Home/Evangelize/Article

മാര്‍ 20, 2024 241 0 Alphonsa Joseph
Evangelize

സ്വര്‍ണനാണയവും താലിയും സമ്മാനങ്ങള്‍

ക്രിസ്തുവിശ്വാസത്തിലേക്ക് കടന്നുവന്ന്, അതിനു ചേര്‍ന്നവിധത്തില്‍ നന്മകള്‍ ചെയ്ത യുവതിക്ക് ലഭിച്ച ദൈവാനുഭവങ്ങള്‍

എനിക്ക് വളരെ ചെറുപ്പം തൊട്ടേ ശാലോം വായിക്കാന്‍ ഇഷ്ടമായിരുന്നു, എന്നെ ഈശോയിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ ശാലോം കാരണമായിട്ടുണ്ട്. നാടകീയമായ അത്ഭുതങ്ങളല്ല എന്‍റെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ളത്. പക്ഷേ ദൈവം എന്നെ സ്നേഹിക്കുന്നുവെന്നും ദൈവഹിതപ്രകാരം ചെയ്യുന്ന സത്പ്രവൃത്തികള്‍ക്കെല്ലാം അവിടുന്ന് പ്രതിഫലം നല്കുന്നുവെന്നും എന്നെ ബോധ്യപ്പെടുത്തുന്ന അനുഭവങ്ങള്‍ ഏറെയുണ്ട്.

തിരുഹൃദയവും സ്വര്‍ണലോക്കറ്റും

വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ജൂണ്‍ മാസത്തില്‍ കാന്‍സര്‍ ബാധിതയായ എന്‍റെ അമ്മയുടെ അമ്മ തീര്‍ത്തും കിടപ്പായി. ആ അമ്മ ഒറ്റക്കായിരുന്നു താമസം. തിരുഹൃദയത്തിനോടുള്ള വണക്കത്തിനായി ആ മാസം എല്ലാ ദിവസവും അമ്മയ്ക്കുവേണ്ട അത്യാവശ്യ കാര്യങ്ങള്‍ ചെയ്തു കൊടുക്കാം എന്ന് വിചാരിച്ചു. അന്ന് ഞാന്‍ മാമോദീസ സ്വീകരിച്ചിട്ടില്ല. എങ്കിലും രാവിലെ വീട്ടിലെ ജോലികള്‍ കഴിഞ്ഞു വിശുദ്ധ കുര്‍ബ്ബാനക്കുപോകും. തിരികെ വന്നു കുട്ടികളെ സ്കൂളില്‍ അയച്ചതിനുശേഷം നാലഞ്ച് കിലോമീറ്റര്‍ അകലെ താമസിക്കുന്ന അമ്മയെ തുടച്ചു വൃത്തിയാക്കി, ഭക്ഷണവും മരുന്നും കൊടുത്ത് ജോലിസ്ഥലത്തേക്ക് യാത്രയാവും. അക്കാലത്ത് ഭര്‍ത്താവും ഒപ്പം ഉണ്ടാവുമായിരുന്നു. അപ്പോള്‍ അമ്മ പറയും ദൈവം ഇതിന് നിനക്ക് സമ്മാനം തരുമെന്ന്. ഈ ജോലികള്‍ എല്ലാം ചെയ്യാന്‍ എങ്ങനെ ശക്തി കിട്ടി എന്നുപോലുമറിയില്ല. ഈശോയുടെ തിരുഹൃദയത്തിന് സമര്‍പ്പിച്ച് ആ ദിവസങ്ങള്‍ കടന്നു പോയി.

കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് കെ.എസ്.എഫ്.ഇ-യില്‍നിന്നും ഒരു ഫോണ്‍ കാള്‍. അത്തവണ കെ.എസ്.എഫ്.ഇ ചിട്ടിയുടെ സ്വര്‍ണനാണയം സമ്മാനമായി ലഭിച്ചിരിക്കുന്നത് എനിക്കാണെന്ന്. കുറേനാള്‍ കഴിഞ്ഞു സ്വര്‍ണനാണയം ലഭിച്ചപ്പോള്‍ അതുമാറ്റി ലോക്കറ്റ് വാങ്ങാന്‍ കടയില്‍ ചെന്നു. ഈശോയുടെ തിരുഹൃദയരൂപത്തിന്‍റെ ഒരേയൊരു ലോക്കറ്റേ ആ കടയിലുള്ളൂ. അത് ഞാന്‍ സ്വന്തമാക്കി. മുമ്പ് അങ്ങനെ ഒന്ന് കണ്ടിട്ടില്ലായിരുന്നു, അപ്പോഴാണ് അമ്മ പറഞ്ഞ ഈശോയുടെ സമ്മാനമാണ് അതെന്ന് ഓര്‍മ വന്നത്.

“നിന്‍റെ ഹൃദയത്തില്‍ മുദ്രയായും നിന്‍റെ കരത്തില്‍ അടയാളമായും എന്നെ പതിക്കുക” (ഉത്തമഗീതം 8/6) എന്ന വചനം ഓര്‍ത്ത് ഈ ലോക്കറ്റ് അണിഞ്ഞു നടക്കുന്നത് എനിക്കു ഭയങ്കര സന്തോഷമായിരുന്നു. വീട്ടില്‍ എന്നെ കാണാന്‍ ഞങ്ങളുടെ സമുദായത്തില്‍പ്പെട്ട ഒരു ചേച്ചി വരാറുണ്ട്, അവരും ഞാന്‍ ചേര്‍ന്നിരുന്ന ചിട്ടിയില്‍ ചേര്‍ന്നിരുന്നു. “ഗോള്‍ഡ് കോയിന്‍ കിട്ടിയല്ലോ, അത് എന്തു ചെയ്തു?” വളരെ സന്തോഷത്തോടെ അവര്‍ എന്നോട് ചോദിച്ചു.

ഞാന്‍ എന്‍റെ കഴുത്തില്‍ കിടന്നിരുന്ന ഈശോയുടെ തിരുഹൃദയരൂപം ഉയര്‍ത്തിക്കാട്ടി, അത് കണ്ടതും അവരുടെ ഭാവം മാറി. എന്നെയും ഈശോയെയും മാതാവിനെയും കുറെ ചീത്ത പറഞ്ഞു. എനിക്കാകെ ദേഷ്യമായി. പക്ഷേ ഈശോ ഓര്‍മിപ്പിച്ചു, “തിരികെ ഒന്നും പറയണ്ട!” എന്നെപ്രതി അവഹേളിക്കപ്പെടാനുള്ള ഭാഗ്യം കൂടി (മത്തായി 5/11-12) നിനക്ക് ലഭിച്ചിരിക്കുന്നു എന്നായിരുന്നു അവിടുന്ന് പറഞ്ഞത്.

താലിയില്‍ ഒരു ‘ചോയ്സ്’

ഹൈന്ദവ അടയാളമുള്ള താലിയായിരുന്നു എന്‍റെ കഴുത്തില്‍. അത് കാണുമ്പോള്‍ എനിക്ക് എന്തോ വിഷമം തോന്നും, ഞാന്‍ വിചാരിക്കുമായിരുന്നു താലി വാങ്ങാന്‍ പോയവര്‍ക്ക് ഒരടയാളവും ഇല്ലാത്ത താലി വാങ്ങിയാല്‍ പോരായിരുന്നോ? എന്നാല്‍, വിവാഹ ഉടമ്പടിയുടെ അടയാളമായ താലി പവിത്രമായതിനാല്‍ അത് മാറ്റാനും ശ്രമിച്ചില്ല.

അങ്ങനെയിരിക്കേ ഒരിക്കല്‍ അടുത്തുള്ള ധ്യാനകേന്ദ്രത്തില്‍ ധ്യാനത്തോട് അനുബന്ധിച്ച് അവിടത്തെ മുറികള്‍ വൃത്തിയാക്കാന്‍ ചെല്ലണമെന്ന് ഞങ്ങളുടെ സുഹൃത്തായ വൈദികന്‍ പറഞ്ഞു. ഞായാറാഴ്ച ആയതുകൊണ്ട് അവിടെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാമെന്നും തീരുമാനിച്ചു. ഭര്‍ത്താവും ഞാനും രാവിലെ വീട്ടില്‍നിന്നും ഇറങ്ങി. പക്ഷേ ഞങ്ങള്‍ എത്തിയപ്പോഴേക്കും ചില ചേച്ചിമാര്‍ മിക്കവാറും വൃത്തിയാക്കി കഴിഞ്ഞിരുന്നു, ഞങ്ങള്‍ക്ക് ചെറിയ ജോലിയേ ഉണ്ടായിരുന്നുള്ളൂ.

അതുകഴിഞ്ഞ് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാമെന്ന് കരുതിയിരുന്നെങ്കിലും രാവിലത്തെ കുര്‍ബാന കഴിഞ്ഞതിനാല്‍ പിന്നെ വൈകിട്ട് നാലുമണി മുതലേ വിശുദ്ധ കുര്‍ബാനകള്‍ ഉള്ളൂ. വീട്ടില്‍ തിരികെ ചെന്നിട്ട് വീണ്ടും വിശുദ്ധ കുര്‍ബാനക്ക് എത്തുക ബുദ്ധിമുട്ടായിരുന്നു. ഞങ്ങളെ ജോലി ഏല്‍പ്പിച്ച വൈദികനും അവിടെയില്ല, ഇനി എന്തു ചെയ്യും എന്ന് വിചാരിച്ചു നില്‍ക്കുമ്പോള്‍ അധികം ദൂരത്തല്ലാത്ത ഭരണങ്ങാനത്തേക്ക് പോകാന്‍ ഒരു തോന്നല്‍. എന്തായാലും പോയി നോക്കാമെന്ന് കരുതി. അവിടെ എത്തിയപ്പോള്‍ അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍ കൃത്യം വിശുദ്ധ കുര്‍ബാന തുടങ്ങുന്നു!

മുഖവും കഴുത്തുമൊക്കെ ഒന്ന് തുടച്ച് വിശുദ്ധബലിയില്‍ പങ്കെടുക്കാനൊരുങ്ങിയപ്പോഴാണ് കഴുത്തിലെ മാല അഴിഞ്ഞുകിടക്കുന്നതായി കണ്ടത്. നോക്കിയപ്പോള്‍ മാലയില്‍ കൊളുത്തും ഈശോയുടെ തിരുഹൃദയത്തിന്‍റെ ലോക്കറ്റും ഉണ്ട്. മാല പൊട്ടിയിട്ടുമില്ല. സാധാരണ ഗതിയില്‍ താലിയെക്കാള്‍ വലിയ ലോക്കറ്റായിരുന്നു ഊരിപ്പോകേണ്ടിയിരുന്നത്. പക്ഷേ താലിമാത്രം നഷ്ടപ്പെട്ടിരിക്കുന്നു. അവിടെയും, പോയ വാഹനത്തിലും ധ്യാനകേന്ദ്രത്തിലും തിരഞ്ഞുവെങ്കിലും താലി കണ്ടു കിട്ടിയില്ല.

വീണ്ടും താലി വാങ്ങിക്കാന്‍ ജ്വല്ലറിയില്‍ പോയി. ഇത്തവണ ഒരു അടയാളവുമില്ലാത്ത പ്ലെയിന്‍ ആയിട്ടുള്ള താലി വാങ്ങിക്കും എന്നു തീര്‍ച്ചപ്പെടുത്തിയിരുന്നു, പക്ഷേ കടയില്‍ രണ്ടു തരം താലി മാത്രം. ഒന്ന് ഓം എന്ന് എഴുതിയത്, അല്ലെങ്കില്‍ കുരിശ് അടയാളമുള്ളത്. ഞാന്‍ ആകെ വിഷമത്തിലായി. താമസിക്കുന്നത് ഹൈന്ദവവിശ്വാസം പുലര്‍ത്തുന്ന കൂട്ടുകുടുംബത്തില്‍. ഈശോ എന്‍റെ മുന്‍പില്‍ ഒരു തിരഞ്ഞെടുപ്പിനായി ആ താലികള്‍ വച്ചുതന്നിരിക്കുകയാണെന്ന് തോന്നി, ഏതു വേണം? എവിടെയോ മായിച്ചു മറന്ന വാചകം ഓര്‍മ വന്നു,

“നിനക്കുവേണ്ടി ഞാന്‍ കുരിശില്‍,

എനിക്കുവേണ്ടി നീ ലോകത്തില്‍”

“എന്‍റെ ഈശോയേ, എനിക്ക് നീ മതി” എന്ന് ഞാന്‍ മനസില്‍ പറഞ്ഞു. കുരിശടയാളമുള്ള താലി നോക്കിയിട്ട് ഭര്‍ത്താവും അതുതന്നെ എടുത്തോളാന്‍ പറഞ്ഞു. അതൊരു മെയ്മാസം ആയിരുന്നു, ഞങ്ങളുടെ വിവാഹവാര്‍ഷികദിനത്തില്‍ത്തന്നെ ഞങ്ങളുടെ സുഹൃത്തായ വൈദികന്‍ താലി ആശീര്‍വദിച്ചു തന്നു. അതും അണിഞ്ഞ് ഈശോക്ക് സാക്ഷ്യം വഹിക്കാന്‍ സാധിച്ചു. രണ്ടു വര്‍ഷം കൂടി കഴിഞ്ഞ് മറ്റൊരു മെയ് മാസത്തില്‍ ഞങ്ങള്‍ മാമോദീസയും സ്വീകരിച്ചു.

“തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്‍റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവ് നല്കി” (യോഹന്നാന്‍ 1/12).

Share:

Alphonsa Joseph

Alphonsa Joseph

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles