Home/Encounter/Article

ജുലാ 06, 2024 44 0 ജില്‍സ ജോയ്
Encounter

30000 യഹൂദരെ രക്ഷിച്ച കത്തോലിക്കന്‍

1940-ലെ ജൂണ്‍ മാസം. നാസിപ്പടയുടെ കണ്ണുവെട്ടിച്ച് ജര്‍മനിയില്‍നിന്ന് പോര്‍ച്ചുഗലിലേക്ക് കടക്കാനായി ഓടുന്ന ജൂതന്മാരുടെ സംഘങ്ങള്‍ ഫ്രാന്‍സിലെ ബോര്‍ഡോ നഗരത്തില്‍ ധാരാളമുള്ള സമയം. ഒരു ജൂതനും പോര്‍ച്ചുഗലിലേക്ക് കടക്കാനുള്ള താത്ക്കാലിക അനുമതി കൊടുക്കരുതെന്ന സന്ദേശം നഗരത്തിലെ പോര്‍ച്ചുഗല്‍ പ്രതിനിധിയായ കോണ്‍സുല്‍ ജനറല്‍ മെന്‍ഡസിന് ലഭിച്ചു. പോര്‍ച്ചുഗീസ് വംശജനായ അരിസ്റ്റൈഡിസ് ഡിസൂസ മെന്‍ഡസ് എന്ന ആ കോണ്‍സുല്‍ ജനറലിന്‍റെ ഓഫീസിലേക്കാണ് പോര്‍ച്ചുഗലിലേക്കു കടക്കാനുള്ള താത്കാലിക അനുമതിക്കായി ജൂതര്‍ വന്നുകൊണ്ടിരുന്നത്. നാസികള്‍ക്ക് പിടികൊടുത്താല്‍ അത് മരണമാണെന്നവര്‍ക്കറിയാം. അതിനാല്‍ത്തന്നെ രക്ഷപ്പെടാനുള്ള വഴിയായിരുന്നു പോര്‍ച്ചുഗലിലേക്ക് കടക്കുക എന്നത്.

അധികാരികളെ അനുസരിക്കണോ അതോ ജൂതന്മാര്‍ക്ക് പ്രവേശനാനുമതി കൊടുക്കണോ എന്ന ആശയക്കുഴപ്പത്തില്‍ അയാള്‍ കയറിയത് ഒരു ദൈവാലയത്തിലേക്കാണ്. പരിശുദ്ധ അമ്മയുടെ നാമത്തിലുള്ള ആ ദൈവാലയത്തിലെ അള്‍ത്താരക്ക് മുന്‍പില്‍ അയാള്‍ മുട്ടുകുത്തി കൈകൂപ്പി. ആ നിശബ്ദതയില്‍ താന്‍ എന്തുചെയ്യണമെന്ന ദൈവികബോധ്യം അയാളില്‍ നിറഞ്ഞു. നിശ്ചയദാര്‍ഢ്യത്തോടെയാണ് അവിടെനിന്ന് എഴുന്നേറ്റത്. തന്നെ കാത്തിരിക്കുന്നത് ഒരുപക്ഷേ വലിയ പ്രതിസന്ധികളായിരിക്കുമെന്ന ചിന്തയോടെതന്നെ…
കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ അകപ്പെടുക എന്ന അപകടം ഒഴിവാക്കാന്‍ രേഖകളുമായി അനുമതിപത്രത്തില്‍ ഒപ്പിടുവിക്കാന്‍ ഏറെപ്പേര്‍ തിക്കിത്തിരക്കി കാത്തിരുന്നു. അവര്‍ക്കുവേണ്ടി 1940 ജൂണ്‍ 16 മുതല്‍ മൂന്നാഴ്ചത്തേക്ക് രാത്രിയും പകലും അയാള്‍ ജോലി ചെയ്തു. ആളുകളുടെ ബാഹുല്യം കൊണ്ട് തെരുവില്‍ നിന്നുപോലും വിസവിതരണം ചെയ്യേണ്ടി വന്നു.

തന്‍റെ ഓഫീസ് കെട്ടിടത്തില്‍ സാധിക്കുന്നിടത്തോളം ആളുകള്‍ക്ക് അയാള്‍ കിടക്കാന്‍ ഇടം കൊടുത്തു. ജീവനുംകൊണ്ട് ഓടുകയായിരുന്ന കുറെ പാവങ്ങള്‍ക്ക് അത് വലിയൊരു ആശ്വാസമായി.
അയാള്‍ അവരോട് പറഞ്ഞു, ”ഞാന്‍ നിങ്ങളെയെല്ലാം രക്ഷിക്കാന്‍ സാധിക്കുന്നത് ചെയ്യാം. മനുഷ്യരുടെ കൂടെ നിന്ന് ദൈവത്തിനെതിരായി പ്രവര്‍ത്തിക്കുന്നതിനെക്കാള്‍ ഞാനിഷ്ടപ്പെടുന്നത് ദൈവത്തിന്‍റെ കൂടെ നിന്ന് മനുഷ്യര്‍ക്കെതിരാവുന്നതാണ്.” ഉറച്ച കത്തോലിക്കനായിരുന്ന മെന്‍ഡസ് ചിലരോടെല്ലാം പറഞ്ഞത് ഇങ്ങനെയാണ്, ”കത്തോലിക്കനായിരുന്നിട്ടും ക്രൂരത കാണിക്കുന്ന ഹിറ്റ്‌ലറെപ്പോലെ ഒരാള്‍ നിമിത്തം ആയിരക്കണക്കിന് ജൂതന്‍മാര്‍ കഷ്ടപ്പെടുമ്പോള്‍ അവര്‍ക്കായി ഒരു കത്തോലിക്കന്‍ കഷ്ടപ്പെടുന്നത് നല്ലതാണ്.”

മെന്‍ഡസ് എന്ന ഒരാള്‍ കാരണം മുപ്പതിനായിരത്തോളം ജൂതന്മാര്‍ ഗ്യാസ് ചേംബര്‍ കൂട്ടക്കൊലകളില്‍നിന്ന് രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ചരിത്രകാരനായ യെഹൂദ ബാവര്‍ പറയുന്നത് നാസി കൂട്ടക്കൊലകള്‍ക്കിടയില്‍ ഒറ്റക്കൊരു മനുഷ്യനാല്‍ ഏറ്റവുമധികം ആളുകള്‍ മോചിക്കപ്പെട്ട രക്ഷാപ്രവര്‍ത്തനം ഒരുപക്ഷേ ഇതായിരിക്കുമെന്നാണ്. 1885 ല്‍ പോര്‍ച്ചുഗലില്‍ ആണ് മെന്‍ഡ സ് ജനിച്ചത്. പല രാജ്യങ്ങളിലും പോര്‍ച്ചുഗലിനെ പ്രതിനിധാനം ചെയ്ത് ജോലി നോക്കിയതിനുശേഷം രണ്ടാം ലോകമഹായുദ്ധത്തിന്‍റെ സമയത്താണ് അദ്ദേഹം ഫ്രാന്‍സിലെ ബോര്‍ഡോയില്‍ എത്തിയത്. ജൂതന്‍മാരോട് അദ്ദേഹം കാണിച്ച അനുകമ്പ പോര്‍ച്ചുഗല്‍ അധികാരികളുടെ നിര്‍ദേശത്തിനെതിരായിരുന്നതിനാല്‍ പ്രസിഡന്റിന് അദ്ദേഹത്തിന്‍റെ പ്രവൃത്തി ക്ഷമിക്കാന്‍ കഴിയുന്നതായിരുന്നില്ല. അനുസരണക്കേടിന്‍റെയും കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയതിന്‍റെയും പേരില്‍ 1941 ല്‍ നയതന്ത്ര ഉദ്യോഗത്തില്‍നിന്ന് അദ്ദേഹം പിരിച്ചുവിടപ്പെട്ടു.

പക്ഷേ ഉദ്യോഗത്തിലുള്ള അവസാന നിമിഷം വരെയും അന്ന് ദൈവാലയത്തില്‍നിന്ന് കിട്ടിയ ദൈവികപ്രചോദനത്തിന് അനുസൃതമായിത്തന്നെ മെന്‍ഡസ് പ്രവര്‍ത്തിച്ചു. ആദ്യം പോര്‍ച്ചുഗലിലേക്കും അവിടെനിന്ന് അമേരിക്കയിലേക്കും രക്ഷപ്പെടാനായി ധൃതി പിടിച്ചുകൊണ്ടിരുന്ന ആളുകള്‍ക്ക് അനുമതി കൊടുക്കുന്ന രേഖകളില്‍ അദ്ദേഹം ഒപ്പ് വച്ചുകൊണ്ടിരുന്നു. ഭാര്യയും 14 മക്കളുമുണ്ടായിരുന്ന അദ്ദേഹം അതിനുശേഷം സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോയി. പക്ഷേ പെന്‍ഷന് അനുമതി നിഷേധിച്ചിരുന്നു, തനിക്ക് വശമുള്ള വക്കീല്‍ജോലി ചെയ്യാനും അനുവദിച്ചിരുന്നില്ല. അതിനാല്‍ത്തന്നെ മെന്‍ഡസിന്‍റെ കുടുംബം നിത്യവൃത്തിക്ക് വകയില്ലാതെ വിഷമിച്ചു. അദ്ദേഹത്തിന്‍റെ മക്കളെപ്പോലും കരിമ്പട്ടികയില്‍ പെടുത്തി,

യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാനോ ജോലി സമ്പാദിക്കാനോ അവരെ അനുവദിക്കുന്നില്ലായിരുന്നു. ഒരു കാലത്ത് സമ്പന്നനും ബഹുമാനിതനുമായിരുന്ന ആ മനുഷ്യന്‍ ദാരിദ്ര്യത്തില്‍, 1954-ല്‍ ഫ്രാന്‍സിസ്‌കന്‍ സഹോദരങ്ങള്‍ നടത്തിയിരുന്ന ഒരു ഭവനത്തില്‍ കിടന്നു മരിച്ചു. ഇടാന്‍ ഒരു കോട്ട് പോലുമില്ലാതെ ആശ്രമത്തിലെ ആരുടെയോ ഒരു കീറിയ ഉടുപ്പ് പൊതിഞ്ഞാണ് അദ്ദേഹത്തെ സംസ്‌കരിച്ചത്. മേലധികാരികളുടെ ആജ്ഞ ധിക്കരിച്ച് ആയിരക്കണക്കിന് ജൂതന്മാരെ രക്ഷപ്പെടുത്തിയതിന് കൊടുക്കേണ്ടിവന്ന വില!
ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം 1967ല്‍ ആദ്യത്തെ അംഗീകാരം ഇസ്രായേലില്‍നിന്ന് ലഭിച്ചു. Jewish Organisation of the Holocaust അദ്ദേഹത്തെ വിശേഷിപ്പിച്ചത് രാഷ്ട്രങ്ങളില്‍വച്ച് നീതിമാനായ മനുഷ്യന്‍ (A Just man among Nations) എന്നാണ്. 1986-ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അദ്ദേഹത്തിന്‍റെ വീരോചിതമായ പ്രവൃത്തിയെ പുകഴ്ത്തികൊണ്ട് വിജ്ഞാപനമിറക്കി. അവസാനം പോര്‍ച്ചുഗല്‍ പ്രസിഡന്റ്, ഡിസൂസ മെന്‍ഡസിന്‍റെ കുടുംബത്തോട് മാപ്പു ചോദിച്ചു, അദ്ദേഹത്തിന്‍റെ റാങ്ക് അംബാസ്സഡറിലേക്കുയര്‍ത്തി. ഇന്ന് ഏറെ രാജ്യങ്ങളുടെ സ്റ്റാമ്പുകളില്‍ അദ്ദേഹത്തിന്‍റെ മുഖമുണ്ട്.

1998-ല്‍ അദ്ദേഹത്തെക്കുറിച്ച് ഒരു പുസ്തകം പുറത്തിറങ്ങി. ഫ്രാന്‍സിലും പോര്‍ച്ചുഗലിലുമായി നടന്ന അനുസ്മരണച്ചടങ്ങുകളില്‍ ധൈര്യത്തിന്‍റെയും അര്‍പ്പണബോധത്തിന്‍റെയും കാരുണ്യത്തിന്‍റെയും പ്രതീകമായി അദ്ദേഹം ചൂണ്ടിക്കാണിക്കപ്പെട്ടു.
അസഹിഷ്ണുതയും വംശീയതയും വംശഹത്യകളും ഒക്കെ വര്‍ദ്ധിക്കുന്ന ഈ ലോകത്തില്‍, തന്‍റെ ജീവിതംതന്നെ ബലിയായി നല്കിയ ഈ കത്തോലിക്കന്‍റെ ത്യാഗോജ്ജ്വലമാതൃകക്ക് വളരെ പ്രസക്തിയുണ്ട്. ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനി എന്ന നിലയില്‍ അരിസ്‌റ്റൈഡിസ് ഡിസൂസ മെന്‍ഡസിന്‍റെ നിലപാടുകള്‍ വരുംതലമുറകളെയും പ്രചോദിപ്പിക്കും.

Share:

ജില്‍സ ജോയ്

ജില്‍സ ജോയ്

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles