Trending Articles
കര്‍ത്താവ് തന്‍റെ സ്വന്തനിശ്ചയത്താല്‍ തിരഞ്ഞെടുത്ത് ആദരിച്ചുയര്‍ത്തുന്ന ഒരു പ്രവാചകനാണ് ഹബക്കുക്ക്. ഹബക്കുക്കിന് ദൈവം നല്‍കുന്ന ആദരവും അംഗീകാരവും തിരുവചനങ്ങളില്‍ വായിച്ചറിയുമ്പോള്‍ നാം നെറ്റിചുളിച്ചുപോകും. യഹോവയായ ദൈവം ഈ മനുഷ്യനെ എന്തുകൊണ്ട് ഇത്രമേല്‍ ആദരിച്ചു എന്നോര്‍ത്ത്. എന്നാല്‍ തിരുവചനങ്ങളുടെ ചുരുളഴിയുമ്പോള്‍ നാം തിരിച്ചറിയുന്ന ഒരു സംഗതിയുണ്ട്. അദ്ദേഹം തീര്‍ച്ചയായും അര്‍ഹിക്കുന്ന ഒന്നായിരുന്നു ആ ബഹുമാനം എന്നതാണത്.
ഹബക്കുക്ക് പ്രവാചകനെ നാം ആദ്യമായി കണ്ടുമുട്ടുന്നത് പ്രവാചകനായ ദാനിയേലിന്‍റെ പുസ്തകത്തിലാണ്. ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവനും നീതിമാനും വിശുദ്ധനുമായ രാജാക്കന്മാരാല്‍ ബഹുമാന്യനുമായ ഒരു വ്യക്തിയായിരുന്നു പ്രവാചകനായ ദാനിയേല്‍. അദ്ദേഹം ഏകസത്യവിശ്വാസത്തില്‍ ഉറച്ചുനിന്നവനും ആ വിശ്വാസത്തില്‍ സ്വന്തജനമായ യഹുദരെ വളര്‍ത്തുവാന്‍ പോരാടിയവനുമായിരുന്നു. രാജാക്കന്മാര്‍ ദാനിയേലിനെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നുവെങ്കിലും ദാനിയേല്‍ അവരുടെ അധീനതയിലാണ് ജീവിച്ചിരുന്നത്. തന്മൂലം വിഗ്രഹാരാധകരായ അവരില്‍നിന്നും ഏകസത്യദൈവമായ യഹോവയെ പിന്തള്ളി വിഗ്രഹാരാധന നടത്തുവാനുള്ള പ്രലോഭനങ്ങളും പ്രേരണകളും ദാനിയേലിന്‍റെ ജീവിതത്തില്‍ എന്നുമെക്കാലവും ഉണ്ടായിട്ടുണ്ട്.
എന്നാല്‍ ദാനിയേല്‍ ധീരതയോടെ നിലകൊണ്ട് ആ പ്രേരണകളെ ചെറുത്തുതോല്‍പിച്ചു. മാത്രമല്ല അവര്‍ ആരാധിച്ചിരുന്ന ബേല്‍, വ്യാളം എന്നീ വിഗ്രഹങ്ങളെ തകര്‍ത്തുകളയുകയും അവ കേവലം വിഗ്രഹങ്ങള്‍ മാത്രമാണെന്നും ദൈവങ്ങളല്ലെന്നും തെളിയിക്കുകയും ചെയ്തു. അവയ്ക്കു ശുശ്രൂഷ ചെയ്തിരുന്ന പുരോഹിതന്മാരെ രാജാവിന്‍റെ അനുവാദത്തോടെ വാളിന് ഇരയാക്കി. തന്മൂലം അക്കാലത്ത് രാജ്യം ഭരിച്ചിരുന്ന വിഗ്രഹാരാധകനായ സൈറസ് രാജാവ് മാനസാന്തരപ്പെട്ട് ഏകസത്യദൈവത്തെ ആരാധിക്കുവാന്‍ തുടങ്ങി. ഇത് വിഗ്രഹാരാധകരായ ജനങ്ങളില്‍ വലിയ പ്രതിഷേധവും പ്രതികാരചിന്തയും ഉളവാക്കി.
അവര്‍ സൈറസ് രാജാവിനോടു പറഞ്ഞു ”ദാനിയേലിനെ ഞങ്ങള്‍ക്കു വിട്ടുതരിക. അല്ലെങ്കില്‍ ഞങ്ങള്‍ നിന്നെയും നിന്‍റെ കുടുംബാംഗങ്ങളെയും കൊല്ലും.” രാജാവ് ഭയപ്പെട്ട് അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി മനസില്ലാ മനസോടെ ദാനിയേലിനെ അവര്‍ക്കു വിട്ടുകൊടുത്തു. അവര്‍ ദാനിയേലിനെ സിംഹങ്ങളുടെ കുഴിയില്‍ എറിഞ്ഞു. ആറുദിവസം അവന്‍ അവിടെ കഴിച്ചുകൂട്ടി. ഏഴു സിംഹങ്ങള്‍ ആ കുഴിയില്‍ ഉണ്ടായിരുന്നു. ദിവസേന അവയ്ക്ക് രണ്ടു മനുഷ്യശരീരങ്ങളും രണ്ട് ആടുകളും കൊടുക്കാറുണ്ടായിരുന്നു. എന്നാല്‍ ദാനിയേലിനെ വളരെ വേഗത്തില്‍ വിഴുങ്ങേണ്ടതിന് അവയ്ക്ക് ഇവയൊന്നും ആ ദിവസങ്ങളില്‍ കൊടുത്തിരുന്നില്ല. ദാനിയേലിനെ വിഴുങ്ങാതിരിക്കാന്‍ ദൈവം തന്‍റെ ദൂതനെ അയച്ച് സിംഹങ്ങളുടെ വായടച്ചു. മാത്രമല്ല തികഞ്ഞ പ്രതികൂലങ്ങളുടെ നടുവില്‍ മുഴുപ്പട്ടിണിയിലായ തന്‍റെ പ്രിയപ്പെട്ട ദാസനായ ദാനിയേലിന് ഭക്ഷണമെത്തിച്ചുകൊടുക്കുവാന്‍ താന്‍ അത്യധികം സ്‌നേഹിക്കുന്ന മറ്റൊരു ദാസനായ ഹബക്കുക്കിനെ നിയോഗിക്കുകയും ചെയ്തു.
അക്കാലത്ത് ഹബക്കുക്ക് പ്രവാചകന്‍ യൂദയായിലുണ്ടായിരുന്നു. അദ്ദേഹം പാടത്തു പണിയുന്ന തന്‍റെ കൊയ്ത്തുകാര്‍ക്ക് കൊടുക്കാനായി പൊടിച്ച അപ്പവും കറിയും എടുത്ത് വയലിലേക്ക് പോവുകയായിരുന്നു. കര്‍ത്താവിന്‍റെ ദൂതന്‍ അവന്‍റെ വഴിമുടക്കിക്കൊണ്ട് ഇപ്രകാരം പറഞ്ഞു. നിന്‍റെ കൈയിലുള്ള ഭക്ഷണം ബാബിലോണില്‍ സിംഹക്കുഴിയില്‍ കിടക്കുന്ന ദാനിയേലിന് എത്തിച്ചുകൊടുക്കുക. അപ്പോള്‍ നിസഹായതയോടെ ഹബക്കുക്ക് ദൈവദൂതനെ നോക്കിപ്പറഞ്ഞു. ”പ്രഭോ, ഞാനൊരിക്കലും ബാബിലോണ്‍ കണ്ടിട്ടില്ല. സിംഹക്കുഴിയെക്കുറിച്ച് എനിക്കൊന്നും അറിയില്ല. ദൈവത്തിന്‍റെ ദൂതന്‍ ഹബക്കുക്കിന്‍റെ മുടിക്കുത്തിന് പിടിച്ച് തൂക്കിയെടുത്ത് ബാബിലോണില്‍ സിംഹക്കുഴിയുടെ മുകളില്‍ വായുവേഗത്തില്‍ എത്തിച്ചു. അപ്പോള്‍ ഹബക്കുക്ക് വിളിച്ചുപറഞ്ഞു. ”ദാനിയേല്‍ ദാനിയേല്‍ ദൈവം നിനക്ക് എത്തിച്ചുതന്നിരിക്കുന്ന ഭക്ഷണം കഴിച്ചാലും.” ദാനിയേല്‍ പറഞ്ഞു. ദൈവമേ അങ്ങ് എന്നെ ഓര്‍മിച്ചിരിക്കുന്നു. അങ്ങയെ സ്‌നേഹിക്കുന്നവരെ അങ്ങ് ഉപേക്ഷിച്ചിട്ടില്ല. ദാനിയേല്‍ എഴുന്നേറ്റ് ഭക്ഷണം കഴിച്ചു. കര്‍ത്താവിന്‍റെ ദൂതന്‍ ഉടന്‍തന്നെ ഹബക്കുക്കിനെ അവന്‍റെ സ്ഥലത്തേക്ക് മടക്കിക്കൊണ്ടുവന്നു.
യഹോവയായ ദൈവത്തിന്‍റെ അത്ഭുതകരമായ ഒരു തീറ്റിപ്പോറ്റലാണ് മുമ്പുള്ള വരികളില്‍ നാം വായിച്ചത്. ഇതു വായിക്കുമ്പോള്‍ നാം ചിലപ്പോള്‍ നെറ്റിചുളിച്ചു ചിന്തിച്ചുപോകും, ദൈവമായ കര്‍ത്താവിന് തന്‍റെ ദാസനായ ദാനിയേലിന് ഭക്ഷണം കൊടുക്കാന്‍ അനേകമൈല്‍ ദൂരെ യൂദയായില്‍ ജീവിച്ചിരുന്ന ഹബക്കുക്ക് പ്രവാചകന്‍തന്നെ വേണമായിരുന്നോ എന്ന്. ആകാശത്തുനിന്നും മന്ന പൊഴിച്ച് തന്‍റെ ജനമായ ഇസ്രായേലിനെ മരുഭൂമിയില്‍ തീറ്റിപ്പോറ്റിയവനാണ് അവിടുന്ന്. ആ മന്നപോലെ കുറച്ച് അപ്പം ദൈവദൂതന്‍റെ കൈയില്‍ കൊടുത്തുവിട്ടാല്‍ പോരായിരുന്നോ അവിടുത്തേക്ക്.
അനേകമൈല്‍ ദൂരെ സ്വന്തം വയലിലേക്ക് പണിക്കാര്‍ക്കുള്ള അപ്പവുമായി പോയ ഹബക്കുക്കിനെ മുടിക്ക് തൂക്കിപ്പിടിച്ച് വായുവേഗത്തില്‍ ആകാശത്തിലൂടെ പറത്തി ബാബിലോണിലെ സിംഹക്കുഴിയുടെ മുകളില്‍ എത്തിക്കണമായിരുന്നോ?! തൊട്ടടുത്ത് അതുമല്ലെങ്കില്‍ ബാബിലോണില്‍ത്തന്നെയുള്ള സത്യദൈവത്തെ ആരാധിക്കുന്ന ഏതെങ്കിലും വീട്ടില്‍ച്ചെന്ന് അവിടെ ചുട്ട അപ്പം കൊണ്ടുപോയി ദാനിയേലിന് കൊടുക്കുവാന്‍ ദൈവദൂതനെ ഏര്‍പ്പാടു ചെയ്യാമായിരുന്നു. പക്ഷേ ദൈവമതു ചെയ്തില്ല. അതുമല്ലെങ്കില്‍ സര്‍വശക്തനായ അവിടുത്തേക്ക് ശൂന്യതയില്‍നിന്നും അപ്പം സൃഷ്ടിച്ച് ദൈവദൂതന്‍റെ സഹായംപോലുമില്ലാതെ താന്‍ സ്‌നേഹിക്കുന്ന തന്‍റെ ദാസനായ ദാനിയേലിന് നല്‍കാമായിരുന്നു. അതും അവിടുന്ന് ചെയ്തില്ല. പിന്നെയോ ഈ അപ്പം കൊടുക്കല്‍ശുശ്രൂഷ നിര്‍വഹിക്കുവാന്‍ അങ്ങുദൂരെ വിദേശത്തു വസിച്ച ഹബക്കുക്ക് എന്ന ഒറ്റയൊരുവനെമാത്രം ദൈവം തിരഞ്ഞെടുത്തു. എന്തുകൊണ്ട്… എന്തുകൊണ്ടിങ്ങനെയെന്ന് നാം ചോദിച്ചുപോയേക്കാം.
അതിനുള്ള ഉത്തരം ലഭിക്കണമെങ്കില്‍ നാം ഹബക്കുക്കിന്‍റെ പുസ്തകം അവസാനത്തെ അധ്യായത്തിന്‍റെ അവസാനഭാഗത്ത് കണ്ണോടിക്കണം. അവിടെ ഹബക്കുക്ക് തന്‍റെ ഹൃദയാന്തര്‍ഭാഗത്തുനിന്നും ഒഴുകുന്ന മിഴിനീരോടെ തന്‍റെ ദൈവത്തോടു നടത്തുന്ന ആഴത്തിലുള്ള ഒരു സമര്‍പ്പണം നാം കാണുന്നു. അവിടെ താന്‍ വിശ്വസിക്കുന്ന തന്‍റെ ദൈവത്തിന്‍റെ വഴികളെക്കുറിച്ചുള്ള ഒടുങ്ങാത്ത പ്രത്യാശ ഹബക്കുക്കിന്‍റെ വാക്കുകളില്‍ തെളിഞ്ഞുനില്‍ക്കുന്നു. കര്‍ത്താവേ, ”അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും മുന്തിരിയില്‍ ഫലങ്ങളില്ലെങ്കിലും ഒലിവുമരത്തില്‍ കായ്കള്‍ ഇല്ലാതായാലും വയലുകളില്‍ ധാന്യം വിളയുന്നില്ലെങ്കിലും ആട്ടിന്‍കൂട്ടം ആലയില്‍ അറ്റുപോയാലും കന്നുകാലികള്‍ തൊഴുത്തില്‍ ഇല്ലാതായാലും ഞാന്‍ കര്‍ത്താവില്‍ ആനന്ദിക്കും. എന്‍റെ രക്ഷകനായ ദൈവത്തില്‍ ഞാന്‍ സന്തോഷിക്കും. കര്‍ത്താവായ ദൈവമാണ് എന്‍റെ ബലം. കലമാന്‍റെ പാദങ്ങള്‍ക്കെന്നതുപോലെ അവിടുന്ന് എന്‍റെ പാദങ്ങള്‍ക്ക് വേഗത നല്‍കി. ഉന്നതങ്ങളില്‍ അവിടുന്ന് എന്നെ നടത്തുന്നു” (ഹബക്കുക്ക് 3/17-19).
നൂറുശതമാനവും തന്‍റെ വിശ്വാസത്തെ തകര്‍ക്കാന്‍ തക്കവിധം തനിക്കെതിരെ കാര്യങ്ങള്‍ പ്രതികൂലമായി നിലകൊള്ളുമ്പോഴും തന്നെ വിളിച്ചു വേര്‍തിരിച്ച് അഭിഷേകം ചെയ്ത ദൈവത്തോടുള്ള അചഞ്ചലമായ സ്‌നേഹവും അവിടുന്നിലുള്ള മാറ്റമില്ലാത്ത പ്രത്യാശയുമാണ് ആ വാക്കുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. തീര്‍ച്ചയായും ഹബക്കുക്ക് ഒത്തിരി വലിയവന്‍ തന്നെ. ദൈവം തിരഞ്ഞെടുത്തു നിയോഗിച്ച മറ്റെല്ലാ പ്രവാചകന്മാരെക്കാളും അതിശ്രേഷ്ഠനും അവന്‍തന്നെ. കാരണം ദൈവം തിരഞ്ഞെടുത്തു നിയോഗിച്ച മറ്റെല്ലാ പ്രവാചകന്മാരും തങ്ങളുടെ പ്രവാചകദൗത്യത്തിന്‍റെ ഭാഗമായി നേരിടേണ്ടിവന്ന കഠിനസഹനങ്ങളുടെ നേരത്ത് ദൈവത്തോടു മറുതലിക്കുകയും വിശ്വാസം നഷ്ടപ്പെട്ടവരെപ്പോലെ ദൈവത്തോടു വാദിക്കുകയും മറുചോദ്യങ്ങള്‍ ചോദിക്കുകയും ദൈവത്തെ കുറ്റപ്പെടുത്തുകയുമൊക്കെ ചെയ്തിട്ടുണ്ട്.
സൗമ്യന്മാരില്‍ അതിസൗമ്യനായ മോശപോലും ദൈവത്തോടു കയര്ത്തു. ”ഞാനിവരെയെല്ലാം മുതുകത്തു വഹിക്കുവാന്‍ ഞാനാണോ ഇവരെയെല്ലാം പ്രസവിച്ചത്?” എന്ന് താന്‍ വാഗ്ദാനനാട്ടിലേക്ക് നയിച്ച ജനമായ ഇസ്രായേലിനെക്കുറിച്ച് മോശ ദൈവത്തോടു കയര്‍ക്കുന്നു.
പക്ഷേ ഹബക്കുക്ക് എന്ന ഒരൊറ്റ പ്രവാചകന്‍ മാത്രമേ എല്ലാം പ്രതികൂലമായാലും ഞാന്‍ കര്‍ത്താവില്‍ ആനന്ദിക്കും. എന്‍റെ രക്ഷകനായ ദൈവത്തില്‍ ഞാന്‍ സന്തോഷിക്കും. കര്‍ത്താവായ ദൈവമാണ് എന്‍റെ ബലം എന്ന് തികഞ്ഞ പരമാര്‍ത്ഥതയോടെ ദൈവത്തോടു പറഞ്ഞിട്ടുള്ളൂ. അതാണ് ഹബക്കുക്കിന്‍റെ മഹത്വം. അതാണ് ഹബക്കുക്കിനെ മറ്റു പ്രവാചകന്മാരില്‍നിന്നും വ്യത്യസ്തനാക്കിത്തീര്‍ക്കുന്നത്. തികഞ്ഞ പ്രതികൂലങ്ങളുടെ നടുവിലും ദൈവത്തിന്‍റെ ഹിതങ്ങളോടും അവിടുത്തെ പദ്ധതികളോടുമുള്ള ചോദ്യം ചെയ്യാത്തതും നിരുപാധികവുമായ വിധേയത്വം! അതാണ് ഹബക്കുക്കിനെ അനന്യനാക്കുന്നത്! ഇവിടെ ദാനിയേലും ഹബക്കുക്കും ഒരുമിക്കുന്നു. തന്‍റെ തിരഞ്ഞെടുക്കപ്പെട്ട ദാസനായ ദാനിയേലിന് അപ്പം നല്‍കി പോറ്റാന്‍തക്ക യോഗ്യതയുള്ള തുണയായി ദൈവം ഹബക്കുക്കിനെ ഉയര്‍ത്തുന്നു.
എല്ലാം അനുകൂലമായിരിക്കെ ദൈവത്തെ സ്തുതിക്കുക ഏതൊരുവനും സാധ്യമായ സംഗതിയാണ്. എന്നാല്‍ എല്ലാം പ്രതികൂലമായിരിക്കെ ദൈവത്തെ സ്തുതിക്കുക, തന്നെ തിരഞ്ഞെടുത്ത് അഭിഷേകം ചെയ്ത ദൈവത്തില്‍ പൂര്‍ണമായും പ്രത്യാശയര്‍പ്പിച്ചുകൊണ്ട് ദൈവമായ കര്‍ത്താവാണ് എന്‍റെ ബലമെന്ന് ഉച്ചത്തില്‍ പ്രഘോഷിക്കാന്‍ കഴിയുക, അത് ഏറ്റവും മഹത്തരമായ കാര്യമാണ്. അത് ചെയ്തവനാണ് ഹബക്കുക്ക്. ഹബക്കുക്കിനെപ്പോലെ ശക്തനും ധീരനും അചഞ്ചലനുമായിരിക്കാനുള്ള അഭിഷേകത്തിനായി നമുക്ക് പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കാം. ”എന്‍റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു. എന്‍റെ ചിത്തം എന്‍റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു” എന്ന് എല്ലാ പ്രതികൂലങ്ങളുടെ നടുവിലും ദൈവത്തോടും മനുഷ്യനോടും പറഞ്ഞ പരിശുദ്ധ മറിയം, നമ്മുടെ അമ്മ, ഈ ഒരവസ്ഥയിലേക്കുയരാന്‍ നമുക്കുവേണ്ടി പ്രാര്‍ത്ഥിച്ച് നമ്മെ സഹായിക്കട്ടെ. ‘പ്രെയ്‌സ് ദ ലോര്‍ഡ്, ആവേ മരിയ.’
സ്റ്റെല്ല ബെന്നി
Want to be in the loop?
Get the latest updates from Tidings!