• Latest articles
ഫെബ്രു 23, 2024
Enjoy ഫെബ്രു 23, 2024

എവിടെത്തൊട്ടാലും വേദന. അതായിരുന്നു ഡേവിഡിന്‍റെ രോഗം. ഏറെ ചികിത്സിച്ചിട്ടും രോഗം മാറിയില്ല. രോഗകാരണം കണ്ടെത്താന്‍ കഴിയാതെ ഡോക്ടേഴ്സ് വിഷമിച്ചു. അറ്റകൈക്ക് അദേഹം വികാരിയച്ചന്‍റെ അടുത്തു തന്‍റെ വിഷമം പറഞ്ഞു. അച്ചന്‍ ഡേവിഡിന്‍റെ കൈയില്‍ വാത്സല്യത്തോടെ പിടിച്ചുകൊണ്ടു നിര്‍ദേശിച്ചു: എത്രയും വേഗം അസ്ഥിരോഗ വിദഗ്ധനെ കാണിക്കുക, താങ്കളുടെ ചൂണ്ടുവിരലിന് ഒടിവു സംഭവിച്ചിരിക്കുന്നു. അത്രയേ ഉള്ളൂ…

“ദൈവഭക്തിയാണ് ജ്ഞാനത്തിന്‍റെ ഉറവിടം; പരിശുദ്ധനായനെ അറിയുന്നതാണ് അറിവ്” (സുഭാഷിതങ്ങള്‍ 30/3).

'

By: Shalom Tidings

More
ഫെബ്രു 21, 2024
Enjoy ഫെബ്രു 21, 2024

കോളേജില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ അവിടെ ഒരു പ്രെയര്‍ ഗ്രൂപ്പ് ആരംഭിക്കുക എന്നത് എന്‍റെ വലിയൊരു ആഗ്രഹമായിരുന്നു. എന്‍റെ സഹോദരന്‍ പഠിച്ചിരുന്ന കോളേജിലെ പ്രെയര്‍ ഗ്രൂപ്പിന്‍റെ വിശേഷങ്ങള്‍ എന്നെ ഇക്കാര്യത്തില്‍ ഏറെ സ്വാധീനിച്ചിട്ടുണ്ട്. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്ന അവിടെ ഒരു ചെറിയ പ്രെയര്‍ ഗ്രൂപ്പിനുവേണ്ടി നിസാരദിവസങ്ങളല്ല ഞാന്‍ കാത്തിരുന്നിട്ടുള്ളത്. അഞ്ചു വര്‍ഷക്കാലം അതിനുവേണ്ടി ഓടിനടന്നു. എന്നാല്‍ ഫലമോ ശൂന്യം. വര്‍ഷങ്ങള്‍ അധ്വാനിച്ചിട്ടും ഒരാളെപ്പോലും കണ്ടെത്താന്‍ സാധിക്കാത്തതിന്‍റെ നിരാശയുമായാണ് അവിടെനിന്നും പഠനം കഴിഞ്ഞിറങ്ങിയത്. ഒരാളുപോലും വരാതെ പലതവണ ഞാന്‍ ഒറ്റയ്ക്ക് പ്രെയര്‍ ഗ്രൂപ്പ് കൂടിയിട്ടുണ്ട്.

ഈ മുന്‍ അനുഭവം മൂലം, ജോലിക്ക് ചെന്ന പുതിയ സ്ഥലത്ത്, നിശബ്ദനാകാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ നിങ്ങള്‍ അധ്വാനിക്കാത്ത വയലുകളും നിങ്ങള്‍ നട്ടുവളര്‍ത്താത്ത മുന്തിരിത്തോട്ടവും നിങ്ങള്‍ക്ക് ഞാന്‍ തരുന്നു എന്ന് ജോഷ്വായെ ഓര്‍മ്മപ്പെടുത്തിയ കര്‍ത്താവ് എന്‍റെ കാര്യത്തിലും അതുതന്നെ ചെയ്തതാണ് അവിടെ ഞാന്‍ കണ്ടത്. ഞാനായിട്ട് പ്രത്യേകിച്ചൊന്നും ചെയ്യാതെതന്നെ അവിടെ ആരംഭിച്ച പ്രെയര്‍ ഗ്രൂപ്പ് പുതിയ അംഗങ്ങളാല്‍ നിറയുകയായിരുന്നു. അല്‍പ്പം മുന്‍പ് സൂചിപ്പിച്ച വാഗ്ദാനവചനം അക്ഷരാര്‍ത്ഥത്തില്‍ നിറവേറുന്ന കാഴ്ച. അത്ഭുതമെന്തെന്നുവച്ചാല്‍, എനിക്കുണ്ടായ പഴയ അനുഭവംപോലെത്തന്നെ ഒരു പ്രെയര്‍ ഗ്രൂപ്പിനായി വര്‍ഷങ്ങള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന മറ്റൊരാള്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് അവിടെ നിന്നും പോയത് എന്നതാണ്. അന്ന് ആ വ്യക്തിയിലൂടെ പ്രെയര്‍ ഗ്രൂപ്പ് ആരംഭിക്കാന്‍ സാധിച്ചില്ലെങ്കിലും അതിനുവേണ്ട ഒരുക്കങ്ങള്‍ ദൈവാത്മാവ് ചെയ്തുവച്ചിരുന്നു. ആ വ്യക്തിയിലൂടെ നട്ടു. മറ്റൊരാളിലൂടെ നനച്ചു. ദൈവംതന്നെ അത് വളര്‍ത്തി.

ഇതാണ് കര്‍ത്താവിന്, സുവിശേഷവേല ചെയ്യുന്നവരോട് എന്നും പറയാനുള്ള കാര്യം.

നീ വിതയ്ക്കുക; നീതന്നെ ഫലം കാണണമെന്നോ കൊയ്യണമെന്നോ ആഗ്രഹിക്കാതെ, തളരാതെ വചനം വിതയ്ക്കുക.

പൗലോസ് ശ്ലീഹ സ്വന്തം അനുഭവത്തില്‍നിന്നും പറഞ്ഞത് ഇങ്ങനെയല്ലേ? ഞാന്‍ നട്ടു; അപ്പോളോസ് നനച്ചു; എന്നാല്‍, ദൈവമാണു
വളര്‍ത്തിയത്. അതുകൊണ്ട്, നടുന്നവനോ നനയ്ക്കുന്നവനോ അല്ല വളര്‍ത്തുന്നവനായ ദൈവത്തിനാണ് പ്രാധാന്യം. നടുന്നവനും നനയ്ക്കുന്നവനും തുല്യരാണ്. ജോലിക്കു തക്ക കൂലി ഓരോരുത്തര്‍ക്കും ലഭിക്കും” (1 കോറിന്തോസ് 3/6-8). ഇതുതന്നെയാണ് എന്‍റെ അനുഭവത്തില്‍നിന്നും മനസ്സിലായിട്ടുള്ളത്.

“വചനം പ്രസംഗിക്കുക; സാഹചര്യങ്ങള്‍ അനുകൂലമാണെങ്കിലും അല്ലെങ്കിലും ജാഗരൂകതയോടെ വര്‍ത്തിക്കുക; മറ്റുള്ളവരില്‍ ബോധ്യം ജനിപ്പിക്കുകയും അവരെ ശാസിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്യുക; ക്ഷമ കൈവിടാതിരിക്കുകയും പ്രബോധനത്തില്‍ ശ്രദ്ധിക്കുകയും ചെയ്യുക…..നീയാകട്ടെ, എല്ലാക്കാര്യങ്ങളിലും സമചിത്തത പാലിക്കുക; കഷ്ടതകള്‍ സഹിക്കുകയും സുവിശേഷകന്‍റെ ജോലി ചെയ്യുകയും നിന്‍റെ ശുശ്രൂഷ നിര്‍വ്വഹിക്കുകയും ചെയ്യുക” (2 തിമോത്തിയോസ് 4/2-5).

ആനുകാലിക സംഭവങ്ങളോ പ്രതീക്ഷിക്കാത്ത പ്രതികരണമോ കണ്ട്, അവിടുന്ന് നിന്നെ പ്രത്യേകമായി ഏല്പിച്ചിരിക്കുന്ന ദൗത്യത്തില്‍നിന്നും ഒരിക്കലും പിന്മാറരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. നാമിപ്പോള്‍ ആയിരിക്കുന്ന ഇടം തന്നെയാണ് അവിടുന്ന് നമുക്ക് നല്‍കിയിരിക്കുന്ന കൃഷിസ്ഥലം.

സത്യത്തില്‍ നാമല്ല, ദൈവാത്മാവാണ് നമ്മിലൂടെ അവിടുത്തെ പ്രവൃത്തി ചെയ്യുന്നത്. ഈശോമിശിഹായില്‍ അഭിവാദനങ്ങള്‍!

'

By: ബ്രദര്‍ അഗസ്റ്റിന്‍ ക്രിസ്റ്റി PDM

More
ഫെബ്രു 21, 2024
Enjoy ഫെബ്രു 21, 2024

അന്നും പതിവുപോലെ ക്ലാസിലെത്തി രണ്ടാം ക്ലാസിലെ കൊച്ചുകൂട്ടുകാരോട്
കുശലാന്വേഷണമൊക്കെ കഴിഞ്ഞ് പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് രസകരമായ
കണക്കിന്‍റെ വഴികളിലൂടെ നീങ്ങിയപ്പോള്‍ പെട്ടെന്ന് ഒരു കരച്ചില്‍! കുഞ്ഞുകൂട്ടുകാരന്‍ ആഷിക്കാണ്, “ടീച്ചറേ, പല്ല് വേദനിക്കുന്നു…” ക്ലാസെടുക്കുന്നതിനിടയില്‍ ഇതുപോലെ തലവേദന, വയറുവേദന എന്നൊക്കെ പറഞ്ഞ് കൊച്ചുകൂട്ടുകാര്‍ കരയാറുണ്ട്. അപ്പോള്‍, ടീച്ചര്‍ വേദനിക്കുന്ന കുട്ടിയുടെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിക്കും, മറ്റ് കുട്ടികള്‍ കൈകളുയര്‍ത്തി സ്തുതിക്കും.

ഇന്ന് പല്ലുവേദനനിമിത്തം കരയുന്ന കുട്ടിയുടെയടുത്ത് ഇങ്ങനെ പ്രാര്‍ത്ഥിക്കണോ? അല്പം ശങ്കയോടെ ബോര്‍ഡില്‍ എഴുതിക്കൊണ്ടിരുന്നത് നിര്‍ത്തിവച്ച് കരയുന്ന കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചറിയിക്കുന്നതിനായി ഞാന്‍ ഓഫീസിലേക്ക് പോയി. എന്നാല്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ജോലിസ്ഥലത്തുനിന്ന് സ്കൂള്‍ വിടുന്ന നേരത്തേ എത്താനാവുകയുള്ളൂ എന്നായിരുന്നു മറുപടി കിട്ടിയത്. എന്തുചെയ്യുമെന്നറിയാതെ തിടുക്കത്തില്‍ ക്ലാസിലേക്ക് തിരിച്ചെത്തിയ ഞാന്‍ കണ്ടത് ചിരിച്ചുകൊണ്ട് കണക്ക് എഴുതിക്കൊണ്ടിരിക്കുന്ന ആഷിക്കിനെയാണ്!

എന്‍റെ അമ്പരപ്പ് കണ്ടിട്ടെന്നോണം മറ്റ് കുട്ടികള്‍ പറഞ്ഞു, “ടീച്ചറങ്ങ് പോയപ്പോള്‍ സോന പറഞ്ഞു നമ്മുടെ ടീച്ചര്‍ പ്രാര്‍ത്ഥിക്കുന്നതുപോലെ ഈശോയോട് പ്രാര്‍ത്ഥിച്ചാലോ എന്ന്. അപ്പോള്‍ ഞങ്ങളെല്ലാവരും കൂടി പ്രാര്‍ത്ഥിച്ചു. ആഷിക്കിന്‍റെ പല്ലുവേദനയും മാറി.”
“അവന്‍ ശിശുക്കളെ എടുത്ത്, അവരുടെമേല്‍ കൈകള്‍വച്ച് അനുഗ്രഹിച്ചു” (മര്‍ക്കോസ് 10/16)

'

By: Sister Vimal Rose CHF

More
ഫെബ്രു 21, 2024
Enjoy ഫെബ്രു 21, 2024

അപരിചിതമായ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാന്‍ എത്തേണ്ടവര്‍ വൈകി. പക്ഷേ അന്നുണ്ടായത് മറക്കാനാവാത്ത അനുഭവം!

സ്പെയിനിലെ ബാഴ്സിലോണയില്‍ ഒരു ധ്യാനത്തിനായി എന്നെ ക്ഷണിച്ചു. അഗസ്റ്റീനിയന്‍ സന്യാസിനികള്‍ക്കായുള്ള ധ്യാനം. അന്ന് ഞാന്‍ റോമില്‍ ആയിരുന്നു. റോമിലെ ഇറ്റലിയില്‍നിന്ന് സ്പെയിനിലെ ബാഴ്സിലോണയിലേക്കുള്ള ടിക്കറ്റ് എടുത്തുതന്നതും യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ക്രമീകരിച്ചതുമെല്ലാം ധ്യാനം ഏര്‍പ്പാടാക്കിയ സിസ്റ്റേഴ്സ് ആണ്. അവര്‍ നല്കിയ നിര്‍ദേശപ്രകാരം നിശ്ചിതദിവസം ഞാന്‍ ഇറ്റലിയില്‍നിന്ന് യാത്ര തിരിച്ച് ബാഴ്സിലോണയിലെ എയര്‍പോര്‍ട്ടിലെത്തി. ഇറങ്ങിയ ഉടനെ എന്നെ സ്വീകരിക്കാന്‍ അവിടെ ആരെങ്കിലും വരുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ ആരെയും കണ്ടില്ല. അവരുടെ ഫോണ്‍ നമ്പറാകട്ടെ ഞാന്‍ കൈയില്‍ സൂക്ഷിക്കാന്‍ മറന്നു. എന്‍റെ ഇറ്റാലിയന്‍ ഫോണ്‍ നമ്പര്‍ സ്പെയിനില്‍ ഉപയോഗയോഗ്യവുമല്ല. അതിനാല്‍ അവര്‍ ഇങ്ങോട്ട് വിളിച്ചാല്‍ ലഭിക്കില്ല. മാത്രവുമല്ല കൈയില്‍ പണവും കുറവായിരുന്നു.

ഈയവസ്ഥയില്‍ ഞാനെന്നെത്തന്നെ പഴിക്കാന്‍ തുടങ്ങി. ഫോണ്‍ നമ്പറോ സൂക്ഷിച്ചില്ല, അല്പം പണമെങ്കിലും കരുതണമായിരുന്നു. മനസ് വളരെ അസ്വസ്ഥം. പിന്നെ ചിന്തിച്ചു, ഞാന്‍ മറ്റുള്ളവരെ ഏറെ ഉപദേശിക്കാറുണ്ട്, പ്രതിസന്ധിയിലാകുമ്പോള്‍ പ്രാര്‍ത്ഥിക്കണമെന്ന്. എന്നാല്‍ എന്‍റെ സ്വന്തം കാര്യം വന്നപ്പോള്‍ അതൊന്നും പ്രായോഗികമാകുന്നില്ലല്ലോ. എങ്കിലും സാവധാനം പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. സിസ്റ്റേഴ്സിനുവേണ്ടിയും ആ സാഹചര്യത്തെപ്രതിയും എല്ലാം… പക്ഷേ ഒന്നും സംഭവിച്ചില്ല. എന്നോടൊപ്പം ആ ഫ്ളൈറ്റില്‍ വന്നവരെല്ലാം സ്വീകരിക്കാന്‍ വന്നവരോടൊപ്പം പോയിക്കഴിഞ്ഞിട്ടും ഞാന്‍മാത്രം അവിടെ ശേഷിച്ചു. ഏതാണ്ട് ഒരു മണിക്കൂര്‍ കടന്നുപോയി.

ആ സമയത്ത് ഒത്ത വലിപ്പമുള്ള ഒരു സ്പാനിഷുകാരന്‍ എന്നെ സമീപിച്ചു. അദ്ദേഹം ചോദിച്ചു, “നിങ്ങള്‍ ഷിബു സെബാസ്റ്റ്യന്‍ അല്ലേ?”

അതെയെന്ന് ഞാന്‍ പറഞ്ഞു.

തുടര്‍ന്ന് അദ്ദേഹം ചോദിച്ചു, “നീണ്ടപാറയാണ് നാട് അല്ലേ? അതായത് കേരളമാണ് സ്വദേശം?” അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് ഞാന്‍ മറുപടി നല്കി. കാരണം ഷിബു സെബാസ്റ്റ്യന്‍ എന്നാണ് പാസ്പോര്‍ട്ടിലുള്ള എന്‍റെ പേര്. മറ്റ് വിശദവിവരങ്ങളും പാസ്പോര്‍ട്ടിലുള്ളതുതന്നെ. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ വേണ്ടി അത്തരം വിശദവിവരങ്ങളെല്ലാം സിസ്റ്റേഴ്സിന് നല്കിയിരുന്നു. അതിനാല്‍ അദ്ദേഹം സിസ്റ്റേഴ്സ് പറഞ്ഞുവിട്ട ആളായിരിക്കുമെന്ന് എനിക്ക് തോന്നി.

മറക്കാനാവാത്ത അനുഭവം

പക്ഷേ തുടര്‍ന്ന് അദ്ദേഹം വ്യത്യസ്തമായ ഒരു കാര്യമാണ് പറഞ്ഞത്, “ഷിബൂ, നിങ്ങളുടെ കൈ രണ്ട് പ്രാവശ്യം ഒടിഞ്ഞിട്ടുണ്ട്!” അതുകേട്ട് ഞാനൊന്ന് ഞെട്ടി. ഉണ്ടെന്ന് മറുപടി നല്കി തലയുയര്‍ത്തി നോക്കിയപ്പോള്‍ അദ്ദേഹം അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു. അല്പനേരത്തേക്ക് ഞാന്‍ സ്തബ്ധനായി. പിന്നെ, പെട്ടെന്ന് ഒരു വെളിച്ചം കിട്ടിയതുപോലെ ഞാനക്കാര്യം തിരിച്ചറിഞ്ഞു, അത് യേശുവാണ്!

അപ്പോഴേക്കും അതാ ഒരു സിസ്റ്റര്‍ ഓടിവരുന്നു. അവരുടെ വസ്ത്രം ധരിച്ച് നടക്കാന്‍പോലും സാവധാനമേ സാധിക്കൂ. എന്നിട്ടും അവര്‍ ഓടിയാണ് വരുന്നത്. ഞാന്‍ വൈദികര്‍ ധരിക്കുന്ന കോളര്‍ ധരിച്ചിരുന്നതിനാല്‍ വേഗം എന്നെ തിരിച്ചറിഞ്ഞു. അടുത്തെത്തിയതേ അവര്‍ എന്നോട് ക്ഷമ ചോദിക്കാന്‍ തുടങ്ങി. “ക്ഷമിക്കണം അച്ചാ, ക്ഷമിക്കണം. ഞങ്ങള്‍ ആവൃതിയിലുള്ളവരാണ്. ഞങ്ങള്‍ സെല്‍ഫോണ്‍ ഉപയോഗിക്കാറില്ല. ലാന്‍ഡ് ഫോണില്‍നിന്ന് അച്ചന്‍റെ മൊബൈല്‍ നമ്പറില്‍ വിളിച്ചു, പക്ഷേ കിട്ടിയില്ല. ഞങ്ങള്‍ ഒരു ഡ്രൈവറെ കൂട്ടി വന്നതാണ്. അദ്ദേഹത്തിനാണെങ്കില്‍ ഈ എയര്‍പോര്‍ട്ട് അറിയില്ലായിരുന്നു. പക്ഷേ ഞങ്ങള്‍ അന്വേഷിച്ച് നേരത്തേതന്നെ ഈ എയര്‍പോര്‍ട്ടിലെത്തി. എങ്കിലും എവിടെയാണ് പാര്‍ക്ക് ചെയ്യേണ്ടതെന്നറിയാതെ ഏറെസമയം ചുറ്റേണ്ടിവന്നു. അങ്ങനെ വൈകിപ്പോയതാണ്. സോറി അച്ചാ, ക്ഷമിക്കണം, ക്ഷമിക്കണം!”

ഞാന്‍ പറഞ്ഞു, “സിസ്റ്റര്‍ ദയവുചെയ്ത് സോറി പറയരുത്. വൈകി വന്നതിന് നന്ദി!!” ആ വാക്കുകള്‍ കേട്ട് അവര്‍ തെല്ലൊന്ന് അമ്പരന്നുകാണണം. എന്നാല്‍, അവര്‍ വൈകിയതുകൊണ്ട് സ്പാനിഷുകാരന്‍റെ രൂപത്തില്‍ എന്നെ സമീപിച്ച യേശുവിനെ കാണാന്‍ കഴിഞ്ഞുവെന്ന് ഞാന്‍ തുടര്‍ന്ന് വിശദീകരിച്ചു.

ഈശോ പറഞ്ഞത്…

അവിടെവച്ച് ഈശോ എന്നോട് പറഞ്ഞതെന്താണ്? “മോനേ, ഞാനിവിടെ നിന്നോടുകൂടെയുണ്ട്. ഞാന്‍ നിന്നെ നന്നായറിയുന്നു. നിന്‍റെ ഓമനപ്പേര് എനിക്കറിയാം. നിന്‍റെ കൈ രണ്ട് പ്രാവശ്യം ഒടിഞ്ഞിട്ടുണ്ടെന്നും അറിയാം.”

കൈയൊടിഞ്ഞു എന്നത് എന്തുകൊണ്ടാണ് വളരെ പ്രധാനപ്പെട്ട കാര്യമാകുന്നത്? അത് ആര്‍ക്കും അധികം അറിഞ്ഞുകൂടാത്ത ഒരു സംഭവമാണ്. എന്‍റെ ജീവിതത്തിലെ ഏറെ സങ്കടകരമായ ഒരനുഭവം.

ഞാന്‍ സെമിനാരിയിലായിരുന്നപ്പോള്‍ ഒരിക്കല്‍ എന്‍റെ കൈയൊടിഞ്ഞ് പ്ലാസ്റ്ററിട്ടു. ആ പ്ലാസ്റ്ററുംകൊണ്ട് ഞാന്‍ വീണ്ടും വീണു. പ്ലാസ്റ്ററുള്‍പ്പെടെ എന്‍റെ കൈ വീണ്ടും ഒടിഞ്ഞു. ‘സഭയുടെ പൈസ കുറേ പോകുമല്ലോ?’ എന്നൊരു അഭിപ്രായം ആ സംഭവത്തെക്കുറിച്ച് കേള്‍ക്കേണ്ടിയും വന്നു.

ഒരു സെമിനാരി വിദ്യാര്‍ത്ഥിയെന്ന നിലയില്‍ എന്‍റെ ചികിത്സാചെലവുകള്‍ സന്യാസസഭയാണല്ലോ വഹിക്കുന്നത്. അതിനാല്‍ത്തന്നെ എനിക്ക് വളരെയധികം മനോവേദനയുണ്ടാക്കിയ വാക്കുകളായിരുന്നു അത്. ആ സംഭവമാണ് ഈശോ ഓര്‍മിപ്പിച്ചത്. അവിടുന്ന് എല്ലാം അറിയുന്നു എന്ന ഓര്‍മ്മപ്പെടുത്തലും ആ കരുതലിന്‍റെ അടയാളവും.

പ്രഭാഷകന്‍ 23/19 വചനം ഓര്‍മിപ്പിക്കുന്നുണ്ട്, കര്‍ത്താവിന്‍റെ കണ്ണുകള്‍ സൂര്യനെക്കാള്‍ പതിനായിരം മടങ്ങ് പ്രകാശമുള്ളതാണ്. നിങ്ങള്‍ അനുഭവിക്കുന്ന ഏത് പ്രതിസന്ധിയും അവിടുന്ന് കാണുന്നുണ്ട്. അവിടുന്ന് നിങ്ങള്‍ക്കായി പ്രവര്‍ത്തിച്ചുകൊള്ളും. അതായിരുന്നു ആ ദൈവാനുഭവത്തിലൂടെ ഈശോ എനിക്ക് തന്ന ബോധ്യം.

'

By: Fr Antony Parankimalil VC

More
നവം 18, 2023
Enjoy നവം 18, 2023

ഒരു ജോഡി ഷൂ വാങ്ങാന്‍പോലും നിവൃത്തിയില്ലാത്ത വീട്ടില്‍ വളര്‍ന്ന ജോസഫ് എന്ന ബാലന്‍. സ്കൂള്‍ യൂണിഫോമിന്‍റെ ഭാഗമായിരുന്നതിനാല്‍ ഷൂ ധരിക്കാതെ സ്കൂളില്‍ പ്രവേശിക്കാന്‍ അനുവാദം ഇല്ലായിരുന്നു. അതുകൊണ്ട് ആകെയുള്ള ഒരു ജോഡി ഷൂ സഞ്ചിയിലാക്കി കയ്യില്‍ പിടിച്ച് നഗ്നപാദനായി മഞ്ഞ് പെയ്യുന്ന നിരത്തിലൂടെ സ്കൂളിലെത്തും. തണുപ്പുമൂലം കാലുകള്‍ പൊട്ടി രക്തം പൊടിയും. സ്കൂള്‍ വരാന്തയിലെത്തുമ്പോള്‍ ഷൂ ധരിക്കും. സ്കൂള്‍സമയം കഴിയുമ്പോള്‍ പിന്നെയും ഷൂ ഊരിപ്പിടിച്ച് വീട്ടിലേക്ക് നടക്കും. ഷൂ തേഞ്ഞുപോയാല്‍ മറ്റൊന്ന് വാങ്ങാന്‍ നിവൃത്തിയില്ലാത്തതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. വിശപ്പകറ്റാന്‍ ഭക്ഷണവും ആ ബാലന് എപ്പോഴും ഉണ്ടാകില്ല. സഹപാഠികളാണ് ഭക്ഷണം പങ്കുവച്ചുകൊടുത്തിരുന്നത്. ആ ബാലന്‍ പഠിച്ചുവളര്‍ന്നു, വൈദികനായി, മെത്രാനായി, കര്‍ദിനാളായി, മാര്‍പ്പാപ്പയായി. അദ്ദേഹമാണ് വിശുദ്ധ പത്താം പീയൂസ്.

ദാരിദ്ര്യവും വിശുദ്ധിയും തമ്മില്‍ നമുക്ക് അറിഞ്ഞുകൂടാത്ത ഒരു അതിസ്വാഭാവിക ബന്ധമുണ്ട്. അവ പരസ്പരം പരിപോഷിപ്പിക്കുന്നു. ദാരിദ്ര്യം വിശുദ്ധിയെയും വിശുദ്ധി ദാരിദ്ര്യത്തെയും ആശ്ലേഷിക്കുന്നു.

'

By: Shalom Tidings

More
നവം 18, 2023
Enjoy നവം 18, 2023

ഇറ്റലിയിലെ മിലനില്‍നിന്നുള്ള ഭൂതോച്ചാടകനായ ഫാ. അംബ്രോജിയോ ഒരു യുവതിയുടെ ഭൂതോച്ചാടനം നടത്തുന്ന സമയത്ത് സംഭവിച്ചത്…

ബേല്‍സെബൂബ് എന്ന ദുഷ്ടാരൂപി ആവസിച്ചിരുന്ന യുവതിയുടെ ഭൂതോച്ചാടനവേളയില്‍ ജപമാലയെക്കുറിച്ച് സംസാരിക്കാന്‍ ദുഷ്ടാരൂപിയോട് ഫാ. അംബ്രോജിയോ ആജ്ഞാപിക്കുകയായിരുന്നു. 2019 ഒക്ടോബര്‍ 7-ന് ജപമാലറാണിയുടെ തിരുനാള്‍ദിനത്തിലാണ് ഇപ്രകാരം ചെയ്തത്. ജോര്‍ജ് റമിറെസ് തന്‍റെ യുട്യൂബ് ചാനലിലൂടെ ഈ വെളിപ്പെടുത്തല്‍ പങ്കുവച്ചു.

ഓ കന്യകേ, ഇന്ന് പരിശുദ്ധ ജപമാലരാജ്ഞിയായ അങ്ങയുടെ തിരുനാളാണ്. ഈ ദുഷ്ടാരൂപി ബേല്‍സെബൂബ് പരിശുദ്ധ ജപമാലയെക്കുറിച്ച് സംസാരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ഞാന്‍ ചോദിക്കുകയാണ് മാതാവേ, ഇതേക്കുറിച്ചുള്ള വേദോപദേശം ഞങ്ങള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇന്ന് പ്രത്യേക തിരുനാള്‍ദിനമാണല്ലോ. പരിശുദ്ധ ജപമാലയെക്കുറിച്ച് കുറച്ച് മിനിറ്റുകള്‍ സംസാരിക്കാന്‍ അങ്ങ് ഈ ദുഷ്ടാരൂപിയെ നിര്‍ബന്ധിക്കണമേ.

ആയതിനാല്‍, പരിശുദ്ധ മറിയത്തിന്‍റെ അനുവാദത്തോടെയും സ്വര്‍ഗത്തിന്‍റെ ആജ്ഞയോടെയും ദൈവനാമത്തില്‍, ഞാന്‍ നിന്നോട് സംസാരിക്കാന്‍ കല്പിക്കുന്നു. പരിശുദ്ധ ജപമാലയെക്കുറിച്ചും അതിന് നിനക്കെതിരെയുള്ള ശക്തിയെക്കുറിച്ചും സംസാരിക്കാന്‍ ഞാന്‍ ആജ്ഞാപിക്കുന്നു. ദൈവനാമത്തില്‍, ഞാന്‍ നിന്നോട് സംസാരിക്കാന്‍ ആജ്ഞാപിക്കുന്നു. സംസാരിക്കുക, വ്യക്തമായ ഇറ്റാലിയന്‍ ഭാഷയില്‍. നല്ല കാര്യങ്ങള്‍ ഞങ്ങളോട് പറയുക. സംസാരിക്കുക!

(അവ്യക്തമായ വികൃതസ്വരത്തില്‍ മറുപടി പറയുന്നു) ആ കിരീടം (ജപമാല) എന്നെ നശിപ്പിക്കുന്നു.

കുറച്ചുകൂടി നല്ല രീതിയില്‍ പറയുക, വ്യക്തമായ ഇറ്റാലിയനില്‍… ഊം…. പറയുക.

(വ്യക്തമായി പറഞ്ഞുതുടങ്ങുന്നു) എല്ലാ ‘നന്മ നിറഞ്ഞ മറിയമേ’യും എന്‍റെ തല തകര്‍ക്കുന്നു…

പറയുക, ഞാന്‍ ആവശ്യപ്പെടാതെതന്നെ സംസാരിക്കുക. നിനക്കെതിരെ ജപമാല എത്രമാത്രം ശക്തമാണെന്ന് നീ ഞങ്ങളോട് പറയണം എന്ന് പരിശുദ്ധ കന്യക ആവശ്യപ്പെടുന്നു.

ഇത് വളരെ ലളിതമായ പ്രാര്‍ത്ഥനയാണ്. വളരെ ലളിതമായ പ്രാര്‍ത്ഥന, എന്നാല്‍ എല്ലാവരും ചൊല്ലുകയില്ല. പക്ഷേ ഇത് ചൊല്ലുന്നവര്‍ തങ്ങളെത്തന്നെ ക്രിസ്തുവിന്‍റെയും മറിയത്തിന്‍റെയും ജീവിതത്തില്‍ ചേര്‍ത്തുവയ്ക്കുന്നു. ഈ ഒരേ പാട്ട് കേള്‍ക്കുമ്പോള്‍ എന്‍റെ തല പൊട്ടിത്തെറിക്കുകയാണ്. എനിക്കത് കേട്ടുനില്‍ക്കാനാവില്ല. ജപമാല ആരെങ്കിലും കൈയില്‍ വയ്ക്കുന്നതുപോലും എന്നെ കോപാകുലനാക്കുന്നു, അയാള്‍ അത് ചൊല്ലുന്നില്ലെങ്കില്‍പ്പോലും. എനിക്ക് അത് സഹിക്കാനാവില്ല. മറിയത്തിന് ഈ പ്രാര്‍ത്ഥന ഇഷ്ടമാണ്.

തുടരുക!

ആരെങ്കിലും ഇത് കുടുംബത്തോടൊപ്പം ചൊല്ലിയാല്‍ ആ വ്യക്തിക്ക് അതിലൂടെ പ്രത്യേകസംരക്ഷണം ലഭിക്കും. എനിക്ക് ആ വീട്ടില്‍ കയറാന്‍ സാധിക്കില്ല. എനിക്കതിന് അനുവാദമില്ല. കുടുംബത്തിലെ പരിശുദ്ധ ജപമാലയുടെ ശക്തി എന്നെ തകര്‍ക്കുന്നു.

തുടരുക!

ചില കുടുംബങ്ങളില്‍ ഒരാള്‍മാത്രമേ ഇത് ചൊല്ലുന്നുള്ളൂ എങ്കിലും അയാള്‍ക്ക് കുടുംബത്തിലെ മറ്റുള്ളവരെ രക്ഷയിലേക്ക് നയിക്കാന്‍ കഴിയും.

(മാതാവിനോട്) മരിയാ, ഈ ദുഷ്ടാരൂപി ബേല്‍സെബൂബിനെ പരസ്യമായി സംസാരിക്കാന്‍, പരിശുദ്ധ ജപമാലയെക്കുറിച്ചുള്ള വേദോപദേശം പറയാന്‍, നിര്‍ബന്ധിക്കുന്നതിന് ഞാന്‍ നന്ദി പറയുന്നു. ഓ അമൂല്യയായ മരിയാ, അങ്ങേ അനുവാദത്തോടെ ഇത് അനേകരുമായി പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സംസാരിക്കാന്‍ ഈ ദുഷ്ടാരൂപിയെ നിര്‍ബന്ധിക്കുക.

(ദുഷ്ടാരൂപിയോട്) തുടര്‍ന്ന് പറയുക!

അവളുടെ ഇഷ്ടപ്പെട്ട രഹസ്യങ്ങള്‍ ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റെ രഹസ്യങ്ങളാണ്. അവിടെ മനുഷ്യവംശത്തിന്‍റെ മുഴുവന്‍ രക്ഷയുണ്ട്.

പ്രകാശത്തിന്‍റെ രഹസ്യങ്ങള്‍ മറിയത്തിന് ഇഷ്ടമല്ലേ?

അതും ഇഷ്ടമാണ്.

തുടരുക!

പക്ഷേ ആരെങ്കിലും ജപമാല ചൊല്ലാന്‍ തുടങ്ങുകയാണെങ്കില്‍ അവനെ ശല്യപ്പെടുത്താന്‍ ഞാന്‍ വരും.

എങ്ങനെ?

ചിന്തകള്‍കൊണ്ട്, പലവിധ അസ്വസ്ഥതകള്‍കൊണ്ട്…

പക്ഷേ മാതാവും അതിനൊപ്പം വരികയില്ലേ?

ഉവ്വ്.

തുടരുക!

ഇത് കുട്ടികള്‍ക്കൊപ്പം ചൊല്ലണം. ഈ പ്രാര്‍ത്ഥന കുട്ടികളെ പഠിപ്പിക്കണം, ഞാനവരെ ശല്യപ്പെടുത്താന്‍ ചെല്ലുംമുമ്പ്, കുറച്ചുകഴിഞ്ഞാല്‍ ഞാന്‍ അവരുടെ വിശുദ്ധി കവര്‍ന്നെടുക്കും. മാതാപിതാക്കള്‍ മക്കള്‍ക്കായി ജപമാല ചൊല്ലണം. കാരണം കുടുംബത്തെയും യുവതീയുവാക്കളെയും നശിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജപമാല പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് അവള്‍ കൃപകള്‍ നല്കുന്നു. ഒരുപാട് ഒരുപാട്! അതെനിക്ക് സഹിക്കാനാവില്ല! നൊവേനകളും എന്‍റെ തലയെ തകര്‍ക്കുന്നു. എനിക്ക് അത് താങ്ങാനാവില്ല! ഇതിനെല്ലാം മുകളില്‍, കന്യക എല്ലാ ബന്ധനങ്ങളും അഴിക്കുന്നു.

ഞങ്ങള്‍ക്ക് ലുത്തിനിയകള്‍ വളരെ ഇഷ്ടമാണ്. നിനക്ക് അത് ഉപദ്രവമാണെന്ന് നേരത്തേ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ലുത്തിനിയകളെക്കുറിച്ച് നിനക്ക് എന്താണ് ഞങ്ങളോട് പറയാനുള്ളത്?

അതെന്നെ ഞെരിക്കുന്നു. അതെനിക്ക് മടുപ്പാണ്!

എന്തുകൊണ്ട്?

കാരണം അത് തുടര്‍ന്നുകൊണ്ടേയിരിക്കുന്ന മരിയസ്തുതിയാണ്, സ്തുതി, സ്തുതി!

പക്ഷേ മാതാവ് അത് അര്‍ഹിക്കുന്നു.

അത് നിങ്ങള്‍ക്ക്.

പക്ഷേ അവള്‍ നിങ്ങള്‍ക്കും രാജ്ഞിയല്ലേ, നിങ്ങള്‍ അത് തിരിച്ചറിയുന്നില്ലെങ്കിലും, അല്ലേ?

അതെ!

ലുത്തിനിയയെക്കുറിച്ച് എന്ത് പറയുന്നു? ഇനിയും എന്താണ് നിനക്ക് ഞങ്ങളോട് പറയാന്‍ കഴിയുക? പലരും ജപമാല പൂര്‍ത്തിയാക്കുമ്പോള്‍ അത് ചൊല്ലാറില്ലല്ലോ?

എനിക്കറിയാം, എനിക്കറിയാം… അതാ ണ് എനിക്കിഷ്ടവും.

(മാതാവിനോട്) മരിയാ, ഞങ്ങള്‍ അങ്ങയെ വാഴ്ത്തുന്നു.

(ദുഷ്ടാരൂപിയോട്) ഇനിയും ഞങ്ങളോട് എന്തെങ്കിലും പറയണമെന്ന് കല്പിച്ചിട്ടുണ്ടോ? അതോ പറഞ്ഞുകഴിഞ്ഞോ?

മറുപടി തരുക!

പറയാനുള്ളത് കഴിഞ്ഞു!

ഇനി നമുക്ക്, പരിശുദ്ധ രാജ്ഞീ ചൊല്ലാം.

പരിശുദ്ധ രാജ്ഞീ, കരുണയുടെ മാതാവേ, സ്വസ്തി! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തി! ഹവ്വായുടെ പുറംതള്ളപ്പെട്ട മക്കളായ ഞങ്ങള്‍ അങ്ങേപ്പക്കല്‍ നിലവിളിക്കുന്നു. കണ്ണുനീരിന്‍റെ ഈ താഴ്വരയില്‍നിന്ന് വിങ്ങിക്കരഞ്ഞ് അങ്ങേപ്പക്കല്‍ ഞങ്ങള്‍ നെടുവീര്‍പ്പിടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്‍റെ അനുഗൃഹീതഫലമായ ഈശോയെ ഞങ്ങള്‍ക്ക് കാണിച്ചുതരണമേ. കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്‍.

'

By: Shalom Tidings

More
നവം 16, 2023
Enjoy നവം 16, 2023

ഒരു സ്ത്രീ വിശുദ്ധ കാതറിന് വളരെയധികം മാനഹാനി വരുത്തി. അവള്‍ക്ക് കാതറിനോട് അത്രയധികം കോപം തോന്നിയിരിക്കണം. കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ ആ സ്ത്രീ കഠിനമായ രോഗാവസ്ഥയിലായി. അവളോട് പ്രതികാരം ചെയ്യാന്‍ കാതറിന് അനുയോജ്യമായ സമയം. കാതറിന്‍ എന്തുചെയ്തെന്നോ? ദീര്‍ഘനാള്‍ രോഗിണിയായി കഴിഞ്ഞ അവളെ ഒരു പരിചാരികയെപ്പോലെ ശുശ്രൂഷിച്ചു. അതായിരുന്നു വിശുദ്ധ കാതറിന്‍റെ മധുരപ്രതികാരം.

'

By: Shalom Tidings

More
നവം 16, 2023
Enjoy നവം 16, 2023

ലേഖകന്‍ വെറുത്തിരുന്ന ഭക്ഷണസാധനങ്ങള്‍ പിന്നീട് രുചികരമായി അനുഭവപ്പെട്ടത് എങ്ങനെ?

“ദൈവം അറിയാതെയും അനുവദിക്കാതെയും നമ്മുടെ ജീവിതത്തില്‍ ഒന്നും സംഭവിക്കുകയില്ല.” സംഭവിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കുപിന്നിലും ദൈവത്തിനൊരു പദ്ധതിയുണ്ട്. പല സംഭവങ്ങളിലൂടെയും ദൈവം നമ്മോട് സംസാരിക്കുന്നതായിരിക്കും. ഒരുപക്ഷേ നമ്മുടെ ചില കുറവുകള്‍ തിരിച്ചറിയാനും ഇത്തരം ചില സംഭവങ്ങള്‍ കാരണമാകും. അപ്രകാരം എന്‍റെ ഉള്ളില്‍ ദൈവകൃപക്ക് തടസമായി കിടന്നിരുന്ന ചില കാര്യങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരാന്‍ ഈശോ അനുവദിച്ച ചില അനുഭവങ്ങള്‍ കുറിക്കട്ടെ.

എനിക്ക് ചേമ്പും ചേനയുംപോലുള്ള ചില ഭക്ഷണസാധനങ്ങളോട് വെറുപ്പായിരുന്നു. ഇത് ഞാന്‍ പണിക്കുപോകുന്ന ഏത് വീട്ടില്‍നിന്ന് കിട്ടിയാലും, സ്വന്തം വീട്ടില്‍നിന്നായാല്‍പോലും, ഞാന്‍ കഴിക്കാറില്ല. വചനപ്രഘോഷണവും പണിയുമായി നല്ല തിരക്കുള്ള ദിവസങ്ങളില്‍ ചിലപ്പോള്‍ അധികജോലി ചെയ്യേണ്ടിവരും. അങ്ങനെ വരുമ്പോള്‍ എഴുന്നേല്‍ക്കാന്‍പോലും പറ്റാത്തവിധം ക്ഷീണം തോന്നാറുണ്ട്. അങ്ങനെയുള്ള ഒരു ദിവസം വീട്ടിലിരുന്ന് വിശ്രമിക്കാന്‍ തീരുമാനിച്ചു.

കാപ്പി കുടിക്കാന്‍ സമയമായപ്പോള്‍ ഭാര്യ ചേമ്പ് പുഴുങ്ങിയതുമായി വന്നു. ഇതുകണ്ടപ്പോഴേ എനിക്ക് വെറുപ്പായി. ഞാന്‍ പണിക്ക് പോകുമായിരിക്കും എന്നു കരുതിയാണ് ചേമ്പ് പുഴുങ്ങിയത്. കാരണം എനിക്കത് ഇഷ്ടമല്ലായെന്ന് ഭാര്യയ്ക്കറിയാം. അന്ന് വേറൊന്നും വീട്ടില്‍ ഇല്ലായിരുന്നുതാനും. എനിക്കരിശം വന്നു. വേറെ ഏതെങ്കിലും വീട്ടില്‍ചെന്നാല്‍ മറ്റ് വല്ലതും കിട്ടുമെന്നുകരുതി ഞാന്‍ മറ്റൊരു വീട്ടില്‍ ചെന്നു. ചെന്ന വീട്ടിലെ ആള്‍ ഒരു കരിസ്മാറ്റിക്കുകാരനായിരുന്നു. നല്ല ദര്‍ശനമുള്ളയാള്‍. എന്നെ കണ്ടപ്പോഴേ അദ്ദേഹം പറഞ്ഞു, ചൂടാറുംമുമ്പ് നമുക്ക് കാപ്പി കുടിക്കാം. ഞാനിപ്രകാരം ചിന്തിച്ചു, ഞാന്‍ വീട്ടില്‍നിന്ന് ചൂടായിട്ടാണ് വന്നതെന്ന് ദര്‍ശനത്തില്‍ കിട്ടിയതായിരിക്കാം. ഞാനൊന്നും മറുത്തു പറഞ്ഞില്ല. പക്ഷേ ഉടന്‍തന്നെ ഒരുപാത്രം ചേമ്പ് പുഴുങ്ങിയതുമായി വന്നപ്പോഴാണ് എനിക്ക് മനസിലായത്, ദര്‍ശനമല്ല ചേമ്പ് ചൂടോടെ തിന്നാമെന്ന അര്‍ത്ഥത്തിലാണത് പറഞ്ഞതെന്ന്.

പിറ്റേ ആഴ്ചയും ഇതുപോലെതന്നെ ഒരനുഭവം ഉണ്ടായി. അന്ന് ചേന പുഴുങ്ങിയതായിരുന്നു. ഞാന്‍ ദേഷ്യപ്പെട്ട് പണിക്കു പോകാനിറങ്ങി. എന്‍റെ ഉള്ളില്‍നിന്നൊരു സ്വരം – ഇന്ന് ഏത് വീട്ടില്‍ ചെന്നാലും ഇതുമാത്രമേ കിട്ടുകയുള്ളൂ. ഞാനേതാണ്ട് അമ്പതോളം വീടുകളില്‍ പണിക്കു പോകുന്നതായതിനാല്‍ ചേമ്പില്ലാത്ത പറമ്പിനെക്കുറിച്ച് ചിന്തിച്ചപ്പോള്‍ എല്ലാ പറമ്പിലും ചേമ്പ് നില്‍ക്കുന്നത് എന്‍റെ ഭാവനയില്‍ തെളിഞ്ഞുവന്നു. ഒരേയൊരു പറമ്പുമാത്രമേ ചേമ്പില്ലാത്തതായി എനിക്കറിയാവൂ- അത് കോണ്‍വെന്‍റാണ്. അന്ന് കുര്‍ബാന കഴിഞ്ഞപ്പോഴേ സിസ്റ്റര്‍ തേങ്ങയിടുന്ന കാര്യം പറഞ്ഞതായിരുന്നു. ക്ഷീണമായതിനാല്‍ ഞാനത് മാറ്റിവച്ചതാണ്.

അതിനാല്‍ അവിടെ പണിക്കുപോകുന്നതായിരിക്കും ഭംഗിയെന്നു കരുതി മഠത്തില്‍ ചെന്നു. സിസ്റ്റര്‍ എന്നോടിപ്രകാരം പറഞ്ഞു “ചമ്മന്തി അരക്കുന്ന താമസമേ ഉള്ളൂ, കാപ്പി കുടിച്ചിട്ട് പണിക്കിറങ്ങാം.” എനിക്ക് സന്തോഷവും സമാധാനവുമായി. ചമ്മന്തിയും ചേനയും ചേരുകയില്ലല്ലോ? ചമ്മന്തിയും ദോശയുമാണെങ്കില്‍ ചേരും. എനിക്കേറ്റവും ഇഷ്ടമുള്ളതാണ് ദോശ. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ ഒരു പ്ലെയിറ്റില്‍ ചേനയും കാന്താരിമുളക് അരച്ചതുമായി വന്നപ്പോഴാണ് എനിക്കക്കിടി പറ്റിയെന്നറിഞ്ഞത്.

പിറ്റേദിവസം മുതല്‍ നോമ്പാരംഭിക്കുകയാണ്. എല്ലാ ദിവസവും കുരിശിന്‍റെ വഴി പ്രാര്‍ത്ഥിക്കുമായിരുന്നു. 14 സ്ഥലങ്ങളില്‍ 14 നിയോഗങ്ങള്‍വച്ച് പ്രാര്‍ത്ഥിക്കുമായിരുന്നു. ഒരു സ്ഥലത്തെ എന്‍റെ നിയോഗമിതായിരുന്നു “എന്‍റെ ഈശോയേ, ഈ ചേമ്പും ചേനയുമെനിക്കൊരു പ്രശ്നമാണ്. ഇത് പരിഹരിക്കാനുള്ള കൃപയെനിക്കു തരണം.” അമ്പതുദിവസം തുടര്‍ച്ചയായി പ്രാര്‍ത്ഥിച്ചു. അമ്പത്തിയൊന്നാം ദിവസം ഒരു കോണ്‍വെന്‍റില്‍ പ്രസംഗിക്കാന്‍ ചെന്നു. സിസ്റ്റര്‍ ഇപ്രകാരം പറഞ്ഞു, ആറുമണിക്ക് കയറിയാല്‍ ഒമ്പതു മണിക്കേ ഇറങ്ങാന്‍ പറ്റുകയുള്ളൂ. അതുകൊണ്ട് കാപ്പി കുടിച്ചിട്ട് പ്രസംഗിക്കാം. കാപ്പിയുമായി സിസ്റ്റര്‍ വരുന്നത് കണ്ടപ്പോഴേ ഞാന്‍ ഞെട്ടിപ്പോയി. ഒരു പ്ലെയിറ്റു നിറയെ ചേനയും മറ്റൊരു പ്ലെയിറ്റില്‍ പഴംപൊരിയും! പഴംപൊരി എനിക്ക് വളരെ ഇഷ്ടപ്പെട്ട പലഹാരമാണ്. ഞാന്‍ ഈശോയോട് ഇപ്രകാരം പറഞ്ഞു “എങ്കിലും എന്‍റെ ഈശോയേ, ഒരു ദിവസമല്ല അമ്പതു ദിവസമാണ് ഞാന്‍ പ്രാര്‍ത്ഥിച്ചത്. അമ്പത്തിയൊന്നാം ദിവസംതന്നെ ഇതുവേണമായിരുന്നോ?” അവിടെവച്ച് ഞാന്‍ ഈശോയ്ക്കൊരു വാക്കുകൊടുത്തു. എനിക്കിഷ്ടമുള്ള പഴംപൊരി ഞാനെടുക്കില്ല, ഇഷ്ടമില്ലാത്ത ചേന ഞാന്‍ തിന്നും. അങ്ങനെ അന്ന് ചേന കഴിച്ചു, ആ ചേനയുടെ രുചി വിവരിക്കാന്‍ വാക്കുകളില്ല.

പിറ്റേദിവസം മുതല്‍ എന്‍റെ ഇടവകയില്‍ ധ്യാനം. ധ്യാനത്തിന്‍റെ വിശുദ്ധ കുര്‍ബാനയുടെ സമയത്ത് അച്ചന്‍ ഇപ്രകാരം പറഞ്ഞു, നിങ്ങള്‍ സമാധാനം ആശംസിക്കുമ്പോള്‍ പരസ്പരം മുഖത്തോടുമുഖം നോക്കി ചിരിച്ചുകൊണ്ടുവേണം സമാധാനം ആശംസിക്കാന്‍. അച്ചനെ അനുസരിച്ചുകൊണ്ട് ഞാന്‍ ആദ്യം വലതുവശത്തു നില്‍ക്കുന്ന ആളിന്‍റെ മുഖത്തേക്ക് നോക്കി ചിരിച്ചുകൊണ്ട് സമാധാനം ആശംസിച്ചു. ഇടതുവശത്തു നില്‍ക്കുന്ന ആളിന്‍റെ മുഖത്തുനോക്കി ചിരിക്കാന്‍ എനിക്ക് സാധിച്ചില്ല. കാരണം അതൊരു ചേമ്പായിരുന്നു. അതായത് വലതുവശത്തു നില്‍ക്കുന്നയാള്‍ ദോശയും പഴംപൊരിയും; എനിക്കിഷ്ടമുള്ളയാള്‍. എന്നാല്‍ ഇടതുവശത്തു നിന്നയാള്‍ എനിക്ക് വെറുപ്പുള്ളയാള്‍. ഇവിടെ ഞാനൊരു സത്യം മനസിലാക്കി. ചേന എനിക്ക് രുചികരമായി തോന്നിയത് ചേനക്ക് മാറ്റം വന്നതുകൊണ്ടല്ല. എന്നില്‍ മാറ്റം വന്നതുകൊണ്ടാണ്.

അങ്ങനെയെങ്കില്‍ എനിക്ക് പിണക്കമുള്ളവരെ നോക്കി ചിരിക്കാന്‍ സാധിക്കുന്നതിനായി മാറ്റം വരുത്തേണ്ടത് എന്നിലാണ്. ചേനയും ചേമ്പും വെറുപ്പോടെ നോക്കുന്നതുപോലെ ഈ സമൂഹത്തില്‍നിന്നും ഞാന്‍ പലരെയും മാറ്റിനിര്‍ത്തുന്നുണ്ടെന്നുള്ള സത്യം ഞാന്‍ മനസിലാക്കി. ഇവിടെ എന്നിലേക്ക് കടന്നുവന്ന വചനം ഇതായിരുന്നു. യൂദാസ് ഈശോയെ ഒറ്റിക്കൊടുക്കാന്‍ വന്നപ്പോള്‍പോലും ഈശോ യൂദാസിനെ വിളിച്ചത് സ്നേഹിതാ എന്നാണ് (മത്തായി 26/50). മറ്റുള്ളവരോടുള്ള നമ്മുടെ വെറുപ്പിനെ മാറ്റി നമുക്കും ഈശോയെപ്പോലെയാകാം.

'

By: Thankachan Thundiyil

More
നവം 16, 2023
Enjoy നവം 16, 2023

ജോലിയും വീട്ടുകാര്യങ്ങളും എങ്ങനെ ബാലന്‍സ് ചെയ്ത് പോകണം എന്നും രോഗികളോട് എങ്ങനെ കൂടുതല്‍ നന്നായി പെരുമാറണം എന്നും ഭാര്യയെയും കുട്ടികളെയും കാണിച്ചു കൊടുക്കാന്‍ ശ്രമിച്ച ലേഖകനെ യൗസേപ്പിതാവ് സ്പര്‍ശിച്ചപ്പോള്‍…

വീട്ടില്‍ അവധിദിനങ്ങള്‍ ആഘോഷമാക്കാനുള്ള ട്രിപ്പ് പ്ലാന്‍ ചെയ്യുകയാണ് എല്ലാവരും. കുറച്ചുനാളായി വീട്ടില്‍ കറങ്ങിനടക്കുന്ന രോഗങ്ങളില്‍ നിന്ന് തത്കാലം രക്ഷപ്പെട്ടെന്ന ചിന്തയിലാണ് പ്ലാനിങ്ങ്. ഭാര്യ റോസ്മിക്ക് ഈ രോഗങ്ങളെ അങ്ങേയറ്റം ദേഷ്യമാണ്. കാരണം, ആംബുലന്‍സ് വിളിക്കാനും നല്ല തണുപ്പത്തും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്‍റിന് പുറത്ത് എനിക്ക് വേണ്ടി കാത്ത് നില്‍ക്കാനും രാത്രികളില്‍ ഞാന്‍ ചുമച്ചും ഛര്‍ദിച്ചും അരങ്ങ് തകര്‍ക്കുമ്പോള്‍ ഉറക്കമിളച്ച് കൂടെ നില്‍ക്കാനും അവളാണ് ഉള്ളത്. പറഞ്ഞ് വരുമ്പോള്‍ അസുഖങ്ങളൊന്നും വലുതല്ലെങ്കിലും അതുണ്ടാക്കുന്ന അല്ലലുകള്‍ ചില്ലറയല്ല. എന്നെ സ്നേഹിച്ച് പോരാതെ വരുമ്പോള്‍ അവ വീട്ടിലെ മറ്റുള്ളവരിലേക്കും ചെല്ലും. രണ്ടു മാസത്തേക്ക് ഞങ്ങളുടെ കൂടെ നില്‍ക്കാന്‍ വന്ന പപ്പയെയും മമ്മിയെയുംവരെ അവ വെറുതെ വിട്ടില്ല. എന്തായാലും രോഗക്കാലം മാറി എന്ന വിശ്വാസത്തില്‍ ഞങ്ങള്‍ ആദ്യ ദിനം തൊട്ടടുത്തുള്ള സ്ഥലം സന്ദര്‍ശിച്ച് സന്തോഷമായി വീട്ടില്‍ തിരിച്ചെത്തി.

അടുത്ത ദിവസം മുതല്‍ ഭാര്യയ്ക്ക് ചില അസ്വസ്ഥതകള്‍. കുറച്ചു ദിവസം കൂടി കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ ഉറപ്പിച്ചു. ഒരു പകര്‍ച്ചവ്യാധിയും കൂടി ഞങ്ങളുടെ വീട്ടില്‍ വിരുന്നു വന്നിരിക്കുന്നു. തണുപ്പുകാലത്ത് ഇത്തരം അസുഖങ്ങള്‍ വരുമോ എന്ന് നാട്ടിലുള്ളവര്‍ ചോദിക്കുന്നുണ്ടെങ്കിലും കഥയില്‍ ചോദ്യമില്ല എന്ന പോലെയാണ് രോഗത്തിന്‍റെ കാര്യം. ഡോക്ടറെ കണ്ട് തിരിച്ച് വീട്ടിലേക്ക് വരുന്ന വരവില്‍ എന്നിലെ നന്മമരം മൊട്ടിട്ടു. ജോലിയും വീട്ടുകാര്യങ്ങളും എങ്ങനെ ബാലന്‍സ് ചെയ്ത് പോകണം എന്നും രോഗികളോട് എങ്ങനെ കൂടുതല്‍ നന്നായി പെരുമാറണം എന്നും ഭാര്യയെയും കുട്ടികളെയും കാണിച്ചു കൊടുക്കാന്‍ തീരുമാനിച്ചു. പക്ഷേ ഇരുപത്തിനാല് മണിക്കൂര്‍ വേണ്ടിവന്നില്ല എന്‍റെ ഉള്ളിലെ നന്മമരം കടപുഴകി വീഴാന്‍.

സാധാരണ ഞങ്ങളുടെ മകന്‍ മൂന്നു വയസ്സുകാരന്‍ ജോണുവിന് രാത്രിയില്‍ ഉറങ്ങാന്‍ അമ്മ വേണം. പക്ഷേ അന്ന് എന്‍റെ കൂടെയാണ് അവന്‍ ഉറങ്ങാന്‍ കിടന്നത്. രാത്രി ഒരു പതിനൊന്നര വരെ ഓര്‍മ്മയുണ്ട്. പിന്നെ ഞാന്‍ ആണോ ജോണുവാണോ ആദ്യം ഉറങ്ങിയത് എന്ന് തീരെ നിശ്ചയമില്ല. പുലര്‍ച്ചെ ഏതാണ്ട് മൂന്നരയായപ്പോള്‍ ഞാന്‍ ‘നനവാര്‍ന്ന ആ സത്യം’ തിരിച്ചറിഞ്ഞു. ജോണുവിനെ ഉറക്കാനുള്ള ശ്രമത്തില്‍ ഡയപ്പര്‍ ഇടീക്കാന്‍ മറന്നു. ആശാന്‍റെ വസ്ത്രം മുഴുവന്‍ നനഞ്ഞിരിക്കുന്നു. പിന്നെ അത് മാറ്റി, ഇനി റിസ്ക് എടുക്കാന്‍ താല്പര്യമില്ലാത്തതിനാല്‍ ഡയപ്പറും ധരിപ്പിച്ച് ബെഡും ശരിയാക്കി കഴിഞ്ഞപ്പോള്‍ ഉറക്കം എവിടെപ്പോയി എന്നറിയില്ല. പിന്നെയെപ്പോഴോ ഉറങ്ങിയ ഞാന്‍ പൊങ്ങിയപ്പോള്‍ രാവിലെ എട്ടു മണി കഴിഞ്ഞു. പിന്നെ ഒരു ഓട്ടപ്രദിക്ഷണമായിരുന്നു.

ഇതിന്‍റെ ഇടയില്‍ എന്‍റെ കുക്കിംഗ് സ്പീഡ് വളരെ കുറവാണ് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. കുട്ടികള്‍ക്കും ഭാര്യക്കും ബ്രേക്ഫാസ്റ്റ് കൊടുത്തപ്പോഴേയ്ക്കും മണി പത്തു കഴിഞ്ഞു. മൂത്ത രണ്ടു മക്കള്‍ അമേയയ്ക്കും ഏബലിനും സ്കൂള്‍ അവധി ആയത് ഭാഗ്യം. ഇനി ലഞ്ച് ഉണ്ടാക്കണം, ഉച്ചകഴിഞ്ഞ് ജോണുവിന് പ്ലേ സ്കൂളില്‍ ട്രയല്‍ ടൈം ഉണ്ട്. ആ സമയത്ത് അവന്‍റെ കൂടെ അവിടെ ഇരിക്കണം. പിന്നെ ഓഫീസില്‍ വിളിച്ച് എന്‍റെ അവസ്ഥ പറഞ്ഞ് ലീവ് എടുത്തു. ഇടയ്ക്ക് വന്ന് ഓരോ നിര്‍ദ്ദേശങ്ങള്‍ തന്ന ഭാര്യയെ കണക്കിന് വഴക്ക് പറഞ്ഞ് കരയിപ്പിച്ച് വിട്ടു. വിചാരിച്ചതുപോലെ കാര്യങ്ങള്‍ നടക്കാത്ത ദേഷ്യത്തിന്‍റെ ഓഹരി കുട്ടികള്‍ക്കും കിട്ടി…

വൈകുന്നേരമായപ്പോള്‍ ഞാന്‍ തോല്‍വി സമ്മതിച്ചു. പക്ഷേ ഈ സമ്മതം കൊണ്ട് ഒരു കാര്യവുമില്ല. കാരണം ഒരാഴ്ച എങ്കിലും എടുക്കും ഭാര്യയുടെ അസുഖം മാറാന്‍. കുറച്ച് ഭക്ഷണം ഉണ്ടാക്കി കൊണ്ടുതരാം എന്ന് പറഞ്ഞ് കൂട്ടുകാര്‍ വിളിച്ചെങ്കിലും, അവര്‍ക്കെങ്ങാനും അസുഖം പിടിച്ചാല്‍ കുഞ്ഞുകുട്ടികള്‍ അടക്കമുള്ള അവരുടെ കുടുംബം ബുദ്ധിമുട്ടില്‍ ആകും എന്ന് തോന്നിയതിനാല്‍ വരേണ്ടയെന്ന് പറഞ്ഞു.

രാത്രി എല്ലാവരും ഉറങ്ങിയിട്ടും എനിക്ക് ഉറക്കം വന്നില്ല. അപ്പോഴാണ് വീട്ടിലെ മാതാവിന്‍റെയും ഉണ്ണീശോയുടേയും യൗസേപ്പിതാവിന്‍റെയും രൂപത്തിന്‍റെ അടുത്തു പോയി ഇരുന്നത്. വളരെയേറെ സംഘര്‍ഷങ്ങളിലൂടെ കടന്നുപോയ ഒരു കുടുംബം. ഗര്‍ഭിണിയായ മറിയവുമായി ബേത്ലെഹെമിലേക്ക് യാത്ര, അവിടെ വച്ച് വളരെ ശോകമായ സാഹചര്യത്തില്‍ ജനനം, പ്രാണരക്ഷാര്‍ത്ഥം ശിശുവിനേയും അമ്മയേയും കൂട്ടി ഈജിപ്തിലേക്കുള്ള പലായനം, അവിടെ ഉറ്റവരെയും ഉടയവരെയും വിട്ടുള്ള പ്രവാസ ജീവിതം, പിന്നിട് നസ്രത്തില്‍ ചെന്ന് താമസം. ഈ സാഹചര്യങ്ങളിലും ആരും മുറുമുറുക്കുകയോ പരസ്പരം പഴി ചാരുകയോ ചെയ്യുന്നില്ല. പറഞ്ഞ് വരുമ്പോള്‍ ദൈവപുത്രന്‍റെ വളര്‍ത്തച്ഛന്‍ ആണെങ്കിലും നന്നായി അധ്വാനിക്കേണ്ടി വന്നു ആ പാവത്തിന്, മൂന്ന് വയറിന്‍റെ വിശപ്പടക്കാന്‍. എന്നിട്ടും ശാന്തമായി ഉറങ്ങുന്ന യൗസേപ്പിതാവ് വളരെയധികം എന്നെ സ്പര്‍ശിച്ചു.

ഞാന്‍ മൂന്ന് ബോധ്യങ്ങളുമായി കിടക്കാന്‍ പോയി.

1, ഞാന്‍ ഒരു സംഭവം ആണെന്നോ ഒരു നന്മമരം ആണെന്നോ കാണിക്കാന്‍ ശ്രമിക്കില്ല.

2, ദൈവസഹായമില്ലാതെ വീട്ടിലെയും മറ്റും ഉത്തരവാദിത്വങ്ങള്‍ ചെയ്യാന്‍ സാധിക്കുകയില്ല.

3, ഭാര്യ അസുഖം മാറി വന്നാലും പറ്റുന്ന പോലെ അടുക്കളയില്‍ സഹായിക്കും.

പിന്നീടുള്ള ദിവസങ്ങളില്‍ വ്യത്യാസങ്ങള്‍ കണ്ടു തുടങ്ങി.ڔഅടുക്കളയില്‍ എന്‍റെ വക പുതിയ പരീക്ഷണങ്ങള്‍ അരങ്ങേറി. കുട്ടികളോടുള്ള ചീത്ത പറച്ചിലില്‍ കുറവ് വന്നു. അവരെയും കൂടെ കൂട്ടി കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങി. ജോണു കൂടുതല്‍ കാര്യങ്ങള്‍ അമ്മയെ കൂടാതെ ചെയ്യാനാരംഭിച്ചു. ഭാര്യ അസുഖ കാലം കഴിഞ്ഞ് തിരിച്ച് വന്നപ്പോള്‍ പുതിയ പാത്രങ്ങളും ഉപകരണങ്ങളും കണ്ട് പറയുന്നുണ്ടായിരുന്നു, “ഇതൊക്കെ മേടിക്കാന്‍ മടിയുള്ള ഭര്‍ത്താക്കന്മാരെ ഒരാഴ്ച അടുക്കള ഏല്പിച്ചാല്‍ വേണ്ടതെല്ലാം പറയാതെ തന്നെ എത്തിക്കോളും.”

എനിക്ക് ലഭിച്ച ബോധ്യങ്ങളൊക്കെ നല്ലതുതന്നെ. പക്ഷേ ഓരോ പുതിയ പ്രതിസന്ധികള്‍ വരുമ്പോള്‍ ആ ബോധ്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഞാന്‍ പ്രയാസപ്പെടാന്‍ തുടങ്ങി. ഇടയ്ക്ക് ഉറക്കവും ശാന്തതയും ഒക്കെ കൈമോശം വരുമ്പോള്‍ ഞാന്‍ വീട്ടില്‍ യൗസേപ്പിതാവിന്‍റെ ഉറങ്ങുന്ന രൂപത്തിന്‍റെ അടുത്ത് പോയി നില്‍ക്കും. ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും ദൈവത്തിന്‍റെ ഹിതം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചതുകൊണ്ടാണ് പുള്ളിക്കാരന് ഇങ്ങനെ ഉറങ്ങാന്‍ പറ്റുന്നത്. ബൈബിളില്‍ യൗസേപ്പിതാവിന്‍റെ ആദ്യ തീരുമാനം തന്നെ മറിയത്തെ ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ദൈവഹിതം അറിഞ്ഞപ്പോള്‍ ആ തീരുമാനത്തില്‍നിന്ന് പിന്‍മാറി. അല്ലാതെ ഞാന്‍ തീരുമാനിച്ചതില്‍ നിന്ന് അണുവിട പിന്‍മാറില്ല എന്ന് പറഞ്ഞ് പാറപോലെ നിന്നില്ല. ആ ചിന്ത എന്നില്‍ ഒരു പുതിയ വെളിച്ചം പകര്‍ന്നു….

ദൈവമനസ്സ് അറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ഭൂമിയിലെ ഓരോ അപ്പന്‍മാരും ശ്രമിക്കുമ്പോള്‍ എന്നും ഫാദേഴ്സ് ഡേയും ഒപ്പം, ഗോഡ്സ് ഡേയും ആകും.

'

By: Alexey Jacob

More
നവം 16, 2023
Enjoy നവം 16, 2023

ഒരിക്കല്‍ ഒരാള്‍ എന്നോടിപ്രകാരം ചോദിച്ചു. “സ്വതന്ത്രമായി ചിന്തിക്കാന്‍ അനുവദിക്കാത്തവിധം ചെറുപ്പംമുതല്‍ നിങ്ങള്‍ വൈദികരുടെയും കന്യാസ്ത്രീകളുടെയും സംരക്ഷണയില്‍ വളര്‍ന്നുവന്നുവെന്ന് ഞാന്‍ വിചാരിക്കുന്നു. എന്നാല്‍ കത്തോലിക്കാസഭയുടെ അടിമത്തചങ്ങലകളെ വലിച്ചെറിഞ്ഞ് സ്വതന്ത്രമായി ജീവിക്കാന്‍ എന്തുകൊണ്ടാണ് ഇനിയെങ്കിലും നിങ്ങള്‍ ശ്രമിക്കാതിരിക്കുന്നത്?”

ഇതിനുള്ള എന്‍റെ മറുപടി ഇതായിരുന്നു: ഒരു ആഴിയുടെ നടുവില്‍ ഒരു ദ്വീപ് ഉണ്ടായിരുന്നു. അവിടത്തെ കുട്ടികള്‍ കളിച്ചുല്ലസിച്ച് സാമോദം വിഹരിച്ചിരുന്നു. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഭീമാകാരമായ കോട്ടകള്‍ ആ ദ്വീപിനെ വലയം ചെയ്തിരിക്കുന്നു. ഒരു ദിവസം ഏതാനും ആളുകള്‍ ചെറുതോണികളില്‍ അവിടെ വന്നെത്തി. ആരാണ് ആ കനത്ത ഭിത്തികള്‍ പണിതുണ്ടാക്കിയതെന്ന് അവര്‍ ചോദിച്ചു. അവ ആ കുട്ടികളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്നും ആകയാല്‍ അതിനെ അതിവേഗം നശിപ്പിക്കണമെന്നും അവര്‍ ഉപദേശിച്ചു. കുട്ടികള്‍ അത് നശിപ്പിക്കുകതന്നെ ചെയ്തു. പക്ഷേ അതിന്‍റെ ഫലമോ, ഇന്ന് നാം ആ സ്ഥലം സന്ദര്‍ശിക്കുന്നെങ്കില്‍ കാണാം. അവിടത്തെ കുട്ടികളെല്ലാം ഭയവിഹ്വലരായി ദ്വീപിന്‍റെ നടുവില്‍ കൂട്ടം കൂടി പതുങ്ങിയിരിക്കുന്നത്. എന്താണതിനു കാരണം? മറ്റൊന്നുമല്ല, അവര്‍ക്ക് പാടുന്നതിനും കളിക്കുന്നതിനും വര്‍ധിച്ച ഭയം. അതെ, കടലില്‍പ്പെട്ട് നശിക്കുമെന്ന ഭയം അവരെ വല്ലാതെ ബാധിച്ചിരിക്കുന്നു. നമ്മുടെ ദിവ്യനാഥന്‍റെ വാക്കുകള്‍ എത്ര അര്‍ത്ഥവത്തായത്? “നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും” (യോഹന്നാന്‍ 8/32)

'

By: Fulton J. Sheen

More
നവം 16, 2023
Enjoy നവം 16, 2023

ധ്യാനം കഴിഞ്ഞ് പോരുമ്പോള്‍ അള്‍ത്താരയുടെ മുമ്പില്‍ ചെന്ന് ഈശോക്ക് വ്യത്യസ്തമായ ഒരു പരാതി കൊടുത്തു. അതിനുശേഷം സംഭവിച്ചത്….

വര്‍ഷങ്ങള്‍ക്കു മുന്‍പ് താമസിച്ചുള്ള ഒരു ധ്യാനത്തിന്‍റെ അവസാന ദിവസം. ആളുകള്‍ വീടുകളിലേക്ക് പോകാനുള്ള തിരക്കിലാണ്. എല്ലാ ധ്യാനങ്ങളുടെയും അവസാന ദിവസം വല്ലാത്ത വിഷമമാണ്, വീണ്ടും അനുദിനജീവിതത്തിന്‍റെ സങ്കീര്‍ണ്ണതകളിലേക്കുള്ള യാത്ര.

അള്‍ത്താരയുടെ മുമ്പില്‍ അല്‍പനേരം ചെലവഴിക്കാന്‍ പോയി, ഈശോയോട് എന്നത്തെയുംപോലെ സങ്കടം പറയാന്‍. അന്ന് ഈശോക്ക് വ്യത്യസ്തമായ ഒരു പരാതി കൊടുത്തു. “ഈശോയേ, ഞാന്‍ ജോലി ചെയ്ത് ശമ്പളം വാങ്ങുന്നതല്ലാതെ എന്നെ നഴ്സ് ആക്കിയതുകൊണ്ട് നിനക്ക് ഒരു ഉപകാരവും ഉണ്ടായില്ലല്ലോ? എന്നെ നസ്രായന്‍റെ നഴ്സ് ആക്കാമോ?”‘

എല്ലാ ധ്യാനത്തിനുമൊടുവില്‍ വലിയ പ്രോമിസുകളൊക്കെ ഈശോക്ക് കൊടുത്ത് അതില്‍ ഒന്നുപോലും പാലിക്കാന്‍ സാധിക്കാതെ അടുത്ത ധ്യാനം വരെ ഈശോയെ സോപ്പിട്ടു മുന്നോട്ടു പോകുന്ന ഈശോയുടെ സ്വന്തം കുറുമ്പിയാണ് ഞാന്‍. ഇത്തവണത്തെ ചോദ്യം ഈശോയെ സന്തോഷിപ്പിച്ചു എന്ന് വേണം കരുതാന്‍.

“തിരുനാളിന്‍റെ അവസാനത്തെ മഹാദിനത്തില്‍ യേശു എഴുന്നേറ്റു നിന്നു ശബ്ദമുയര്‍ത്തിപ്പറഞ്ഞു: ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്‍റെ അടുക്കല്‍ വന്നു കുടിക്കട്ടെ. എന്നില്‍ വിശ്വസിക്കുന്നവന്‍റെ ഹൃദയത്തില്‍നിന്ന്, വിശുദ്ധ ലിഖിതം പ്രസ്താവിക്കുന്നതു പോലെ, ജീവജലത്തിന്‍റെ അരുവികള്‍ ഒഴുകും” (യോഹന്നാന്‍ 7/37-38).

ഈശോ തിരുവചനങ്ങളിലൂടെ സംസാരിച്ചു. ഈശോയോടു യാത്ര പറഞ്ഞിറങ്ങുമ്പോള്‍ എന്നെ കാത്ത് ഒരാള്‍ നില്‍പ്പുണ്ടായിരുന്നു. ഈശോക്ക് കൊടുത്ത അപേക്ഷക്കുള്ള മറുപടിയുമായി. അദ്ദേഹം ചോദിച്ചു, “എന്നാണ് അവധി തീരുന്നത്? കുറച്ചു ദിവസം ഉണ്ടെങ്കില്‍ ചെറിയൊരു സഹായം വേണം. അടുത്തുള്ള ആശ്രമത്തില്‍ ഈശോയുടെ മക്കള്‍ ഉണ്ട്. മാനസിക വൈകല്യമുള്ളവര്‍. അവരില്‍ കിടപ്പുരോഗികളുണ്ട്. ബെഡ്സോര്‍ ഉള്ളവരുണ്ട്. അവരെ നോക്കുന്ന നേഴ്സ് അസുഖം മൂലം അവധിയിലാണ്. ഒരു മാസത്തോളം അവര്‍ക്കു ഡ്രസിങ് ചെയ്തുതരാമോ?”

മനസ്സില്‍ എന്തെന്നില്ലാത്ത സന്തോഷം. ഒരു മാസത്തെ അവധി ഉണ്ടെന്നും ഈ അവസരത്തെ ഈശോയോടുള്ള സ്നേഹത്തെപ്രതി സന്തോഷത്തോടെ സ്വീകരിക്കുന്നു എന്നും അദ്ദേഹത്തെ അറിയിച്ചു. ബസും ഓട്ടോയുമായി ഒരു ദിവസത്തെ പോക്കുവരവിനായി 90 രൂപയോളം അന്ന് ചെലവ് ഉണ്ടായിരുന്നു. അവധിക്കാലത്തു ഡ്രൈവിംഗ് പഠിക്കാം എന്ന ചിന്തയില്‍ മാറ്റി വച്ച 3000 രൂപ യാത്രാച്ചെലവിന് തികയുമല്ലോ എന്നോര്‍ത്തപ്പോള്‍ സന്തോഷമായി.

നട്ടെല്ലിന് സാരമായ പരിക്കേറ്റ ഒരു മകന്‍ അവിടെ ഉണ്ടായിരുന്നു. അവന്‍റെ നട്ടെല്ലിന് താഴെ ആഴത്തില്‍ മാംസം നഷ്ടപ്പെട്ട് എല്ലുകള്‍ കാണാവുന്ന വിധം ഭയാനകമായ ബെഡ്സോര്‍. പഴുപ്പ് നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥ. ആര്‍ക്കും അത് കാണാനുള്ള ധൈര്യം ഇല്ല എന്ന് അവിടുള്ളവര്‍ പറയുന്നത് കേട്ടു.

അവന്‍റെ മുറിവുകള്‍ വൃത്തിയാക്കി മരുന്നുകള്‍ വച്ച് കെട്ടുമ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. അവനാകട്ടെ ഓര്‍മ്മകള്‍ നഷ്ടമായതിനാല്‍ കണ്ണുകളില്‍ ഒരു തിളക്കത്തോടെ എന്നെ നോക്കിക്കൊണ്ടിരുന്നു. ഒരു സഹോദരനെ സഹായത്തിന് വിളിച്ചശേഷം അവന്‍റെ തലമുടിയും താടിയും ഒക്കെ മുറിച്ചു. കുളിപ്പിച്ച് വൃത്തിയാക്കി.

ഈശോയുടെ മുഖംപോലെ തോന്നി അവനെ നോക്കിയപ്പോള്‍. സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, “എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തു കൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്തുതന്നത്” (മത്തായി 25/40).

അവന്‍റെ കണ്ണുകളില്‍നിന്ന് നന്ദിയുടെ, സ്നേഹത്തിന്‍റെ, കണ്ണുനീര്‍ത്തുള്ളികള്‍ ഒഴുകി ഇറങ്ങുന്നതിന് ഞാനും നിറകണ്ണുകളോടെ സാക്ഷിയായി. വര്‍ഷങ്ങള്‍ നഴ്സായി ജോലി ചെയ്തിട്ടും ലഭിക്കാത്ത ആത്മീയാനുഭൂതി. അന്ന് മുതല്‍ ഈശോ എന്നെ ‘നസ്രായന്‍റെ നഴ്സ് ‘ ആക്കി മാറ്റുകയായിരുന്നു.

അവന്‍റെ നെറ്റിയില്‍ സ്നേഹത്തിന്‍റെ ചുംബനം നല്‍കുമ്പോള്‍ എന്‍റെ ഹൃദയം ഈശോയുടെ സ്നേഹത്തില്‍ നിറഞ്ഞു മന്ത്രിച്ചു… “ഈശോയേ, ഇതിലും എത്രയോ ദുര്‍ഗന്ധം വമിക്കുന്നതാണ് എന്‍റെ പാപങ്ങള്‍. ഒരു മടിയും കൂടാതെ അനുദിനം നീ അവയെല്ലാം കഴുകി വൃത്തിയാക്കുന്നല്ലോ.”

ഈശോ എന്നെയും ആ രോഗിയെയും കെട്ടിപ്പുണരുന്ന പോലെ… സ്വന്തം തെറ്റിനെ മറയ്ക്കാന്‍ കൈകള്‍ കഴുകിയ പീലാത്തോസിന്‍റെ കരങ്ങളില്‍നിന്നും പത്രോസിന്‍റെയും യൂദാസിന്‍റെയും പാദങ്ങള്‍ കഴുകിയ ഈശോയുടെ കരങ്ങളായി ഈശോ എന്നെ മാറ്റിയ നിമിഷങ്ങള്‍…

പിന്നീടുള്ള നഴ്സിംഗ് ജീവിതം വേറെ ഒരു ലെവല്‍ ആയിരുന്നു. ഈശോയോടൊപ്പം ഉള്ള ഒരു ശുശ്രൂഷ. ഒരു ഇന്‍ജക്ഷന്‍ രോഗിക്ക് കൊടുക്കുമ്പോള്‍ ഓരോ മില്ലി മരുന്നിനും ഒരു ‘നന്മ നിറഞ്ഞ മറിയമേ’ എന്ന ജപം ആ രോഗിക്കായി സമര്‍പ്പിക്കാന്‍ തുടങ്ങി. രോഗികളുടെമേല്‍ കുരിശ് വരച്ചു പ്രാര്‍ത്ഥിച്ചു. ‘പരിശുദ്ധാത്മാവേ സഹായിക്കണമേ’ എന്ന് ഉറക്കെ പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചപ്പോള്‍ വളരെ ബുദ്ധിമുട്ടുള്ള വെയിനുകളില്‍ അനായാസേന ഐ വി ക്യാനുല ഇടാന്‍ സാധിച്ചു. ജീവനറ്റ ശരീരങ്ങള്‍ പൊതിഞ്ഞു കെട്ടുമ്പോള്‍ ആത്മാവിനുവേണ്ടി കരുണയുടെ ജപമാല ചൊല്ലി കാഴ്ച വച്ചു. എന്‍റെ ഈശോ എന്നെ സ്വന്തമാക്കുകയായിരുന്നു അവനുവേണ്ടി, അവന്‍റേതുമാത്രമായി.

പ്രശസ്തരായ ധ്യാന ഗുരുക്കന്മാരുടെ ടീം അംഗങ്ങളില്‍ ഒരാള്‍ ആയിത്തീരാന്‍ ഒരിക്കലെങ്കിലും നമ്മള്‍ ആഗ്രഹിച്ചിട്ടുണ്ടാവില്ലേ? നമ്മുടെ ചങ്ക് നസ്രായന്‍റെ ടീമംഗങ്ങളാണ് ആതുരസേവകര്‍. അവന്‍റെ സ്വരത്തിന് കാതോര്‍ക്കുമ്പോള്‍ ജീവിതം പിന്നെ വേറെ ലെവല്‍ ആയിത്തീരും.

വിശുദ്ധ മദര്‍ തെരേസയുടെ വാക്കുകള്‍ ഓര്‍മ്മിക്കുന്നു- “നമുക്കെല്ലാവര്‍ക്കും വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ല. പക്ഷേ ചെറിയ കാര്യങ്ങള്‍ വലിയ സ്നേഹത്തോടെ ചെയ്യാന്‍ കഴിയും.”

നമുക്കും കടന്നു ചെല്ലാം, ലോകമെങ്ങും സുവിശേഷ പ്രഘോഷകരായി. അഞ്ച് അപ്പവും രണ്ട് മീനും യേശുവിന്‍റെ കരങ്ങളില്‍ കൊടുത്ത ബാലനെപ്പോലെ നമ്മുടെ കൊച്ചുജീവിതങ്ങളെ നസ്രായന്‍റെ കൈകളില്‍ ഏല്പിച്ചുകൊണ്ട്…

'

By: ആന്‍ മരിയ ക്രിസ്റ്റീന

More