Home/Encounter/Article

സെപ് 09, 2024 9 0 ഫാ. ജെന്‍സണ്‍ ലാസലെറ്റ്
Encounter

അതുതന്നെ ബിബിനച്ചനും പറഞ്ഞു!

വയനാട്ടിലെ ലാസലെറ്റ് ധ്യാനകേന്ദ്രത്തിലായിരുന്നപ്പോള്‍ നടന്ന അനുഭവം. പോട്ടയില്‍ വൈദികരുടെ ധ്യാനത്തിന് പങ്കെടുക്കാന്‍ പോയപ്പോള്‍ കര്‍ത്താവ് ഒരു സന്ദേശം നല്‍കി. തിരിച്ചു ചെന്നതിനു ശേഷം ധ്യാനകേന്ദ്രത്തില്‍ ദമ്പതിധ്യാനം ക്രമീകരിക്കണമെന്ന്. എനിക്ക് ലഭിച്ച സന്ദേശം ദൈവനിവേശിതമാണോ അല്ലയോ എന്ന് തിരിച്ചറിയാന്‍ ആത്മീയകാര്യങ്ങള്‍ പങ്കുവയ്ക്കുന്ന സിസ്റ്ററിനോടും പറഞ്ഞു.

വയനാട്ടിലെ നടവയല്‍ സി.എം.സി പ്രൊവിന്‍ഷ്യല്‍ ഹൗസിലെ അംഗമായിരുന്ന, എനിക്ക് പരിചയമുള്ള സിസ്റ്റര്‍ ഫില്‍സി എവുപ്രാസ്യ സി.എം.സിയുടെ അടുത്താണ് ഞാന്‍ ചെന്നത്. സിസ്റ്ററിനോട് കാര്യം പറഞ്ഞപ്പോള്‍ സിസ്റ്ററും പറഞ്ഞു ദമ്പതിധ്യാനം നടത്തണമെന്നത് പരിശുദ്ധാത്മാവിന്‍റെ പ്രേരണ തന്നെയാണെന്ന്. മനസില്‍ തോന്നിയ പ്രചോദനമനുസരിച്ച് ഞാന്‍ ചോദിച്ചു: ”സിസ്റ്റര്‍, അങ്ങനെയൊരു ധ്യാനം നടത്തിയാല്‍ ദമ്പതികള്‍ക്ക് സ്പിരിച്വല്‍ കൗണ്‍സിലിങ്ങ് നടത്തി സഹായിക്കാന്‍ വരുമോ?”

”അതിനെന്താ, തീര്‍ച്ചയായും വരാം,” സിസ്റ്ററിന്‍റെ മറുപടി.

അവിടെവച്ചുതന്നെ ധ്യാനം നടത്താനുള്ള ഏകദേശ ദിവസങ്ങളും മനസില്‍ കരുതി. പോട്ടയില്‍നിന്നും തിരിച്ചെത്തിയ ശേഷം എന്‍റെ മനസിലുള്ള ആശയം കൂടെയുള്ള വൈദികരുമായി പങ്കുവച്ചു. അവരും സന്തോഷത്തോടെയാണ് അത് സ്വീകരിച്ചത്. ധ്യാനത്തിനുള്ള ദിവസങ്ങള്‍ ക്രമീകരിച്ച്, അത് അറിയിക്കുകയും ബുക്കിങ്ങ് ആരംഭിക്കുകയും ചെയ്തു.
ധ്യാനത്തിനുള്ള ക്ലാസുകള്‍ ഒരുങ്ങുന്ന ദിവസങ്ങളില്‍ എനിക്ക് മറ്റൊരു സന്ദേശം ലഭിച്ചു. ദമ്പതിധ്യാനത്തിന്‍റെ ഭൂരിഭാഗം ക്ലാസുകളും ഞാന്‍തന്നെ എടുക്കണം, മറ്റ് വൈദികര്‍ ഒന്നോ രണ്ടോ ക്ലാസുകള്‍ മാത്രം എടുത്താല്‍ മതി! സാധാരണഗതിയില്‍ ഒന്നോ രണ്ടോ വിഷയങ്ങള്‍ ഞാന്‍ കൂടുതല്‍ എടുത്താലും ഞങ്ങള്‍ എല്ലാവരും ഒരുങ്ങി ക്ലാസുകള്‍ എടുക്കുകയാണ് പതിവ്.

അതിനാല്‍ത്തന്നെ മുകളില്‍ സൂചിപ്പിച്ച സന്ദേശം ദുഷ്ടാത്മാവില്‍നിന്നാണെന്ന് ഞാന്‍ ഉറപ്പിച്ചു. എങ്കിലും മനസ്സില്‍ അതേ ആശയം വീണ്ടും വീണ്ടും ഉയര്‍ന്നു വന്നുകൊണ്ടിരുന്നു. ആ ദിവസങ്ങളില്‍ എന്നോടൊപ്പമുള്ള ബിബിനച്ചന്‍ ഇപ്രകാരം പറഞ്ഞു: ”അച്ചാ, ദമ്പതിധ്യാനത്തിന് ക്ലാസുകള്‍ ഒരുങ്ങണമെങ്കില്‍ നേരത്തേ പറയണേ.”

ഞാന്‍ വല്ലാത്തൊരു വിഷമസന്ധിയിലായി. യുവാവായ ബിബിനച്ചനാണെങ്കില്‍ നന്നായി ധ്യാനിപ്പിക്കുകയും ചെയ്യും. ഞാന്‍ ദിവ്യകാരുണ്യ സന്നിധിയില്‍ സമയം ചെലവഴിച്ചു. ഈശോയോട് പറഞ്ഞു: ”ഞാന്‍ വല്ലാത്ത വിഷമത്തിലാണ്. എനിക്ക് ലഭിച്ച സന്ദേശം പരിശുദ്ധാത്മാവില്‍നിന്നാണോ ദുഷ്ടാത്മാവില്‍നിന്നാണോ എന്ന് തിരിച്ചറിയാനാകുന്നില്ല!”
കര്‍ത്താവ് എന്നോട് ഒന്നും പറഞ്ഞില്ല.

പക്ഷേ ഒരു ദിവസം കഴിഞ്ഞപ്പോള്‍ ബിബിനച്ചന്‍ എന്‍റെയടുക്കല്‍ വന്ന് പറഞ്ഞു: ”അച്ചാ, പറയുന്നത് അവിവേകമാണെങ്കില്‍ ക്ഷമിക്കണം. എന്‍റെ മനസില്‍ ശക്തമായ ഒരു പ്രചോദനം ലഭിക്കുന്നു. ദമ്പതിധ്യാനത്തിനുള്ള ക്ലാസുകള്‍ ഭൂരിഭാഗവും അച്ചന്‍ തന്നെയെടുക്കണം. ജപമാല നയിച്ചും കുര്‍ബാന ചൊല്ലിയും ഞങ്ങള്‍ സഹായിക്കാം!”
അച്ചന്‍റെ വാക്കുകള്‍ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അച്ചനെ ആശ്ലേഷിച്ചുകൊണ്ട് എനിക്ക് ലഭിച്ച സന്ദേശങ്ങളെക്കുറിച്ച് ഞാന്‍ പങ്കുവച്ചു. ഞങ്ങള്‍ രണ്ടുപേരും ആത്മാവിന്‍റെ പ്രചോദനം ലഭിച്ചതോര്‍ത്ത് ദൈവത്തിന് നന്ദി പറഞ്ഞു.

ഇതുപോലെ പരിശുദ്ധാത്മാവ് ഇടപെട്ട ഒരുപാട് അനുഭവങ്ങള്‍ നമ്മുടെ എല്ലാവരുടെയും ജീവിതങ്ങളില്‍ ഉണ്ടാകും. നമുക്ക് ലഭിക്കുന്ന പ്രചോദനങ്ങളിലൂടെ പരിശുദ്ധാത്മാവ് ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. തന്‍റെ പിതാവിന്‍റെ സന്നിധിയിലേക്ക് പോകുന്നതിനു മുമ്പ് ക്രിസ്തു തന്‍റെ ശിഷ്യമാര്‍ക്ക് വാഗ്ദാനം ചെയ്ത സഹായകന്‍ പരിശുദ്ധാത്മാവാണ്.
അവിടുന്ന് പറയുന്നു: ”ഞാന്‍ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെയായിരിക്കാന്‍ മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങള്‍ക്കു തരുകയും ചെയ്യും. ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല. എന്‍റെ നാമത്തില്‍ പിതാവ് അയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും”(യോഹന്നാന്‍ 14/16,18,26).

അനാഥത്വവും അനിശ്ചിതാവസ്ഥകളും നമുക്ക് മാര്‍ഗതടസമാകുമ്പോള്‍ വാഗ്ദാനം ചെയ്ത സഹായകനായ പരിശുദ്ധാത്മാവിനോട് നമുക്ക് പ്രാര്‍ത്ഥിക്കാം. അവിടുത്തെ പ്രചോദനം നമ്മുടെ വഴികളില്‍ പ്രകാശവും പാദങ്ങള്‍ക്ക് വിളക്കുമാകട്ടെ.

Share:

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles