Trending Articles
കോളേജില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ അവിടെ ഒരു പ്രെയര്‍ ഗ്രൂപ്പ് ആരംഭിക്കുക എന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു. എന്റെ സഹോദരന് പഠിച്ചിരുന്ന കോളേജിലെ പ്രെയര്‍ ഗ്രൂപ്പിന്റെ വിശേഷങ്ങള്‍ എന്നെ ഇക്കാര്യത്തില്‍ ഏറെ സ്വാധീനിച്ചിട്ടുണ്ട്. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്ന അവിടെ ഒരു ചെറിയ പ്രെയര്‍ ഗ്രൂപ്പിനുവേണ്ടി നിസാരദിവസങ്ങളല്ല ഞാന്‍ കാത്തിരുന്നിട്ടുള്ളത്. അഞ്ചു വര്‍ഷക്കാലം അതിനുവേണ്ടി ഓടിനടന്നു. എന്നാല്‍ ഫലമോ ശൂന്യം. വര്‍ഷങ്ങള്‍ അധ്വാനിച്ചിട്ടും ഒരാളെപ്പോലും കണ്ടെത്താന്‍ സാധിക്കാത്തതിന്റെ നിരാശയുമായാണ് അവിടെനിന്നും പഠനം കഴിഞ്ഞിറങ്ങിയത്. ഒരാളുപോലും വരാതെ പലതവണ ഞാന്‍ ഒറ്റയ്ക്ക് പ്രെയര്‍ ഗ്രൂപ്പ് കൂടിയിട്ടുണ്ട്.
ഈ മുന്‍ അനുഭവം മൂലം, ജോലിക്ക് ചെന്ന പുതിയ സ്ഥലത്ത്, നിശബ്ദനാകാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ നിങ്ങള്‍ അധ്വാനിക്കാത്ത വയലുകളും നിങ്ങള്‍ നട്ടുവളര്‍ത്താത്ത മുന്തിരിത്തോട്ടവും നിങ്ങള്‍ക്ക് ഞാന്‍ തരുന്നു എന്ന് ജോഷ്വായെ ഓര്‍മ്മപ്പെടുത്തിയ കര്‍ത്താവ് എന്റെ കാര്യത്തിലും അതുതന്നെ ചെയ്തതാണ് അവിടെ ഞാന്‍ കണ്ടത്. ഞാനായിട്ട് പ്രത്യേകിച്ചൊന്നും ചെയ്യാതെതന്നെ അവിടെ ആരംഭിച്ച പ്രെയര്‍ ഗ്രൂപ്പ് പുതിയ അംഗങ്ങളാല്‍ നിറയുകയായിരുന്നു. അല്‍പ്പം മുന്‍പ് സൂചിപ്പിച്ച വാഗ്ദാനവചനം അക്ഷരാര്‍ത്ഥത്തില്‍ നിറവേറുന്ന കാഴ്ച. അത്ഭുതമെന്തെന്നുവച്ചാല്‍, എനിക്കുണ്ടായ പഴയ അനുഭവംപോലെത്തന്നെ ഒരു പ്രെയര്‍ ഗ്രൂപ്പിനായി വര്‍ഷങ്ങള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന മറ്റൊരാള്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് അവിടെ നിന്നും പോയത് എന്നതാണ്. അന്ന് ആ വ്യക്തിയിലൂടെ പ്രെയര്‍ ഗ്രൂപ്പ് ആരംഭിക്കാന്‍ സാധിച്ചില്ലെങ്കിലും അതിനുവേണ്ട ഒരുക്കങ്ങള്‍ ദൈവാത്മാവ് ചെയ്തുവച്ചിരുന്നു. ആ വ്യക്തിയിലൂടെ നട്ടു. മറ്റൊരാളിലൂടെ നനച്ചു. ദൈവംതന്നെ അത് വളര്‍ത്തി.
ഇതാണ് കര്ത്താവിന്, സുവിശേഷവേല ചെയ്യുന്നവരോട് എന്നും പറയാനുള്ള കാര്യം.
നീ വിതയ്ക്കുക; നീതന്നെ ഫലം കാണണമെന്നോ കൊയ്യണമെന്നോ ആഗ്രഹിക്കാതെ, തളരാതെ വചനം വിതയ്ക്കുക.
പൗലോസ് ശ്ലീഹ സ്വന്തം അനുഭവത്തില്‍നിന്നും പറഞ്ഞത് ഇങ്ങനെയല്ലേ? ഞാന്‍ നട്ടു; അപ്പോളോസ് നനച്ചു; എന്നാല്‍, ദൈവമാണു
വളര്‍ത്തിയത്. അതുകൊണ്ട്, നടുന്നവനോ നനയ്ക്കുന്നവനോ അല്ല വളര്‍ത്തുന്നവനായ ദൈവത്തിനാണ് പ്രാധാന്യം. നടുന്നവനും നനയ്ക്കുന്നവനും തുല്യരാണ്. ജോലിക്കു തക്ക കൂലി ഓരോരുത്തര്‍ക്കും ലഭിക്കും” (1 കോറിന്തോസ് 3/6-8). ഇതുതന്നെയാണ് എന്റെ അനുഭവത്തില്‍നിന്നും മനസ്സിലായിട്ടുള്ളത്.
“വചനം പ്രസംഗിക്കുക; സാഹചര്യങ്ങള്‍ അനുകൂലമാണെങ്കിലും അല്ലെങ്കിലും ജാഗരൂകതയോടെ വര്‍ത്തിക്കുക; മറ്റുള്ളവരില്‍ ബോധ്യം ജനിപ്പിക്കുകയും അവരെ ശാസിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്യുക; ക്ഷമ കൈവിടാതിരിക്കുകയും പ്രബോധനത്തില്‍ ശ്രദ്ധിക്കുകയും ചെയ്യുക…..നീയാകട്ടെ, എല്ലാക്കാര്യങ്ങളിലും സമചിത്തത പാലിക്കുക; കഷ്ടതകള്‍ സഹിക്കുകയും സുവിശേഷകന്റെ ജോലി ചെയ്യുകയും നിന്റെ ശുശ്രൂഷ നിര്‍വ്വഹിക്കുകയും ചെയ്യുക” (2 തിമോത്തിയോസ് 4/2-5).
ആനുകാലിക സംഭവങ്ങളോ പ്രതീക്ഷിക്കാത്ത പ്രതികരണമോ കണ്ട്, അവിടുന്ന് നിന്നെ പ്രത്യേകമായി ഏല്പിച്ചിരിക്കുന്ന ദൗത്യത്തില്‍നിന്നും ഒരിക്കലും പിന്മാറരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. നാമിപ്പോള്‍ ആയിരിക്കുന്ന ഇടം തന്നെയാണ് അവിടുന്ന് നമുക്ക് നല്‍കിയിരിക്കുന്ന കൃഷിസ്ഥലം.
സത്യത്തില്‍ നാമല്ല, ദൈവാത്മാവാണ് നമ്മിലൂടെ അവിടുത്തെ പ്രവൃത്തി ചെയ്യുന്നത്. ഈശോമിശിഹായില്‍ അഭിവാദനങ്ങള്‍!
ബ്രദര്‍ അഗസ്റ്റിന് ക്രിസ്റ്റി PDM
നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇവ സത്യവും യാഥാര്‍ത്ഥ്യവുമാണെന്ന വെളിപ്പെടുത്തലോടെ പ്രശസ്ത ഭൂതോച്ഛാടകന്‍ ഫാ. ഫ്രാന്‍സിസ്കോ ലോപസ് സെഡാനോ നല്കുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധേയമാണ്. ഹോളിസ്പിരിറ്റ് സഭാംഗമായ ഈ മെക്സിക്കന്‍ വൈദികന്റെ 40 വര്‍ഷത്തെ ഭൂതോച്ഛാടന ശുശ്രൂഷയ്ക്കിടെ 6000 പൈശാചികബാധകള്‍ ഒഴിപ്പിച്ചിട്ടുണ്ട്. പിശാചുക്കള്‍ ക്രിസ്തുവിന്റെ ഈ പുരോഹിതനെ വളരെയധികം ഭയപ്പെടുകയും അദേഹത്തിന്റെ സാന്നിധ്യത്തില്‍ വിറകൊള്ളുകയും ചെയ്യുന്നതായി കണ്ടിട്ടുണ്ട് എന്നദ്ദേഹം വെളിപ്പെടുത്തി. പിശാചില്ലെന്ന് വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരുണ്ട്. അത് പിശാചിന്റെതന്നെ വലിയ തന്ത്രമാണ്, മറഞ്ഞിരുന്ന് പ്രവര്‍ത്തിക്കാനാണ് അവന് താല്പര്യം. എന്നാല്‍ സാത്താന് എന്നത് അന്ധവിശ്വാസമോ വെറും തോന്നലോ മിഥ്യയോ അല്ല, യാഥാര്‍ത്ഥ്യമാണെന്ന് ഫാ. ലോപസ് ഓര്‍മിപ്പിക്കുന്നു. പ്രവര്‍ത്തന ശൈലി ഭൂതോച്ഛാടനം നടത്തുന്ന അവസരങ്ങളില്‍ ഞാന്‍ പിശാചിനോട് നേരിട്ട് സംസാരിക്കാറുണ്ട്. അതിനാല്‍ത്തന്നെ തിരിച്ചറിയണം, അവന് വ്യക്തിയാണ്, വസ്തുവല്ല. നമ്മെ ദൈവത്തില്‍നിന്ന് അകറ്റുകയാണ് ശത്രുവായ സാത്താന്റെ പ്രധാന ലക്ഷ്യം. ദൈവമക്കളായ നമ്മെ ദൈവത്തിനെതിരാക്കുകയോ ദൈവമില്ലെന്ന് വിശ്വസിപ്പിക്കുകയോ ചെയ്യും. അതുവഴി മനുഷ്യനെ സംപൂര്‍ണ നാശത്തിലെത്തിക്കുന്നതുവരെ അവന് തന്ത്രപൂര്‍വം വിശ്രമരഹിതനായി അദ്ധ്വാനിക്കും. നമ്മെ ഭയപ്പെടുത്താനാണ് പിശാച് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത്. അറിയപ്പെടാത്ത ലക്ഷണങ്ങള്‍ അലസത, ക്ഷീണം, അവിശ്വാസം, നിരാശ, വിദ്വേഷം തുടങ്ങി എല്ലാ നെഗറ്റിവ് ചിന്തകളും സാത്താന്റെ സൃഷ്ടിയാണ്. ഉള്ളിലേക്കുള്ള വാതിലുകള്‍ ഒരു വ്യക്തി അനുവദിക്കുന്നതുകൊണ്ടാണ് തിന്മ അയാളില്‍ പ്രവേശിക്കുന്നത്. അറിഞ്ഞോ അറിയാതെയോ സാത്താനുവേണ്ടി വാതില്‍ തുറന്നുകൊടുക്കുന്നതുകൊണ്ട് അവന് ഉള്ളിലെത്തും. അവന് നമ്മുടെ അടുത്തു വരാന്‍ ധൈര്യമില്ല. എന്നാല്‍ നമ്മിലെ എല്ലാവിധ തിന്മകളും വെറുപ്പും നീരസവും തുടങ്ങി അവന് ഇഷ്ടമുള്ളവയൊക്കെ നമ്മുടെ അകത്തുകടക്കുന്നതിനായി തുറക്കപ്പെട്ട വാതിലുകളാണ്. ശത്രുവിന്റെ പച്ചക്കള്ളങ്ങള്‍ നക്ഷത്രങ്ങള്‍ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നുവെന്ന് വിശ്വസിക്കുന്നതും വിശ്വസിപ്പിക്കുന്നതും വലിയ നുണയാണ്. ജാലവിദ്യ, വാരഫലം നോക്കല്‍, അന്ധവിശ്വാസം, മന്ത്രവാദം, ഭാവി പ്രവചനം, ഒക്കള്‍ട്ട്, ന്യൂ ഏജ്, മരിച്ചവരുടെ ആത്മാക്കളോടുള്ള സംഭാഷണം തുടങ്ങിയവയില്‍നിന്നെല്ലാം അകന്നു നില്‍ക്കണം. ഇവയിലൂടെയെല്ലാം തിന്മയുടെ ശക്തികളെ ഒരുവന് തന്റെ ഉള്ളിലേക്ക് ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്. എങ്ങനെ തിരിച്ചറിയാം? പിശാചുബാധിതരെ തിരിച്ചറിയാന്‍ കഴിയുന്ന പ്രകടമായ പ്രത്യേകതകളുണ്ട്. അവര്‍ ചിലപ്പോള്‍ ഉറക്കെ നിലവിളിക്കും, അലറും, നായയെപ്പോലെ കുരയ്ക്കും. പാമ്പ് ഇഴയുന്നതുപോലെ ഇഴയും. പലതരത്തില്‍, ഭാഷകളില്‍ സംസാരിക്കും, ഇങ്ങനെ ആയിരത്തോളം ലക്ഷണങ്ങള്‍ കാണിച്ചേക്കാം. കൂടാതെ ദൈവത്തെ തള്ളിപ്പറയുക, നിഷേധിക്കുക, വിശുദ്ധ ഗ്രന്ഥത്തെ അപമാനിക്കുക, ദൈവവചനം കേള്‍ക്കുമ്പോള്‍ വിദ്വേഷത്താല്‍ നിറയുക തുടങ്ങിയവയും ലക്ഷണമാണ്. ചില വേദനകളും രോഗലക്ഷണങ്ങളും സാത്താന് ബാധയുടെ അടയാളങ്ങളാകാം (എല്ലാം അല്ല എന്ന് പ്രത്യേകം ഓര്‍മിപ്പിക്കുന്നു). വൈദ്യശാസ്ത്ര പരിശോധനകളില്‍ ഇത്തരക്കാരില്‍ യാതൊരു രോഗവും ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ കഴിയില്ല. കാരണം സാത്താന് വൈദ്യശാസ്ത്രത്തിനും അപ്പുറം നിലകൊള്ളുന്ന യാഥാര്‍ത്ഥ്യമാണ്. ഭൂതോച്ഛാടനത്തില്‍ സംഭവിക്കുന്നത് ഭൂതോച്ഛാടകന്റെ കഴിവുമൂലമല്ല, പിശാചുക്കള്‍ ഒഴിഞ്ഞുപോകുന്നത്, മറിച്ച് ദൈവത്തിന്റെ ശക്തിയാലാണ്. ഏകസത്യദൈവമായ യേശുക്രിസ്തുവിന്റെ അധികാരത്തിനുമുമ്പില്‍ ഒരു തിന്മയ്ക്കും നില്‍ക്കാനാകില്ല. രോഗികളെ സുഖപ്പെടുത്തുക, മരിച്ചവരെ ഉയിര്‍പ്പിക്കുക, പിശാചുക്കളെ ബഹിഷ്കരിക്കുക ദൈവവചനം പ്രഘോഷിക്കുക, പഠിപ്പിക്കുക തുടങ്ങിയ അധികാരങ്ങള്‍ ക്രിസ്തു, പൗരോഹിത്യത്തിലൂടെ ഓരോ പുരോഹിതനും നല്‍കിയിട്ടുണ്ട് (മത്തായി 10/1, 10/8, 18/18, 28/18). അതുകൊണ്ടുതന്നെയാണ് പ്രത്യേക പരിശീലനം ലഭിച്ച വൈദികരെ ഔദ്യോഗിക ഭൂതോച്ഛാടകരായി കത്തോലിക്കാ സഭ നിയോഗിച്ചിരിക്കുന്നത്. പോണോഗ്രഫിയുടെയും അശുദ്ധിയുടെയും അധികരിച്ച വ്യാപനം, മയക്കുമരുന്നുകളുടെ ഉപയോഗം, ഒക്കള്‍ട്ട്, ന്യൂ ഏജ് മൂവ്മെന്റുകള്‍ എന്നിവയെല്ലാം ഇക്കാലഘട്ടത്തില്‍ ഭൂതോച്ചാടകരുടെ ശുശ്രൂഷ വളരെയധികം അനിവാര്യമാണെന്നത് ചൂണ്ടിക്കാണിക്കുന്നു.
By: Shalom Tidings
Moreഓ ബെത്ലഹെമിലെ മാധുര്യമുള്ള ശിശുവേ, ക്രിസ്തുമസിന്റെ ഈ ആഴമേറിയ രഹസ്യം മുഴുഹൃദയത്തോടെ പങ്കുവയ്ക്കാന്‍ ഞങ്ങള്‍ക്ക് കൃപയേകണമേ. അങ്ങേക്ക് മാത്രം നല്കാന് കഴിയുന്ന സമാധാനം ഞങ്ങള്‍ക്ക് പ്രദാനം ചെയ്താലും. കാരണം പലപ്പോഴും ഈ സമാധാനത്തിനുവേണ്ടിയാണ് ഞങ്ങള്‍ അലയുന്നത്. പരസ്പരം നല്ലവണ്ണം മനസിലാക്കിക്കൊണ്ട്, ഒരു പിതാവിന്റെ മക്കളെന്ന നിലയില്‍ എല്ലാവരും സഹോദരങ്ങളായി ജീവിക്കാന്‍ തുണയ്ക്കണമേ. അങ്ങേ ശാശ്വതസൗന്ദര്യവും പരിശുദ്ധിയും പവിത്രതയും അവര്‍ക്ക് വെളിപ്പെടുത്തിയാലും. അങ്ങേ പരമനന്മയെപ്രതി സ്നേഹവും നന്ദിയും അവരുടെ ഹൃദയങ്ങളില്‍ ഉണര്‍ത്തണമേ. അങ്ങേ സ്നേഹത്തില്‍ എല്ലാവരെയും ഒന്നിപ്പിക്കുക, അങ്ങേ സ്വര്‍ഗീയശാന്തി ഞങ്ങള്‍ക്ക് നല്‍കുക, ആമ്മേന്‍. വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പയുടെ ക്രിസ്മസ് പ്രാര്‍ത്ഥന
By: Shalom Tidings
Moreഒരു കുടുംബത്തില്‍ സ്വത്ത് ഭാഗം വയ്ക്കുകയാണ്. നാല് ആണ്മക്കളും മൂന്നു പെണ്മക്കളും അമ്മയും. ആകെ സ്ഥലം മുപ്പത്തിയഞ്ചര സെന്റ്. അമ്മയെ നോക്കിയതും വാര്‍ധക്യകാലത്ത് ശുശ്രൂഷിച്ചതും ഇളയമകനായിരുന്നു. "പത്തുസെന്റും വീടും നിനക്കുള്ളതാണ്" അമ്മ പറഞ്ഞുവച്ചു. പക്ഷേ അമ്മ പെട്ടെന്ന് മരിച്ചു. മകനുവേണ്ടി ഒസ്യത്ത് എഴുതി ഉറപ്പിച്ചിരുന്നുമില്ല. ഇളയവന് കരുതി, "സ്വന്തം സഹോദരങ്ങളല്ലേ? ആരെതിര്‍ക്കാന്‍..." എന്നാല്‍ അവന് വിചാരിച്ചതുപോലെ കാര്യങ്ങള്‍ നടന്നില്ല. അവനെ ഞെട്ടിച്ചുകൊണ്ട് സഹോദരങ്ങള്‍ ഒത്തുകൂടി പറഞ്ഞു, "സ്വത്ത് തുല്യമായി വീതിക്കണം." "ചേട്ടാ വീടെനിക്കുള്ളതല്ലേ..." പറ്റില്ലെന്നായി അവര്‍. അവര്‍ ഒറ്റക്കെട്ടായി. തങ്ങളോരോരുത്തരുടെയും കുടുംബത്തെയും കുട്ടികളെയും അവരുടെ പഠിപ്പും ചെലവുകളും ഭാവിയും സന്തോഷകരമായ ജീവിതവും അവരവര്‍ മുന്നില്‍ കണ്ടു. ഓരോ സെന്റ് ഭൂമിയും ലക്ഷങ്ങള്‍ വില പിടിച്ചതാണ്. വായ്മൊഴിയല്ലേ? അമ്മ പറഞ്ഞതിനു തെളിവില്ലല്ലോ? "വീടു പൊളിക്കണം. എന്നാലേ കൃത്യമായി വീതിക്കാനാവൂ. വഴി വരുന്നത് വീടിന് നടുവിലായിട്ടാണ്" അവര്‍ ആവശ്യപ്പെട്ടു. "വീടുണ്ടെങ്കില്‍ എനിക്കൊരു വിവാഹം നടക്കില്ലേ? വീടില്ലാതായാല്...? പകരം സ്ഥലം തരട്ടെ..." യാചനാപൂര്‍വം അനുജന് അവരോടഭ്യര്‍ത്ഥിച്ചു. "വേണ്ട, വീടു പൊളിക്കണം" ഏവരും ഒറ്റക്കെട്ടായി. ഒരുമിച്ച് തിന്നും കുടിച്ചും ഉറങ്ങിയും സ്നേഹിച്ചും സഹിച്ചും വഴക്കുണ്ടാക്കിയും ഒരുപോലെ കഴിഞ്ഞ വീട്. അനുജന്റെ കണ്ണു നിറഞ്ഞു. തന്റെ കടയ്ക്കല്‍ അവര്‍ കത്തിവച്ചു കഴിഞ്ഞിരിക്കുന്നു. വീട് വെട്ടിപ്പൊളിക്കപ്പെട്ടു. അതിനു നടുവിലൂടെ അവര്‍ വഴിവെട്ടി. പുരാതനാവശിഷ്ടംപോലെ ഒരു മുറിയും കുളിമുറിയുമായി നാല് ചുമരുകള്‍ ഔദാര്യംപോലെ അനുജനായി അവശേഷിപ്പിച്ചു. എന്നിട്ട് അവര്‍ ഓര്‍മിപ്പിച്ചു "നിനക്ക് കിടന്നുറങ്ങാമല്ലോ?" വര്‍ഷങ്ങള്‍ക്കുശേഷവും അവിവാഹിതനായി തുടരുന്ന ആ സഹോദരന് പറഞ്ഞു, "അവര്‍ ഒന്നു മനസു വച്ചിരുന്നുവെങ്കില്‍ എനിക്കൊരു കുടുംബജീവിതം ലഭിക്കുമായിരുന്നു. ഇപ്പോള്‍ വിവാഹപ്രായവും കഴിഞ്ഞിരിക്കുന്നു." ചേര്‍ന്നിരുന്ന ഇഷ്ടികകളും ഭിത്തികളും മുറികളും അതിലെ ആളനക്കങ്ങളും എവിടെയെന്ന് ആ വീടിന്റെ ശേഷിപ്പ് നിലവിളിക്കുകയാണ്. വിലാപങ്ങളുടെ പുസ്തകത്തില്‍ പറയുന്നു: "അത്യുന്നതന്റെ സന്നിധിയില്‍ മനുഷ്യന്റെ അവകാശത്തെ തകിടം മറിക്കുന്നതും മനുഷ്യന് നീതി നിഷേധിക്കുന്നതും കര്‍ത്താവ് അംഗീകരിക്കുന്നില്ല" (വിലാപങ്ങള്‍ 3/35-36). വര്‍ഷങ്ങള്‍ ഏറെ കടന്നുപോയി. അനുജന് വേദനാജനകമായ നെടുവീര്‍പ്പുകളോടെ ദുരനുഭവങ്ങള്‍ അയവിറക്കുകയാണ്. പക്ഷേ, സഹോദരങ്ങളില്‍ ചിലര്‍ നിത്യരോഗികളായി മാറിയിരിക്കുന്നു. സാമ്പത്തികമായി തകര്‍ന്നവര്‍, മക്കള്‍ രോഗികളായവര്‍. ഗതികെട്ട്, തിടുക്കപ്പെട്ട് നേടിയ ഭാഗം പകുതി വിലയ്ക്ക് വിറ്റ് ചികിത്സയ്ക്കായി ചെലവഴിക്കുന്നവര്‍... സമ്പത്തും മനഃസമാധാനവും രോഗങ്ങള്‍ തിന്നുതീര്‍ക്കുകയാണ്. സങ്കീര്‍ത്തകന്‍ പറയുന്നു "പാപകരമായ മാര്‍ഗങ്ങള്‍ പിന്തുടര്ന്ന് ചിലര്‍ രോഗികളായിത്തീരുന്നു. തങ്ങളുടെ അകൃത്യങ്ങളാല്‍ അവര്‍ ദുരിതത്തിലുമായി" (സങ്കീര്‍ത്തനങ്ങള്‍ 107/17). ഗലീലിയക്കാരായ ഏതാനും പേരുടെ ബലികളില്‍ അവരുടെ രക്തംകൂടി പീലാത്തോസ് കലര്‍ത്തിയ വിവരം അറിഞ്ഞ ഈശോ ചോദിച്ചു, ഇവയെല്ലാം അനുഭവിച്ചതുകൊണ്ട് അവര്‍ മറ്റെല്ലാ ഗലീലിയരെയുംകാള്‍ കൂടുതല്‍ പാപികളായിരുന്നുവെന്ന് നിങ്ങള്‍ കരുതുന്നുവോ? സീലോഹയില്‍ ഗോപുരം ഇടിഞ്ഞുവീണ് കൊല്ലപ്പെട്ട പതിനെട്ടു പേരെയും ചേര്‍ത്തുവച്ച് ഈശോ പറഞ്ഞു: അല്ല എന്നു ഞാന്‍ പറയുന്നു. പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും (ലൂക്കാ 13/1-5). നമുക്കും സ്വയം പരിശോധിക്കാം. ഇത്തരത്തില്‍ എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ പശ്ചാത്തപിക്കുകയും ഏറ്റുപറയുകയും ഉചിതമായ പരിഹാരങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തുകൊണ്ട് ഐശ്വര്യത്തിന്റെ വഴികളിലേക്ക് കടന്നുവരാം. "തെറ്റുകള്‍ മറച്ചുവയ്ക്കുന്നവന് ഐശ്വര്യമുണ്ടാവുകയില്ല; അവ ഏറ്റുപറഞ്ഞ് പരിത്യജിക്കുന്നവന് കരുണ ലഭിക്കും" (സുഭാഷിതങ്ങള്‍ 28/13).
By: Joey Pullolikal
Moreസെപ്റ്റംബര്‍ 2020 ശാലോം ടൈംസ് മാസികയില്‍ 35-ാം ദിവസം കിട്ടിയ സന്തോഷവാര്‍ത്ത എന്ന സാക്ഷ്യം വായിക്കാന്‍ ഇടയായി. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷമായിട്ടും എന്റെ മകള്‍ക്ക് കുഞ്ഞുങ്ങള്‍ ഇല്ലായിരുന്നു. ആ സാക്ഷ്യത്തില്‍ വായിച്ചതനുസരിച്ച് ഞാനും മകളും വിശ്വാസപൂര്‍വം ജപമാല ചൊല്ലാനും വചനം എഴുതാനും തുടങ്ങി. "അവിടുന്ന് വന്ധ്യയ്ക്ക് വസതി കൊടുക്കുന്നു; മക്കളെ നല്കി അവളെ സന്തുഷ്ടയാക്കുന്നു; കര്‍ത്താവിനെ സ്തുതിക്കുവിന്‍" എന്ന സങ്കീര്‍ത്തനം 113/9 തിരുവചനമാണ് എഴുതിയത്. പ്രാര്‍ത്ഥന ആരംഭിച്ച്, വചനം 1000 തവണ എഴുതി പൂര്‍ത്തിയാവുന്നതിനുമുമ്പുതന്നെ മകള്‍ ഗര്‍ഭിണിയാണ് എന്ന സന്തോഷവാര്‍ത്ത കിട്ടി. 2021 ജൂലൈ 9-ന് മകള്‍ക്ക് ഒരു പെണ്‍കുഞ്ഞിനെ നല്കി ദൈവം അനുഗ്രഹിച്ചു.
By: Sherly Sebastian
Moreഎല്ലാ മനുഷ്യര്‍ക്കും ഉണ്ടാവുന്ന ഒരു പ്രലോഭനമാണിത്. അതായത്, എന്തെങ്കിലും ഒരു കാര്യം ചെയ്യാനുണ്ടെന്ന് വിചാരിക്കുക. പഠനമാവാം, വീട്ടിലെ എന്തെങ്കിലും ജോലിയാവാം, അല്ലെങ്കില്‍ ആരെങ്കിലും ഏല്പിച്ച ജോലിയാവാം. ചാടിക്കയറി അതങ്ങ് ചെയ്യുക എന്ന പ്രലോഭനം എനിക്കെപ്പോഴും ഉണ്ടാവാറുണ്ട്. ആ നേരത്ത് ഒരു കുഞ്ഞുപ്രാര്‍ത്ഥന ചൊല്ലി ഈശോയോട് ചേര്‍ന്ന് ചെയ്യുക എന്ന പരിപാടിയില്ല. എന്നാല്‍ വിശ്വാസത്തിന്റെ അടിസ്ഥാനം ഇതുപോലത്തെ ആശ്രയബോധം 'സെറ്റ്' ആക്കുകയെന്നതാണ്. സുവിശേഷദൗത്യത്തിലും ഈ പ്രലോഭനം കയറി വരാന്‍ സാധ്യതയുണ്ട്. കുറെ സോഷ്യല്‍ വര്‍ക്ക് കാര്യങ്ങള്‍ ചെയ്ത് കൂട്ടുക എന്നതല്ല സുവിശേഷദൗത്യം. മറിച്ച്, ഈശോയോടുള്ള സ്നേഹത്തില്‍ ഹൃദയം നിറഞ്ഞ് ചെറിയ ചെറിയ കാര്യങ്ങള്‍ ചെയ്യുക, അത്രയേ ഉള്ളൂ. സ്നേഹത്തോടെ ആളുകളെ കാണുക, സ്നേഹത്തോടെ ആളുകളുമായി സംസാരിക്കുക സ്നേഹത്തോടെ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക "ദൈവരാജ്യം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്താനുമായി അവന് അവരെ അയച്ചു"ڔ(ലൂക്കാ 9/2) എന്നുപറയുമ്പോള്‍ ഈശോ ശ്ലീഹരെ ഏല്പിച്ച ദൗത്യവും ഇതുതന്നെയാണ്. സ്നേഹത്തോടെ ചെയ്യുക എന്നതാണ് കാതല്‍. വിശുദ്ധ ഫ്രാന്‍സിസ് അസ്സീസ്സിയെപ്പോലെ, വിശുദ്ധരുടെ പ്രത്യേകതയും വേറൊന്നായിരുന്നില്ല. ഫ്രാന്‍സിസ് അസ്സീസ്സി ഈശോയോടുള്ള സ്നേഹത്തെ പ്രതി എല്ലാം ഉപേക്ഷിച്ച് ഭിക്ഷ തേടിക്കൊണ്ട് ആളുകളെ കാണുകയും സംസാരിക്കുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്തപ്പോള്‍ അവിടെയെല്ലാം വിശുദ്ധിയുടെ പരിമളം പടര്‍ന്നു. നമുക്കും ഇപ്രകാരം നമ്മുടെ സുവിശേഷദൗത്യം ചെയ്യാം, പ്രാര്‍ത്ഥനയോടെയും സ്നേഹത്തോടെയും.
By: Father Joseph Gill
Moreഒരു യുവാവ് കുറച്ചുനാള്‍ മുമ്പ് പങ്കുവച്ച കാര്യമാണിത്. എപ്പോഴോ ഒരു പാപചിന്ത പയ്യന്റെ മനസ്സില്‍ വന്നു. അതിലേക്കൊന്ന് ചാഞ്ഞ്, ദുര്‍മോഹത്തിലേക്ക് നീങ്ങിത്തുടങ്ങിയ നിമിഷങ്ങള്‍... പെട്ടെന്നതാ ആരോ ഫോണ്‍ വിളിക്കുന്നു! ഒരു വൈദികനായിരുന്നു അത്. കാവല്‍മാലാഖ പയ്യന് അടയാളം കൊടുത്തു അപ്പോള്‍ത്തന്നെ. സുബോധം വീണ്ടെടുക്കാനായി. പൊടുന്നനെ ഈശോനാമം വിളിക്കാന്‍ അവന് ബലം കിട്ടി. ആ പാപചിന്ത എങ്ങോ പോയി മറയുകയും ചെയ്തു. അവന് പറയുകയാണ്, "അച്ചാ, ശരിക്കും ആ വൈദികന് ദൈവത്തിന്റെ ഉപകരണമായി പ്രവര്‍ത്തിക്കുവായിരുന്നു." അവന് ഇത് പറഞ്ഞപ്പോഴാണ് ഞാനും ശ്രദ്ധിച്ചത്. എന്റെ ജീവിതത്തിലും ഇതുപോലെ പലരുടെയും ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്, തെറ്റില്‍നിന്നും എന്നെ രക്ഷിച്ച ഇടപെടലുകള്‍. ആളുകളുടെ 'ക്വാളിറ്റി' അഥവാ ഗുണമേന്മ തിരിച്ചറിയാന്‍ ഇത് നല്ലൊരു ഉപാധിയാണെന്നാണ് എന്റെ ഒരു ഇത്. ഫലത്തില്‍നിന്നും വൃക്ഷത്തെ തിരിച്ചറിയാന്‍ സുവിശേഷം ഓര്‍മ്മപ്പെടുത്തുമ്പോള്‍ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് വേറൊന്നല്ല. കൂടെയുള്ളവരെ പാപത്തിലേക്കും തിന്മയിലേക്കും നയിക്കുന്ന ഇടപെടലുകള്‍ നല്ല വൃക്ഷത്തിന്റെ ലക്ഷണം അല്ല. അവരില്‍നിന്നും ദൂരം പാലിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒപ്പം, ഞാനാകുന്ന വൃക്ഷത്തിന്റെ 'ക്വാളിറ്റി'യും പരിശോധിക്കുന്നത് നല്ലതാണ്. ചുറ്റുമുള്ളവരെ നന്മയിലേക്ക് നയിക്കാനും പാപത്തില്‍നിന്നും പിന്തിരിപ്പിക്കാനും എനിക്ക് സാധിക്കുന്നുണ്ടോ? നന്മയുടെ ഫലങ്ങള്‍ പുറപ്പെടുവിക്കുന്ന നല്ല വൃക്ഷങ്ങളായി രൂപാന്തരപ്പെടാം. "നല്ല വൃക്ഷം നല്ല ഫലവും ചീത്ത വൃക്ഷം ചീത്ത ഫലവും നല്കുന്നു. നല്ല വൃക്ഷത്തിന് ചീത്ത ഫലങ്ങളോ ചീത്ത വൃക്ഷത്തിന് നല്ല ഫലങ്ങളോ പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല... അവരുടെ ഫലങ്ങളില്‍നിന്ന് നിങ്ങള്‍ അവരെ അറിയും." (മത്തായി 7/17- 20).
By: ഫാദർ ജോസഫ് അലക്സ്
Moreജീവിതം വഴിമുട്ടുമ്പോള്‍, കണ്മുന്പില് തുറന്ന വാതിലുകള്‍ ഒന്നുപോലും കാണാതെ വരുമ്പോള്‍, പ്രത്യാശ കൈവിടരുത്. വിശ്വാസത്തോടെ പരിശുദ്ധാത്മാവിനെ സഹായത്തിനായി വിളിച്ച് പ്രാര്‍ത്ഥിക്കുക. ശാരീരിക അസ്വസ്ഥതകളാല്‍ ഇന്ന് അവധിയെടുത്തു. ശരീരം മുഴുവന്‍ നീരും വേദനയും. രണ്ടര വര്‍ഷമായി ഈശോയുടെ 'ഒളിച്ചേ, കണ്ടേ' കളി തുടങ്ങിയിട്ട്. അല്പം കലിപ്പിലാണ് ഈശോയോട് സംസാരിച്ചത്. "ഈശോയേ ഇതിനൊരു പരിഹാരം ഇല്ലേ? സഹനം മാറ്റാന്‍ ഞാന്‍ പറയുന്നില്ലല്ലോ? രോഗം എന്താണെന്നെങ്കിലും കണ്ടുപിടിച്ചു തന്നുകൂടേ?" നാല് ദിവസമായി ബൈബിളിലെ ജ്ഞാനത്തിന്റെ പുസ്തകം ഒമ്പതാം അദ്ധ്യായം ദിവസവും ഉരുവിട്ട് പ്രാര്‍ത്ഥിക്കുന്നു, രോഗം എന്താണെന്ന് ഒന്ന് കണ്ടുപിടിക്കാന്‍. എല്ലുരോഗ വിദഗ്ധര്‍ ചെയ്യാവുന്ന എല്ലാ ടെസ്റ്റുകളും ചെയ്തതാണ്. വാതരോഗത്തിന്റെ ലക്ഷണങ്ങള്‍ ആണെന്ന് സംശയിച്ച് മെഡിക്കല്‍ സയന്‍സ് കണ്ടുപിടിച്ചിട്ടുള്ള എല്ലാ ബ്ലഡ് ടെസ്റ്റുകളും ചെയ്തു. പതിനേഴ് MRI ചെയ്തു. എന്നിട്ടും രോഗം എന്തെന്ന് മനസ്സിലാകുന്നില്ല. ശരീരം മുഴുവന്‍ പരിമിതികളില്‍നിന്ന് കൂടുതല്‍ പരിമിതികളിലേക്കു നീങ്ങിക്കൊണ്ടിരുന്നു. രോഗം എന്ത് എന്ന ചോദ്യം മാത്രം ഉത്തരം ഇല്ലാതെ അവശേഷിച്ചു. കുറച്ചു സമയത്തേക്ക് മുറിയില്‍ നിശബ്ദത അലയടിച്ചു. സ്വര്‍ഗം മുഴുവന്‍ ആകാംക്ഷയോടെ ഈശോയെ നോക്കുകയാണ്. അടുത്ത നിമിഷം കട്ടിലില്‍ കിടക്കുന്ന എന്റെ വലതു കാതില്‍ ഒരു മൃദുസ്വരം കേട്ടു... R . A . FACTOR. നഴ്സ് ആയതു കൊണ്ട് ഈശോ പറഞ്ഞത് എനിക്ക് മനസ്സിലായി. വയ്യാതിരുന്നിട്ടു കൂടി ഉടനെ ആശുപത്രിയിലേക്ക് യാത്രയായി. ഡോക്ടറെ സന്ദര്‍ശിച്ചു കാര്യം പറഞ്ഞു, "ആര്.എ ഫാക്ടര്‍ ബ്ലഡില്‍ ചെക്ക് ചെയ്യണം." ഡോക്ടര്‍ ആകാംക്ഷയോടെ എന്നെ നോക്കി പറഞ്ഞു, "ആന്‍, ആര്.എ ഫാക്ടര്‍ ഒരു കണ്‍ഫര്‍മേറ്ററി ടെസ്റ്റ് അല്ല. അതൊഴികെ ചെയ്യാനുള്ള എല്ലാ ടെസ്റ്റുകളും ഏഴ് തവണ നമ്മള് ആവര്‍ത്തിച്ചു ചെയ്തിട്ടുള്ളതാണ്. എല്ലാ ടെസ്റ്റുകളും നെഗറ്റീവും ആണ്. ഇനി ഈ ടെസ്റ്റിന്റെ ആവശ്യം ഉണ്ടോ?" ഞാന്‍ ഡോക്ടറോട് പറഞ്ഞു, "ഡോക്ടറുടെ വാക്കുകള്‍ സത്യമാണ്. ചെയ്യാനുള്ളതെല്ലാം അതിന്റെ പാരമ്യത്തില്‍ ചെയ്തിട്ടുണ്ട്. ഇനി ഇത് മാത്രമേ അവശേഷിക്കുന്നുള്ളൂ. ഒരുപക്ഷേ ഇതിലൂടെ എന്തെങ്കിലും ദൈവം ചെയ്താലോ?" എന്റെ വേദനയും പരിമിതികളും അറിയുന്ന ഡോക്ടര്‍ ആര്.എ ഫാക്ടര്‍ ടെസ്റ്റ് ഓര്‍ഡര്‍ ചെയ്തു. ലാബിലേക്ക് പോകുമ്പോള്‍ പരിശുദ്ധാത്മാവിന്റെ ഇടപെടലിനുവേണ്ടി ജ്ഞാനം ഒമ്പതാം അധ്യായം പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു. ലാബിലുള്ളവര്‍ക്കു ഞാന്‍ സുപരിചിതയാണ്. കാരണം അത്രയും ടെസ്റ്റുകള്‍ ചെയ്തിട്ടുള്ളതാണ്. ഇന്ന് അവരും ആഗ്രഹിച്ചു രോഗനിര്‍ണ്ണയം സംഭവിക്കുവാന്‍. ഉച്ചയോടുകൂടി റിസള്‍ട്ട് ലഭിച്ചു. എനിക്ക് റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ഫാക്ടര്‍ പോസിറ്റീവ് ആണ്. ഈശോയെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. സ്നേഹചുംബനങ്ങള് കൊണ്ട് മൂടി. ഈശോയെ ആശ്വസിപ്പിച്ചു, "ഈശോ നീ കരയല്ലേ. രണ്ടര വര്‍ഷം എന്നെ രോഗാവസ്ഥ അറിയിക്കാതെ, രോഗം അറിഞ്ഞു ഞാന്‍ വിഷമിക്കാതിരിക്കാന്‍ നിന്റെ ഹൃദയത്തില്‍ രഹസ്യമായി സൂക്ഷിക്കാന്‍മാത്രം നീ എന്നെ സ്നേഹിച്ചല്ലോ. ആ സ്നേഹത്തിന് ഞാന്‍ എന്താണ് പകരം നല്‍കുക..." ഈശോയും ഞാനും ഭയങ്കര 'സെന്റി'യായി. റിസള്‍ട്ട് അടുത്ത ദിവസം ഡോക്ടറെ അറിയിച്ചു. ഉടനെതന്നെ റൂമറ്റോളജിസ്റ്റിനെ വിളിച്ചു, അവര്‍ അപ്പോയ്ന്റ്മെന്റ് വാങ്ങിത്തന്നു. 2021 ഓഗസ്റ്റ് 29-ന് എന്റെ രോഗം നിര്‍ണയിക്കപ്പെട്ടു. സ്പോണ്ടിലോ ആര്‍ത്രൈറ്റിസ് & ഫൈബ്രോമയാള്‍ജിയ. ഒരു രോഗമോ വേദനയോ ഒക്കെ നമ്മുടെ ജീവിതത്തില്‍ കടന്നു വരുമ്പോള്‍ ഈശോയെ കുറ്റപ്പെടുത്താനും പഴിചാരാനും ഒക്കെ സാധ്യതകള്‍ ഉണ്ട്. പക്ഷെ നമ്മെക്കാള്‍ ഏറെ ഈശോ വേദനിക്കുന്നു. കാരണം തന്റെ കുഞ്ഞിന്റെ കരച്ചില് കാണാന്‍ കഴിയാത്ത അമ്മയെപ്പോലെ ഈശോയുടെ ഹൃദയം വിങ്ങുന്നു. ഒരു ഗാനത്തിന്റെ ഈരടികള്‍ ഓര്‍ത്തു പോകുകയാണ് 'എന്റെ മുഖം വാടിയാല്‍ ദൈവത്തിന് മുഖം വാടും എന്‍ മിഴികള്‍ ഈറനണിഞ്ഞാല്‍ ദൈവത്തിന് മിഴി നിറയും. ജ്ഞാനം ഒമ്പതാം അധ്യായം പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി ഈശോ എന്റെ രോഗനിര്‍ണ്ണയം നടപ്പിലാക്കി. ഈശോക്ക് അടുത്ത പണി കൊടുക്കാന്‍ ഞാന്‍ തയ്യാറായി. എട്ട് വര്‍ഷമായി രോഗം നിര്‍ണയിക്കാന്‍ സാധിക്കാതെ തൃശ്ശൂരിലും എറണാകുളത്തുമായി എല്ലാ പ്രശസ്ത ആശുപത്രികളും കയറി ഇറങ്ങി ചികിത്സ ഇനി വേണ്ടെന്നു തീരുമാനിച്ചിരിക്കുകയായിരുന്നു എന്റെ അമ്മ. യൂറിനറി ഇന്ഫെക്ഷന് ആയി തുടങ്ങി പിന്നീട് ഹൃദയഭേദകമായ അവസ്ഥയില്‍ എത്തിച്ചേര്‍ന്നു . കിഡ്നിയും യൂറിനറി ബ്ളാഡറും എല്ലാം ചുരുങ്ങിത്തുടങ്ങി. മൂത്രം പോകാന്‍ വളരെ ബുദ്ധിമുട്ട്. പുകയുന്ന വേദന. ഐസ് വെള്ളം എടുത്തു പലപ്പോഴും വയറിനു മുകളിലൂടെ ഒഴിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എട്ട് വര്‍ഷത്തെ യാതനകള്‍ കഠിനമായിരുന്നു. എങ്കിലും അമ്മ പരാതികളില്ലാതെ വിശുദ്ധ ഗ്രന്ഥം വയറിനുമുകളില്‍ വച്ച് കിടക്കുമായിരുന്നു. ഈശോയോട് ഞാന്‍ വീണ്ടും വഴക്കിട്ടു. എന്റെ അമ്മയാണ് കൂടുതല്‍ വേദന സഹിച്ചത്. അതുകൊണ്ട് രോഗനിര്‍ണയം അമ്മക്ക് ഇനി വൈകാന്‍ പാടില്ല. ഇത്രയും പറഞ്ഞ് ഏഴ് ദിവസങ്ങള്‍ ജ്ഞാനം 9 പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഏഴാം ദിവസം ഗൂഗിളില്‍ ഞാന്‍ ഒരു ആര്‍ട്ടിക്കിള്‍ വായിക്കുകയായിരുന്നു, എന്റെ രോഗാവസ്ഥയെക്കുറിച്ച്. പെട്ടെന്ന് മറ്റൊരു ആര്‍ട്ടിക്കിള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടു. OBSTRUCTIVE UROPATHY RELATED TO RHEUMATOID ARTHRITIS അത് വായിച്ചു നോക്കിയപ്പോള്‍ മനസ്സില്‍ ഒരു ചിന്ത. അമ്മക്ക് രോഗം ഇതായിരിക്കുമെന്ന്. പ്രായത്തിന്റേതായ ചില വേദനകള്‍ ജോയിന്റുകളില്‍ ഉണ്ടാവുന്നതല്ലാതെ ആര്‍ത്രൈറ്റിസിന്റെ ലക്ഷണങ്ങളായി അവയെ പരിഗണിച്ചിരുന്നില്ല. ഈ രോഗാവസ്ഥ ആര്‍ത്രൈറ്റിസില്‍ വളരെ അപൂര്‍വ്വമായി കണ്ടുവരുന്ന ഒരു കോംപ്ലിക്കേഷന് ആണ്. ഈശോയോട് ചോദിച്ചു, എന്ത് ചെയ്യണം എന്ന്. ഈശോയുടെ മറുപടിയനുസരിച്ച് എനിക്ക് ചെയ്ത ചില ബ്ലഡ് ടെസ്റ്റുകള്‍ തൊട്ടടുത്ത ദിവസത്തില്‍ അമ്മക്ക് ചെയ്തു. റിസള്‍ട്ട് എല്ലാം വളരെ ഉയര്‍ന്ന റീഡിങ്ങുകള്‍ ആയിരുന്നു. പിന്നീട് അമ്മയ്ക്കും ചികിത്സ ആരംഭിച്ചു. ഈശോയുടെ കരുണയാല്‍ അല്പം ആശ്വാസം ലഭിക്കാന്‍ തുടങ്ങി. "ഭൂമിയിലെ കാര്യങ്ങള്‍ ഊഹിക്കുക ദുഷ്കരം. അടുത്തുള്ളതുപോലും അധ്വാനിച്ചുവേണം കണ്ടെത്താന്‍: പിന്നെ ആകാശത്തിലുള്ള കാര്യങ്ങള്‍ കണ്ടെത്താന്‍ ആര്‍ക്കു കഴിയും? അങ്ങ് ജ്ഞാനത്തെയും അങ്ങയുടെ പരിശുദ്ധാത്മാവിനെയും ഉന്നതത്തില്‍നിന്നു നല്‍കിയില്ലെങ്കില്‍, അങ്ങയുടെ ഹിതം ആരറിയും!" (ജ്ഞാനം 9/16-17). ജീവിതം വഴിമുട്ടുമ്പോള്‍, കണ്മുന്പില് തുറന്ന വാതിലുകള്‍ ഒന്നുപോലും കാണാതെ വരുമ്പോള്‍, നിരാശപ്പെടരുത്. പ്രത്യാശ കൈവിടരുത്. ചെങ്കടല്‍ കടന്നവര്‍ ജോര്‍ദാന്‍ നദിക്കു മുന്പില് പരിഭ്രമിക്കരുത്. വിശ്വാസത്തോടെ പരിശുദ്ധാത്മാവിനെ സഹായത്തിനായി വിളിച്ച് പ്രാര്‍ത്ഥിക്കുക. അവന് വിളിക്കുംമുന്‍പേ ഉത്തരം നല്കുന്നവനാണ്. പ്രാര്‍ത്ഥിച്ചു തീരും മുന്‍പേ കേള്‍ക്കുന്നവനാണ്. "അവന്റെ മുന്പില് ഒരു സൃഷ്ടിയും മറഞ്ഞിരിക്കുന്നില്ല. അവിടുത്തെ കണ്മുന്പില് സകലതും അനാവൃതവും വ്യക്തവുമാണ്. നാം കണക്ക് ബോധിപ്പിക്കേണ്ടതും അവിടുത്തെ സന്നിധിയിലാണ്" (ഹെബ്രായര്‍ 4/13).
By: ആന്‍ മരിയ ക്രിസ്റ്റീന
Moreഫ്രീമേസണ്‍ പ്രസ്ഥാനവും കത്തോലിക്കാവിശ്വാസവും ഒരുമിച്ചുപോകുമോ? ദക്ഷിണേന്ത്യയില്‍ അധികമധികം യുവാക്കള്‍ ഫ്രീമേസണ്‍ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ടെന്ന് 'ദ ഹിന്ദു' റിപ്പോര്‍ട്ട് ചെയ്തത് 2013-ലാണ്. ദക്ഷിണേന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍, ഫ്രീമേസണ്‍ പ്രസ്ഥാനം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും തങ്ങളുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളാണ് അനേകരെ ആകര്‍ഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ഫ്രീമേസണ്‍ നേതാവ് പങ്കുവയ്ക്കുന്നു. ഉദാഹരണത്തിന്, വയനാട്ടിലെ ഒരു ഗ്രാമത്തില്‍ വൈദ്യുതി എത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയത് ഫ്രീമേസണ്‍ പ്രവര്‍ത്തകരാണ്. ആ റിപ്പോര്‍ട്ട് ഇറങ്ങുന്ന സമയത്തുതന്നെ ദക്ഷിണസംസ്ഥാനങ്ങളില്‍ 113-ഓളം കേന്ദ്രങ്ങള്‍ അഥവാ ഫ്രീമേസണ്‍ ലോഡ്ജുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. മുന്‍കാലങ്ങളില്‍ ഫ്രീമേസണ്‍ പ്രസ്ഥാനത്തിന് ഒരു രഹസ്യസ്വഭാവം ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ കൂടുതല്‍ പരസ്യമായി ട്ടാണ് പ്രവര്‍ത്തിക്കുന്നുവെന്നും ഫ്രീമേസണ്‍ നേതാവ് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍, ഫ്രീമേസണ്‍ പ്രസ്ഥാനത്തില്‍നിന്ന് പിന്തിരിഞ്ഞ സെര്‍ജ് അബദ് ഗല്ലാര്‍ഡോയുടെ സാക്ഷ്യം ഏറെ പ്രസക്തമാണ്. കുറച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ്, എന്റെ മകന് ഒരു പ്രശ്നത്തിലൂടെ കടന്നുപോയി. അത് എന്നെ സംബന്ധിച്ചും വളരെ പ്രയാസകരമായ ഒരു സമയമായിരുന്നു. അങ്ങനെയിരിക്കേ ഒരു ദിവസം അല്പനേരം പ്രാര്‍ത്ഥിക്കാനായി, ഞാന്‍ ജോലി ചെയ്യുന്ന ഓഫിസിനടുത്തുള്ള നാര്‍ബോണ്‍ കത്തീഡ്രലില്‍ പോയി. അവിടെ ലിസ്യൂവിലെ വിശുദ്ധ തെരേസയുടെ രൂപത്തിനുമുന്നില്‍ നിന്നപ്പോള്‍ എന്തോ പ്രത്യേക അനുഭവമുണ്ടായതുപോലെ... അധികം വൈകാതെ എനിക്കും മകനുംവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ലൂര്‍ദിലേക്ക് പോവുകയാണെങ്കില്‍ നല്ലതായിരിക്കുമെന്ന് ഞാന്‍ ഭാര്യയോട് പറഞ്ഞു. അന്ന് വലിയ വിശ്വാസമൊന്നുമുള്ള ഒരാളായിരുന്നില്ല ഞാന്‍. അതിനെക്കാളുപരി ഫ്രീമേസണ്‍ പ്രസ്ഥാനത്തില്‍ സജീവവുമായിരുന്നു. ജന്മംകൊണ്ട് ഒരു കത്തോലിക്കനായിരുന്നു എങ്കിലും സജീവവിശ്വാസമില്ലാതിരുന്നതിനാല്‍ത്തന്നെ ഫ്രീമേസണ്‍ പ്രസ്ഥാനം അതിന് വിരുദ്ധമാണെന്നൊന്നും തോന്നിയിരുന്നില്ല. പക്ഷേ, പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണത്താല്‍ സവിശേഷമായ ലൂര്‍ദിലേക്ക് പോകാന്‍ തീരുമാനമെടുത്തതുമുതല്‍ മനസില്‍ ഒരു പ്രകാശകിരണം കടന്നുവരുന്നതുപോലെ... അങ്ങനെ ഞങ്ങള്‍ ലൂര്‍ദിലെത്തി. അവിടെ ഗ്രോട്ടോയില്‍ ചെന്ന് ആദ്യമായി ഒരു മുഴുവന്‍ ജപമാല ചൊല്ലി. പ്രാര്‍ത്ഥന കഴിഞ്ഞ് എഴുന്നേറ്റപ്പോള്‍ എന്റെ കാലുകള്‍ തളര്‍ന്നുപോയിരുന്നു. ആ സമയത്ത് പരിശുദ്ധ കന്യാമാതാവിന്റെ രൂപത്തില്‍നിന്ന് ശക്തമായ ഒരു പ്രകാശം വരുന്നത് ഞാന്‍ കാണുകയും ചെയ്തു. എന്റെ ചുറ്റുമുള്ളവര്‍ താങ്ങി എഴുന്നേല്പിക്കാന് ശ്രമിച്ചെങ്കിലും കുറച്ച് മിനിറ്റുകള്‍ എന്റെ കാലുകള്‍ തളര്‍ന്നുതന്നെ ഇരുന്നു. അതൊരു അവിശ്വസനീയ അനുഭവമായിരുന്നു. ഇക്കാര്യം ആദ്യം ഞാന്‍ ഭാര്യയോട് പറഞ്ഞില്ല. അതിനുമുമ്പ് മെഡിക്കല്‍ പരിശോധനകള്‍ നടത്താമെന്ന് കരുതി. എനിക്ക് പ്രശ്നമൊന്നുമില്ലെന്ന് മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായി. അതിനാല്‍ തുടര്‍ന്ന് ഞാനൊരു സൈക്യാട്രിസ്റ്റിനെ സമീപിച്ച് എനിക്കുണ്ടായത് മാനസികപ്രശ്നമൊന്നുമല്ലെന്നും ഉറപ്പുവരുത്തി. സംഭവിക്കുന്നതെന്താണെന്ന് വ്യക്തമായി മനസിലായിരുന്നില്ലെങ്കിലും ദൈവം എന്നിലേക്ക് പ്രവേശിച്ചുവെന്നും എനിക്ക് സ്ഥിരമായ ഒരു മാറ്റം സംഭവിക്കാന്‍ പോകുകയാണെന്നും തോന്നി. അധികം വൈകാതെ ഞാനൊരു ധ്യാനത്തില്‍ പങ്കെടുത്തു. അത് വളരെ ഫലപ്രദമായി അനുഭവപ്പെടുകയും ചെയ്തു. അങ്ങനെയാണ് യഥാര്‍ത്ഥത്തില്‍ എന്റെ വിശ്വാസജീവിതം ആരംഭിച്ചത്. അതുകഴിഞ്ഞതോടെ ഫ്രീമേസണ്‍ പ്രവര്‍ത്തനം എന്റെ വിശ്വാസവുമായി ഒത്തുപോകുന്നില്ലെന്ന് എനിക്ക് തോന്നാന്‍ തുടങ്ങി. "കര്‍ത്താവിനെ ഭയപ്പെടുന്നവനാരോ അവന് തിരഞ്ഞെടുക്കേണ്ട വഴി അവിടുന്ന് കാണിച്ചുകൊടുക്കും" (സങ്കീര്‍ത്തനങ്ങള്‍ 25/12). പക്ഷേ ഉടനെതന്നെ ഞാന്‍ പ്രസ്ഥാനത്തില്‍നിന്ന് പുറത്തുകടന്നില്ല. എങ്കിലും സാവധാനം ഞാന്‍ അവരുടെ യോഗങ്ങളില്‍ പങ്കെടുക്കുന്നത് നിര്‍ത്തി. ഇതുമായി ബന്ധപ്പെട്ട് ചില വൈദികരുമായി സംസാരിക്കാന്‍ കഴിഞ്ഞതും ഫ്രീമേസണ്‍ പ്രവര്‍ത്തനവും വിശ്വാസവും തമ്മില്‍ ചേരുകയില്ലെന്ന ബോധ്യം നല്കാന് സഹായിച്ചു. വിശ്വാസത്തിലേക്ക് വന്നതിനുശേഷം ഏതാണ്ട് ഒരു വര്‍ഷംകൊണ്ട് 2013-ലാണ് ഔദ്യോഗികമായി ഞാന്‍ ആ പ്രസ്ഥാനത്തില്‍നിന്ന് പിന്‍വാങ്ങിയത്. മുമ്പ് എന്നോടൊപ്പം ഈ പ്രസ്ഥാനത്തോടുചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നവര്‍ പിന്നീട് എന്നെ കാണുമ്പോള്‍ പുറംതിരിയാന്‍ തുടങ്ങി. മാത്രവുമല്ല അവരില്‍ പലരും ഇത് ക്രൈസ്തവവിരുദ്ധ പ്രസ്ഥാനമാണെന്ന് ചിന്തിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അത് മതേതരമായ ഒരു കാര്യമാണെന്ന മട്ടില്‍മാത്രമേ കാണുന്നുള്ളൂ. എന്നാല്‍ അതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന അപകടം കൂടുതല്‍ ആഴത്തില്‍ പഠിക്കുമ്പോഴേ മനസിലാകുകയുള്ളൂ. നിയമനിര്‍മാണത്തിലെ സ്വാധീനം രാഷ്ട്രീയ ഭരണരംഗങ്ങളില്‍ ഉന്നതസ്ഥാനങ്ങളിലുള്ള പലരും ഫ്രീമേസണ്‍ അംഗങ്ങളാണ് എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. അതിനാല്‍ നിയമനിര്‍മാണംപോലുള്ള നിര്‍ണായകമേഖലകളില്‍ അവര്‍ സ്വാധീനം ചെലുത്തുന്നു. ഫ്രീമേസണ്‍ അംഗങ്ങള്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച് നിയമനിര്‍മാണസഭകളിലെത്താന്‍ സാധാരണക്കാരെക്കാള്‍ 120 ശതമാനം സാധ്യത കൂടുതലാണ് എന്ന് ഞാന്‍ മനസിലാക്കിയിട്ടുണ്ട്. വലതുപക്ഷമെന്നോ ഇടതുപക്ഷമെന്നോ വ്യത്യാസമില്ലാതെ ജനപ്രതിനിധികളെ സ്വാധീനിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നുമുണ്ട്. അതിനാല്‍ത്തന്നെ ഒരേ ലിംഗത്തില്‍പ്പെട്ടവരുടെ വിവാഹം, ഭ്രൂണഹത്യ, ദയാവധം തുടങ്ങിയ വിവിധമേഖലകളില്‍ സമൂഹത്തെ പരോക്ഷമായി തകര്‍ക്കുന്ന നിയമനിര്‍മാണം നടക്കുമ്പോള്‍ കക്ഷിഭേദമില്ലാതെ അത് വിജയിപ്പിക്കുന്ന സാഹചര്യം സംജാതമാകുന്നു. ദുരനുഭവങ്ങള്‍ പേടിച്ച് പിന്മാറില്ല! എന്റെ സാക്ഷ്യം പലരെയും ഫ്രീമേസണ്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു പുനര്ചിന്തക്ക് പ്രേരിപ്പിച്ചു. ഒരിക്കല്‍ ഒരു വ്യാപാരിയെ കണ്ടുമുട്ടി. അദ്ദേഹം ഫ്രീമേസണ്‍ പ്രസ്ഥാനത്തിന്റെ മറ്റൊരു ശാഖയില്‍ അംഗമായിരുന്നു. ഈ പ്രസ്ഥാനത്തെക്കുറിച്ച് പറയുകയും പുസ്തകം രചിക്കുകയും ചെയ്തതിനെക്കുറിച്ച് അദ്ദേഹം എന്നെ കുറ്റപ്പെടുത്തി. പിന്നെ അദ്ദേഹം മറ്റൊരു കാര്യവുംകൂടി അദ്ദേഹം പറഞ്ഞു. അദ്ദേഹം ഒരേ സമയം കത്തോലിക്കനും ഫ്രീമേസണ്‍ പ്രസ്ഥാനത്തിലെ അംഗവുമാണെന്ന്. അത് രണ്ടും തികച്ചും ചേര്‍ന്നുപോകുന്ന കാര്യങ്ങളാണെന്നാണ് അദ്ദേഹം തെറ്റിദ്ധരിച്ചിരിക്കുന്നത്. അവരുടെ സംഘത്തിലേക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഒരു സീനിയര്‍ ഉദ്യോഗസ്ഥന് എന്റെ പുസ്തകങ്ങളിലൊന്ന് വായിച്ച് താന്‍ ചെയ്യുന്നത് ഗൗരവതരമായ ഒരു പാപംതന്നെയാണെന്ന് തിരിച്ചറിഞ്ഞ് പെട്ടെന്നുതന്നെ പ്രസ്ഥാനത്തില്‍നിന്ന് പിന്‍വാങ്ങി. ഇതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഇന്നും പല മുന്‍ ഫ്രീമേസണ്‍ പ്രവര്‍ത്തകരും അവരുടെ സാക്ഷ്യങ്ങള്‍ എന്നോട് പങ്കുവയ്ക്കാറുണ്ട്. എനിക്ക് ലോകത്തെ മുഴുവന്‍ മാറ്റാനാവില്ല. പക്ഷേ ചിലരുടെയെങ്കിലും മനഃസാക്ഷിയെ ഉണര്‍ത്താനാവും. ഇതിന്റെയെല്ലാം ഫലമായി മറ്റൊരു ദുരനുഭവംകൂടി ഉണ്ടായി. പല ആരോപണങ്ങളും ഉയരുകയും ഭരണവകുപ്പിലെ ഉദ്യോഗത്തില്‍നിന്ന് ഞാന്‍ താക്കീത് ചെയ്യപ്പെടുകയും ചെയ്തു. തൃപ്തികരമല്ലാത്ത സേവനമെന്ന പേരില്‍ താക്കീത് ചെയ്യപ്പെട്ട അപൂര്‍വം മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളാണ് ഞാന്‍. വളരെ പ്രഗല്ഭനായ ഓഫീസര്‍ എന്ന നിലയില്‍നിന്ന് ഒരു പരാജിതനെപ്പോലെ ഞാന്‍ തരം താഴ്ത്തപ്പെട്ടു. എന്നാലും തിരികെ ഫ്രീമേസണ്‍ പ്രസ്ഥാനത്തിലേക്ക് പോകാന്‍ ഞാന്‍ തയാറല്ല. പകരം ഈ സാഹചര്യത്തെ സ്വീകരിക്കുകയാണ് ചെയ്യുന്നത്. "ക്രിസ്തുവിന്റെ സ്നേഹത്തില്‍നിന്ന് ആര് നമ്മെ വേര്‍പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?" (റോമാ 8/35). ദൈവമഹത്വത്തിനായി എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയുമെല്ലാം അനേകം ക്രൈസ്തവരെ ഫ്രീമേസണ്‍ പ്രസ്ഥാനത്തിന്റെ കെണിയില്‍നിന്ന് രക്ഷപ്പെടുത്താന്‍ ഞാന്‍ ശ്രമിക്കുന്നു. ചതിയില്‍ പെട്ടതിങ്ങനെ... ഞാന്‍തന്നെയും ആത്മീയതയെക്കുറിച്ചും ജീവിതത്തിന്റെ അര്‍ത്ഥത്തെക്കുറിച്ചുമുള്ള ഉത്തരങ്ങള്‍ തേടിയാണ് ഫ്രീമേസണ്‍ താവളത്തിലെത്തിപ്പെട്ടത്. അന്ന് മുപ്പതുകളായിരുന്നു എന്റെ പ്രായം. സമൂഹത്തിലെ ഉന്നത നിലയിലുള്ള ഒരാളും. അതുകൊണ്ടുതന്നെ ഞാനവര്‍ക്ക് ഏറ്റവും ചേര്‍ന്ന അംഗമായി മാറി. എന്നാല്‍ അത് ക്രൈസ്തവവിശ്വാസത്തിന് തികച്ചും വിരുദ്ധമായ ഒരു കാര്യമാണെന്ന് ഇന്ന് ഞാന്‍ മനസിലാക്കുന്നു. ആരെങ്കിലും ഫ്രീമേസണ്‍പ്രസ്ഥാനത്തിലേക്ക് ആദ്യചുവടുകള്‍ വച്ചിട്ടുണ്ടെന്ന് കരുതുക. അയാള്‍ക്ക് സജീവമായ വിശ്വാസമുണ്ടെങ്കില്‍ ഒരു ആന്തരികസംഘര്‍ഷം ഉടലെടുക്കും. യേശു മനുഷ്യാവതാരം ചെയ്ത ദൈവമാണെന്നും ദൈവപുത്രനായ അവിടുന്ന് നമ്മെ രക്ഷിക്കാനായി കുരിശില്‍ തൂങ്ങി മരിച്ചെന്നും അതേ സമയംതന്നെ, ദൈവം ഫ്രീമേസണ്‍സ് വിശ്വസിക്കുന്നതുപോലെ, കോസ്മിക് ശക്തിക്ക് സമാനമായ നിര്‍വചനാതീതമായ ഒരു ശക്തിയാണെന്നും വിശ്വസിക്കാനാവില്ല. ഈ രണ്ട് വിശ്വാസധാരകളും പരസ്പരം ഒരിക്കലും ചേരാത്തവിധത്തില്‍ വിഭിന്നമാണ്. ചില പ്രത്യേക അനുഷ്ഠാനങ്ങളും മാന്ത്രികപ്രവൃത്തികളുംവഴി ചില കോസ്മിക് ശക്തികള്‍ക്ക് നമ്മെ അടിയറ വയ്ക്കുന്നതും സത്യത്തിലേക്ക് നടന്നടുക്കാനായി ദൈവത്തിന്റെ ശക്തിക്ക് നമ്മെത്തന്നെ സമര്‍പ്പിക്കുന്നതും തമ്മില്‍ ഏറെ പൊരുത്തക്കേടുകളുണ്ട്. എന്നാല്‍ പലപ്പോഴും ഫ്രീമേസണ്‍പ്രവര്‍ത്തനങ്ങള്‍ ക്രൈസ്തവവിരുദ്ധമല്ലെന്ന തെറ്റിദ്ധാരണ ഉളവാക്കുന്നതാണ്. ഉദാഹരണത്തിന് ബൈബിള്‍വചനങ്ങളോട് സാമ്യമുള്ള വചനങ്ങള്‍ അവരുടെ പ്രാരംഭാനുഷ്ഠാനങ്ങളില്‍ ഉപയോഗിക്കും. നമ്മില്‍ തെറ്റിദ്ധാരണ ഉളവാക്കാന്‍വേണ്ടിയാണ് അപ്രകാരം ചെയ്യുന്നത്. മാത്രവുമല്ല, അവര്‍ ചില ബൈബിള്‍ ഭാഗങ്ങള്‍ കപടമായി ഉപയോഗിക്കാറുണ്ട്. ബൈബിളില്‍ തൊട്ടാണ് ഫ്രീമേസണ്‍ പ്രതിജ്ഞ എടുക്കുന്നതെന്നും യോഹന്നാന്റെ സുവിശേഷം പഠിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു. ഇതെല്ലാം ക്രൈസ്തവരെ കുടുക്കിലാക്കുന്ന തന്ത്രങ്ങളാണ്. പക്ഷേ ആര്‍ക്കുവേണമെങ്കിലും ബൈബിള്‍ സ്വന്തം രീതിയില്‍ വ്യാഖ്യാനിച്ച് സെക്റ്റുകള് രൂപപ്പെടുത്താമെന്നും എന്നാല്‍ തിരുസഭയാണ് ആധികാരികമായി ബൈബിള്‍വ്യാഖ്യാനം നടത്തേണ്ടതെന്നും അവര്‍ മനസിലാക്കുന്നില്ല. ഫ്രീമേസണ്‍ പ്രസ്ഥാനം ലൂസിഫറിനെ സ്തുതിക്കുന്നുവെന്ന് പ്രഥമതലത്തിലുള്ള അംഗങ്ങള്‍ക്ക് മനസിലാകുകയില്ല. ഉയര്‍ന്ന തലത്തിലുള്ളവര്‍മാത്രമേ അത് അറിയുന്നുള്ളൂ. ഞാന്‍ ശ്രദ്ധിച്ചിട്ടുള്ള മറ്റൊരു കാര്യം അവര്‍ സാത്താന് എന്ന പദം ഉപയോഗിക്കാറില്ല എന്നതാണ്. പകരം, ലൂസിഫര്‍ എന്ന് ഉപയോഗിക്കും. "അവന് നുണയനും നുണയുടെ പിതാവുമാണ്" (യോഹന്നാന് 8/44). നാം ഫ്രീമേസണ്‍ പ്രസ്ഥാനത്തില്‍ ഔദ്യോഗികമായി പ്രതിജ്ഞ ചെയ്ത് അംഗമായാലും എപ്പോള്‍ വേണമെങ്കിലും അതില്‍നിന്ന് പിന്‍വാങ്ങാം എന്നാണ് അവര്‍ പറയുന്നത്. പക്ഷേ പ്രായോഗികമായി അത് വളരെ ക്ലേശകരമാണ്. എന്നാല്‍ പശ്ചാത്താപത്തോടെ കത്തോലിക്കാവിശ്വാസത്തിലേക്ക് തിരികെയെത്തുന്ന ഏതൊരു വിശ്വാസിയും മേസോണിക പ്രതിജ്ഞയില്‍നിന്നും അതിന്റെ ഫലങ്ങളില്‍നിന്നും സ്വതന്ത്രനായിരിക്കും എന്ന് ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും എന്നെ വിഷമിപ്പിച്ചിട്ടുള്ള ഒരു കാര്യം ഫ്രീമേസണ്‍ അംഗങ്ങളായിരിക്കുന്ന പലരും അപകടം തിരിച്ചറിയാതെയാണ് ഇതില്‍ അംഗത്വമെടുത്തിരിക്കുന്നത് എന്നതാണ്. തങ്ങള്‍ പിശാചിനെ സ്വീകരിക്കുന്ന ഒരു പ്രസ്ഥാനത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് അവര്‍ തിരിച്ചറിയുന്നില്ല എന്നതാണ് വാസ്തവം. അതിനാല്‍, നന്മയുടെ മുഖാവരണങ്ങള്‍ക്കുള്ളിലെ തിന്മയുടെ നരകക്കുഴികളെക്കുറിച്ച് വ്യക്തവും ശക്തവുമായ മുന്നറിയിപ്പുകള്‍ നല്കാന് ആത്മീയനേതൃത്വം ഒട്ടും അമാന്തിക്കരുത്.
By: Serge Abad Gallardo
Moreചിലര്‍ക്ക് കുത്തുവാക്കുകള്‍ പറയുന്നത് ഒരു ഹരമാണ്. നമ്മുടെയെല്ലാം ജീവിതത്തില്‍ ഇത്തരത്തിലുള്ള വ്യക്തികളുമായി ഇടപെടേണ്ട സാഹചര്യങ്ങള്‍ ഉണ്ടായെന്നു വരാം. കുത്തുവാക്കുകള്‍ പറയുന്നവരുടെ ലക്ഷ്യം അത് കേള്ക്കുന്നവന് ഒന്നു വേദനിക്കണം എന്നു തന്നെയാണ്. ഏതെങ്കിലും തരത്തില്‍ ഒന്നു പ്രതികരിക്കുകകൂടി ചെയ്താല്‍ അവര്‍ക്ക് തൃപ്തിയാകും. പ്രായോഗികമായി ഇവരെ എങ്ങനെ നേരിടാമെന്ന് ഒന്നു ചിന്തിച്ചു നോക്കാം. ആദ്യംതന്നെ ചെയ്യേണ്ടത്, അവര്‍ നമ്മളോടു പറഞ്ഞത് നമുക്ക് 'കൊണ്ടു' എന്ന സന്തോഷം അവര്‍ക്ക് നിഷേധിക്കുക എന്നതാണ്. അതായത് അവര്‍ പറഞ്ഞത് വേദനിപ്പിക്കുന്ന കാര്യമാണെങ്കിലും നിസ്സാരമായ രീതിയില്‍ എടുക്കുക. ശാന്തമായി പ്രതികരിക്കുക. നമുക്ക് ഇത് വേണ്ടവിധത്തില്‍ ഏല്‍ക്കുന്നില്ല എന്നു കാണുമ്പോള്‍ അവര്‍ മടങ്ങിപ്പോയ്ക്കൊള്ളും. എന്നാല്‍ ഇത് എല്ലാവര്ക്കും അത്ര എളുപ്പമായിരിക്കില്ല. അതിനാല്‍, എന്തെങ്കിലും ഒന്ന് പറയുന്നതിനുമുമ്പേ ഒരു 'നന്മ നിറഞ്ഞ മറിയമേ' എന്ന പ്രാര്‍ത്ഥന ചൊല്ലുക. അല്ലെങ്കില്‍ എങ്ങനെ പ്രതികരിക്കണം എന്ന് പരിശുദ്ധാത്മാവിനോട് ആരായുക. അങ്ങനെ പരിശുദ്ധാത്മാവിന്റെ സഹായത്തോടെ വേണം ഈ സാഹചര്യത്തെ നേരിടാന്‍. എന്നാല്‍, പ്രായോഗികമായ തലത്തില്‍ മാത്രമല്ല ആത്മീയതലത്തിലും ഇത്തരം സാഹചര്യങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കുത്തുവാക്കുകള്‍കൊണ്ട് നമ്മെ നോവിച്ചവരെ പിന്നെയും നമ്മള് സ്നേഹിക്കണം. അതാണ് വെല്ലുവിളി. മാതാവിന്റെയും യൗസേപ്പിതാവിന്റെയും ജീവിതത്തില്‍ ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ധാരാളമായി ഉണ്ടായിട്ടുള്ളതായി പല മിസ്റ്റിക്കുകളും രേഖപ്പെടുത്തിയിട്ടുണ്ട്. തങ്ങള്‍ക്ക് വേദനിച്ചു എന്നതായിരുന്നില്ല അവരുടെ വിഷയം. മറിച്ച് കുത്തുവാക്കുകള്‍ പറഞ്ഞവരുടെ ആത്മാവിന്റെ ശോചനീയമായ അവസ്ഥയാണ് അവരെ വേദനിപ്പിച്ചിരുന്നത്. അതിനാല്‍ത്തന്നെ ഇത്തരത്തില്‍ തങ്ങള്‍ക്കു വേദന സമ്മാനിക്കുന്നവരുടെ മാനസാന്തരത്തിനുവേണ്ടി അവര്‍ ധാരാളം പ്രാര്‍ത്ഥിച്ചിരുന്നു. ഇതുതന്നെയാണ് ഓരോ ക്രിസ്ത്യാനിയും ചെയ്യേണ്ടത്. കുത്തുവാക്കുകള്‍കൊണ്ട് മുറിഞ്ഞവരായി ഹൃദയത്തില്‍ കയ്പും വെറുപ്പുമായി നമ്മുടെതന്നെ ആത്മാവിന്റെ സുസ്ഥിതി നശിപ്പിക്കാതെ ശ്രദ്ധിക്കണം. നമ്മളെ വേദനിപ്പിച്ച വ്യക്തിയും ഈശോയുടെ മകനാണ് അല്ലെങ്കില്‍ മകളാണ്. അതിനാല്‍ അവരിങ്ങനെ മറ്റുള്ളവര്‍ക്കു വേദന സമ്മാനിച്ച് സ്വയം നശിപ്പിച്ചുകൊണ്ടു ജീവിതം തള്ളി നീക്കുന്നത് ഈശോയ്ക്കും വേദനാജനകമായിരിക്കും. അതിനാല്‍, ഈശോയെപ്രതി അവര്‍ക്കുവേണ്ടി സ്നേഹപൂര്‍വം പ്രാര്‍ത്ഥിച്ചുകൊണ്ട് അവരെ മാനസാന്തരത്തിലേക്കു നയിക്കണം. ഓരോ കുത്തുവാക്കുകളും അവര്‍ക്ക് പ്രാര്‍ത്ഥന ആവശ്യമാണെന്ന ഓര്‍മ്മപ്പെടുത്തലുകള്‍ ആയിത്തീരട്ടെ.
By: Anu
More2020 കോവിഡ് -19 രൂക്ഷമായിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭം. കുറവിലങ്ങാട് മുത്തിയമ്മ പള്ളിയിലെ കാല്‍വിളക്കിനു ചുറ്റും ഒമ്പതു വെള്ളിയാഴ്ച എണ്ണയൊഴിക്കാന്‍ നേര്‍ച്ചനേര്‍ന്നു. ഒന്നാം വെള്ളിയാഴ്ച പള്ളിയില്‍നിന്ന് വരുന്നവഴി മഠത്തിന്റെ ഭിത്തിയില്‍ പരിശുദ്ധ വചനങ്ങള്‍ എഴുതിവച്ചതു വായിച്ചു നടക്കുകയായിരുന്നു. അപ്പോള്‍ ഒരു വചനം ഉണങ്ങിയ വാഴയിലകള്‍കൊണ്ട് മറഞ്ഞു കിടക്കുന്നത് കണ്ടു. അന്ന് എന്റെ മുന്നില്‍ മറഞ്ഞുകിടന്ന വചനമായിരുന്നു "ഞാന്‍ എന്നെ സ്നേഹിക്കുന്നവരെ സമ്പന്നരാക്കി അവരുടെ ഭണ്ഡാരം നിറയ്ക്കുന്നു" (സുഭാഷിതങ്ങള്‍ 8/21) എന്നത്. ഒരുപാടു സന്തോഷവും സമാശ്വാസവും നല്കിയ വചനം. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലായിരുന്നു. പ്രത്യേകിച്ച് കോവിഡ് കാലഘട്ടം. തന്നെയുമല്ല കുടുംബസ്വത്ത് കുറച്ച് പണമായി ലഭിക്കാനും വീടുപണി തുടങ്ങാനുമായിരുന്നു ഞാന്‍ നേര്‍ച്ച നേര്‍ന്നത്. ഒപ്പം ആയിരം തവണ ഈ വചനം ഒരു ബുക്കില്‍ എഴുതി ക്ഷമയോടെ കാത്തിരുന്നു. ചേട്ടനോട് ചോദിച്ചപ്പോള്‍ ഉടനെയൊന്നും ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു. കൃഷിപ്പണി ചെയ്യുന്ന അദ്ദേഹത്തിന് പെട്ടെന്നൊന്നും പണം തരാന്‍ പറ്റുന്ന ഒരു അവസരം അല്ലായിരുന്നു. പ്രത്യാശയോടെ ഓരോ ആഴ്ചയിലും തിരി കത്തിച്ചു പ്രാര്‍ത്ഥിച്ചു. ഒന്‍പതാമത്തെ വെള്ളിയാഴ്ച തിരി കത്തിച്ചു പ്രാര്‍ത്ഥനാനിര്‍ഭരമായ മനസോടെ പള്ളിയുടെ താഴെയെത്തി ആ വചനം കണ്ണീരോടെ ഒന്നുകൂടി വായിച്ചു. വചനത്തിലൂടെ കണ്ണോടിക്കവേ പെട്ടെന്ന് എന്റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. നോക്കുമ്പോള്‍ ചേട്ടന്റെ മകന് വിളിക്കുന്നു. ഏറെ സങ്കോചത്തോടെ ഞാന്‍ ആ മൊബൈല്‍ ചെവിയില്‍ വച്ചപ്പോള്‍ അവന് എന്നോട് പറയുന്നു, "പാപ്പന് വിഷമിക്കേണ്ട, ലോണ്‍ എടുത്ത് കുറച്ചു പണം സംഘടിപ്പിക്കാം!" ഞാന്‍ ആവശ്യപ്പെട്ട തുക നല്കി തക്കസമയത്ത് അവന് എന്നെ സഹായിച്ചു. "എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും. നമ്മുടെ പിതാവായ ദൈവത്തിന് എന്നും എന്നേക്കും മഹത്വമുണ്ടാകട്ടെ, ആമേന്‍" (ഫിലിപ്പി 4/19-20).
By: Johnson Thomas
Moreദൈവമേ ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് എനിക്ക് ഇത്രയും പ്രതിസന്ധികള്‍? ഒരു മനുഷ്യായുസ്സില്‍ ഓരോരുത്തരും ദൈവത്തോട് ഏറ്റവും കൂടുതല്‍ ചോദിച്ചിട്ടുള്ള ചോദ്യമായിരിക്കും ഇത്. ആവര്‍ത്തനങ്ങള്‍ക്കൊടുവില്‍ പലപ്പോഴും ഉത്തരം ലഭിക്കാത്ത ചോദ്യം. എന്റെ ഭവനത്തില്‍ മദ്യപാനത്തിന്റെ ഒട്ടനവധി തകര്ച്ചകള് ഉണ്ടായിട്ടുണ്ട്. ഒരുപാട് വര്‍ഷങ്ങള്‍ നീണ്ടുനിന്ന സഹനകാലഘട്ടം. അപമാനവും സാമ്പത്തിക തകര്‍ച്ചയും, കുടുംബസമാധാനമില്ലായ്മ, നിരാശ… എന്നിങ്ങനെ നിരവധി വേദനകള്‍. ഈശോയോടു പല തവണ ചോദിച്ചിട്ടുണ്ട് എന്തുകൊണ്ട് ഇങ്ങനെ ഒരു ജീവിതം? ഈശോ തന്ന ഉത്തരം വര്‍ഷങ്ങള്‍ കടന്നു പോയപ്പോള്‍ ഈശോ എന്നെ ഒരു നഴ്സ് ആക്കി. ‘ആരോഗ്യമുള്ളവര്‍ക്കല്ല രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം’ എന്ന് പറഞ്ഞ നസ്രായനായ യേശു ചില മനുഷ്യാത്മാക്കളുടെ ശാരീരികവും മാനസികവും ആത്മീയവുമായ മുറിവുകള്‍ വച്ചുകെട്ടാന്‍ പിന്നീട് എന്നെ നയിക്കുകയായിരുന്നു. മദ്യപിച്ചതുമൂലം രോഗികളായവര്‍, ഞാന്‍ ഡ്യൂട്ടിയില്‍ ഉള്ളപ്പോള്‍ ആശുപത്രിയില്‍ എത്താന്‍ തുടങ്ങി. വയലന്റ് ആയി വന്നവരും അബോധാവസ്ഥയില്‍ വഴിയില്‍ വീണുകിടന്നിടത്തുനിന്ന് ആരൊക്കെയോ വഴി ആശുപത്രിയില്‍ എത്തിയവരും വഴക്കു കൂടി ശരീരം മുറിപ്പെട്ടു ചോരയില്‍ കുളിച്ചെത്തിയവരും അവരില്‍ ഉള്‍പ്പെടുന്നു. ഞാന്‍ ഡ്യൂട്ടിയില്‍ ഉള്ള ദിവസങ്ങളില്‍ ആണ് ഇത്തരം രോഗികള്‍ വരുന്നതെന്ന് സഹപ്രവര്‍ത്തകര്‍ പറയുമായിരുന്നു. അത്തരം രോഗികള്‍ ആരെങ്കിലും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റില്‍ വന്നാല്‍ അവര്‍ എന്നോട് പറയും. ‘നിന്റെ സ്പെഷ്യാലിറ്റി രോഗി വന്നിട്ടുണ്ടെ’ന്ന്… ആ രോഗിയുടെ ഉത്തരവാദിത്വം അവര്‍ എനിക്ക് നല്‍കും. അതിനൊരു കാരണവുമുണ്ട്. എന്റെ ഡ്യൂട്ടി കഴിയുന്നതുവരെ രോഗിക്കുള്ള മരുന്നുകള്‍ നല്‍കുന്നതിനൊപ്പം ഞാന്‍ അവരോട് കുറെ സംസാരിക്കും. ആരോഗ്യം വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചും മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങളെകുറിച്ചും ഒക്കെ ആദ്യം സംസാരിക്കും. ഞാന്‍ കടന്നുപോയ ഞെരുക്കങ്ങളെക്കുറിച്ചു പറയും. ഒടുവില്‍ ഈശോയെക്കുറിച്ച് പറയും. ദീര്ഘപ്രഭാഷണത്തിനൊടുവില് അവരുടെ കൈകള്‍ പിടിച്ചു പ്രാര്‍ത്ഥിക്കും. ആ രംഗം അവസാനിക്കുന്നത് കവിഞ്ഞൊഴുകുന്ന നാല് കണ്ണുകളിലാണ്. ”സിസ്റ്ററിനെ ദൈവം ആണ് എന്നെ ഇവിടെ കൊണ്ടുവന്നത്, ഇനി ഞാന്‍ മദ്യപിക്കില്ല’ എന്നൊക്കെ അവര്‍ പറഞ്ഞിട്ടുണ്ട്. പിന്നീട് അവരുടെ ജീവിതം എങ്ങനെയായിരുന്നു എന്ന് എനിക്കറിഞ്ഞുകൂടാ. പക്ഷേ സഹനം എന്ന സര്‍വകലാശാലയില്‍നിന്നും ഈശോ എന്നെ ‘സ്പെഷ്യാലിറ്റി നഴ്സ്’ ആക്കി മാറ്റി. എന്തുകൊണ്ട് എനിക്കിങ്ങനെ ഒരു ജീവിതം എന്ന ചോദ്യത്തിന് കാലങ്ങള്‍ക്കപ്പുറം ഈശോ നല്കിയ മറുപടിയായിരുന്നു ഈ ‘സ്പെഷ്യാലിറ്റി’ ശുശ്രൂഷ. ”യേശു പറഞ്ഞു: ഞാന്‍ ചെയ്യുന്നതെന്തെന്ന് ഇപ്പോള്‍ നീ അറിയുന്നില്ല; എന്നാല്‍ പിന്നീട് അറിയും” (യോഹന്നാന് 13/7). ”അണ്ണീ, നിങ്ങള്‍ ദൈവമാണ്!” ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരനുഭവം ഓര്‍ത്തു പോകുകയാണ്. എന്റെ നൈറ്റ് ഡ്യൂട്ടിക്കിടയില്‍ ഒരു രോഗി നെഞ്ചുവേദനയുമായി കടന്നു വന്നു. അന്ന് അദ്ദേഹം നന്നായി മദ്യപിച്ചിരുന്നു. അത്യാവശ്യമുള്ള ടെസ്റ്റുകളെല്ലാം നടത്തി. മരുന്നുകള്‍ നല്കി. ഇ.സി.ജി യില്‍ വ്യതിയാനം ഉള്ളതുകൊണ്ട് അഡ്മിറ്റ് ആക്കി. ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുമ്പോള്‍ അദ്ദേഹം സുബോധത്തിലായി. ഉച്ചവരെ ഞാന്‍ എന്റെ മുറിയില്‍ വന്ന് ഉറങ്ങി. വൈകിട്ട് അഞ്ചു മണിയോടെ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ഞാന്‍ വാര്‍ഡിലേക്ക് പോയി. ഒരു മണിക്കൂറോളം അദ്ദേഹത്തോട് സംസാരിച്ചു. ഈശോയെക്കുറിച്ചു പറഞ്ഞ ശേഷം അദ്ദേഹത്തിനായി പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനക്കിടയില്‍ അദ്ദേഹം കരയുന്നുണ്ടായിരുന്നു. തമിഴ് ഭാഷ സംസാരിക്കുന്ന ആളായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി പ്രാര്‍ത്ഥനയില്ല, ദൈവാലയത്തില്‍ പോകാറില്ല എന്നൊക്കെ അദ്ദേഹം പങ്കുവച്ചിരുന്നു. അദ്ദേഹത്തോട് യാത്ര പറഞ്ഞു പുറത്തേക്കിറങ്ങുമ്പോള്‍ ഒരു ബൈബിള്‍ കൊണ്ടുവന്നുതരാമോ എന്ന് ചോദിച്ചു. തമിഴ് ബൈബിള്‍ ആയതുകൊണ്ട് ഉടനെ സാധിക്കുമോ എന്ന് മനസ്സില്‍ ശങ്ക. എങ്കിലും നല്കിക്കൊള്ളാമെന്ന് അദ്ദേഹത്തിന് ഉറപ്പു നല്കി. ഈശോ നല്കിയ പ്രേരണയാല്‍ ഒരു വ്യക്തിയെ വിളിച്ചു. അന്ന് രാത്രിയില്‍ത്തന്നെ ലഭിച്ചു തമിഴ് ബൈബിള്‍. തൊട്ടടുത്ത ദിവസം ഡ്യൂട്ടി കഴിഞ്ഞു വീണ്ടും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ പോയി. ബൈബിള്‍ അദ്ദേഹത്തിന്റെ കൈകളില്‍ നല്കി, കൂടെ ഒരു ജപമാലയും. കുറെ നേരം അദ്ദേഹത്തോട് ഈശോയെക്കുറിച്ച് പറഞ്ഞു. ചില ദൈവവചനങ്ങള്‍ അദ്ദേഹത്തെക്കൊണ്ട് വായിപ്പിച്ചു. അപ്പോഴും അദ്ദേഹം കരയുന്നുണ്ടായിരുന്നു. പ്രാര്‍ത്ഥിക്കാം, വിഷമിക്കരുതെന്ന് പറഞ്ഞ് ഞാന്‍ പോകാനിറങ്ങി. പെട്ടെന്നാണ് അദ്ദേഹം ഒരു ആഗ്രഹം പറഞ്ഞത്: അദ്ദേഹത്തിന്റെ ഭാര്യക്ക് എന്നോട് സംസാരിക്കണം. അവര്‍ തമ്മില്‍ സംസാരിച്ചപ്പോള്‍ എന്നെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നുവത്രേ. വീഡിയോ കോള്‍ വിളിച്ചപ്പോള്‍ രണ്ട് കുഞ്ഞുങ്ങളെ മടിയില്‍ ഇരുത്തിക്കൊണ്ട് ഒരു അമ്മ. അവര്‍ എന്നെ ‘അണ്ണി’ എന്ന് വിളിച്ചു, ചേച്ചി എന്നര്‍ത്ഥം. ”നിങ്ങള്‍ ദൈവമാണ്” എന്ന് പറഞ്ഞുകൊണ്ട് കൈകള്‍ കൂപ്പി കരയുകയായിരുന്നു അവര്‍. ”എന്റെ ഭര്‍ത്താവിന്റെ ജീവന് തിരിച്ചു തന്നതിന് നന്ദി!” ഇനി മദ്യപിക്കില്ലെന്ന് അദ്ദേഹം അവരോട് പറഞ്ഞു. ഇതുവരെ വന്നുപോയ വീഴ്ചകള്‍ക്ക് ഭാര്യയോട് മാപ്പു പറഞ്ഞു കരഞ്ഞു. പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത ഒരു ദൈവാനുഭവത്തിലൂടെ ഞങ്ങള്‍ കടന്നുപോവുകയായിരുന്നു. ഒരുപാട് വര്‍ഷത്തെ എന്റെ കണ്ണുനീരും വേദനകളും ഇത്തരം രോഗികളിലൂടെ ഈശോ സന്തോഷമാക്കി മാറ്റുകയായിരുന്നു. നസ്രായന് മാത്രം ചെയ്യാന്‍ കഴിയുന്ന മാജിക്!! ആത്മീയ വളര്‍ച്ച ആത്മീയ കാര്യങ്ങളില്‍ കൂടി മാത്രമാണ് സംഭവിക്കുക എന്ന് കരുതരുത്. ഈശോ മരപ്പണിക്കാരനാകാന്‍ വേണ്ടി ജനിച്ചവനല്ല. എന്നിട്ടും മൂന്നു വര്‍ഷത്തെ പരസ്യജീവിതത്തിനു മുമ്പ് മുപ്പതു വയസ്സ് വരെ മരപ്പണിക്കാരനായി ജോലി ചെയ്തു. അനുദിനജീവിതത്തിലെ നമ്മുടെ ഉത്തരവാദിത്വങ്ങള്‍ ദൈവഹിതത്തിനായി വിശ്വസ്തതയോടെ ചെയ്യുമ്പോള്‍ ദൈവം നമ്മെ വളര്‍ത്തുകയാണ്. ”ചെറിയ കാര്യത്തില്‍ വിശ്വസ്തന് വലിയ കാര്യത്തിലും വിശ്വസ്തനായിരിക്കും” (ലൂക്കാ 16/10). മറ്റുള്ളവരുടെ പ്രതീക്ഷകള്‍ക്കോ ആഗ്രഹങ്ങള്‍ക്കോ അനുസരിച്ച് ജീവിക്കേണ്ടവരല്ല നമ്മള്. ദൈവം നമ്മെ ഏതു വൃക്ഷമായിട്ടാണോ നട്ടു പിടിപ്പിച്ചിരിക്കുന്നത് ആ വൃക്ഷത്തില്‍ ഫലമായി നാം കായ്ക്കണം. അവന് കായ്ക്കാന്‍ പറയുന്നിടത്ത്, പറയുന്ന സമയത്ത്, കായ്ച്ചു നിലനില്‍ക്കുന്നതാണ് വിശ്വാസജീവിതത്തിന്റെ വിജയം. യേശുവും യോഹന്നാനും ദാവീദും യേശുവിനു പിശാചുണ്ട് എന്ന് പറഞ്ഞു കൊണ്ട് കല്ലെറിയാനും ബന്ധനസ്ഥനാക്കുവാനും യഹൂദര്‍ ശ്രമിച്ചു കൊണ്ടിരുന്നു (യോഹന്നാന് 10) അവിടെവച്ചാണ് ലാസര്‍ രോഗിയാണെന്ന് യേശുവിനെ അറിയിക്കുന്നത്. എന്നിട്ടും പ്രതികൂലങ്ങള്‍ക്കു നടുവില്‍ രണ്ടു ദിവസം കൂടി അവിടുന്ന് താമസിച്ചു. പിന്നീട് യൂദായിലേക്കു യാത്രയായി. തുടര്‍ന്നാണ് ലോകം അതുവരെ കാണാത്ത ഒരു അത്ഭുതം ചെയ്തത്. ചീഞ്ഞഴുകിയ ലാസറിനെ ജീവനുള്ള ശരീരത്തോടെ പുറത്ത് കൊണ്ടുവന്നു, തന്നോടൊപ്പം ഭക്ഷണത്തിനിരുത്തി. വിശ്വസിച്ചാല്‍ നീ ദൈവമഹത്വം ദര്‍ശിക്കുമെന്ന് പറഞ്ഞ യേശുവിനെ വിശ്വസിക്കാന്‍ തയ്യാറായാല്‍ എവിടെയാണോ നാം കണ്ണീര് പൊഴിച്ചത് അവിടെ അവന് നമ്മെ ഉയര്‍ത്തും. ഒരു അത്ഭുതമാക്കി നമ്മുടെ ജീവിതം മാറ്റും. നമ്മെക്കുറിച്ചുള്ള അവന്റെ പദ്ധതികള്‍ നാശത്തിനുള്ളതല്ല ക്ഷേമത്തിനുള്ള പദ്ധതിയാണ്. ശുഭകരമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി. തിളച്ച എണ്ണയില്‍ കിടന്ന, പത്മോസ് ദ്വീപിലേക്ക് നാട് കടത്തപ്പെട്ട, വിശുദ്ധ യോഹന്നാനിലൂടെ ലോകത്തിന് നല്കാന് വെളിപാട് ദൈവം മാറ്റിവച്ചെങ്കില്‍ നമ്മുടെ ജീവിതത്തിന്റെ മരുഭൂമി അനുഭവങ്ങള്‍ക്കൊടുവില്‍ ചില ദൈവികരഹസ്യങ്ങള്‍ വെളിപ്പെടും. തന്റെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള അവന്റെ സ്വപ്നങ്ങള്‍… ജസ്സെയുടെ പുത്രന്മാരില് ഏറ്റവും ഇളയവനായ ദാവീദ് അല്പംപോലും പരിഗണന ലഭിക്കാത്തവനായിരുന്നു എന്നുവേണം കരുതാന്‍. പവിഴനിറവും മനോഹര നയനങ്ങളും ഉള്ള സുന്ദരനായ അവന് കിന്നരവായനയില് നിപുണനും പരാക്രമിയായ യോദ്ധാവുമായിരുന്നു. എങ്കിലും ആടു മേയിക്കാന്‍ ആയിരുന്നു അവന് നിശ്ചയിക്കപ്പെട്ടത്. ദൈവം അതനുവദിച്ചത് അവന്റെ ജീവിതത്തെ പടിപടിയായി ഉയര്‍ത്താന്‍ വേണ്ടിയായിരുന്നു. ആടുമേയിക്കാന്‍ പോകുമ്പോള്‍ ആടുകളെ രക്ഷിക്കാനായി ദാവീദ് സിംഹങ്ങളെയും കരടികളെയും കൊന്നിട്ടുണ്ട്. തുടര്‍ന്ന് ദാവീദിനെ ദൈവം ഗോലിയാത്ത് എന്ന ഫിലിസ്ത്യമല്ലനെ നേരിടാന്‍ നിയോഗിച്ചു. അവിടെ വിജയിച്ച ദാവീദിനെ സാവൂളുമായി നേരിടാന്‍ അനുവദിച്ചു. ഈ വഴികളിലൂടെയെല്ലാം ദാവീദിനെ ദൈവം നയിച്ചത് യൂദാരാജ്യത്തിന്റെ രാജാവായി വാഴിക്കാനായിരുന്നു. രാജസിംഹാസനത്തിലേക്കുള്ള ദാവീദിന്റെ യാത്ര ഒട്ടനവധി പ്രതിസന്ധികളുടെ അതിജീവന പരിശീലനത്തിലൂടെയാണ്. നമ്മുടെ ജീവിതത്തിലും പ്രതികൂലങ്ങളും പ്രതിസന്ധികളും വന്നു ചേരുമ്പോള്‍ ഓര്‍ക്കുക. നമുക്കായി അവിടുന്ന് ഒരുക്കിയ രാജസിംഹാസനത്തിലേക്കു നമ്മള് നടന്നടുക്കുകയാണ്. നമുക്ക് മുന്പില് കടന്നു വരുന്ന കരടിയെയും സിംഹത്തെയും ഗോലിയാത്തിനെയും സാവൂളിനെയും പ്രാര്‍ത്ഥനയോടും ക്ഷമയോടും വിശ്വാസത്തോടുംകൂടി നാം അതിജീവിച്ചാല്‍ നമുക്കായി ഒരുക്കപ്പെട്ട സിംഹാസനത്തില്‍ യേശു നമ്മെ ഇരുത്തും, അവന്റെ കൃപ മാത്രം മതി!
By: ആന്‍ മരിയ ക്രിസ്റ്റീന
Moreനൈജീരിയ: ദൈവവിളി വസന്തത്തിന്റെ ആനന്ദത്തില്‍ എനുഗു നഗരത്തിലെ ബിഗാര്‍ഡ് മെ മ്മോറിയല്‍ മേജര്‍ സെമിനാരി. സെമിനാരിയുടെ ശതാബ്ദി ആഘോഷിക്കുന്ന വേളയില്‍ നാല്പത് സെമിനാരിവിദ്യാര്‍ത്ഥികളാണ് ഡീക്കന്‍പട്ടം സ്വീകരിച്ചത്. വത്തിക്കാന്റെ സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ സെക്രട്ടറി ആര്‍ച്ച്ബിഷപ് ഫോര്‍ത്തുനാത്തൂസ് നവാചുക്വു ഡീക്കന്പട്ടശുശ്രൂഷകള്ക്ക് നേതൃത്വം നല്കി. ഇതേ സെമിനാരിയിലെ പൂര്‍വ വിദ്യാര്‍ത്ഥികൂടിയാണ് അദ്ദേഹം എന്നതും ശ്രദ്ധേയമായി. വൈദികരും സെമിനാരിയിലെതന്നെ പൂര്‍വവിദ്യാര്‍ത്ഥികളും വിശ്വാസികളുമടങ്ങുന്ന ആയിരക്കണക്കിന് പേരാണ് ചടങ്ങില്‍ പങ്കുകൊണ്ടത്. ഏകദേശം 780 വൈദികാര്‍ത്ഥികള്‍ ഇപ്പോള്‍ ഈ സെമിനാരിയില്‍ പഠിക്കുന്നു. 100 വര്‍ഷത്തിനിടെ ഈ സെമിനാരിയില്‍നിന്ന് പരിശീലനം നേടി വൈദികരായവരില്നിന്ന് നാല് പേര് കര്‍ദിനാള്‍മാരും 14 പേര് ആര്‍ച്ച്ബിഷപ്പുമാരും 37 പേര് ബിഷപ്പുമാരും ആയിട്ടുണ്ട്. ജീന്‍ ബിഗാര്‍ഡിന്റെ സ്മരണയ്ക്കായാണ് സെമിനാരിയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. നൈജീരിയന്‍ സഭയില്‍ വൈദികപരിശീലനത്തിന് പിന്തുണയേകാനായി സ്ഥാപിതമായ വിശുദ്ധ പത്രോസിന്റെ പൊന്തിഫിക്കല്‍ സൊസൈറ്റിയുടെ സ്ഥാപകരില്‍ ഒരാളാണ് ബിഗാര്‍ഡ്.
By: Shalom Tidings
Moreതന്നെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങാനെത്തിയ രാജാവിനോട് ഗുരു ചോദിച്ചു, ”അടിമയും പരാജിതനുമായ ഒരു രാജാവിന് എന്ത് അനുഗ്രഹമാണ് ഞാന്‍ നല്‍കേണ്ടത്?’ കോപം വന്നെങ്കിലും ആദരഭാവം കൈവിടാതെ രാജാവ് അന്വേഷിച്ചു, ”യുദ്ധങ്ങളില്‍ ഒരിക്കല്‍പ്പോലും പരാജയമറിഞ്ഞിട്ടില്ലാത്ത ഞാനെങ്ങനെ അടിമയും പരാജിതനുമാകും?” ഗുരു വിശദീകരിച്ചു, ”സ്വാദുള്ള ഭക്ഷണം എപ്പോഴും കഴിച്ച് അങ്ങ് നാവിന്റെ അടിമയായി. നിരന്തരം സ്തുതിപാഠകരെ ശ്രദ്ധിച്ച് കാതിന്റെ അടിമയുമായിത്തീര്ന്നു. അതും പോരാതെ കണ്ണുകള്‍ക്ക് ഇമ്പമാണെന്നുകണ്ടാല് അരുതാത്ത കാഴ്ചകള്‍പോലും കാണാന്‍ മടിയില്ലാത്തതിനാല്‍ കണ്ണും അങ്ങയെ കീഴ്പ്പെടുത്തിയിരിക്കുന്നു. സുഗന്ധദ്രവ്യങ്ങള്‍ നിരന്തരം ഉപയോഗിച്ച് മൂക്കും അങ്ങയെ ഭരിക്കാന്‍ തുടങ്ങി. വിലയേറിയ വസ്ത്രങ്ങളും ആഭരണങ്ങളും അണിയാതിരിക്കാന്‍ അങ്ങേക്കാവില്ല. അതിനാല്‍ ശരീരത്തിനുമേല്‍ വിജയം വരിക്കാനും അങ്ങേക്ക് സാധിച്ചിട്ടില്ല. യുദ്ധങ്ങളില്‍ പരാജയമറിഞ്ഞിട്ടില്ലെന്ന് പറയുന്ന അങ്ങ് മനസിനെ ഇതുവരെ ജയിച്ചിട്ടില്ല. പിന്നെങ്ങനെ ഞാന്‍ അങ്ങയെ വിജയിയെന്ന് വിളിക്കും?” ”ഏതിനാല്‍ ഒരുവന് തോല്പിക്കപ്പെടുന്നുവോ അതിന്റെ അടിമയാണവന്‍” (2 പത്രോസ് 2/19)
By: Shalom Tidings
Moreസമയം വൈകിട്ട് നാലുമണിയായിക്കാണും. 1989-ലെ ഡിസംബര്‍മാസം. എനിക്ക് പെട്ടെന്ന് കടുത്ത വയറുവേദന തുടങ്ങി. അസഹനീയമായ വേദനകാരണം എന്തുചെയ്യണമെന്നറിഞ്ഞുകൂടാ. കാറുണ്ടെങ്കിലും അതെടുത്തുപോകാന് വയ്യാത്തതുകൊണ്ട് എങ്ങനെയോ ഒരു ഓട്ടോ വിളിച്ച് അടുത്തുള്ള ആശുപത്രിയിലേക്ക് പോയി. ‘ഒന്ന് വേഗം പോ’ എന്ന് ഓട്ടോ ഡ്രൈവറോട് വിളിച്ചുപറയുന്നുണ്ടായിരുന്നു. കാഞ്ഞങ്ങാട് ഡോ.ബേബി ജോണ്‍ നടത്തുന്ന ആശുപത്രിയാണ് അത്. ഡോ.ബേബി എന്റെ സുഹൃത്തുമാണ്. അദ്ദേഹം പരിശോധിച്ചിട്ട് പറഞ്ഞു, ”കിഡ്നി സ്റ്റോണ്‍ ആണ്, അതാണ് ഇത്രയും വേദന!” അന്ധാളിച്ചുനിന്ന എന്നെ ആശ്വസിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, ”സാരമില്ല, നാല് ദിവസത്തെ മരുന്നുകൊണ്ട് ശരിയാകുന്നതേയുള്ളൂ.” അവിടെ എന്നെ അഡ്മിറ്റ് ചെയ്തു. മരുന്നുകള്‍ നല്‍കിത്തുടങ്ങി. പക്ഷേ വേദന കുറയാന്‍ അല്പസമയം എങ്കിലും എടുക്കുമല്ലോ. അതിനാല്‍ അസ്വസ്ഥതയും വേദനയും സഹിച്ച് ജനലഴികളില്‍ പിടിച്ച് ആയാസപ്പെട്ട് ചിന്തയിലാണ്ട് നില്‍ക്കുകയാണ് ഞാന്‍. നാലുദിവസം പോയിട്ട് നാലുമിനിറ്റ് പോലും ആ വേദന താങ്ങാന്‍ കഴിയില്ലെന്ന് തോന്നി. ആശുപത്രിയുടെ നാലാം നിലയിലുള്ള ആ മുറിയില്‍നിന്ന് താഴേക്ക് ചാടി മരിച്ചാലോ എന്ന ചിന്ത പെട്ടെന്ന് എന്റെ മനസില്‍ നിറഞ്ഞു. ഈ അസുഖം അത്ര മാരകമൊന്നുമല്ല എന്ന് അറിയാം, പക്ഷേ മരിക്കണം എന്ന തോന്നല്‍. അങ്ങനെ താഴേക്ക് ചാടാന്‍ മുറിയില്‍ തനിയെ ആകുന്നതിനായി തക്കം പാര്‍ത്ത് നില്‍ക്കുകയാണ്. പക്ഷേ ഒരിക്കലും അങ്ങനെ സംഭവിച്ചില്ല. എപ്പോഴും ഓരോ കാരണങ്ങള്‍കൊണ്ട് മുറിയില്‍ ആരെങ്കിലും കാണും. നഴ്സുമാര്‍, പരിചയമുള്ളവര്‍… അങ്ങനെ ആരെങ്കിലും… സമയം കടന്നുപോയി. കട്ടിലില്‍ കിടന്ന ഞാന്‍ മയക്കത്തിലേക്ക് നീങ്ങി. പന്ത്രണ്ടുമണിക്കകം ഗാഢമായ ഉറക്കമായി. പിറ്റേന്ന് ആറുമണിക്കാണ് എഴുന്നേറ്റത്. അപ്പോഴേക്കും വേദന മാറിയിരുന്നു. ആത്മഹത്യാചിന്തയും പോയി. അതോടെ മനസില്‍ ചില വീണ്ടുവിചാരങ്ങള്‍… രാവും പകലുമില്ലാതെ മദ്യവ്യവസായത്തിലൂടെ ലഭിക്കുന്ന പണത്തിനുപിന്നാലെ ഓടുന്ന എനിക്ക് വയറുവേദനയുടെ മുമ്പില്‍ പിടിച്ചുനില്ക്കാനായില്ലല്ലോ. ആത്മഹത്യയിലേക്ക് വീഴാതെ സംരക്ഷിച്ചത് ദൈവംതന്നെയല്ലേ… എന്റെ നന്മ ആഗ്രഹിച്ച കുടുംബാംഗങ്ങളെക്കുറിച്ചുള്ള ചിന്ത മനസില്‍ നിറഞ്ഞു. ഗവണ്മെന്റ് സിവില്‍ സര്‍ജനായ ഇച്ചാച്ചന്, ഭക്തയും വീട്ടമ്മയുമായ അമ്മച്ചി, മികച്ച നിലയില്‍ പഠിച്ചവരും സന്യാസജീവിതത്തിലേക്ക് കടന്നവരും ഉള്‍പ്പെടെയുള്ള പതിനൊന്ന് സഹോദരങ്ങള്‍, എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ഭാര്യ… എന്നിട്ടും എനിക്ക് കാലിടറിയല്ലോ… ബിരുദപഠനം കഴിഞ്ഞ് കാസര്‍ഗോഡ് വന്നതും ബിസിനസിലും കൃഷിയിലും വ്യാപൃതനായതും സാവധാനം പണത്തോടുള്ള താത്പര്യത്താല്‍ 1985-ല്‍ മദ്യവ്യവസായം ആരംഭിച്ചതുമെല്ലാം മനസില്‍ തെളിഞ്ഞു. ഒടുവിലായി കഴിഞ്ഞ വര്‍ഷം ആരംഭിച്ച കാവേരി ബാര്‍… ഇനി ഈ പോക്ക് അപകടമാണെന്ന് മനസ് മന്ത്രിച്ചു. ആശുപത്രിയില്‍നിന്ന് മടങ്ങിയിട്ടും ഉറക്കമില്ലാത്ത രാവുകള്‍. നാളുകളായി പ്രിയപ്പെട്ടവര്‍ പറയാറുള്ളത് അനുസരിക്കാന്‍ തീരുമാനിച്ചു. ഡിസംബര്‍ മൂന്നാം ആഴ്ചയില്‍ പാലായ്ക്കടുത്തുള്ള താബോര്‍ ധ്യാനകേന്ദ്രത്തില്‍ ധ്യാനത്തിനായി പോയി. എന്നോടൊപ്പം ഇച്ചാച്ചനും അമ്മച്ചിയും ധ്യാനത്തിന് വന്നു. അഞ്ചുദിവസത്തെ ധ്യാനമാണ്. ഒന്നരദിവസവും അരോചകമായി തോന്നി. തുടര്‍ന്ന് ഫാ. ജെയിംസ് മഞ്ഞാക്കല്‍ ക്ലാസെടുക്കാനെത്തി. ”മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്ക് മറക്കാനാവുമോ? പുത്രനോട് പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ? അവള് മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല” എന്ന ഏശയ്യാ 49/15 വചനം ഉദ്ധരിച്ചുകൊണ്ട് ദൈവസ്നേഹത്തെക്കുറിച്ചുള്ള ക്ലാസ്. ദൈവം ആപത്തുകളില്നിന്ന കാത്തുരക്ഷിച്ച സമയങ്ങള്‍ ഓര്‍ത്തെടുക്കാന്‍ അച്ചന് ആവശ്യപ്പെട്ടു. കൗതുകം തോന്നിയ ഒരു ടോര്‍ച്ച് സ്വന്തമാക്കി അതുപയോഗിച്ച് നടന്ന രാത്രിയെക്കുറിച്ച് ഞാനോര്‍ത്തു. ആ ടോര്ച്ചുനിമിത്തം പാമ്പുകടിയേല്‍ക്കാതെ രക്ഷപ്പെട്ട സംഭവത്തെ ‘ഭാഗ്യം’ എന്നാണ് ഞാന്‍ വിളിച്ചത്. ദൈവപരിപാലനയെന്ന് മനസിലാക്കിയില്ല. പക്ഷേ, അന്നത്തെ പാപാവസ്ഥയില്‍ മരണത്തിലൂടെ നിത്യനാശത്തിലേക്ക് പോകാതെ കര്‍ത്താവ് കാക്കുകയായിരുന്നു എന്ന് അന്ന് ഞാന്‍ മനസിലാക്കി. പിന്നീട് ദൈവപ്രമാണങ്ങളെക്കുറിച്ച് കേട്ടു. അതിന്റെ വെളിച്ചത്തില്‍ ഞാന്‍ വേദനിപ്പിച്ചവരോട് മനസാ മാപ്പുചോദിച്ചും എന്നെ വേദനിപ്പിച്ചവരോട് ക്ഷമിച്ചും നല്ലൊരു കുമ്പസാരം നടത്താന്‍ സാധിച്ചു. ദൈവവചനത്തെക്കുറിച്ച് മനസിലാക്കി. ആത്മാവില്‍ സന്തോഷം കണ്ടെത്താന്‍ ദൈവവചനങ്ങള്‍ കൂട്ടാകുമെന്ന് തിരിച്ചറിഞ്ഞു. ധ്യാനത്തിന്റെ രണ്ടാം ദിവസം രാത്രി കൗണ്‍സലിംഗിനായി ഫാ. ജയിംസ് മഞ്ഞാക്കലിന്റെയരികില് പോയി. പരിചയപ്പെട്ട് താമസിയാതെതന്നെ ബൈബിള്‍ എടുത്ത് പ്രാര്‍ത്ഥിച്ചിട്ട് അച്ചന്റെ ചോദ്യം, ”ഔസേപ്പച്ചന് എന്താണ് ജോലി?” ബാര്‍ നടത്തുന്നു എന്ന് പറയാന്‍ മടി. അതിനാല്‍ ഞാന്‍ പറഞ്ഞു, ”കാസര്‍ഗോഡ് ഒരു ഹോട്ടലും ലോഡ്ജും നടത്തുകയാണച്ചാ.” അതങ്ങോട്ട് മുഴുവനായി വിശ്വസിക്കാന്‍ അച്ചന് സാധിക്കാത്തതുപോലെ… വീണ്ടും ചോദിച്ചു, ”വേറെ എന്തെങ്കിലും വരുമാനമാര്ഗമുണ്ടോ?” ദര്ശനവരമുള്ള ആളല്ലേ, എല്ലാം മനസിലായിക്കാണുമോ എന്ന ഭയത്തോടെ ഞാന്‍ ബാറിന്റെ കാര്യം തുറന്നുപറഞ്ഞു. അതുകേട്ടതേ അച്ചന് കസേരയില്‍നിന്നെഴുന്നേറ്റ് എന്റെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ”എന്റെ ഈശോയേ, അങ്ങ് കുരിശില്‍ മരിച്ചത് ഈ മകനുവേണ്ടിക്കൂടിയാണല്ലോ. അങ്ങ് ഈ മകന് പാപബോധം കൊടുക്കണമേ. ബാര്‍ അടച്ചുപൂട്ടാനുള്ള കൃപ കൊടുക്കണമേ.” തുടര്‍ന്ന് കുറെനേരം സ്തുതിച്ച് പ്രാര്‍ത്ഥിച്ചതിനുശേഷം ബൈബിള്‍ തുറന്ന് വചനമെടുത്തു. മര്‍ക്കോസ് 9/42 ആണ് ലഭിച്ചത്- ”വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവന് ഇടര്‍ച്ച വരുത്തുന്നവന് ആരായാലും അവന് കൂടുതല്‍ നല്ലത് കഴുത്തില്‍ ഒരു വലിയ തിരികല്ല് കെട്ടി കടലില്‍ എറിയപ്പെടുന്നതാണ്.” വചനത്തിന്റെ വെളിച്ചത്തില്‍ ബാര്‍ അടച്ചേതീരൂ എന്ന മട്ടില്‍ അച്ചന് സംസാരിക്കാന്‍ തുടങ്ങി, ”മദ്യവ്യവസായം ഒരു വലിയ പാപമാണ്. പതിനായിരങ്ങളെ നിരാശയിലേക്കും കുടുംബത്തകര്‍ച്ചയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുന്ന ഈ പാപത്തിന്റെ ഭാരം ഔസേപ്പച്ചന് ഇനി ചുമക്കരുത്.” ”ബാറില്‍നിന്നുള്ള വരുമാനത്തെ കേന്ദ്രീകരിച്ചാണ് ജീവിതം മുഴുവന്‍ ഓടുന്നത്. വീടുപണിയുന്നതിന് കുറ്റിയടിച്ചുകഴിഞ്ഞു. ലക്ഷങ്ങള്‍ ഉടനെതന്നെ കൊടുത്തുതീര്‍ക്കാനുമുണ്ട്,” ഞാന്‍ എന്റെ ന്യായങ്ങള്‍ നിരത്തി. ആ വിഷമതകളൊന്നും അച്ചനില്‍ അയവ് വരുത്തിയില്ല. തുടര്‍ന്ന് നിയമപരമായി ലൈസന്‍സോടെയാണ് ബാര്‍ നടത്തുന്നതെന്നും വ്യാജമദ്യം വില്ക്കുന്നില്ലെന്നും ഞാന്‍ ന്യായീകരിച്ചു. കര്‍ക്കശമായ മറുപടിയാണ് വന്നത്, ”ലോകനിയമങ്ങള്ക്കനുസരിച്ചാണെങ്കില് ലോകത്തിന്റെ വഴിക്കുതന്നെ പോകാം. പ്രശ്നങ്ങളുമായി ദൈവത്തിന്റെ പക്കല്‍ അണയേണ്ടതില്ലല്ലോ.” വീണ്ടും, മുഖം രക്ഷിക്കാനായി ഞാന്‍ പറഞ്ഞു, ”അച്ചാ, ഈ ബാര്‍ കാസര്‍ഗോഡാണ്. അവിടെയാണെങ്കില്‍ മദ്യപിക്കാനെത്തുന്നത് മുഴുവന്‍ മറ്റ് മതസ്ഥരാണ്, ക്രിസ്ത്യാനികളല്ല. പിന്നെന്താ കുഴപ്പം?” അതുകേട്ട് അച്ചന് ക്ഷോഭിച്ചു, ”നീ അങ്ങനെയാണോ കരുതിയത്? എല്ലാ മനുഷ്യരും ദൈവത്തിന്റെ മക്കളാണ്. യേശുക്രിസ്തു എല്ലാവര്‍ക്കുംവേണ്ടിയാണ് കുരിശില്‍ മരിച്ചത്. ആരുടെയും നാശത്തിന് നീ കാരണമാകരുത്!” ഞാന്‍ വീണ്ടും ചിന്തിച്ചു, ‘മകളെ കെട്ടിക്കാനില്ലേ? വീടുപണിയണ്ടേ? സമൂഹത്തില്‍ അംഗീകാരം വേണ്ടേ?’ എന്നെല്ലാമുള്ള ഒരു പ്രലോഭനസ്വരമാണ് അപ്പോള്‍ കേട്ടത്. ആശയക്കുഴപ്പത്തിലായ ഞാന്‍ പറഞ്ഞു, ”ബാര്‍ അടയ്ക്കാനൊന്നും പോകുന്നില്ല. എനിക്കും ജീവിക്കണം!” എന്റെ സംഘര്‍ഷം മനസിലാക്കിയ അച്ചന് പറഞ്ഞു, ”ടെന്‍ഷനടിക്കണ്ട. ഇപ്പോള്‍ പോയി കിടന്നുറങ്ങുക. രാവിലെ അഞ്ചുമണിക്കെഴുന്നേറ്റ് ഇവിടത്തെ ചാപ്പലില്‍ പോയി ക്രൂശിതനായ യേശുവിന്റെ മുഖത്ത് നോക്കി പ്രാര്‍ത്ഥിക്കുക. അവിടുന്ന് നിനക്ക് ബോധ്യങ്ങള്‍ തരും.” അത്താഴം കഴിഞ്ഞ് കിടന്നുറങ്ങിയ ഞാന്‍ രാവിലെ അഞ്ചുമണിക്ക് ഉറക്കം തെളിഞ്ഞെങ്കിലും എഴുന്നേറ്റ് പോയി പ്രാര്‍ത്ഥിച്ചില്ല. പിന്നീട് എഴുന്നേറ്റപ്പോള്‍ പശ്ചാത്താപം തോന്നി. കൈയില്‍ കെട്ടിയിരുന്ന നല്ല റാഡോ വാച്ച് അഞ്ചുമണിക്ക് നിന്നുപോയതും എന്നെ ചിന്തിപ്പിച്ചു. എന്നാല്‍ പശ്ചാത്തപിച്ചപ്പോള്മുതല് വാച്ച് വീണ്ടും ശരിയായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. തുടര്‍ന്ന് അന്ന്, ധ്യാനത്തിന്റെ മൂന്നാം ദിവസം, മാനസാന്തരാനുഭവത്തിലേക്ക് ഞാന്‍ കടന്നുവന്നു. മരണാനന്തരജീവിതത്തെക്കുറിച്ചുള്ള പ്രത്യാശ മനസില്‍ നിറഞ്ഞു. ആത്മാഭിഷേകത്തിന്റെ ലഹരിയെക്കുറിച്ച് മനസിലായി. ഒടുവില്‍ മദ്യപാനത്തില്‍നിന്നും പിന്തിരിയാനും ബാര്‍ അടയ്ക്കാനുമുള്ള ഉറച്ച തീരുമാനമെടുത്തു. അതോടെ കാര്യങ്ങളെല്ലാം മാറിമറിയുകയായിരുന്നു. പോലീസും രാഷ്ട്രീയക്കാരും സുഹൃത്തുക്കളുംവരെ എതിരായി. ഭീഷണികള്‍പോലും വന്നു. എന്നാല്‍ എന്റെ തീരുമാനത്തില്‍നിന്ന് പിന്നിലേക്കില്ല എന്ന് ഞാനും ഉറപ്പിച്ചു. ശത്രുപക്ഷത്ത് നിലയുറപ്പിച്ചവരോട് ക്ഷമിക്കാനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിച്ചു. ആ പ്രാര്‍ത്ഥന ഫലം തന്നു. എതിര്‍ത്തുനിന്നിരുന്ന ചില തൊഴിലാളിനേതാക്കള്‍ അനുനയത്തിലായി. തൊഴിലാളികള്‍ക്ക് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്കി തിരികെ വിടാന്‍ തീരുമാനവുമായി. അങ്ങനെ 1989-ല്‍ തുടങ്ങിയ ബാര്‍ 1990 മാര്‍ച്ച് 31-ന് പൂട്ടിയതോടെ ജീവിതത്തില്‍ വലിയൊരു വഴിത്തിരിവ്… എന്നിലെ മാറ്റം സുഹൃത്തുക്കളുള്‍പ്പെടെ മറ്റ് ചിലരുടെയും മാനസാന്തരത്തിന് വഴിയൊരുക്കുകയും ചെയ്തു. പിന്നീട് വചനം പ്രഘോഷിക്കാനുള്ള കൃപ നല്കി ദൈവം എന്നെ അനുഗ്രഹിച്ചു. തെരുവില്‍ സുവിശേഷം പറയാനും കൃപ നല്കി. പലയിടത്തും എന്റെ സാക്ഷ്യം പങ്കുവയ്ക്കാറുമുണ്ട്. ദൈവത്തോടൊത്തുള്ള ജീവിതം എത്രയോ അര്‍ത്ഥപൂര്‍ണമാണെന്ന് ഇന്ന് ഞാന്‍ നന്നായി അറിയുന്നു. മദ്യലോകത്തെക്കാള് ലഹരി ആത്മാവ് നമുക്ക് തരും. കോതമംഗലം രൂപതയിലെ തലയനാട് ഇടവകാംഗമാണ് ഔസേപ്പച്ചന്. ദൈവശുശ്രൂഷയില്‍ സജീവമാണ്. തന്റെ മാനസാന്തരകഥ വിവരിക്കുന്ന ‘മദ്യലോകത്തില്നിന്ന് ആത്മലഹരിയിലേക്ക്’ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം കോഴിക്കോട് സോഫിയാ ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ സാലിയും വിവാഹിതരായ ടീന, ജോര്‍ജ് എന്നീ രണ്ട് മക്കളും ഉള്‍പ്പെടുന്നതാണ് കുടുംബം. മൂത്ത മകനായ സോണി അസുഖത്തെത്തുടര്‍ന്ന് നിര്യാതനായി.
By: ഔസേപ്പച്ചന് പുതുമന
More