Trending Articles
ചൈനയില്‍നിന്നും മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ്‌കോ ഫഗോള മഠത്തിലെത്തിയിരിക്കുന്നു. സിസ്റ്റര്‍ മേരി ഓഫ് പാഷന്‍ ആദരപൂര്‍വം അദ്ദേഹത്തെ സ്വീകരിച്ചു. ഫ്രാന്‍സിസ്‌കന്‍ മിഷനറീസ് ഓഫ് മേരി സന്യാസസമൂഹത്തിന്‍റെ സഹായം ചോദിച്ചാണ് ഷാന്‍ക്‌സി രൂപതയുടെ സഹായമെത്രാനായ മോണ്‍സിഞ്ഞോര്‍ ഫഗോള റോമിലെ അവരുടെ മഠത്തില്‍ എത്തിയത്. സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറലായിരുന്നു സിസ്റ്റര്‍ മേരി. വിദൂരദേശങ്ങളില്‍ സുവിശേഷം അറിയിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സമൂഹമാണ് അവരുടേത്. മോണ്‍സിഞ്ഞോര്‍ ഫഗോള തന്‍റെ മിഷന്‍രൂപതയില്‍ സേവനം ചെയ്യാന്‍ അവരെ ക്ഷണിച്ചു. അനാഥരായ പെണ്‍കുട്ടികളെ സംരക്ഷിക്കുക, രോഗികള്‍ക്കായി ഒരു ചെറിയ ആതുരാലയം ആരംഭിക്കുക, സ്ത്രീകള്‍ക്ക് ഏതെങ്കിലും വിധത്തില്‍ തൊഴില്‍പരിശീലനം നല്കുക എന്നിവയായിരുന്നു ആവശ്യങ്ങള്‍.
ഏതാനും ദിവസങ്ങള്‍ പ്രാര്‍ത്ഥിച്ചും ചിന്തിച്ചും ഇത് തങ്ങളെക്കുറിച്ചുള്ള ദൈവഹിതമാണെന്ന് തിരിച്ചറിഞ്ഞ സിസ്റ്റര്‍ മേരി തന്‍റെ സഹോദരിമാരെ വിളിച്ചുകൂട്ടി കാര്യമറിയിച്ചു. തീക്ഷ്ണതയോടെ മുന്നോട്ടുവന്നവരില്‍ നിന്നും ഏറ്റം സമര്‍ത്ഥരായ ഏഴുപേരെ മദര്‍ പ്രാര്‍ത്ഥനാപൂര്‍വം തിരഞ്ഞെടുത്തു. വ്യത്യസ്ത രാജ്യക്കാരായിരുന്ന അവര്‍ ഒരുമിച്ച് 1899 മാര്‍ച്ച് 12-ന് ഫ്രാന്‍സിലെ മര്‍സയ്യില്‍നിന്നും യാത്ര തിരിച്ചു. സുദീര്‍ഘവും ക്ലേശകരവുമായ യാത്രയ്‌ക്കൊടുവില്‍ 1899 മെയ് നാലാം തിയതി അവര്‍ ചൈനയിലെത്തി. തയുവാന്‍ഫു എന്ന സ്ഥലത്ത് അന്നുതന്നെ 200 അനാഥ പെണ്‍കുട്ടികളുണ്ടായിരുന്ന അനാഥാലയത്തിന്‍റെ ഉത്തരവാദിത്വം അവര്‍ ഏറ്റെടുത്തു. ഏറെ താമസിയാതെ ഒരു ആശുപത്രി ആരംഭിച്ച് രോഗീപരിചരണവും തുടങ്ങി. 1900 ആയപ്പോഴേക്കും ക്രൈസ്തവര്‍ക്കെതിരെയുള്ള പീഡനം ചൈനയില്‍ രൂക്ഷമായി. അതേവര്‍ഷം മാത്രമായി മുപ്പതിനായിരത്തില്‍പരം ക്രിസ്ത്യാനികള്‍ രക്തസാക്ഷികളായി.
ഇറ്റലിയില്‍നിന്ന് താന്‍ കൊണ്ടുവന്ന സന്യാസിനികള്‍ ആക്രമിക്കപ്പെടുമെന്നു കണ്ട ഫഗോള മെത്രാന്‍ ആ സന്യാസിനികളെ സമീപിച്ച് ഇങ്ങനെ അറിയിച്ചു: ”ചൈനക്കാരായ സാധാരണ സ്ത്രീകളുടെ വേഷം ധരിച്ച് ഒളിവില്‍ താമസിച്ച് രക്ഷപെടുക.” അതിന് ആ മഠത്തിലെ സുപ്പീരിയര്‍ ആയിരുന്ന സിസ്റ്റര്‍ മേരി ഹെര്‍മിന്‍ ഇങ്ങനെ മറുപടി നല്‍കി: ”ദൈവസ്‌നേഹത്തെയോര്‍ത്ത്, അങ്ങയോടൊപ്പം ക്രിസ്തുവിനുവേണ്ടി മരിക്കുന്നതില്‍നിന്നും ഞങ്ങളെ തടയാതിരിക്കുക. ഞങ്ങളുടെ ധൈര്യം ചോര്‍ന്നുപോയാലും ദൈവം ഞങ്ങളെ ശക്തിപ്പെടുത്തുമെന്ന് അറിയുക. മരണമോ പീഡനമോ ഞങ്ങള്‍ ഭയപ്പെടുന്നില്ല. ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത് പരസ്‌നേഹ പ്രവൃത്തികള്‍ക്കായും വേണ്ടിവന്നാല്‍ യേശുക്രിസ്തുവിനോടുള്ള സ്‌നേഹത്തെപ്രതി മരിക്കുന്നതിനുമായിട്ടാണ്.” മോണ്‍സിഞ്ഞോര്‍ ഫഗോളയ്ക്ക് മറുത്തൊന്നും പറയാനുണ്ടായിരുന്നില്ല.
ഗവണ്‍മെന്റ് അധികാരികള്‍ ജൂണ്‍ അവസാനത്തോടെ അനാഥാലയത്തിലെ കുട്ടികളെ സിസ്റ്റേഴ്‌സിന്‍റെ പക്കല്‍നിന്നും മാറ്റി. അവരെ ക്രിസ്തുവിശ്വാസം ഉപേക്ഷിക്കാന്‍ തൊട്ടടുത്തുള്ള ബുദ്ധ ആശ്രമത്തിലേക്ക് മാറ്റി പാര്‍പ്പിച്ചു. 1900 ജൂലൈ അഞ്ചാം തിയതി ബിഷപ്പുമാരായ ഗ്രിഗരി ഗ്രാസി, ഫ്രാന്‍സിസ് ഫഗോള എന്നിവരും അവിടെയുണ്ടായിരുന്ന വൈദികരും സെമിനാരിക്കാരും ജോലിക്കാരും ഏഴ് സന്യാസിനികളുമടക്കം മുപ്പത്തിമൂന്നുപേരെ അറസ്റ്റു ചെയ്തു. രാത്രി അവരെ ഒരു ദേശാധിപതിയുടെ വീട്ടില്‍ തടങ്കലില്‍ പാര്‍പ്പിച്ചു. പിന്നെ ജയിലിലടച്ചു. മരണം തങ്ങളെ സമീപിച്ചിരിക്കുന്നുവെന്ന് അവര്‍ക്ക് ബോധ്യമായി. എങ്കിലും എല്ലാവരും തികഞ്ഞ ശാന്തതയില്‍, പ്രാര്‍ത്ഥനയിലും ദൈവസ്തുതിപ്പിലും ശ്രദ്ധിച്ചു.
ജൂലൈ ഒമ്പതാം തിയതി ഉച്ചകഴിഞ്ഞ് നാലുമണിയോടെ പടയാളികള്‍ അവരെയെല്ലാം തെരുവീഥികളിലൂടെ വലിച്ചിഴച്ച് വധക്കളത്തിലേക്ക് കൊണ്ടുപോയി. പോകുംവഴി ഗവര്‍ണര്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു: ”കൊല്ലുക, എല്ലാറ്റിനെയും കൊല്ലുക, ഒന്നും ബാക്കിയുണ്ടാകരുത്.” വധക്കളത്തിലെത്തിയപ്പോള്‍ ബിഷപ് എല്ലാവരെയും ആശീര്‍വദിച്ചു. ഉടന്‍തന്നെ പട്ടാളക്കാര്‍ അവരെയെല്ലാം കൂട്ടക്കൊല ചെയ്തു. ഏറ്റവും ഒടുവിലായി വധിക്കപ്പെട്ടത് ആ ഏഴ് വിദേശ സന്യാസിനികളായിരുന്നു. ചുറ്റുപാടും കൊലനടക്കുമ്പോള്‍ ആ ഏഴ് സഹോദരിമാരും പരസ്പരം ആലിംഗനം ചെയ്ത് സ്‌തോത്രഗീതം പാടി: ”ദൈവമേ ഞങ്ങള്‍ അങ്ങേ വാഴ്ത്തുന്നു, അങ്ങേക്കായ് എന്നും സ്‌തോത്രങ്ങള്‍…” സ്‌തോത്രഗീതം അവസാനിക്കവേ, അവര്‍ വാളിനുനേരെ തങ്ങളുടെ കഴുത്ത് നീട്ടിക്കൊടുത്തു. അങ്ങനെ ആ ബലി പൂര്‍ത്തിയായി.
തങ്ങള്‍ പ്രാര്‍ത്ഥിച്ചൊരുക്കി ചൈനയിലേക്ക് പറഞ്ഞയച്ച പ്രിയ സഹോദരിമാര്‍ വധിക്കപ്പെട്ടുവെന്ന വിവരം ഇറ്റലിയിലെ ഫ്രാന്‍സിസ്‌കന്‍ മിഷനറി സമൂഹത്തിന്‍റെ മദര്‍ ജനറല്‍ അറിഞ്ഞത് സെപ്റ്റംബര്‍ 22-നാണ്. മദര്‍ തന്‍റെ സന്യാസസഹോദരിമാരെ മഠത്തിന്‍റെ ചാപ്പലില്‍ വിളിച്ചുചേര്‍ത്ത് ഇങ്ങനെ അറിയിച്ചു: ”ചൈനയിലെ തായുവാന്‍ ഫുവിലുള്ള നമ്മുടെ മിഷന്‍ഭവനം നശിപ്പിക്കപ്പെട്ടു. സിസ്റ്റര്‍ മേരി ഹെര്‍മിനും മറ്റെല്ലാ സഹോദരികളും വധിക്കപ്പെട്ടു. അവര്‍ എന്‍റെ ഏഴ് വ്യാകുലങ്ങളും ഏഴ് സന്തോഷങ്ങളുമായിരിക്കുന്നു. വിശുദ്ധ ഫ്രാന്‍സിസിനോടു ചേര്‍ന്ന് എനിക്ക് പറയാനാകും, നമുക്ക് യഥാര്‍ത്ഥ ഫ്രാന്‍സിസ്‌കന്‍ സഹോദരിമാരെ ലഭിച്ചിരിക്കുന്നു.” തുടര്‍ന്ന് താഴ്ന്ന സ്വരത്തില്‍, കണ്ഠമിടറി, എന്നാല്‍ നിശ്ചയദാര്‍ഢ്യത്തോടെ മദര്‍ ആലപിച്ചു, ”ദൈവമേ ഞങ്ങളങ്ങേ വാഴ്ത്തുന്നു, അങ്ങേക്കായ് എന്നും സ്‌തോത്രങ്ങള്‍.” ആ സഹോദരികളെല്ലാം ആ സ്‌തോത്രഗീതം ഏറ്റുപാടി. അങ്ങകലെ ചൈനയില്‍ രക്തസാക്ഷിത്വത്തിനുമുമ്പ് തങ്ങളുടെ ഏഴ് സഹോദരികള്‍ പരസ്പരം പുണര്‍ന്ന് ആലപിച്ച ആ സ്‌തോത്രഗീതത്തോട് അവരും പങ്കുചേരുകയായിരുന്നു.
1946 നവംബര്‍ 24-ന് പന്ത്രണ്ടാം പീയൂസ് പാപ്പ ആ ഏഴ് സഹോദരികളെയും വാഴ്ത്തപ്പെട്ട രക്തസാക്ഷികളായി പ്രഖ്യാപിച്ചു. 2000 ഒക്‌ടോബര്‍ ഒന്നാം തിയതി ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ അവരെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തി.
Shalom Tidings
Want to be in the loop?
Get the latest updates from Tidings!