Home/Encounter/Article

നവം 16, 2023 334 0 Renju S Varghese
Encounter

വെറൈറ്റിയാണ് ഈ കുഞ്ഞു ചുംബനം…

പ്രാര്‍ത്ഥിക്കാന്‍ ഇരുന്നാലും വചനം ആഗ്രഹത്തോടെ വായിക്കാന്‍ ഇരുന്നാലും ഒരു ജ്വലനം ആത്മാവില്‍ ഇല്ലാത്ത അവസ്ഥ ഉണ്ടാകാറില്ലേ? ഈ നിര്‍ജീവ അവസ്ഥയില്‍ എന്താണ് ചെയ്യേണ്ടത്?

നാലു വയസുള്ള കുഞ്ഞിന് എന്‍റെനേര്‍ക്കുള്ള സ്നേഹം ഞാന്‍ എന്നും അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. സാധാരണ കുഞ്ഞുങ്ങളില്‍നിന്നും വ്യത്യസ്തമായി അതിശക്തമായ പ്രേമം നിറഞ്ഞാണ് അവനെന്നെ സ്നേഹിക്കുന്നതെന്ന് ഞാന്‍ മനസിലാക്കുന്നു. മറ്റു രണ്ട് കുഞ്ഞുങ്ങളെപ്പോലെ ഇവന്‍ എന്‍റെ കവിളത്ത് ഉമ്മ വയ്ക്കാറില്ല; പകരം എന്‍റെ ചെവിക്കുള്ളില്‍ ഉമ്മവച്ച് ഇക്കിളിപ്പെടുത്തും. രാത്രി കിടക്കുമ്പോള്‍ അവന് എന്‍റെ കൂടെയല്ല കിടക്കേണ്ടത്. പകരം എന്‍റെ നെഞ്ചത്തും വയറിലുമായാണ് കിടപ്പ്. ഏകദേശം ഇരുപതു കിലോ അടുത്ത് ഭാരമുള്ള അവനങ്ങനെ കിടക്കുമ്പോള്‍ എനിക്ക് ഭാരം അനുഭവപ്പെടാറേയില്ല. ഇതിനെല്ലാം പുറമേ നാഴികയ്ക്ക് നാല്‍പതുവട്ടം ‘ഇതെന്‍റെ അപ്പയാ’ എന്ന് പറഞ്ഞുകൊണ്ടുമിരിക്കും. മേല്‍പറഞ്ഞ രീതിയിലും അതില്‍ക്കവിഞ്ഞ രീതിയിലുമൊക്കെയുള്ള അവന്‍റെ സ്നേഹപ്രകടനങ്ങള്‍ പലപ്പോഴും ശാരീരികമായി തളര്‍ന്ന എന്നെ ബുദ്ധിമുട്ടിക്കാറുമുണ്ട്.

വരള്‍ച്ചകള്‍ വളര്‍ച്ചയാക്കാം

എന്നാല്‍ ആ വേളകളിലെല്ലാം എന്‍റെ ഉള്ളില്‍നിന്നും ഈശോനാഥന്‍ എന്നെ അല്പം ശാസിച്ച് ഇങ്ങനെ ചോദിക്കാറുണ്ട്, ‘അവനുള്ള ഈ സ്നേഹത്തിന്‍റെ എത്ര ശതമാനം നിനക്ക് എന്നോടുണ്ട്?’ ഈയൊരു സ്വരം എന്നെയും നിങ്ങളെയുമൊക്കെ അല്‍പം വിഷമിപ്പിക്കുന്ന ഒരു ആത്മീയ വിചിന്തനംതന്നെയാണ്. മിക്കവാറും നാമെല്ലാം ഓര്‍ക്കാറുണ്ട്, ആകെ ഒരു വരള്‍ച്ചയും തളര്‍ച്ചയുമാണല്ലോ ഈശോയോടുള്ള സ്നേഹത്തിലും പ്രാര്‍ത്ഥനാ ജീവിതത്തിലുമൊക്കെ. പഴയപോലെ ഒരു പ്രാര്‍ത്ഥനാരീതി, ഉണര്‍വ്, ജ്വലനം ഒന്നുമില്ലല്ലോ എന്നീ ചിന്തകള്‍ ഉള്ളവരാണ് ഇന്നേറെയും.

ഇത്തരത്തിലുള്ള ശുഷ്കിച്ച ആത്മീയ മേഖലയിലുള്ളവര്‍ക്കുള്ള ആശ്വാസദൂതാണ് മേല്‍പ്പറഞ്ഞ കുഞ്ഞിന്‍റെ സ്നേഹപ്രകടനങ്ങള്‍. ഈ കുഞ്ഞ് എപ്പോഴും ആവര്‍ത്തിക്കുന്ന വാക്കാണ് അതിന്‍റെ ഉത്തരവും പോംവഴിയും. ‘ഇതെന്‍റെ അപ്പയാ.’

ഈശോയുമായുള്ള സ്നേഹജീവിതത്തിലേക്ക് നമ്മെ അടുപ്പിക്കുന്നതും അവനുമായി നമ്മെ ഒന്നാക്കുന്നതുമായ ഒന്നിന്‍റെ പേരാണ് പ്രാര്‍ത്ഥനയും ആരാധനയും കൂദാശയുമൊക്കെ. ഉത്തമഗീതം 2/16-ല്‍ നാം കാണുന്നു “എന്‍റെ ആത്മനാഥന്‍ എന്‍റേതാണ്, ഞാന്‍ അവന്‍റേതും.” ഈയൊരു ഉറപ്പും അവകാശവാദവും സ്നേഹപ്രകടനവും ഇതിന്‍റെ ബഹിര്‍സ്ഫുരണവുമാണ് പ്രാര്‍ത്ഥനയും മിസ്റ്റിക്കുകള്‍പോലും അനുഭവിച്ച പ്രേമപാരവശ്യവും. ഒരുപക്ഷേ പഴയ കാലങ്ങളിലേതുപോലെ ദീര്‍ഘമായി ഏകാന്തതയിലും പ്രാര്‍ത്ഥനാകൂട്ടായ്മകളിലുമൊക്കെ ഇരുന്ന് പ്രാര്‍ത്ഥിക്കാന്‍ നമുക്കാവുന്നില്ലായിരിക്കാം. ഒരുപക്ഷേ പ്രാര്‍ത്ഥിക്കാന്‍ ഇരുന്നാലും വചനം ആഗ്രഹത്തോടെ വായിക്കാന്‍ ഇരുന്നാല്‍പ്പോലും ഒരു ജ്വലനം ആത്മാവില്‍ ഇല്ലായിരിക്കാം. ഇവിടെ നാം നിരാശപ്പെടേണ്ടതില്ല. ഈശോ അനുവദിക്കുന്ന ഈ നിര്‍ജീവ അവസ്ഥയില്‍, ‘എന്‍റെ ഈശോയേ’ എന്ന ഒറ്റ വാക്ക് കേള്‍ക്കാനാണ് നാഥന്‍ കൊതിക്കുന്നത്.

ഇതാണോ വളര്‍ച്ച…?

പ്രാര്‍ത്ഥനയുടെ ആധിക്യത്താലും, ആത്മീയ ജ്ഞാനത്തിന്‍റെ വഴികള്‍ താണ്ടുമ്പോഴും ഈ കുഞ്ഞിനെപ്പോലെ ഈശോയോട് കൊഞ്ചാനാകുന്നില്ലെങ്കില്‍, നാം വളരുകയല്ല തളരുകയാണ്. ധനികനായ ശിമയോന്‍റെ പൂമേടയില്‍ വിരുന്നിനെത്തിയ ഈശോയുടെ നോട്ടം രുചിയും കൊഴുപ്പും അലങ്കാരവും മുറ്റിയ ഭക്ഷണവിഭവങ്ങളിലല്ല; പാപിനിയുടെ അനുതാപാര്‍ദ്ര ചുംബനത്തിലായിരുന്നു. അതിഥിസല്‍ക്കാരത്തിന്‍റെ ഉത്തുംഗ തലങ്ങളിലെത്തിയ ശിമയോനോട് അവിടുന്ന് പറഞ്ഞത്, നീ എനിക്ക് ചുംബംനം തന്നില്ല എന്നാണ്. ഉത്തമഗീതത്തിന്‍റെ ആദ്യ വരികള്‍ മനസില്‍ പാടാം “നിന്‍റെ അധരം എന്നെ ചുംബനംകൊണ്ട് പൊതിയട്ടെ; നിന്‍റെ പ്രേമം വീഞ്ഞിനെക്കാള്‍ മാധുര്യമുള്ളത്” (ഉത്തമഗീതം 1/1-2).

അവനെ തലോടാത്ത, ചുംബിക്കാത്ത, അവന്‍റെ ചങ്കിലേക്ക് യോഹന്നാനെപ്പോലെ ചാഞ്ഞു കിടക്കാത്ത പ്രാര്‍ത്ഥനകളിലെല്ലാം ശിമയോനോട് ഈശോ ചോദിച്ച ചോദ്യത്തിന്‍റെ സാധ്യതയും കുറവും ബാക്കി കിടക്കുന്നു. ഈശോയോടുള്ള സ്നേഹവും പ്രേമവും ഉണരാത്ത പ്രാര്‍ത്ഥനകള്‍ എന്‍റെ ചുണ്ടില്‍നിന്ന് ഉയരാതിരിക്കാന്‍ നമുക്ക് ആഗ്രഹിക്കാം.

പ്രാര്‍ത്ഥനയിലുള്ള ഈ മാറ്റം വിശുദ്ധ കൂദാശകളും കൃപയൊഴുകുന്ന മറ്റു ക്രിസ്തീയ പാരമ്പര്യ പ്രാര്‍ത്ഥനകളും ഉപേക്ഷിച്ചിട്ടല്ല, പകരം ഇവയിലെല്ലാമുള്ള നമ്മുടെ സ്നേഹബോധമാണ് മാറേണ്ടത്. ഭവനത്തിലായിരിക്കുമ്പോള്‍, ഈശോയേ എന്ന് വിളിക്കാന്‍പോലും മനസിന് ആവുന്നില്ലെങ്കില്‍ ഈശോയുടെ തിരുഹൃദയരൂപത്തിന് അടുത്തേക്ക് ചെന്ന് ഒന്ന് അവനെ സ്നേഹത്തോടെ നോക്കിനില്‍ക്കാമോ. അവന്‍റെ സഹനങ്ങളോട്, നമ്മുടെ നൊമ്പരങ്ങള്‍ ചേര്‍ത്തുവച്ച് കണ്ണുകളെ സജലമാക്കാമോ? ഉത്തമഗീതം 6/5 പറയുന്നു “നീ എന്നില്‍നിന്ന് നോട്ടം പിന്‍വലിക്കുക, അത് എന്നെ വിവശനാക്കുന്നു.” ഇത്തരത്തില്‍ ഈശോയുടെ തിരുഹൃദയത്തെ ആനന്ദിപ്പിക്കുമാറ്, സ്നേഹം നിറച്ച ചങ്കുകൊണ്ടുള്ള കടാക്ഷങ്ങള്‍ കൂടെക്കൂടെ പകരുക. മറ്റുള്ളവരെക്കാള്‍ കൂടുതല്‍ ഈശോയെ ഞാന്‍ സ്നേഹിക്കണം, ആശ്വസിപ്പിക്കണം. കാരണം മറ്റുള്ളവരെക്കാള്‍ ഞാന്‍ ഈശോയെ വേദനിപ്പിച്ചു അല്ലെങ്കില്‍ വേദനിപ്പിക്കുന്നു എന്നോര്‍ത്ത്, മനസുരുകുന്ന അനുതാപത്തിന്‍റെ തപം നമ്മുടെ ഹൃദയത്തില്‍ ഉണ്ടാകട്ടെ.

ഫലംതരുന്ന ടിപ്പുകള്‍

ഹൃദയത്തെ ഉരുക്കുന്ന ആത്മീയഗാനം കേട്ടുകൊണ്ട്, ഈശോയുടെ മുമ്പിലിരിക്കുക, ഈശോയെ അതിയായി സ്നേഹിച്ച വിശുദ്ധരുടെ ജീവിതാനുഭവങ്ങള്‍ വായിച്ചു ധ്യാനിക്കുക, അല്‍പമേ പ്രാര്‍ത്ഥിക്കാന്‍ സാധിക്കുന്നുള്ളൂ എങ്കിലും അര്‍ത്ഥം മനസിലാക്കി, ഉദാഹരണമായി ‘നന്മനിറഞ്ഞ മറിയമേ’ എന്നു വിളിക്കുമ്പോള്‍ ദൂതന്‍ തലകുനിച്ച് വിനീതനായി നിന്നപോലെ മറിയം എന്‍റെ മുമ്പിലുണ്ട് എന്ന ചിന്തയില്‍, അമ്മയുടെ കണ്ണില്‍ നോക്കി ചൊല്ലുന്ന ഒരു ‘നന്മനിറഞ്ഞ മറിയം’, നമ്മുടെ ചുണ്ടില്‍ നിന്നുയര്‍ത്തുക. കൂടുതല്‍ ശക്തിയുള്ള പ്രാര്‍ത്ഥനകള്‍, വചനങ്ങള്‍ കൂടുതല്‍ തവണ പ്രാര്‍ത്ഥിക്കല്‍ എന്നീ സത്ചിന്തകള്‍ക്കൊപ്പം കൂടുതല്‍ അനുഭവമുള്ള, കൂടുതല്‍ സ്നേഹിച്ചുള്ള, സമര്‍പ്പണമുള്ള ശൈലികളും നമ്മില്‍നിന്ന് ഉയരട്ടെ.

വചനം മുഴുവന്‍ വായിച്ചുതീര്‍ക്കാനും ദിവസേന ഒരു നേര്‍ച്ചപോലെ കൃത്യതയുള്ള സമയം വചനം വായിക്കും എന്ന തീരുമാനത്തിനൊപ്പം ഓരോ അക്ഷരത്തിലുമുള്ള ഹൃദയമിടിക്കുന്ന വചനത്തെ, അവതരിച്ച ദൈവപുത്രന്‍റെ കോമള ശരീരത്തെ ലാളിക്കാനും തലോടാനും വചനത്തെ ചുംബിക്കാനുംകൂടി സാധിച്ചാല്‍ അതും പ്രാര്‍ത്ഥനയുടെ മറ്റൊരു തലമായി.

നാഥന്‍ പറയുന്നു “എന്‍റെ മാടപ്പിറാവേ, പാറയിടുക്കുകളിലും ചെങ്കുത്തായ പൊത്തുകളിലും ജീവിക്കുന്ന നിന്‍റെ മുഖം ഞാനൊന്ന് കാണട്ടെ. ഞാന്‍ നിന്‍റെ സ്വരമൊന്ന് കേള്‍ക്കട്ടെ” (ഉത്തമഗീതം 2/14). നാഥന് വേണ്ടത് വെറും അധരവ്യായാമമല്ല. ഭക്തിയില്ലാത്ത ആത്മീയ ജ്ഞാനമല്ല. പകരം പ്രേമത്താല്‍ പിടക്കുന്ന ആരാധനയാണ്; ചുംബനമാണ്, നോട്ടമാണ്, സ്വരമാണ്, തലോടലാണ്. നാഥന്‍റെ കാതുകളെ നമുക്ക് സ്നേഹത്താല്‍ ഇക്കിളിപ്പെടുത്താം, ആമ്മേന്‍.

Share:

Renju S Varghese

Renju S Varghese

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles