- Latest articles
എല്ലാ മനുഷ്യര്‍ക്കും ഉണ്ടാവുന്ന ഒരു പ്രലോഭനമാണിത്. അതായത്, എന്തെങ്കിലും ഒരു കാര്യം ചെയ്യാനുണ്ടെന്ന് വിചാരിക്കുക. പഠനമാവാം, വീട്ടിലെ എന്തെങ്കിലും ജോലിയാവാം, അല്ലെങ്കില്‍ ആരെങ്കിലും ഏല്പിച്ച ജോലിയാവാം.
ചാടിക്കയറി അതങ്ങ് ചെയ്യുക എന്ന പ്രലോഭനം എനിക്കെപ്പോഴും ഉണ്ടാവാറുണ്ട്. ആ നേരത്ത് ഒരു കുഞ്ഞുപ്രാര്‍ത്ഥന ചൊല്ലി ഈശോയോട് ചേര്‍ന്ന് ചെയ്യുക എന്ന പരിപാടിയില്ല.
എന്നാല്‍ വിശ്വാസത്തിന്റെ അടിസ്ഥാനം ഇതുപോലത്തെ ആശ്രയബോധം ‘സെറ്റ്’ ആക്കുകയെന്നതാണ്. സുവിശേഷദൗത്യത്തിലും ഈ പ്രലോഭനം കയറി വരാന്‍ സാധ്യതയുണ്ട്. കുറെ സോഷ്യല്‍ വര്‍ക്ക് കാര്യങ്ങള്‍ ചെയ്ത് കൂട്ടുക എന്നതല്ല സുവിശേഷദൗത്യം.
മറിച്ച്, ഈശോയോടുള്ള സ്നേഹത്തില്‍ ഹൃദയം നിറഞ്ഞ് ചെറിയ ചെറിയ കാര്യങ്ങള്‍ ചെയ്യുക, അത്രയേ ഉള്ളൂ.
സ്നേഹത്തോടെ ആളുകളെ കാണുക,
സ്നേഹത്തോടെ ആളുകളുമായി സംസാരിക്കുക
സ്നേഹത്തോടെ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക
“ദൈവരാജ്യം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്താനുമായി അവന് അവരെ അയച്ചു”ڔ(ലൂക്കാ 9/2) എന്നുപറയുമ്പോള്‍ ഈശോ ശ്ലീഹരെ ഏല്പിച്ച ദൗത്യവും ഇതുതന്നെയാണ്. സ്നേഹത്തോടെ ചെയ്യുക എന്നതാണ് കാതല്‍.
വിശുദ്ധ ഫ്രാന്‍സിസ് അസ്സീസ്സിയെപ്പോലെ, വിശുദ്ധരുടെ പ്രത്യേകതയും വേറൊന്നായിരുന്നില്ല. ഫ്രാന്‍സിസ് അസ്സീസ്സി ഈശോയോടുള്ള സ്നേഹത്തെ പ്രതി എല്ലാം ഉപേക്ഷിച്ച് ഭിക്ഷ തേടിക്കൊണ്ട് ആളുകളെ കാണുകയും സംസാരിക്കുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്തപ്പോള്‍ അവിടെയെല്ലാം വിശുദ്ധിയുടെ പരിമളം പടര്‍ന്നു.
നമുക്കും ഇപ്രകാരം നമ്മുടെ സുവിശേഷദൗത്യം ചെയ്യാം, പ്രാര്‍ത്ഥനയോടെയും സ്നേഹത്തോടെയും.
'ശക്തമായ വിധത്തില്‍ ഇവാഞ്ചലിക്കല്‍ പ്രൊട്ടസ്റ്റന്റ് വിശ്വാസം പുലര്‍ത്തുന്ന കുടുംബത്തിലാണ് ഞാന്‍ ജനിച്ചുവളര്‍ന്നത്. പഴയ നിയമത്തില്‍ പറയുന്ന തിരുനാളുകള്‍ ഞങ്ങള്‍ ആചരിച്ചിരുന്നു. ഞായറാഴ്ചകള്‍ വിശുദ്ധമായി ആചരിക്കാനും ശ്രദ്ധ പുലര്‍ത്തി. അങ്ങനെയൊരു പശ്ചാത്തലത്തില്‍ കത്തോലിക്കാവിശ്വാസവുമായി ബന്ധപ്പെട്ട് മൂന്ന് ഓര്‍മകള്‍ മനസില്‍ തങ്ങിനിന്നിരുന്നു. ഒന്നാമത്തേത് എന്റെ ഗ്രാന്‍ഡ്ഫാദറിന്റെ തികഞ്ഞ കത്തോലിക്കാവിരോധമാണ്. അദ്ദേഹത്തിനുപോലും കാരണമറിയില്ലെങ്കിലും കത്തോലിക്കാവിശ്വാസം പുലര്‍ത്തുന്നവരോട് അദ്ദേഹത്തിന് വെറുപ്പായിരുന്നെന്ന് ഞാന്‍ മനസിലാക്കിയിരുന്നു. രണ്ടാമത്തേത് ഞാനൊരു കൗമാരക്കാരിയായിരുന്ന കാലത്ത് ഞങ്ങളുടെ വീട്ടിലെ കോഫി ടേബിളില്‍ പിതാവ് കൊണ്ടുവന്നുവച്ച ‘ബാബിലോണ്‍ മിസ്റ്ററി റിലിജിയന്‍’ എന്ന ഗ്രന്ഥം.
അത് കത്തോലിക്കാവിശ്വാസവുമായി ബന്ധപ്പെട്ടതാണെന്ന് മനസിലാക്കിയപ്പോള്‍ ആ വിശ്വാസം സത്യമല്ലല്ലോ എന്ന ചിന്തയില്‍ ഒരു വശത്തേക്ക് മാറ്റിവയ്ക്കുകയാണ് ഞാന്‍ ചെയ്തത്. മറ്റൊരു ഓര്മ ഇരുപതിനുമുകളില്‍ പ്രായമുള്ള സമയത്ത് പങ്കെടുത്ത ഒരു ധ്യാനമാണ്. ആ ധ്യാനം കത്തോലിക്കാവിശ്വാസവുമായി ഒരു ചായ്വ് പുലര്‍ത്തിയിരുന്നു. പങ്കെടുത്തവരില്‍ ഏറെപ്പേരും കത്തോലിക്കരുമായിരുന്നു. അവര്‍ക്ക് ദൈവവുമായുള്ള ആഴപ്പെട്ട ബന്ധവും അവരുടെ സ്നേഹവുമെല്ലാം എന്നെ വളരെയധികം ആകര്‍ഷിച്ചു.
നാളുകള്‍ കഴിഞ്ഞുപോയി. സഭയിലെ നിയമങ്ങളുടെ ചട്ടക്കൂടിനെക്കാള്‍ ഉപരി പരിശുദ്ധാത്മാവുമായുള്ള ബന്ധത്തില്‍ വളരാന്‍ എനിക്ക് കൊതി തോന്നിത്തുടങ്ങിയിരുന്നു. ആ സമയത്ത് എന്റെ ഗ്രാന്‍ഡ്മദര്‍ 1 കോറിന്തോസ് 12-ല്‍ വിവരിക്കുന്ന പരിശുദ്ധാത്മാവിന്റെ ദാനങ്ങളെക്കുറിച്ച് പഠിപ്പിച്ചുതന്നു. അങ്ങനെ മുന്നോട്ടുപോകാന്‍ തുടങ്ങിയപ്പോള്‍ ദൈവം എന്നോട് വ്യക്തിപരമായി സംസാരിക്കുന്നത് മനസിലാകാനും തുടങ്ങി. അന്ന് ഞാന്‍ ആല്‍ബര്‍ട്ടായിലാണ്, നല്ലൊരു ജോലിയുമുണ്ട്. അപ്പോഴാണ് യേശു എന്നോട്, തന്നില്‍ ശരണപ്പെട്ട് മുന്നോട്ടുപോകുമോ എന്ന് ചോദിക്കുന്നത്. തന്നില്‍ വിശ്വസിച്ച് പടിഞ്ഞാറന്‍ കാനഡയിലേക്ക് നീങ്ങാമോ എന്നായിരുന്നു യേശുവിന്റെ ചോദ്യം. ഒരു വര്‍ഷത്തോളം പ്രാര്‍ത്ഥിച്ച് അത് ദൈവഹിതംതന്നെയാണോ എന്ന് വിവേചിച്ച് ഉറപ്പുവരുത്തി. തുടര്‍ന്ന് അതുപ്രകാരം മുന്നോട്ട് പോകാന്‍ തീരുമാനിച്ചു.
യേശു ഇങ്ങനെയും പറയുമോ?
2001 സമയമായിരുന്നു അത്. ബ്രിട്ടീഷ് കൊളംബിയ പ്രൊവിന്‍സിലെ കൊളോണ സിറ്റിയില്‍ ഒരു പ്രാര്‍ത്ഥനാഭവനം തുടങ്ങാനിരിക്കുകയാണ്. അങ്ങോട്ട് പോകാമെന്ന് ഞാന്‍ ചിന്തിച്ചു. അന്നും യേശുവിനെ അപ്പമായി സ്വീകരിക്കുന്നതിനെക്കുറിച്ച് എനിക്കറിയാം. ഞങ്ങളുടെ സമൂഹത്തില്‍ മാസത്തിലൊരിക്കലാണ് സാധാരണയായി അപ്രകാരം ചെയ്യുക. എന്നാല്‍ അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ലേഖനത്തില്‍, ദിവസംതോറും വേണമെങ്കില്‍ ഞങ്ങളുടെ സമൂഹത്തില്‍ ഉപയോഗിക്കുന്ന തരം ഓസ്തിയും വെള്ളവും എടുത്ത് യേശുവിനോട് വാഴ്ത്താന്‍ പ്രാര്‍ത്ഥിച്ചിട്ട് ‘അത് അവിടുത്തെ ശരീരവും രക്തവുമായി മാറ്റി’ സ്വയം കഴിക്കാവുന്നതാണ് എന്ന് വായിച്ചത് ഞാന്‍ ഓര്‍ത്തു. അതുപ്രകാരം ദിവസവും എന്റെ വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കിടെ അങ്ങനെ ചെയ്യുന്നത് പതിവാക്കി.
അങ്ങനെ തുടരവേയാണ് നാലര വര്‍ഷങ്ങള്‍ക്കുശേഷം 2006-ല്‍ ഞാനൊരു സ്വപ്നം കാണുന്നത്. സ്വപ്നത്തില്‍ ഒട്ടാവയിലേക്ക് പോകാന്‍ യേശു എന്നോട് ആവശ്യപ്പെട്ടു. ഒപ്പംതന്നെ അവിടുന്ന് എന്നോട് ഇപ്രകാരം പറഞ്ഞു, ”കിര്സ്റ്റന്, നിനക്കായി കൂടുതല്‍ സൗഖ്യവും നിധികളും ആഴങ്ങളും രഹസ്യങ്ങളും ഒരുക്കിയിട്ടുണ്ട്. അതെല്ലാം ദിവ്യകാരുണ്യത്തിലാണ് ഉള്ളത്, പക്ഷേ സ്വയം അപ്പം വാഴ്ത്തി സ്വീകരിക്കുന്ന നിന്റെ രീതിയിലല്ല!” ഉറക്കമുണര്‍ന്നപ്പോള്‍ ദിവ്യകാരുണ്യമെന്നാല്‍ കത്തോലിക്കാവിശ്വാസത്തിലുള്ളതല്ലേ എന്ന് ഞാന്‍ ചിന്തിച്ചു. അതുകൊണ്ടുതന്നെ സ്വപ്നം യേശുവില്നിന്നുതന്നെയാണോ എന്നൊരു സംശയം. അതോടൊപ്പം ആ സ്വപ്നം പരിഗണിക്കേണ്ടതാണെന്നൊരു തോന്നലും. അതിനാല്‍ ഞാന്‍ യേശുവിനോട് പറഞ്ഞു, ”അങ്ങ് എന്നെ കത്തോലിക്കാവിശ്വാസത്തെക്കുറിച്ച് പഠിപ്പിക്കാനാണ് വിചാരിക്കുന്നതെങ്കില്‍ നേരിട്ട് പറഞ്ഞുതരണം. ഞാനൊരു ഗവേഷണമോ അന്വേഷണമോ ഒന്നും നടത്താന്‍ പോകുന്നില്ല.” കാരണം, കത്തോലിക്കര്‍ക്ക് നിര്‍ജീവമായ ലിഖിതപ്രാര്ത്ഥനകളാണ് ഉള്ളത്; അവര്‍ മറിയത്തെ ആരാധിക്കുന്നു… എന്നൊക്കെയുള്ള ചിന്തകളാണ് അന്ന് എന്റെ മനസില്‍ ഉണ്ടായിരുന്നത്.
ഏതാണ്ട് രണ്ടുമാസങ്ങള്‍ക്കുശേഷം ഒട്ടാവയിലേക്ക് പോകുന്നതിനുമുമ്പ് ദൈവാലയത്തില്‍നിന്ന് വിശ്വാസിസമൂഹം പ്രാര്‍ത്ഥിച്ച് എന്നെ അനുഗ്രഹിച്ചയക്കുകയാണ്. അന്ന് ഒരു പ്രവാചകദൂതുപോലെ ഞാന്‍ കേട്ടു, ”കിര്സ്റ്റന്, ഒട്ടാവയിലെ ഡാലസ് ലേക്കില്‍ നിനക്കായി ഒരു കാര്യം ഒരുക്കിയിട്ടുണ്ട്.” അപ്പോള്‍ എനിക്ക് ഡാലസ് ലേക്കിനെക്കുറിച്ച് ഒന്നും അറിയില്ല. തുടര്‍ന്ന് ഒട്ടാവയില്‍ എത്തിയപ്പോള്‍ കര്‍ത്താവ് എന്നെ തന്ത്രപൂര്‍വം ഒരു മാന്യവനിതയുടെ അടുക്കലേക്ക് നയിച്ചു. അവരുടെ താമസസ്ഥലംമാത്രമാണ് എനിക്കായി അവിടെ തുറന്നുകിട്ടിയത്.
‘വഞ്ചിക്കപ്പെടാതെ കാക്കണേ!’
വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ആ സഹോദരി എന്നോട് പറഞ്ഞു, ”ഞാനൊരു കത്തോലിക്കയാണ്.” അതുകേട്ടതേ ഞാന്‍ പ്രാര്‍ത്ഥിച്ചത് ഇങ്ങനെയാണ്, ”കര്‍ത്താവേ, വഞ്ചിക്കപ്പെടാതെ എന്നെ കാത്തുകൊള്ളണേ…”
അവരുടെ വീട് എനിക്കായി മനോഹരമായി ഒരുക്കിയിരുന്നു. പക്ഷേ ആ വീട് വില്ക്കുകയായിരുന്നതുകൊണ്ട് കുറച്ചുനാള്‍ സ്ഥിരമായി താമസിക്കാന്‍ പറ്റിയ മറ്റൊരു സ്ഥലത്തേക്ക് മാറണം. എങ്കിലും അവിടെ ഞാന്‍ രണ്ടാഴ്ച താമസിച്ചു. മാറേണ്ട സമയത്തിന് രണ്ട് ദിവസം മുമ്പ് പത്രത്തില്‍ ഒരു പരസ്യം കണ്ടു, ”ഡാലസ് ലേക്കില്‍ ശുചിത്വമുള്ളതും ശാന്തവുമായ ക്രൈസ്തവാന്തരീക്ഷത്തിലുള്ള താമസസ്ഥലം വാടകയ്ക്ക്.”
അതേക്കുറിച്ച് അന്വേഷിച്ച് വീട്ടുടമ സ്ഥയുമായി സംസാരിക്കവേ ഞാന്‍ പറഞ്ഞു: ”കുറച്ച് മാസങ്ങള്‍ക്കകം ഞാനൊരു നാഷനല്‍ പ്രെയര്‍ ഹൗസില്‍ ചേരാനൊരുങ്ങുകയാണ്. അതിന് ഒരുക്കമായി പ്രഭാതങ്ങളില്‍ എനിക്ക് പ്രാര്‍ത്ഥിക്കണം.”
അവരുടെ മറുപടികേട്ട് ഞാനൊ ന്നു ഞെട്ടി: ”ഞാനൊരു കത്തോലിക്കാ കരിസ്മാറ്റിക് അനുഭാവിയാണ്. നിങ്ങള്‍ എന്റെ വീട്ടില്‍ പ്രാര്‍ത്ഥിക്കുന്നത് എനിക്ക് സന്തോഷകരമാണ്.”
ഞാന്‍ മനസില്‍ കരുതി, ”ദൈവമേ, വീണ്ടും ഒരു കത്തോലിക്ക! എന്നെ വഞ്ചനകളില്‍ ഉള്‍പ്പെടാതെ കാത്തുകൊള്ളണേ!”
പക്ഷേ, എന്റെ താമസസ്ഥലം മാറാന്‍ സമയമായതിനാല്‍ അവര്‍ക്കൊപ്പം താമസിക്കാതെ തരമില്ലായിരുന്നു. എന്നാല്‍, അവരുടെ കണ്ണുകള്‍ തുറക്കാനും അവര്‍ക്കായി പ്രാര്‍ത്ഥിക്കാനുമാണ് ഞാന്‍ വിളിക്കപ്പെട്ടിരിക്കുന്നത് എന്ന തോന്നലായിരുന്നു എനിക്ക്. അത് ഫെബ്രുവരി മാസമായിരുന്നു. ശൈത്യകാലം. എന്റെ ഇവാഞ്ചലിക്കല്‍ ദൈവാലയത്തിലേക്ക് പോകണമെങ്കില്‍ മൂന്ന് ബസുകള്‍ മാറിക്കയറണം. ഒരു ഞായറാഴ്ച എന്റെ വീട്ടുടമസ്ഥ ചോദിച്ചു, ”കിര്സ്റ്റന്, വെറും 30 സെക്കന്റ് നടന്നാല്‍ എത്തുന്ന എന്റെ ദൈവാലയത്തിലേക്ക് വന്നുകൂടേ?”
ദൈവാലയത്തിലെ അത്ഭുതം
അക്കാര്യം ഞാന്‍ സമ്മതിച്ചു. കാരണം അവര്‍ യേശുവുമായും പരിശുദ്ധാത്മാവുമായും യഥാര്‍ത്ഥ ബന്ധമുള്ള ഒരാളാണെന്ന് എനിക്ക് ബോധ്യപ്പെട്ടിരുന്നു. വളരെ ജീവസുറ്റ ഒരു സ്ത്രീ. അവര്‍ക്കൊപ്പം ഞാന്‍ അവരുടെ കത്തോലിക്കാ ദൈവാലയത്തിലെത്തി. അവസാനത്തെ നിരയില്‍ ഇരുന്നു. ആദ്യമായാണ് ഒരു കത്തോലിക്കാ ദൈവാലയത്തില്‍ പോകുന്നത്. ശുശ്രൂഷയുടെ രണ്ടാം പകുതിയില്‍ വൈദികന് അപ്പവും വീഞ്ഞും ആശീര്‍വദിക്കുന്ന സമയം. എന്റെ കണ്ണുകളില്‍നിന്ന് ധാരയായി കണ്ണീര് ഒഴുകാന്‍ തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. തുടര്‍ന്ന് എല്ലാവരും അള്ത്താരയ്ക്കരികിലേക്ക് പോയി ദിവ്യകാരുണ്യസ്വീകരണം നടത്തുന്നത് കണ്ടു. വീട്ടിലെത്തിയപ്പോള്‍ എന്റെ വീട്ടുടമസ്ഥയോട് എന്താണ് ഒരു കത്തോലിക്കാ ദിവ്യബലിയില്‍ സംഭവിക്കുന്നത് എന്ന് അന്വേഷിച്ചു. മാത്രവുമല്ല, അതേപ്പറ്റി കൂടുതല്‍ വായിക്കുകയും ചെയ്തു.
കത്തോലിക്കര്‍ വിശ്വസിക്കുന്നത് പ്രൊട്ടസ്റ്റന്റുകാരിയായ ഞാന്‍ വിശ്വസിക്കുന്ന അതേ കാര്യംതന്നെയാണെന്ന് അറിഞ്ഞപ്പോള്‍ എനിക്കാകെ അത്ഭുതവും സന്തോഷവും! യേശുവിന്റെ തിരുശരീരവും തിരുരക്തവും! അതാകട്ടെ എല്ലാ ദിവസവും സ്വീകരിക്കാം!
തുടര്‍ന്നുവന്ന ഞായറാഴ്ചയും ഇതേ സംഭവം ആവര്‍ത്തിച്ചു. ദിവ്യബലിയുടെ രണ്ടാം പകുതിയായപ്പോള്‍ ഞാനൊരു കണ്ണീര്ത്തടാകത്തിലാണ് നിന്നിരുന്നത്. പരിശുദ്ധാത്മാവ് എന്നെ ക്ഷണിക്കുകയായിരുന്നു. യേശുവിന്റെ യഥാര്‍ത്ഥ ശരീരവും രക്തവും സ്വീകരിക്കാനുള്ള ക്ഷണം.
എന്നാല്‍ ഞാനേറ്റവും ഭയപ്പെട്ടിരുന്ന കാര്യമായിരുന്നു അത്. ഞാന്‍ കത്തോലിക്കാ വിശ്വാസത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയാണെന്ന് സുഹൃത്തുക്കളോടോ ബന്ധുക്കളോടോ പറയാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ കൂടുതല്‍ കൂടുതല്‍ വായിക്കാനും അന്വേഷിക്കാനും തുടങ്ങി. അങ്ങനെ കത്തോലിക്കാ വിശ്വാസസത്യങ്ങളോട് മല്ലിട്ടുകൊണ്ട് അഞ്ചുമാസം കടന്നുപോയി. പ്രധാനപ്പെട്ട തടസം മറിയമായിരുന്നു. കത്തോലിക്കര്‍ മറിയത്തെ ആരാധിക്കുന്നു എന്നായിരുന്നല്ലോ ഞാന്‍ കരുതിയിരുന്നത്. അക്കാര്യത്തില്‍ എനിക്ക് വ്യക്തമായ ഉത്തരം വേണമായിരുന്നു. കത്തോലിക്കാവിശ്വാസത്തിലേക്ക് വരാതെ എനിക്ക് ദിവ്യകാരുണ്യം സ്വീകരിക്കാനാവില്ല. എന്നാല്‍ കത്തോലിക്കാവിശ്വാസത്തിലേക്ക് വരിക എന്നാല്‍ മറിയത്തോടുള്ള ഭക്തി അംഗീകരിക്കണം. അതെനിക്ക് ചിന്തിക്കാനാവുകയുമില്ല.
‘മറിയത്തില്‍നിന്ന് രക്ഷിക്കണേ!’
അങ്ങനെയിരിക്കേ ഒരു ദിവസം ഞാന്‍ ആരാധനാചാപ്പലില്‍ ഇരിക്കുകയാണ്. കര്‍ത്താവിനോട് ഞാന്‍ പറഞ്ഞു, ”മറിയത്തിന്റെ കാര്യത്തില്‍ എന്നെ സഹായിക്കണം.”
വിശുദ്ധ ബൈബിള്‍ തുറന്നു, വായിക്കാന്‍ തുടങ്ങി. 1 രാജാക്കന്മാര് രണ്ടാം അധ്യായമാണ് കിട്ടിയത്. രാജാവിന്റെ വലതുഭാഗത്തിരിക്കുന്ന റാജ്ഞിയായ അമ്മയെക്കുറിച്ച് അവിടെ പരാമര്‍ശിക്കുന്നു. അമ്മയുടെ അപേക്ഷ എന്തുതന്നെയായാലും അത് തള്ളിക്കളയുകയില്ലെന്ന് രാജാവ് പറയുന്നു. യേശു ഒരു യഹൂദനായിരുന്നല്ലോ. ഇതായിരുന്നു അന്ന് യഹൂദരാജാക്കന്മാര് അമ്മയെ ആദരിച്ചിരുന്ന വിധമെങ്കില്‍ അതിനെക്കാള്‍ എത്രയധികമായി യേശു അമ്മയെ ആദരിക്കുകയില്ല എന്ന ചിന്ത മനസില്‍ നിറഞ്ഞു. ഇതായിരുന്നു ആദ്യത്തെ കാര്യം.
ആ സമയത്താണ് എന്റെ വീട്ടുടമസ്ഥയായ പാം, എന്റെ സംശയങ്ങളില്‍ ഉത്തരം തരാനായി ഡേവിഡ് മക്ഡൊണാള്‍ഡിനെ എനിക്ക് പരിചയപ്പെടുത്തുന്നതും.
പ്രൊഫഷനല്‍ സംഗീതജ്ഞനായ ഡേവിഡിന് യേശുവുമായി ആഴമുള്ള ബന്ധമുണ്ടെന്നതും അദ്ദേഹം തന്റെ വിശ്വാസം ഗൗരവമായി കാണുന്നു എന്നതുമെല്ലാം എന്നെ ആകര്‍ഷിച്ചു. യേശുവിന്റെ അമ്മയായ പരിശുദ്ധ മറിയവുമായും ഡേവിഡിന് അടുപ്പമുണ്ടായിരുന്നു. അദ്ദേഹം എന്റെ ഭാവി ഭര്‍ത്താവാകുമെന്ന് അന്ന് ഞാന്‍ ചിന്തിച്ചതേയില്ല. എന്നാല്‍ ബ്രഹ്മചര്യം പാലിച്ച് ജീവിക്കണമെന്ന് കരുതിയിരുന്ന ഡേവിഡിനെയും പുതിയതായി കത്തോലിക്കാവിശ്വാസത്തിലേക്ക് വന്ന എന്നെയും വിവാഹമെന്ന കൂദാശയിലൂടെ ഒന്നാകാന്‍ കര്‍ത്താവ് പില്ക്കാലത്ത് വിളിച്ചു.
അതോടൊപ്പം മര്‍ഗരീറ്റ എന്നൊരു സുഹൃത്തിനെയും കര്‍ത്താവ് തന്നു. അവളായിരുന്നു എന്റെ ആത്മീയ വഴികാട്ടി. കര്‍ത്താവ് തന്ത്രപൂര്‍വം എന്റെ ജീവിതത്തില്‍ കത്തോലിക്കരെ ക്രമീകരിക്കുകയായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഡാലസ് ലേക്കിലെത്തി ഒമ്പത് മാസത്തിനകം ഞാനൊരു കത്തോലിക്കാവിശ്വാസി ആയിത്തീര്‍ന്നു. 2007-ലായിരുന്നു ആ നിര്‍ണായക വഴിത്തിരിവ് ഉണ്ടായത്.
ജപമാലയില്‍ ഒരു പരീക്ഷണം
ജപമാല ഒന്ന് പരീക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു. മര്ഗരീറ്റയ്ക്കും സുഹൃത്തിനുമൊപ്പം ഒരു ഈസ്റ്റര്‍ ഞായറാഴ്ച സോഫയിലിരുന്ന്
ഞാന്‍ ജപമാല ചൊല്ലാന്‍ തുടങ്ങി. ‘പരിശുദ്ധ രാജ്ഞീ’ എന്ന പ്രാര്‍ത്ഥന ചൊല്ലാന്‍ തുടങ്ങിയപ്പോള്‍ അവിശ്വസനീയമായ വിധത്തില്‍ ആന്തരികസൗഖ്യം കിട്ടുന്ന അനുഭവം! മുപ്പതുവയസ് പിന്നിട്ടുകഴിഞ്ഞിരുന്ന എന്റെ ജീവിതത്തില്‍ അതുവരെ അങ്ങനെയൊന്ന് അനുഭവിച്ചിട്ടില്ല. കരയുകയായിരുന്നു ഞാന്‍. എനിക്കും പിതാവിനും യേശുവിനുമിടയില്‍ തടസങ്ങളുണ്ടായിരുന്നെന്നും അത് ജപമാലയിലൂടെ നീങ്ങിപ്പോയെന്നും വ്യക്തമായി. ഇന്ന് ഡേവിഡും ഞാനും എന്നും ഒന്നിച്ച് ജപമാല ചൊല്ലും. ഒരുമിച്ച് ചൊല്ലാന്‍ സാധിച്ചില്ലെങ്കില്‍ തനിയെ ചൊല്ലും.
മാത്രവുമല്ല, വചനത്തോട് ഞങ്ങള്‍ക്ക് വലിയ ദാഹമുണ്ട്. എല്ലാ ദിവസവും നല്ല ഒരു സമയം വചനവായനക്കായി നീക്കിവയ്ക്കും. വിശുദ്ധരെക്കുറിച്ചും വായിക്കും. കത്തോലിക്കാ തിരുസഭയുടെ സമ്പന്നത കാണാനും അനുഭവിക്കാനും അതിലൂടെ കഴിയുന്നു.
അജ്ഞതയുടെ കാലങ്ങളില്‍ കത്തോലിക്കരുടെ ‘തെറ്റായ’ വിശ്വാസങ്ങളില്പ്പെടാതെ കാത്തുകൊള്ളണേ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഏകസത്യതിരുസഭ കത്തോലിക്കാസഭതന്നെയാണെന്ന് വ്യക്തമായ ബോധ്യങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും കര്‍ത്താവ് എന്നെ പഠിപ്പിച്ചുതന്നു. കത്തോലിക്കാവിശ്വാസം സ്വീകരിച്ചപ്പോള്‍ മുമ്പ് സ്വപ്നത്തിലൂടെ അവിടുന്ന് പറഞ്ഞിരുന്നതുപോലെ എനിക്കായി ദിവ്യകാരുണ്യത്തില്‍ ഒരുക്കിവച്ചിരുന്ന സൗഖ്യവും നിധികളും ആഴങ്ങളും രഹസ്യങ്ങളും സ്വന്തമാക്കാനും കഴിഞ്ഞു.
'ശാരീരിക പ്രവണതകളെ നാം എന്തിനു നിഷേധിക്കണം?
അധ്യാപികയായ ഒരു സുഹൃത്ത് കൗമാരക്കാരായ കുട്ടികളുമായി വിശുദ്ധിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു. പഴയകാലത്തെപ്പോലെ, അത്ര എളുപ്പമല്ല പുണ്യത്തില്‍ വളരാന്‍ എന്നായിരുന്നു അവരില്‍ പലരുടെയും അഭിപ്രായം. മാനുഷികമായ പ്രവണതകള്‍ എങ്ങനെയാണ് പാപം ആകുന്നത് എന്നു ചോദിച്ചവരും ഉണ്ടായിരുന്നു.
അവര്‍ പങ്കുവച്ചത് ഒരര്‍ത്ഥത്തില്‍ ശരിയാണല്ലോ. വസ്ത്രധാരണശൈലിയിലും ജീവിതരീതികളിലും ധാര്‍മിക ചിന്തകളിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ ആ കൊച്ചുമനസുകളിലും പ്രതിഫലിച്ചതില്‍ അത്ഭുതപ്പെടാനില്ല! ധാര്‍മികതയുടെയും മതങ്ങളുടെയും ഒക്കെ വേലിക്കെട്ടുകള്‍ തകര്‍ത്ത് എല്ലാ തിന്മകളും വിരല്‍ത്തുമ്പില്‍ എത്തിയിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇവരോട് എന്താണ് മറുപടി പറയുക എന്നവള്‍ തെല്ലൊന്നു പരിഭ്രമിച്ചു. പെട്ടെന്ന് ആത്മാവ് കൊടുത്ത പ്രേരണയനുസരിച്ച് അവള് അവരോടു ചോദിച്ചു:
“കുഞ്ഞുങ്ങളേ, നിങ്ങള്‍ എന്തിനാണ് വലിയ ഉത്സാഹത്തോടെ ദിവസേന ജിംനേഷ്യത്തില്‍ പോകുന്നത്. ശരീരം സൂക്ഷിക്കാന്‍ ചില പ്രത്യേക ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുകയും ചിലത് തിരഞ്ഞെടുക്കുകയും ചെയ്യുന്നത്? വിശപ്പും രുചിയുള്ള ഭക്ഷണം കഴിക്കാനുള്ള ആഗ്രഹവും ഒക്കെ സാധാരണ ശാരീരിക പ്രവണതകള്‍തന്നെയല്ലേ. എങ്കിലും ചില ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന തിരിച്ചറിവുമൂലം വേണ്ടെന്നു വയ്ക്കുന്നു. അതുവഴി ശരീരത്തിന് ആരോഗ്യവും സൗന്ദര്യവും കൂടുന്നതുപോലെതന്നെയാണ് നമ്മുടെ ആത്മാവിന്റെ കാര്യവും. ദൈവാത്മാവ് വസിക്കുന്ന നമ്മുടെ ആത്മാവിന്റെ സൗന്ദര്യത്തിനും ആരോഗ്യത്തിനുമായി ബോധപൂര്‍വകമായ ചില തിരഞ്ഞെടുപ്പുകളും വര്‍ജനങ്ങളും അത്യാവശ്യമാണ്.”
എത്ര സത്യമാണ്! വിശുദ്ധിയിലേക്കുള്ള വിളിക്ക് നാം പ്രത്യുത്തരിക്കുമ്പോള്‍ അത് ഹൃദയപൂര്‍വകമായ ഒരു തിരഞ്ഞെടുപ്പാണ്. നമ്മെ സൃഷ്ടിച്ച നമ്മുടെ ദൈവത്തിന്റെ ഒപ്പം നില്‍ക്കാനുള്ള ഒരു ഉത്തമ തീരുമാനം. നമ്മുടെ പിതാവിന്റെ മക്കളാണ് നാം എന്നു സാക്ഷ്യം നല്കുവാനുള്ള മനോഹരമായ അവസരങ്ങള്‍ അല്ലേ യഥാര്‍ത്ഥത്തില്‍ നാം നേരിടുന്ന പ്രലോഭനങ്ങള്‍? എന്റെ ദൈവത്തെ എനിക്ക് മതി എന്നും അവന് ഇഷ്ടമില്ലാത്തതൊന്നും വേണ്ട എന്നുമുള്ള ഒരു തിരഞ്ഞെടുപ്പ് ആണത്. വിശുദ്ധിയില്‍ വളരാനുള്ള ആദ്യപടി അത് ദൈവത്തില്‍ എത്താനുള്ള ‘ഒരു മാര്‍ഗം അല്ല, ഏകമാര്‍ഗം’ ആണെന്നു മനസിലാക്കുകയാണ്.
ശുദ്ധത എന്ന പുണ്യത്തിന്റെ പ്രാധാന്യം
നമ്മുടെ ദൈവത്തിന്റെ സാമീപ്യം അനുഭവിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം വിശുദ്ധി പാലിക്കുകയാണ്. “ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്; അവര്‍ ദൈവത്തെ കാണും” (മത്തായി 5/8). ദൈവത്തിന്റെ സാന്നിധ്യം അനുഭവിക്കുമ്പോഴാണ് നാം സന്തോഷമുള്ളവരും ശക്തിയും പ്രത്യാശയുള്ളവരും ആയി മാറുന്നത്. ദൈവസാന്നിധ്യം നമുക്ക് ആത്മധൈര്യം പകരും. എന്നാല്‍ അശുദ്ധി ദൈവസാന്നിധ്യം നഷ്ടപ്പെടുത്തുകയും അതുവഴി നാം അസ്വസ്ഥരും ദുര്‍ബലരുമായിത്തീരുകയും ചെയ്യും.
“വിശുദ്ധി കൂടാതെ ആര്‍ക്കും കര്‍ത്താവിനെ ദര്‍ശിക്കാന്‍ സാധിക്കുകയില്ല” (ഹെബ്രായര്‍ 12/14). ശുദ്ധത എന്ന പുണ്യം ഒരു ശക്തിസ്രോതസാണ്. ആത്മീയയുദ്ധത്തില്‍ നമ്മുടെ ആവനാഴിയില്‍ സാത്താന് എതിരെയുള്ള ഏറ്റവും മൂര്‍ച്ചയേറിയ ആയുധങ്ങളില്‍ ഒന്നാണ് അത്. നമ്മുടെ വിശുദ്ധി, നാം ആരുമായൊക്കെ സമ്പര്‍ക്കത്തില്‍ ആകുന്നോ അവരിലേക്കും പകരപ്പെടുന്നു. നാം ദൈവത്തിന്റെ ആലയങ്ങള്‍ ആയിരിക്കുന്നതുകൊണ്ടും നമ്മുടെ ശരീരങ്ങളെ വിശുദ്ധമായി സൂക്ഷിക്കണം.
“നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ ആലയമാണ് നിങ്ങളുടെ ശരീരമെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടെ? നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല. നിങ്ങള്‍ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്. ആകയാല്‍, നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍” (1 കോറിന്തോസ് 6/19-20). നമുക്ക് ജീവന് പകര്ന്നവന് അധിവസിക്കുന്ന നമ്മുടെ ശരീരത്തെയും മനസിനെയും എത്ര ഭംഗിയായും ശുദ്ധമായും സൂക്ഷിക്കാന്‍ നാം കടപ്പെട്ടിരിക്കുന്നു.
ശുദ്ധത പാലിക്കാനുള്ള മാര്‍ഗങ്ങള്‍
1. പ്രാര്‍ത്ഥന
പലപ്പോഴും വിശുദ്ധിക്കെതിരായ തെറ്റുകളെ നാം ബലഹീനതയായിട്ടാണ് കണക്കാക്കുന്നത്. എന്നാല്‍ ബലം നല്കുന്ന പരിശുദ്ധാത്മാവിനെ സഹായകനായി കര്‍ത്താവ് നല്‍കിയിട്ടുണ്ട്. അതുപോലെ പ്രാര്‍ത്ഥനയിലൂടെ ബലവാനായ ദൈവത്തോട് ഒന്നുചേരുമ്പോഴും നാം ബലവാന്മാരായിത്തീരും. വിശുദ്ധ അല്‍ഫോന്‍സ് ലിഗോറി പറയുന്നതിപ്രകാരമാണ്. “ശക്തരായ ആളുകളും ദുര്‍ബലരും എന്നൊന്ന് ഇല്ല. നന്നായി പ്രാര്‍ത്ഥിക്കാന്‍ അറിയുന്നവരും അറിയാത്തവരുംമാത്രം.” പ്രാര്‍ത്ഥനയാണ് എല്ലാ പുണ്യങ്ങളുടെയും വിളനിലവും അവ വളരാനുള്ള ശക്തിസ്രോതസും.
2. കൂദാശാസ്വീകരണം
എല്ലാത്തിലും ഉപരിയായി കൂടെക്കൂടെയുള്ള കൂദാശാസ്വീകരണങ്ങള്‍ നമ്മുടെ ആത്മാവിനെ വിശുദ്ധീകരിക്കുകയും സ്ഥൈര്യപ്പെടുത്തുകയും ചെയ്യും. വിശുദ്ധ കുമ്പസാരം നമ്മുടെ ഹൃദയങ്ങളെ കഴുകി വിശുദ്ധീകരിക്കുന്നു. നമ്മുടെ കര്‍ത്താവിന്റെ തിരുശരീരരക്തങ്ങളുടെ സ്വീകരണം നമ്മെ ജീവിക്കുന്ന സക്രാരികളാക്കി മാറ്റുന്നു.
3. സംസാരത്തിലുള്ള വിശുദ്ധി
സഭ്യമല്ലാത്ത ഒരു സംഭാഷണത്തിലും ഏര്‍പ്പെടാതിരിക്കുക. നേരമ്പോക്കിനായിപ്പോലും അത്തരത്തില്‍ ഒരു വാക്ക് നമ്മില്‍നിന്ന് പുറപ്പെടാതെ ഇരിക്കട്ടെ. നമ്മുടെ നാവിനെ നാം പരിശുദ്ധാത്മാവിന് സമര്‍പ്പിക്കണം. കാരണം “ഒരു മനുഷ്യനും നാവിനെ നിയന്ത്രിക്കാന്‍ സാധിക്കുകയില്ല. അത് അനിയന്ത്രിതമായ തിന്മയും മാരകമായ വിഷവുമാണ്” (യാക്കോബ് 3/8). ദൈവഹിതത്തിന് എതിരായ ഒരു വാക്കുപോലും അത് ഉച്ചരിക്കാതിരിക്കട്ടെ.
4. കണ്ണുകളുടെ വിശുദ്ധി
“കണ്ണാണ് ശരീരത്തിന്റെ വിളക്ക്. കണ്ണ് കുറ്റമറ്റതെങ്കില്‍ ശരീരം മുഴുവന്‍ പ്രകാശിക്കും” (മത്തായി 6/22). ഉണര്‍ന്ന് എഴുന്നേല്‍ക്കുമ്പോള്‍ത്തന്നെ നമ്മുടെ കണ്ണുകളെ ദൈവത്തിന് സമര്‍പ്പിക്കുക. നമ്മുടെ കണ്ണുകളിലേക്ക് നോക്കുന്നവര്‍ നമ്മെ സൃഷ്ടിച്ച നമ്മുടെ ദൈവത്തെ കാണട്ടെ. കണ്ണുകള്‍ നമ്മുടെ ആത്മാവിലേക്കുള്ള ജനാലകള്‍ ആണ്. കണ്ണുകളിലൂടെ പ്രവേശിക്കുന്ന ഏതൊരു തിന്മയും നമ്മുടെ ആത്മാവിനെ ഇരുട്ടിലേക്ക് തള്ളിത്താഴ്ത്തും.
അലസതയുള്ള മനസ് സാത്താന്റെ പണിപ്പുരയാണെന്ന് വിസ്മരിക്കരുത്. എപ്പോഴും എന്തെങ്കിലും കാര്യങ്ങളില്‍ വ്യാപൃതര്‍ ആയിരിക്കാന്‍ തന്റെ സഹവൈദികരെയും ഒറേട്ടറിയിലെ കുട്ടികളെയും വിശുദ്ധ ഡോണ്‍ബോസ്കോ പ്രോത്സാഹിപ്പിച്ചിരുന്നു. അവധിക്കാലം സാത്താന്റെ കൊയ്ത്തുകാലം എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. നമ്മുടെ ഒഴിവുസമയങ്ങളും സന്തോഷങ്ങളും വിശുദ്ധീകരിക്കപ്പെടട്ടെ, അവ ദൈവം സ്വന്തമാക്കട്ടെ.
5. വിവേകം
“സര്‍പ്പത്തില്‍നിന്നെന്നപോലെ പാപത്തില്‍നിന്ന് ഓടിയകലുക; അടുത്തുചെന്നാല്‍ അതു കടിക്കും; അതിന്റെ പല്ലുകള്‍ സിംഹത്തിന്റെ പല്ലുകളാണ്; അതു ജീവന് അപഹരിക്കും” (പ്രഭാഷകന്‍ 21/2). പാപസാഹചര്യങ്ങളെ തിരിച്ചറിയുവാനും അവയില്‍നിന്നും ഓടിയകലുവാനും സാധിക്കുന്നതുവഴി മാത്രമേ ശുദ്ധത പാലിക്കുവാന്‍ സാധിക്കൂ.
സാത്താന്റെ കുടിലതന്ത്രങ്ങളെകുറിച്ച് ബോധവാന്മാരാകുക. ഒരു യുദ്ധം ജയിക്കുവാന്‍ ശത്രുവിന്റെ തന്ത്രങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നാല്‍ മാത്രമേ സാധിക്കൂ. ‘നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റിനടക്കുന്നു’ (1 പത്രോസ് 5:8). നാം എപ്പോഴും സമചിത്തതയോടെ ഉണര്‍ന്നിരിക്കണം എന്ന് ഉദ്ബോധിപ്പിക്കുന്നു. ഒരു ചെറിയ ശ്രദ്ധക്കുറവ് പാപത്തിലേക്ക് നയിച്ചേക്കാം. ഒരു ചെറിയ പാപം ഒരു മാരകപാപത്തിലേക്കും. ഏറ്റവും ചെറിയ ഒരു പാപസാഹചര്യത്തില്‍നിന്നുപോലും ഒഴിഞ്ഞുമാറുക. പാപത്തിലേക്ക് നയിച്ചേക്കാവുന്ന ഏതൊരു കൗതുകത്തിനും അടിമപ്പെടാതിരിക്കുക.
6. ദൈവിക സുഹൃദ്ബന്ധങ്ങള്‍
നമ്മെ നന്മയിലേക്ക് നയിക്കുന്നതും ദൈവത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതുമായ നല്ല സുഹൃത്തുക്കള്‍ നമുക്ക് ഉണ്ടാകട്ടെ. “വിശ്വസ്തനായ സ്നേഹിതന് ജീവാമൃതമാണ്; കര്‍ത്താവിനെ ഭയപ്പെടുന്നവന് അവനെ കണ്ടെത്തും” (പ്രഭാഷകന്‍ 6/16). നമ്മുടെ സ്നേഹം വിശുദ്ധീകരിക്കപ്പെടട്ടെ. പലപ്പോഴും ചില സ്നേഹബന്ധങ്ങള്‍ അശുദ്ധിയുടെ വാതിലുകളാണ്. ദൈവം നമ്മുടെ ഹൃദയങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്ന വലിയൊരു സമ്പത്താണ് സ്നേഹം. അത് വിവേകത്തോടെ മാത്രം മറ്റുള്ളവരിലേക്ക് ചൊരിയുക.
7. മരിയഭക്തി
ശുദ്ധത പാലിക്കാനുള്ള ഒരു പ്രധാന വഴി നമ്മുടെ പരിശുദ്ധ അമ്മയാണ്. അമ്മ സ്വര്‍ഗത്തിലേക്കുള്ള ഒരു ഗോവണിയാണെന്ന് പറയാം. അവളോട് ചേര്‍ന്നു മുന്നേറിയാല്‍ നാം വീണുപോയാലും അവള് നമ്മെ കൈവിടുകയില്ല. ജപമാലയിലൂടെ അവളോടൊപ്പം നാം ഒന്നായി ബന്ധിക്കപ്പെട്ടിരിക്കണം. വിശുദ്ധര്‍ എല്ലാവരും അവളോട് പ്രത്യേക ഭക്തിയും വണക്കവും ഉള്ളവര്‍ ആയിരുന്നല്ലോ. പ്രലോഭനങ്ങളെ നേരിടാനുള്ള വിശുദ്ധ ഡോണ്‍ ബോസ്കോയുടെ ഒരു കൊച്ചുപ്രാര്‍ത്ഥന ഇപ്രകാരം ആയിരുന്നു, “മറിയമേ സഹായിച്ചാലും.” തിന്മയ്ക്കെതിരെയുള്ള ഏറ്റവും നല്ല ആയുധമാണ് മരിയഭക്തി.
മറ്റു സുകൃതങ്ങളെപ്പോലെതന്നെ, അനായാസേന ലഭിക്കുന്ന ഒന്നല്ല വിശുദ്ധി. നമുക്ക് പ്രിയപ്പെട്ട പലതും വേണ്ട എന്നുവയ്ക്കുവാന്‍ അല്പം ത്യാഗമനോഭാവം ആവശ്യമാണ്. എന്നാല്‍ അതിന്റെയൊക്കെ പരിണത ഫലം വളരെ മനോഹരമാണ്. നമുക്ക് ചുറ്റിനും, അത് നാം വസിക്കുന്ന സ്ഥലങ്ങളില്‍ ആണെങ്കിലും ചുറ്റുമുള്ള ജീവിതങ്ങളില്‍ ആണെങ്കിലും അതിന്റെ തേജസ് പ്രതിഫലിക്കും എന്നത് തീര്‍ച്ചയാണ്. ജീവിതം ഹ്രസ്വമാണ്, സ്വര്‍ഗം നിത്യതയും! വിശുദ്ധിയുള്ള ഒരു ജീവിതം പിന്തുടര്ന്ന് നാം ഈ ജീവിതത്തില്‍ ദൈവത്തിന്റെ സൗന്ദര്യത്തെ ധ്യാനിക്കുകയാണെങ്കില്‍, നിത്യതയില്‍ നാം അവിടുത്തെ തിരുമുഖത്തിന്റെ സൗന്ദര്യം ദര്‍ശിച്ചാനന്ദിക്കും!
പ്രാര്‍ത്ഥന: സ്നേഹത്തിന്റെ നിറകുടമായ ഈശോയേ, ശുദ്ധതയ്ക്ക് എതിരായ എല്ലാ പാപങ്ങളെയും ഞങ്ങള്‍ തള്ളിപ്പറയുന്നു. അവയിലേക്ക് നയിക്കുന്ന ഞങ്ങളുടെ എല്ലാ ചിന്തകളെയും താല്പര്യങ്ങളെയും കൗതുകത്തെയും ഞങ്ങള്‍ പൂര്‍ണമായി ഉപേക്ഷിക്കുന്നു. ഞങ്ങള്‍ ജീവിക്കുന്ന ദൈവാലയങ്ങള്‍ ആണെന്ന് മറക്കാതെയിരിക്കുവാനും ഞങ്ങളുടെ ശരീരങ്ങളെ സജീവ ബലിയായി അങ്ങേക്ക് സമര്‍പ്പിക്കുവാനുമുള്ള കൃപയ്ക്കായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ഞങ്ങളോട് കരുണയായിരിക്കണമേ.
'2020 കോവിഡ് -19 രൂക്ഷമായിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭം. കുറവിലങ്ങാട് മുത്തിയമ്മ പള്ളിയിലെ കാല്‍വിളക്കിനു ചുറ്റും ഒമ്പതു വെള്ളിയാഴ്ച എണ്ണയൊഴിക്കാന്‍ നേര്‍ച്ചനേര്‍ന്നു. ഒന്നാം വെള്ളിയാഴ്ച പള്ളിയില്‍നിന്ന് വരുന്നവഴി മഠത്തിന്റെ ഭിത്തിയില്‍ പരിശുദ്ധ വചനങ്ങള്‍ എഴുതിവച്ചതു വായിച്ചു നടക്കുകയായിരുന്നു. അപ്പോള്‍ ഒരു വചനം ഉണങ്ങിയ വാഴയിലകള്‍കൊണ്ട് മറഞ്ഞു കിടക്കുന്നത് കണ്ടു. അന്ന് എന്റെ മുന്നില്‍ മറഞ്ഞുകിടന്ന വചനമായിരുന്നു “ഞാന്‍ എന്നെ സ്നേഹിക്കുന്നവരെ സമ്പന്നരാക്കി അവരുടെ ഭണ്ഡാരം നിറയ്ക്കുന്നു” (സുഭാഷിതങ്ങള്‍ 8/21) എന്നത്. ഒരുപാടു സന്തോഷവും സമാശ്വാസവും നല്കിയ വചനം.
സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലായിരുന്നു. പ്രത്യേകിച്ച് കോവിഡ് കാലഘട്ടം. തന്നെയുമല്ല കുടുംബസ്വത്ത് കുറച്ച് പണമായി ലഭിക്കാനും വീടുപണി തുടങ്ങാനുമായിരുന്നു ഞാന്‍ നേര്‍ച്ച നേര്‍ന്നത്. ഒപ്പം ആയിരം തവണ ഈ വചനം ഒരു ബുക്കില്‍ എഴുതി ക്ഷമയോടെ കാത്തിരുന്നു. ചേട്ടനോട് ചോദിച്ചപ്പോള്‍ ഉടനെയൊന്നും ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു. കൃഷിപ്പണി ചെയ്യുന്ന അദ്ദേഹത്തിന് പെട്ടെന്നൊന്നും പണം തരാന്‍ പറ്റുന്ന ഒരു അവസരം അല്ലായിരുന്നു. പ്രത്യാശയോടെ ഓരോ ആഴ്ചയിലും തിരി കത്തിച്ചു പ്രാര്‍ത്ഥിച്ചു. ഒന്‍പതാമത്തെ വെള്ളിയാഴ്ച തിരി കത്തിച്ചു പ്രാര്‍ത്ഥനാനിര്‍ഭരമായ മനസോടെ പള്ളിയുടെ താഴെയെത്തി ആ വചനം കണ്ണീരോടെ ഒന്നുകൂടി വായിച്ചു.
വചനത്തിലൂടെ കണ്ണോടിക്കവേ പെട്ടെന്ന് എന്റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. നോക്കുമ്പോള്‍ ചേട്ടന്റെ മകന് വിളിക്കുന്നു. ഏറെ സങ്കോചത്തോടെ ഞാന്‍ ആ മൊബൈല്‍ ചെവിയില്‍ വച്ചപ്പോള്‍ അവന് എന്നോട് പറയുന്നു, “പാപ്പന് വിഷമിക്കേണ്ട, ലോണ്‍ എടുത്ത് കുറച്ചു പണം സംഘടിപ്പിക്കാം!” ഞാന്‍ ആവശ്യപ്പെട്ട തുക നല്കി തക്കസമയത്ത് അവന് എന്നെ സഹായിച്ചു. “എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും. നമ്മുടെ പിതാവായ ദൈവത്തിന് എന്നും എന്നേക്കും മഹത്വമുണ്ടാകട്ടെ, ആമേന്‍” (ഫിലിപ്പി 4/19-20).
'വിശുദ്ധരുടെ കഥകള്‍ പറഞ്ഞാണ് അമ്മ കുഞ്ഞിനെ ഉറക്കുന്നത്. ഫാത്തിമായില്‍ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട മൂന്നുപേരില്‍ ഇളയവളായ ജസീന്തയുടെ കഥ കുഞ്ഞിനെ ഏറെ ആകര്‍ഷിച്ചു. ആടുമേയ്ക്കാന്‍ പോകുമ്പോള്‍ അമ്മ കൊടുത്തുവിടുന്ന ഭക്ഷണം ദരിദ്രര്‍ക്കു നല്കി ഉപവസിച്ച് പ്രാര്‍ത്ഥിക്കുന്ന വിശുദ്ധയായ കുഞ്ഞുജസീന്ത! ‘മോള്‍ക്കും ഇതുപോലെ പരിത്യാഗപ്രവൃത്തികള്‍ ചെയ്യാന്‍ പറ്റും. ഈശോയോടുള്ള സ്നേഹത്തെപ്രതി ഇഷ്ടപ്പെട്ട ചില ഭക്ഷണസാധനങ്ങള്‍ വേണ്ടെന്നു വയ്ക്കണം. മിഠായി കിട്ടുമ്പോള്‍ അപ്പോള്‍ത്തന്നെ കഴിക്കാതിരിക്കുക. കുഞ്ഞ് എല്ലാം ശ്രദ്ധാപൂര്‍വം കേട്ടു.
ഒരു ദിവസം ഭക്ഷണം കഴിച്ചു പകുതിയായപ്പോള്‍, അവള്‍ക്കു മതിയായി. അവള് പറഞ്ഞു: “അമ്മേ ഞാനും ജസീന്തയെപ്പോലെ ഭക്ഷണം ഉപേക്ഷിച്ചു പരിത്യാഗപ്രവൃത്തി ചെയ്യാന്‍ പോകുകയാണ്!” കുരുന്നിന്റെ കുരുട്ടുബുദ്ധികേട്ട് അമ്മ അന്തംവിട്ടു.
“ഉത്തമമായ ഉപദേശം ആദരിക്കുന്നവന് വിവേകികളോടുകൂടെ സ്ഥാനം ലഭിക്കുന്നു” (സുഭാഷിതങ്ങള്‍ 15/31)
'എവിടെത്തൊട്ടാലും വേദന. അതായിരുന്നു ഡേവിഡിന്റെ രോഗം. ഏറെ ചികിത്സിച്ചിട്ടും രോഗം മാറിയില്ല. രോഗകാരണം കണ്ടെത്താന്‍ കഴിയാതെ ഡോക്ടേഴ്സ് വിഷമിച്ചു. അറ്റകൈക്ക് അദേഹം വികാരിയച്ചന്റെ അടുത്തു തന്റെ വിഷമം പറഞ്ഞു. അച്ചന് ഡേവിഡിന്റെ കൈയില്‍ വാത്സല്യത്തോടെ പിടിച്ചുകൊണ്ടു നിര്‍ദേശിച്ചു: എത്രയും വേഗം അസ്ഥിരോഗ വിദഗ്ധനെ കാണിക്കുക, താങ്കളുടെ ചൂണ്ടുവിരലിന് ഒടിവു സംഭവിച്ചിരിക്കുന്നു. അത്രയേ ഉള്ളൂ…
“ദൈവഭക്തിയാണ് ജ്ഞാനത്തിന്റെ ഉറവിടം; പരിശുദ്ധനായനെ അറിയുന്നതാണ് അറിവ്” (സുഭാഷിതങ്ങള്‍ 30/3).
'കോളേജില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ അവിടെ ഒരു പ്രെയര്‍ ഗ്രൂപ്പ് ആരംഭിക്കുക എന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു. എന്റെ സഹോദരന് പഠിച്ചിരുന്ന കോളേജിലെ പ്രെയര്‍ ഗ്രൂപ്പിന്റെ വിശേഷങ്ങള്‍ എന്നെ ഇക്കാര്യത്തില്‍ ഏറെ സ്വാധീനിച്ചിട്ടുണ്ട്. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്ന അവിടെ ഒരു ചെറിയ പ്രെയര്‍ ഗ്രൂപ്പിനുവേണ്ടി നിസാരദിവസങ്ങളല്ല ഞാന്‍ കാത്തിരുന്നിട്ടുള്ളത്. അഞ്ചു വര്‍ഷക്കാലം അതിനുവേണ്ടി ഓടിനടന്നു. എന്നാല്‍ ഫലമോ ശൂന്യം. വര്‍ഷങ്ങള്‍ അധ്വാനിച്ചിട്ടും ഒരാളെപ്പോലും കണ്ടെത്താന്‍ സാധിക്കാത്തതിന്റെ നിരാശയുമായാണ് അവിടെനിന്നും പഠനം കഴിഞ്ഞിറങ്ങിയത്. ഒരാളുപോലും വരാതെ പലതവണ ഞാന്‍ ഒറ്റയ്ക്ക് പ്രെയര്‍ ഗ്രൂപ്പ് കൂടിയിട്ടുണ്ട്.
ഈ മുന്‍ അനുഭവം മൂലം, ജോലിക്ക് ചെന്ന പുതിയ സ്ഥലത്ത്, നിശബ്ദനാകാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ നിങ്ങള്‍ അധ്വാനിക്കാത്ത വയലുകളും നിങ്ങള്‍ നട്ടുവളര്‍ത്താത്ത മുന്തിരിത്തോട്ടവും നിങ്ങള്‍ക്ക് ഞാന്‍ തരുന്നു എന്ന് ജോഷ്വായെ ഓര്‍മ്മപ്പെടുത്തിയ കര്‍ത്താവ് എന്റെ കാര്യത്തിലും അതുതന്നെ ചെയ്തതാണ് അവിടെ ഞാന്‍ കണ്ടത്. ഞാനായിട്ട് പ്രത്യേകിച്ചൊന്നും ചെയ്യാതെതന്നെ അവിടെ ആരംഭിച്ച പ്രെയര്‍ ഗ്രൂപ്പ് പുതിയ അംഗങ്ങളാല്‍ നിറയുകയായിരുന്നു. അല്‍പ്പം മുന്‍പ് സൂചിപ്പിച്ച വാഗ്ദാനവചനം അക്ഷരാര്‍ത്ഥത്തില്‍ നിറവേറുന്ന കാഴ്ച. അത്ഭുതമെന്തെന്നുവച്ചാല്‍, എനിക്കുണ്ടായ പഴയ അനുഭവംപോലെത്തന്നെ ഒരു പ്രെയര്‍ ഗ്രൂപ്പിനായി വര്‍ഷങ്ങള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന മറ്റൊരാള്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് അവിടെ നിന്നും പോയത് എന്നതാണ്. അന്ന് ആ വ്യക്തിയിലൂടെ പ്രെയര്‍ ഗ്രൂപ്പ് ആരംഭിക്കാന്‍ സാധിച്ചില്ലെങ്കിലും അതിനുവേണ്ട ഒരുക്കങ്ങള്‍ ദൈവാത്മാവ് ചെയ്തുവച്ചിരുന്നു. ആ വ്യക്തിയിലൂടെ നട്ടു. മറ്റൊരാളിലൂടെ നനച്ചു. ദൈവംതന്നെ അത് വളര്‍ത്തി.
ഇതാണ് കര്ത്താവിന്, സുവിശേഷവേല ചെയ്യുന്നവരോട് എന്നും പറയാനുള്ള കാര്യം.
നീ വിതയ്ക്കുക; നീതന്നെ ഫലം കാണണമെന്നോ കൊയ്യണമെന്നോ ആഗ്രഹിക്കാതെ, തളരാതെ വചനം വിതയ്ക്കുക.
പൗലോസ് ശ്ലീഹ സ്വന്തം അനുഭവത്തില്‍നിന്നും പറഞ്ഞത് ഇങ്ങനെയല്ലേ? ഞാന്‍ നട്ടു; അപ്പോളോസ് നനച്ചു; എന്നാല്‍, ദൈവമാണു
വളര്‍ത്തിയത്. അതുകൊണ്ട്, നടുന്നവനോ നനയ്ക്കുന്നവനോ അല്ല വളര്‍ത്തുന്നവനായ ദൈവത്തിനാണ് പ്രാധാന്യം. നടുന്നവനും നനയ്ക്കുന്നവനും തുല്യരാണ്. ജോലിക്കു തക്ക കൂലി ഓരോരുത്തര്‍ക്കും ലഭിക്കും” (1 കോറിന്തോസ് 3/6-8). ഇതുതന്നെയാണ് എന്റെ അനുഭവത്തില്‍നിന്നും മനസ്സിലായിട്ടുള്ളത്.
“വചനം പ്രസംഗിക്കുക; സാഹചര്യങ്ങള്‍ അനുകൂലമാണെങ്കിലും അല്ലെങ്കിലും ജാഗരൂകതയോടെ വര്‍ത്തിക്കുക; മറ്റുള്ളവരില്‍ ബോധ്യം ജനിപ്പിക്കുകയും അവരെ ശാസിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്യുക; ക്ഷമ കൈവിടാതിരിക്കുകയും പ്രബോധനത്തില്‍ ശ്രദ്ധിക്കുകയും ചെയ്യുക…..നീയാകട്ടെ, എല്ലാക്കാര്യങ്ങളിലും സമചിത്തത പാലിക്കുക; കഷ്ടതകള്‍ സഹിക്കുകയും സുവിശേഷകന്റെ ജോലി ചെയ്യുകയും നിന്റെ ശുശ്രൂഷ നിര്‍വ്വഹിക്കുകയും ചെയ്യുക” (2 തിമോത്തിയോസ് 4/2-5).
ആനുകാലിക സംഭവങ്ങളോ പ്രതീക്ഷിക്കാത്ത പ്രതികരണമോ കണ്ട്, അവിടുന്ന് നിന്നെ പ്രത്യേകമായി ഏല്പിച്ചിരിക്കുന്ന ദൗത്യത്തില്‍നിന്നും ഒരിക്കലും പിന്മാറരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. നാമിപ്പോള്‍ ആയിരിക്കുന്ന ഇടം തന്നെയാണ് അവിടുന്ന് നമുക്ക് നല്‍കിയിരിക്കുന്ന കൃഷിസ്ഥലം.
സത്യത്തില്‍ നാമല്ല, ദൈവാത്മാവാണ് നമ്മിലൂടെ അവിടുത്തെ പ്രവൃത്തി ചെയ്യുന്നത്. ഈശോമിശിഹായില്‍ അഭിവാദനങ്ങള്‍!
'അന്നും പതിവുപോലെ ക്ലാസിലെത്തി രണ്ടാം ക്ലാസിലെ കൊച്ചുകൂട്ടുകാരോട്
കുശലാന്വേഷണമൊക്കെ കഴിഞ്ഞ് പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് രസകരമായ
കണക്കിന്റെ വഴികളിലൂടെ നീങ്ങിയപ്പോള്‍ പെട്ടെന്ന് ഒരു കരച്ചില്! കുഞ്ഞുകൂട്ടുകാരന് ആഷിക്കാണ്, “ടീച്ചറേ, പല്ല് വേദനിക്കുന്നു…” ക്ലാസെടുക്കുന്നതിനിടയില്‍ ഇതുപോലെ തലവേദന, വയറുവേദന എന്നൊക്കെ പറഞ്ഞ് കൊച്ചുകൂട്ടുകാര്‍ കരയാറുണ്ട്. അപ്പോള്‍, ടീച്ചര്‍ വേദനിക്കുന്ന കുട്ടിയുടെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിക്കും, മറ്റ് കുട്ടികള്‍ കൈകളുയര്‍ത്തി സ്തുതിക്കും.
ഇന്ന് പല്ലുവേദനനിമിത്തം കരയുന്ന കുട്ടിയുടെയടുത്ത് ഇങ്ങനെ പ്രാര്‍ത്ഥിക്കണോ? അല്പം ശങ്കയോടെ ബോര്‍ഡില്‍ എഴുതിക്കൊണ്ടിരുന്നത് നിര്‍ത്തിവച്ച് കരയുന്ന കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചറിയിക്കുന്നതിനായി ഞാന്‍ ഓഫീസിലേക്ക് പോയി. എന്നാല്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ജോലിസ്ഥലത്തുനിന്ന് സ്കൂള്‍ വിടുന്ന നേരത്തേ എത്താനാവുകയുള്ളൂ എന്നായിരുന്നു മറുപടി കിട്ടിയത്. എന്തുചെയ്യുമെന്നറിയാതെ തിടുക്കത്തില്‍ ക്ലാസിലേക്ക് തിരിച്ചെത്തിയ ഞാന്‍ കണ്ടത് ചിരിച്ചുകൊണ്ട് കണക്ക് എഴുതിക്കൊണ്ടിരിക്കുന്ന ആഷിക്കിനെയാണ്!
എന്റെ അമ്പരപ്പ് കണ്ടിട്ടെന്നോണം മറ്റ് കുട്ടികള്‍ പറഞ്ഞു, “ടീച്ചറങ്ങ് പോയപ്പോള്‍ സോന പറഞ്ഞു നമ്മുടെ ടീച്ചര്‍ പ്രാര്‍ത്ഥിക്കുന്നതുപോലെ ഈശോയോട് പ്രാര്‍ത്ഥിച്ചാലോ എന്ന്. അപ്പോള്‍ ഞങ്ങളെല്ലാവരും കൂടി പ്രാര്‍ത്ഥിച്ചു. ആഷിക്കിന്റെ പല്ലുവേദനയും മാറി.”
“അവന് ശിശുക്കളെ എടുത്ത്, അവരുടെമേല്‍ കൈകള്‍വച്ച് അനുഗ്രഹിച്ചു” (മര്‍ക്കോസ് 10/16)
അപരിചിതമായ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാന്‍ എത്തേണ്ടവര്‍ വൈകി. പക്ഷേ അന്നുണ്ടായത് മറക്കാനാവാത്ത അനുഭവം!
സ്പെയിനിലെ ബാഴ്സിലോണയില്‍ ഒരു ധ്യാനത്തിനായി എന്നെ ക്ഷണിച്ചു. അഗസ്റ്റീനിയന്‍ സന്യാസിനികള്‍ക്കായുള്ള ധ്യാനം. അന്ന് ഞാന്‍ റോമില്‍ ആയിരുന്നു. റോമിലെ ഇറ്റലിയില്‍നിന്ന് സ്പെയിനിലെ ബാഴ്സിലോണയിലേക്കുള്ള ടിക്കറ്റ് എടുത്തുതന്നതും യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ക്രമീകരിച്ചതുമെല്ലാം ധ്യാനം ഏര്‍പ്പാടാക്കിയ സിസ്റ്റേഴ്സ് ആണ്. അവര്‍ നല്കിയ നിര്‍ദേശപ്രകാരം നിശ്ചിതദിവസം ഞാന്‍ ഇറ്റലിയില്‍നിന്ന് യാത്ര തിരിച്ച് ബാഴ്സിലോണയിലെ എയര്‍പോര്‍ട്ടിലെത്തി. ഇറങ്ങിയ ഉടനെ എന്നെ സ്വീകരിക്കാന്‍ അവിടെ ആരെങ്കിലും വരുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ ആരെയും കണ്ടില്ല. അവരുടെ ഫോണ്‍ നമ്പറാകട്ടെ ഞാന്‍ കൈയില്‍ സൂക്ഷിക്കാന്‍ മറന്നു. എന്റെ ഇറ്റാലിയന്‍ ഫോണ്‍ നമ്പര്‍ സ്പെയിനില്‍ ഉപയോഗയോഗ്യവുമല്ല. അതിനാല്‍ അവര്‍ ഇങ്ങോട്ട് വിളിച്ചാല്‍ ലഭിക്കില്ല. മാത്രവുമല്ല കൈയില്‍ പണവും കുറവായിരുന്നു.
ഈയവസ്ഥയില്‍ ഞാനെന്നെത്തന്നെ പഴിക്കാന്‍ തുടങ്ങി. ഫോണ്‍ നമ്പറോ സൂക്ഷിച്ചില്ല, അല്പം പണമെങ്കിലും കരുതണമായിരുന്നു. മനസ് വളരെ അസ്വസ്ഥം. പിന്നെ ചിന്തിച്ചു, ഞാന്‍ മറ്റുള്ളവരെ ഏറെ ഉപദേശിക്കാറുണ്ട്, പ്രതിസന്ധിയിലാകുമ്പോള്‍ പ്രാര്‍ത്ഥിക്കണമെന്ന്. എന്നാല്‍ എന്റെ സ്വന്തം കാര്യം വന്നപ്പോള്‍ അതൊന്നും പ്രായോഗികമാകുന്നില്ലല്ലോ. എങ്കിലും സാവധാനം പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. സിസ്റ്റേഴ്സിനുവേണ്ടിയും ആ സാഹചര്യത്തെപ്രതിയും എല്ലാം… പക്ഷേ ഒന്നും സംഭവിച്ചില്ല. എന്നോടൊപ്പം ആ ഫ്ളൈറ്റില്‍ വന്നവരെല്ലാം സ്വീകരിക്കാന്‍ വന്നവരോടൊപ്പം പോയിക്കഴിഞ്ഞിട്ടും ഞാന്മാത്രം അവിടെ ശേഷിച്ചു. ഏതാണ്ട് ഒരു മണിക്കൂര്‍ കടന്നുപോയി.
ആ സമയത്ത് ഒത്ത വലിപ്പമുള്ള ഒരു സ്പാനിഷുകാരന് എന്നെ സമീപിച്ചു. അദ്ദേഹം ചോദിച്ചു, “നിങ്ങള്‍ ഷിബു സെബാസ്റ്റ്യന്‍ അല്ലേ?”
അതെയെന്ന് ഞാന്‍ പറഞ്ഞു.
തുടര്‍ന്ന് അദ്ദേഹം ചോദിച്ചു, “നീണ്ടപാറയാണ് നാട് അല്ലേ? അതായത് കേരളമാണ് സ്വദേശം?” അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് ഞാന്‍ മറുപടി നല്കി. കാരണം ഷിബു സെബാസ്റ്റ്യന്‍ എന്നാണ് പാസ്പോര്‍ട്ടിലുള്ള എന്റെ പേര്. മറ്റ് വിശദവിവരങ്ങളും പാസ്പോര്‍ട്ടിലുള്ളതുതന്നെ. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ വേണ്ടി അത്തരം വിശദവിവരങ്ങളെല്ലാം സിസ്റ്റേഴ്സിന് നല്‍കിയിരുന്നു. അതിനാല്‍ അദ്ദേഹം സിസ്റ്റേഴ്സ് പറഞ്ഞുവിട്ട ആളായിരിക്കുമെന്ന് എനിക്ക് തോന്നി.
മറക്കാനാവാത്ത അനുഭവം
പക്ഷേ തുടര്‍ന്ന് അദ്ദേഹം വ്യത്യസ്തമായ ഒരു കാര്യമാണ് പറഞ്ഞത്, “ഷിബൂ, നിങ്ങളുടെ കൈ രണ്ട് പ്രാവശ്യം ഒടിഞ്ഞിട്ടുണ്ട്!” അതുകേട്ട് ഞാനൊന്ന് ഞെട്ടി. ഉണ്ടെന്ന് മറുപടി നല്കി തലയുയര്‍ത്തി നോക്കിയപ്പോള്‍ അദ്ദേഹം അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു. അല്പനേരത്തേക്ക് ഞാന്‍ സ്തബ്ധനായി. പിന്നെ, പെട്ടെന്ന് ഒരു വെളിച്ചം കിട്ടിയതുപോലെ ഞാനക്കാര്യം തിരിച്ചറിഞ്ഞു, അത് യേശുവാണ്!
അപ്പോഴേക്കും അതാ ഒരു സിസ്റ്റര്‍ ഓടിവരുന്നു. അവരുടെ വസ്ത്രം ധരിച്ച് നടക്കാന്‍പോലും സാവധാനമേ സാധിക്കൂ. എന്നിട്ടും അവര്‍ ഓടിയാണ് വരുന്നത്. ഞാന്‍ വൈദികര്‍ ധരിക്കുന്ന കോളര്‍ ധരിച്ചിരുന്നതിനാല്‍ വേഗം എന്നെ തിരിച്ചറിഞ്ഞു. അടുത്തെത്തിയതേ അവര്‍ എന്നോട് ക്ഷമ ചോദിക്കാന്‍ തുടങ്ങി. “ക്ഷമിക്കണം അച്ചാ, ക്ഷമിക്കണം. ഞങ്ങള്‍ ആവൃതിയിലുള്ളവരാണ്. ഞങ്ങള്‍ സെല്‍ഫോണ്‍ ഉപയോഗിക്കാറില്ല. ലാന്‍ഡ് ഫോണില്‍നിന്ന് അച്ചന്റെ മൊബൈല്‍ നമ്പറില്‍ വിളിച്ചു, പക്ഷേ കിട്ടിയില്ല. ഞങ്ങള്‍ ഒരു ഡ്രൈവറെ കൂട്ടി വന്നതാണ്. അദ്ദേഹത്തിനാണെങ്കില്‍ ഈ എയര്‍പോര്‍ട്ട് അറിയില്ലായിരുന്നു. പക്ഷേ ഞങ്ങള്‍ അന്വേഷിച്ച് നേരത്തേതന്നെ ഈ എയര്‍പോര്‍ട്ടിലെത്തി. എങ്കിലും എവിടെയാണ് പാര്‍ക്ക് ചെയ്യേണ്ടതെന്നറിയാതെ ഏറെസമയം ചുറ്റേണ്ടിവന്നു. അങ്ങനെ വൈകിപ്പോയതാണ്. സോറി അച്ചാ, ക്ഷമിക്കണം, ക്ഷമിക്കണം!”
ഞാന്‍ പറഞ്ഞു, “സിസ്റ്റര്‍ ദയവുചെയ്ത് സോറി പറയരുത്. വൈകി വന്നതിന് നന്ദി!!” ആ വാക്കുകള്‍ കേട്ട് അവര്‍ തെല്ലൊന്ന് അമ്പരന്നുകാണണം. എന്നാല്‍, അവര്‍ വൈകിയതുകൊണ്ട് സ്പാനിഷുകാരന്റെ രൂപത്തില്‍ എന്നെ സമീപിച്ച യേശുവിനെ കാണാന്‍ കഴിഞ്ഞുവെന്ന് ഞാന്‍ തുടര്‍ന്ന് വിശദീകരിച്ചു.
ഈശോ പറഞ്ഞത്…
അവിടെവച്ച് ഈശോ എന്നോട് പറഞ്ഞതെന്താണ്? “മോനേ, ഞാനിവിടെ നിന്നോടുകൂടെയുണ്ട്. ഞാന്‍ നിന്നെ നന്നായറിയുന്നു. നിന്റെ ഓമനപ്പേര് എനിക്കറിയാം. നിന്റെ കൈ രണ്ട് പ്രാവശ്യം ഒടിഞ്ഞിട്ടുണ്ടെന്നും അറിയാം.”
കൈയൊടിഞ്ഞു എന്നത് എന്തുകൊണ്ടാണ് വളരെ പ്രധാനപ്പെട്ട കാര്യമാകുന്നത്? അത് ആര്‍ക്കും അധികം അറിഞ്ഞുകൂടാത്ത ഒരു സംഭവമാണ്. എന്റെ ജീവിതത്തിലെ ഏറെ സങ്കടകരമായ ഒരനുഭവം.
ഞാന്‍ സെമിനാരിയിലായിരുന്നപ്പോള്‍ ഒരിക്കല്‍ എന്റെ കൈയൊടിഞ്ഞ് പ്ലാസ്റ്ററിട്ടു. ആ പ്ലാസ്റ്ററുംകൊണ്ട് ഞാന്‍ വീണ്ടും വീണു. പ്ലാസ്റ്ററുള്‍പ്പെടെ എന്റെ കൈ വീണ്ടും ഒടിഞ്ഞു. ‘സഭയുടെ പൈസ കുറേ പോകുമല്ലോ?’ എന്നൊരു അഭിപ്രായം ആ സംഭവത്തെക്കുറിച്ച് കേള്‍ക്കേണ്ടിയും വന്നു.
ഒരു സെമിനാരി വിദ്യാര്‍ത്ഥിയെന്ന നിലയില്‍ എന്റെ ചികിത്സാചെലവുകള്‍ സന്യാസസഭയാണല്ലോ വഹിക്കുന്നത്. അതിനാല്‍ത്തന്നെ എനിക്ക് വളരെയധികം മനോവേദനയുണ്ടാക്കിയ വാക്കുകളായിരുന്നു അത്. ആ സംഭവമാണ് ഈശോ ഓര്‍മിപ്പിച്ചത്. അവിടുന്ന് എല്ലാം അറിയുന്നു എന്ന ഓര്‍മ്മപ്പെടുത്തലും ആ കരുതലിന്റെ അടയാളവും.
പ്രഭാഷകന്‍ 23/19 വചനം ഓര്‍മിപ്പിക്കുന്നുണ്ട്, കര്‍ത്താവിന്റെ കണ്ണുകള്‍ സൂര്യനെക്കാള്‍ പതിനായിരം മടങ്ങ് പ്രകാശമുള്ളതാണ്. നിങ്ങള്‍ അനുഭവിക്കുന്ന ഏത് പ്രതിസന്ധിയും അവിടുന്ന് കാണുന്നുണ്ട്. അവിടുന്ന് നിങ്ങള്‍ക്കായി പ്രവര്‍ത്തിച്ചുകൊള്ളും. അതായിരുന്നു ആ ദൈവാനുഭവത്തിലൂടെ ഈശോ എനിക്ക് തന്ന ബോധ്യം.
'ഒരു ജോഡി ഷൂ വാങ്ങാന്‍പോലും നിവൃത്തിയില്ലാത്ത വീട്ടില്‍ വളര്‍ന്ന ജോസഫ് എന്ന ബാലന്. സ്കൂള്‍ യൂണിഫോമിന്റെ ഭാഗമായിരുന്നതിനാല്‍ ഷൂ ധരിക്കാതെ സ്കൂളില്‍ പ്രവേശിക്കാന്‍ അനുവാദം ഇല്ലായിരുന്നു. അതുകൊണ്ട് ആകെയുള്ള ഒരു ജോഡി ഷൂ സഞ്ചിയിലാക്കി കയ്യില്‍ പിടിച്ച് നഗ്നപാദനായി മഞ്ഞ് പെയ്യുന്ന നിരത്തിലൂടെ സ്കൂളിലെത്തും. തണുപ്പുമൂലം കാലുകള്‍ പൊട്ടി രക്തം പൊടിയും. സ്കൂള്‍ വരാന്തയിലെത്തുമ്പോള്‍ ഷൂ ധരിക്കും. സ്കൂള്‍സമയം കഴിയുമ്പോള്‍ പിന്നെയും ഷൂ ഊരിപ്പിടിച്ച് വീട്ടിലേക്ക് നടക്കും. ഷൂ തേഞ്ഞുപോയാല്‍ മറ്റൊന്ന് വാങ്ങാന്‍ നിവൃത്തിയില്ലാത്തതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. വിശപ്പകറ്റാന്‍ ഭക്ഷണവും ആ ബാലന് എപ്പോഴും ഉണ്ടാകില്ല. സഹപാഠികളാണ് ഭക്ഷണം പങ്കുവച്ചുകൊടുത്തിരുന്നത്. ആ ബാലന് പഠിച്ചുവളര്‍ന്നു, വൈദികനായി, മെത്രാനായി, കര്‍ദിനാളായി, മാര്‍പ്പാപ്പയായി. അദ്ദേഹമാണ് വിശുദ്ധ പത്താം പീയൂസ്.
ദാരിദ്ര്യവും വിശുദ്ധിയും തമ്മില്‍ നമുക്ക് അറിഞ്ഞുകൂടാത്ത ഒരു അതിസ്വാഭാവിക ബന്ധമുണ്ട്. അവ പരസ്പരം പരിപോഷിപ്പിക്കുന്നു. ദാരിദ്ര്യം വിശുദ്ധിയെയും വിശുദ്ധി ദാരിദ്ര്യത്തെയും ആശ്ലേഷിക്കുന്നു.
'