• Latest articles
ഫെബ്രു 23, 2024
Evangelize ഫെബ്രു 23, 2024

ജീവിതം വഴിമുട്ടുമ്പോള്‍, കണ്‍മുന്‍പില്‍ തുറന്ന വാതിലുകള്‍ ഒന്നുപോലും കാണാതെ വരുമ്പോള്‍, പ്രത്യാശ കൈവിടരുത്. വിശ്വാസത്തോടെ പരിശുദ്ധാത്മാവിനെ സഹായത്തിനായി വിളിച്ച് പ്രാര്‍ത്ഥിക്കുക.

ശാരീരിക അസ്വസ്ഥതകളാല്‍ ഇന്ന് അവധിയെടുത്തു. ശരീരം മുഴുവന്‍ നീരും വേദനയും. രണ്ടര വര്‍ഷമായി ഈശോയുടെ ‘ഒളിച്ചേ, കണ്ടേ’ കളി തുടങ്ങിയിട്ട്. അല്പം കലിപ്പിലാണ് ഈശോയോട് സംസാരിച്ചത്. “ഈശോയേ ഇതിനൊരു പരിഹാരം ഇല്ലേ? സഹനം മാറ്റാന്‍ ഞാന്‍ പറയുന്നില്ലല്ലോ? രോഗം എന്താണെന്നെങ്കിലും കണ്ടുപിടിച്ചു തന്നുകൂടേ?” നാല് ദിവസമായി ബൈബിളിലെ ജ്ഞാനത്തിന്‍റെ പുസ്തകം ഒമ്പതാം അദ്ധ്യായം ദിവസവും ഉരുവിട്ട് പ്രാര്‍ത്ഥിക്കുന്നു, രോഗം എന്താണെന്ന് ഒന്ന് കണ്ടുപിടിക്കാന്‍. എല്ലുരോഗ വിദഗ്ധര്‍ ചെയ്യാവുന്ന എല്ലാ ടെസ്റ്റുകളും ചെയ്തതാണ്. വാതരോഗത്തിന്‍റെ ലക്ഷണങ്ങള്‍ ആണെന്ന് സംശയിച്ച് മെഡിക്കല്‍ സയന്‍സ് കണ്ടുപിടിച്ചിട്ടുള്ള എല്ലാ ബ്ലഡ് ടെസ്റ്റുകളും ചെയ്തു. പതിനേഴ് MRI ചെയ്തു. എന്നിട്ടും രോഗം എന്തെന്ന് മനസ്സിലാകുന്നില്ല. ശരീരം മുഴുവന്‍ പരിമിതികളില്‍നിന്ന് കൂടുതല്‍ പരിമിതികളിലേക്കു നീങ്ങിക്കൊണ്ടിരുന്നു. രോഗം എന്ത് എന്ന ചോദ്യം മാത്രം ഉത്തരം ഇല്ലാതെ അവശേഷിച്ചു.

കുറച്ചു സമയത്തേക്ക് മുറിയില്‍ നിശബ്ദത അലയടിച്ചു. സ്വര്‍ഗം മുഴുവന്‍ ആകാംക്ഷയോടെ ഈശോയെ നോക്കുകയാണ്. അടുത്ത നിമിഷം കട്ടിലില്‍ കിടക്കുന്ന എന്‍റെ വലതു കാതില്‍ ഒരു മൃദുസ്വരം കേട്ടു… R . A . FACTOR.

നഴ്സ് ആയതു കൊണ്ട് ഈശോ പറഞ്ഞത് എനിക്ക് മനസ്സിലായി. വയ്യാതിരുന്നിട്ടു കൂടി ഉടനെ ആശുപത്രിയിലേക്ക് യാത്രയായി. ഡോക്ടറെ സന്ദര്‍ശിച്ചു കാര്യം പറഞ്ഞു, “ആര്‍.എ ഫാക്ടര്‍ ബ്ലഡില്‍ ചെക്ക് ചെയ്യണം.” ഡോക്ടര്‍ ആകാംക്ഷയോടെ എന്നെ നോക്കി പറഞ്ഞു, “ആന്‍, ആര്‍.എ ഫാക്ടര്‍ ഒരു കണ്‍ഫര്‍മേറ്ററി ടെസ്റ്റ് അല്ല. അതൊഴികെ ചെയ്യാനുള്ള എല്ലാ ടെസ്റ്റുകളും ഏഴ് തവണ നമ്മള്‍ ആവര്‍ത്തിച്ചു ചെയ്തിട്ടുള്ളതാണ്. എല്ലാ ടെസ്റ്റുകളും നെഗറ്റീവും ആണ്. ഇനി ഈ ടെസ്റ്റിന്‍റെ ആവശ്യം ഉണ്ടോ?”

ഞാന്‍ ഡോക്ടറോട് പറഞ്ഞു, “ഡോക്ടറുടെ വാക്കുകള്‍ സത്യമാണ്. ചെയ്യാനുള്ളതെല്ലാം അതിന്‍റെ പാരമ്യത്തില്‍ ചെയ്തിട്ടുണ്ട്. ഇനി ഇത് മാത്രമേ അവശേഷിക്കുന്നുള്ളൂ. ഒരുപക്ഷേ ഇതിലൂടെ എന്തെങ്കിലും ദൈവം ചെയ്താലോ?”

എന്‍റെ വേദനയും പരിമിതികളും അറിയുന്ന ഡോക്ടര്‍ ആര്‍.എ ഫാക്ടര്‍ ടെസ്റ്റ് ഓര്‍ഡര്‍ ചെയ്തു.

ലാബിലേക്ക് പോകുമ്പോള്‍ പരിശുദ്ധാത്മാവിന്‍റെ ഇടപെടലിനുവേണ്ടി ജ്ഞാനം ഒമ്പതാം അധ്യായം പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു.

ലാബിലുള്ളവര്‍ക്കു ഞാന്‍ സുപരിചിതയാണ്. കാരണം അത്രയും ടെസ്റ്റുകള്‍ ചെയ്തിട്ടുള്ളതാണ്. ഇന്ന് അവരും ആഗ്രഹിച്ചു രോഗനിര്‍ണ്ണയം സംഭവിക്കുവാന്‍. ഉച്ചയോടുകൂടി റിസള്‍ട്ട് ലഭിച്ചു. എനിക്ക് റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ഫാക്ടര്‍ പോസിറ്റീവ് ആണ്. ഈശോയെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. സ്നേഹചുംബനങ്ങള്‍ കൊണ്ട് മൂടി. ഈശോയെ ആശ്വസിപ്പിച്ചു, “ഈശോ നീ കരയല്ലേ. രണ്ടര വര്‍ഷം എന്നെ രോഗാവസ്ഥ അറിയിക്കാതെ, രോഗം അറിഞ്ഞു ഞാന്‍ വിഷമിക്കാതിരിക്കാന്‍ നിന്‍റെ ഹൃദയത്തില്‍ രഹസ്യമായി സൂക്ഷിക്കാന്‍മാത്രം നീ എന്നെ സ്നേഹിച്ചല്ലോ. ആ സ്നേഹത്തിന് ഞാന്‍ എന്താണ് പകരം നല്‍കുക…”

ഈശോയും ഞാനും ഭയങ്കര ‘സെന്‍റി’യായി. റിസള്‍ട്ട് അടുത്ത ദിവസം ഡോക്ടറെ അറിയിച്ചു. ഉടനെതന്നെ റൂമറ്റോളജിസ്റ്റിനെ വിളിച്ചു, അവര്‍ അപ്പോയ്ന്‍റ്മെന്‍റ് വാങ്ങിത്തന്നു. 2021 ഓഗസ്റ്റ് 29-ന് എന്‍റെ രോഗം നിര്‍ണയിക്കപ്പെട്ടു. സ്പോണ്ടിലോ ആര്‍ത്രൈറ്റിസ് & ഫൈബ്രോമയാള്‍ജിയ.

ഒരു രോഗമോ വേദനയോ ഒക്കെ നമ്മുടെ ജീവിതത്തില്‍ കടന്നു വരുമ്പോള്‍ ഈശോയെ കുറ്റപ്പെടുത്താനും പഴിചാരാനും ഒക്കെ സാധ്യതകള്‍ ഉണ്ട്. പക്ഷെ നമ്മെക്കാള്‍ ഏറെ ഈശോ വേദനിക്കുന്നു. കാരണം തന്‍റെ കുഞ്ഞിന്‍റെ കരച്ചില്‍ കാണാന്‍ കഴിയാത്ത അമ്മയെപ്പോലെ ഈശോയുടെ ഹൃദയം വിങ്ങുന്നു.

ഒരു ഗാനത്തിന്‍റെ ഈരടികള്‍ ഓര്‍ത്തു പോകുകയാണ്
‘എന്‍റെ മുഖം വാടിയാല്‍ ദൈവത്തിന്‍ മുഖം വാടും
എന്‍ മിഴികള്‍ ഈറനണിഞ്ഞാല്‍ ദൈവത്തിന്‍ മിഴി നിറയും.

ജ്ഞാനം ഒമ്പതാം അധ്യായം പ്രാര്‍ത്ഥിച്ചതിന്‍റെ ഫലമായി ഈശോ എന്‍റെ രോഗനിര്‍ണ്ണയം നടപ്പിലാക്കി. ഈശോക്ക് അടുത്ത പണി കൊടുക്കാന്‍ ഞാന്‍ തയ്യാറായി. എട്ട് വര്‍ഷമായി രോഗം നിര്‍ണയിക്കാന്‍ സാധിക്കാതെ തൃശ്ശൂരിലും എറണാകുളത്തുമായി എല്ലാ പ്രശസ്ത ആശുപത്രികളും കയറി ഇറങ്ങി ചികിത്സ ഇനി വേണ്ടെന്നു തീരുമാനിച്ചിരിക്കുകയായിരുന്നു എന്‍റെ അമ്മ. യൂറിനറി ഇന്‍ഫെക്ഷന്‍ ആയി തുടങ്ങി പിന്നീട് ഹൃദയഭേദകമായ അവസ്ഥയില്‍ എത്തിച്ചേര്‍ന്നു . കിഡ്നിയും യൂറിനറി ബ്ളാഡറും എല്ലാം ചുരുങ്ങിത്തുടങ്ങി. മൂത്രം പോകാന്‍ വളരെ ബുദ്ധിമുട്ട്. പുകയുന്ന വേദന. ഐസ് വെള്ളം എടുത്തു പലപ്പോഴും വയറിനു മുകളിലൂടെ ഒഴിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

എട്ട് വര്‍ഷത്തെ യാതനകള്‍ കഠിനമായിരുന്നു. എങ്കിലും അമ്മ പരാതികളില്ലാതെ വിശുദ്ധ ഗ്രന്ഥം വയറിനുമുകളില്‍ വച്ച് കിടക്കുമായിരുന്നു. ഈശോയോട് ഞാന്‍ വീണ്ടും വഴക്കിട്ടു. എന്‍റെ അമ്മയാണ് കൂടുതല്‍ വേദന സഹിച്ചത്. അതുകൊണ്ട് രോഗനിര്‍ണയം അമ്മക്ക് ഇനി വൈകാന്‍ പാടില്ല. ഇത്രയും പറഞ്ഞ് ഏഴ് ദിവസങ്ങള്‍ ജ്ഞാനം 9 പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഏഴാം ദിവസം ഗൂഗിളില്‍ ഞാന്‍ ഒരു ആര്‍ട്ടിക്കിള്‍ വായിക്കുകയായിരുന്നു, എന്‍റെ രോഗാവസ്ഥയെക്കുറിച്ച്. പെട്ടെന്ന് മറ്റൊരു ആര്‍ട്ടിക്കിള്‍ എന്‍റെ ശ്രദ്ധയില്‍പ്പെട്ടു.

OBSTRUCTIVE UROPATHY RELATED TO RHEUMATOID ARTHRITIS

അത് വായിച്ചു നോക്കിയപ്പോള്‍ മനസ്സില്‍ ഒരു ചിന്ത. അമ്മക്ക് രോഗം ഇതായിരിക്കുമെന്ന്. പ്രായത്തിന്‍റേതായ ചില വേദനകള്‍ ജോയിന്‍റുകളില്‍ ഉണ്ടാവുന്നതല്ലാതെ ആര്‍ത്രൈറ്റിസിന്‍റെ ലക്ഷണങ്ങളായി അവയെ പരിഗണിച്ചിരുന്നില്ല. ഈ രോഗാവസ്ഥ ആര്‍ത്രൈറ്റിസില്‍ വളരെ അപൂര്‍വ്വമായി കണ്ടുവരുന്ന ഒരു കോംപ്ലിക്കേഷന്‍ ആണ്. ഈശോയോട് ചോദിച്ചു, എന്ത് ചെയ്യണം എന്ന്. ഈശോയുടെ മറുപടിയനുസരിച്ച് എനിക്ക് ചെയ്ത ചില ബ്ലഡ് ടെസ്റ്റുകള്‍ തൊട്ടടുത്ത ദിവസത്തില്‍ അമ്മക്ക് ചെയ്തു. റിസള്‍ട്ട് എല്ലാം വളരെ ഉയര്‍ന്ന റീഡിങ്ങുകള്‍ ആയിരുന്നു. പിന്നീട് അമ്മയ്ക്കും ചികിത്സ ആരംഭിച്ചു. ഈശോയുടെ കരുണയാല്‍ അല്പം ആശ്വാസം ലഭിക്കാന്‍ തുടങ്ങി.

“ഭൂമിയിലെ കാര്യങ്ങള്‍ ഊഹിക്കുക ദുഷ്കരം. അടുത്തുള്ളതുപോലും അധ്വാനിച്ചുവേണം കണ്ടെത്താന്‍: പിന്നെ ആകാശത്തിലുള്ള കാര്യങ്ങള്‍ കണ്ടെത്താന്‍ ആര്‍ക്കു കഴിയും? അങ്ങ് ജ്ഞാനത്തെയും അങ്ങയുടെ പരിശുദ്ധാത്മാവിനെയും ഉന്നതത്തില്‍നിന്നു നല്‍കിയില്ലെങ്കില്‍, അങ്ങയുടെ ഹിതം ആരറിയും!” (ജ്ഞാനം 9/16-17).

ജീവിതം വഴിമുട്ടുമ്പോള്‍, കണ്മുന്‍പില്‍ തുറന്ന വാതിലുകള്‍ ഒന്നുപോലും കാണാതെ വരുമ്പോള്‍, നിരാശപ്പെടരുത്. പ്രത്യാശ കൈവിടരുത്. ചെങ്കടല്‍ കടന്നവര്‍ ജോര്‍ദാന്‍ നദിക്കു മുന്‍പില്‍ പരിഭ്രമിക്കരുത്. വിശ്വാസത്തോടെ പരിശുദ്ധാത്മാവിനെ സഹായത്തിനായി വിളിച്ച് പ്രാര്‍ത്ഥിക്കുക. അവന്‍ വിളിക്കുംമുന്‍പേ ഉത്തരം നല്കുന്നവനാണ്. പ്രാര്‍ത്ഥിച്ചു തീരും മുന്‍പേ കേള്‍ക്കുന്നവനാണ്.

“അവന്‍റെ മുന്‍പില്‍ ഒരു സൃഷ്ടിയും മറഞ്ഞിരിക്കുന്നില്ല. അവിടുത്തെ കണ്‍മുന്‍പില്‍ സകലതും അനാവൃതവും വ്യക്തവുമാണ്. നാം കണക്ക് ബോധിപ്പിക്കേണ്ടതും അവിടുത്തെ സന്നിധിയിലാണ്” (ഹെബ്രായര്‍ 4/13).

'

By: Ann Maria Christeena

More
ഫെബ്രു 23, 2024
Evangelize ഫെബ്രു 23, 2024

പ്രാചീനകാലത്ത്, വിജയശ്രീലാളിതനായ സൈന്യാധിപന്‍റെ രഥത്തിന് പിന്നില്‍ ഒരു ദൂതന്‍ ഇരിക്കും. അയാള്‍ വിളിച്ചുപറയും, “നിങ്ങള്‍ ഒരു മനുഷ്യനാണെന്ന് ഓര്‍മിക്കുക!” വിജ്ഞാനികളുടെ നിര്‍ദേശപ്രകാരമാണ് ഇങ്ങനെ ചെയ്തിരുന്നത്. അഹങ്കാരത്താല്‍ സൈന്യാധിപന്‍ അന്ധനായിത്തീരാതിരിക്കാനായിരുന്നു ഈ ക്രമീകരണം. വിനയത്തില്‍ വളര്‍ന്നാല്‍മാത്രമേ ഇനിയും വിജയിയാകാന്‍ സാധിക്കുകയുള്ളൂ എന്നുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍കൂടിയായിരുന്നു അത്.

“വിനയത്തിനും ദൈവഭക്തിക്കുമുള്ള പ്രതിഫലം സമ്പത്തും ജീവനും ബഹുമതിയുമാണ്” (സുഭാഷിതങ്ങള്‍ 22/4).

'

By: Shalom Tidings

More
ഫെബ്രു 23, 2024
Evangelize ഫെബ്രു 23, 2024

ചിലര്‍ക്ക് കുത്തുവാക്കുകള്‍ പറയുന്നത് ഒരു ഹരമാണ്. നമ്മുടെയെല്ലാം ജീവിതത്തില്‍ ഇത്തരത്തിലുള്ള വ്യക്തികളുമായി ഇടപെടേണ്ട സാഹചര്യങ്ങള്‍ ഉണ്ടായെന്നു വരാം. കുത്തുവാക്കുകള്‍ പറയുന്നവരുടെ ലക്ഷ്യം അത് കേള്‍ക്കുന്നവന്‍ ഒന്നു വേദനിക്കണം എന്നു തന്നെയാണ്. ഏതെങ്കിലും തരത്തില്‍ ഒന്നു പ്രതികരിക്കുകകൂടി ചെയ്താല്‍ അവര്‍ക്ക് തൃപ്തിയാകും.

പ്രായോഗികമായി ഇവരെ എങ്ങനെ നേരിടാമെന്ന് ഒന്നു ചിന്തിച്ചു നോക്കാം. ആദ്യംതന്നെ ചെയ്യേണ്ടത്, അവര്‍ നമ്മളോടു പറഞ്ഞത് നമുക്ക് ‘കൊണ്ടു’ എന്ന സന്തോഷം അവര്‍ക്ക് നിഷേധിക്കുക എന്നതാണ്. അതായത് അവര്‍ പറഞ്ഞത് വേദനിപ്പിക്കുന്ന കാര്യമാണെങ്കിലും നിസ്സാരമായ രീതിയില്‍ എടുക്കുക. ശാന്തമായി പ്രതികരിക്കുക. നമുക്ക് ഇത് വേണ്ടവിധത്തില്‍ ഏല്‍ക്കുന്നില്ല എന്നു കാണുമ്പോള്‍ അവര്‍ മടങ്ങിപ്പോയ്ക്കൊള്ളും.

എന്നാല്‍ ഇത് എല്ലാവര്‍ക്കും അത്ര എളുപ്പമായിരിക്കില്ല. അതിനാല്‍, എന്തെങ്കിലും ഒന്ന് പറയുന്നതിനുമുമ്പേ ഒരു ‘നന്മ നിറഞ്ഞ മറിയമേ’ എന്ന പ്രാര്‍ത്ഥന ചൊല്ലുക. അല്ലെങ്കില്‍ എങ്ങനെ പ്രതികരിക്കണം എന്ന് പരിശുദ്ധാത്മാവിനോട് ആരായുക. അങ്ങനെ പരിശുദ്ധാത്മാവിന്‍റെ സഹായത്തോടെ വേണം ഈ സാഹചര്യത്തെ നേരിടാന്‍.

എന്നാല്‍, പ്രായോഗികമായ തലത്തില്‍ മാത്രമല്ല ആത്മീയതലത്തിലും ഇത്തരം സാഹചര്യങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കുത്തുവാക്കുകള്‍കൊണ്ട് നമ്മെ നോവിച്ചവരെ പിന്നെയും നമ്മള്‍ സ്നേഹിക്കണം. അതാണ് വെല്ലുവിളി. മാതാവിന്‍റെയും യൗസേപ്പിതാവിന്‍റെയും ജീവിതത്തില്‍ ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ധാരാളമായി ഉണ്ടായിട്ടുള്ളതായി പല മിസ്റ്റിക്കുകളും രേഖപ്പെടുത്തിയിട്ടുണ്ട്. തങ്ങള്‍ക്ക് വേദനിച്ചു എന്നതായിരുന്നില്ല അവരുടെ വിഷയം. മറിച്ച് കുത്തുവാക്കുകള്‍ പറഞ്ഞവരുടെ ആത്മാവിന്‍റെ ശോചനീയമായ അവസ്ഥയാണ് അവരെ വേദനിപ്പിച്ചിരുന്നത്. അതിനാല്‍ത്തന്നെ ഇത്തരത്തില്‍ തങ്ങള്‍ക്കു വേദന സമ്മാനിക്കുന്നവരുടെ മാനസാന്തരത്തിനുവേണ്ടി അവര്‍ ധാരാളം പ്രാര്‍ത്ഥിച്ചിരുന്നു.

ഇതുതന്നെയാണ് ഓരോ ക്രിസ്ത്യാനിയും ചെയ്യേണ്ടത്. കുത്തുവാക്കുകള്‍കൊണ്ട് മുറിഞ്ഞവരായി ഹൃദയത്തില്‍ കയ്പും വെറുപ്പുമായി നമ്മുടെതന്നെ ആത്മാവിന്‍റെ സുസ്ഥിതി നശിപ്പിക്കാതെ ശ്രദ്ധിക്കണം. നമ്മളെ വേദനിപ്പിച്ച വ്യക്തിയും ഈശോയുടെ മകനാണ് അല്ലെങ്കില്‍ മകളാണ്. അതിനാല്‍ അവരിങ്ങനെ മറ്റുള്ളവര്‍ക്കു വേദന സമ്മാനിച്ച് സ്വയം നശിപ്പിച്ചുകൊണ്ടു ജീവിതം തള്ളി നീക്കുന്നത് ഈശോയ്ക്കും വേദനാജനകമായിരിക്കും. അതിനാല്‍, ഈശോയെപ്രതി അവര്‍ക്കുവേണ്ടി സ്നേഹപൂര്‍വം പ്രാര്‍ത്ഥിച്ചുകൊണ്ട് അവരെ മാനസാന്തരത്തിലേക്കു നയിക്കണം. ഓരോ കുത്തുവാക്കുകളും അവര്‍ക്ക് പ്രാര്‍ത്ഥന ആവശ്യമാണെന്ന ഓര്‍മ്മപ്പെടുത്തലുകള്‍ ആയിത്തീരട്ടെ.

'

By: Anu

More
ഫെബ്രു 23, 2024
Evangelize ഫെബ്രു 23, 2024

മയക്കുമരുന്നില്‍നിന്നും രക്ഷപ്പെട്ട ഒരു യുവാവിന്‍റെ ജീവിതകഥ.

കുറേ നാളുകള്‍ക്കുമുമ്പ് ഒരു ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷയ്ക്കുശേഷം ഒരു യുവാവ് എന്നെ കാണണം എന്നുപറഞ്ഞു. അവന്‍ എന്നോട് ചോദിച്ചു, “ഞാന്‍ ചേട്ടനെ ഒന്നു കെട്ടിപ്പിടിച്ചോട്ടെ.”

“അതിനെന്താടാ” എന്നായിരുന്നു എന്‍റെ മറുപടി. അവന്‍ കരയാന്‍ തുടങ്ങി. എന്‍റെ നെഞ്ചില്‍ ചാരിക്കിടന്ന് ഏങ്ങിക്കരയുന്ന അവനോട് ഞാന്‍ ചോദിച്ചു, “എന്തുപറ്റി?”

“ചേട്ടാ, ഞാന്‍ മയക്കുമരുന്നിന് അടിമയാണ്. ഒരുപാട് ചികിത്സയൊക്കെ ചെയ്തു. ഒത്തിരി കൗണ്‍സിലിങ്ങിന് പോയി. പല ധ്യാനങ്ങളില്‍ പങ്കെടുത്തു. നിര്‍ത്താന്‍ പറ്റുന്നില്ല. ഇപ്പോള്‍ എനിക്ക് 23 വയസായി. എനിക്കെങ്ങനെയെങ്കിലും രക്ഷപെടണം. എന്നെയൊന്ന് സഹായിക്കുമോ?”
അവിടെ മാതാവിന്‍റെ ഗ്രോട്ടോ ഉണ്ട്. ഞാനവനെ അതിന്‍റെ ചുവട്ടില്‍ ഇരുത്തി ചോദിച്ചു, “ആട്ടെ, നീ എപ്പഴാ ഇതാദ്യമായി ഉപയോഗിച്ചത്?”

“എന്‍റെ പതിമൂന്നാമത്തെ വയസില്‍ കഞ്ചാവടിച്ചാണ് തുടക്കം.”

“അതിനെന്താ കാരണം, എവിടുന്ന് കിട്ടി?”

“എന്‍റെ ചേട്ടാ അതിന് എന്‍റെ അപ്പനാണ് കാരണം. ചേട്ടനറിയുവോ, എന്‍റെ അപ്പന്‍ ഒരു മുഴുക്കുടിയനാണ്. എന്നും വെള്ളമടിച്ചുവന്ന് എന്‍റെ അമ്മയെ തല്ലും. എന്‍റെയമ്മ കരയാത്ത ഒരു രാത്രി ഞാന്‍ കണ്ടിട്ടില്ല. എന്‍റെ വീട്ടില്‍ ക്രിസ്മസ് ആഘോഷിച്ചിട്ടില്ല. ഈസ്റ്റര്‍ ആഘോഷിച്ചിട്ടില്ല. ബന്ധുക്കള്‍ ആരുംതന്നെ വരില്ല. ഞങ്ങളെ ഒരു ഫംഗ്ഷനും വിളിക്കില്ല. എന്‍റെ ഒരു ബര്‍ത്ത്ഡേ ആഘോഷിച്ചിട്ടില്ല. എന്നെ എന്‍റെ അപ്പന്‍ ഉമ്മവച്ച ഓര്‍മ എനിക്കില്ല. എവിടെയെങ്കിലും ഉടുതുണി ഇല്ലാണ്ട് കിടക്കും. ഞാനും എന്‍റെ അമ്മയുമാണ് എടുത്തോണ്ട് വരുന്നത്.

എന്‍റെ പതിമൂന്നാമത്തെ വയസില്‍ ഇതുപോലൊരു ദിവസം ആ മനുഷ്യന്‍ വെള്ളമടിച്ചുവന്നു. ഒരു പലകക്കഷണംകൊണ്ട് അമ്മയുടെ ഇടതു കരണത്തിന് അടിച്ചു. അമ്മയുടെ ഇടതുചെവിയില്‍നിന്ന് രക്തം ഒലിച്ചു. അതോടുകൂടി അമ്മയുടെ ഇടതുചെവിക്ക് കേള്‍വിശക്തി നഷ്ടപ്പെട്ടു. എനിക്കത് കണ്ടുനില്‍ക്കാന്‍ പറ്റിയില്ല. ഞാനെന്‍റെ അപ്പനെ തല്ലി. അതിനുശേഷം ഒരു കുറ്റബോധം വീശാന്‍ തുടങ്ങി – അപ്പനെ തല്ലിയവന്‍. എന്നെ മനസിലാക്കാനോ ഒന്നു തുറന്നു പറയാനോ ആരുമില്ല. എന്നോടാരോ ഉള്ളില്‍നിന്നും പറയും, നീ അപ്പനെ തല്ലിയവനാണ്. അവസാനം ചെന്നുപെട്ടത് ഒരു മാടക്കടയിലാണ്. കഞ്ചാവ് വലിച്ച് ബോധം നഷ്ടപ്പെടുത്താന്‍ തുടങ്ങി. പിന്നീട് ബോധത്തോടിരിക്കാന്‍ ആഗ്രഹിച്ചിട്ടില്ല. അത് ക്രമേണ എന്നെ ഈ അവസ്ഥയിലെത്തിച്ചു. ഡ്രഗ് അന്വേഷിച്ചു ഞാന്‍ ബ്ലാക്ക്മാസില്‍വരെ ചെന്നുപെട്ടു. എനിക്കെങ്ങനെയെങ്കിലും രക്ഷപെടണം ചേട്ടാ.”

ഞാന്‍ പറഞ്ഞു, “എടാ, നിന്നെ ഒരിക്കലും കുറ്റപ്പെടുത്താന്‍ പറ്റില്ല. നിന്‍റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലും ഇതൊക്കെത്തന്നെ ചെയ്യുമായിരുന്നു. ഇതിന്‍റെ മറ്റൊരു ഭാഗം ആരും ശ്രദ്ധിക്കാതെ കിടപ്പുണ്ട് മോനേ. നീ പതിമൂന്നാമത്തെ വയസില്‍ അപ്പന്‍ വെള്ളമടിച്ച് അമ്മയെ തല്ലുന്നത് കണ്ട് സഹിക്കാന്‍ പറ്റാതെ അപ്പനെ തല്ലി. അതിന്‍റെ കുറ്റബോധം സഹിക്കാന്‍ പറ്റാതെയല്ലേ കഞ്ചാവടിച്ചു തുടങ്ങിയത്. ഇനി നീ അപ്പന്‍റെ ഭാഗത്തുനിന്ന് ചിന്തിച്ചേ. നിന്‍റെ അപ്പന്‍ എന്ത് കണ്ടിട്ടാവും ആദ്യമായി ലഹരി ഉപയോഗിച്ച് തുടങ്ങിയത്. ഇതുപോലൊരു മോശം ചരിത്രം നിന്‍റെ അപ്പനുമുണ്ട്. നിന്‍റെ ഇരുപത്തിമൂന്നാമത്തെ വയസില്‍ ദൈവം നിന്നോട് കാട്ടിയ കരുണ എന്നെപ്പോലൊരുവനെ നിന്‍റെ മുമ്പില്‍ നിര്‍ത്തിയിരിക്കുന്നു, നിനക്ക് കാര്യങ്ങള്‍ പറഞ്ഞുതരാന്‍. ഇതുപോലെ നിന്‍റെയപ്പന്‍റെ ഇരുപത്തിമൂന്നാമത്തെ വയസില്‍ ആരേലും ചെന്നിരുന്നെങ്കില്‍ നിന്‍റെയമ്മയെ തല്ലുന്നത് നിനക്ക് കാണേണ്ടിവരില്ലായിരുന്നു. നിന്‍റെ അപ്പന്‍ യഥാര്‍ത്ഥത്തില്‍ കുറ്റക്കാരനാണോ?”

ഇതുകേട്ടപ്പോള്‍ അവന്‍ വീണ്ടും കരയാന്‍ തുടങ്ങി. അത് മാപ്പിന്‍റെ, വീണ്ടെടുപ്പിന്‍റെ, കണ്ണുനീരായിരുന്നു. അവന്‍റെ അപ്പനോടവന്‍ ക്ഷമിച്ചു. തന്നെ ചതിച്ച യാക്കോബിനെ കണ്ടപ്പോള്‍ ഏസാവ് ക്ഷമ നല്കി ആലിംഗനം ചെയ്തനേരം യാക്കോബ് പറഞ്ഞു, ചേട്ടാ, നിനക്ക് ദൈവത്തിന്‍റെ മുഖമാണ്.

ആ മകന്‍റെ മുഖത്തും ആ ദൈവികചൈതന്യം തുളുമ്പുന്നത് കണ്ടു. അവന് മയക്കുമരുന്ന് അടിമത്തില്‍നിന്നും കര്‍ത്താവ് മോചനം നല്‍കി. ചില മാപ്പുകൊടുക്കലിന്, വിട്ടുകൊടുക്കലിന് പല പാപബന്ധനങ്ങളെയും പൊട്ടിച്ചെറിയാന്‍ സാധിക്കും.

“…ക്ഷമിക്കുവിന്‍ നിങ്ങളോടും ക്ഷമിക്കപ്പെടും” (ലൂക്കാ 6/37).

'

By: George Joseph

More
ഫെബ്രു 23, 2024
Evangelize ഫെബ്രു 23, 2024

ഒരു രാജാവിന് രണ്ട് പരുന്തിന്‍കുഞ്ഞുങ്ങളെ സമ്മാനമായി കിട്ടി. കാണാന്‍ നല്ല ഭംഗിയുള്ള രണ്ട് പരുന്തിന്‍കുഞ്ഞുങ്ങള്‍. അവയെ പരിപാലിക്കാനും പരിശീലിപ്പിക്കാനുമായി ഒരാളെ രാജാവ് നിയോഗിച്ചു. അങ്ങനെ കുറച്ചുനാളുകള്‍ കടന്നുപോയി. പൂര്‍ണവളര്‍ച്ചെയത്തിയപ്പോള്‍ അവ പറക്കുന്നത് കാണാന്‍ രാജാവിന് ആഗ്രഹം. ഒരു ദിവസം തന്‍റെ മുന്നില്‍വച്ച് അവ പറക്കുന്നത് കാണിച്ചുതരണമെന്ന് രാജാവ് പരിശീലകനോട് ആവശ്യപ്പെട്ടു. പറഞ്ഞതുപ്രകാരം നിശ്ചിതസമയത്ത് രാജാവ് എത്തി. പരുന്തുകള്‍ ഒരു മരക്കൊമ്പില്‍ ഇരിക്കുകയാണ്. പരിശീലകന്‍ അടയാളം നല്കിയതോടെ രണ്ട് പരുന്തുകളും അതാ പറന്നുയരുന്നു. രാജാവിന് ഏറെ സന്തോഷം.

പക്ഷേ നോക്കിക്കൊണ്ടിരിക്കേ, ഒരു പരുന്ത് അല്പദൂരം ഉയര്‍ന്നുപറന്നിട്ട് തിരികെ മരക്കൊമ്പില്‍ വന്നിരുന്നു. മറ്റേ പരുന്താകട്ടെ ഉയരങ്ങളില്‍ പറന്നുകൊണ്ടിരുന്നു. ഏറെ നേരം കഴിഞ്ഞാണ് അത് തിരികെ വന്നത്. ഇതുകണ്ട് രാജാവിന് അല്പം വിഷമമായി. പരിശീലകന്‍ വീണ്ടും വീണ്ടും ശ്രമിച്ചെങ്കിലും ആദ്യത്തെ പരുന്ത് അധികദൂരം പറന്നില്ല. പല ദിവസങ്ങളിലും ശ്രമം ആവര്‍ത്തിച്ചെങ്കിലും ആ പരുന്ത് അല്പം പറന്നിട്ട് തിരികെ മരക്കൊമ്പില്‍ വന്നിരിക്കുകയാണ് ചെയ്തത്.

ആ പരുന്ത് പറക്കുന്നതുകാണാനുള്ള ആഗ്രഹത്താല്‍ അതിനെ ഉയരത്തില്‍ പറപ്പിക്കുന്നവര്‍ക്ക് കനത്ത പാരിതോഷികം രാജാവ് വാഗ്ദാനം ചെയ്തു. പല പണ്ഡിതരും എത്തി. പക്ഷേ അവരുടെ ശ്രമങ്ങളൊന്നും വിജയിച്ചില്ല. കുറച്ചുദിവസം കഴിഞ്ഞ് ഒരു പാവം കര്‍ഷകന്‍ പരുന്തുകളെ വളര്‍ത്തുന്നിടത്ത് ചെന്നു. പരിശീലകന്‍ അയാളുടെ ആവശ്യപ്രകാരം പരുന്തുകള്‍ക്ക് പറക്കാന്‍ അടയാളം നല്കി. അല്പം കഴിഞ്ഞപ്പോള്‍ അതാ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അധികം പറക്കാത്ത പരുന്തും ഉയര്‍ന്നുപറക്കുന്നു!

കാര്യങ്ങളറിഞ്ഞ രാജാവ് വാഗ്ദാനം ചെയ്ത സമ്മാനങ്ങളെല്ലാം അയാള്‍ക്ക് നല്കി. എന്ത് വിദ്യ ചെയ്തിട്ടാണ് പരുന്തിനെ പറത്തിയതെന്നായിരുന്നു രാജാവിന് അറിയേണ്ടിയിരുന്നത്. ആ പരുന്ത് പതിവായി ഇരിക്കാറുള്ള മരക്കൊമ്പ് വെട്ടിക്കളയുകയാണ് താന്‍ ചെയ്തത് എന്ന് കര്‍ഷകന്‍ ഉത്തരം നല്കി.

നമ്മുടെ ചില പതിവുസുഖങ്ങളുടെ മരക്കൊമ്പുകള്‍ കര്‍ത്താവ് വെട്ടിക്കളയുന്നത് നാം ഉയര്‍ന്നുപറക്കാനാണ്.
“താന്‍ സ്നേഹിക്കുന്നവന് കര്‍ത്താവ് ശിക്ഷണം നല്കുന്നു; മക്കളായി സ്വീകരിക്കുന്നവരെ പ്രഹരിക്കുകയും ചെയ്യുന്നു”ڔ(ഹെബ്രായര്‍ 12/6)

'

By: Shalom Tidings

More
ഫെബ്രു 21, 2024
Evangelize ഫെബ്രു 21, 2024

ഇത്തരത്തിലുള്ള അസൂയ ആത്മീയവളര്‍ച്ചക്ക് നല്ലതാണ്!

ഏകദേശം ഒരു വര്‍ഷത്തോളം അലമാരക്കുള്ളിലായിരുന്നു ആ ഡയറിയുടെ സ്ഥാനം. നട്ടെല്ലിലേക്ക് ഈശോയുടെ സ്നേഹം ആഴ്ന്നിറങ്ങിയ എന്‍റെ രോഗാവസ്ഥയുടെ ആദ്യനാളുകളില്‍ ദിവസത്തിന്‍റെ ഏറിയപങ്കും കട്ടിലില്‍ മാത്രമായി തീര്‍ന്നു. അപ്പോള്‍ ഉടലെടുത്ത ഉള്‍പ്രേരണയാല്‍ ആദ്യമായി അത് കയ്യിലെടുത്തു. ഏതാണ്ട് നാല് വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു അത്. ഐസ്ക്രീമും ചോക്കലേറ്റും ആര്‍ത്തിയോടെ കഴിക്കുന്ന കുഞ്ഞിനെപ്പോലെ ഞാനും വായിക്കാന്‍ തുടങ്ങി. എന്‍റെ അന്തരാത്മാവില്‍ മുന്‍പെങ്ങും അനുഭവിക്കാത്ത ഒരു ദാഹം. ഒരു മാസക്കാലം മറ്റ് പുസ്തകങ്ങളൊന്നും വായിച്ചിട്ടില്ല. ഡയറിയിലൂടെ പലപ്പോഴും ഞാന്‍ നടന്നു പോകുന്ന പോലെ ഒരു തോന്നല്‍… ശരിക്കും അതെന്നെ അസൂയപ്പെടുത്തി.

പോളണ്ടില്‍ ഗ്ലോഗോവിയെക് എന്ന ഗ്രാമത്തില്‍ ഭക്തരായിരുന്ന നിര്‍ധന കര്‍ഷകകുടുംബത്തിലെ പത്തു മക്കളില്‍ മൂന്നാമത്തവള്‍ ആയിരുന്നു ഹെലന്‍. ഭക്തിയിലും പ്രാര്‍ത്ഥനാ ചൈതന്യത്തിലും അനുസരണയിലും വളര്‍ന്ന അവള്‍ കുടുംബത്തിന്‍റെ ദാരിദ്ര്യം മൂലം പതിനാലാമത്തെ വയസ്സില്‍ പട്ടണങ്ങളില്‍ വീട്ടുവേല ചെയ്തു.

സന്യാസ ജീവിതം പുല്‍കാനുള്ള ആഗ്രഹം മാതാപിതാക്കളുടെ എതിര്‍പ്പുമൂലം ഉള്ളില്‍ ഒതുക്കി. പിന്നീട് മഠത്തില്‍ ചേരാന്‍ പല മഠങ്ങളുടെ പടിവാതിലുകള്‍ മുട്ടിയെങ്കിലും ആരും അവളെ സ്വീകരിച്ചില്ല. ഒടുവില്‍ വാര്‍സോയിലെ കരുണയുടെ മാതാവിന്‍റെ മിണ്ടാമഠത്തില്‍ എത്തി. സിസ്റ്റര്‍ മരിയ ഫൗസ്റ്റീന എന്ന പുതിയ പേര് സ്വീകരിച്ച് ആ സന്യാസ സമൂഹത്തില്‍ അംഗമായിത്തീര്‍ന്നു. ഈ സന്യാസ സമൂഹത്തിന്‍റെ പല മഠങ്ങളിലും കുശിനിക്കാരിയായും തോട്ടക്കാരിയായും വാതില്‍ സൂക്ഷിപ്പുകാരിയുമായാണ് അവള്‍ക്കു നിയമനം ലഭിച്ചത്.

അവളുടെ അസാധാരണമായ മിസ്റ്റിക് ജീവിതത്തെപ്പറ്റി ആര്‍ക്കും മനസ്സിലാക്കുക സാധ്യമായിരുന്നില്ല. സന്യാസജീവിതത്തിന്‍റെ എല്ലാ നിയമങ്ങളും വിശ്വസ്തതയോടെ പാലിച്ച് കാരുണ്യത്തോടെ, നിസ്വാര്‍ത്ഥസ്നേഹത്തോടെ അവള്‍ സദാ വ്യാപരിച്ചിരുന്നു. തന്‍റെ ജീവിതം ദൈവത്തോട് ഗാഢമായി ഐക്യപ്പെടുത്തുന്നതിനുള്ള നിരന്തര ശ്രമത്തിലും ആത്മാക്കളുടെ രക്ഷക്കായി യേശുവിനോടൊത്തു സ്വയം ബലിയാകുന്നതിലും അവള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

വളരെ ശ്രദ്ധാപൂര്‍വ്വം ഡയറിക്കുറിപ്പുകള്‍ വായിക്കുകയാണെങ്കില്‍ ദൈവവുമായുള്ള അവളുടെ ആത്മൈക്യത്തിന്‍റെ തീവ്രത മനസ്സിലാകും. മാത്രമല്ല അവളുടെ ആത്മാവില്‍ അനുഭവിച്ചിരുന്ന ദൈവസാന്നിധ്യത്തിന്‍റെ ആഴവും ക്രിസ്തീയ പരിപൂര്‍ണ്ണതക്കു വേണ്ടിയുള്ള അവളുടെ പരിശ്രമങ്ങളും പോരാട്ടങ്ങളും കണ്ടെത്താന്‍ കഴിയും.

കര്‍ത്താവ് വലിയ കൃപകളാല്‍ അവളെ നിറച്ചു. ധ്യാനസായൂജ്യം, ദൈവകരുണയെക്കുറിച്ചുള്ള ആഴമായ അറിവ്, ദര്‍ശനങ്ങള്‍, വെളിപാടുകള്‍, അദൃശ്യമായ പഞ്ചക്ഷതങ്ങള്‍, പ്രവചനവരം, പരഹൃദയജ്ഞാനം. വരദാനങ്ങളാല്‍ ജീവിതം സമ്പന്നമായിരുന്നെങ്കിലും അവള്‍ ഇപ്രകാരം എഴുതുന്നു….

“കൃപകളോ ആനന്ദ പാരവശ്യങ്ങളോ മറ്റെന്തെങ്കിലും ദാനങ്ങളോ ഒരാത്മാവിനെയും പരിപൂര്‍ണ്ണതയില്‍ എത്തിക്കുന്നില്ല. ദൈവവുമായുള്ള ഗാഢമായ ഐക്യം മാത്രമാണ് അതിനെ പരിപൂര്‍ണ്ണതയില്‍ എത്തിക്കുന്നത്. എന്‍റെ വിശുദ്ധിയുടെയും പരിപൂര്‍ണ്ണതയുടെയും അടിസ്ഥാനം ദൈവഹിതവുമായി എന്‍റെ മനസ്സിനെ പൂര്‍ണ്ണമായി ഐക്യപ്പെടുത്തുന്നതിലാണ്.” (വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി 1107)

സ്നേഹത്തിന്‍റെ ഏറ്റവും കൂടിയ രൂപമായ ദൈവകരുണ എന്ന മഹാരഹസ്യം മറ്റാര്‍ക്കും വെളിപ്പെടുത്താതെ ഈശോ വിശുദ്ധ ഫൗസ്റ്റീനക്ക് വെളിപ്പെടുത്തി എന്ന് വായിച്ചപ്പോള്‍ എനിക്ക് അസൂയ തോന്നി. കാരണം അവള്‍ ഈശോയെ എത്രമാത്രം സ്നേഹിച്ചിരുന്നിരിക്കണം?!!

ഡയറി വായിക്കാന്‍ തുടങ്ങിയത് മുതല്‍ വിശുദ്ധ ഫൗസ്റ്റീനയോടു ഒരു പ്രത്യേകസ്നേഹം ഉടലെടുക്കാന്‍ തുടങ്ങി. സ്നേഹം കൂടിയപ്പോള്‍ പേരൊന്നു ചുരുക്കി ‘ഫൗസ്റ്റു’ എന്നാക്കി. ഡയറിക്കുറിപ്പുകള്‍ അനേകര്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യാന്‍ തുടങ്ങി. അങ്ങനെ രണ്ടര വര്‍ഷത്തോളം കടന്നുപോയി. ഒരു ദിവസം ഞാന്‍ ഫൗസ്റ്റുവിനോട് ചോദിച്ചു, “ഞാന്‍ ചെയ്യുന്നതൊന്നും കാണുന്നില്ലേ? എനിക്ക് എന്തെങ്കിലും ഒരു ഗിഫ്റ്റ് തന്നുകൂടേ?” എന്തായാലും വിശുദ്ധയുടെ തിരുസ്വരൂപമോ തിരുശേഷിപ്പോ ഒന്നും കയ്യില്‍ ഇല്ല. അടുത്ത ഫീസ്റ്റ് ദിനത്തിന് മുന്‍പ് എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ഡയറിക്കുറിപ്പുകള്‍ ഷെയര്‍ ചെയ്യുന്നത് നിര്‍ത്തിയേക്കുമെന്ന് ഒരു ഭീഷണിയും മുഴക്കി.

വിശുദ്ധയുടെ ഇടപെടലുകള്‍

ആയിടെയാണ് ഫേസ്ബുക്കിലൂടെ ഒരു വൈദികന്‍ മെസ്സേജ് ചെയ്യുന്നത്. എന്‍റെ അഡ്രസ്സ് ചോദിച്ചു. അദ്ദേഹത്തെ എനിക്ക് നേരിട്ട് പരിചയം ഇല്ല. ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്യുന്ന ഡയറിക്കുറിപ്പുകള്‍ വായിക്കാറുണ്ടെന്നും വിശുദ്ധ ഫൗസ്റ്റീനയോടുള്ള സ്നേഹത്തെപ്രതി ഒരു സമ്മാനം അയച്ചു നല്‍കാനാണെന്നും പറഞ്ഞു. തൊട്ടടുത്ത ദിനങ്ങളില്‍ പോളണ്ടില്‍നിന്നും കൊണ്ടുവന്ന വിശുദ്ധ ഫൗസ്റ്റീനയുടെ തിരുശേഷിപ്പുള്ള ഒരു ജപമാലയും വിശുദ്ധയുടെ തിരുസ്വരൂപവും അയച്ചു കിട്ടി.

വിശുദ്ധയുടെ തിരുനാള്‍ദിനത്തിന് മുന്‍പായി വലിയൊരു അത്ഭുതവും ഉണ്ടായി. എന്‍റെ സഹോദരസ്ഥാനീയനായ ഒരു വ്യക്തി ‘ഹെഡ് ഇഞ്ചുറി’ ആയി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. തലയില്‍ മൂന്ന് സ്ഥലങ്ങളിലായി ഇന്‍റേണല്‍ ബ്ലീഡിംഗ് ഉണ്ട്. വളരെ ചെറുപ്പം. ആശുപത്രിയില്‍ കടന്നു ചെന്നപ്പോള്‍ വിശുദ്ധ ഫൗസ്റ്റീനയുടെ തിരുശേഷിപ്പ് രോഗിയുടെ ശിരസ്സില്‍ വച്ച് മണിക്കൂറുകളോളം ദൈവകരുണക്കായി പ്രാര്‍ത്ഥിച്ചു. ആറ് മണിക്കൂറുകള്‍ക്കുശേഷം എടുക്കുന്ന സ്കാനില്‍ ബ്ലീഡിങ് കൂടിയാല്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകും എന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. വിശുദ്ധ ഫൗസ്റ്റീനയുടെ ശക്തമായ ഇടപെടല്‍മൂലം തുടര്‍ന്നുള്ള സി.ടി സ്കാനില്‍ ബ്ലീഡിങ് പുതുതായി കണ്ടില്ല. പിറ്റേന്ന് രാവിലെ എം.ആര്‍.ഐ എടുത്തതിലും ബ്ലീഡിങ് കൂടിയില്ല. ഏതാണ്ട് മൂന്നു ദിവസങ്ങള്‍ക്കകം ഡിസ്ചാര്‍ജ് ആയി വീട്ടിലെത്തി.

വിശുദ്ധ ഫൗസ്റ്റീന തന്‍റെ ജീവിതം പാപികള്‍ക്കുവേണ്ടി ഒരു ബലിയായി സമര്‍പ്പിച്ചു. തന്മൂലം നിരവധിയായ സഹനങ്ങളെ അവള്‍ നേരിടേണ്ടി വന്നു. സഹനങ്ങള്‍ പാപികളുടെ ആത്മരക്ഷക്കായി കാഴ്ചവച്ചു. ജീവിതത്തിന്‍റെ അവസാന നാളുകളില്‍ ദഹനേന്ദ്രിയങ്ങളെയും ശ്വാസകോശത്തെയും ക്ഷയരോഗം ബാധിച്ചു. പരിപൂര്‍ണ്ണ വിശുദ്ധിയില്‍ പതിമൂന്നു വര്‍ഷങ്ങള്‍ സന്യാസ ജീവിതം നയിച്ച് മുപ്പത്തിമൂന്നാം വയസില്‍ അവള്‍ തന്‍റെ മണവാളനരികിലേക്കു പോയി. 1938 ഒക്ടോബര്‍ 5-നാണ് അവള്‍ ദൈവത്തില്‍ നിത്യമായി അലിഞ്ഞുചേര്‍ന്നത്.

വിശുദ്ധ ബൈബിള്‍ കഴിഞ്ഞാല്‍ നാമെല്ലാവരും വായിച്ചിരിക്കേണ്ട ഒരു ഗ്രന്ഥമാണ് വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി എന്നാണ് എന്‍റെ തോന്നല്‍. ‘ഈശോയേ, അങ്ങയെ സ്നേഹിക്കുന്നതില്‍ എന്നെ പുറകിലാക്കാന്‍ ആരെയും ഞാന്‍ അനുവദിക്കില്ല’ എന്ന വിശുദ്ധ ഫൗസ്റ്റീനയുടെ വാക്കുകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് നമുക്കും ഈശോയെ സ്നേഹിക്കാം.

'

By: Ann Maria Christeena

More
ഫെബ്രു 21, 2024
Evangelize ഫെബ്രു 21, 2024

കുട്ടിക്കാലത്തെ ഒരു സംഭവത്തിലൂടെ കര്‍ത്താവ് നല്കിയ വിലപ്പെട്ട ബോധ്യങ്ങള്‍

ഒരിക്കല്‍ ദിവ്യകാരുണ്യസന്നിധിയില്‍ ഇരുന്നപ്പോള്‍ പഴയ ഒരു സംഭവം ഈശോ ഓര്‍മ്മയിലേക്ക് കൊണ്ടുവന്നു. ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയം. അധ്യാപകര്‍ക്ക് മീറ്റിംഗ് ഉള്ളതിനാല്‍ മൂന്ന് മണിക്ക് സ്കൂള്‍ വിട്ട ദിവസം. സാധാരണയായി സ്കൂള്‍ വിട്ടാല്‍ ടൗണിലുള്ള പപ്പയുടെ ബേക്കറിക്കടയിലേക്ക് പോകുകയാണ് ചെയ്യുക. അവിടെ മമ്മിയുമുണ്ടാകും. അവിടെ ചെന്നിട്ടാണ് വീട്ടിലേക്ക് പോകുക. അന്നും പതിവുപോലെ സ്കൂളില്‍നിന്നും ഇറങ്ങി കൂട്ടുകാരനൊപ്പം നടന്നു. വരുന്ന വഴിയില്‍ ഒരു സിനിമാതിയറ്ററുണ്ട്. അവിടെയെത്തിയപ്പോള്‍ പെട്ടെന്ന് ഒരു ആഗ്രഹം, ‘സിനിമ കണ്ടാലോ?’ അപ്പോഴാകട്ടെ കൃത്യം ഷോ തുടങ്ങുന്ന നേരവുമാണ്. പിന്നെ ഒന്നും ആലോചിച്ചില്ല. കൈയിലുള്ള നിസാരതുക ഉപയോഗിച്ച് ടിക്കറ്റ് എടുത്ത് ഞാനും കൂട്ടുകാരനുംകൂടി സിനിമ കണ്ടു.

സിനിമ കഴിഞ്ഞ് തിരിച്ചിറങ്ങി കടയിലേക്ക് നടക്കുമ്പോള്‍ മനസ് ആകെ അസ്വസ്ഥമാകാന്‍ തുടങ്ങി. സമയം 5.30 ആയിട്ടുണ്ട്. സാധാരണയായി സ്കൂള്‍ വിട്ട് 4.15 ആകുമ്പോള്‍ കടയിലെത്തുന്ന ഞങ്ങള്‍ എന്തുകൊണ്ടാണ് താമസിച്ചത് എന്ന് വീട്ടുകാര്‍ അന്വേഷിക്കും. എന്ത് മറുപടി പറയുമെന്ന് ചിന്തിച്ച് പല കാരണങ്ങളും തേടി. അങ്ങനെ കടയിലെത്തി. കൗണ്ടറില്‍ മമ്മി ഇരിക്കുന്നു. പപ്പയെ കാണുന്നില്ല. അല്പം ആശ്വാസം. ഉടനെ മമ്മി ചോദിച്ചു, “എന്താടാ താമസിച്ചത്?”

ധൈര്യം സംഭരിച്ച് ആദ്യത്തെ നുണ കാച്ചി. “ഇന്ന് സ്പെഷ്യല്‍ ക്ലാസ് ഉണ്ടായിരുന്നു.”

മമ്മിക്ക് അത് വിശ്വാസമായില്ലെന്ന് മുഖം കണ്ടപ്പോള്‍ മനസിലായി. മമ്മി അടുത്ത ചോദ്യം, “നിന്‍റെ സ്കൂളിലെ കുട്ടികള്‍ 3.30 ആയപ്പോള്‍ പോകുന്നത് കണ്ടല്ലോ?”

മമ്മിയുടെ ചോദ്യങ്ങള്‍ക്ക് ഓരോ കള്ളങ്ങള്‍ പറഞ്ഞ് പിടിച്ചുനിന്നുകൊണ്ടിരിക്കുകയാണ് ഞാന്‍. പെട്ടെന്ന് പപ്പ അവിടെയെത്തി. പിന്നെ ചോദ്യവും ഉത്തരവും ഒന്നും ഉണ്ടായിരുന്നില്ല, അടിയും വഴക്കുംമാത്രം! വേഗം മമ്മി ഇടപെട്ട് പപ്പയെ ശാന്തനാക്കി. ഞാന്‍ കരഞ്ഞുകൊണ്ട് മമ്മിയെ നോക്കി വീണ്ടും എന്നെ സ്വയം ന്യായീകരിക്കാന്‍ തുടങ്ങി, “എന്തിനാണ് പപ്പ എന്നെ അടിച്ചത്? ഇന്ന് ശരിക്കും സ്പെഷ്യല്‍ ക്ലാസ് ഉണ്ടായിരുന്നു. വേണമെങ്കില്‍ എന്‍റെ കൂട്ടുകാരോട് ചോദിച്ചുനോക്ക്.”

അതുകേട്ടതേ പപ്പയുടെ അടുത്ത അടി എനിക്ക് കിട്ടുമെന്ന് മനസിലായ മമ്മി വേഗം എന്നോട് പറഞ്ഞു, “നീ നുണ പറഞ്ഞതിനാ പപ്പ നിന്നെ അടിച്ചത്.”

അത് കേട്ടപ്പോള്‍ വീണ്ടും എന്നെത്തന്നെ ന്യായീകരിക്കാന്‍ ശ്രമം തുടങ്ങുന്നതുകണ്ട് മമ്മി പെട്ടെന്നുതന്നെ എന്നോട് പറഞ്ഞു, “സിനിമ തുടങ്ങിക്കഴിഞ്ഞല്ലേ നീയും കൂട്ടുകാരനും ബാല്‍ക്കണിയിലെ സീറ്റുകളില്‍ പോയിരുന്നത്? അതിന് തൊട്ടുപിന്നില്‍ പപ്പ ഇരിക്കുന്നുണ്ടായിരുന്നു!!”

ഞാന്‍ സ്തബ്ധനായി. പിന്നെ ഒന്നും പറയാനില്ലായിരുന്നു. ഞാന്‍ ചെയ്തതെല്ലാം വ്യക്തമായി കണ്ടതിനാലാണ് ഞാന്‍ പറഞ്ഞ കള്ളം പപ്പയെ കൂടുതല്‍ പ്രകോപിപ്പിച്ചത്.

ഈ ‘സിനിമാക്കഥ’ ഓര്‍മിപ്പിച്ചതിലൂടെ കര്‍ത്താവ് എനിക്ക് ചില ബോധ്യങ്ങള്‍ തന്നു. അത് മൂന്ന് വ്യത്യസ്ത തലങ്ങളെക്കുറിച്ചായിരുന്നു.

ജഡികതലമാണ് ആദ്യത്തേത്. ഞാന്‍ മാതാപിതാക്കളുടെ അനുവാദമില്ലാതെയാണ് സിനിമ കാണാന്‍ പോയത്. നമ്മുടെയെല്ലാം ജീവിതത്തില്‍ ഇതുപോലുള്ള പ്രലോഭനങ്ങള്‍ കടന്നുവരാറുണ്ട്. അത്തരം പ്രലോഭനങ്ങളെ അതിജീവിക്കാന്‍ പലപ്പോഴും നമുക്ക് കഴിയാതെവരുന്നു. റോമാ 8/8 ഓര്‍മിപ്പിക്കുന്നത് ഇങ്ങനെയാണ്, “ജഡികപ്രവണതകളനുസരിച്ച് ജീവിക്കുന്നവര്‍ക്ക് ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല.”

ലൗകികതലമാണ് രണ്ടാമത്തേത്. സിനിമ കണ്ടിട്ടും കണ്ടില്ല എന്ന് ഞാന്‍ നുണ പറഞ്ഞു. ചെയ്ത തെറ്റിനെ മറയ്ക്കാന്‍ വീണ്ടും വീണ്ടും തെറ്റുചെയ്യുന്ന അവസ്ഥ. അങ്ങനെ നാം ദൈവത്തില്‍നിന്ന് അകന്ന് നാശത്തിലേക്ക് പോകുകയും ചെയ്യുന്നു. “അവന്‍ നുണയനും നുണയുടെ പിതാവുമാണ്” (യോഹന്നാന്‍ 8/44).

മൂന്നാമത്തേത് ആത്മീയതലമാണ്. സിനിമ കണ്ടിട്ട് വന്നപ്പോള്‍ മമ്മിയുടെ ചോദ്യത്തിന് മറുപടിയായി സത്യം പറയുകയും ‘തെറ്റിപ്പോയി, മേലില്‍ ചെയ്യുകയില്ല’ڔഎന്ന് മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നെങ്കില്‍ പപ്പ എന്നെ ശിക്ഷിക്കുകയില്ലായിരുന്നു. “കള്ളം പറയുന്ന അധരങ്ങള്‍ കര്‍ത്താവിന് വെറുപ്പാണ്. വിശ്വസ്തതയോടെ പെരുമാറുന്നവര്‍ കര്‍ത്താവിനെ സന്തോഷിപ്പിക്കുന്നു” (സുഭാഷിതങ്ങള്‍ 12/22).

പാപികളെ കാത്തിരിക്കുന്ന ഒരു ദൈവമാണ് നമ്മുടെ കര്‍ത്താവ്. പാപത്തില്‍ വീഴുമ്പോള്‍ സ്വയം ന്യായീകരിക്കാതെ പാപം ഏറ്റുപറഞ്ഞ് പശ്ചാത്തപിച്ച് തിരിച്ചുവരുമ്പോള്‍ കര്‍ത്താവ് നമ്മെ കൂടുതല്‍ സ്നേഹിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍ 32/5- “എന്‍റെ പാപം അവിടുത്തോട് ഞാന്‍ ഏറ്റുപറഞ്ഞു; എന്‍റെ അകൃത്യം ഞാന്‍ മറച്ചുവച്ചില്ല; എന്‍റെ അതിക്രമങ്ങള്‍ കര്‍ത്താവിനോട് ഞാന്‍ ഏറ്റുപറയും എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ എന്‍റെ പാപം അവിടുന്ന് ക്ഷമിച്ചു.”

മറ്റൊരു ചിന്തകൂടി മനസിലേക്ക് വന്നു. ഞാന്‍ തിയറ്ററില്‍ കടന്നുചെല്ലുന്നതും സിനിമ കാണുന്നതും എല്ലാം എന്‍റെ അപ്പന്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ അപ്പനെ കണ്ടില്ലെന്നേയുള്ളൂ. അതുകൊണ്ട് അപ്പനില്‍നിന്ന് രക്ഷപ്പെടാന്‍ എനിക്ക് സാധിക്കുകയില്ലായിരുന്നു. ഇതുപോലെയാണ് നമ്മുടെ എല്ലാ പ്രവൃത്തികളും.

നാം ചെയ്യുന്ന നന്മയും തിന്മയും എല്ലാം സ്വര്‍ഗത്തിലെ പിതാവ് കണ്ടുകൊണ്ടിരിക്കുന്നു. “ഞാന്‍ ഇരിക്കുന്നതും എഴുന്നേല്‍ക്കുന്നതും അവിടുന്ന് അറിയുന്നു; എന്‍റെ വിചാരങ്ങള്‍ അവിടുന്ന് അകലെനിന്ന് മനസിലാക്കുന്നു. എന്‍റെ നടപ്പും കിടപ്പും അങ്ങ് പരിശോധിച്ചറിയുന്നു; എന്‍റെ മാര്‍ഗങ്ങള്‍ അങ്ങേക്ക് നന്നായറിയാം” (സങ്കീര്‍ത്തനങ്ങള്‍ 139/2-3). ഒന്നും അവിടുന്നില്‍നിന്ന് മറച്ചുവയ്ക്കുക സാധ്യമല്ല. അതിനാല്‍ത്തന്നെ വിശുദ്ധ കുമ്പസാരമെന്ന കൂദാശയിലൂടെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് നമുക്ക് അവിടുത്തെ മുമ്പിലേക്ക് ചെല്ലാം. അവിടുന്ന് നമ്മെ സമൃദ്ധമായി അനുഗ്രഹിക്കും.

'

By: Joji Joseph

More
ഫെബ്രു 21, 2024
Evangelize ഫെബ്രു 21, 2024

ഓരോ നിമിഷവും ഈശോയുടെ തോളുരുമ്മി നടന്ന്, കുടുംബജീവിതം സ്വര്‍ഗമാക്കിയ വീട്ടമ്മയുടെ അനുഭവങ്ങള്‍…

രണ്ട് ചേട്ടന്‍മാരുടെ കുഞ്ഞനിയത്തിയായിട്ടായിരുന്നു ഞാന്‍ ജീവിച്ചത്. സുഖസൗകര്യങ്ങള്‍ ആവശ്യത്തിനുണ്ടായിരുന്നു. യഥാസമയം ഞാന്‍ വിവാഹിതയായി. വിവാഹശേഷം ആദ്യനാളുകളില്‍ത്തന്നെ ചില സഹനങ്ങളിലൂടെ കടന്നുപോകേണ്ടിവന്നു. അപ്പോഴാണ് ഞാന്‍ അല്പമൊക്കെ പ്രാര്‍ത്ഥിച്ചത്. അതിനുമുമ്പെല്ലാം മറ്റുള്ളവരെ കാണിക്കാന്‍വേണ്ടി ഞായറാഴ്ചമാത്രം ദൈവാലയത്തില്‍ പോയിരുന്ന ആളായിരുന്നു ഞാന്‍. പഠനകാലഘട്ടങ്ങളിലെല്ലാം എല്ലാ മതവും ഒന്നാണ് എന്ന് വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം. പ്രശ്നങ്ങളുണ്ടാകുമ്പോള്‍ പ്രാര്‍ത്ഥിക്കുമെങ്കിലും അത് പരിഹരിക്കപ്പെട്ടാല്‍ ഞാന്‍ വീണ്ടും പഴയ ജീവിതത്തിലേക്ക് തിരികെ നടക്കുമായിരുന്നു. എന്‍റെ ഭര്‍ത്താവ്, എന്‍റെ മക്കള്‍, മാതാപിതാക്കള്‍, സഹോദരങ്ങള്‍ അങ്ങനെ പ്രിയപ്പെട്ടവര്‍ക്കുവേണ്ടിമാത്രമായിരുന്നു പ്രാര്‍ത്ഥന. എന്നിലെ ‘അഹം’ വളരെയധികം പ്രബലമായിരുന്നു. ഞാന്‍ പറയുന്നതാണ് ശരി, അത് മറ്റുള്ളവര്‍ കേള്‍ക്കണം എന്നതായിരുന്നു എന്‍റെ മനോഭാവം.

ഉപകാരമായ ദുരിതങ്ങള്‍

അങ്ങനെയിരിക്കേ 2013-ല്‍ എന്‍റെ ഒരു സഹോദരന്‍ പെട്ടെന്ന് കുഴഞ്ഞുവീണ് മരിച്ചു. അതെനിക്ക് വല്ലാത്തൊരു ‘ഷോക്ക്’ ആയിരുന്നു. ചേട്ടന്‍റെ മരണശേഷമാണ് മരണാനന്തരമുള്ള ഒരു ജീവിതത്തെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നത്. ‘മരണശേഷമുള്ള ജീവിതം എങ്ങനെയായിരിക്കും? എന്‍റെ മരണശേഷമെങ്കിലും എനിക്ക് ചേട്ടനെ കാണാന്‍ സാധിക്കുമോ?’ എന്നിങ്ങനെയുള്ള ഒരുപിടി ചോദ്യങ്ങള്‍ ഞാന്‍ ഉള്ളില്‍ ചോദിച്ചുതുടങ്ങി. എങ്കിലും ആ അനുഭവവും നല്ലൊരു ദൈവബന്ധത്തിലേക്ക് എന്നെ നയിച്ചില്ല.

പിന്നെയും ജീവിതത്തില്‍ പല സഹനങ്ങളിലൂടെയും സഞ്ചരിക്കേണ്ടിവന്നു. അപ്പോഴാണ് ഞാന്‍ പതിയെപ്പതിയെ എന്നെ പിന്തുടരുന്ന ദൈവസ്നേഹം തിരിച്ചറിയാന്‍ തുടങ്ങിയത്. മനുഷ്യര്‍ക്ക് നമ്മെ സഹായിക്കാന്‍ സാധിക്കാതെ തനിയെയാകുന്ന സമയങ്ങളിലാണല്ലോ നാം ഏറ്റവും കൂടുതല്‍ ദൈവത്തില്‍ ആശ്രയിക്കുക. അങ്ങനെയൊരവസ്ഥയിലാണ് ഞാനും ദൈവത്തെ തേടിയത്. എങ്കിലും പലപ്പോഴും പിന്തിരിഞ്ഞുനടക്കുകയും ചെയ്തു. പക്ഷേ ഞാന്‍ ദൈവത്തിലേക്ക് ഒരു ചുവട് വച്ചപ്പോള്‍ ഈശോ എന്നെ എത്തിച്ചത് സങ്കീര്‍ത്തനാരാധനാ കൂട്ടായ്മയിലായിരുന്നു. ഞാന്‍ ഏറ്റവും കൂടുതല്‍ വായിച്ചതും വായിക്കുന്നതും ഈശോയുടെ പ്രാര്‍ത്ഥനാപുസ്തകമായ സങ്കീര്‍ത്തനങ്ങളാണ്. സങ്കീര്‍ത്തനങ്ങള്‍ വായിക്കുമ്പോള്‍ മനസിന്‍റെ ഭാരം കുറഞ്ഞില്ലാതാകുന്നതും രോഗസൗഖ്യം ലഭിക്കുന്നതുമെല്ലാം അനുഭവിച്ചറിഞ്ഞിട്ടുണ്ട്.

ജീവിതം ക്രമപ്പെടാന്‍ തുടങ്ങുന്നു…

സങ്കീര്‍ത്തനാരാധനാകൂട്ടായ്മയിലൂടെ ശാസനകളും സ്നേഹത്തലോടലുകളും എല്ലാം നല്കി പല രീതിയിലും ജീവിതത്തെ ക്രമപ്പെടുത്താന്‍ ഈശോ എന്നെ പഠിപ്പിച്ചു. ഒരു കാര്യം ഈശോ പ്രത്യേകം മനസിലാക്കിത്തന്നു. എനിക്ക് മറ്റുള്ളവരെ ശരിയാക്കാന്‍ സാധിക്കില്ല. പകരം എന്നിലെ ‘ഞാന്‍’ ഇല്ലാതായാല്‍ എന്നിലൂടെ മറ്റുള്ളവരെ ഈശോക്ക് നേടാനാവും. അതിനാല്‍ത്തന്നെ ‘ഞാന്‍ഭാവം’ ഇല്ലാതാക്കാന്‍ ആത്മാര്‍ത്ഥമായ ആഗ്രഹത്തോടെ ശ്രമം തുടങ്ങി. എളിമ ലഭിക്കാനായി നിരന്തരം പ്രാര്‍ത്ഥിച്ച് പരിശ്രമിച്ചിരുന്നു. അനുദിനജീവിതത്തില്‍ പുണ്യങ്ങള്‍ ചെയ്യാന്‍ കൂട്ടായ്മയിലൂടെ കര്‍ത്താവ് എന്നെ പഠിപ്പിച്ചുതന്നു. അങ്ങനെ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ, ഓരോ പ്രവൃത്തി ചെയ്യുമ്പോഴും പരിശുദ്ധ ത്രിത്വത്തിന് നന്ദി പറഞ്ഞ് സ്തുതികളര്‍പ്പിച്ച് പുണ്യം ചെയ്യാന്‍ തുടങ്ങി. പതുക്കെപ്പതുക്കെ ഭര്‍ത്താവും മക്കളും പുണ്യാഭ്യസനത്തില്‍ പങ്കുചേര്‍ന്നു. അതോടെ കുടുംബത്തില്‍ വലിയ മാറ്റമാണുണ്ടായത്; സ്വര്‍ഗീയാനന്ദം കുടുംബത്തില്‍ നിറയുന്ന അനുഭവം! പ്രതിസന്ധികളോ പ്രശ്നങ്ങളോ ഇല്ലെന്നല്ല, അതിനെല്ലാമുപരിയായ ഒരു ആനന്ദം കര്‍ത്താവ് സമ്മാനിക്കുന്നു.

എന്ത് കാര്യവും സ്വര്‍ഗത്തിലെ ‘അപ്പച്ചനോ’ട് പറഞ്ഞിട്ട് ചെയ്യുക എന്നത് ഒരു ശീലമായി. എന്ത് ചെയ്യുമ്പോഴും ഇത് ഈശോയ്ക്ക് ഇഷ്ടമാകുമോ എന്ന ചിന്ത പരിശുദ്ധാത്മാവ് തരും. അതിനാല്‍ത്തന്നെ പാപങ്ങളില്‍നിന്ന് കുറെയെങ്കിലും പിന്‍മാറാന്‍ സാധിച്ചു. വിശുദ്ധിക്കായി ആഴത്തില്‍ പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞു. വിശുദ്ധ കുമ്പസാരത്തിന് ഏറെ പ്രാധാന്യം നല്കാന്‍ ഈശോ എന്നെ ഒരുക്കി. ഈലോകചിന്തയില്‍നിന്നും മാറി സ്വര്‍ഗം ലക്ഷ്യമാക്കി ജീവിക്കാന്‍ ശ്രമിച്ചപ്പോള്‍ പല കുരുക്കുകളും പ്രതിസന്ധികളുമായി ശത്രു പിന്നാലെത്തന്നെയുണ്ടെങ്കിലും ഈശോ കരം പിടിച്ച് കൂടെ നടക്കുന്നു.

ഈ യാത്രയില്‍ ഈശോ എനിക്ക് മനസിലാക്കിത്തന്ന മറ്റൊരു കാര്യം അപരന് എന്നെക്കാള്‍ പ്രാധാന്യം കൊടുക്കുക എന്നതായിരുന്നു. അവരുടെ ഭാഗത്തുനിന്ന് ഈശോയോട് ചേര്‍ന്ന് ചിന്തിക്കുക. അങ്ങനെ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ക്ഷമ എന്ന പുണ്യം അഭ്യസിക്കുക എളുപ്പമായി. തെറ്റ് എന്‍റെ ഭാഗത്താണെന്ന് ചിന്തിക്കാന്‍ സാധിച്ചു. ആരെങ്കിലും അകാരണമായി ദേഷ്യപ്പെട്ടാലും കുറ്റപ്പെടുത്തിയാലും ഈശോയുടെ കുരിശോട് ചേര്‍ത്തുവയ്ക്കുക എന്നത് താരതമ്യേന എളുപ്പമായി.

മക്കളാകെ മാറി!

ഈശോയോടൊപ്പമുള്ള ജീവിതം ആരംഭിക്കുന്നതിനുമുമ്പ് മക്കളെ ഞാന്‍ എന്‍റേതുമാത്രമാക്കി വച്ചിരിക്കുകയായിരുന്നു. അവരെക്കുറിച്ചുള്ള എന്‍റെ സ്വപ്നങ്ങള്‍ക്ക് വിരുദ്ധമായി അവര്‍ പെരുമാറിയാല്‍ എനിക്ക് സഹിക്കില്ല. എന്നാല്‍ പരിശുദ്ധ അമ്മയുടെ കരം പിടിച്ച് അമ്മയ്ക്കൊപ്പമായിരുന്നപ്പോള്‍ അമ്മ ഒരു കാര്യം മനസിലാക്കിത്തന്നു. ഞാന്‍ സ്വര്‍ഗത്തിലെ അപ്പച്ചന്‍റെ മകളാണ് എന്നതുപോലെ അവരും അവിടുത്തെ മക്കളാണ്. അവര്‍ക്ക് അവരുടെ സ്വര്‍ഗീയപിതാവിനെ പരിചയപ്പെടുത്തി നല്കി അവിടുന്നിലേക്ക് നയിക്കുക എന്നതാണ് ഞാന്‍ ചെയ്യേണ്ടത്. ഇപ്രകാരം ഞാന്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മക്കളെ പൂര്‍ണമായും ദൈവപിതാവിന് സമര്‍പ്പിച്ച് ബോധപൂര്‍വം പ്രാര്‍ത്ഥിക്കുമായിരുന്നു. ഇടയ്ക്ക് എന്നിലെ ‘അഹം’ കയറിവരുമെങ്കിലും വീണ്ടും പരിശ്രമിക്കും. അങ്ങനെ മുന്നോട്ടുപോയപ്പോള്‍, എനിക്കുചുറ്റും ഏറെ മാറ്റങ്ങള്‍ സംഭവിക്കുന്നത് അനുഭവവേദ്യമായി. ഭര്‍ത്താവിനെയും എന്നെയും മക്കള്‍ക്ക് മാതൃകകളായി പിതാവ് മാറ്റി. അവരെ ദൈവപിതാവിന് വിട്ടുകൊടുത്തപ്പോള്‍ ഞങ്ങളുടെ രൂപഭാവങ്ങള്‍ക്കുപകരം ദൈവികമായ രൂപഭാവങ്ങള്‍ അവരില്‍ വരുന്നത് കാണാന്‍ സാധിച്ചു.

ഉദാഹരണത്തിന് ചെറുപ്പത്തില്‍, ദിവ്യബലിയില്‍ നിര്‍ബന്ധിച്ചാണ് പങ്കെടുപ്പിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അവര്‍ ഞങ്ങള്‍ക്കൊപ്പം ഉത്സാഹത്തോടെ അനുദിനദിവ്യബലിയര്‍പ്പിക്കുന്നു. എല്ലാ നോമ്പുകളും അര്‍ത്ഥപൂര്‍ണമായി എടുക്കാന്‍ തുടങ്ങി. വീട്ടില്‍ ഭര്‍ത്താവും ഞാനും ദിവസത്തിലെ ജോലികള്‍ക്കിടയിലും ജപമാല ചൊല്ലിക്കൊണ്ടിരിക്കും. അതുകണ്ട് വളരുന്നതിനാല്‍ മക്കളും ജപമാലപ്രാര്‍ത്ഥനക്ക് വലിയ പ്രാധാന്യമാണ് നല്കുന്നത്. സ്വഭാവശുദ്ധിയിലും പ്രാര്‍ത്ഥനയിലും സത്പ്രവൃത്തികളിലുമെല്ലാം അവര്‍ മുന്നേറുന്നതുകാണുമ്പോള്‍, അവരെ ഇപ്രകാരം വളര്‍ത്തുന്നത് എങ്ങനെയാണെന്ന് പലരും ചോദിക്കും. എന്നാല്‍ ഇതെല്ലാം അവരെ ദൈവത്തിന് വിട്ടുകൊടുത്തതിനാല്‍ വന്ന മാറ്റങ്ങളാണ് എന്ന് ഞങ്ങള്‍ മനസിലാക്കുന്നു.

സ്വര്‍ഗീയപിതാവിന്‍റെ മകളായി ജീവിക്കാന്‍ ആരംഭിച്ചപ്പോള്‍ അവിടുന്ന് ചോദിക്കാതെതന്നെ തരുന്ന സമ്മാനങ്ങളാണ് മറ്റെല്ലാം.

സര്‍വ മഹത്വവും സ്തുതിയും ആരാധനയും പരിശുദ്ധ ത്രിത്വത്തിന്!

'

By: Jency Shammi

More
ഫെബ്രു 21, 2024
Evangelize ഫെബ്രു 21, 2024

ചിരിച്ചുകൊണ്ട് മുന്നില്‍ നില്‍ക്കുന്ന ഈശോയെ കാണാനുള്ള ഭാഗ്യം, പരിമളപൂരിതമാകുന്ന പ്രാര്‍ത്ഥനാവേളകള്‍… ഇതെല്ലാം ഒരു അസാധാരണ സന്യാസിക്ക് ലഭിക്കുന്ന അനുഭവങ്ങളാണെന്ന് തോന്നിയേക്കാം. എന്നാല്‍ പറമ്പില്‍ അധ്വാനിക്കുകയും കുടുംബത്തോടൊപ്പം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ഒരു സാധാരണ കര്‍ഷകന് ദൈവം നല്കുന്ന അസാധാരണ അനുഭവങ്ങളില്‍ ചിലതുമാത്രമാണ് ഇതെല്ലാം. ആത്മാക്കളുടെ രക്ഷയ്ക്കായി ഇത്രമാത്രം പ്രാര്‍ത്ഥിക്കാന്‍ ഒരു സാധാരണ കുടുംബനാഥനും സാധിക്കും എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുകയാണ് ഈ പങ്കുവയ്ക്കലുകള്‍.

പ്രാര്‍ത്ഥനയില്‍ ഈശോയോട് ചേര്‍ന്ന് ജീവിക്കുമ്പോള്‍ പല അനുഭവങ്ങളും ഈശോ തരും. ഒരിക്കല്‍ വെള്ള തിരുവസ്ത്രമണിഞ്ഞ് ഒത്ത ഉയരമുള്ള ഈശോ ചിരിച്ചുകൊണ്ട് മുന്നില്‍ നില്‍ക്കുന്ന അനുഭവമുണ്ടായി. മറ്റൊരിക്കല്‍ നിത്യജീവന്‍റെ കിരീടം അണിയിക്കുമെന്ന് ഈശോ പറഞ്ഞുതന്നു. ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന മുറിയില്‍ത്തന്നെ 33 പ്രാവശ്യത്തോളം ഈശോ വന്നിട്ടുണ്ട്. പല വിശുദ്ധരും വന്നിട്ടുണ്ട്. ഒരു സമയത്ത് ഈശോയും 12 ശ്ലീഹന്‍മാരും തുടര്‍ച്ചയായി കാണപ്പെട്ടിരുന്നു. ഞങ്ങളുടേത് ഒരു കൊച്ചുവീടാണ്. പക്ഷേ എത്രയോ അനേകം തവണ ഈശോ ഈ വീട്ടില്‍ തന്‍റെ പ്രത്യക്ഷസാന്നിധ്യം നല്കി അനുഗ്രഹിച്ചിരിക്കുന്നു! 2009 മുതല്‍ 2011 വരെയുള്ള കാലങ്ങളില്‍ പ്രാര്‍ത്ഥനാസമയത്ത് എപ്പോഴും പരിമളം ഉയരുമായിരുന്നു. ഒരിക്കല്‍ ഞങ്ങളുടെ ഇടവകദൈവാലയത്തിലെ വികാരിയച്ചന്‍ ഇവിടത്തെ ദൈവസാന്നിധ്യാനുഭവം ആസ്വദിക്കാനായി എട്ടുദിവസം ഇവിടെ വന്നിരുന്ന് പ്രാര്‍ത്ഥിച്ചു. അത്രമാത്രം അനുഗ്രഹങ്ങളാണ് ഈശോയോട് ചേര്‍ന്ന് പ്രാര്‍ത്ഥനയില്‍ ജീവിക്കുമ്പോള്‍ ലഭിക്കുന്നത്.

കുടുംബസ്ഥനും കര്‍ഷകനുമായ എന്‍റെ ഏതാണ്ടൊരു ജീവിതചര്യ ഇങ്ങനെയാണ്: രാത്രി 12 മണിക്കുശേഷം എപ്പോഴാണോ ഉറക്കം തെളിയുന്നത് അപ്പോള്‍ ഒന്നോ രണ്ടോ മണിക്കൂര്‍ പ്രാര്‍ത്ഥിക്കും. പിന്നെ ഉറക്കം വരികയാണെങ്കില്‍ ഉറങ്ങും. അല്ലെങ്കില്‍ വീണ്ടും പ്രാര്‍ത്ഥന തുടരും. പ്രഭാതത്തില്‍ പ്രാര്‍ത്ഥന. പ്രഭാതഭക്ഷണത്തിനുശേഷം പറമ്പില്‍ റബ്ബര്‍ വെട്ടുകയോ മറ്റ് ജോലികളിലേര്‍പ്പെടുകയോ ചെയ്യുന്നതിനൊപ്പവും പ്രാര്‍ത്ഥന. ഉച്ചയ്ക്ക് ഭക്ഷണത്തിനുമുമ്പ് വീണ്ടും പ്രാര്‍ത്ഥന. ഉച്ചയ്ക്ക് ഒരു മയക്കം കഴിഞ്ഞെഴുന്നേറ്റാല്‍ പ്രാര്‍ത്ഥിക്കും. സന്ധ്യക്കുതന്നെ അത്താഴം കഴിക്കും. പിന്നെ കുടുംബപ്രാര്‍ത്ഥന. തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ ഒരു മണിക്കൂറോളം സമയം വചനം കേള്‍ക്കും. ശേഷം രാത്രിയുറക്കം. മിക്കവാറും പ്രാര്‍ത്ഥനകളില്‍ ഭാര്യയും ഒപ്പമുണ്ടാകും.

ഒരു സാധാരണക്കാരന് ഇത്രയുമൊക്കെ പ്രാര്‍ത്ഥിക്കാന്‍ സാധിക്കുമോ എന്ന് ചിന്തിച്ചേക്കാം. തീര്‍ച്ചയായും സാധിക്കും, കാരണം പ്രാര്‍ത്ഥിക്കുന്നത് ഞങ്ങള്‍ക്ക് വളരെ മധുരമുള്ളൊരു അനുഭവമാണ്. വാസ്തവത്തില്‍, പ്രാര്‍ത്ഥിക്കുകയോ കൃത്യമായി ദൈവാലയത്തില്‍ പോകുകയോ ഒന്നും ചെയ്യാത്ത ഒരു കാലം എനിക്കുണ്ടായിരുന്നു. കടുത്ത അവഗണനയും ഒറ്റപ്പെടലും നിമിത്തം മുറിവേറ്റ ഒരു ജീവിതവുമായിരുന്നു എന്‍റേത്. മദ്യപാനവും അതിനുചേര്‍ന്ന കൂട്ടുകാരുമൊക്കെയായി ജീവിതം നീങ്ങി. അതിനിടയില്‍ നാല്പത്തിയാറ് വര്‍ഷം മുമ്പ് വിവാഹിതനായെങ്കിലും എന്‍റെ സ്വഭാവത്തില്‍ മാറ്റമൊന്നും വന്നില്ല.

ജീവിതം മാറുന്നു…

എന്നാല്‍ 1992 ജൂലൈ 19-ന് മുരിങ്ങൂരില്‍ ഒരു ധ്യാനത്തില്‍ പങ്കെടുത്തതോടെ ജീവിതമാകെ മാറുകയായിരുന്നു. പിന്നീട് ദൈവാലയത്തില്‍ പോകുന്നതിലും തനിയെ പ്രാര്‍ത്ഥിക്കുന്നതിലുമെല്ലാം താത്പര്യം കൂടിവന്നു. ധ്യാനം കഴിഞ്ഞപ്പോള്‍മുതല്‍ തുടങ്ങിയതാണ് പുലര്‍ച്ചെ മൂന്ന് മണിക്കുള്ള പ്രാര്‍ത്ഥന. ഉറങ്ങിപ്പോയാല്‍പ്പോലും പാപത്തില്‍ വീണ ആത്മാക്കളുടെ അവസ്ഥയെ ഓര്‍മിപ്പിക്കുംവിധം ഇരുട്ടില്‍ അഴുക്കുപിടിച്ച സ്ഥലത്ത് നടക്കുന്നതുപോലെയെല്ലാം സ്വപ്നം കാണും. അതോടെ എഴുന്നേല്‍ക്കും. മുമ്പൊക്കെ മൂന്ന് മണി എന്നായിരുന്നെങ്കിലും പിന്നീട് പന്ത്രണ്ട് മണിക്കുശേഷം എപ്പോള്‍ ഉണര്‍ന്നാലും ഒരു മണിക്കൂറിലധികം പ്രാര്‍ത്ഥിച്ചിട്ടാണ് കിടക്കുക. ഭാര്യ മേരിയും പ്രാര്‍ത്ഥനയില്‍ മിക്കവാറും എല്ലാ സമയങ്ങളിലുംതന്നെ കൂടെയുണ്ടാകും. ഞങ്ങള്‍ ഒന്നിച്ചാണ് പ്രാര്‍ത്ഥിക്കുന്നത്. മുപ്പത്തിയൊന്ന് വര്‍ഷത്തിലേറെയായി ഈ ശീലം തുടങ്ങിയിട്ട്.

പ്രാര്‍ത്ഥനകളില്‍ ആദ്യം കര്‍ത്താവിനെ സ്തുതിക്കും, പിന്നെ നന്ദി പറഞ്ഞ് പ്രാര്‍ത്ഥിക്കും. കുറവുകള്‍ ക്ഷമിക്കണമേ, തിരുരക്തത്താല്‍ കഴുകണമേ എന്നാണ് അടുത്തതായി യാചിക്കുന്നത്. ആത്മാക്കളെ നേടാന്‍ കൃപ ചോദിച്ച് പ്രാര്‍ത്ഥിക്കും. പിന്നെ പരിശുദ്ധാത്മാവിന്‍റെ പാട്ട്. എന്നിങ്ങനെ ദൈവം നല്കുന്ന പ്രേരണയനുസരിച്ച് പ്രാര്‍ത്ഥന മുന്നോട്ടുപോകും. ഏറെ അഭിഷേകം അനുഭവപ്പെടുന്ന സമയമാണ് പ്രാര്‍ത്ഥനാസമയങ്ങള്‍. കരുണക്കൊന്ത, ജപമാല എല്ലാം ചൊല്ലും. മുമ്പെല്ലാം എന്നും പ്രഭാതത്തില്‍ അല്പം ദൂരെയുള്ള ഇടവകദൈവാലയത്തില്‍ വിശുദ്ധബലിക്ക് പോകുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരോഗ്യസ്ഥിതി അനുവദിക്കുന്നില്ലാത്തതിനാല്‍ അതിന് സാധിക്കുന്നില്ല.

സാത്താന്‍ രോഷാകുലനാകും, പക്ഷേ…

ആത്മാക്കള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന ദൈവത്തിന് ഏറെ പ്രീതികരമാണെന്നതുപോലെ സാത്താനെ വളരെ രോഷാകുലനാക്കുന്നുമുണ്ട്. മൂന്നോ നാലോ വര്‍ഷങ്ങള്‍ക്കുമുമ്പാണ് അതുണ്ടായത്. പരിചയത്തിലുള്ള ഒരു സിസ്റ്റര്‍ ഒരു കുടുംബത്തിനായി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടു. ആറ് കുട്ടികളുള്ള ഒരു കുടുംബനാഥന് മറ്റൊരു സ്ത്രീയുമായി ബന്ധം. അവളെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നിട്ട് ഭാര്യയെയും മക്കളെയും കൊന്നുകളയുമെന്ന് ഭീഷണിയുയര്‍ത്തുന്നു. കുടുംബനാഥന് ആ സ്ത്രീക്കൊപ്പം ജീവിക്കണമത്രേ. ഞങ്ങള്‍ ആ മനുഷ്യനു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയപ്പോള്‍ സാത്താന്‍ ശാരീരികമായി ആക്രമിക്കുന്ന അനുഭവമാണ് ഉണ്ടായത്. കട്ടിലില്‍നിന്ന് വലിച്ചെറിയുക, എടുത്തെറിയുക -അങ്ങനെ പല ആക്രമണങ്ങളും ഉണ്ടായി. പക്ഷേ ഞങ്ങള്‍ വിശുദ്ധ മിഖായേലിനോടുചേര്‍ന്ന് ദൈവികസംരക്ഷണം സ്വീകരിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. പതുക്കെ പൈശാചികാക്രമണങ്ങളില്‍നിന്ന് രക്ഷപ്പെട്ടു. ആ കുടുംബനാഥനും മാനസാന്തരത്തിന്‍റെ വഴികളിലേക്ക് കടന്നുവന്നതായി അറിഞ്ഞു.

ആനന്ദം തന്ന് പ്രാര്‍ത്ഥിപ്പിക്കുന്ന ഈശോ

രാത്രി ചിലപ്പോള്‍ പ്രാര്‍ത്ഥിക്കാന്‍ എഴുന്നേല്‍ക്കുമ്പോള്‍ കൈവിരലുകള്‍ മടങ്ങിയിരിക്കും. അതിന്‍റെ അസ്വസ്ഥതകളൊന്നും ഗണ്യമാക്കാതെ പ്രാര്‍ത്ഥനയില്‍ മുഴുകും. അത് ആനന്ദകരമായ അനുഭവമായതുകൊണ്ടാണ് മറ്റ് അസ്വസ്ഥതകള്‍ പിന്തിരിപ്പിക്കാത്തത്. രാത്രിയില്‍ ഉറക്കം വരാതെ കിടക്കുമ്പോഴെല്ലാം ‘നന്മനിറഞ്ഞ മറിയമേ’ ചൊല്ലും. അത് ആര്‍ക്കുവേണ്ടിയാണെന്ന് ഈശോയ്ക്കേ അറിയൂ… ദിവസം മുപ്പതിലധികം ജപമാലരഹസ്യങ്ങള്‍ ധ്യാനിച്ച് പ്രാര്‍ത്ഥിക്കും. ഒരിക്കല്‍ പല നിയോഗങ്ങള്‍ക്കായി രഹസ്യങ്ങള്‍ സമര്‍പ്പിച്ചുകഴിഞ്ഞപ്പോള്‍ ഞാന്‍ ഈശോയോട് ചോദിച്ചു, “ഇനി എന്തിനുവേണ്ടിയാണ് പ്രാര്‍ത്ഥിക്കേണ്ടത്?” അപ്പോള്‍ ഈശോ പറഞ്ഞു, “വര്‍ഗീയതക്കും മതപീഡനത്തിനും എതിരെ.” വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഈ സംഭവം. ഇന്ന് അതിന്‍റെ പ്രാധാന്യം എനിക്ക് മനസിലാവുന്നുണ്ട്. 24 മണിക്കൂറും ഈശോയോട് ചേര്‍ന്നിങ്ങനെ പോകും. രണ്ടോ മൂന്നോ മണിക്കൂര്‍മാത്രമായിരിക്കും നന്നായി ഉറങ്ങുന്നത്. പക്ഷേ വലിയ ക്ഷീണമൊന്നും അനുഭവപ്പെടാറില്ല. അത് കര്‍ത്താവ് നല്കുന്ന വലിയൊരു കൃപയാണ്.

ഒരിക്കല്‍ തല പൊട്ടിപ്പോവുന്നതുപോലെ തലവേദന. ഞാന്‍ സാധാരണ പ്രാര്‍ത്ഥിക്കാറുള്ള മുറിയില്‍നിന്ന് മാറി വേറെ മുറിയില്‍ പോയി കിടന്നു. അപ്പോഴതാ ഈശോ ആ മുറിയിലെത്തി, മുള്‍മുടിയണിഞ്ഞ മുഖം എന്‍റെ മുഖത്ത് ചേര്‍ത്തുവയ്ക്കുന്ന അനുഭവം. അവിടുത്തെ വേദനയില്‍ പങ്കുചേരുകയില്ലേ എന്ന് എന്നോട് ചോദിക്കുന്നതുപോലെ… ആ വേദന ഈശോ അനുവദിച്ചതാണെന്നും ഈശോയോടുചേര്‍ന്ന് സഹിക്കേണ്ടതാണെന്നുമുള്ള ബോധ്യം അവിടുന്ന് തന്നു. പിന്നീട് അത് മാറി. എങ്കിലും ഇടയ്ക്ക് തലവേദന വരാറുണ്ട്.

ധ്യാനത്തിന് പോകുന്നതിനുമുമ്പും മേരിയും ഞാനും കൃഷിയും മറ്റ് ജോലികളുമായി നല്ലവണ്ണം അധ്വാനിക്കുമായിരുന്നു. പക്ഷേ അതുകൊണ്ട് വലിയ മെച്ചമൊന്നും ഉണ്ടായില്ല. എന്നാല്‍ ധ്യാനത്തിന് പോയതിനുശേഷം മത്തായി 6/33 വചനം എന്നെ വളരെയധികം സ്വാധീനിച്ചു. “നിങ്ങള്‍ ആദ്യം ദൈവത്തിന്‍റെ രാജ്യവും നീതിയും അന്വേഷിക്കുവിന്‍. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്ക് ലഭിക്കും.” അങ്ങനെയാണ് ഏറെ സമയം പ്രാര്‍ത്ഥിക്കുന്ന ശീലത്തിലേക്ക് കടന്നുവന്നത്. നഷ്ടപ്പെടുന്ന ആത്മാക്കളെക്കുറിച്ചുള്ള വലിയ ഹൃദയഭാരവും കര്‍ത്താവ് നല്കുന്നതുകൊണ്ട് ആത്മാക്കളുടെ രക്ഷയ്ക്കായും കണ്ണീരോടെ പ്രാര്‍ത്ഥിക്കും. റബ്ബര്‍ വെട്ടാന്‍ പോകുമ്പോള്‍ ഓരോ റബ്ബര്‍ വെട്ടുമ്പോഴത്തെ അധ്വാനവും ഓരോ ആത്മാവിന്‍റെ രക്ഷയ്ക്കായി കാഴ്ചവച്ചു. ഇപ്രകാരം പ്രാര്‍ത്ഥന വര്‍ധിച്ചതോടെ ഞങ്ങളുടെ അധ്വാനങ്ങളെല്ലാം കൂടുതല്‍ ഫലപ്രദമായി. മത്തായി 6/33 വചനം ജീവിതത്തില്‍ നിറവേറാന്‍ ആരംഭിച്ചു.

ഞങ്ങള്‍ക്ക് മൂന്ന് പെണ്‍മക്കളുണ്ട്. അവരെ വിവാഹം കഴിച്ചയച്ചതോടെ ഞങ്ങള്‍ രണ്ടുപേര്‍മാത്രമായി വീട്ടില്‍. അതിനാല്‍പ്രാര്‍ത്ഥിക്കാന്‍ ഇപ്പോള്‍ കൂടുതല്‍ സമയമുണ്ട്. ഈയടുത്ത കാലത്തായി മേരിക്ക് ചില അസുഖങ്ങളൊക്കെ ബാധിച്ചിട്ടുള്ളതുകൊണ്ട് രാത്രി വൈകിയുള്ള പ്രാര്‍ത്ഥനയില്‍ അവള്‍ സാധിക്കുന്ന രീതിയില്‍മാത്രമേ പങ്കുചേരുകയുള്ളൂ. എന്നാലും രാത്രി പന്ത്രണ്ടിനും മൂന്നിനുമിടയില്‍ ഒരു മണിക്കൂറെങ്കിലും പ്രാര്‍ത്ഥനയില്‍ പങ്കുചേരാറുണ്ട്. അവളും ഈശോയെയും മാതാവിനെയും ഇടയ്ക്കിടയ്ക്ക് കാണും.

തികച്ചും സാധാരണക്കാരായ ഞങ്ങളെ ഇത്രമാത്രം കൃപ നല്കി നയിക്കുമ്പോള്‍, അവിടുത്തെ അനന്തകാരുണ്യത്തിന് എത്ര നന്ദി പറഞ്ഞാലാണ് തീരുക! ആത്മാക്കളുടെ രക്ഷയ്ക്കായി എങ്ങനെയാണ് പ്രാര്‍ത്ഥിക്കാതിരിക്കുക!

'

By: Jose Joseph

More
ഫെബ്രു 21, 2024
Evangelize ഫെബ്രു 21, 2024

വിശുദ്ധ ഡോസിത്തിയൂസിനെക്കുറിച്ച് അദ്ദേഹത്തിന്‍റെ ഗുരുവായ വിശുദ്ധ ഡോറോത്തിയൂസ് പറഞ്ഞ സംഭവമാണിത്. ശാരീരികമായി വളരെ ദുര്‍ബലനായിരുന്നു ഡോസിത്തിയൂസ്. അതിനാല്‍ത്തന്നെ തന്‍റെ സമൂഹത്തിലുള്ളവരോടൊപ്പമുള്ള പതിവ് ഭക്താഭ്യാസങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ ഡോസിത്തിയൂസ് മറ്റൊരു കാര്യം സ്വയം തീരുമാനിച്ചു. അവര്‍ക്കൊപ്പം ഭക്താഭ്യാസങ്ങളെല്ലാം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും അതുവഴി ഒരു പുണ്യവും നഷ്ടപ്പെടാതിരിക്കാന്‍ തന്‍റെ ഇഷ്ടങ്ങള്‍ പൂര്‍ണമായും പരിത്യജിക്കുക; മേലധികാരികളോടും അതുവഴി ദൈവത്തോടും പരിപൂര്‍ണമായ അനുസരണം പരിശീലിക്കുക.

സ്വന്തതീരുമാനമനുസരിച്ച് പൂര്‍ണമനസോടെ മേലധികാരികള്‍ക്ക് വിധേയപ്പെട്ട് ജീവിച്ച് അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹം മരിച്ചു. വിശുദ്ധ സന്യാസികളായിരുന്ന വിശുദ്ധ പൗലോസിനും വിശുദ്ധ അന്തോനീസിനും ലഭിച്ചതിന് തുല്യമായ പ്രതിസമ്മാനമാണ് സ്വര്‍ഗത്തില്‍ ഡോസിത്തിയൂസ് നേടിയതെന്ന് ദൈവം ഗുരുവായ ഡോറോത്തിയൂസിന് വെളിപ്പെടുത്തി.

അത് അദ്ദേഹം പങ്കുവച്ചപ്പോള്‍ ഡോസിത്തിയൂസ് അത്രയും വലിയ മഹത്വം നേടിയെടുത്തതില്‍ മറ്റു സന്യാസികള്‍ക്കെല്ലാം അത്ഭുതം. കാരണം അവര്‍ ചെയ്തിരുന്നത്രപോലും ഭക്താഭ്യാസങ്ങള്‍ അദ്ദേഹം ചെയ്തിരുന്നില്ല. പക്ഷേ ഡോസിത്തിയൂസ് പൂര്‍ണമനസോടെ പരിശീലിച്ച അനുസരണം നിമിത്തമാണ് ഇത്രയും ഉന്നതമാംവിധം സമ്മാനിതനായതെന്ന് ദൈവം അവര്‍ക്ക് വെളിപ്പെടുത്തിക്കൊടുത്തു.

'

By: Shalom Tidings

More
ഫെബ്രു 21, 2024
Evangelize ഫെബ്രു 21, 2024

യേശു ഉള്ള പള്ളിയും ഇല്ലാത്ത പള്ളിയും തിരിച്ചറിയുന്ന മുസ്ലീം യുവതി, നിക്കി കിംഗ്സ്ലി പങ്കുവയ്ക്കുന്ന അസാധാരണ ജീവിതകഥ

ആ വര്‍ഷത്തെ ഡിസംബര്‍മാസമെത്തി, ക്രിസ്മസ് കാലം. മറിയം എന്നെ യേശുവിലേക്ക് തിരിച്ചതിനുശേഷം എനിക്ക് യേശുവിനെ തിരസ്കരിക്കാന്‍ സാധിക്കുന്നില്ലായിരുന്നല്ലോ. എന്തുകൊണ്ടാണ് ഞാന്‍ ഇത്രയധികമായി യേശുവിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് എന്നതിന് യേശുവില്‍നിന്നുതന്നെ ഉത്തരം കിട്ടാനായി ശ്രമിച്ചു. ദൈവാലയമാണല്ലോ യേശുവിന്‍റെ ഭവനം. അതിനാല്‍ വീടിനടുത്തുള്ള ദൈവാലയത്തില്‍ പോകാമെന്ന് ഞാന്‍ തീരുമാനിച്ചു. തന്‍റെ ദൈവാലയത്തിലേക്ക് എന്നെ ക്ഷണിച്ച ക്രിസ്ത്യന്‍ കൂട്ടുകാരിയോട് ഇക്കാര്യം പറയാന്‍ പോയില്ല. യേശുവിന് എന്നില്‍നിന്ന് എന്താണ് വേണ്ടത് എന്നറിയണം, അതോടെ എല്ലാം അവസാനിക്കുമല്ലോ. പിന്നെ സ്വസ്ഥമായി പഴയതുപോലെ ജീവിക്കാം; അതാണ് എന്‍റെ ആവശ്യം. അത്രയും ഞാന്‍ മടുത്തിരിക്കുകയാണ്.

ക്രിസ്മസ് പാതിരാ ശുശ്രൂഷകളുടെ സമയത്താണ് ഞാന്‍ ആ ദൈവാലയത്തിലേക്ക് പോയത്. മനോഹരമായ അനുഭവം. എല്ലാവരും വളരെ സ്വാഗതം ചെയ്യുന്ന മനോഭാവമുള്ള നല്ല മനുഷ്യര്‍… പക്ഷേ യേശുവിന്‍റെ സാന്നിധ്യം എനിക്ക് അവിടെ കിട്ടിയില്ല, ശൂന്യതയാണ് അനുഭവപ്പെട്ടത്. കാരണം ആ സാന്നിധ്യം എനിക്ക് കൃത്യമായി മനസിലാവുമായിരുന്നു. ഞാന്‍ നിരാശതയോടെ പറഞ്ഞു, “നീ നിന്‍റെ വീട്ടില്‍പ്പോലുമില്ല!”

അടുത്ത ദിവസങ്ങളില്‍ത്തന്നെ ഇക്കാര്യം ഞാന്‍ കൂട്ടുകാരിയോട് പങ്കുവച്ചു. ഞാന്‍ ഏത് ദൈവാലയത്തിലാണ് പോയതെന്നായിരുന്നു അപ്പോള്‍ അവള്‍ അന്വേഷിച്ചത്. എന്‍റെ വീടിന് സമീപത്തുള്ള ദൈവാലയമാണെന്ന് കേട്ടപ്പോള്‍ വീണ്ടും, അവളുടെ ദൈവാലയത്തിലേക്ക് ചെല്ലാന്‍ പറഞ്ഞു. “ഞാന്‍ നിന്‍റെ ദൈവാലയത്തില്‍ വരാം, അവിടെ യേശു ഉണ്ടോ ഇല്ലയോ എന്ന് എനിക്ക് മനസിലാവും,” എന്നായിരുന്നു എന്‍റെ മറുപടി. എന്തായാലും ഇനിയൊരു ശുശ്രൂഷാസമയത്ത് ഞാന്‍ ദൈവാലയത്തില്‍ പോകുകയില്ല. അത്ര സമയം അതിനായി ചെലവഴിക്കാന്‍ വയ്യ എന്ന് ഞാന്‍ തീരുമാനിച്ചു.

അങ്ങനെ ഒരു സാധാരണ ദിവസം രാവിലെ മറ്റാരുമില്ലാത്ത സമയത്ത് ഞാന്‍, കൂട്ടുകാരി പറഞ്ഞ ദൈവാലയത്തില്‍ ചെന്നു. ആദ്യചുവടുവച്ച് ശ്വാസം ഉള്ളിലേക്കെടുത്തപ്പോഴേ എനിക്ക് മനസിലായി, യേശു അവിടെ ജീവിക്കുന്നു! അവന്‍ അവിടെ ഉണ്ട്!! യേശുവിന്‍റെ സാന്നിധ്യം ശാരീരികമായിത്തന്നെ വ്യക്തമായി അനുഭവപ്പെട്ടു.

എനിക്കാണെങ്കില്‍ വിവിധസഭകളെക്കുറിച്ചൊന്നും അറിയുമായിരുന്നില്ല. സാവധാനം മനസിലായി അതൊരു കത്തോലിക്കാദൈവാലയമാണെന്ന്. ഞാനവിടെ ഇരുന്നുകൊണ്ട് ഉരുവിട്ടു, “ഓ യേശുവേ, ഞാനൊടുവില്‍ നിന്‍റെ ഭവനം കണ്ടെത്തിയിരിക്കുന്നു. ഇനി പറയണം, നിനക്കെന്താണ് എന്നില്‍നിന്ന് വേണ്ടത്, എന്തിനാണ് എന്നോട് ഇങ്ങനെ ചെയ്യുന്നത്?” പ്രത്യേകിച്ച് മറുപടിയൊന്നും ലഭിച്ചതായി തോന്നിയില്ല.

എന്തായാലും അന്നുമുതല്‍ ആരുമില്ലാത്ത സമയത്ത് ഞാന്‍ ആ ദൈവാലയത്തില്‍ സ്ഥിരമായി പോകാന്‍ തുടങ്ങി. അവിടെ പിന്നിലെ നിരയിലിരുന്ന് ക്രൂശിതരൂപത്തിലെ ഈശോയോട് തര്‍ക്കിക്കും, “നീ ദൈവത്തിന്‍റെ പുത്രനല്ല. കാരണം, ദൈവത്തിന് പുത്രനില്ല. എന്താണ് നിനക്ക് വേണ്ടത്? എന്തിനാണ് എന്നോട് ഇങ്ങനെ ചെയ്യുന്നത്?” ഇതെല്ലാം കഴിഞ്ഞ് അന്നത്തെ എന്‍റെ കാര്യങ്ങളെല്ലാം പറയും. ടീനേജറായ മകളെക്കുറിച്ച്, എന്‍റെ പ്രതിസന്ധികളെക്കുറിച്ച്… അങ്ങനെ എല്ലാമെല്ലാം…

ദൈവാലയത്തില്‍ നിറയെ ആളുകളുണ്ടാകുമെന്നതിനാല്‍ ഞായറാഴ്ചകളില്‍മാത്രം പോവുകയില്ല. ഇങ്ങനെ മാസങ്ങള്‍ കടന്നുപോയി. ഒരു ദിവസം, ഞാന്‍ പതിവുപോലെ എന്‍റെ സംസാരം തുടങ്ങി. പെട്ടെന്ന്, അത്രയും ദിവസം ഉണ്ടാകാത്ത ഒരു അനുഭവം! ഒരു സ്വരം അവിടെ പ്രതിധ്വനിച്ചു, “ഞാന്‍ ആരാണ് എന്നും ആരല്ലായെന്നും പറയാന്‍ നീയാര്?!! നിനക്ക് സത്യം അറിയണമെങ്കില്‍ പോവുക, എന്നിട്ട് കേള്‍ക്കാന്‍ തയാറുള്ള ഒരു കുഞ്ഞിനെപ്പോലെ മടങ്ങിവരുക. ഞാന്‍ നിന്നോട് സത്യമെന്താണെന്ന് പറഞ്ഞുതരാം.”

അത് ശരിയായിരുന്നു… അവന്‍ ദൈവമാണെങ്കില്‍ അവനാരാകണം, ആരാകരുത് എന്നൊക്കെ പറയാന്‍ ഞാനാരുമല്ലല്ലോ. യേശു എനിക്ക് തന്നത് ഒരു വ്യവസ്ഥയാണ്, സത്യം അറിയണമെങ്കില്‍ അവന്‍ പറഞ്ഞതുപോലെ ചെയ്യാം. അത് ഒരു ക്ഷണമോ നിര്‍ബന്ധമോ ഒന്നുമല്ല, വ്യവസ്ഥമാത്രം. നമുക്ക് സ്വാതന്ത്ര്യമുണ്ട്. തീരുമാനം എടുക്കേണ്ടത് ഞാനായിരുന്നു. അന്നെനിക്ക് നാല്പത് വയസുണ്ട്. അതുവരെ ഞാന്‍ പഠിച്ചുവച്ചിട്ടുളളതെല്ലാം മനസില്‍നിന്ന് നീക്കി അവന്‍ പറഞ്ഞുതരുന്നത് കേള്‍ക്കാനായി മനസ് തുറക്കുക എന്നത് പ്രയാസകരമായ കാര്യമായിരുന്നു. പക്ഷേ എനിക്ക് സത്യമറിയണം. അതിനാല്‍ മനസ് ശൂന്യമാക്കി, അവന്‍റെ മുന്നിലിരുന്ന സമയം! ആ ക്രൂശിതരൂപത്തില്‍നിന്ന് ഒരു മിന്നല്‍വെളിച്ചം എന്നിലേക്ക് വന്നു!

ഞാന്‍ വിറച്ച് മുട്ടില്‍ വീണുപോയി. കാരണം യേശു എന്‍റെ മുന്നില്‍ നില്‍ക്കുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. “എല്ലാ മുട്ടുകളും എന്‍റെ മുമ്പില്‍ മടങ്ങും; എല്ലാ നാവുകളും ദൈവത്തെ പുകഴ്ത്തുകയും ചെയ്യും എന്ന് കര്‍ത്താവ് ശപഥപൂര്‍വം അരുളിച്ചെയ്യുന്നു” (റോമാ 14/11). ക്രിസ്തുവിശ്വാസത്തിന്‍റെ രഹസ്യങ്ങളെല്ലാം ആ നിമിഷം ഞാനറിഞ്ഞെന്ന് തോന്നി. കരഞ്ഞുകൊണ്ട് ‘ഞാന്‍ വിശ്വസിക്കുന്നു! ഞാന്‍ വിശ്വസിക്കുന്നു!’ എന്ന് പറയാനല്ലാതെ മറ്റൊന്നും അപ്പോള്‍ എനിക്ക് ചെയ്യാനാകുമായിരുന്നില്ല.

മുട്ടില്‍ വീണ് ഞാന്‍ യേശുവിനെ സ്വീകരിച്ച നിമിഷം… മുമ്പ് പ്രാര്‍ത്ഥിക്കുമ്പോള്‍ ഞാന്‍ കണ്ടിരുന്ന മതില്‍ കണ്‍മുന്നില്‍ തകര്‍ന്നുവീണു. എന്‍റെ പിതാവായ ദൈവത്തെ ഞാന്‍ കണ്ടു. അതൊരു ഫിലോസഫിയോ ആശയസംഹിതയോ ഒന്നുമായിരുന്നില്ല; സത്യമായിരുന്നു! നാളുകളായി എന്നെ കാത്തിരുന്ന സ്നേഹനിധിയായ പിതാവ്; അവിടുത്തെ ഞാന്‍ കണ്ടു. എന്‍റെ ‘ബാബാ,’ അങ്ങനെയാണ് വ്യക്തിപരമായി ഞാനവിടുത്തെ വിളിക്കുന്നത്. പുത്രനിലൂടെയല്ലാതെ പിതാവിലേക്കെത്താന്‍ കഴിയുകയില്ലല്ലോ. “യേശു പറഞ്ഞു, വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്‍റെ അടുക്കലേക്ക് വരുന്നില്ല” (യോഹന്നാന്‍ 14/6). മുമ്പും ഞാന്‍ ദൈവത്തെ സ്നേഹിച്ചിരുന്നു. പക്ഷേ അത് കൊട്ടാരത്തിനുപുറത്ത് ജീവിക്കുന്ന ഒരു അടിമയെപ്പോലെയായിരുന്നു എന്ന് തോന്നുന്നു. യേശുവാകുന്ന വാതിലിലൂടെ പ്രവേശിച്ചപ്പോള്‍ എനിക്ക് ദൈവപിതാവിന്‍റെ മകളാകാനും അവിടുത്തെ സമീപിക്കാനും കഴിഞ്ഞു. വാസ്തവത്തില്‍ മുമ്പ് ഇന്‍റര്‍നെറ്റ് സേര്‍ച്ച് ചെയ്യാതിരുന്നതെല്ലാം നന്നായി എന്ന് തോന്നി. കാരണം യേശുതന്നെ എന്നെ ഒരു നിമിഷംകൊണ്ട് വിശ്വാസരഹസ്യങ്ങള്‍ പഠിപ്പിച്ചുതന്നു. അതിനാല്‍ത്തന്നെ മറ്റ് അകത്തോലിക്കാസഭകളിലേക്ക് തെല്ലും ആകര്‍ഷിക്കപ്പെടാന്‍ ഇടയായില്ല.

ഇക്കാര്യങ്ങളെല്ലാം മാതാപിതാക്കളോട് എങ്ങനെ പറയാതിരിക്കും? മനസുകൊണ്ട് ഒരു തികച്ചും കത്തോലിക്കാവിശ്വാസിയായിട്ടും പിന്നെ കപടജീവിതം നയിക്കാന്‍ കഴിയില്ലല്ലോ. എന്നാല്‍ ഞാന്‍ കത്തോലിക്കയാകാന്‍ പോകുന്നെന്ന് കേട്ടപ്പോള്‍ അവര്‍ നിര്‍ദേശിച്ചത് ‘ദൈവാലയത്തില്‍ പോയിക്കൊള്ളുക, പക്ഷേ കത്തോലിക്കയാവാനൊന്നും നില്‍ക്കേണ്ട’ എന്നായിരുന്നു. പക്ഷേ ഞാന്‍ അവരോട് പറഞ്ഞു, “ഞാന്‍ സത്യം അറിഞ്ഞു. ഇനി അതിനനുസരിച്ച് ജീവിക്കണം. അവന്‍ വന്നത് നമ്മെ സത്യത്താല്‍ സ്വതന്ത്രരാക്കാനാണ്. അവനെ നിഷേധിച്ചാല്‍ അവന്‍ നമ്മെയും നിഷേധിക്കും.” ഇത് ബൈബിളില്‍ നല്കിയിട്ടുള്ള വചനമാണെന്നൊന്നും അന്ന് എനിക്കറിയുമായിരുന്നില്ല. പിന്നീട് ബൈബിള്‍ വായിച്ചപ്പോള്‍ ഇതെല്ലാം എനിക്കറിയാമായിരുന്നല്ലോ എന്ന് തോന്നി.

മാമ്മോദീസ സ്വീകരിച്ചിട്ട് ഇപ്പോള്‍ ഏതാണ്ട് 13 വര്‍ഷമാകുന്നു. പക്ഷേ എത്ര ആവര്‍ത്തിക്കപ്പെട്ടിട്ടും ദിവ്യകാരുണ്യത്തോടും വിശുദ്ധബലിയോടുമുള്ള സ്നേഹം വര്‍ധിക്കുന്നതേയുള്ളൂ. എന്‍റെ രണ്ട് മക്കളും സ്വമനസാലെ മാമ്മോദീസ സ്വീകരിച്ചു. എന്‍റെ ഒരു സഹോദരി സ്വന്തം മിസ്റ്റിക്കല്‍ അനുഭവങ്ങളിലൂടെ എനിക്കുപിന്നാലെ രണ്ട് വര്‍ഷത്തിനുശേഷം സഭയിലേക്ക് വന്നു. മറ്റ് പല ബന്ധുക്കളും ക്രൈസ്തവവിശ്വാസത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നുമുണ്ട്. ഞാന്‍ കരുതിയത്; ഞാന്‍ സഭയിലേക്ക് വന്നു, അതോടെ കഴിഞ്ഞു എന്നാണ്. പക്ഷേ ദൈവത്തിന് വലിയ പദ്ധതികളുണ്ടായിരുന്നു എന്ന് ഞാനിപ്പോള്‍ മനസിലാക്കുന്നു.

മറിയം എപ്പോഴും എന്നോടൊപ്പമുണ്ടായിരുന്നു. ഇപ്പോഴും അങ്ങനെതന്നെ. പക്ഷേ അവള്‍ എന്നെ പുത്രനിലേക്കാണ് എപ്പോഴും നയിക്കുന്നത്. അവളെ നിങ്ങള്‍ സ്നേഹിച്ചാല്‍ അവള്‍ നിങ്ങളുടെ കൈകള്‍ പുത്രന്‍റെ കൈകളിലേക്ക് ചേര്‍ത്തുവയ്ക്കും.

'

By: Shalom Tidings

More