Home/Engage/Article

നവം 18, 2023 330 0 സ്റ്റെല്ല ബെന്നി
Engage

‘സക്കായി’ ഇപ്പോഴും മരത്തേല്‍ത്തന്നെ!

നിങ്ങളുടെ ശുശ്രൂഷകളില്‍, പ്രാര്‍ത്ഥനാ ജീവിതത്തില്‍ പ്രതിസന്ധി അനുഭവിക്കുന്നുവോ? ഇന്നൊരു പിന്‍മാറ്റത്തിന്‍റെ വക്കിലാണോ? ഈ ലേഖനം നിങ്ങളെ സഹായിക്കും

‘ചങ്കരനിപ്പോഴും തെങ്ങേല്‍ത്തന്നെ’ എന്ന പഴമൊഴി ഇതു വായിക്കുന്ന മിക്കവരുംതന്നെ കേട്ടിട്ടുണ്ടാവും. പക്ഷേ ‘സക്കായി ഇപ്പോഴും മരത്തേല്‍ത്തന്നെ’ എന്ന പുതുമൊഴി അധികമാര്‍ക്കും പരിചയമുണ്ടാകാന്‍ സാധ്യതയില്ല. കാരണം അത് നമ്മളില്‍ പലരുടെയും ഇന്നത്തെ തിരുത്തപ്പെടേണ്ട ജീവിതവും കാഴ്ചപ്പാടുകളുമാണ്.

ചുങ്കക്കാരന്‍ സക്കേവൂസിനെ തിരുവചനം വായിക്കുന്ന എല്ലാവര്‍ക്കും തീര്‍ച്ചയായും പരിചയമുണ്ടെന്ന് ഞാന്‍ കരുതുന്നു. എല്ലാവര്‍ക്കുംതന്നെ സക്കേവൂസ് എന്ന സക്കായിയെ വളരെ ഇഷ്ടവുമാണ്. കര്‍ത്താവിനെ ഒരുനോക്കു കാണാന്‍വേണ്ടി അവന്‍ ഓടുന്നതും പൊക്കം കുറവായതിനാല്‍ സിക്കമൂര്‍ വൃക്ഷത്തിന്‍റെമേല്‍ വലിഞ്ഞു കയറുന്നതും യേശുവിനെ കാത്ത് മരക്കൊമ്പില്‍ ഇരിക്കുന്നതും യേശുകര്‍ത്താവ് അവനെ ഒറ്റ വാക്കുകൊണ്ട് താഴെ ഇറക്കുന്നതും ഒരുനോക്കു കാണാന്‍മാത്രം കൊതിച്ചവന്‍റെ വീട്ടില്‍ ഒരു ദിവസം കര്‍ത്താവ് താമസിക്കുന്നതും സക്കേവൂസിന്‍റെ അത്ഭുതകരമായ മാനസാന്തരവും ധീരമായ പരിഹാരം ചെയ്യലുമെല്ലാം മനംകവരുന്ന സംഭവങ്ങള്‍തന്നെ. അതില്‍ പ്രസാദിച്ച പൊന്നുതമ്പുരാന്‍ ‘ഇന്നീ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു’ എന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചതും ആരുടെയും മനസില്‍ തങ്ങിനില്‍ക്കും. പൊന്നുതമ്പുരാന്‍ സക്കായിയോട് പറഞ്ഞതുപോലൊരു വാക്ക് എന്നോടും എന്‍റെ കുടുംബത്തോടും പറഞ്ഞിരുന്നെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവരായിരിക്കാം ഞാനും നിങ്ങളുമൊക്കെ.

പക്ഷേ ഞാനെന്ന സക്കായി ഇപ്പോഴും മരത്തേല്‍ത്തന്നെ ആണോ? ആണെങ്കില്‍ കര്‍ത്താവിന് എന്നോട് എങ്ങനെ ആ വാക്ക് പറയാന്‍ പറ്റും!? ഞാനൊന്നു താഴെ ഇറങ്ങി വന്നിട്ടുവേണ്ടേ ആ വാക്ക് എന്നോടും എന്‍റെ കുടുംബത്തോടും പറയാന്‍.

‘ഇന്നീ കുടുംബത്തിനു രക്ഷ കൈവന്നിരിക്കുന്നു’ എന്ന മനോഹരമായ വാക്ക് നമ്മളോരോരുത്തരുടെയും കുടുംബത്തെ നോക്കി പറയാന്‍ യേശുകര്‍ത്താവ് ആത്മാര്‍ത്ഥമായും കൊതിക്കുന്നുണ്ട്. അതിനുവേണ്ടിയിട്ടാണല്ലോ അവിടുന്ന് സ്വര്‍ഗംവിട്ട് ഈ ഭൂമിയില്‍ വന്നതും സ്വയം ബലിയായി തന്നെ സമര്‍പ്പിച്ചതും. പക്ഷേ സക്കായി ചെയ്ത ധീരമായ പ്രവൃത്തികള്‍ ചെയ്യാന്‍ നാം തയാറാകുന്നില്ല എന്നിടത്താണ് പ്രശ്നം നിലകൊള്ളുന്നത്.

‘സക്കേവൂസ് ഇറങ്ങിവരൂ. എനിക്ക് ഇന്ന് നിന്‍റെ വീട്ടില്‍ താമസിക്കേണ്ടിയിരിക്കുന്നു’ എന്ന യേശുവിന്‍റെ വചനം കേട്ട് സക്കേവൂസ് ആ നിമിഷത്തില്‍ത്തന്നെ സിക്കമൂര്‍ വൃക്ഷത്തില്‍നിന്നും ഊര്‍ന്നിറങ്ങി യേശുവിന്‍റെ പാദത്തിങ്കലെത്തി. ആ ഊര്‍ന്നിറങ്ങല്‍ വെറുമൊരു മരത്തില്‍നിന്നുള്ള ഊര്‍ന്നിറങ്ങല്‍ മാത്രമായിരുന്നില്ല. അവനെ അവനാക്കിയിരുന്ന സകലതില്‍നിന്നുമുള്ള ഊര്‍ന്നിറങ്ങലായിരുന്നു. പാപത്തില്‍നിന്നും സ്വാര്‍ത്ഥതയില്‍നിന്നും ജഡസ്വഭാവങ്ങളില്‍നിന്നും തട്ടിപ്പറിയില്‍നിന്നും അന്യായമായ വെട്ടിപ്പിടിക്കലില്‍നിന്നും എല്ലാമുള്ള ഒരു ഊര്‍ന്നിറങ്ങല്‍. അവന്‍ ധീരതയോടെതന്നെ അതു ചെയ്തു.
സക്കേവൂസിന്‍റെ വീട്ടിലെത്തി അവന്‍റെ ആതിഥ്യം സ്വീകരിച്ച് അവനെ സ്നേഹിച്ചുകൊണ്ട് അവിടെ കഴിയുന്ന യേശു, ഒരിക്കല്‍പോലും സക്കേവൂസിനോടു പറയുന്നില്ല ‘നിന്‍റെ പോക്ക് ശരിയല്ല കേട്ടോ, നീ രക്ഷപെടണമെങ്കില്‍ മാനസാന്തരപ്പെടണം’ എന്ന്. ഈശോ അവനോടും അവന്‍റെ കുടുംബത്തോടും ഒപ്പമായിരുന്നുകൊണ്ട് അവരെ സ്നേഹിക്കുകമാത്രം ചെയ്തു. ആ സ്നേഹത്തെ ആവോളം അനുഭവിച്ച സക്കേവൂസ് സ്വയം തിരിച്ചറിയുന്നു, ഞാന്‍ ശരിയല്ല. എന്‍റെ പോക്കു ശരിയല്ല എന്നൊക്കെ. തിരുത്തണം എന്ന് യേശു ഒരിക്കലെങ്കിലും പറയുന്നതിനുമുമ്പേ അവന്‍ അവന്‍റെ ജീവിതത്തെ തിരുത്തിക്കഴിഞ്ഞിരുന്നു. മാത്രമല്ല, ഇതുവരെ ചെയ്ത വഴിവിട്ട ജീവിതത്തിന് പരിഹാരം ചെയ്യാന്‍ തീരുമാനിക്കുകയും ആ തീരുമാനം ധീരതയോടെ സമൂഹമധ്യത്തില്‍ വച്ചുതന്നെ യേശുവിനെ അറിയിക്കുകയും ചെയ്യുന്നു. അവന്‍ പറഞ്ഞു, “കര്‍ത്താവേ, ഇതാ, എന്‍റെ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍, അത് നാലിരട്ടിയായി തിരികെ കൊടുക്കുന്നു” (ലൂക്കാ 19/8).

നിര്‍ണായകമായ ഈ വാക്കുകള്‍ സക്കേവൂസിന്‍റെ വായില്‍നിന്നും പുറത്തുവന്നതിനുശേഷം മാത്രമാണ് “ഇന്നീ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു” എന്ന വാക്കുകള്‍ യേശുവില്‍നിന്നും പുറപ്പെട്ടത്.

ഞാനെന്ന സക്കായി ഇന്നെവിടെ?

‘എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍
നിന്‍റെ വരവിനായ് കാത്തിരിപ്പൂ…’

എന്ന മനോഹരമായ ഒരു ഗാനമുണ്ട്. ആ ഗാനത്തിന്‍റെ ഈരടികള്‍ പാടി ഞാനെന്ന സക്കായി എന്‍റെ സ്വാര്‍ത്ഥതയും പാപജീവിതവുമായ വടവൃക്ഷത്തിന്‍കൊമ്പില്‍ യേശുവിനെയും കാത്തിരുന്ന് ഉറങ്ങിപ്പോയിരിക്കുന്നുവോ? യേശു പലവട്ടം ആ വഴി വന്നിട്ടുണ്ടാകാം. എന്‍റെ പേര് വിളിച്ചിട്ടുണ്ടാകാം. പക്ഷേ സക്കേവൂസ് നടത്തിയ ധീരമായ പ്രതികരണം യേശുവിന്‍റെ വിളിക്കുമുമ്പില്‍ നല്‍കാന്‍ എനിക്കിനിയും കഴിഞ്ഞിട്ടുണ്ടാവില്ല. ഞാന്‍ തട്ടിപ്പറിച്ചതും അനീതിപരമായി വെട്ടിപ്പിടിച്ച് കയ്യടക്കി വച്ചിരിക്കുന്നതും തിരികെ കൊടുക്കുവാന്‍ ഞാനെന്ന സക്കായി തയാറായിട്ടുണ്ടാവില്ല, അന്യായ ലാഭത്തിലൂടെ എന്‍റെ തലയ്ക്കു മുകളില്‍ കുമിഞ്ഞുകൂടിയ സമ്പത്ത് ഇല്ലാത്തവനുമായി പങ്കുവയ്ക്കാന്‍ ഞാന്‍ തയാറായിട്ടുമുണ്ടാവില്ല. പിന്നെങ്ങനെ ‘ഇന്നീ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു’ എന്ന വാക്ക് എന്‍റെ ഭവനത്തെ നോക്കിപ്പറയാന്‍ നീതിമാനായ യേശുവിന് കഴിയും? കര്‍ത്താവായ യേശുവിന് തീര്‍ച്ചയായും ആ വാക്ക് നമ്മെ നോക്കിയും നമ്മുടെ കുടുംബത്തെ നോക്കിയും പറയാന്‍ നമ്മളെക്കാള്‍ വലിയ ആഗ്രഹമുണ്ട്. പക്ഷേ ഞാനെന്ന സക്കായി മരത്തില്‍നിന്നിറങ്ങി ധീരമായ കാല്‍വയ്പുകളോടെ ചുങ്കക്കാരന്‍ സക്കേവൂസിനെപ്പോലെ പ്രവര്‍ത്തിക്കാന്‍ തയാറാവുന്നില്ലെങ്കില്‍ പാവം യേശുതമ്പുരാന്‍ എന്തുചെയ്യും? അവിടുന്നാകെ വിഷമവൃത്തത്തിലായിപ്പോകും എന്നതു തീര്‍ച്ച.

ലൗകിക സമ്പത്തു മാത്രമല്ല

അന്യായമായി വെട്ടിപ്പിടിച്ച ലൗകിക സമ്പത്ത് തിരികെ നല്‍കുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന കാര്യത്തില്‍ മാത്രമായാല്‍ പോരാ ഈ പരിഹാരം ചെയ്യല്‍. മറ്റുള്ളവര്‍ക്ക് അര്‍ഹമായ ആദരവ്, അംഗീകാരം, സ്നേഹം, പരിഗണന, ചേര്‍ത്തുനിര്‍ത്തല്‍, ശുശ്രൂഷ, പരസ്പരമുള്ള താങ്ങല്‍, പങ്കുവയ്ക്കല്‍ എന്നീ തലങ്ങളില്‍ സ്വന്തം കുടുംബാംഗങ്ങളോടും സ്വന്തം സമൂഹത്തില്‍ ഉള്ളവരോടും നാം തികഞ്ഞ അനീതി പുലര്‍ത്തിയിട്ട് കുടുംബത്തിലും നാമായിരിക്കുന്ന സമൂഹത്തിലും സമാധാനവും രക്ഷയും ഉണ്ടാകണമെന്ന് കരഞ്ഞു പ്രാര്‍ത്ഥിച്ചാല്‍ കര്‍ത്താവിന് എങ്ങനെ നമ്മുടെ പ്രാര്‍ത്ഥനയ്ക്കുത്തരം നല്‍കാനാവും? തന്‍റെ നാമം നിരന്തരം ഉരുവിടുകയും തന്നോട് നീതിവിധികള്‍ ആരായുകയും ചെയ്യുന്ന പല കുടുംബങ്ങളെയും സമൂഹങ്ങളെയും നോക്കി കര്‍ത്താവ് നിസഹായതയോടെ നെടുവീര്‍പ്പിടുകയാണിന്ന്.

പ്രിയപ്പെട്ട സക്കായിമാരേ, നമ്മള്‍ ഇന്ന് അള്ളിപ്പിടിച്ചിരിക്കുന്ന മരക്കൊമ്പുകളില്‍നിന്ന് ഒന്ന് ഊര്‍ന്ന് താഴെയിറങ്ങി യേശുവിന്‍റെ പാദത്തിങ്കലെത്തിയാല്‍ നിങ്ങളുടെ ഭവനത്തിനും സമൂഹങ്ങള്‍ക്കും രക്ഷ സുനിശ്ചിതമാണ്. അവന്‍ പറയുന്നത് ചെയ്യാന്‍ തയാറാകുമോ?

ശിമയോനോട് കാണിച്ച കാര്‍ക്കശ്യം

യേശുവിന്‍റെ പീഡാനുഭവ വേളയില്‍ സ്വന്ത ജീവരക്ഷയെപ്രതി യേശുവിനെ മൂന്നുവട്ടം തള്ളിപ്പറഞ്ഞ പത്രോസിനോടും തന്നെത്തന്നെ ഉപേക്ഷിച്ച് താന്താങ്ങളുടെ വഴിക്ക് രക്ഷ തേടിപ്പോയ തന്‍റെ ശിഷ്യഗണത്തോടും യേശുകര്‍ത്താവ് നിരുപാധികം ക്ഷമിച്ചു. തന്‍റെ ഉയിര്‍പ്പിനുശേഷം ശിമയോനും കൂട്ടരും തന്‍റെ പീഡാനുഭവസമയത്ത് ചെയ്ത തള്ളിപ്പറച്ചിലിനെക്കുറിച്ച് യാതൊരു പരാതിയോ പരിഭവമോ കുറ്റപ്പെടുത്തലോ പറയാതെ തിബേരിയൂസ് കടല്‍ക്കരയില്‍ അവര്‍ക്കുവേണ്ടി പ്രാതലൊരുക്കി കാത്തിരിക്കുന്ന കര്‍ത്താവിനെ യോഹന്നാന്‍ ഇരുപതാം അധ്യായത്തില്‍ നാം കണ്ടെത്തുന്നു. പെറ്റമ്മയെക്കാള്‍ സ്നേഹത്തോടെ അവിടുന്ന് അവരെ ഊട്ടിപ്പോറ്റി പരിചരിച്ച് വീണ്ടും തന്‍റെ സ്നേഹത്തിലേക്കും താനുമായിട്ടുള്ള ഐക്യത്തിലേക്കും തിരികെ കൊണ്ടുവരുന്നു. പക്ഷേ… ഒരു കാര്യത്തില്‍ അവിടുന്ന് കാര്‍ക്കശ്യം കാട്ടുന്നു.

പ്രാണരക്ഷയെപ്രതിയാണെങ്കിലും മൂന്നു പ്രാവശ്യം തന്നെ തള്ളിപ്പറഞ്ഞ ശിമയോനെക്കൊണ്ട് മൂന്നുപ്രാവശ്യം എല്ലാവരെക്കാളും അധികമായി തന്നെ സ്നേഹിക്കുന്നുവെന്ന് ശിഷ്യന്മാരുടെ സമൂഹമധ്യത്തില്‍വച്ച് തിരുത്തിപ്പറയിക്കുന്നു. മൂന്നു പ്രാവശ്യം ഏതു നാവുകൊണ്ട് തള്ളിപ്പറഞ്ഞോ ആ നാവുകൊണ്ടുതന്നെ മൂന്നുപ്രാവശ്യം തിരുത്തിപ്പറയിക്കുന്നു. ഇതൊരു പരിഹാരം ചെയ്യിക്കല്‍ കൂടിയായിരുന്നു. ആ പരിഹാരം ചെയ്യിക്കലിന്‍റെ കാര്യത്തില്‍ അവിടുന്ന് തികച്ചുമൊരു കര്‍ക്കശക്കാരനായിരുന്നു. ആ ഏറ്റുപറച്ചിലിനുശേഷമാണ് അവിടുന്ന് ശിമയോന്‍ പത്രോസിനെ താന്‍ രക്തം ചിന്തി വീണ്ടെടുത്ത സഭയുടെ അജപാലകനായി നിയോഗിക്കുന്നത്. ഇത് മറ്റു ശിഷ്യര്‍ക്ക് ശിമയോന്‍റെ ഭരണത്തിന്മേല്‍ ഒരിക്കലും ഉതപ്പുണ്ടാകാതിരിക്കുന്നതിനുവേണ്ടിക്കൂടിയായിരുന്നു.

ദൈവശുശ്രൂഷകരോട് ഒരു വാക്ക്

നിങ്ങളുടെ ശുശ്രൂഷാജീവിതത്തില്‍ ഒരുവന്‍ പ്രതിസന്ധി അനുഭവിക്കുന്നുവോ? വലയും വള്ളവുമെടുത്ത് വീണ്ടും മീന്‍ പിടിക്കാന്‍ പോയ ശിമയോന്‍ പത്രോസിനെയും സഹശിഷ്യരെയുംപോലെ നിങ്ങളും ഇന്നൊരു പിന്‍മാറ്റത്തിന്‍റെ വക്കിലെത്തി നില്‍ക്കുകയാണോ? ഒരുപക്ഷേ ശെമയോന്‍ ചെയ്തതുപോലുള്ള ഒരു തെറ്റുതിരുത്തലും പരിഹാരം ചെയ്യലും നിങ്ങളുടെ ശുശ്രൂഷാജീവിതത്തിന്‍റെ ഏതെങ്കിലുമൊക്കെ മേഖലകളില്‍ അനിവാര്യമായിരിക്കാം. മൂന്നുപ്രാവശ്യം തള്ളിപ്പറഞ്ഞ അതേ നാവുകൊണ്ടുതന്നെ മൂന്നുപ്രാവശ്യം തിരിച്ചു പറയിച്ച കര്‍ത്താവ് നമ്മുടെ സഹശുശ്രൂഷകരുമായിട്ടുള്ള ബന്ധങ്ങളിലും നമ്മുടെ കുടുംബാംഗങ്ങളുമായിട്ടുള്ള ബന്ധങ്ങളിലുമൊക്കെ ഇതുപോലുള്ള ഒരു തിരുത്തിപ്പറയലും പരിഹാരം ചെയ്യലും ആവശ്യപ്പെടുന്നുണ്ടാകാം.

“കര്‍ത്താവിന്‍റെ വഴിയൊരുക്കുവിന്‍; അവന്‍റെ പാതകള്‍ നേരെയാക്കുവിന്‍” (മത്തായി 3/3) എന്ന സ്നാപകന്‍റെ വാക്കുകള്‍ നമ്മുടെ ജീവിതങ്ങളെയും യഥാര്‍ത്ഥമായ നീതിയിലേക്കു നയിക്കട്ടെ. അപ്പോള്‍ നീതിമാനായ യേശുവിന് സാക്ഷ്യം നല്‍കാന്‍ തക്കവിധം നമ്മുടെ ജീവിതങ്ങളും കുടുംബങ്ങളും പ്രകാശപൂര്‍ണമായി മാറും. അത്തരത്തിലുള്ള ഒരു പുനര്‍നവീകരണത്തിലേക്കും രൂപാന്തരീകരണത്തിലേക്കും നമ്മുടെ ജീവിതങ്ങളെ പരിശുദ്ധാത്മാവ് നയിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ‘ആവേ മരിയ.’

Share:

സ്റ്റെല്ല ബെന്നി

സ്റ്റെല്ല ബെന്നി

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles