Home/Encounter/Article

ജനു 16, 2025 18 0 Shalom Tidings
Encounter

സ്വര്‍ഗപ്രവേശനം എളുപ്പമാക്കുന്ന ദണ്ഡവിമോചനം

വിശുദ്ധ അമ്മത്രേസ്യായുടെ അനുഭവം. മഠത്തിലുണ്ടായിരുന്ന ഒരു സിസ്റ്റര്‍ മരിച്ചപ്പോള്‍ പെട്ടെന്നുതന്നെ സ്വര്‍ഗപ്രവേശനം നേടിയതായി അമ്മത്രേസ്യായ്ക്ക് ദര്‍ശനത്തില്‍ വെളിപ്പെട്ടു. അതിന് കാരണമെന്താണെന്ന് ദിവ്യനാഥനോട് ചോദിച്ച വിശുദ്ധയോട് അവിടുന്ന് വെളിപ്പെടുത്തി, ‘ആ സിസ്റ്റര്‍ ജീവിച്ചിരുന്നപ്പോള്‍ സാധ്യമായ എല്ലാ ദണ്ഡവിമോചനങ്ങളും പ്രാപിച്ചിരുന്നു. അതിനാല്‍ത്തന്നെ സ്വര്‍ഗപ്രവേശനം എളുപ്പമായി.’

ആര്‍ക്കൊക്കെ ദണ്ഡവിമോചനം നേടാം

വിശ്വാസികളായ എല്ലാവര്‍ക്കും തനിക്കുവേണ്ടിത്തന്നെയോ മരണമടഞ്ഞ വിശ്വാസികള്‍ക്കായോ ദണ്ഡവിമോചനം കാഴ്ചവയ്ക്കാം.

ദണ്ഡവിമോചനം എന്നാല്‍ എന്ത്?

കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പഠിപ്പിക്കുന്നു: കുമ്പസാരത്തിലൂടെ മോചനം ലഭിച്ച പാപങ്ങളുടെ കാലികശിക്ഷയില്‍നിന്ന് ദൈവതിരുമുമ്പാകെയുള്ള ഇളവുചെയ്യലാണ് ദണ്ഡവിമോചനം. തികച്ചും ലളിതമായി പറഞ്ഞാല്‍, പശ്ചാത്തപിച്ച് ഏറ്റുപറഞ്ഞ പാപങ്ങള്‍ ദൈവസന്നിധിയില്‍ ക്ഷമിക്കപ്പെട്ടു എങ്കിലും അവയ്ക്ക് പരിഹാരം ചെയ്തുകൊണ്ട് നമ്മുടെ ശുദ്ധീകരണം പൂര്‍ത്തിയാക്കേണ്ടതുണ്ട്. ജീവിതത്തില്‍ സ്വാഭാവികമായി വന്നുചേരുന്ന ക്ലേശങ്ങള്‍ ഏറ്റെടുത്തുകൊണ്ടും ബോധപൂര്‍വം പരിത്യാഗപ്രവൃത്തികള്‍ ചെയ്തുകൊണ്ടും ഭൂമിയിലായിരിക്കേതന്നെ ഈ ശുദ്ധീകരണം നമുക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കും. അങ്ങനെ പൂര്‍ത്തിയാക്കാത്ത പക്ഷം മരണശേഷം കാലികശിക്ഷ പൂര്‍ത്തിയാക്കി പൂര്‍ണമായ ശുദ്ധീകരണം പ്രാപിച്ചുമാത്രമേ സ്വര്‍ഗപ്രാപ്തി നേടാനാവുകയുള്ളൂ.

അതിനുവേണ്ടിയുള്ളതാണ് ശുദ്ധീകരണസ്ഥലം. എന്നാല്‍ ദണ്ഡവിമോചനങ്ങളിലൂടെ പാപത്തിന്‍റെ ഈ കാലികശിക്ഷയില്‍നിന്ന് ഇളവ് നേടാം. നിര്‍ദിഷ്ടമായ ചില വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് അതിനുതക്ക മനോഭാവമുള്ള ക്രിസ്തീയവിശ്വാസി അത് നേടിയെടുക്കുന്നു. വീണ്ടെടുപ്പിന്‍റെ ശുശ്രൂഷക എന്ന നിലയില്‍ ക്രിസ്തുവിന്‍റെയും വിശുദ്ധരുടെയും പരിഹാരകര്‍മങ്ങളുടെ നിക്ഷേപത്തെ അധികാരത്തോടെ വിതരണം ചെയ്യുകയും വിനിയോഗിക്കുകയും ചെയ്യുന്ന സഭയുടെ പ്രവൃത്തിയിലൂടെയാണ് വിശ്വാസി ദണ്ഡവിമോചനം പ്രാപിക്കുന്നത്.

ദണ്ഡവിമോചനം രണ്ടുതരം

പൂര്‍ണദണ്ഡവിമോചനം- പാപത്തില്‍നിന്നുളവായ എല്ലാ കാലികശിക്ഷയില്‍നിന്നും ഇളവ്.
ഭാഗികദണ്ഡവിമോചനം-പാപഫലമായ കാലികശിക്ഷയില്‍നിന്ന് ഭാഗികമായ ഇളവ്.

ഒരു ദണ്ഡവിമോചനത്തിനുള്ള പൊതുവ്യവസ്ഥകള്‍

  • എല്ലാത്തരം പാപങ്ങളും വെറുത്തുപേക്ഷിച്ച് വരപ്രസാദാവസ്ഥയിലായിരിക്കുക.
  • നല്ല കുമ്പസാരം നടത്തുക
  • ദിവ്യകാരുണ്യസ്വീകരണം നടത്തുക
  • പാപ്പയുടെ നിയോഗാര്‍ത്ഥം പ്രാര്‍ത്ഥിക്കുക
  • (1 സ്വര്‍ഗ. 1 നന്മ. 1 ത്രിത്വസ്തുതി)

പൂര്‍ണദണ്ഡവിമോചനത്തിന് ഏതാനും വഴികള്‍

  • അരമണിക്കൂറോ അതില്‍ക്കൂടുതലോ സമയം വിശുദ്ധ കുര്‍ബാനയ്ക്കുമുന്നില്‍ നടത്തുന്ന ആരാധന
  • സമൂഹത്തോടൊപ്പം ഭക്തിപൂര്‍വമായ ജപമാലയര്‍പ്പണം
  • കുരിശിന്‍റെ വഴി
  • കരുണയുടെ ജപമാല
  • അരമണിക്കൂറോ അതിലധികമോ നേരമുള്ള വചനവായന
  • കാരുണ്യപ്രവൃത്തികള്‍
  • ദുഃഖവെള്ളിയാഴ്ചയിലെ കുരിശുചുംബനം
  • തിരുഹൃദയതിരുനാള്‍ദിനത്തിലെ പരസ്യമായ തിരുഹൃദയസമര്‍പ്പണം
  • റോമിനും ലോകത്തിനുംവേണ്ടിയുള്ള പാപ്പയുടെ അപ്പോസ്‌തോലിക ആശീര്‍വാദമായ ഉര്‍ബി എത് ഓര്‍ബി നേരിട്ടോ മാധ്യമങ്ങള്‍വഴിയോ സ്വീകരിക്കല്‍. ഇത് ക്രിസ്മസിനും ഈസ്റ്ററിനും ലഭ്യമാണ്.
  • മൂന്ന് ദിവസമെങ്കിലും നീളുന്ന വാര്‍ഷികധ്യാനം

ഭാഗികദണ്ഡവിമോചനത്തിന്…

  • ദിവ്യകാരുണ്യസന്ദര്‍ശനം
  • ദിവ്യകാരുണ്യസ്വീകരണശേഷം ‘മിശിഹായുടെ ദിവ്യാത്മാവേ’ പ്രാര്‍ത്ഥന അര്‍പ്പിക്കല്‍
  • ഭക്തിയോടെയുള്ള കുരിശടയാളം വരയ്ക്കല്‍
  • വിശ്വാസപ്രമാണം ചൊല്ലല്‍
  • ജ്ഞാനസ്‌നാനവ്രതനവീകരണം
  • ലുത്തിനിയ അര്‍പ്പണം
  • മാസധ്യാനം
  • ഭാഗ്യപ്പെട്ട മാര്‍ യൗസേപ്പേ’ പ്രാര്‍ത്ഥന ചൊല്ലല്‍
  • മറിയത്തിന്‍റെ സ്‌തോത്രഗീത ആലാപനം
  • മൂന്നുനേരവുമുള്ള ത്രിസന്ധ്യാജപാര്‍പ്പണം
  • വിശുദ്ധ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാള്‍ദിനം
  • നൊവേനകളുടെ അര്‍പ്പണം

പൂര്‍ണദണ്ഡവിമോചനത്തിന് ഏതാനും പ്രത്യേകദിനങ്ങള്‍

  • ഇടവകമധ്യസ്ഥന്‍റെ തിരുനാള്‍ദിനം
  • പോര്‍സ്യുങ്കളാ ദിനം- ഓഗസ്റ്റ് 2
  • നവംബര്‍ 1-8: സെമിത്തേരി സന്ദര്‍ശനം നടത്തി മരിച്ചവര്‍ക്കായി പ്രാര്‍ത്ഥിക്കുക
  • ദൈവാലയം സന്ദര്‍ശിച്ച് .സ്വര്‍ഗസ്ഥനായ പിതാവേ, വിശ്വാസപ്രമാണം എന്നിവ ചൊല്ലുക.
  • ആദ്യകുര്‍ബാനസ്വീകരണദിനം

ജൂബിലി 2025-ല്‍

ഈ ജൂബിലിവര്‍ഷത്തില്‍ റോമിലെ സെയ്ന്റ് പീറ്റേഴ്‌സ് ബസിലിക്ക ഉള്‍പ്പെടെ നാല് പ്രധാനബസിലിക്കകളിലേക്കോ റോമിലെ മറ്റ് പ്രധാന ദൈവാലയങ്ങളിലേക്കോ തീര്‍ത്ഥാടനം നടത്തുന്നവര്‍ക്ക് ഭാഗിക ദണ്ഡവിമോചനം പ്രാപിക്കാം. കൂടാതെ, തടവുകാരെ സന്ദര്‍ശിക്കുകപോലുള്ള കരുണയുടെ പ്രവൃത്തികള്‍വഴിയും സോഷ്യല്‍ മീഡിയ ഉപവാസം തുടങ്ങിയ ‘ന്യൂജെന്‍’ പരിഹാരപ്രവൃത്തികള്‍വഴിയും ഈ ജൂബിലിവര്‍ഷത്തില്‍ ദണ്ഡവിമോചനം നേടാം. ദിവസത്തില്‍ രണ്ട് തവണ ദിവ്യകാരുണ്യസ്വീകരണം നടത്താന്‍ അവസരമുണ്ടായാല്‍ മറ്റ് വ്യവസ്ഥകളുംകൂടി നിറവേറ്റിക്കൊണ്ട് ഒരു ദിവസംതന്നെ രണ്ട് ദണ്ഡവിമോചനങ്ങള്‍ നേടാമെന്ന പ്രത്യേകതയും ഈ ജൂബിലിക്ക് ഉണ്ട്. രണ്ടാമത്തേത് ശുദ്ധീകരണാത്മാക്കള്‍ക്കുള്ള ദണ്ഡവിമോചനമായിരിക്കും എന്നതാണ് കൂടുതല്‍ ശ്രദ്ധേയം.

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles