Home/Evangelize/Article

ജനു 21, 2020 1903 0 Ranjith Lawrence
Evangelize

നിറഞ്ഞുകവിഞ്ഞ ചോറ് പത്രവാര്‍ത്തയായപ്പോള്‍…

വാഴ്ത്തപ്പെട്ട ജോണ്‍ മസിയാസ്, ഇന്ന് ദരിദ്രര്‍ക്ക് കൊടുക്കാനുള്ള ഭക്ഷണമില്ല!’- ലിയാന്‍ഡ്രാ എന്ന പാചകക്കാരി ഉച്ചഭക്ഷണം തയാറാക്കുന്നതിനിടെ ഉയര്‍ത്തിയ നെടുവീര്‍പ്പായിരുന്നു ഈ പ്രാര്‍ത്ഥന. സ്പെയിനിന്‍റെയും പോര്‍ച്ചുഗലിന്‍റെയും അതിര്‍ത്തിയിലുള്ള ഒലിവന്‍സാ എന്ന ചെറുനഗരത്തിലെ പാചകക്കാരിയായിരുന്നു ലിയാന്‍ഡ്ര. ദരിദ്രരായ കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലിലേക്കുള്ള ഭക്ഷണമാണ് അന്ന് ലിയാന്‍ഡ്ര തയാറാക്കിക്കൊണ്ടിരുന്നത്. മറിയം മഗ്ദലേനയുടെ നാമത്തിലുള്ള ഇടവകയിലെ വികാരിയച്ചന്‍റെ ചുമതലയിലായിരുന്നു ആ ഹോസ്റ്റല്‍.

അവിടത്തെ കുട്ടികള്‍ക്കുള്ള ഭക്ഷണത്തിന് പുറമേ എല്ലാ ഞായറാഴ്ചകളിലും പട്ടണത്തിലെ ദരിദ്രരായ 80-ഓളം കുട്ടികള്‍ക്കുള്ള ഭക്ഷണവും ഇടവകയുടെ നേതൃത്വത്തില്‍ നല്‍കിവന്നിരുന്നു. എന്നാല്‍ ആ ആഴ്ചയില്‍ ദരിദ്രരായ കുട്ടികള്‍ക്ക് നല്‍കാനുള്ള ധാന്യം ഇല്ലാത്തതിന്‍റെ വേദനയാണ് ലിയാന്‍ഡ്രയുടെ ഉള്ളില്‍നിന്നുള്ള പ്രാര്‍ത്ഥനയായി മാറിയത്.
മൂന്ന് അളവുപാത്രം ധാന്യംമാത്രം വേവിക്കാന്‍ ഇട്ടിട്ട് പുറത്തുപോയി തിരികെയെത്തിയ ലിയാന്‍ഡ്രയെ കാത്തിരുന്നത് ഒരു അത്ഭുത കാഴ്ചയാണ്. പാത്രത്തിന്‍റെ വക്കുവരെ ചോറ് വെന്തുനിറഞ്ഞിരിക്കുന്നു! പുറത്തുപോകുമെന്ന് കരുതി കുറെ ചോറ് മറ്റൊരു പാത്രത്തിലേക്ക് മാറ്റി. അപ്പോഴതാ ആശ്ചര്യകരമായ മറ്റൊരനുഭവം! വീണ്ടും പഴയ പാത്രത്തില്‍ ചോറ് കൂടിവരുന്നു!

ഇത് മനസിലാക്കിയ ലിയാന്‍ഡ്ര ഇടവക വികാരിയായ ഫാ. ലൂയിസിനെയും ഹോസ്റ്റല്‍ വാര്‍ഡനെയും വിളിച്ചുവരുത്തി. ഒരോ തവണ വേറെ പാത്രങ്ങളിലേക്ക് മാറ്റുമ്പോഴും ഭക്ഷണം വേവിക്കുന്ന പാത്രത്തില്‍ ചോറ് നിറഞ്ഞു വരുന്ന അത്ഭുതം നാല് മണിക്കൂറുകളോളം തുടര്‍ന്നു. വിശന്നുവലഞ്ഞ ജനക്കൂട്ടത്തോട് അലിവുതോന്നി അപ്പം വര്‍ദ്ധിപ്പിച്ച യേശു, ജോണ്‍ മസിയാസെന്ന പുണ്യവാന്‍റെ മാധ്യസ്ഥത്തിലൂടെ പാചകക്കാരി നടത്തിയ പ്രാര്‍ത്ഥനയ്ക്ക് മുമ്പില്‍ വീണ്ടും അതേ അത്ഭുതം പ്രവര്‍ത്തിക്കുകയായിരുന്നു. വികാരിയച്ചനും ഇടവകാംഗങ്ങളും ഉള്‍പ്പെടെ നിരവധിയാളുകള്‍ ഈ അത്ഭുതത്തിന് സാക്ഷ്യം വഹിച്ചു.

എത്ര പാത്രങ്ങളിലേക്കാണ് തങ്ങള്‍ ചോറ് പകര്‍ന്നതെന്ന് പറയാന്‍ സാധിക്കില്ലെന്നും എന്നാല്‍ 200-ഓളം ആളുകള്‍ ആ പാത്രത്തില്‍നിന്നുള്ള ചോറ് അന്ന് ഭക്ഷിച്ചെന്നും ഇടവകവികാരിയായ ഫാ. ലൂയിസ് സാക്ഷ്യപ്പെടുത്തി. 1949 ജനുവരി 23-ന് സംഭവിച്ച അസാധാരണമായ ഈ അത്ഭുതത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുമായാണ് 1975 ഏപ്രില്‍ 27ന് വത്തിക്കാന്‍ ദിനപത്രമായ ഒസര്‍വത്താരോ റൊമാനോ പുറത്തിറങ്ങിയത്. സാധാരണയായി അംഗീകരിക്കുന്ന അത്ഭുതരോഗസൗഖ്യങ്ങളില്‍നിന്ന് വ്യത്യസ്തമായി വാഴ്ത്തപ്പെട്ട ജോണ്‍ മസിയാസിനെ വിശുദ്ധ പദവിയിലേക്കുയര്‍ത്താന്‍ ഈ അത്ഭുതമാണ് വത്തിക്കാന്‍ അംഗീകരിച്ചത്.

1585 മാര്‍ച്ച് 2-ന് സ്പെയിനിലെ റിബേര ഡെല്‍ ഫ്രെസ്നോയില്‍ ദരിദ്രരെങ്കിലും ഭക്തരായ മാതാപിതാക്കളുടെ മകനായാണ് ജോണ്‍ മസിയാസിന്‍റെ ജനനം. നാലാമത്തെ വയസായപ്പോഴേക്കും മാതാപിതാക്കളെ നഷ്ടപ്പെട്ട് അനാഥനായി മാറിയ ജോണ്‍ പിന്നീട് ഒരു അങ്കിളിന്‍റെ കൂടെയാണ് വളര്‍ന്നുവന്നത്. ഇടയനായി ജോലി ചെയ്ത ജോണിന് തന്‍റെ നാമഹേതു വിശുദ്ധനായ യോഹന്നാന്‍റെ ദര്‍ശനങ്ങള്‍ ലഭിച്ചിരുന്നു. ആടുകളെ മേയ്ച്ചിരുന്ന സമയത്ത് പാപികളുടെ മാനസാന്തരത്തിനായും ശുദ്ധീകരണാത്മാക്കള്‍ക്ക് വേണ്ടിയും ജോണ്‍ ജപമാല ചൊല്ലി സമര്‍പ്പിച്ചുവന്നു.

യുവാവായ ജോണ്‍ തനിക്ക് ലഭിച്ച ദൈവികപ്രചോദനമനുസരിച്ചാണ് തെക്കേ അമേരിക്കയിലേക്ക് യാത്ര ചെയ്ത് പെറുവിലെ ലിമയില്‍ എത്തിയത്. പ്രാര്‍ഥനയും പരിത്യാഗപ്രവര്‍ത്തനങ്ങളും ജീവിതചര്യയാക്കിയിരുന്ന ജോണിന്‍റെ ഔദ്യോഗിക സന്യാസജീവിതം ആരംഭിക്കുന്നത് ലിമയിലാണ്. വിശുദ്ധ മറിയം മഗ്ദലേനയുടെ നാമത്തിലുള്ള ഡൊമിനിക്കന്‍ സന്യാസ ആശ്രമത്തില്‍ അംഗമായ ജോണ്‍ 1623 ജനുവരി 25-ന് സന്യാസസഹോദരനായുള്ള നിത്യവ്രതവാഗ്ദാനം നടത്തി.

കൂടുതല്‍ സമയം പ്രാര്‍ത്ഥനയിലും ഉപവാസത്തിലും ചെലവഴിക്കാനാണ് ജോണ്‍ ആഗ്രഹിച്ചതെങ്കിലും ദരിദ്രരെ സഹായിക്കാനുള്ള ഉത്തരവാദിത്വമാണ് അധികാരികള്‍ ജോണിനെ ഏല്‍പ്പിച്ചത്. ദരിദ്രനും അനാഥനുമായ ജോണിന് വേദനിക്കുന്നവരോട് താദാത്മ്യം പ്രാപിക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. നൂറുകണക്കിന് അനാഥര്‍ക്കും ഭവനരഹിതര്‍ക്കും ജോണിന്‍റെ നേതൃത്വത്തില്‍ എല്ലാദിവസവും ഭക്ഷണം നല്‍കി.

ആ കാലഘട്ടത്തില്‍ പുറത്ത് സാധനങ്ങളുമായി സഞ്ചരിക്കുന്ന ഒരു കഴുതയും ആ കഴുതയുടെ പുറത്ത് വീണ്ടും സാധനസാമഗ്രികള്‍ കയറ്റുന്നവരും ലിമാ നഗരത്തിലെ ഒരു കൗതുക കാഴ്ചയായിരുന്നു. നഗരത്തിലെ സമ്പന്നരുടെ കയ്യില്‍നിന്ന് ലഭിക്കുന്ന വസ്തുക്കള്‍ ഒരു കഴുതയുടെ പുറത്ത് ചുമടായി കൊണ്ടുവന്നാണ് ജോണ്‍ ദരിദ്രര്‍ക്ക് വിതരണം ചെയ്തത്. പിന്നീട് കൂടുതല്‍ സമയം പ്രാര്‍ത്ഥനയ്ക്കായി ചെലവിടുന്നതിന് വേണ്ടി ആ യാത്രകളില്‍ ജോണ്‍ പോകാതായി. യജമാനനായ ജോണിനോട് അസാധാരണ അനുസരണം കാണിച്ച കഴുത ലഭിക്കുന്ന സാധനങ്ങളെല്ലാം കൃത്യമായി ജോണിന്‍റെ പക്കല്‍ എത്തിച്ചു.

പ്രതിദിനം 200-ഓളം പേര്‍ അദ്ദേഹത്തിന്‍റെ സഹായം തേടി വന്നിരുന്നതായി ജോണിന്‍റെ ജീവചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ദിവ്യകാരുണ്യത്തോടും പരിശുദ്ധ ദൈവമാതാവിനോടും അഗാധമായ ഭക്തി പുലര്‍ത്തിയിരുന്ന ജോണ്‍ കുറച്ചു സമയം മാത്രം ഉറങ്ങി കൂടുതല്‍ സമയം പ്രാര്‍ത്ഥനയ്ക്കായി മാറ്റിവച്ചു.

1645 സെപ്റ്റംബര്‍ 17-ന് ജോണ്‍ മസിയാസ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. ജോണ്‍ മസിയാസ് തന്‍റെ ജീവിതകാലത്ത് ഒരു പ്രഭാഷണവും നടത്തിയില്ല. അദ്ദേഹം ഒരു പുസ്തകവും രചിച്ചില്ല. സന്യാസ ആശ്രമത്തിലെ ഏറ്റവും നിസാരനാണ് താനെന്ന് ആത്മാര്‍ത്ഥമായി വിശ്വസിച്ചു. ഇതേ അരൂപി പുലര്‍ത്തുകയും ദരിദ്രരെ സഹായിക്കുകയും ചെയ്തിരുന്ന സമകാലികനായിരുന്ന വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസ് അദ്ദേഹത്തിന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു. 1837-ല്‍ ഗ്രിഗറി 16-ാമന്‍ മാര്‍പാപ്പ ഇരുവരെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. പിന്നീട് 1975-ല്‍ വിശുദ്ധ പോള്‍ ആറാമന്‍ മാര്‍പാപ്പ ജോണ്‍ മസിയാസിനെ വിശുദ്ധനായി നാമകരണം ചെയ്തു.

Share:

Ranjith Lawrence

Ranjith Lawrence

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles