Home/Engage/Article

നവം 24, 2024 11 0 സിസ്റ്റര്‍ സോണിയ തെരേസ് ഡി. എസ്. ജെ
Engage

ബൊലേറോക്കും ലോറിക്കുമിടയിലെ ജപമാലകള്‍

മറക്കാനാവാത്ത ഒരു ദിനമാണ് 2002 സെപ്റ്റംബര്‍ 7. അന്ന് ഞാന്‍ മധ്യപ്രദേശിലെ പച്ചോര്‍ എന്ന പട്ടണത്തില്‍ ഒരു സ്‌കൂള്‍ ടീച്ചറായി ജോലി ചെയ്യുകയാണ്. ഉജ്ജയിന്‍ രൂപതയ്ക്ക് കീഴിലുള്ള പ്രാര്‍ത്ഥന നികേതന്‍ എന്ന ചെറിയ ധ്യാനകേന്ദ്രത്തിന്‍റെ പരിധിയില്‍ ഉള്ള സ്‌കൂളാണ് അത്. ഞാന്‍ സ്‌പോര്‍ട്‌സ് മേഖലയില്‍നിന്ന് വിട പറഞ്ഞിട്ട് അധികനാള്‍ ആയിട്ടില്ല. ഒരു സന്യാസിനിയായി തീരും എന്നൊന്നും അന്നാളുകളില്‍ ചിന്തിച്ചിട്ടുപോലും ഇല്ല. കാരണം അന്നെല്ലാം ഞാന്‍ ദൈവസ്‌നേഹത്തില്‍നിന്ന് അല്പം അകന്നു നില്‍ക്കുന്ന കാലമാണ്. അതായത് ഞായറാഴ്ചമാത്രം പള്ളിയില്‍ പോകുന്ന ഒരു സാധാരണ വിശ്വാസി.

പക്ഷേ, അക്കാലത്ത് അവിടത്തെ ഇടവകപ്പള്ളിയോട് ചേര്‍ന്ന ധ്യാനകേന്ദ്രമായ പ്രാര്‍ത്ഥന നികേതനില്‍ 365 ദിവസവും 24 മണിക്കൂര്‍ ആരാധനയുള്ള സമയമായിരുന്നു. ഇന്‍ഡോര്‍, ഭോപ്പാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ധാരാളം വിശ്വാസികള്‍ അവിടെ പ്രാര്‍ത്ഥിക്കാന്‍ എത്തും. പച്ചോറില്‍ എത്തിയ ശേഷം ഞാനും ചില ദൈവിക അനുഭവങ്ങള്‍ അടുത്തറിഞ്ഞതിനാല്‍ പതിയെപ്പതിയെ ദൈവത്തോട് അടുത്തു കൊണ്ടിരിക്കുന്ന സമയം. സെപ്റ്റംബര്‍ മാസത്തില്‍ പരിശുദ്ധ അമ്മയുടെ പിറവിത്തിരുന്നാള്‍ ആഘോഷമായി കൊണ്ടാടുന്നതിന്‍റെ ഭാഗമായി ആഘോഷമായ വിശുദ്ധ കുര്‍ബാനയും നൊവേനയും ആ ദിവസങ്ങളില്‍ ഉണ്ടായിരുന്നു. സെപ്റ്റംബര്‍ 7 ശനിയാഴ്ച രാത്രി മുഴുവന്‍ ജാഗരണ പ്രാര്‍ത്ഥന ഉണ്ട്. ഞങ്ങള്‍ ഏഴ് ടീച്ചേഴ്‌സ് അഞ്ച് സിസ്റ്റേഴ്‌സിന്‍റെ കൂടെ സിസ്റ്റേഴ്‌സിന്‍റെ വാഹനമായ ബൊലേറോയില്‍ ആണ് പള്ളിയില്‍ പോയത്.

ജാഗരണപ്രാര്‍ത്ഥനയ്ക്കിടെ ധ്യാനകേന്ദ്രത്തിന്‍റെ ഡയറക്ടര്‍ അച്ചന്‍ ഫാ. സഖറിയാസ് തുടിപ്പാറ എം. എസ്. റ്റി. പള്ളിയില്‍ പ്രാര്‍ത്ഥിച്ചിരുന്ന ഞങ്ങളോട് എല്ലാവരോടുമായി പറഞ്ഞു: ‘എല്ലാവരും വളരെ ശക്തമായി ഒന്ന് പ്രാര്‍ത്ഥിക്കണം. കാരണം, കുറെ ശവപ്പെട്ടികള്‍ നിരത്തി വച്ചിരിക്കുന്നതാണ് പ്രാര്‍ത്ഥിക്കുമ്പോഴെല്ലാം ഞാന്‍ കാണുന്നത്.’

സഖറിയാസച്ചനെപ്പറ്റി പറഞ്ഞാല്‍, അല്പം പ്രായംചെന്ന, ദൈവകൃപ നിറഞ്ഞ ഒരച്ചനായിരുന്നു അദ്ദേഹം. പ്രാര്‍ത്ഥനയുടെ മനുഷ്യനും കരിസ്മാറ്റിക് പ്രസ്ഥാനങ്ങളുടെ തുടക്കക്കാരില്‍ ഒരാളുംകൂടിയായിരുന്നു ആ വൈദികന്‍. അച്ചന്‍ ഞങ്ങളോട് പ്രാര്‍ത്ഥനാസഹായം ചോദിച്ചപ്പോള്‍ ഞങ്ങള്‍ എല്ലാവരും മനമുരുകി പ്രാര്‍ത്ഥിച്ചു. കാരണം ആ രാത്രിയില്‍ ഭോപ്പാലില്‍നിന്ന് ഒരു കൂട്ടം വിശ്വാസികള്‍ ആ പള്ളിയിലേക്ക് എത്തിച്ചേരേണ്ടതുണ്ടായിരുന്നു. അവര്‍ക്ക് ആര്‍ക്കും ഒരാപത്തും സംഭവിക്കരുതേ എന്ന് യാചിച്ച് ഞങ്ങള്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടിക്കൊണ്ട് ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഏകദേശം 10.25 ആയപ്പോള്‍ സിസ്റ്റേഴ്‌സ് ഞങ്ങളോട് തിരിച്ചു പോകാനായി എല്ലാവരും വാഹനത്തില്‍ കയറാന്‍ പറഞ്ഞു. എനിക്ക് അന്ന് രാത്രി മുഴുവന്‍ അവിടെ ഇരുന്ന് പ്രാര്‍ത്ഥിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. എങ്കിലും കൂട്ടത്തിലുള്ളവര്‍ എല്ലാവരും പോകുന്നതുകൊണ്ട് ഒപ്പം പുറപ്പെട്ടു.

പള്ളിമുറ്റത്ത് കിടക്കുന്ന വാഹനത്തില്‍ ഞങ്ങള്‍ കയറിയപ്പോള്‍ സഖറിയാസച്ചന്‍ ഒരു ജപമാലയും കയ്യില്‍ പിടിച്ച് ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു, പിന്നിലെ ഡോര്‍ അടയ്ക്കുന്നതിന് മുമ്പായി അച്ചന്‍ ഞങ്ങള്‍ക്ക് ആശീര്‍വാദം നല്‍കി. ഞാന്‍ ഏറ്റവും പിന്നില്‍ ഒരു സൈഡില്‍ ആണ് ഇരുന്നത്. പള്ളിമുറ്റത്തിന്‍റെ ഗേറ്റ് കടന്ന് 30 മീറ്റര്‍ കഴിഞ്ഞാല്‍ ആഗ്ര – മുംബൈ നാഷണല്‍ ഹൈവേയാണ്. ഞങ്ങളുടെ ബൊലേറോ ഗേറ്റ് കടന്ന് റോഡിലേക്ക് കയറുമ്പോഴും സഖറിയാസച്ചന്‍ തന്‍റെ കൊന്തയും പിടിച്ച് ആ ഗേറ്റിങ്കല്‍ത്തന്നെ നിന്നിരുന്നു. പോക്കറ്റ് റോഡില്‍നിന്ന് നാഷണല്‍ ഹൈവേയിലേക്ക് കയറിയതും ഒരു വലിയ പ്രകാശഗോളം ഞങ്ങളുടെ കണ്ണിനെ മഞ്ഞളിപ്പിച്ചു കളഞ്ഞതും ഞങ്ങളുടെ ബൊലേറോ ആടിയുലയുന്നതും ഞങ്ങള്‍ എല്ലാവരും കൂടി അലറി വിളിക്കുന്നതും ഒറ്റ സെക്കന്റില്‍ കഴിഞ്ഞു. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ അല്പസമയം എടുത്തു. ഞങ്ങളുടെ വാഹനം ചീറിപ്പാഞ്ഞു വന്ന ഒരു ചരക്കുലോറിയുടെ മുന്നിലേയ്ക്കാണ് ചെന്ന് ചാടിയത്.

ഡ്രൈവ് ചെയ്തിരുന്ന സിസ്റ്റര്‍ ശ്രദ്ധിച്ചാണ് ഹൈവേയിലേയ്ക്ക് കയറിയതെങ്കിലും രാത്രി സമയം ആയിരുന്നതിനാല്‍ സിസ്റ്ററിന്‍റെ കണക്കുകൂട്ടലുകള്‍ തെറ്റി. ചരക്കുലോറി ആയിരുന്നെങ്കില്‍പ്പോലും ആ ലോറി നല്ല സ്പീഡില്‍ ആയിരുന്നു. ഞങ്ങളുടെ വാഹനത്തെ ഇടിക്കാതിരിക്കാന്‍ ലോറിയുടെ ഡ്രൈവര്‍ ലോറി വലത്തോട്ട് ആഞ്ഞു വീശി. ഞങ്ങളുടെ ബൊലേറോ ഓടിച്ചിരുന്ന സിസ്റ്റര്‍ ഇടതു വശത്തോട്ടും ആഞ്ഞു വീശി… ചരക്കു ലോറിയുടെ ഭാരം മൂലം ലോറി റോഡിന്‍റെ വലത്തുവശത്തേയ്ക്ക് ഭയാനകമായ ഒരു ശബ്ദത്തോടെ മറിഞ്ഞു. ഞങ്ങളുടെ വാഹനം ഇടത്തു വശത്തേക്ക് ഇടിച്ചുനിന്നു; ദൈവാനുഗ്രഹം കൊണ്ട് മറിഞ്ഞില്ല. ഇതിനെല്ലാം ദൃക്‌സാക്ഷിയായി പള്ളിമുറ്റത്തെ ഗേറ്റിങ്കല്‍ അപ്പോഴും സഖറിയാസച്ചന്‍ കൈകളില്‍ ജപമാലയും മുറുകെ പിടിച്ച് നിന്നിരുന്നു.

എല്ലാം തീര്‍ന്നു എന്ന് ഒരു നിമിഷം ഓര്‍ത്തു. എങ്കിലും സര്‍വ്വശക്തനായ ദൈവത്തിന്‍റെ കരവലയത്തിന്‍റെ തണലില്‍ ഞങ്ങള്‍ 12 പേരും ലോറിയില്‍ ഉണ്ടായിരുന്ന 2 പേരും ഒരു പോറല്‍പോലും ഏല്‍ക്കാതെ രക്ഷപ്പെട്ടു. ഭയാനകമായ ശബ്ദം കേട്ട് പള്ളിയില്‍ അപ്പോഴും ആരാധന നടത്തിക്കൊണ്ടിരുന്ന മറ്റൊരച്ചനും വിശ്വാസികളും പുറത്തേയ്ക്ക് വന്നപ്പോള്‍ സഖറിയാസച്ചനും അച്ചന്‍റെ പിന്നാലെ ഗെയ്റ്റ് അടയ്ക്കാന്‍ വന്ന ഒരു ബ്രദറും കൂടി ലോറിക്കാരുടെ അടുത്ത് എത്തി അവരെ പുറത്തിറങ്ങാന്‍ സഹായിച്ചു കൊണ്ടിരുന്നു. ഏറ്റവും അവിശ്വസനീയം എന്നത് ഈ അപകടം സംഭവിക്കുന്നത് ദിവ്യകാരുണ്യ നാഥനായ ഈശോയുടെ മുമ്പിലാണ് എന്നതാണ്. കാരണം 30 മീറ്റര്‍ അകലെ പള്ളിയുടെ ആനവാതില്‍ തുറന്നിട്ടിരിക്കുന്നതിലൂടെ കൃത്യമായി അള്‍ത്താരയില്‍ എഴുന്നള്ളിയിരിക്കുന്ന ദിവ്യകാരുണ്യ ഈശോയെ കാണാന്‍ പറ്റുമായിരുന്നു…

ദൈവത്തിന്‍റെ സംരക്ഷണം ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ പന്ത്രണ്ട് പേരും ആ വലിയ ലോറിക്ക് കീഴില്‍ ഞെരിഞ്ഞമരുമായിരുന്നു. അച്ചന്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ കണ്ടതുപോലെ ഞങ്ങളുമായി കുറേ ശവപ്പെട്ടികള്‍ നിരന്നിരിക്കുമായിരുന്നു. 2002 സെപ്റ്റംബര്‍ 8 ന് രാവിലെ ഞങ്ങള്‍ പള്ളിയിലേയ്ക്ക് എത്തിയത് നന്ദി നിറഞ്ഞ ഹൃദയത്തോടെയായിരുന്നു. ഈ ഒരു ജീവിതാനുഭവം എനിക്കും എന്‍റെ കൂട്ടുകാര്‍ക്കും ദൈവത്തോടും പരിശുദ്ധ കന്യാമറിയത്തോടും കൂടുതല്‍ ഭക്തിയില്‍ വളരാന്‍ കാരണമായി. ജീവിതത്തിലെ ഏത് പ്രതിസന്ധിഘട്ടത്തിലും പരിശുദ്ധ അമ്മയിലും ദൈവത്തിലും ആശ്രയിക്കാനുമുള്ള ആത്മവിശ്വാസവും ആ സംഭവം നല്‍കി. അന്നുമുതല്‍ ആത്മീയതയില്‍ വളരുവാന്‍ കൂടുതല്‍ സമയം ഞാന്‍ എന്‍റെ ജീവിതത്തില്‍ കണ്ടെത്താന്‍ ആരംഭിച്ചു. വിശുദ്ധ കുര്‍ബാനയില്‍ എല്ലാ ദിവസവും മടി കൂടാതെ പങ്കെടുത്തു തുടങ്ങി. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ഇന്ന് ജീവിതത്തിലേക്ക് പിന്തിരിഞ്ഞു നോക്കുമ്പോള്‍ ജീവിതത്തില്‍ സംഭവിച്ചതെല്ലാം നന്മയ്ക്കുവേണ്ടിയും ദൈവമഹത്വത്തിന് വേണ്ടിയും മാത്രമാണ് എന്ന് വ്യക്തമാവുന്നു.

എം. എസ്. റ്റി. സന്യാസ സഭയുടെ ഭരണങ്ങാനത്തുള്ള പ്രീസ്റ്റ് ഫോമില്‍ വാര്‍ദ്ധക്യസഹജമായ അസ്വസ്ഥതകളാല്‍ കഴിയുന്ന സക്കറിയാസച്ചനെ കാണാന്‍ ഞാന്‍ ഇടയ്ക്കിടെ പോകാറുണ്ട്. ഒരു സ്‌ട്രോക്ക് മൂലം ഭൂതകാലം പാടേ മറന്നുപോയ സഖറിയാസച്ചന്‍ എന്നെ തിരിച്ചറിയാറില്ലെങ്കിലും, നന്ദി നിറഞ്ഞ ഹൃദയത്തോടെ ഞാന്‍ അല്പസമയം അച്ചനോട് സംസാരിച്ചിരിക്കും. അവസാനം പോരാന്‍ നേരത്ത് അച്ചന്‍ എനിക്കായി പ്രാര്‍ത്ഥിക്കുന്ന സമയത്ത് ദൈവാത്മാവിന്‍റെ ശക്തി ഇന്നും അച്ചനില്‍ വ്യക്തമായി കാണാന്‍ സാധിക്കും. ദൈവപരിപാലനയുടെ ശക്തമായ അനുഭവത്തിന്‍റെ ഓര്‍മകള്‍ പുതുക്കിയാണ് അച്ചനരികില്‍നിന്ന് മടങ്ങാറുള്ളത്.

എന്നും ഓര്‍ക്കാം, പരിശുദ്ധ അമ്മയുടെ വിമലഹൃദയം സുരക്ഷിതമായ അഭയസങ്കേതമാണ്. അമ്മയുടെ പ്രാര്‍ത്ഥനയാല്‍ ലഭിച്ച ഈ രണ്ടാം ജന്മത്തില്‍ എന്‍റെ ദൈവവിളി കണ്ടെത്താന്‍ സാധിച്ചു. ആ വിളി സ്വീകരിച്ച്, സന്യാസിനിയായി വ്രതം ചെയ്യാന്‍ എന്നെ അനുഗ്രഹിച്ച നല്ല ഈശോയ്ക്കും എനിക്കായി ഇന്നും പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്ന പരിശുദ്ധ അമ്മയ്ക്കും നന്ദി പറഞ്ഞാല്‍ തീരുമോ…. ”ശക്തനായവന്‍ എനിക്ക് വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു. അവിടുത്തെ നാമം പരിശുദ്ധമാണ്” (ലൂക്കാ 1/49).

Share:

സിസ്റ്റര്‍ സോണിയ തെരേസ് ഡി. എസ്. ജെ

സിസ്റ്റര്‍ സോണിയ തെരേസ് ഡി. എസ്. ജെ

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles