Home/Engage/Article

ആഗ 23, 2024 7 0 Shalom Tidings
Engage

ടാറ്റൂ ക്രൈസ്തവന് ചെയ്യാമോ?

ഒരു ഫാഷനെന്നോണമാണ് പലരും ശരീരത്തില്‍ പച്ചകുത്തുന്നത്. പ്രണയിതാവിന്‍റെ പേര്, ഇഷ്ടപ്പെട്ട ചിത്രങ്ങള്‍, വാചകങ്ങള്‍ തുടങ്ങി പൈശാചികരൂപങ്ങള്‍വരെ ശരീരത്തില്‍ പച്ചകുത്തുന്നവരുണ്ട്. കായികതാരങ്ങള്‍, ചലച്ചിത്രതാരങ്ങള്‍ തുടങ്ങിയവരുടെ ശരീരത്തിലെ ഇത്തരം ടാറ്റൂകള്‍ അവരുടെ ആരാധകരും അന്ധമായി അനുകരിക്കുന്നു. ദേഹംമുഴുവന്‍ പച്ചകുത്തിയിരിക്കുന്നവരെ കാണുമ്പോള്‍ അറപ്പ് തോന്നും എന്നതും വാസ്തവംതന്നെ. വിദേശരാജ്യങ്ങളില്‍ അങ്ങനെയുള്ളവര്‍ ഒരു സാധാരണ കാഴ്ചയാണ്. ടാറ്റൂഭ്രമം പതിയെ നമ്മുടെ നാട്ടിലും സ്വാധീനം ചെലുത്താന്‍ തുടങ്ങിയിരിക്കുന്ന സാഹചര്യത്തില്‍, പച്ചകുത്തലിനെക്കുറിച്ചുള്ള ക്രൈസ്തവ ആത്മീയവീക്ഷണം എന്താണെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ശരീരത്തില്‍ പച്ചകുത്തുക എന്നത് ചില പുരാതനസംസ്‌കാരങ്ങളില്‍ തുടങ്ങി കാണാന്‍ കഴിയും. അടിമകളിലാണ് സാധാരണ പച്ചകുത്തിയിരുന്നത്. അടിമസമ്പ്രദായം നിലനിന്നിരുന്ന കാലത്ത്, അടിമകളെ തിരിച്ചറിയുന്നതിന് ഉപയോഗിച്ചിരുന്നതാണ് പച്ചകുത്തല്‍.
തിരുവചനം എന്തുപറയുന്നു?
ലേവ്യ 19/28: ”ദേഹത്ത് പച്ചകുത്തരുത്. ഞാനാണ് കര്‍ത്താവ്.” ചില ഗോത്രങ്ങളില്‍പ്പെട്ടവരാണ് ദേഹത്ത് പച്ചകുത്തിയിരുന്നത്. എന്നാല്‍ ഇസ്രായേല്‍ജനം ദൈവത്തിന്റേതായതുകൊണ്ട് അത് ചെയ്യരുത് എന്ന് ദൈവം ഇവിടെ കല്പിക്കുന്നു.
എന്തിന്‍റെ പേരിലാണ് സ്വന്തം ശരീരത്തില്‍ പച്ചകുത്തുന്നത് എന്ന് സത്യസന്ധമായി പരിശോധിക്കണം. എന്നെത്തന്നെ പ്രദര്‍ശിപ്പിക്കാനാണോ? എങ്കില്‍ അത് തെറ്റായ നീക്കമാണ്. ”നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്‍റെ ആലയമാണ് നിങ്ങളുടെ ശരീരമെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ? നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല, നിങ്ങള്‍ വിലയ്ക്ക് വാങ്ങപ്പെട്ടവരാണ്. ആകയാല്‍, നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍”(1 കോറിന്തോസ് 6/19).

എവിടെയാണ് പച്ചകുത്തുന്നത്?

ക്രിസ്തുവിന്‍റെ ശരീരവും രക്തവും നല്കി ദൈവത്താല്‍ വിലയ്ക്കുവാങ്ങപ്പെട്ട നമ്മുടെ ശരീരത്തിന്‍റെ ഏതുഭാഗത്തു പച്ചകുത്തിയാലും ക്രിസ്തുവിനു സ്വന്തമായതിനെ നാം ദുരുപയോഗിക്കുകയാണ് ചെയ്യുക. ദൈവം ദാനമായി നല്കിയ പരിശുദ്ധമായ ലൈംഗികതയെ ദുരുപയോഗിച്ച് രഹസ്യഭാഗങ്ങളില്‍ പച്ചകുത്തുമ്പോള്‍ അത് പരമപരിശുദ്ധിതന്നെയായ ദൈവത്തിനെതിരായുള്ള പാപമാണ്. ദൈവത്തിന് അവകാശപ്പെട്ട നമ്മുടെ ശരീരം പരിശുദ്ധമായി നാം സംരക്ഷിക്കുകയും അവിടുത്തേക്ക് വിശുദ്ധമായിത്തന്നെ തിരിച്ചേല്പ്പിക്കുകയും വേണം. ഓര്‍ക്കാം, ക്രിസ്തുവിന്‍റെ പുനരാഗമനത്തില്‍ അവിടുത്തെ തേജസിലും മഹത്വത്തിലും ഉയിര്‍പ്പിക്കപ്പെടാനുള്ളതാണ് നമ്മുടെ ശരീരം.

എന്താണ് പച്ചകുത്തുന്നത്?

പൈശാചികരൂപങ്ങളോ പൈശാചികതയെ സൂചിപ്പിക്കുന്ന ചിത്രങ്ങളോ ലൈംഗികച്ചുവയുള്ളതോ മറ്റുള്ളവര്‍ക്ക് ദുഷ്‌പ്രേരണയ്ക്ക് നിദാനമാകുന്നതോ ആണെങ്കില്‍ തീര്‍ച്ചയായും അത്തരത്തിലുള്ള പച്ചകുത്തല്‍ വഴി സ്വയം തിന്മയ്ക്ക് അടിയറവയ്ക്കുകയാണ് ചെയ്യുന്നത്. പിശാച് ആ വ്യക്തിയെ ക്രമേണ അവന്‍റെ അടിമയാക്കുകയും ചെയ്യും.

എന്തിനാണ് പച്ചകുത്തുന്നത്?

ശരീരം മുഴുവന്‍ പച്ചകുത്തിയ ചിത്രങ്ങള്‍ പേറുന്ന ചിലരെ കാണുന്നതുതന്നെ പലര്‍ക്കും അരോചകമാണ്. ഇഷ്ടപ്പെട്ട ചിത്രമായതുകൊണ്ടാണെന്നോ വ്യത്യസ്തരാകാന്‍വേണ്ടിയാണെന്നോ ഒക്കെ അവര്‍ പറഞ്ഞേക്കാം. എന്നാല്‍ സ്വതസിദ്ധമായ ചര്‍മ്മത്തെ മറച്ചുകളയുന്നവിധത്തില്‍ വളരെയധികം ചിത്രങ്ങള്‍ പച്ചകുത്തുന്നത് സ്വശരീരത്തെക്കുറിച്ചുള്ള അപകര്‍ഷതാബോധമാണ് പ്രകടമാക്കുന്നത്. വ്യത്യസ്തതയ്ക്കാണ് എന്നതിലും ന്യായീകരണമില്ല; ഉന്നതമായ വ്യക്തിത്വം പുലര്‍ത്തുന്നതിലൂടെയാണ് നാം വ്യത്യസ്തരാകേണ്ടത്, പച്ചകുത്തലിലൂടെയല്ല. ക്രിസ്തുവിനോട് ചേര്‍ന്ന് ജീവിതം നയിച്ചവരെയെല്ലാം ക്രിസ്തു വ്യത്യസ്ത രീതിയില്‍ ലോകത്തിനുമുമ്പില്‍ മഹത്വപ്പെടുത്തിയിട്ടുണ്ട്.

ശരീരത്തിന് ഇത്രയും ഹാനികരമോ?

പുറത്തെ തൊലിയുടെ രണ്ടാം പാളിയായ ഡെര്‍മിസി(dermis)ലേക്കാണ് പച്ചകുത്തുന്ന മഷി ഇറങ്ങുന്നത്. ശരീരത്തെ ‘മുറിപ്പെടുത്തി’ നിറം നല്കുന്നു. ഒരാഴ്ചയിലധികം എടുക്കും ആ മുറിവുണങ്ങാന്‍.
പ്രൈമറി അരോമാറ്റിക് അമീനുകള്‍, പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാര്‍ബണുകള്‍ മുതലായവ അടങ്ങിയതാണ് ടാറ്റൂ ചെയ്യാനുപയോഗിക്കുന്ന മഷി അഥവാ ഡൈ. ഈ മഷിയില്‍ കാന്‍സറിന് കാരണമാകുന്ന ലെഡ്, കാഡ്മിയം, നിക്കല്‍, ടൈറ്റാനിയം തുടങ്ങിയ ലോഹങ്ങളുടെയും അംശം ഉണ്ട്. പച്ചകുത്തല്‍ ഫാഷനായി കരുതിത്തുടങ്ങിയ സമീപവര്‍ഷങ്ങളില്‍, അനന്തരഫലമായ രോഗങ്ങളുമായി ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിച്ചതായി ചര്‍മരോഗവിദഗ്ധര്‍ പറയുന്നു.

ചര്‍മരോഗവിദഗ്ധരുടെ വിശകലനമനുസരിച്ച് ടാറ്റൂ ചെയ്യുന്നതുനിമിത്തം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പ്രധാനമായും കാന്‍സറിനു കാരണമാകുന്ന ട്യൂമറുകള്‍, ബാക്ടീരിയല്‍ അണുബാധ, വൈറസ് ബാധ, ഫംഗസ് ബാധ, അലര്‍ജിപ്രശ്‌നങ്ങള്‍, ത്വക്‌രോഗങ്ങള്‍ എന്നിവയാണ്. ഇതില്‍ ബാക്ടീരിയമൂലമുണ്ടാകുന്ന അണുബാധയുടെ ലക്ഷണങ്ങള്‍മാത്രമാണ് ഏതാനും ദിവസങ്ങള്‍ക്കകം കാണാന്‍ കഴിയുക. അല്ലാത്തവ ആഴ്ചകളോ മാസങ്ങളോ വര്‍ഷങ്ങളോ എടുത്തേക്കാം. വൈറസ് ബാധയില്‍ എയ്ഡ്‌സിനു കാരണമാകുന്ന എച്ച്.ഐ.വി വരെ ശരീരത്തില്‍ പ്രവേശിച്ചേക്കാം.

ലിംഫോമ കാന്‍സറും ടാറ്റൂവും

ലിംഫോമ എന്ന കാന്‍സറും ദേഹത്തെ ടാറ്റൂകളും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സ്വീഡനിലെ ലണ്ട് യൂണിവേഴ്‌സിറ്റി (University of Lund) യുടെ പഠനം തെളിയിക്കുന്നു. ഇ ക്ലിനിക്കല്‍മെഡിസിന്‍ ജേര്‍ണലില്‍ 2024 മെയ് മാസത്തില്‍ പ്രസിദ്ധീകരിച്ച അവരുടെ പഠനമനുസരിച്ച് ശരീരത്തില്‍ ഒരു ടാറ്റൂമാത്രമേ ഉള്ളൂ എങ്കില്‍പ്പോലും ലിംഫോമ വരാനുള്ള സാധ്യത 21 ശതമാനം കൂടുതലാണെന്നാണ് വ്യക്തമാകുന്നത്.

ടാറ്റൂ ഭാവിജീവിതത്തെ ബാധിക്കുമോ?

പച്ചകുത്തുന്ന ചിത്രം ജീവിതകാലം മുഴുവന്‍ ശരീരത്തില്‍ നിലനില്ക്കുമല്ലോ. അതിനാല്‍ അത് ഭാവിയെ സാരമായി ബാധിക്കാനിടയുണ്ട്. യുവജനങ്ങള്‍ പച്ചകുത്തിയാല്‍, വിവാഹിതരാകുമ്പോള്‍ അത് പങ്കാളിക്ക് ഇഷ്ടമാകുന്നില്ലെങ്കില്‍ ജീവിതത്തിലുടനീളം അത് അസ്വസ്ഥത സമ്മാനിക്കും. ജോലികള്‍ക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് പച്ചകുത്തല്‍ തടസമായേക്കാം.

പ്രണയിതാവിന്‍റെ പേരോ ചിത്രമോ ആവേശത്തോടെ പച്ചകുത്തുന്നവര്‍, പിന്നീട് മറ്റൊരാളുടെ പങ്കാളിയാവുകയാണെങ്കില്‍ അവരുടെ കുടുംബജീവിതം എപ്രകാരമായിത്തീരും?
ഭാവിയില്‍ സമര്‍പ്പിതജീവിതം തിരഞ്ഞെടുക്കുകയാണെങ്കിലോ..? ടാറ്റൂ വലിയൊരു തടസമാവുകയില്ലേ? ഇത്തരത്തില്‍ പച്ചകുത്തല്‍ ഭാവിയെ നിര്‍ണായകമായി സ്വാധീനിക്കും.
മറ്റൊന്ന്, പത്തുവര്‍ഷം മുമ്പ് ടാറ്റൂവായി തിരഞ്ഞെടുക്കുന്ന ചിത്രമായിരിക്കില്ല ഇന്ന് ഇഷ്ടപ്പെടുക. കാലാനുസൃതം നമ്മുടെ താല്പര്യങ്ങളില്‍ മാറ്റം വരും. പിന്നെന്തിന് ഭാവിയില്‍ ഖേദിക്കാന്‍ ഇടകൊടുക്കണം?
ചുരുക്കിപ്പറഞ്ഞാല്‍, ഫാഷന്‍റെയോ ഭ്രമത്തിന്‍റെയോ പേരിലോ, മറ്റെന്തുകാരണമായാലും പച്ചകുത്തുന്നത് ആര്‍ക്കും, വിശേഷിച്ച്, ക്രൈസ്തവര്‍ക്ക് അനുയോജ്യമല്ല.

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles