Home/Encounter/Article

ജൂണ്‍ 19, 2024 84 0 Mon. C.J. Varkey
Encounter

സൗഖ്യം, വേര്‍പാടിന്‍റെ വേദനയില്‍നിന്ന്…

ബാംഗ്ലൂര്‍ സെയ്ന്റ് പീറ്റേഴ്‌സ് സെമിനാരിയില്‍ ഞാന്‍ ഒന്നാം വര്‍ഷ ദൈവശാസ്ത്ര പഠനം നടത്തിയിരുന്ന നാളുകള്‍. 1990 ജൂണ്‍ 15-നാണ് അവിടെ എത്തിയത്. ഒരു മാസത്തോളം കഴിഞ്ഞ് ജൂലൈ 25 ആയപ്പോള്‍ സെമിനാരിയിലേക്ക് ഒരു ടെലഗ്രാം വന്നു. എന്‍റെ പിതാവ് ഹൃദയാഘാതം വന്ന് മരിച്ചുവെന്നായിരുന്നു ടെലഗ്രാം സന്ദേശം. ഞാന്‍ നാട്ടില്‍ വന്ന് പിതാവിന്‍റെ മൃതസംസ്‌കാരശുശ്രൂഷയില്‍ സംബന്ധിച്ച് മൂന്ന് ദിവസത്തോളം വീട്ടില്‍ താമസിച്ചു. പിന്നെ തിരിച്ച് സെമിനാരിയിലേക്ക് പോയി. എന്നാല്‍ തിരികെ സെമിനാരിയില്‍ എത്തിയപ്പോഴാണ് മനസിലായത് അത് ഒരു വല്ലാത്ത പ്രതിസന്ധിയാണെന്ന്. എന്‍റെ അപ്പനെപ്പറ്റിയുള്ള ഓര്‍മകള്‍, അദ്ദേഹത്തിന്‍റെ വാത്സല്യവായ്പ്, ആ സ്‌നേഹം ഇതൊക്കെ എന്‍റെ മനസിനെ കാര്‍ന്നുതിന്നുകൊണ്ടേയിരുന്നു.

സെമിനാരിയില്‍ ചെന്നെങ്കിലും പ്രാര്‍ത്ഥിക്കാന്‍ സാധിക്കുന്നില്ല, പഠിക്കാന്‍ സാധിക്കുന്നില്ല, സെമിനാരിയിലെ ഒരു പരിപാടികളുമായി സഹകരിക്കാനും സാധിക്കുന്നില്ല. ഞാന്‍ എല്ലായിടത്തുമുണ്ട് എന്നാല്‍ ഒരിടത്തുമില്ല എന്ന സ്ഥിതി. മുറിയടച്ചിരുന്ന് കണ്ണുനീരൊഴുക്കിക്കൊണ്ട് ദിവസങ്ങളോളം ഞാനവിടെ കഴിച്ചുകൂട്ടി. അവസാനം മനസിലായി, സെമിനാരിയില്‍ ഇങ്ങനെ മുന്നോട്ടുപോകാന്‍ പറ്റില്ല. കുറെ നാളൊക്കെ മറ്റുള്ളവരെ കബളിപ്പിച്ച് മുന്നോട്ടുപോകാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ അല്പം കഴിയുമ്പോള്‍ എന്‍റെ മാനസികാവസ്ഥ അവര്‍ക്ക് മനസിലാകും. പിന്നെ അസ്വസ്ഥതയാകും. അതിനാല്‍ ആരെങ്കിലും കണ്ടുപിടിക്കുന്നതിനുമുമ്പ് ഞാന്‍തന്നെ നേരിട്ടുചെന്ന് അങ്ങോട്ടു പറയാം എന്നുകരുതി ഒരു ദിവസം ആലോചിച്ചുറപ്പിച്ച് എന്‍റെ റെക്ടറച്ചന്‍റെ മുറിയിലേക്ക് പോയി.

‘എനിക്ക് സെമിനാരിയില്‍നിന്ന് ഒരു ബ്രേക്ക് ആവശ്യമാണ്. ഇങ്ങനെ എനിക്ക് സെമിനാരിയില്‍ മുമ്പോട്ടു പോകുക സാധ്യമല്ല. വീട്ടില്‍ അല്പനാള്‍ കഴിഞ്ഞിട്ട് എന്‍റെ മനസ് ഒന്ന് സ്വസ്ഥമായതിനുശേഷം തിരികെ വരാം…’ ഇങ്ങനെയൊക്കെ ചിന്തിച്ച് അതിനുള്ള അനുവാദം ചോദിക്കാമെന്നായിരുന്നു തീരുമാനം. അങ്ങനെ ഞാന്‍ റെക്ടറച്ചന്‍റെ മുറിയുടെ മുന്നില്‍ നില്ക്കുകയാണ്. പക്ഷേ അദ്ദേഹത്തിന്‍റെ മുറിയില്‍ മറ്റ് ബ്രദേഴ്‌സ് ആരൊക്കെയോ ഉണ്ട്. അവര്‍ അദ്ദേഹത്തോട് ഗൗരവമായി എന്തോ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ഞാന്‍ കുറെനേരം അദ്ദേഹത്തിന്‍റെ മുറിയുടെ മുന്നില്‍ കാത്തുനിന്നു. പക്ഷേ അകത്തെ സംസാരം നിര്‍ത്തി ബ്രദേഴ്‌സ് പുറത്തുവരുന്നത് കാണുന്നില്ല.

കുറേനേരം അവിടെനിന്ന് മടുത്തപ്പോള്‍ ഒരു തോന്നല്‍. തൊട്ടപ്പുറത്തുള്ള ദിവ്യകാരുണ്യ ആരാധനാചാപ്പലില്‍ പോയിരിക്കാം. പ്രാര്‍ത്ഥിക്കണം എന്നൊന്നും ചിന്തിച്ചിട്ടല്ല. എങ്കിലും റെക്ടറച്ചന്‍റെ മുറിക്ക് പുറത്ത് നില്‍ക്കുന്നതിനുപകരം അവിടെപ്പോയിരിക്കാം- അത്രയേ ചിന്തിച്ചുള്ളൂ. അങ്ങനെ അവിടെ കയറി ഇരുന്നു. അധികം വെളിച്ചമില്ല, അള്‍ത്താരയില്‍ വിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ചുവച്ചിട്ടുണ്ട്. കുറെ സമയം ഞാന്‍ അവിടെയിരുന്നപ്പോള്‍ എന്‍റെ കണ്ണുകള്‍ മദ്ബഹായിലേക്ക് ആകര്‍ഷിക്കപ്പെട്ടു. അവിടെ എഴുന്നള്ളിച്ചുവച്ചിരിക്കുന്ന ദിവ്യകാരുണ്യത്തിലേക്ക് എന്‍റെ ശ്രദ്ധ പോയി. ആ ദിവ്യകാരുണ്യത്തിന് എന്നോട് എന്തൊക്കെയോ പറയാനുണ്ടെന്ന് എനിക്ക് തോന്നി.

പതുക്കെപ്പതുക്കെ… റെക്ടറച്ചനോട് പറയാനായി മനസില്‍ കരുതിയ വാക്കുകളെല്ലാം ദിവ്യകാരുണ്യത്തോട് പറഞ്ഞു. എത്ര നേരം ഞാനവിടെ ഇരുന്നുവെന്ന് അറിയില്ല, ഏറെ സമയം ഇരുന്നുകാണണം. എന്തായാലും ഞാന്‍ അവിടെനിന്ന് ഇറങ്ങിവന്നത് മുറിവുണക്കപ്പെട്ട ഒരു വ്യക്തിയായിട്ടാണ്. പിന്നീട് ഇന്നുവരെ എന്‍റെ പിതാവിന്‍റെ വേര്‍പാടിന്‍റെ വേദന ഒരു മുറിവായി എന്‍റെ ഹൃദയത്തില്‍ അവശേഷിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പിന്നെ അതിനായി റെക്ടറച്ചനെ സമീപിക്കേണ്ട ആവശ്യം എനിക്ക് വന്നില്ല.

പ്രിയപ്പെട്ടവരുടെ വേര്‍പാടിന്‍റെ വേദനയോ ഒറ്റപ്പെട്ടുപോയതിന്‍റെ നൊമ്പരമോ എന്തുമാകട്ടെ അതെല്ലാം സൗഖ്യപ്പെടുത്തുന്ന സാന്നിധ്യമാണ് ദിവ്യകാരുണ്യസാന്നിധ്യം. ”അവന്‍റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു” (ഏശയ്യാ 53/5). നമ്മുടെ വേദനകള്‍ക്കെല്ലാം സൗഖ്യം തേടി വിശുദ്ധ കുര്‍ബാനയുടെ സന്നിധിയിലേക്ക് അണയാം.
1994-ല്‍ പൗരോഹിത്യം സ്വീകരിച്ച മോണ്‍.

Share:

Mon. C.J. Varkey

Mon. C.J. Varkey

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles