- Latest articles

അമ്മ ഇടയ്ക്ക് അയല്‍പക്കത്തുനിന്ന് ഒരു തേങ്ങാമുറി കടം വാങ്ങുന്നു. വീട്ടിലെ ഫ്രിഡ്ജില്‍ ചിരകിയ തേങ്ങ പാത്രത്തിലാക്കി വച്ചിട്ടുണ്ടെന്ന് മകന്‍ കണ്ടതാണ്. പിന്നെ എന്തിനാണ് അമ്മ ഇങ്ങനെ ചെയ്യുന്നത്? ഏഴാം ക്ലാസുകാരന് സംശയം. പല തവണ ഇതാവര്‍ത്തിക്കുകകൂടി ചെയ്തതോടെ അവന്‍ അമ്മയെ ചോദ്യം ചെയ്തു, ”അമ്മേ, വീട്ടില്‍ തേങ്ങയുള്ളപ്പോഴും വെറുതെ എന്തിനാണ് അപ്പുറത്തെ വീട്ടില്‍ പോയി കടം വാങ്ങുന്നത്?”
അമ്മ സാവധാനം മകനെ തന്നോടു ചേര്‍ത്തുനിര്‍ത്തി. ”മോനേ, അവര്‍ അത്ര നല്ല സാമ്പത്തികസ്ഥിതിയിലല്ല ജീവിക്കുന്നത്. ഇടയ്ക്ക് അത്യാവശ്യം വരുമ്പോള്‍ ചില സാധനങ്ങളൊക്കെ അമ്മയോട് ചോദിച്ചുവാങ്ങും. സാവധാനമാണ് തിരിച്ചുതരിക. പക്ഷേ നമുക്ക് അവരില്‍നിന്ന് ഒന്നും വാങ്ങിക്കേണ്ട ആവശ്യം വരാറില്ല. നാം നേരത്തേതന്നെ സാധനങ്ങള്‍ ഒന്നിച്ച് വാങ്ങിവയ്ക്കുന്നുണ്ടെന്ന് നിനക്കറിയാമല്ലോ.
എങ്കിലും അവര്‍ക്ക് ബുദ്ധിമുട്ടാകാത്ത വിധത്തില്‍ എന്തെങ്കിലും വസ്തുക്കള്‍ നാം ചോദിച്ചുവാങ്ങുകയാണെങ്കില്‍ അവര്‍ക്ക് അതൊരു സന്തോഷമായിരിക്കും. നമ്മുടെ കൈയില്‍നിന്ന് എന്തെങ്കിലും വാങ്ങിക്കാന്‍ വിഷമം തോന്നുകയുമില്ല.” അമ്മയുടെ ജ്ഞാനം കണ്ട മകന് സന്തോഷവും അഭിമാനവും തോന്നി.
”അവിടുത്തെ പുത്രനായ യേശുവിന്‍റെ നാമത്തില്‍ നാം വിശ്വസിക്കുകയും അവന്‍ നമ്മോട് കല്‍പിച്ചതുപോലെ നാം പരസ്പരം സ്‌നേഹിക്കുകയും ചെയ്യണം” (1 യോഹന്നാന്‍ 3/23).
'
വെള്ളം തിളപ്പിക്കുന്നതിനായി വീട്ടില്‍ ഒരു കെറ്റില്‍ വാങ്ങിയിരുന്നു. അത് നന്നായി കറന്റ് വലിക്കുമെന്ന് കേട്ടിട്ടുണ്ട്. മീറ്ററില്‍ നോക്കിയപ്പോഴാണ് അത് ഓണാക്കുമ്പോള്‍ അധികം വരുന്ന കറന്റിനെ കുറിച്ച് ബോധ്യം വന്നത്. അപ്പോള്‍ം മുതല്‍ അതിന്‍റെ ഉപയോഗം കുറച്ചു. കെറ്റിലിന്‍റെ ഉപയോഗം മൂലം വന്ന അധികനഷ്ടം കുറയ്ക്കാനുള്ള ശ്രമവും വീട്ടില്‍ ആരംഭിച്ചു. ഫാനും ലൈറ്റുമൊക്കെ അനാവശ്യമായി ഓണാക്കുന്നത് നിര്‍ത്തി. ആവശ്യമില്ലാത്തവ ഉടനെ പോയി ഓഫാക്കാന്‍ തുടങ്ങി. നിര്‍ബന്ധമാണെങ്കില്‍ മാത്രം ലൈറ്റ് ഇടുക, കുറച്ച് നേരത്തേക്കാണെങ്കില്‍ ഫാന്‍ ഇടാതിരിക്കുക. പൊതുവായ സ്ഥലങ്ങളില്‍ ഒരുമിച്ചുചേര്‍ന്ന് ഉപയോഗിക്കുക ഇങ്ങനെയൊക്കെയാണ് നഷ്ടം കുറയ്ക്കാന്‍ ശ്രമിച്ചത്.
പറഞ്ഞുവരുന്നത് നമ്മുടെ കൊച്ചുകൊച്ചു പ്രായശ്ചിത്തങ്ങള്‍കൊണ്ടും പരിഹാരങ്ങള്‍കൊണ്ടും പൊതുവായ നഷ്ടങ്ങള്‍ കുറയ്ക്കാനാകും എന്നാണ്. ലോകത്തില്‍ പാപം പെരുകുമ്പോള്‍ ക്രൈസ്തവ വിശ്വാസം പ്രോത്സാഹിപ്പിക്കുന്നത് പാപത്തെ കൊച്ചുകൊച്ചു പ്രാര്‍ത്ഥനകള്‍കൊണ്ടും പ്രായശ്ചിത്തങ്ങള്‍കൊണ്ടും കീഴടക്കാനാണ്. തിന്മയെ നന്മകൊണ്ട് ഇല്ലാതാക്കാന്‍ (റോമാ 12/21) നമുക്ക് സാധിക്കണം.
എന്ത് വിശ്വസിക്കണം, എന്തിന് പ്രാര്‍ത്ഥിക്കണം, എന്ത് പകരം ചെയ്യണം എന്നിങ്ങനെയുള്ള സംശയത്തിന്‍റെ അരൂപി അന്തരീക്ഷത്തില്‍ വ്യാപിക്കുമ്പോള്‍ സംശയം കൂടാതെ യേശുവിന്‍റെ വഴികള്‍ തിരഞ്ഞെടുക്കുക. യേശുവിന്‍റെ വചനങ്ങളിലും ജീവിതസന്ദേശത്തിലും മാത്രം അഭയം പ്രാപിക്കുക. അങ്ങനെ ചെയ്താല്‍, പാപം മൂലം വന്നുപോയ കുറേയേറെ നഷ്ടങ്ങള്‍ ചെറിയവരായ നമ്മളിലൂടെപ്പോലും ഈശോയ്ക്ക് പരിഹരിക്കാനാകും.
ഇതെത്ര നിസാരം എന്നുതോന്നുന്ന കൊച്ചുകൊച്ചു പ്രാര്‍ത്ഥനകള്‍ക്കും പ്രായശ്ചിത്ത പ്രവൃത്തികള്‍ക്കും ദൈവസന്നിധിയില്‍ വലിയ വിലയുണ്ട്. കാരണം ദൈവസ്‌നേഹമാണ് ഒരാളെ പ്രായശ്ചിത്ത പരിഹാര പ്രവൃത്തികള്‍ അനുഷ്ഠിക്കാന്‍ പ്രേരിപ്പിക്കുന്നത്. ദൈവസ്‌നേഹത്തില്‍നിന്നും ഉടലെടുക്കുന്ന ഏത് നിസാര പ്രവൃത്തിയും ആത്മാക്കളുടെ രക്ഷയ്ക്കായുള്ള ആഗ്രഹവും ദൈവസന്നിധിയില്‍ മൂല്യമുള്ളതാണ്. ഈശോ വെളിപ്പെടുത്തിയ ഒരു കൊച്ചു പ്രാര്‍ത്ഥന ഇപ്രകാരമാണ്. ”ഈശോ മറിയം യൗസേപ്പേ, ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു. ആത്മാക്കളെ രക്ഷിക്കണമേ.” ഈ പ്രാര്‍ത്ഥന ഒരു പ്രാവശ്യം ചൊല്ലുമ്പോള്‍ അറുപത് ആത്മാക്കളെ ഈശോ ശുദ്ധീകരണ സ്ഥലത്ത് നിന്നും മോചിപ്പിക്കും എന്നാണ് ഈശോ വിശുദ്ധര്‍ക്ക് വെളിപ്പെടുത്തിയത്.
നമുക്കും ഇങ്ങനെ പ്രാര്‍ത്ഥിക്കാം. ചെറുതില്‍നിന്ന് തുടങ്ങാം. നശിച്ചുപോകുന്ന ആത്മാക്കളെ പ്രതി ഒരു നെടുവീര്‍പ്പ്, ഒരു കൊച്ചു പ്രാര്‍ത്ഥന, ചെറിയ ചെറിയ ആശയടക്കങ്ങള്‍, പാപം ഉപേക്ഷിക്കല്‍, വചനം പാലിക്കല്‍ തുടങ്ങിയവ ചെയ്തുകൊണ്ട് നമുക്കും പാപം വരുത്തിവയ്ക്കുന്ന പൊതുകടം വീട്ടുന്നതില്‍ പങ്കാളിയാകാം.
”നന്‍മചെയ്യുന്നതിലും നിങ്ങള്‍ക്കുള്ളവ പങ്കുവയ്ക്കുന്നതിലും ഉപേക്ഷ വരുത്തരുത്. അത്തരം ബലികള്‍ ദൈവത്തിനു പ്രീതികരമാണ്” (ഹെബ്രായര്‍ 13/16).

ഒരിക്കല്‍ അള്‍ത്താരയില്‍ എഴുന്നള്ളിച്ചുവച്ചിരുന്ന ദിവ്യകാരുണ്യം ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു മിഷനറി. അത് വികസിപ്പിച്ചപ്പോള്‍ വിസ്മയകരമായ ഒരു ചിത്രമാണ് ലഭിച്ചത്. ഫോട്ടോയില്‍ ദിവ്യകാരുണ്യത്തിന്‍റെ സ്ഥാനത്ത് തെളിഞ്ഞത് ബാലനായ ഈശോയുടെ ചിത്രം! ദൈവപിതാവിനെ നോക്കി നമുക്കായി പ്രാര്‍ത്ഥിക്കുന്ന ഈശോ. ഫോട്ടോയുടെ പശ്ചാത്തലത്തില്‍ കാണപ്പെട്ടത് സാധുവായ ആശാരിയുടെ പണിശാലയായിരുന്നു. അള്‍ജീരിയന്‍ മരുഭൂമിയില്‍ മിഷനറിയായി സേവനം ചെയ്ത വിശുദ്ധ ചാള്‍സ് ഡി ഫൂക്കോ (1858 -1916) യ്ക്കാണ് അസാധാരണമായ ഈ ദൈവാനുഭവം ലഭിച്ചത്. വിശുദ്ധനോടൊപ്പം നമുക്കും പ്രാര്‍ത്ഥിക്കാം:
എന്‍റെ ദൈവമേ, ഞാന്‍ അങ്ങയില്‍ വിശ്വസിക്കുന്നു, അങ്ങയെ ആരാധിക്കുന്നു, അങ്ങില്‍ പ്രത്യാശവയ്ക്കുന്നു, അങ്ങയെ സ്‌നേഹിക്കുന്നു. അങ്ങയില്‍ വിശ്വസിക്കുകയോ പ്രത്യാശവയ്ക്കുകയോ അങ്ങയെ ആരാധിക്കുകയോ സ്‌നേഹിക്കുകയോ ചെയ്യാത്ത സകലര്‍ക്കുംവേണ്ടി അങ്ങയോട് ഞാന്‍ മാപ്പ് ചോദിക്കുന്നു.
ഓ എന്‍റെ ഈശോയേ ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ. നരകാഗ്നിയില്‍നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എല്ലാ ആത്മാക്കളെയും പ്രത്യേകിച്ച്, അങ്ങേ സഹായം കൂടുതല്‍ ആവശ്യമുള്ള ആത്മാക്കളെയും സ്വര്‍ഗത്തിലേക്ക് ആനയിക്കണമേ, ആമ്മേന്‍.

വാഴ്ത്തപ്പെട്ട ഹെര്‍മ്മന്‍ ജപമാല വളരെ ശ്രദ്ധയോടും ഭക്തിയോടുംകൂടി രഹസ്യങ്ങള്‍ ധ്യാനിച്ചാണ് ചൊല്ലിയിരുന്നത്. ആ സമയങ്ങളില്‍ അതീവസൗന്ദര്യത്തോടെയും മഹിമയോടെയും പരിശുദ്ധ കന്യക അദ്ദേഹത്തിന് കാണപ്പെട്ടിരുന്നു. പക്ഷേ നാളുകള്‍ കഴിഞ്ഞപ്പോള്‍ ആ തീക്ഷ്ണത അദ്ദേഹത്തിന് നഷ്ടപ്പെട്ടു. ജപമാല അതിവേഗം ഭക്തിയും ശ്രദ്ധയുമില്ലാതെ ചൊല്ലാന്‍ തുടങ്ങി.
ആ ദിവസങ്ങളിലൊന്നില്‍ പരിശുദ്ധ അമ്മ അദ്ദേഹത്തിന് വീണ്ടും ദര്‍ശനം നല്കി. പറയത്തക്ക സൗന്ദര്യമില്ലാതെ, ചുളിവുവീണതും ദുഃഖഭരിതവുമായ മുഖമായിരുന്നു അമ്മയുടേത്. അതുകണ്ട് വാഴ്ത്തപ്പെട്ട ഹെര്‍മ്മന് ഭയവും അസ്വസ്ഥതയും തോന്നി. ഹെര്‍മ്മന്‍റെ പ്രതികരണം കണ്ട് പരിശുദ്ധ കന്യക വിശദീകരിച്ചു, ”ഇങ്ങനെയാണ് ഞാന്‍ നിന്നെ നോക്കുന്നത്. കാരണം നിന്‍റെ ആത്മാവില്‍ നീ എന്നെ പരിഗണിക്കുന്നത് ഇങ്ങനെയാണ്, അവഗണിക്കപ്പെടേണ്ടവളും തെല്ലും പ്രാധാന്യമില്ലാത്തവളുമായ ഒരു സ്ത്രീയെപ്പോലെ… നീയെന്താണ് എന്നെ ആദരവോടെ അഭിസംബോധന ചെയ്യാതെയും ജപമാലരഹസ്യങ്ങള്‍ ഭക്തിയോടെ ധ്യാനിക്കാതെയും എന്‍റെ സ്തുതികള്‍ ചൊല്ലാതെയും ഇരിക്കുന്നത്?
വിശുദ്ധ ലൂയിസ് മരിയ ഡി മോണ്ട്‌ഫോര്‍ട്ട്

ഏറ്റവും ആദരയോഗ്യമായ അപമാനങ്ങള്‍ ഏതാണെന്നറിയാമോ? ആകസ്മികമായോ നമ്മുടെ ജീവിതാവസ്ഥയോട് അനുബന്ധമായോ സംഭവിക്കുന്ന നിന്ദനങ്ങളാണ് ഏറ്റവും ആദരണീയം. ദൈവം കൂടുതല്‍ ഇഷ്ടപ്പെടുന്നതും നമ്മുടെ ആത്മീയാഭിവൃദ്ധിയെ അത്യധികം സഹായിക്കുന്നതും ഇവതന്നെ. എന്തുകൊണ്ടെന്നാല്‍ നാം ഇവയെ അന്വേഷിക്കുന്നില്ല. പ്രത്യുത, ദൈവം നല്കുമ്പോള്‍ സ്വീകരിക്കുകമാത്രമേ ചെയ്യുന്നുള്ളൂ. ദൈവം നമുക്കായി തിരഞ്ഞെടുക്കുന്നവ, നമ്മുടെ സാമര്‍ത്ഥ്യത്താല്‍ തിരഞ്ഞെടുക്കുന്നവയെക്കാള്‍ ശ്രേഷ്ഠമായിരിക്കുമല്ലോ.
വിശുദ്ധ ഫ്രാന്‍സിസ് ഡി സാലസ്

ഹെന്റി പ്രന്‍സീനിക്ക് വധശിക്ഷ! ഫ്രഞ്ച് ദിനപത്രങ്ങളിലെ അന്നത്തെ പ്രധാനവാര്‍ത്ത അതായിരുന്നു. ഫ്രാന്‍സിനെ നടുക്കിയ ഒരു കൂട്ടക്കൊലപാതകത്തിലെ പ്രതി പ്രന്‍സീനിക്ക് നല്കപ്പെട്ട ശിക്ഷയില്‍ ആര്‍ക്കും വലിയ അമ്പരപ്പോ ഖേദമോ തോന്നാനില്ല. പക്ഷേ ആ പത്രവാര്‍ത്ത ലിസ്യൂവിലെ വിശുദ്ധ തെരേസ എന്ന കൊച്ചുത്രേസ്യയുടെ ഹൃദയത്തില്‍ വ്യത്യസ്തമായ വികാരമാണ് സൃഷ്ടിച്ചത്. അന്നത്തെ മാധ്യമങ്ങളോടും പൊതുജനാഭിപ്രായത്തോടും ചേര്‍ന്ന് പ്രന്‍സീനിയെ അപലപിക്കാന്‍ അവള്‍ക്ക് തോന്നിയില്ല. പകരം ആ ആത്മാവിനായി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി, ത്യാഗങ്ങളേറ്റെടുത്തുകൊണ്ടുള്ള പ്രാര്‍ത്ഥന. തന്റെ പ്രാര്‍ത്ഥന സ്വീകരിക്കപ്പെട്ടെന്നതിന് ഈശോയോട് അടയാളവും ചോദിച്ചിരുന്നു.
അടുത്ത ദിനങ്ങളിലെല്ലാം പ്രന്‍സീനിയുടെ കാര്യത്തില്‍ സ്വര്‍ഗത്തില്‍നിന്നുള്ള അടയാളം ലഭിക്കുന്നുണ്ടോ എന്നറിയാന്‍ അവള്‍ വാര്‍ത്തകള്‍ തിരഞ്ഞു, പക്ഷേ ഒന്നും കണ്ടില്ല. ഒടുവില്‍ പ്രന്‍സീനിയുടെ ശിക്ഷ നടപ്പാക്കിയതിന്റെ വാര്‍ത്തകള്‍ വന്നു. വധിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് സമീപത്തുണ്ടായിരുന്ന വൈദികന്റെ കൈയില്‍നിന്ന് കുരിശ് ചോദിച്ചുവാങ്ങി മൂന്ന് പ്രാവശ്യം ചുംബിച്ചെന്ന് ആ വാര്‍ത്തകളില്‍ രേഖപ്പെടുത്തിയിരുന്നു. അന്ന് കൊച്ചുത്രേസ്യ തന്റെ ഡയറിയില്‍ പ്രന്‍സീനിയെക്കുറിച്ച് എഴുതി, ‘എന്റെ ആദ്യത്തെ കുഞ്ഞ്!!’ അതെ, സ്വര്‍ഗത്തിനായി അവള്‍ ജനിപ്പിച്ച ആദ്യത്തെ കുഞ്ഞായിരുന്നു പ്രന്‍സീനി.
സ്വയം ചോദിച്ചുനോക്കാം, കൊച്ചുത്രേസ്യയെപ്പോലെ എനിക്കെത്ര കുഞ്ഞുങ്ങളുണ്ടാകും?

ഡാമിലൊക്കെ റിസര്‍വോയര്‍ ഉണ്ടാവുമല്ലോ. അത്യാവശ്യം ഉയരത്തില്‍ പണിയുന്ന ഒന്ന്. അതിലെ ജലത്തിന് ചലനം ഇല്ല. പക്ഷേ അതിനൊരു ഊര്‍ജം ഉണ്ട്. പൊട്ടന്‍ഷ്യല്‍ എനര്‍ജി അഥവാ സ്ഥിതികോര്‍ജം എന്ന് വിളിക്കും. അടിസ്ഥാനപരമായ ഫിസിക്‌സാണ് പറയുന്നത്. വെള്ളം ഇങ്ങനെ സൂക്ഷിക്കുന്നതിന് പിന്നില്‍ ഒരു കാരണമുണ്ട്. വെള്ളത്തിനെപ്പോഴും ചലിക്കാനാണ് പ്രവണത. ചലനം വരുമ്പോഴാണ് പൊട്ടന്‍ഷ്യല്‍ എനര്‍ജി, കൈനറ്റിക് എനര്‍ജി അഥവാ ഗതികോര്‍ജം ആയി മാറുന്നത്. ഗതികോര്‍ജംമാത്രമേ പവര്‍ ഉത്പാദിപ്പിക്കുകയുള്ളൂ. ഡാമിലെ ജലം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നിടത്ത് ഈ തത്വമാണല്ലോ പ്രാവര്‍ത്തികമാക്കുന്നത്.
സമാനമായ ശാസ്ത്രം ഒരു ക്രിസ്തു അനുയായിയുടെ ആദ്ധ്യാത്മിക ജീവിതത്തിലുമുണ്ട്. ക്രിസ്തു ഉള്ളിലുള്ളതിനാല്‍ ഒരു ക്രിസ്ത്യാനിയില്‍ ഉന്നതമായ ‘പൊട്ടന്‍ഷ്യല്‍ എനര്‍ജി’ ഉണ്ട്. മാത്രവുമല്ല ആ ഊര്‍ജം എപ്പോഴും ചലനത്തിലേക്ക് അഥവാ ശുശ്രൂഷയിലേക്ക് ഊന്നിയിരിക്കുന്നു. ചലനം ഉണ്ടെങ്കിലേ പവര്‍ ഉത്പാദിപ്പിക്കാന്‍ കഴിയുകയുള്ളൂ. അതുപോലെതന്നെ ക്രിസ്ത്യാനിയുടെ ജീവിതത്തില്‍ ശുശ്രൂഷ ഉണ്ടെങ്കിലേ ദൈവികശക്തി പ്രവഹിക്കുകയുള്ളൂ. പരിശുദ്ധ അമ്മ നമ്മെ പഠിപ്പിക്കുന്ന പാഠം വേറൊന്നല്ല.
അമ്മ ക്രിസ്തുവിന്‍റെ ‘റിസര്‍വോയറാ’യിത്തീര്‍ന്നു. അതിനാല്‍ത്തന്നെ എപ്പോഴും ശുശ്രൂഷയിലേക്കായിരുന്നു ചായ്‌വ്. നേരെ എലിസബത്തിന്‍റെ പക്കല്‍ ചെന്നപ്പോള്‍, അതാ ശക്തി പ്രവഹിച്ചു. അവള്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു.
ശുശ്രൂഷ ഇല്ലെങ്കില്‍ പവര്‍ ഉത്പാദനം നടക്കില്ലെന്ന് ഓര്‍ക്കുക. ”പ്രവൃത്തികള്‍കൂടാതെയുള്ള വിശ്വാസം അതില്‍ത്തന്നെ നിര്‍ജീവമാണ്” (യാക്കോബ് 2/17). ആകയാല്‍ മറിയത്തെപ്പോലെ ഈശോയെ വഹിക്കുന്ന റിസര്‍വോയര്‍ ആകാനും ശുശ്രൂഷയിലൂടെ ദൈവികശക്തി ചുറ്റുമുള്ളവര്‍ക്കും പകരാനും നമുക്ക് സാധിക്കട്ടെ.

വികാരിയായി സ്ഥാനമേറ്റപ്പോള്‍ വിയാനിയച്ചന്‍റെ ഹൃദയം തകര്‍ക്കുന്ന അനേകം അനുഭവങ്ങളാണ് ആര്‍സിലെ ഇടവകയില്‍ അദ്ദേഹത്തെ കാത്തിരുന്നത്. ദൈവാലയത്തോട് ബന്ധമില്ലാതെ, വിശുദ്ധ കുമ്പസാരമില്ലാതെ, അശുദ്ധിയില്‍ ജീവിക്കുന്ന ഏറെ ആളുകള്‍… ആ ജനത്തിനുവേണ്ടി വിയാനിയച്ചന്‍ രാത്രിയാമങ്ങളിലും കണ്ണീരോടെ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. പല വീടുകളിലും ആ സമയത്തും രാത്രിവിരുന്നുകളും നൃത്തവും മദ്യപാനവും അരങ്ങേറിക്കൊണ്ടിരുന്നു.
വിയാനിയച്ചന്‍ തീക്ഷ്ണതയോടെ പ്രാര്‍ത്ഥന തുടര്‍ന്നതോടൊപ്പം ഇടവകയിലെ ഭക്തരായ സ്ത്രീകളെ ചേര്‍ത്ത് പരിശുദ്ധ ദൈവമാതാവിന്‍റെ ഒരു ജപമാലസഖ്യം ആരംഭിച്ചു. പലരും അതിനെ പരിഹാസത്തോടെയാണ് കണ്ടത്. പക്ഷേ പതുക്കെപ്പതുക്കെ ഇടവകയില്‍ മാറ്റങ്ങള്‍ സംഭവിക്കാന്‍ തുടങ്ങി.
പ്രാര്‍ത്ഥനാസഖ്യങ്ങളും അതിനായി ഏറ്റെടുക്കുന്ന ത്യാഗങ്ങളും ചിലപ്പോള്‍ പരിഹസിക്കപ്പെട്ടേക്കാം, പക്ഷേ അവയൊന്നും പാഴാവുകയില്ല.
”നന്മചെയ്യുന്നതില്‍ നമുക്ക് മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍ നമുക്ക് മടുപ്പ് തോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം” (ഗലാത്തിയാ 6/9).

ബാഹ്യമായ കാര്യങ്ങളില്‍ ദൈവേച്ഛയുമായി ഐക്യപ്പെടുക. ചൂട്, തണുപ്പ്, മഴ, വെയില്‍ എന്നിവ മാറിമാറി വരുമ്പോള്‍ ദൈവഹിതത്തിന് വിട്ടുകൊടുത്ത് നന്ദി പറയുക.
വ്യക്തിപരമായ കാര്യങ്ങള്‍ സ്വാഭാവികമായി സംഭവിക്കുമ്പോഴും ദൈവകരങ്ങളില്‍നിന്ന് സ്വീകരിക്കുക. വിശപ്പ്, ദാഹം, യാത്രാക്ലേശം, സല്‍പ്പേര് നശിക്കുക ഇങ്ങനെയൊക്കെ സംഭവിക്കുമ്പോഴും സമര്‍പ്പണം ശീലിക്കുക.
പ്രകൃത്യായുള്ള നമ്മുടെ പോരായ്മകള്‍, ബലഹീനതകള്‍, കഴിവുകുറവുകള്‍ എന്നിവ ദൈവകരങ്ങളില്‍നിന്ന് സ്വീകരിക്കുക. നമുക്ക് ഉള്ളതിനെപ്രതി സംതൃപ്തി പുലര്‍ത്തുക. മെച്ചപ്പെട്ട കഴിവുകളും ആരോഗ്യവും സമ്പത്തുമൊന്നും നമ്മെ വിശുദ്ധിയില്‍ വളര്‍ത്തണമെന്നില്ല.
മരണത്തെക്കുറിച്ചുപോലും എങ്ങനെ മരിക്കണം, എപ്പോള്‍ മരിക്കണം എന്ന് തിരഞ്ഞെടുക്കാന്‍ അവസരമുണ്ടായാല്‍ ദൈവഹിതംപോലെയാകട്ടെ എന്ന് സമര്‍പ്പണം ചെയ്യുക.
ആയിരിക്കുന്ന ജീവിതാവസ്ഥയില്‍ ദൈവഹിതം നിറവേറ്റുന്നവരാകുക. ഒരു സന്യാസിയായാല്‍ വിശുദ്ധനാകാമായിരുന്നു, മറ്റൊരു ആശ്രമത്തില്‍ ചേര്‍ന്നാല്‍ തപസിലും പ്രാര്‍ത്ഥനയിലും കഴിയാമായിരുന്നു എന്നിങ്ങനെ ചിന്തിക്കാതിരിക്കുക.
നമ്മുടെ കാര്യത്തില്‍മാത്രമല്ല, മറ്റുള്ളവരുടെ കാര്യത്തിലും ദൈവതിരുമനസ് നിറവേറാനാണ് നാം പ്രാര്‍ത്ഥിക്കേണ്ടത്. ദൈവം ആഗ്രഹിക്കാത്ത കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭിക്കാനായി നിര്‍ബന്ധപൂര്‍വം പ്രാര്‍ത്ഥിക്കരുത്. അത് അവരുടെ ആത്മനാശത്തിന് ഇടയാക്കിയേക്കാം.
വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി
'
ലോകത്തിന്‍റെ മണിക്കൂര്‍ അവസാനിക്കുന്നതിനുമുമ്പ് എന്‍റെ സഭയ്ക്ക് തിളക്കമാര്‍ന്ന വിജയമുണ്ടാകും. ക്രിസ്തുവിന്‍റെ ജീവിതത്തില്‍ ഉണ്ടായ സംഭവങ്ങളില്‍നിന്ന് ഒട്ടും വ്യത്യസ്തമായിരിക്കില്ല ക്രിസ്തുവിന്‍റെ മൗതികശരീരത്തിന്‍റെ ജീവിതത്തിലെ സംഭവങ്ങളും. പീഡാനുഭവത്തിന് തൊട്ടുമുമ്പ് ഓശാനയുണ്ടായിരിക്കും. ദൈവത്തിന്‍റെ ആകര്‍ഷകത്വത്തില്‍ രാജ്യങ്ങള്‍ കര്‍ത്താവിന്‍റെ മുന്നില്‍ മുട്ടുമടക്കും. പിന്നീട് എന്‍റെ സമരസഭയുടെ പീഡാനുഭവങ്ങള്‍ ഉണ്ടാകും. അവസാനം നിത്യമായ ഉത്ഥാനത്തിന്‍റെ മഹത്വം സ്വര്‍ഗ്ഗത്തില്‍ ഉണ്ടാകും.
മരിയാ വാള്‍ത്തോര്‍ത്തയോട് ഈശോ
ഒക്‌ടോബര്‍ 29, 1943
ലോകാവസാനനാളുകള്‍ (44)

ഒരു സിസ്റ്റര്‍ മദറിനെക്കുറിച്ച് പങ്കുവച്ച അനുഭവം. മഠത്തിലെ പൂന്തോട്ടത്തിനായി ഒരു പുല്ലുവെട്ടി വേണം. അതിനെക്കുറിച്ച് മദര്‍ മേരി ലിറ്റിയോട് പറഞ്ഞപ്പോള്‍ മദര്‍ നിര്‍ദേശിച്ചത് ഇങ്ങനെ: ”നിങ്ങള്‍ എന്നോട് ചോദിക്കാതെ നമ്മുടെ അമ്മയോട് (പരിശുദ്ധ മറിയത്തോട്) ചോദിക്ക്, അമ്മ തരും.” അങ്ങനെ പറഞ്ഞ് മദര്‍ ചിരിച്ചു. സിസ്റ്റര്‍ കരുതി പണമില്ലാത്തതുകൊണ്ടായിരിക്കും എന്ന്. എങ്കിലും മദര്‍ പറഞ്ഞതല്ലേ എന്നുകരുതി പ്രാര്‍ത്ഥിച്ചു.
പിറ്റേ ദിവസം. സമീപവാസിയായ ഒരു സ്ത്രീ മഠത്തില്‍ വന്നു. പരിചയമുള്ളവരാണ്, മഠത്തെ സഹായിക്കാറുമുണ്ട്. അവര്‍ കുടുംബമായി അമേരിക്കയിലേക്ക് പോകുകയാണ്. അതിനാല്‍ യാത്ര പറയാന്‍ വന്നതാണ്. പോകാന്‍ നേരം കൈയിലിരുന്ന ഒരു പൊതി മഠത്തില്‍ ഏല്പിച്ചിട്ട് പറഞ്ഞു, ”ഒരു പുല്ലുവെട്ടിയാണ്. വീട്ടില്‍ വച്ചിട്ടുപോയാല്‍ തുരുമ്പെടുത്ത് പോകും. ഇവിടെ വല്ല ഉപകാരത്തിനും കൊണ്ടെങ്കിലോ എന്നോര്‍ത്ത് കൊണ്ടുവന്നതാ.” അതുകേട്ട് മദറും മക്കളും ചിരിച്ചു.
***** ***** ***** *****
ഒരിക്കല്‍ സന്യാസസമൂഹത്തിലെ ഒരു മഠത്തിന് സമീപത്തുള്ള കുടുംബത്തില്‍ വലിയൊരു പ്രശ്‌നമുണ്ടായി. ആ സമയത്ത് മദര്‍ അവിടത്തെ സന്യാസിനികളെയെല്ലാം ഒന്നിച്ചുകൂട്ടി ആ പ്രശ്‌നത്തിന്‍റെ കാരണത്തെക്കുറിച്ച് അന്വേഷിച്ചു. ‘ഭാര്യയും ഭര്‍ത്താവും തമ്മില്‍ സ്‌നേഹമില്ല. ക്ഷമിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല…’ എന്നിങ്ങനെ നിരവധി കാരണങ്ങളായിരുന്നു സന്യാസിനികള്‍ പറഞ്ഞത്. പക്ഷേ മദര്‍ പറഞ്ഞു, ”ആ വീട്ടിലെ അസമാധാനത്തിനും പ്രശ്‌നങ്ങള്‍ക്കും കാരണം നമ്മുടെ പ്രാര്‍ത്ഥനക്കുറവാണ്. അതിനാല്‍ ഇന്നുരാത്രി നമുക്ക് ആ കുടുംബത്തിനുവേണ്ടി ദിവ്യകാരുണ്യസന്നിധിയിലിരുന്ന് ജാഗരിച്ചുപ്രാര്‍ത്ഥിക്കാം.” മദറിന്‍റെ നിര്‍ദേശപ്രകാരം അവര്‍ ആ രാത്രി മാറിമാറി ദിവ്യകാരുണ്യസന്നിധിയിലിരുന്ന് പ്രാര്‍ത്ഥിച്ചു. ആ കുടുംബത്തിലെ പ്രശ്‌നം പരിഹരിക്കപ്പെട്ടു, അവിടെ സമാധാനം നിറഞ്ഞു.
***** ***** ***** *****
മദര്‍ മേരി ലിറ്റി ക്യാന്‍സര്‍ബാധിതയായ സമയത്ത് സര്‍ജറി നിശ്ചയിച്ചു. സര്‍ജറിക്കുമുമ്പ് ആശുപത്രിക്കിടക്കയിലായിരുന്ന ഒരു ദിവസം. മദര്‍ വളരെ സന്തോഷവതിയായി കാണപ്പെട്ടു. കൂടെയുള്ള സിസ്റ്റര്‍ കാരണമന്വേഷിച്ചപ്പോള്‍ മദര്‍ പറയുകയാണ്, ”എനിക്ക് നല്ല സന്തോഷമാണ്, കാരണം ഇന്നലെ രാത്രിയില്‍ ഞാനൊരു കാഴ്ച കണ്ടു. അത് സ്വപ്നമാണോ എന്നെനിക്കറിയില്ല. ഓര്‍മവച്ച നാള്‍മുതല്‍ ഞാന്‍ ചെയ്ത പാപമെല്ലാം ഒരു സ്‌ക്രീനില്‍ കാണുന്നപോലെ എന്‍റെ മുമ്പില്‍ കണ്ടു. ഞാനൊരു വലിയ പാപിയാണ്, ഇത്രയേറെ പാപങ്ങള്‍ ചെയ്ത ഞാനിനി എന്തുചെയ്യും എന്ന് വിചാരിച്ചു. എന്‍റെ ഈശോയേ എന്ന് വിളിച്ച് ഞാന്‍ കരഞ്ഞുകൊണ്ടിരുന്നു. അപ്പോള്‍ എന്‍റെ മുന്നില്‍ വലിയൊരു കടല്‍ കണ്ടു. കടലിനും എനിക്കുമിടയില്‍ പാപങ്ങളാകുന്ന വലിയ പാറ. ഈശോ എന്നോട് പറഞ്ഞു, നിന്‍റെ പാപങ്ങളെല്ലാം ഈ കടലിലേക്ക് തള്ളിയിടൂ. എന്‍റെ കരുണക്കടലില്‍ അവയെല്ലാം ഇല്ലാതാകും. എനിക്ക് തനിയെ ചെയ്യാന്‍ കഴിയുന്ന കാര്യമായിരുന്നില്ല അത്. എങ്കിലും ഈശോ പറഞ്ഞതുകൊണ്ട് എന്‍റെ സര്‍വശക്തിയുമെടുത്ത് ഞാന്‍ ആ പാറ കടലിലേക്ക് ആഞ്ഞുതള്ളി. പാറ കടലില്‍ മുങ്ങിപ്പോയി. അതുകഴിഞ്ഞപ്പോള്‍മുതല്‍ എനിക്ക് വലിയ സ്വസ്ഥതയും സമാധാനവുമാണ്. ഈശോയുടെ കരുണയ്ക്ക് പറ്റാത്തതായി ഒന്നുമില്ലല്ലോ.”
'