Home/Encounter/Article

ജനു 02, 2020 1990 0 Shalom Tidings
Encounter

പാപം ചെയ്തിട്ട് പ്രാര്‍ത്ഥിക്കാമോ?

എന്‍റെ മകന്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. ഒരു ദിവസം അവന് കടുത്ത പനിയും കഫക്കെട്ടും. ഡോക്ടറെ കാണിച്ച് മരുന്ന് കൊടുത്തു. പക്ഷേ അസുഖത്തിന് ഒരു കുറവും ഉണ്ടായില്ല. അസുഖം മാറിയില്ലെങ്കില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആകണം എന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു, ന്യുമോണിയ ആകാന്‍ സാധ്യത ഉണ്ടത്രേ. എന്‍റെ മകന്‍റെ അസുഖം മാറണമെന്ന് അന്ന് രാത്രി ഞാന്‍ മനസ്സുരുകി പ്രാര്‍ത്ഥിച്ചു. ഒരു മുഴുവന്‍ കൊന്തയും പിന്നെ കുറെ പ്രാര്‍ത്ഥനകളും ചൊല്ലി കിടന്നു. പിറ്റേന്ന് നോക്കിയപ്പോള്‍ അസുഖത്തിന് ഒരു കുറവും കണ്ടില്ല.

എനിക്ക് വളരെ സങ്കടവും ദേഷ്യവും വന്നു. ഞാന്‍ ജനല്‍ക്കമ്പിയില്‍ പിടിച്ച് ആകാശത്തേക്ക് നോക്കി പറഞ്ഞു, “സ്വര്‍ഗ്ഗത്തില്‍ ഇരിക്കുന്ന ദൈവത്തെ എനിക്ക് വേണ്ട. എന്‍റെ കൂടെ ഇരിക്കുന്ന ദൈവത്തെ മതി എനിക്ക്. സ്വര്‍ഗ്ഗത്തില്‍ ഇരിക്കുന്ന ദൈവത്തിന് എങ്ങനെയാണ് ഭൂമിയില്‍ ഇരിക്കുന്ന എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കാന്‍ സാധിക്കുന്നത്?”

ഇത് പറഞ്ഞതും എന്‍റെ മകന്‍ ഛര്‍ദ്ദിച്ചു. അവന്‍റെ അസുഖം വിട്ടുമാറി. അന്ന് ആദ്യമായി ദൈവത്തിന്‍റെ സ്വരം വ്യക്തമായി എന്‍റെ ചെവികളില്‍ പതിച്ചു, “ഞാന്‍ ഇമ്മാനുവല്‍ ആണ്, ദൈവം നമ്മോടുകൂടെ.”

ഇതു കേട്ടപ്പോള്‍ സത്യത്തില്‍ ഞാന്‍ പേടിച്ച് നാലടിയോളം പുറകോട്ട് മാറി. ദൈവം തൊട്ടടുത്ത് നില്‍ക്കുക എന്ന് പറഞ്ഞാല്‍ നിസ്സാര സംഭവമൊന്നും അല്ലല്ലോ. അപ്പോള്‍ യേശു ചോദിച്ചു, “നീ എന്തിനാണ് പേടിച്ച് പുറകോട്ട് പോകുന്നത്?” ഞാന്‍ പറഞ്ഞു, “ഞാന്‍ മഹാപാപിയും അങ്ങ് പരമ പരിശുദ്ധനും ആണ്.”

അപ്പോള്‍ ‘നിന്നെ (എത്ര വലിയ പാപിയെയും) നെഞ്ചോടു ചേര്‍ക്കാനായിട്ടാണ് ഞാനിത് സ്വീകരിച്ചത്’ എന്ന് പറഞ്ഞുകൊണ്ട് യേശു എനിക്ക് അവിടുത്തെ തിരുമുറിവുകള്‍ കാണിച്ചുതന്നു. ഈയൊരു ദൈവാനുഭവം എന്നെ യേശുവിന്‍റെ തീക്ഷ്ണമായ സ്നേഹത്തില്‍ പ്രത്യാശയുളളവളാക്കി മാറ്റി. ഈ പ്രത്യാശ നമ്മുടെ ആത്മാവിന്റെ സുരക്ഷിതവും സുസ്ഥിരവുമായ നങ്കൂരംപോലെയാണ്. (ഹെബ്രായര്‍ 6:19) പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല. കാരണം, നമുക്കു നല്‍കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്‍റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു. (റോമാ 5 : 5)

യേശുവിന്‍റെ തീക്ഷ്ണമായ സ്നേഹത്തില്‍ പ്രത്യാശ ഉള്ളവനാകയാല്‍ വിശുദ്ധ യോഹന്നാന്‍ ശ്ലീഹാ യേശു സ്നേഹിച്ച ശിഷ്യന്‍ എന്ന് സ്വയം വിശേഷിപ്പിക്കാന്‍ മടികാണിച്ചില്ല.

എന്നെ ബലപ്പെടുത്തിയ പരീക്ഷണം

ഒരു ദിവസം യേശു എന്നോട് ചോദിച്ചു, “നീ ആരാണ്?”ഞാന്‍ എന്തെങ്കിലും പറയുന്നതിനു മുമ്പേ യേശു പറഞ്ഞു, “നിന്നെ എനിക്ക് അറിയില്ല, നീ എന്‍റെ ആരുമല്ല, എന്‍റെ അടുത്തുനിന്നു പോകൂ.”

ആദ്യം ഞാന്‍ സ്തംഭിച്ചു പോയെങ്കിലും പിന്നെ ഞാന്‍ പറഞ്ഞു, “ശരി, ഞാന്‍ പൊയ്ക്കോളാം. പക്ഷേ ഞാന്‍ ചോദിക്കുന്ന ചോദ്യത്തിന് എനിക്ക് ഉത്തരം നല്‍കണം. അങ്ങയുടെ ഈ തിരുമുറിവുകള്‍ അങ്ങ് ആര്‍ക്കുവേണ്ടിയാണ് സ്വീകരിച്ചത്?”

യേശു പറഞ്ഞു, “നിനക്കുവേണ്ടി.”
“അങ്ങനെയെങ്കില്‍ ഞാന്‍ അങ്ങയുടെ ആരാണ്?”
യേശു പറഞ്ഞു, “എന്‍റെ എല്ലാം.” എന്നിട്ട് എന്നെ ചേര്‍ത്തുപിടിച്ച് ചിരിച്ചു കൊണ്ട് പറഞ്ഞു, “മിടുക്കി!”
അത് എന്‍റെ പ്രത്യാശ തെളിയിക്കാന്‍ ഈശോ നടത്തിയ ഒരു ടെസ്റ്റ് ആയിരുന്നു.
ഈ പരീക്ഷണം നിത്യജീവിതത്തിലെ പരീക്ഷണങ്ങളെ നേരിടാന്‍ എന്നെ പ്രാപ്തയാക്കി. യേശുവിനെ നോക്കി ഞാന്‍ പറയും, “നിന്‍ തീക്ഷ്ണമാം സ്നേഹമാണെന്‍ പ്രത്യാശ!” ഈയൊരു വാക്യത്തില്‍ എല്ലാ വിശ്വാസവും അടങ്ങിയിട്ടുണ്ട്.

പ്രത്യാശയുടെ ദൈവം നിങ്ങളുടെ വിശ്വാസത്താല്‍ സകല സന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറയ്ക്കട്ടെ! അങ്ങനെ, പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ നിങ്ങള്‍ പ്രത്യാശയില്‍ സമൃദ്ധി പ്രാപിക്കുകയും ചെയ്യട്ടെ! (റോമാ 15:13)

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles