ്ധിയെ ആശ്രയിക്കുന്നത് നിര്‍ത്തി ഈശോയുടെ നേരെ തിരിഞ്ഞു. “ഒന്നു വ്യക്തമായി പറയ് ഈശോയേ…. പ്ലീസ്…”

ഈശോ ശാന്തമായി ചിരിക്കുന്നുണ്ടെന്ന് തോന്നി. തലേന്ന് ഒരു വചനം മറന്നു പോകാതിരിക്കാനായി പാട്ടു പോലെ പഠിച്ചു വച്ചിരുന്നു. ആ വരികള്‍ മനസിലേക്ക് അറിയാതെതന്നെ കടന്നു വന്നു… “ആത്മാവാണ് ജീവന്‍ നല്‍കുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോട് ഞാന്‍ പറഞ്ഞ വാക്കുകള്‍ ആത്മാവും ജീവനുമാണ്” (യോഹന്നാന്‍ 6/63).

“ഈശോയേ, അതെ… ജീവനുള്ളത്, നിന്‍റെ വചനങ്ങള്‍!” വലിയ സന്തോഷത്താല്‍ ഹൃദയം നിറഞ്ഞു.

വീട്ടിലെത്തിയ ശേഷം പ്രാര്‍ത്ഥനയോടെ ബൈബിള്‍ തുറന്ന് അച്ചനായി അമ്പത് വചനങ്ങള്‍ കണ്ടെത്തി. കുഞ്ഞുകാര്‍ഡുകളുണ്ടാക്കി അതില്‍ ഓരോ വചനം വീതം എഴുതി. വചനം എഴുതുമ്പോള്‍ ഹൃദയത്തില്‍ ഈശോയുടെ സ്നേഹം നിറയുന്നുണ്ടായിരുന്നു. എല്ലാം എഴുതി പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും അല്‍പ സമയം കൂടി ഈശോയെ നോക്കി ഇരുന്നു. മൂന്ന് ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ ക്രിസ്മസാണ്, കുമ്പസാരിക്കണം, അതിനായി ഒരുങ്ങണം എന്നത് ഓര്‍ത്തു.

ചില പ്രത്യേക കാരണങ്ങളാല്‍ ഒരു വ്യക്തിയോട് മനസില്‍ വലിയ ദേഷ്യമുണ്ടായിരുന്നു. ഏറെ പ്രാര്‍ത്ഥിച്ചിട്ടും എന്തോ പൂര്‍ണമായി ക്ഷമിക്കാന്‍ സാധിക്കാത്ത അവസ്ഥ. ഇരുപത്തഞ്ചു നോമ്പിലെ ഒരു പ്രധാന നിയോഗവും അതായിരുന്നു, ‘ഈശോയേ, നിന്നെപ്പോലെ പൂര്‍ണമായും ക്ഷമിച്ച്, സ്നേഹിച്ച്, ആ വ്യക്തിക്കായി ആത്മാര്‍ത്ഥതയോടെ പ്രാര്‍ത്ഥിക്കാന്‍ സാധിക്കണേ’ എന്ന്. കുമ്പസാരത്തിനൊരുങ്ങുമ്പോള്‍ ആദ്യം ഓര്‍മ്മ വന്നത് ആ വ്യക്തിയെയാണ്, പക്ഷേ… ഇല്ല… ഇപ്പോള്‍ മനസ് അസ്വസ്ഥമാവുന്നില്ല. വലിയ ശാന്തത. ദേഷ്യമോ വെറുപ്പോ ഒന്നും തോന്നുന്നില്ല. മാത്രമല്ല സ്നേഹം നിറയുന്ന പോലെ… ഹൃദയം നിറഞ്ഞ് വിളിച്ചു, “ഈശോയേ…”

അച്ചനായി കണ്ടെത്തിയ അമ്പതു വചനങ്ങള്‍ ഓരോന്നായി ശ്രദ്ധയോടെ, പ്രാര്‍ത്ഥനയോടെ ഞാന്‍ എഴുതിക്കൊണ്ടിരുന്നപ്പോള്‍ അത് എന്‍റെ ഹൃദയത്തെയും ശുദ്ധീകരിക്കുകയായിരുന്നു. “ഞാന്‍ നിങ്ങളോടു പറഞ്ഞ വചനം നിമിത്തം നിങ്ങള്‍ ശുദ്ധിയുള്ളവരായിരിക്കുന്നു” (യോഹന്നാന്‍ 15/3). ഈശോയേ, നിന്‍റെ വാക്കുകള്‍ ആത്മാവും ജീവനുമാണ്. എഴുതപ്പെട്ടിരിക്കുന്നത് അങ്ങനെയാണല്ലോ, “ദൈവത്തിന്‍റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്‍റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്” (ഹെബ്രായര്‍ 4/12).

'

By: Mangala Francis

More